Wednesday, June 22, 2022

അച്ഛനും മകളും സ്ത്രീധനവും

      സ്ത്രീധന- ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന 24 കാരി പെൺകുട്ടി 2021 ജൂണിൽ ആത്മഹത്യ ചെയ്തു. അതുകഴിഞ്ഞ് 11 മാസം കഴിഞ്ഞപ്പോൾ ഭർത്താവായ കിരൺ കുമാറിന് 10 വർഷത്തെ തടവുശിക്ഷ ലഭിച്ചു.. ഇതേത്തുടർന്നുണ്ടായ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒരെണ്ണം  എന്റെ ശ്രദ്ധയാകർഷിച്ചു.  നിങ്ങളിൽ പലരും ഈ പോസ്റ്റ് കണ്ടിട്ടുണ്ടാകും. എങ്കിലും അത് വീണ്ടും കൊടുക്കാതെ പറ്റില്ലല്ലോ.                       

         " അവന്തിക -ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വെച്ച്  പന്താടാൻ നിന്നെ ഏൽപ്പിക്കാൻ അല്ല.  ഏതോ ഒരുത്തനു ചിലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപപോലും സേവ് ചെയ്യുകയും ഇല്ല. ഞാൻ നിനക്ക് വിദ്യാഭ്യാസം തരും. സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ പ്രാപ്തയാക്കും. നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല. കല്യാണപ്രായം എന്തൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് കവർ ചെയ്തു നീ വിവാഹിതയാകാതെ നിൽക്കുന്നതുകൊണ്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നവരെ ഞാൻ ആട്ടും. കുടുംബത്തിന്റെ സൽപേര് നെപ്പറ്റി പ്രസംഗിക്കുന്ന വരെ അകറ്റും. അതിൽ കുറഞ്ഞ സൽപേര് മതി നമുക്ക്. അതിൽ കുറഞ്ഞ ആഢ്യത്വം മതി നമ്മുടെ കുടുംബത്തിന്.

                 നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കുവാനും ചോയിസസ് എടുക്കുവാനും സ്വാതന്ത്ര്യമുണ്ട്. നിനക്കു തോന്നി നിന്റെ ഇഷ്ടപ്രകാരം വിവാഹിതയായാൽ ഒരു കാര്യം ഉറപ്പിച്ചു കൊള്ളുക, നിനക്ക് ആ ബന്ധം ഡിസ്കം ഫർട്ട് ആയി തോന്നുന്നുവെങ്കിൽ..... നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി  ഒത്തുപോകുന്നില്ല ജീവിതമെങ്കിൽ ഒരു നിമിഷം മുമ്പ് തിരിച്ചു പോന്നേക്കുക. നീ ആയി തിരഞ്ഞെടുത്ത ബന്ധത്തിലെ കല്ലുകടി യും പീഡനങ്ങളും അവമതി കളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുൻപിൽ എന്നും തുറന്നു തന്നെ കിടക്കും.

            തിരിച്ചു പോരാൻ കഴിയാത്തവിധം അകപ്പെട്ടിരിക്കുകയാണ് എങ്കിൽ  വിവരം അറിയിക്കുക. അടുത്ത നിമിഷം ഞാൻ അവിടെ എത്തും. ഇനി അറിയിക്കാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ട് അറിഞ്ഞോളാം. അതിനുവേണ്ട വഴികളൊക്കെ എനിക്കറിയാം. വിവാഹിതയായി എന്ന് വെച്ച് നീ എന്റെ മകൾ അല്ലാതാകുന്നില്ല.

      അച്ഛനും അമ്മയും വിഷമിക്കും എന്നുകരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വെക്കുമ്പോൾ ഓർക്കുക..... നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം വിഷമം. നീ ഇല്ലാതാക്കുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാൽ ഉണ്ടായേക്കാവുന്ന കുശു കുശുപ്പുകൾ. ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലികൊടുത്ത് നീ  ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല. തന്റെ ഡി എന്നോ താന്തോന്നി എന്നോ പേരു കേൾക്കും എന്ന് കരുതി സഹിച്ച് സഹകരിച്ച്ഒതുങ്ങി കൂടേണ്ടതുമില്ല. തലയുയർത്തി നടുനിവർത്തി നിൽക്കുക. നിന്റെ ജീവിതം നിന്റെ മാത്രമാണ്. തന്റേടത്തോടെ ജീവിക്കുക. നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്. "  


