Saturday, January 27, 2024

മുജ്ജന്മ -പുനർജന്മങ്ങൾ

         കഴിഞ്ഞ ബ്ലോഗിൽ മുജ്ജന്മം തേടി എന്നൊരു ആർട്ടിക്കിൾ എഴുതിയിരുന്നല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങൾവന്നിരുന്നു. വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇത് തട്ടിപ്പാണെന്ന് ആരോപിച്ചവരും ഉണ്ട്. നമുക്ക് കാണാൻ കഴിയാത്തതും, നിർവചിക്കാൻ കഴിയാത്തതും, മനസ്സിലാക്കാൻ കഴിയാത്തതും ആയി പലപല സംഭവങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറം നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലർക്കും സാധിച്ചു എന്ന് വരില്ല.

    ഇന്ന് സാർവത്രികമായി ഉപയോഗിച്ചുവരുന്ന മൊബൈൽ ഫോണിനെ പറ്റി ഒരു 75 വർഷം മുമ്പ് ചിന്തിക്കാൻ കൂടി സാധിച്ചിരുന്നില്ല. വയർലെസ് ആയ ഇത്തരം ഒരു ഉപകരണം ആശയവിനിമയത്തിന് ഉപയോഗിക്കാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ നമ്മൾ അവരെ വിഡ്ഢികളായി കണ്ടേനെ. പണ്ടത്തെ മഹർഷി ശ്രേഷ്ഠന്മാർ മനസ്സിലൂടെ ചിന്തിച്ച് തന്റെ ഇംഗിതം മറ്റൊരാളെ അറിയിക്കാൻ പ്രാപ്തരായിരുന്നു. ഒരുപക്ഷേ ഇനി കാലവും ശാസ്ത്രവും പുരോഗമിക്കുന്നതോടെ ഇപ്പോഴുള്ള മൊബൈൽ ഫോണിന്റെ സഹായമില്ലാതെ  മറ്റൊരാളിലേക്ക് മെസ്സേജ് കൊടുക്കാനുള്ളകണ്ടുപിടുത്തം ഉണ്ടായെന്നും വരാം. മഹേഷിമാർ ഒരാളുടെ ഓറയിൽ നിന്നും അടുത്ത ആളുടെ ഓറയുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തിരുന്നത്. പക്ഷേ രണ്ടുപേർക്കും വികസിച്ച ഓറ ഉണ്ടായിരിക്കണം. ഇതും അംഗീകരിക്കാൻ ഒരു പക്ഷേ പലർക്കും കഴിഞ്ഞു എന്ന് വരില്ല.

         നമ്മുടെ ശരീരത്തിന് ചുറ്റുമുള്ളതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  കഴിയാത്തതുമായ ഒരു പ്രഭാവലയമാണ് ഓറ. മനസ്സാണ് ഓറയുടെ വിശാലതയെ നിയന്ത്രിക്കുന്നത്. നല്ല ചിന്തകളും, നന്മയും ആഴത്തിലുള്ള ഈശ്വര ധ്യാനവും ഉള്ള വ്യക്തിയുടെ ഓറ വലുതായിരിക്കും. എന്നാൽ മറ്റുള്ളവരെ അപമാനിക്കുന്ന കുറ്റം കണ്ടെത്തുകയും പറയുകയും ചെയ്യുന്ന, ധ്യാനം ഇല്ലാത്ത വ്യക്തിക്ക് ഓറ ഒട്ടും ഇല്ല എന്ന് പറയേണ്ടിവരും.

          നമ്മുടെ ഈ ഓറ എങ്ങനെ കണ്ടെത്താം എന്ന് ശ്രമിക്കാം. നിങ്ങൾ അറിയാതെ നിങ്ങളുടെ പിന്നിലൂടെ ഒരാൾ വന്ന് തൊടാനായി നിങ്ങളുടെ ശരീരത്തിന് അടുത്തേക്ക് ഒരു വിരൽ കൊണ്ടുവരുന്നു എന്ന് വയ്ക്കുക. അയാളുടെ ഓറയിലേക്ക് നിങ്ങളുടെ വിരൽ തൊടുമ്പോൾ അയാൾ പെട്ടെന്ന് തിരിയും. അയാളുടെ ഓറ എത്ര വലുതാണോ അത്രയും ദൂരത്ത് നിന്ന് തന്നെ അയാൾക്കത് അതറിയാൻ കഴിയും. തന്റെ ദേഹത്തേക്ക് ആരോ തൊടാൻ വരുന്നു എന്ന്‌ അയാളുടെ ദേഹം തിരിച്ചറിയും . ഇനി ചിലർ ആണെങ്കിൽ ദേഹത്ത് സ്പർശിച്ചാൽ മാത്രമേ അറിയൂ. കാരണം അവരുടെ ഓറ വളരെ വളരെ ചെറുതാണ്. ഇതുപോലെ, നമ്മൾ ഒരിടത്ത് നിൽക്കുമ്പോൾ   ആരോ നമ്മളെ സൂക്ഷിച്ചു നോക്കുന്നതായി തോന്നാറില്ലേ? നമുക്ക് ആ ഫീലിംഗ് കിട്ടുന്നത് അയാളുടെ കണ്ണുകളിൽ നിന്നുള്ള രശ്മികൾ നമ്മുടെ ഓറയിൽ തട്ടുമ്പോഴാണ്. പറഞ്ഞുപറഞ്ഞ് എവിടെയൊക്കെയോ പോയി അല്ലേ. നമുക്ക് നമ്മുടെ മുജ്ജന്മത്തിലേക്ക് തിരിച്ചു വരാം.

          . ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കുന്ന പലതിനും കാരണം ഈ ജന്മം ചെയ്ത പ്രവർത്തികൾ ആയിരിക്കണമെന്നില്ല. നമ്മുടെ പൂർവ്വകാല ജന്മങ്ങളിൽ ചെയ്ത പ്രവർത്തികളുടെ ഫലമാകാം. നമ്മൾ ഒരു തെറ്റ് ചെയ്തു എന്നിരിക്കട്ടെ. അതിന്റെ കുറ്റബോധം നമ്മുടെ മനസ്സിനെ വേട്ടയാടുക ഒരുപക്ഷേ ഒരു മാസമോ ഒരു കൊല്ലമോ അതിലും അധികം കാലം കഴിഞ്ഞോ ആയിരിക്കും. അത്രയും നാൾ, അന്നത്തെ പ്രവർത്തികൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയ തെറ്റാണെന്ന് തിരിച്ചറിയാൻ വൈകി. തിരിച്ചറിവ് വന്നതോടെ കുറ്റബോധവും ഉണ്ടാവുന്നു. അതുപോലെ ഒരു ജന്മത്തിൽ നമ്മൾ ചെയ്ത അപരാധങ്ങളുടെ ഫലം അടുത്ത ജന്മത്തിലോ മറ്റേതെങ്കിലും ജന്മങ്ങളിലോ ആയിരിക്കാം നമ്മൾ അനുഭവിക്കുക. അതായത് നമ്മുടെ കർമ്മങ്ങളെ നമ്മളുടെ ആത്മാവിലേക്കു ആഗിരണം ചെയ്യുന്നുണ്ട് - അത് നല്ലതായാലും ചീത്തയായാലും.  പുനർജന്മത്തിൽ നമുക്കിതൊന്നും അറിയില്ല എങ്കിലും നമ്മുടെ ആത്മാവിന്  ഇതെല്ലാം മറക്കാതെ സൂക്ഷിച്ചു വയ്ക്കാനാകുന്നുണ്ട്. അങ്ങനെ ആ ആത്മാവ് കുടികൊള്ളുന്ന ശരീരമായിരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക.

      മരിക്കുമ്പോൾ ചിന്തിക്കുന്നത് എന്തോ അതായിരിക്കും പുനർജന്മം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.     പുനർജന്മം മിക്കവാറും ഉണ്ടാവുക, കഴിഞ്ഞ ജന്മം ആത്മാവിന് ഇഷ്ടമുള്ളവരുടെ അടുത്തായിരിക്കും. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ തന്നെ അവർ കൊച്ചുമക്കളായും മറ്റും ജനിക്കുന്നത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് നമ്മൾ പറയാറുണ്ട്. അതായത് നമ്മൾ എന്തിനെയാണോ ഏറ്റവും കൂടുതൽ വെറുക്കുന്നത്- -അത് മതമോ, സമുദായമോ, രാഷ്ട്രമോ, സംസ്കാരമോ ഒക്കെ ആകാം - അതുമായി ചേർന്നാവും, അല്ലെങ്കിൽ അതിൽ  ഉൾപ്പെട്ടാവും നമ്മുടെ അടുത്ത ജന്മം. ഈ ജന്മം വെറുപ്പ് തോന്നുന്നതിനെ അടുത്ത ജന്മം സ്വന്തമായി കരുതേണ്ടിവരും എന്ന് സാരം. അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളെ ഈ ജന്മത്തിൽ ഏറ്റവും പ്രിയപ്പെട്ടവരായി നമ്മൾ അംഗീകരിക്കേണ്ടി വരുന്നത്. ഈ ജന്മത്തിലെ പ്രവർത്തികൾ ഭാവി ജന്മത്തെ സ്വാധീനിക്കും എന്നതിൽ തർക്കമില്ല.

