Wednesday, February 7, 2024

പുനരപി ജനനം, പുനരപി മരണം

 മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും വിയോജിപ്പ് കാണാറുണ്ട്. ഇതൊന്നും വിശ്വസനീയമല്ല എന്നും, ഇതിനൊന്നിന്നും യാതൊരു തെളിവുമില്ലെന്നുമാണ് അവർ വാദിക്കുന്നത്. എന്നാൽ നിയമജ്ഞൻ, ഭരണ തന്ത്രജ്ഞൻ, പൊതുപ്രവർത്തകൻ എന്ന നിലകളിലെല്ലാം പ്രശസ്തനായിരുന്ന ജസ്റ്റിസ് VR കൃഷ്ണയ്യർ, ഇത്തരം വാദങ്ങൾക്ക് എതിരാണ്. അദ്ദേഹം എഴുതിയ" മരണാനന്തര ജീവിതം" എന്ന പുസ്തകത്തിൽ അത് വ്യക്തവുമാണ്. അറിവിന്- ജ്ഞാനത്തിന് - അനേകം മുഖങ്ങൾ ഉണ്ട്. അതിൽ ഒന്നു മാത്രമാണ് ഇവർ പറയുന്ന" തെളിവുകൾ ". അതിനും അപ്പുറത്തുള്ള ജ്ഞാനത്തെപറ്റി അവർ അജ്ഞരാണ് എന്നതാണ് സത്യം.

" താൻ അറിഞ്ഞിട്ടില്ലാത്തതൊന്നും  ലോകത്തിൽ ഇല്ലെന്നു ശഠിക്കാൻ ചിന്താശൂന്യനായ ഒരാൾക്ക് മാത്രമേ സാധിക്കു. ചിന്തിക്കുന്ന ശീലമുള്ളവർ തങ്ങളുടെ അന്വേഷണത്തിൽ നിന്നും ഒന്നിനെയും ഒഴിവാക്കുകയില്ല. മരണാനന്തര ജീവിതം എന്നത് അങ്ങനെ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണെന്ന് അദ്ദേഹം കരുതുന്നു". ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പുസ്തകത്തിലെ മുഖവുരയിലെ ചില വരികൾ ആണ് ഇത്.

       ഒരു  കൊടിയ കമ്മ്യൂണിസ്റ്റുകാരനായിരുന്നതുമൂലം അദ്ദേഹത്തിന് എറണാകുളത്ത് ആരും വീട് വാടകയ്ക്ക് നൽകിയിരുന്നില്ലത്രെ. അതുപോലെ ഹൈക്കോടതി ബാർ അസോസിയേഷൻ അംഗത്വം നൽകാനും വിസമ്മതിച്ചതായി ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. കടുത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയത് തന്റെ പ്രിയ ഭാര്യയുടെ മരണം നൽകിയ ആഘാതത്തെ തുടർന്നായിരുന്നു. ഒടുവിൽ മീഡിയം വഴി( പരേതാത്മാവിനും അതിനോട് സംസാരിക്കാനാഗ്രഹിക്കുന്ന ആൾക്കും ഇടയിൽ നിൽക്കുന്ന വ്യക്തി. മീഡിയം വഴിയാണ് ഒരാൾക്ക് പരേതാത്മാവുമായി ആശയ വിനിമയം നടത്താൻ സാധിക്കുക ) ജസ്റ്റിസ് വി ആർ ഷ്ണയ്യർക്ക് തന്റെ ഭാര്യയുമായി സംസാരിക്കാൻ സാധിച്ചു.

     ഇത്തരം അനുഭവം അദ്ദേഹത്തിന് മാത്രമല്ല പലർക്കും ഉണ്ടായിട്ടുണ്ട് ഈ പുസ്തകത്തിൽ വിവരിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ആർ കെ നാരായണൻ എഴുതിയ "ദി ഇംഗ്ലീഷ് ടീച്ചർ   " എന്ന ആത്മകഥയിൽ, മരിച്ചുപോയ ഭാര്യയുടെ മരണാനന്തര ജീവിതത്തെയുംഅവർ തമ്മിൽ നടന്ന കൂടിക്കാഴ്ചകളും എല്ലാം വിവരിക്കുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് ഉറപ്പിച്ചു പറയുന്നു. അതുപോലെ അമേരിക്കയിലെ കാത്തലിക് വിഭാഗത്തിൽപ്പെട്ട ബിഷപ്പ് പൈക്ക് എഴുതിയ