 ഈ ഫേസ്ബുക്ക് പോസ്റ്റിലെ ഹെഡിങ് ആണ് അത് വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. "  പ്രായം കഴിഞ്ഞും നീ വിവാഹിതയാകാതെ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്യുന്നവനെ ഞാൻ ആട്ടും " എന്നായിരുന്നു ജയറാം- സുബ്രമണി,മകൾ അവന്തികക്ക്‌ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്ന്റെ ഹെഡിങ്. മിസ്റ്റർ ജയറാം സുബ്രമണി, നിങ്ങൾ വിവാഹിതനാണോ എന്നറിയാൻ പൊതുസമൂഹത്തിന് ഒരു താൽപര്യവുമില്ല. നിങ്ങൾക്ക് കുട്ടികളുണ്ടോ എന്നും അവർ വിവാഹപ്രായം കഴിഞ്ഞ് നിൽക്കുകയാണോ എന്നും ആർക്കും അന്വേഷിക്കാൻ താല്പര്യവും ഉണ്ടാകില്ല - നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കും ആത്മാർത്ഥ സുഹൃത്തുക്കൾക്കും ഒഴികെ. നമ്മുടെ കുടുംബത്തിൽ ഒരു പെൺകുട്ടിയോ ആൺകുട്ടിയോ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്നുണ്ടെങ്കിൽ ആ കുട്ടിയുടെ  അച്ഛന്റെയും അമ്മയുടെയും അച്ഛനമ്മമാരും സഹോദരി- സഹോദരന്മാരും തീർച്ചയായും അതേപറ്റി ചോദിച്ചേക്കും. അല്ലാതെ അന്യ രാരും ഇക്കാര്യത്തിൽ ഇടപെടാറില്ല. ഇത്തരം ചോദ്യം ചോദിക്കുന്ന സ്വന്തം മാതാപിതാക്കളുടെയും സഹോദരീ സഹോദരന്മാരുടെയും മുഖത്തുനോക്കി ആട്ടു കയാണ് വേണ്ടത്. അതാണോ നമ്മുടെ സംസ്കാരം? കുട്ടിക്ക് ഇനി  വിവാഹത്തോട് താല്പര്യമില്ല എങ്കിൽ അത്     തുറന്നു പറയുക. അല്ലാതെ അവരെ   ആട്ടാൻ മാത്രം എന്ത് തെറ്റാണ് അവർ    ചെയ്തത്? കുടുംബത്തിലെ ഒരു    കുട്ടിയുടെ വിവാഹം എന്താണ്    കഴിയാത്തത് എന്ന് ചോദിക്കുന്നതാണോ    തെറ്റ്?      ഇങ്ങിനെ ഒരു പ്രവർത്തിയിലൂടെ ജയറാം സുബ്രമണി എന്താണാവോ ഉദ്ദേശിക്കുന്നത്. സാധാരണക്കാരനായ ഒരു അച്ഛനിൽ നിന്നും ഏറെ ഉയരത്തിലാണ് താൻ ചിന്തിക്കുന്നതെന്നും പ്രവർത്തിക്കുന്നതെന്നും വായനക്കാരെ അറിയിക്കുവാൻ ആണ് ശ്രമിച്ചതെങ്കിൽ ഹാ!കഷ്ടം എന്നേ പറയാൻ കഴിയൂ. ഇതേ തുടർന്നുള്ള വരികളിൽ അദ്ദേഹത്തിന്റെ ധാർഷ്ട്യവും അമിതമായ ആത്മവിശ്വാസവും എല്ലാം തെളിയുന്നുണ്ട്. ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാൻ അല്ല ഞാൻ നിന്നെ വളർത്തുന്നത് എന്ന് ജയറാം പറയുന്നു. ശരിയാണ് അത് താങ്കൾ മാത്രമല്ല ഓരോ അച്ഛനുമമ്മയും ആഗ്രഹിക്കുന്നത് അതാണ്. നമ്മുടെ മക്കളുടെ ജീവിതം വച്ച് ആരും പന്താടുന്ന ത് ആർക്കും സഹിക്കില്ല- അത് മകനായാലും മകൾ ആയാലും. അതുകൊണ്ടുതന്നെ മക്കൾക്ക് പങ്കാളിയെ കണ്ടെത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. തുടർന്ന് അദ്ദേഹം വളരെ ഇമോഷണൽ ആയി എഴുതുന്നുണ്ട്. നീ എപ്പോൾ തിരിച്ചു വന്നാലും ഈ വീടിന്റെ കതകുകൾ നിനക്കായി തുറന്നിരിക്കും എന്നും നിന്നെ ഞാൻ എന്നും സംരക്ഷിക്കുമെന്നും മറ്റും. മിസ്റ്റർ ജയറാം,  നിങ്ങൾ നിങ്ങളുടെ മകളോട് പറയുന്ന വാക്കുകൾ നിങ്ങളുടെ ഭാര്യയോടും സഹോദരിമാരോടും പറയുവാൻ കഴിയുമോ? അവർക്ക് ഇഷ്ടമുള്ള വരോടൊപ്പം ജീവിക്കുവാനും ഇഷ്ടമില്ലെങ്കിൽ ഇട്ടെറിഞ്ഞു പോരാനും ആയി നിങ്ങളുടെ വീടിന്റെ വാതിലുകൾ തുറന്നു കൊടുക്കുമോ? നിങ്ങളുടെ സഹോദരന്മാരുടെ ഭാര്യമാർ ഇങ്ങനെ പെരുമാറിയാൽ അവരെ അനുകൂലിക്കാൻ താങ്കൾക്കാകുമോ? ഇല്ല.  