        പുനർജന്മത്തെ കുറിച്ച് പറയുമ്പോൾ,ചില കുട്ടികൾ പെട്ടെന്ന് ബോധം കെട്ട് വീഴുന്നതും മരിച്ചുപോയ ബന്ധുവിന്റെ ശബ്ദത്തിൽ, ശൈലിയിൽ, സംസാരിക്കുന്നതും ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാവും.  ഞാനും അത്തരത്തിലുള്ള സംഭവങ്ങൾ കണ്ടിട്ടുണ്ട്. കേൾക്കുന്ന കാര്യങ്ങൾ ആ കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ച് ഉണ്ടാകുന്നതാണ് ഇത് എന്ന് പറയുന്നവരും കാണും. അതുപോലെ മുജ്ജന്മത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി പറയുന്ന കുട്ടികളുണ്ട്. ഞാൻ തിരുവനന്തപുരത്ത് വന്നശേഷം വായിച്ച ഡെക്കാൻ ക്രോണിക്കിൾ എന്ന പത്രത്തിൽ വന്ന ഒരു സംഭവം കുറിക്കട്ടെ. വിദേശത്തുള്ള ഒരു നാലു വയസ്സുകാരൻ, താൻ മറ്റൊരു രാജ്യത്തെ വ്യക്തിയാണെന്നും അവിടെ തന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെന്നും തുടർച്ചയായി പറയാൻ തുടങ്ങി. ഒടുവിൽ അവന്റെ മാതാപിതാക്കൾ,കുട്ടി പറഞ്ഞ അയൽ രാജ്യത്തേക്ക് അവനെയും കൊണ്ടുപോയി. അവൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ രാജ്യത്ത് അവൻ പറഞ്ഞ സ്ഥലത്ത് ചെന്ന് കഴിഞ്ഞപ്പോൾ വളരെ പരിചിതമായ സ്ഥലത്ത് കൂടി നടക്കുന്ന പോലെ അവൻ നടക്കുകയും  ഒരു വീട്, സ്വന്തം വീട് എന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ആ വീട്ടിലെ ഓരോ വ്യക്തിയെയും അവൻ തിരിച്ചറിഞ്ഞു. ഇത് കേട്ട് അയൽപക്കത്തുള്ള ധാരാളം പേർ അവിടെ കാണാനായി കൂടി. ആ കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കാട്ടി " ഇയാളാണ് എന്നെ കൊന്നത്. കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു " എന്ന് പറഞ്ഞ് ആ ബാലൻ തന്റെ ഷർട്ട് അഴിച്ച് മാറ്റി ദേഹത്തെ മുറിപ്പാട് കാണിച്ചുകൊടുത്തു. എല്ലാവരും സ്തബ്ദ രായി നിൽക്കുമ്പോൾ ആ കുറ്റവാളി താനൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി എങ്കിലും ആളുകൾ അയാളെ പിടിച്ചുവെച്ചു. ഈ കുട്ടി കൂടുതൽ വിശ്വാസജനകമായ വിവരണങ്ങൾ നൽകാൻ തുടങ്ങി. " ഇയാൾ എന്നെ കൊന്ന് ഇവിടെയാണ് കുഴിച്ചിട്ടത്" എന്ന് പറഞ്ഞ്ഒരു സ്ഥലം ചൂണ്ടിക്കാട്ടി. സംശയം തോന്നിയ ആളുകൾ അവിടെ കുഴിച്ചപ്പോൾ ഒരു അസ്ഥികൂടവും കോടാലിയും കണ്ടുകിട്ടി. ഒടുവിൽ ആ കുറ്റവാളി പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു. ഇതെങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയുന്നത്? പഠിച്ചിട്ടില്ലാത്ത അന്യഭാഷ സംസാരിക്കുന്ന കുട്ടികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ  ആറു വയസ്സ് വരെഉള്ള കുട്ടികളിൽ മാത്രമേ ഇത്തരം ലക്ഷണങ്ങൾ പൊതുവേ കാണുകയുള്ളൂ. പിന്നീട് അവയെല്ലാം വിസ്മൃതിയിലേക്ക് പോകും. എങ്കിലുംഈ ചില ഓർമ്മകൾ ചിലർക്കെങ്കിലും  എവിടെയോ മറഞ്ഞു കിടക്കും . ചിലരെ കാണുമ്പോൾ മനസ്സിൽ പ്രത്യേകിച്ചൊരു ഇഷ്ടവും മറ്റുചിലരെ കാണുമ്പോൾ ഒരു കാരണവുമില്ലാതെ വെറുപ്പും പ്രായമായ നമുക്ക് തോന്നുന്നത് ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന  ഓർമ്മകളുടെ ഫലമാണ്. അതുപോലെ ചില വ്യക്തികളെ കാണുമ്പോൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്നും, ചില സ്ഥലങ്ങളിൽ മുമ്പ് വന്നിട്ടുണ്ടെന്നും മറ്റും തോന്നുന്നത് കഴിഞ്ഞ ഏതോ ജന്മത്തിലെ ഓർമ്മകളുടെ പരിണിതഫലമാണ്.

 ഇനിയും പറയാൻ ഏറെ. മറ്റൊരു തർക്കത്തിന് ഇന്ന് ഇത്രയും പോരേ.🤭.

 വീണ്ടും കാണാം അടുത്ത ബ്ലോഗിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിലൂടെ

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി🙏

                

Sunday, January 21, 2024

മുജ്ജന്മം തേടി..

   വീണ്ടും ഒരിടവേള... അല്ലേ. ക്ഷമിക്കുക

 ഇന്ന് ഞാൻ എഴുതുവാൻ പോകുന്ന വിഷയത്തിൽ പലർക്കും താല്പര്യമുണ്ടാകും. ചിലർക്ക് വിശ്വാസത്തിലൂടെയും മറ്റു ചിലർക്ക് അവിശ്വാസത്തിലൂടെയും തോന്നുന്ന താല്പര്യം.