" ദി അദർ സൈഡ് "എന്ന പുസ്തകം, 1966 ൽ ആത്മഹത്യ ചെയ്ത മകന്റെ ആത്മാവുമായി നടത്തിയ  ആശയവിനിമയമാണ്. സ്വന്തം അനുഭവം സത്യമായതിനാൽ അംഗീകരിക്കേണ്ടി വരികയും എന്നാൽ മതവിശ്വാസം അത് നിഷേധിക്കുവാൻ ബിഷപ്പിനെ  നിർബന്ധിക്കുകയും ചെയ്തു. നിഷേധിക്കുവാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ സഭയിൽനിന്നും പുറത്താക്കി. യോഗാനന്ദ പരമഹംസന്റെ ആത്മകഥയായ" ഓട്ടോബയോഗ്രഫി ഓഫ് എ യോഗി "യിൽ അദ്ദേഹത്തിന്റെ പരേതനായ ഗുരു യുക്തേശ്വറുമായി നടത്തിയ ദീർഘ സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. 1984 ൽ മരിച്ച ഈന ട്വിഗ് എന്ന മീഡിയത്തിന്റെ ആത്മകഥ പല ഞെട്ടിക്കുന്ന വസ്തുതകളും വെളിപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ഒയ്ജ (ouija) ബോർഡ് വഴി പരേതാത്മക്കളുമായി സമ്പർക്കം നടത്തുന്നl വിദഗ്ധരും ഉണ്ട്.

 ഇത്തരത്തിലുള്ള അതീന്ദ്രിയ കഴിവുള്ളവർ നമ്മുടെ കൂട്ടത്തിലും കാണും. പക്ഷേ അവരെ കണ്ടെത്താനോ അംഗീകരിക്കാനോ നമുക്ക് അറിയില്ല എന്ന് മാത്രം. ഇന്ദ്രിയങ്ങൾക്ക് അതീതമായതിനെ എങ്ങനെ അംഗീകരിക്കും എന്നാണ് പൊതുവേ സംശയിക്കുന്നത്. മരണം എന്നാൽ ഒരു അവസാനം അല്ലെന്നും മറ്റൊരു ജീവിതത്തിലേക്കുള്ള വാതായനം ആണെന്നും ഇവർ പറയുന്നത് അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണ്. മരണാനന്തര ജീവിതത്തെപ്പറ്റിയും പുനർജന്മത്തെ പറ്റിയും മറ്റും പറയുന്ന, എഴുതുന്ന ഇവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസ രംഗത്തും ഔദ്യോഗിക രംഗത്തും ഉയർന്ന സ്ഥാനം വഹിക്കുന്നവരാണ്. സാധാരണക്കാരായ നമ്മൾ കണ്ടതിനും അറിഞ്ഞതിനും അപ്പുറം അറിവിന്റെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞവർ. അവരുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. കാരണം അത് നമ്മുടെ ബുദ്ധിയെ ആശ്രയിച്ചിരിക്കും. ഓരോ വ്യക്തിയുടെയും ബുദ്ധിക്ക്- അറിവിന് പരിധിയുണ്ട്. അതിൽ കൂടുതൽ ആഗിരണം ചെയ്യാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ ചില സത്യങ്ങൾ അംഗീകരിക്കാനും അവർക്ക് കഴിയില്ല. എന്നാൽ മറ്റു ചിലരാകട്ടെ അറിവിൽ പലരിലും പിന്നിലാണെങ്കിലും അറിവുള്ളവർ പറയുന്നതിനെ അംഗീകരിക്കാൻ ശ്രമിക്കും. ഇവിടെ എന്താണ് സ്വീകരിക്കേണ്ടത് എന്താണ് തിരസ്കരിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് വ്യക്തികളാണ്. ആത്മാവ് എന്നത് ഒരു ഊർജ്ജം ആണെന്നും അതിനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും നമുക്കറിയാം. അപ്പോൾ ആ ഊർജ്ജം ഇല്ലാതാകുന്നതാണ് മരണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഗീതയിൽ ഭഗവാൻ പറയുന്നതുപോലെ വസ്ത്രം മാറുന്ന രീതിയിൽ ആത്മാവ് പുതുശരീരങ്ങളെ സ്വീകരിക്കുന്നു. ഇത് വായിക്കുന്ന നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മുൻപറഞ്ഞ പുസ്തകങ്ങളോടൊപ്പം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ- "മരണാനന്തര ജീവിതം", ഡോക്ടർ മുരളി കൃഷ്ണയുടെ - "മരണത്തിനപ്പുറം ജീവിതമുണ്ടോ " Dr. Brian L.Weiss MD യുടെ  Same Soul, Many  Bodies( ഇദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളും ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതാണ്) എന്നിവ കൂടി നിങ്ങളുടെ വായനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

     രാജ്യങ്ങൾക്കും, ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും, അതീതമാണ് മരണാനന്തര ജീവിതം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇവിടെ ചെയ്യുന്ന നമ്മുടെ കർമ്മങ്ങളുടെ ഫലം തീർച്ചയായും അവിടെ അനുഭവിക്കേണ്ടിവരും. എന്റെ ഈ വിശ്വാസം തെറ്റാണെന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനുള്ളതൊന്നും നിങ്ങളുടെ കൈയിലും ഇല്ല എന്നതും മറക്കില്ലല്ലോ.

 എന്തായാലും ഈ വിഷയത്തിന് ഒരു ചെറിയ ബ്രേക്ക് ഇടുകയാണ്. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും വളരെ വളരെ നന്ദി.🙏

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.



No comments:

Post a Comment