കാരണം ഇതിലെ അവന്തിക നിങ്ങളുടെ മാത്രം മകളാണ്. എന്നാൽ  മറ്റുള്ള സ്ത്രീകൾ മറ്റാരുടെയോ മക്കളും. അവന്തിക യെ പോലെ അവരെ കാണേണ്ട ആവശ്യം താങ്കൾക്കില്ല. മിസ്റ്റർ ജയറാം, പെൺകുട്ടികൾ ഇല്ലാത്ത ആൺമക്കൾ മാത്രം ഉള്ളവരും ഈ ലോകത്തുണ്ട്. അവരും അവരുടെ മാതാപിതാക്കളുടെ പ്രിയ പുത്രന്മാർ തന്നെയാണ്. സ്വന്തം കുട്ടികൾ കുടുംബമായി സമാധാനത്തോടും  സന്തോഷത്തോടും ജീവിക്കണം എന്നാണ്  എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. അതിനു വേണ്ടത് അഡ്ജസ്റ്റ് മെന്റ് ആണ്. തന്റെ പങ്കാളിയെ മനസ്സിലാക്കാനുള്ള കഴിവ് അവർക്ക് ഉണ്ടാകണം. ഒപ്പം ക്ഷമയും വളരെയേറെ ആവശ്യമാണ്. വായിൽ വരുന്നത് തോന്നിയതുപോലെ പറഞ്ഞുകൊണ്ടിരുന്നാൽ കുടുംബത്തിൽ ഐക്യത യല്ല,അകൽച്ചയാണ് ഉണ്ടാവുക.  അതു മനസ്സിലാക്കി കൊടുത്തു വേണം കുട്ടികളെ വിവാഹം കഴിച്ച് അയക്കാൻ.    താങ്കൾ പറയുകയുണ്ടായി ഒത്തുപോകുന്നില്ല എങ്കിൽ തിരിച്ചു പോരാൻ. അപ്പോൾ പെൺകുട്ടി മറ്റൊരു വീട്ടിലേക്ക് ആണ് പോകേണ്ടത് എന്ന് താങ്കൾക്ക് അറിയാം. അല്ലെങ്കിൽ തിരിച്ചുപോരാൻ പറയില്ലല്ലോ. ജയറാം താങ്കൾ പഠിപ്പിക്കേണ്ടത് അവരുടെ ഇഷ്ടം അനുസരിച്ച് ജീവിക്കാൻ പറ്റില്ലെങ്കിൽ തിരിച്ചുപോരാൻ അല്ല,പകരം മറ്റുള്ളവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും കൂടി പരിഗണിച്ച് ഒരുമിച്ചു പോകാനാണ്. സ്വന്തം ഇഷ്ടം മാത്രം നടപ്പാക്കാൻ ആണെങ്കിൽ താങ്കളുടെ വീട്ടിലേക്ക് മരുമകനെ കൂട്ടുന്നതാണ് നല്ലത്. ( ഹിന്ദിയിൽ "ഘർ ജമായി" എന്ന് പറയും മലയാളത്തിൽ എന്താണ് പറയുന്നതെന്ന്  എനിക്ക് അറിയില്ല ) താങ്കളുടെ മകൾക്ക്മാത്രമല്ല അവളുടെ ഭർത്താവിനും അവിടുത്തെ കുടുംബാംഗങ്ങൾക്കും സ്വാതന്ത്ര്യവും വ്യക്തിത്വവും ഉണ്ടെന്ന കാര്യം കൂടി മറക്കാതിരിക്കുക, അത് അവളെ മനസ്സിലാക്കി കൊടുക്കുക. നിങ്ങളുടെ മകളുടെ ചൊൽപ്പടിയിൽ ഭർത്താവും വീട്ടുകാരും ജീവിക്കണമെന്ന ആഗ്രഹം താങ്കൾക്ക് കാണും. പക്ഷേ അതൊന്നും യാഥാർത്ഥ്യം ആകില്ലെന്ന് കാര്യം ആർക്കാണ് താങ്കളെ മനസ്സിലാക്കിപ്പി ക്കാൻ കഴിയുക? താങ്കളുടെ മകൾക്ക് കുലസ്ത്രീ പട്ടം വേണ്ടെന്ന് എഴുതിക്കണ്ടു. കുലസ്ത്രീ എന്ന വാക്കിന്റെ അർത്ഥം പോലും അറിയുന്നില്ലല്ലോ എന്നോർത്ത് സഹതാപം തോന്നുന്നു.  കുടുംബജീവിതത്തിൽ വിജയിക്കുന്ന- സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നവർ സ്വന്തം വ്യക്തിത്വം ഉപേക്ഷിച്ചവർ ആണെന്ന് താങ്കളുടെ വരികൾ കണ്ടാൽ തോന്നും. സുഹൃത്തെ, സ്വന്തം വ്യത്യസ്ത തോടൊപ്പം മറ്റുള്ളവരുടെ വ്യക്തിത്വത്തെ ആദരിക്കാനും അവരെ അവരായി തന്നെ സ്വീകരിക്കാനും കഴിയുന്നിടത്തേ ദാമ്പത്യ വിജയം ഉണ്ടാകു. ഇല്ലെങ്കിൽ താങ്കൾ പറയുന്നതുപോലെ എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടിവരും. 