    പുനർജന്മം, മുജ്ജന്മം എന്നെല്ലാം കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരുണ്ട്. പക്ഷേ എനിക്കെന്തോ നല്ല വിശ്വാസമാണ്. നമ്മുടെ ആത്മാവിന് മരണമില്ലെന്നും വസ്ത്രം മാറും പോലെ കർമ്മഫലം അനുസരിച്ച് ഓരോ ശരീരം സ്വീകരിക്കുന്നു എന്നും ഗീതയിൽ പറയുന്നു . ഗീത ഹിന്ദുക്കളുടേതാണ് ഞങ്ങൾക്കതിൽ താൽപര്യമില്ല എന്ന് ഒഴിവു കഴിവ് പറയുന്നവർ ക്രിസ്ത്യാനികളാണെങ്കിൽ ബൈബിളിലും പുനർജന്മ പറ്റി പറയുന്നില്ലേ?

" പുതിയ നിയമത്തിൽ പുനർജന്മത്തെ കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ   റോമാക്കാരായ കോൺസ്റ്റന്റൈനിന്റെ ആവിർഭാവത്തോടെ അത് നീക്കം ചെയ്യപ്പെട്ടു. യേശുക്രിസ്തു പുനർജന്മത്തെ കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഏലിയ തിരിച്ചുവന്നപ്പോൾ അത് ജോൺ എന്ന സ്നാപകൻ ആണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ എന്ന് അപ്പോസ്തലന്മാരോട്ചോദിക്കുകയുണ്ടായി. ജോണിന് , തൊള്ളായിരം വർഷങ്ങൾക്കു മുമ്പാണ് ഏലിയ ജീവിച്ചിരുന്നത്. ജൂത മതത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തവും പുനർജന്മത്തിൽ അധിഷ്ഠിതമാണ്"*( Book- Same Soul, Many BodiesBy Dr. Brian. L. Weiss, MD യുടെ പുസ്തകത്തിലെ വരികളാണ് ഇത് )

       എവിടെ ആരുടെ സന്താനമായി ജനിക്കണം എന്ന് തീരുമാനിക്കാനുള്ള കഴിവ് ഒരു ആത്മാവിനുണ്ട്. അതായത് ജനിക്കുമ്പോൾ തന്റെ അച്ഛനും അമ്മയും ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. ഇത് പല ഗ്രന്ഥങ്ങളിലും ആധുനിക ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുക്കളുടെ പുരാണങ്ങളിൽ മുമ്പ് തന്നെ ഇത് വിവരിക്കുന്നുമുണ്ട്. ദശരഥന്റെയും കൗസല്യയുടെയും മുൻജന്മത്തിൽ അവർ ദമ്പതികളായ കശ്യപനും അദി തിയും ആയിരുന്നതായും,ഭഗവാൻ തങ്ങളുടെ പുത്രനായി ജനിക്കണം എന്ന് അവർ പ്രാർത്ഥിച്ചിരുന്നതായും രാമായണത്തിൽ വിവരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവരുടെ അടുത്ത ജന്മമായ ദശരഥന്റെയും കൗസല്യയുടെയും മകനായി ഭഗവാൻ ശ്രീരാമൻ ജനിക്കുന്നത്. ഇവിടെ ഭഗവാനാണ് തീരുമാനിക്കുന്നത് താൻ ആരുടെ പുത്രനായി ജനിക്കണം എന്ന്. അതുപോലെ ഓരോ ആത്മാക്കളും തങ്ങൾ എവിടെ ആരുടെ സന്താനമായി ജനിക്കണം എന്ന് തീരുമാനിക്കും. തന്റെ ദുഷ്കർമ്മഫലം തീരുവാൻ ക്രൂരനായ മാതാപിതാക്കളെ ചില ആത്മാക്കൾ തിരഞ്ഞെടുക്കും  . നന്മയിലൂടെ മുന്നോട്ടു പോകുവാൻ ചില ആത്മാക്കൾ നല്ലവരായ മാതാപിതാക്കളെ കണ്ടെത്തും. എന്തായാലും കർമ്മഫലം അനുഭവിക്കാതെ തരമില്ല. ഭൂമിയിൽ ഓരോ വ്യക്തി ചെയ്യുന്ന ഓരോ കർമ്മങ്ങളുടെയും ഫലം അനുഭവിക്കണം. ഈ ജന്മത്തിൽ മാത്രമല്ല അടുത്ത ജന്മത്തിലും. നമ്മുടെ കർമ്മഫലങ്ങൾ ബാങ്കിൽ ഇട്ട നിക്ഷേപം പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ നന്മ ചെയ്തവർക്ക് അവരുടെ അക്കൗണ്ടിൽ ധാരാളം നന്മയുടെ നിക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഈ ജന്മത്തിൽ തെറ്റ് ചെയ്താലും അവർ രക്ഷപ്പെട്ടേക്കും. പക്ഷേ അവന്റെ നിക്ഷേപം കുറഞ്ഞു കുറഞ്ഞു വരും.എന്നാൽ ദുഷ്കർമ്മങ്ങൾ ചെയ്തവന് കടം ആണ് ഉള്ളത്. ഈ ജന്മത്തിൽ എത്ര നന്മ ചെയ്താലും അത് കടം  വീട്ടാനേ കാണൂ. നമ്മൾ കരുതും അയാൾ എത്ര നല്ല വ്യക്തിയാണ്. നന്മ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും ഈ ദുർവിധി എങ്ങനെ ഉണ്ടായി എന്ന്. ഇവിടെ അയാളുടെ നല്ല പ്രവർത്തികൾ പഴയ കടം വീട്ടുകയായിരുന്നു എന്ന് സത്യം നമ്മൾ അറിയുന്നില്ല.നല്ല അച്ഛനും അമ്മയ്ക്കും ദുഷ്ടനായ മക്കൾ ഉണ്ടാകുന്നത് കണ്ടിട്ടില്ലേ? അതുപോലെ ദുഷ്ടരായ മാതാപിതാക്കൾക്ക് സദ്ഗുണ സമ്പന്നരായ മക്കളും ഉണ്ടാക്കാറുണ്ട്.  ഇതെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉത്തരം ഈ രീതിയിൽ കണ്ടെത്താനെ കഴിയു. 

   മാതാപിതാക്കളെ തിരഞ്ഞെടുക്കുവാനുള്ള കഴിവ് ആത്മാവിന് ഉണ്ടെങ്കിലും മനുഷ്യജന്മത്തിൽ പിറന്നു കഴിഞ്ഞാൽ പിന്നെയുള്ള ജീവിതം മറ്റുള്ളവരെ കൂടി ആശ്രയിച്ച് ആയിരിക്കും. ഞാൻ തീരുമാനിച്ചു അല്ലെങ്കിൽ ഞാൻ ചെയ്തു എന്നെല്ലാം പറയുമ്പോഴും മറ്റുള്ളവരുടെ സഹായവും നമ്മുടെ വിധിയും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. എത്ര കൊതിച്ചാലും വിധിച്ചത് മാത്രമേ നമുക്ക് ലഭ്യമാകു. വിധിക്ക് വലിയൊരു പങ്കാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്. നമ്മുടെ കഴിവിനപ്പുറത്തുള്ളതെല്ലാം നമ്മൾ വിധിക്ക് വിട്ടുകൊടുക്കും. എന്തെല്ലാം കാര്യങ്ങൾ നമ്മൾ ആലോചിച്ചു തീരുമാനിക്കുന്നു. എന്ന് കരുതി അവയെല്ലാം നടക്കാറുണ്ടോ? ഇനി നടന്നാൽ തന്നെ അത് നന്മയ്ക്ക് ആവണമെന്നുണ്ടോ? ഇല്ല

  മുമ്പ് ആത്മാവിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞല്ലോ.  ആ ആത്മാവ് തിരഞ്ഞെടുത്ത രണ്ടുപേർ  ഭാര്യാഭർത്താക്കന്മാരായി തീരുന്നു. അവർക്ക് തമ്മിൽ പരസ്പരം മുൻ പരിചയമോ അറിവോ ഉണ്ടാകില്ല. വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാകാം. എന്തായാലും അവർ തമ്മിലാണ് വിവാഹിതരാകേണ്ടതെന്ന് മുകളിൽ ഒരു തീരുമാനം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ഇത് പ്രേമ വിവാഹവും ആകാം. 

      ഞാനിത് പറഞ്ഞു എന്ന് കരുതി നിങ്ങൾക്കിത് അംഗീകരിക്കാൻ സാധിച്ചു എന്ന് വരില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ജ്യോതിഷ ശാസ്ത്രത്തെക്കുറിച്ച് പറയാം. നാഡീ ജ്യോതിഷത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഞാൻ മുമ്പ് കേട്ടിട്ടുണ്ടായിരുന്നു എങ്കിലും വലിയ അറിവ് ഉണ്ടായിരുന്നില്ല. എന്റെ ഒരു സുഹൃത്താണ് നാഡി ജ്യോതിഷത്തെ കുറിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ മുതൽ അറിയണമെന്ന് വല്ലാത്ത ആഗ്രഹം. ഒന്നര മാസത്തിനു മുമ്പ് (നവംബർ 27, 2023) തിരുവനന്തപുരത്തുള്ള ഒരു നാഡി ജ്യോതിഷി യെ കാണാൻ പോയത് ഇതേക്കുറിച്ച് അറിയാനുള്ള വലിയ ആഗ്രഹം മൂലമായിരുന്നു. നമ്മുടെ തള്ളവിരലിൽ മഷി പുരട്ടി പേപ്പറിൽ പതിപ്പിക്കും. അല്ലാതെ നമ്മളെ കുറിച്ചുള്ള ഒരു വിവരവും പേരോ നക്ഷത്രമോ ഒന്നും പറയേണ്ട. അവർ തമിഴിൽ  എന്തൊക്കെയോ എഴുതിയ ചെറിയ ഓലക്കെട്ടുകൾ കൊണ്ടുവരും. ഓരോ ഓലയും തുറന്നു വായിക്കും. അതെ ചെല്ലുന്ന വ്യക്തിയുമായി ബന്ധമുള്ളതാണെങ്കിൽ ശരി എന്ന് പറയാം.  അപ്പോൾ അതേ ഓലയിലുള്ള  ബാക്കി കൂടി വായിക്കും. വായിക്കുമ്പോൾ വിവരണം നമുക്ക് യോജിച്ചതല്ലെന്ന് തോന്നിയാൽ ഉടൻ പറയണം. അപ്പോൾ ആ ഓല മാറ്റി അടുത്ത ഓല എടുക്കും. ഒരു ജ്യോതിഷയുടെ കയ്യിൽ അഞ്ചു കെട്ട് ഓലകൾ ആണ് ഉള്ളത്. അതിൽ നമ്മുടെ ഓലയുണ്ടെങ്കിൽ നമുക്ക് നമ്മുടെ ഭാവിയെ പറ്റി അറിയാം. ഇല്ലെങ്കിൽ മറ്റൊരിടത്ത് പോകേണ്ടിവരും. ചിലപ്പോൾ തുടങ്ങുന്നത് ഒരു നക്ഷത്രം പറഞ്ഞു കൊണ്ടായിരിക്കും. അത് ചെല്ലുന്ന വ്യക്തിയുടെതല്ല എങ്കിൽ അല്ല എന്ന് പറയണം. അപ്പോൾ മറ്റൊരു ഓല എടുക്കും. അതൊരു പക്ഷേ അച്ഛന്റെ ശാരീരിക സ്ഥിതിയെപ്പറ്റി പറയുന്നതിലൂടെയാകും തുടങ്ങുക. ( എന്റെ അച്ഛൻ മരിച്ചു പോയതുകൊണ്ട്  അതും എന്റേതല്ല എന്ന് പറഞ്ഞു ) ഇങ്ങനെ മൂന്നാമത്തെ കെട്ടിലാണ്എന്റെ ഓല കണ്ടെത്തിയത്. അതിൽ എന്റെ അച്ഛന്റെ പേര്, അമ്മയുടെ പേര്, എന്റെപേര്, ഭർത്താവിന്റെ പേര്, എന്റെ ജനനവർഷം, തീയതി, നക്ഷത്രം എല്ലാം ഒരു തെറ്റുമില്ലാതെ പറഞ്ഞു. കുട്ടികളെക്കുറിച്ചും പറയുകയുണ്ടായി.

      എന്നെ വളരെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ഞാൻ എവിടെ ആരുടെ മകളായി ജനിക്കണം എന്ന് നേരത്തെ എഴുതി വെച്ചിരിക്കുന്നു! എന്റെ ഭർത്താവ് ആരായിരിക്കും എന്നും എത്ര മക്കളുണ്ടെന്നും  അവർ എവിടെ ജോലി ചെയ്യുന്നു എന്നുമെല്ലാം ഇവർ എങ്ങനെ പറയും? അതായത് എന്റെ വിവാഹം ആരുമായി എന്ന് നടക്കണം എന്നുള്ളതിന്റെ ഒരു തീരുമാനം മുമ്പ് ഉണ്ടായിരുന്നു  എന്നല്ലേ ഇതിനർത്ഥം? ഞങ്ങൾക്കുണ്ടാകുന്ന കുട്ടികളെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും ജോലിയെ കുറിച്ചും എല്ലാം ഈ ഓലയിൽ എഴുതി വെച്ചിരിക്കുന്നു! തികച്ചും അത്ഭുതമായ ഒരു അനുഭവം തന്നെയായിരുന്നു. ( ഈ ജ്യോതിഷി യെ ഞങ്ങൾ ആദ്യം കാണുകയാണ് . ആരോടെങ്കിലും അന്വേഷിച്ചിട്ടാണ് പറയുന്നതെന്ന് പറഞ്ഞാൽ തീർത്തും തെറ്റാണ്)

  എന്തായാലും ഈ സംഭവത്തോടെ മുജ്ജന്മവും പുനർജനവും എല്ലാം സത്യമാണെന്ന എന്റെ വിശ്വാസം കൂടുതൽ ദൃഢമായി. ഈ ജന്മത്തിൽ നല്ല പ്രവർത്തികൾ ചെയ്യാൻ പുനർജന്മ വിശ്വാസം നമ്മളെ പ്രേരിപ്പിക്കും. തെറ്റ് ചെയ്യാൻ ഭയപ്പെടും. കർമ്മഫലം അനുഭവിക്കേണ്ടിവരും എന്ന ചിന്ത നമ്മളെ ജാഗരൂകരാക്കും.

 പറയുവാൻ ഇനിയും ഏറെയുണ്ട്പ.ക്ഷേ ഇനി അടുത്ത ബ്ലോഗിൽ.

ഏറെ സ്നേഹത്തോടെ.....


മീര നമ്പൂതിരി. 😊

Monday, January 1, 2024

അനുഭവം എന്ന വഴികാട്ടി

         പ്രിയപ്പെട്ടവരെ, പേന എടുത്തിട്ടും എഴുതിയിട്ടും വളരെ നാളുകളായി. എന്റെ ചിന്താഗതികളോട്  വായനക്കാർ യോജിക്കുമോ എന്ന ഭയവും പിന്നെ മടിയും ആയിരുന്നു അതിന് കാരണം. എന്നാൽ വളരെ ഏറെ സുഹൃത്തുക്കൾ എന്റെ നിശബ്ദതയെ പറ്റി അന്വേഷിച്ചു. എഴുതണമെന്ന് പ്രോത്സാഹിപ്പിച്ചു. എന്തായാലും ബ്ലോഗെഴുത്ത് 2024 തുടരണമെന്ന് മനസ്സിൽ ഉറപ്പിച്ചു. എഴുതുന്ന വാക്കുകൾ പലർക്കും ഇല്ലെങ്കിലും ഒരാൾക്കെങ്കിലും ആശ്വാസമായാൽ അതിൽപരം സംതൃപ്തി മറ്റെന്തുണ്ട് ? എന്തുകൊണ്ടാണ് താങ്കൾ ഇപ്പോൾ എഴുതാത്തത് എന്ന ചോദ്യം കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നും. എന്റെ എഴുത്തിന്  അവർ പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ.

       ഇന്ന് അനുഭവങ്ങളെ കുറിച്ച് പറയാനാണ് എനിക്ക് തോന്നുന്നത്. നമ്മുടെ അനുഭവങ്ങളാണ് എന്ത് സ്വീകരിക്കണം ഏതു തിരസ്കരിക്കണം എന്ന് നമ്മളോട് നിർദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ടറിയുന്നതും മനസ്സിലാക്കുന്നതും തീരുമാനമെടുക്കാൻ നമ്മളെ കൂടുതൽ സഹായിക്കും. മനസ്സിലെ സംശയങ്ങൾക്ക് പരിഹാരം നൽകാൻ വാക്കുകൾക്കും വായനയ്ക്കും സാധിക്കും. നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത പ്രശ്നങ്ങളിലൂടെ ആവും മറ്റൊരാൾ സഞ്ചരിക്കുന്നത്. എങ്കിലും പറഞ്ഞും പരസ്പരം പങ്കുവെച്ചും പുതിയൊരു തീരുമാനത്തിലെത്താൻ - അഥവാ പരിഹാരം കണ്ടെത്താൻ നമുക്ക് കഴിയും.

            അനുഭവം സമ്പത്താണെന്ന് പറയാമെങ്കിലും അത് ഒരു പരിമിതി കൂടിയാണ്. സ്വന്തം അനുഭവങ്ങൾക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് അറിയാൻ അധികം പേരും ശ്രമിക്കുകയില്ല എന്ന പരിമിതി, സ്വന്തം അനുഭവങ്ങളുടെ ഉള്ളിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു എന്ന പരിമിതി, സ്വന്തം അനുഭവങ്ങളിൽ മാത്രം കെട്ടിയിട്ട് പോകുന്നു എന്ന പരിമിതി. കണ്ടുമുട്ടിയ ആളുകളും കടന്നുപോയ സാഹചര്യങ്ങളും എല്ലാം നമ്മുടെ ചിന്താഗതികളെയും തീരുമാനങ്ങളെയും സ്വാധീനിക്കും. ഒരേ സ്ഥലത്ത് ഒരുപാട് കാലം ജോലിചെയ്ത് വ്യക്തിയുടെയും, പലസ്ഥലത്ത് പല കാലങ്ങളിൽ ജോലി ചെയ്ത വ്യക്തിയുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. ഇതിൽ അനുഭവസമ്പത്ത് കൂടുതൽ ഒരുപക്ഷേ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് വ്യക്തിക്ക് ആയിരിക്കും. ഒരാളുടെ അനുഭവത്തിൽ നിന്നായിരിക്കും അയാൾ പ്രതികരിക്കുക. ഇവിടെ ഒരാൾക്ക് ഉണ്ടായ അനുഭവം എന്നതുകൊണ്ട് വ്യക്തിപരമായി ഉണ്ടായ അനുഭവം എന്നർത്ഥമില്ല. അയാൾക്ക്,  വായിച്ചുണ്ടായ വിവരമോ സുഹൃത്തുക്കൾ മുഖേന പറഞ്ഞു കേട്ട വിവരമോ, മാധ്യമങ്ങളിലൂടെ അറിഞ്ഞതോ ആകാം. അത് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ഒരു അനുഭവമായി കണ്ട് മുൻകരുതൽ എടുക്കുവാൻ അയാളെ സഹായിക്കും. ഉദാഹരണമായി ഒരു നടന്ന സംഭവം പറയാം. ഒരു സ്ത്രീ ഒരു വീട്ടിലെത്തി എന്തെങ്കിലും ജോലി തരാമോ എന്ന് ചോദിച്ചു. ഭാര്യ പുറത്തു പോയിരുന്നതിനാൽ വീട്ടിൽ ഭർത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജോലിയൊന്നുമില്ലെന്ന് ഭർത്താവ് പറയുകയും ചെയ്തു. അപ്പോൾ, മുറ്റത്തെ പുല്ല്  പറിക്കാം, ഭക്ഷണത്തിനു മാത്രം എന്തെങ്കിലും തന്നാൽ മതി എന്നാസ്ത്രീ പറഞ്ഞു. അതൊരു നല്ല കാര്യമായി തോന്നിയ വീട്ടുടമസ്ഥൻ സമ്മതിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ആ സ്ത്രീ 5000 രൂപ ചോദിച്ചു. തന്നില്ലെങ്കിൽ ബഹളം കൂട്ടുമെന്നും അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വീട്ടുകാരൻ ആദ്യം എതിർത്ത് നോക്കിയെങ്കിലും ആ സ്ത്രീയുടെ ശക്തമായ നിലപാട് കണ്ടപ്പോൾ അപമാനഭയം മൂലം രൂപ കൊടുത്തു. ഈ സംഭവം ആ വ്യക്തിക്ക് മാത്രമല്ല ഈ വിവരം അറിയുന്ന ഓരോരുത്തർക്കും അനുഭവമാണ് എന്നത് തീർച്ചയാണ്. ഇത്തരത്തിൽ ഒരാൾ നമ്മുടെ വീട്ടിൽ വന്നാൽ നമ്മൾ അവരെ ഒഴിവാക്കുവാൻ ഈ കേട്ടറിഞ്ഞ അനുഭവം ധാരാളം മതി.

      ഇനി അനുഭവം ചിലപ്പോൾ പരിമിതിയായി മാറും എന്ന് മുൻപ് പറഞ്ഞല്ലോ. പലർക്കും ഇത് അംഗീകരിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. അതിനും ഉദാഹരണമായി ഒരു കഥ പറയാം. ഒരു ടാക്സി കാറിൽ ഒരാൾ സഞ്ചരിക്കുകയായിരുന്നു. എന്തോ ചോദിക്കാനായി യാത്രക്കാരൻ,ടാക്സി ഡ്രൈവറെ തൊട്ടു വിളിച്ചു. ഭയന്നുപോയ ഡ്രൈവറുടെ ബാലൻസ് തെറ്റുകയും വണ്ടി ഒരു പോസ്റ്റിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. ഞെട്ടിപ്പോയ യാത്രക്കാരൻ" ക്ഷമിക്കണം. താങ്കളെ തൊട്ടാൽ ഇത്ര ഭയക്കുമെന്ന് അറിഞ്ഞില്ല " എന്ന്  പറഞ്ഞു ക്ഷമ ചോദിച്ചു. അതിനു മറുപടിയായി ഡ്രൈവർ " താങ്കളുടെ തെറ്റല്ല. ഇന്നലെ വരെ ഞാൻ ഓടിച്ചത് മൃതദേഹം കൊണ്ടുപോകുന്ന വാഹനമായിരുന്നു" എന്ന് പറഞ്ഞു. ഇവിടെ ഡ്രൈവറുടെ അനുഭവം ഒരു പരിമിതിയായി, അല്ലേ.അദ്ദേഹം അപ്പോഴും മനസ്സിൽ മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കാൻ ടാക്സി ഓടിക്കുമ്പോഴും അദ്ദേഹത്തിന് സാധിച്ചില്ല.

      താൻ പഠിച്ച പാഠങ്ങളും,കണ്ട കാഴ്ചകളും, കേട്ട കഥകളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇവയിലെ നന്മകളും തിന്മകളും ജീവിതത്തിൽ നടപ്പാക്കുന്നവരുണ്ട്. പക്ഷേ അത് മൂലം ഉണ്ടാകുന്ന ഫലവും വ്യത്യസ്തമായിരിക്കും. തിന്മയുടെ ഫലം തീർച്ചയായും ദുരനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. നമ്മൾ നമ്മുടെ വഴികളെ വികൃതമാക്കാതെ വിശുദ്ധമാക്കി സൂക്ഷിക്കണം. അത് നമ്മൾക്കും ഒപ്പമുള്ളവർക്കും നന്മ മാത്രമേ ഉണ്ടാക്കു. ഒരാൾ എന്താണെന്ന് അയാൾ കടന്നുവന്ന വഴികൾ പറയും. സ്വന്തം ആവശ്യത്തിനും സൗകര്യത്തിനുമായി നന്മയെ ബലി കഴിക്കരുത്. നശിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ നശിപ്പിക്കാൻ പാടില്ലാത്ത സ്വഭാവ വിശേഷങ്ങളെ ഒരിക്കലും കൈവെടിയരുത്. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ അനുഭവങ്ങൾക്ക്,  വെളിച്ചമായി മാറാൻ കഴിയണം. അനുഭവം കൊണ്ട് പഠിക്കാൻ കഴിയാത്തവർ സ്വന്തം ജീവിതവും ഒപ്പമുള്ളവരുടെ ജീവിതവും നരക തുല്യമാക്കി തീർക്കും. ശരിയായ രീതിയിൽ  മനസ്സിലാക്കിയാൽ അനുഭവം സമ്പത്ത് തന്നെയാണ്. നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കാൻ അതിനു സാധിക്കും എന്നുറച്ച് വിശ്വസിച്ചുകൊണ്ട്

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.