               ഇനി ഞാൻ വിസ്മയയുടെ കാര്യത്തിലേക്ക് വരട്ടെ. ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും കുടുംബസ്വത്തിൽ അവകാശം ഉണ്ട്. അത് അവളുടെ അഭിമാനവും അധികാരവും ആണ്. എന്നാൽ പൊന്നും പണവും ചോദിച്ചെത്തുന്നവരെ അകറ്റിനിർത്താൻ ഓരോ പെൺകുട്ടികളുടേയും മാതാപിതാക്കൾക്ക് കഴിയണം . അവൾ പോകുന്ന വീട്ടിലെ ധനമായി മാറാൻ അവളെ പഠിപ്പിക്കണം. കുടുംബസ്വത്തിൽ അവൾക്ക് അർഹമായതു മാത്രം നൽകുക. അത് സ്വീകാര്യമായ പുരുഷനു മാത്രമേ മകളെ നൽകാവു. സ്വത്ത് ചോദിച്ച എത്തുന്നവർ, മകളെ അല്ല സ്വത്തിനെ ആണ് സ്നേഹിക്കുന്നത് എന്നറിയാൻ അതിബുദ്ധി ഒന്നും വേണ്ട. വെറും സാധാരണക്കാർക്കുപോലും മനസ്സിലാവുന്ന കാര്യമാണിത്. വിവാഹാലോചന നടക്കുമ്പോൾ എപ്പോഴാണോ വരന്റെ കൂട്ടർ സാമ്പത്തികമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത് അവിടെ ഫുൾസ്റ്റോപ്പ് ഇടാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കഴിയണം. വിസ്മയയുടെ കാര്യത്തിൽ തീർച്ചയായും അവരുടെ ഭർത്താവ് കുറ്റവാളിയാണ്. പക്ഷേ സ്ത്രീധനം നൽകി അയാളുടെ അത്യാഗ്രഹത്തെ പ്രോത്സാഹിപ്പിച്ച വിസ്മയയുടെ മാതാപിതാക്കളും കുറ്റവാളികൾ തന്നെയാണ്. പക്ഷേ ഈ സംഭവം കൊണ്ടൊന്നും പെൺകുട്ടികളുടെ മാതാപിതാക്കളുടെ കണ്ണ് തുറക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും അവർ കൂടുതൽ ഓഫറുകൾ നൽകി തന്റെ പെൺമക്കൾക്ക് "വലിയ "വരന്മാരെ കണ്ടെത്തും. ഒടുവിൽ അവൾ ഇല്ലാതാകുമ്പോൾ നിലവിളിച്ചിട്ടും ശിക്ഷ ലഭിച്ചിട്ടും എന്ത് കാര്യം? " നിങ്ങൾ ചോദിക്കുന്ന തുകയും സ്വർണ്ണവും എല്ലാം തരാം. താങ്കൾ ഞാൻ പറയുന്നത് കേട്ട് ജീവിക്കുമോ?ഞാൻ താങ്കളെ വിലയ്ക്ക് വാങ്ങിയതായി അംഗീകരിക്കുമോ? " എന്ന് പെൺകുട്ടികൾ എന്നു ചോദിക്കാൻ തുടങ്ങുമോ അന്നേ പുരുഷന്മാരുടെ അഭിമാനം ഉണരൂ. അന്നേ ഈ സ്ത്രീധനവും പീഡനവും അവസാനിക്കുകയുള്ളൂ.



Thursday, June 9, 2022

മതസൗഹാർദവും മതനിന്ദയും

 ഇന്നൊരു പക്ഷേ ഏറ്റവും കൂടുതൽ കേൾക്കുന്ന  വാക്കുകൾ ആണ് മത സൗഹാർദവും മതനിന്ദയും എന്ന് തോന്നുന്നു. മതത്തിന്റെ പേരിൽ പരസ്പരം ഹീനമായി നിന്ദിയ്‌ക്കാൻ തക്കവണ്ണം ആളുകൾ ഇത്രമാത്രം മതത്തിനു അടിമകൾ ആണ്എന്ന്എ നിക്ക് തോന്നുന്നില്ല. പരസ്പരം കലഹിക്കാൻ മതം പലപ്പോഴും ഒരു    കാര ണമാകുന്നു എന്നു മാത്രം.                       പലവിധ ജാതി-മത -വിശ്വാസങ്ങൾ     ശക്തമായി നിലനില്ക്കുന്ന ഇന്ത്യയിൽ        പ്രധാനമായും ആരോപണങ്ങൾ                  ഉയരുന്നത്  നേതൃനിലയിലുള്ള  മൂന്ന്           പ്രമുഖ   മതങ്ങൾക്ക്    എതിരെയാണ്. ഹിന്ദു - മുസ്ലിം -ക്രിസ്ത്യൻ മതങ്ങളാണ്       അവ. മറ്റു മത വിശ്വാസികളെ, അവരുടെ ആചാരങ്ങളുടെയും ആരാധനകളുടെയും മതഗ്രന്ഥങ്ങളുടെയും പേരിൽ എന്തിനാണ് ഇവർ നിന്ദിക്കുന്നത്. സ്വന്തം അച്ഛനും അമ്മയും പോലെ തന്നെ സ്വന്തം. മതവിശ്വാസവും ഏവർക്കും പ്രധാനപ്പെട്ടതാണ് . അതിനെ ആക്ഷേപിക്കുന്നതോ വിമർശിക്കുന്ന തോ ഏത് വിഭാഗത്തിൽ പെട്ട വിശ്വാസികൾ ആയാലും അവർക്ക് ഭൂഷണവുമല്ല.

                     മതങ്ങൾ തമ്മിൽ അല്ല മതവിശ്വാസികൾ തമ്മിലുള്ള സ്പർദ്ധ വളരെ ഏറെ  വർദ്ധിച്ചിരിക്കുന്നു. അന്യമതക്കാരെ വിശ്വസിക്കാനും സ്നേഹിക്കാനും ഒരു വിമുഖത എവിടെയും പ്രകടമാണ്. ശാന്തമായ സമൂഹം കെട്ടിപ്പടുക്കുവാൻ ഇത് ഒട്ടും അനുകൂലവുമല്ല എന്നുമാത്രമല്ല പ്രതികൂലവും ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനം ഏത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ അവിശ്വസനീയമായി തോന്നാം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ആണ് അത്. അവിടെ മിക്ക പ്രദേശങ്ങളിലും ഹിന്ദു-മുസ്ലീം സൗഹൃദം നിലനിൽക്കുന്നുണ്ട്. അതില്ല എങ്കിൽ ബിജെപിക്ക് അവിടെ അധികാരത്തിൽ വരാൻ കഴിയില്ലല്ലോ. ഇ നി കേരളത്തിലേക്ക് നോക്കിയാൽ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയിൽ ആറാം സ്ഥാനമാണ് നമുക്കുള്ളത്. ക്രിസ്ത്യൻ ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഇടയ്ക്കിടെ ചില വിഭാഗങ്ങൾ സമാധാനപരമായ ജീവിതത്തിന് ഇടം കോൽ ഇടുന്നു എങ്കിലും പൊതുവേ ഹിന്ദു -മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ സമീപനമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ( വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ അടുത്ത സുഹൃത്തുക്കളിൽ കൂടുതൽ പേരും മറ്റു മതവിഭാഗങ്ങളിൽ പെട്ടവരാണ്. ഞങ്ങൾ ഒരിക്കലും മറ്റൊരാളുടെ വിശ്വാസത്തെയോ ആചാരത്തെയോ, അപമാനിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ) കേരളത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഹിന്ദു -മുസ്ലിം- ക്രിസ്ത്യൻ മതങ്ങൾ കൂടാതെ മറ്റൊരു വിഭാഗം കൂടി ഇവിടെയുണ്ട്. മതമില്ലാത്തവർ, ഈശ്വര വിശ്വാസം ഇല്ലാത്തവർ. മറ്റൊരു സംസ്ഥാനത്തും ഇത്രയും യുക്തി വാദികളെ കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല. അടുത്തകാലം വരെ കമ്മ്യൂണിസ്റ്റുകാർ മത -ഈശ്വര വിശ്വാസങ്ങളെ ശക്തമായി എതിർത്തിരുന്നു എങ്കിലും ഇപ്പോൾ മൃദുസമീപനം ആണ് ഉള്ളത് എന്ന് തോന്നുന്നു. കൂടാതെ മതവിഭാഗങ്ങളെ ഒപ്പം കൂട്ടാനായി അവർക്ക് കുട പിടിക്കാനുള്ള ശ്രമവും അവർ നടത്തുന്നുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി 30 വർഷം ഭരിച്ച വെസ്റ്റ് ബംഗാളിൽ അക്കാലത്തും കാളീപൂജ പോലെയുള്ള ദൈവീക ചടങ്ങുകൾ ആഘോഷപൂർവ്വം നടന്നിരുന്നു എന്നത് ഇവിടെ പലർക്കും വിരോധാഭാസമായി തോന്നാം.

                  ഓരോ മതങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം എന്നും എപ്പോഴും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഒരു മതക്കാരുടെ വിശ്വാസത്തെ മറ്റു വിഭാഗങ്ങൾ ചോദ്യം ചെയ്യുകയോ നിന്ദിക്കുകയോ ചെയ്താൽ അവരെ തടയുവാനും അവർക്കെതിരെ ശക്തമായ നടപടി എടുക്കുവാനും ഓരോ സർക്കാരിനും കഴിയണം. അത് ഒരിക്കലും ഒരു പ്രത്യേക മതത്തെ സംരക്ഷിച്ചുകൊണ്ട് ആകരുത്. മതേതരത്വത്തിനു പ്രാധാന്യം നൽകുന്ന ഭാരതത്തിൽ മതനിന്ദ നടത്തുന്ന ഓരോ വ്യക്തിയേയും കർശനമായി ശിക്ഷിക്കുവാനും മതേതരത്വം ശക്തമായി നടപ്പാക്കുവാനും സർക്കാരിനു കഴിയണം. അപ്പോഴേ രാജ്യത്തിന്റെ ഐക്യത ക്ക്

ഉറപ്പു വരികയുള്ളൂ. ഇത്തരത്തിലുള്ള

 മതനിന്ദ കൾ പൊതുസമൂഹത്തി പറയുന്നവർക്കെതിരെ  - അവർ ഏതു മതവിഭാഗത്തിൽ പെട്ടവരായാലും - അതി കർശനമായ ശിക്ഷാ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയൂ. മതത്തിന്റെ പേരിൽ ജനങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുവാൻ സർക്കാർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു.