Tuesday, October 24, 2023

ജാതി-മത ശത്രുത എന്തിന്?

          എങ്ങും എവിടെയും ഇപ്പോൾ ജാതി മതങ്ങളുടെ പേരിലുള്ള പകയും കൊലയും ആണ്. ഇന്ത്യയിൽ നടക്കുന്നത് കാണുമ്പോൾ നമ്മൾ കരുതും ഇത് ഇവിടെ മാത്രമേ ഉള്ളൂ എന്ന്.പലരും പറയുന്നതും പ്രാധാന്യം നൽകുന്നതും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നടക്കുന്ന ജാതി-മത സ്പർദ്ധയ്ക്കാണ്‌. എന്നാൽ ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും ഇത്തരം ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിൽപട വെട്ടുന്നത് കാണാം. സത്യത്തിൽ കേരളത്തിലൊന്നും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ഇത്തരത്തിലുള്ള ഒരു അനീതിയും  നടക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി രാധാകൃഷ്ണന്റെ കയ്യിൽ വിളക്ക് കൊടുത്തില്ല എന്നു പറഞ്ഞു ജാതിയുടെ പേരിൽ പഴിക്കുന്നത് കേട്ടു. ശാന്തിക്കാർ പൂജാവേളയിൽ മറ്റാരെയും- അത് സ്വന്തം സഹോദരങ്ങളായാലും മക്കളായാലും- തൊടാറില്ല എന്നതാണ് സത്യം.  ക്ഷേത്ര പൂജയ്ക്ക് മാത്രമല്ല, മരിച്ചുപോയവർക്കായുള്ള ആണ്ടു ബലി വീട്ടിൽ നടത്തുമ്പോഴും ബലിയിടുന്നവർ, ഇടാത്തവരെ തൊടാതെ മാറി നിൽക്കും. ബലിക്ക്  ഒരുക്കാൻ പോലും കുളിച്ച് ഈറനുടുത്തോ,അലക്കിയത്ഉടുത്തോ മാത്രമേ പാടുള്ളൂ. ഇന്നും ഇത് ആചരിച്ചു വരുന്നുണ്ട്. ആ സമയത്ത് മറ്റാരു വന്നാലും കൂട്ടിത്തൊടാൻ അനുവദിക്കില്ല. മുമ്പ് പറഞ്ഞതുപോലെ ആ കുടുംബത്തിലെ അംഗങ്ങളായാൽ പോലും അതിന് സമ്മതിക്കില്ല. ഓരോ ചടങ്ങിനും അതിന്റെതായ  ആചാര രീതികൾ ഉണ്ട്. അതാണ് പിന്തുടർന്ന് വരുന്നതും.

      ഞാൻ പറഞ്ഞു വന്നത് മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള വൈരാഗ്യമാണ്. ഇന്ന് ഇസ്രായേലിലും പാലസ്തീനിലും നടക്കുന്നതും മറ്റൊന്നുമല്ല. ഒരു മത വിഭാഗക്കാർക്കും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കുവാനുള്ള അധികാരം ഇല്ല. ഓരോ ജനതയ്ക്കും അവരുടേതായ വിശ്വാസമുണ്ട്. ജീവിത രീതികൾ ഉണ്ട്. അവർ അങ്ങനെ ജീവിക്കട്ടെ. പക്ഷേ സ്വന്തം വിശ്വാസം മാത്രമാണ് ശരി എന്നും അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം കൊന്നു കൊലവിളിച്ചിട്ട് ആർക്ക് എന്ത് നേടാൻ? മനുഷ്യന് സമാധാനമായി ജീവിച്ചുകൂടെ? എന്തിനാണ് മറ്റുള്ളവരും കൂടി എന്റെ വിശ്വാസത്തോട് ചേർന്ന് പോകണമെന്ന് ശഠിക്കുന്നത്?

      സത്യത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് ഇത്തരത്തിലുള്ള ഒരു ചിന്തയുമില്ല. അവൻ സമാധാനത്തോടെയും സന്തോഷത്തോടെയും അന്യമതസ്ഥരെ അംഗീകരിച്ചു ജീവിക്കാൻ തയ്യാറാണ്. എന്നാൽ ഇവരുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാരാണ്. ഭരണം മുന്നിൽ കണ്ടാണ് ഇവർ ഇത്തരം കുത്സിത പ്രവർത്തികൾ നടത്തുന്നത്. ഇത്തരം രാഷ്ട്രീയക്കാരെ സഹായിക്കാൻ തീവ്രവാദ നിലപാടുള്ള ഒരു ചെറിയ മത ഗ്രൂപ്പുകൾ ഉണ്ട്. അവരാണ് ആ മതത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാൻ ശ്രമിക്കുന്നത്. ചെറിയ ഗ്രൂപ്പ് ആണെങ്കിലും അവരെ എതിർക്കുന്നവരെ, അത് സ്വന്തം മതക്കാരായാൽ പോലും , ഇല്ലായ്മ ചെയ്യാൻ അവർക്കും മടിയില്ല.അങ്ങനെ  അതേ മതത്തിൽ പെട്ടവർ പോലും ഭയം മൂലം ഈ ഗ്രൂപ്പിനെ എതിർക്കില്ല. അത് തന്നെയാണ് അവർക്ക് വേണ്ടതും. അപ്പോൾ പുറത്തുനിന്ന് നോക്കുന്നവർക്ക് അവരെല്ലാം ഒന്നാണെന്ന് തോന്നും, സത്യത്തിൽ അങ്ങനെയല്ല എങ്കിലും.

        ഇനി എനിക്ക് ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന ഒരു സംഭവം പറയാം. എന്റെ ഭർത്താവിന്റെ നാട്ടിൽ ഞങ്ങൾക്ക് ഒരു കുടുംബ ക്ഷേത്രമുണ്ട്. ചെങ്ങന്നൂരിനടുത്തുള്ള വെണ്മണി ഗ്രാമത്തിലെ ശാർങ്ങക്കാവ് ക്ഷേത്രമാണ് അത്. വഴിപാടിന് എഴുതുവാൻ സഹായിക്കുവാൻ ഞാനും പോവാറുണ്ട്. ഒരിക്കൽ അവിടെ മൂന്ന് മുസ്ലിം സ്ത്രീകളും കുട്ടികളും വന്നു. അർച്ചനക്കും പുഷ്പാഞ്ജലി ക്കും ഒക്കെ അവർ വഴിപാട് എഴുതി. അവരെ കണ്ട് എനിക്ക് അത്ഭുതം തോന്നി. അത് അവരോട് ചോദിക്കുകയും ചെയ്തു. പക്ഷേ അവർ വളരെ സാധാരണയായി ചെയ്യുന്ന ഒരു പ്രവർത്തി എന്ന നിലയിലാണ് പറഞ്ഞത്. കഴിഞ്ഞപ്രാവശ്യം എത്തിയത് മുസ്ലിം പുരുഷന്മാർ ആയിരുന്നു. ക്രിസ്ത്യാനികൾ മുമ്പും വരുന്നത് ഞാൻ കണ്ടിട്ടുള്ളത് കൊണ്ട്  അത്ഭുതം തോന്നാറില്ല. ഇതേക്കുറിച്ച് പല ബന്ധുക്കളോടും അന്വേഷിച്ചപ്പോൾ, അവർ പൂജ കഴിക്കുന്ന പല ക്ഷേത്രങ്ങളിലും ക്രിസ്ത്യാനികളും മുസ്ലീങ്ങളും എല്ലാം വരാറുണ്ട് എന്ന് പറയുകയുണ്ടായി. ഈ മുസ്ലിം- ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഹിന്ദുക്കളോടോ ഹിന്ദുദൈവങ്ങളോടോ ഒരു വിരോധവുമില്ല എന്ന് മാത്രമല്ല, അവർ അത് അംഗീകരിക്കുകയും ചെയ്യുന്നു. ഹിന്ദുക്കൾ എത്രയോ പേർ ക്രിസ്ത്യൻ ദേവാലയങ്ങളിലും മുസ്ലിം ആരാധലയങ്ങളിലും പോകുന്നുണ്ട്. ആർക്കും ഒരു വിഷമവുമില്ല. ആരും അവരെ കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നുമില്ല . അത് അവരുടെ വിശ്വാസമാണ്. അവർക്ക് അതിൽ സന്തോഷവും സംതൃപ്തിയും ഉണ്ട് താനും. മണർകാട് പള്ളിയിലും , വേളാങ്കണ്ണിയിലും തിരുവനന്തപുരത്തെ ബീമാപള്ളിയിലും പോകുന്ന എത്രയോ ഹിന്ദുക്കൾ ഉണ്ട്. മുസ്ലിം വിശ്വാസികളും അവിടെ പോകുന്നുണ്ടാവും. ഒരുപക്ഷേ മതമേലധികാരിയെ ഭയന്ന് ആരോടും പറയാതെ രഹസ്യമായിട്ടാവും അവർ പോകുന്നത്. സത്യത്തിൽ ഈശ്വരൻ ഒന്നല്ലേയുള്ളൂ. ഏതു രൂപത്തിൽ ഏത് പേരിൽ പ്രാർത്ഥിച്ചാലും ഫലം ഒന്നു തന്നെ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ക്രിസ്ത്യാനിയാണ്‌. ഞാനും അവളും ഒരേ പത്രത്തിലായിരുന്നു പ്രവർത്തിച്ചതും. അങ്ങിനെ തുടങ്ങിയ ബന്ധമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിൽ പലയിടത്തും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പോകുമ്പോൾ സന്ദർശിക്കാൻ പറ്റുന്ന എല്ലാ ആരാധനാലയങ്ങളും കാണും. അവിടെ ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ എന്നൊന്നും ഞങ്ങൾ നോക്കാറില്ല. അവിടെ ചെല്ലുമ്പോൾ പ്രാർത്ഥിക്കാൻ തോന്നിയാൽ പ്രാർത്ഥിക്കും,ഇല്ലെങ്കിൽ ഇല്ല അത്രതന്നെ. ഞങ്ങളുടെ ഈ  സൗഹൃദത്തിൽ അവൾ ഹിന്ദു ആവുകയോ ഞാൻ  ക്രിസ്ത്യൻ   വിശ്വാസി ആവുകയോ ചെയ്തില്ല. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ആരാധനാരീതികളിൽ വിശ്വസിക്കുന്നു. ഒരാൾ മറ്റൊരാളുടെ വിശ്വാസത്തെ അപമാനിക്കാനോ, തന്റെ വിശ്വാസത്തിലേക്ക് കൂട്ടാനോ ശ്രമിച്ചില്ല.  ഇന്ന് ഞങ്ങളുടെ മതവിശ്വാസം പോലെ തന്നെ ഞങ്ങളുടെ ആഴമേറിയ സൗഹൃദത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇതൊരു മഹാകാര്യമായിട്ട് പറയുകയല്ല. നമ്മുടെ ഇടയിൽ കാണുന്ന വ്യക്തി ബന്ധങ്ങളെക്കുറിച്ച് പറയുകയായിരുന്നു.

   നമ്മുടെ മതമേലാധികാരികളോടും ഭരണം ലക്ഷ്യം വെച്ച്  മതത്തിന്റെ പേരിൽ  ഭിന്നിപ്പ് ഉണ്ടാക്കുന്ന   രാഷ്ട്രീയക്കാരോടും എതിർത്തു നിൽക്കാൻ സാധാരണക്കാർക്ക് കഴിയണം. അന്യമത    വിശ്വാസിയാണെങ്കിലും അവരെ എന്റെ സുഹൃത്തായാണ് ഞാൻ കാണുന്നത് ശത്രുവായല്ല എന്ന് പറയാൻ നമുക്ക് സാധിക്കണം. സ്വന്തം ജാതിയും മതവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നമ്മൾ തയ്യാറാകരുത്. മതങ്ങൾ തമ്മിലും അതിൽ വിശ്വസിക്കുന്ന മനുഷ്യർ തമ്മിലും കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്ന സത്യം നമ്മൾ മറക്കരുത്. ഉദാഹരണമായി ക്രിസ്തുമത വിശ്വാസികൾ വിദേശങ്ങളിൽ നടത്തുന്ന ക്രിസ്തീയ ചടങ്ങുകളും അവരുടെ കേരളത്തിലെ ചടങ്ങുകളും തമ്മിൽ വ്യത്യാസമുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ ഒരു ചെറിയ പകർച്ച, കേരളത്തിലെ ക്രിസ്തീയ പള്ളികളിലും ചടങ്ങുകളിലും കാണാം. കൊടിമരം നിലവിളക്ക് തുടങ്ങിയവ ഒന്നും എന്തായാലും യേശുക്രിസ്തു തുടങ്ങിവച്ചതല്ല എന്ന് നമുക്കറിയാം. വിദേശികളുടെ വിദേശത്തുള്ള പ്രാർത്ഥനാലയങ്ങളിൽ( അവയുടെ മേൽധ്യക്ഷന്മാർ മലയാളികൾ അല്ലെങ്കിൽ) ഇവയൊന്നും കാണുകയില്ല. അതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യ അക്ഷരം കുറിക്കുന്ന എഴുത്തിനിരുത്തുന്ന ചടങ്ങ് ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഒന്നാ യിരുന്നു. പക്ഷേ ഇന്ന് ആ വിശ്വാസം കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഉണ്ടായി. വളരെ നല്ലത്. ഞാൻ ഒരിക്കലും അവരെ കുറ്റം പറയുന്നില്ല. ആരെയും ദ്രോഹിക്കാത്ത നന്മയ്ക്കായുള്ള ചില വിശ്വാസങ്ങൾ ആർക്കും പിന്തുടരാവുന്നതേയുള്ളൂ. അത് മതമൈത്രിക്കും   കാരണമാകും. നമ്മൾ താമസിക്കുന്ന നാട്ടിലെ നിലനിൽക്കുന്ന ആചാരങ്ങളാണ് എല്ലാവരും പിന്തുടരുന്നത്. അതാണ് വേണ്ടതും. അത് ആ നാട്ടിന് യോജിച്ച രീതിയുമാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നവർ, വിദേശത്തുള്ള അതേ മതവിശ്വാസികൾ ചെയ്യുന്ന പ്രവർത്തികളെ അവർ ജീവിക്കുന്ന മറ്റൊരു ചുറ്റുപാടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്. ഇവിടുത്തെ കാലാവസ്ഥയ്ക്കും സാമൂഹ്യ അന്തരീക്ഷത്തിനും യോജിച്ച ചടങ്ങുകൾ പിന്തുടരണം. നമ്മൾ ജീവിക്കുന്ന സ്ഥലവുമായി ചേർന്നു പോകുന്ന ചടങ്ങുകൾ ആയിരിക്കണം. കേരളത്തിലെ ഓണാഘോഷത്തിന് കടുവ കളിയും കരിയിലച്ചാത്തനും ഒക്കെ ഉണ്ടെങ്കിലും( ഇന്ന് കേരളത്തിൽപോലും അവ അന്യമായി) അത് വിദേശത്തെ ഓണാഘോഷത്തിന് വേണമെന്ന് പറയുന്നത് അരോചകമാണ്. അവിടെ ചെല്ലുമ്പോൾ ആ ശൈലിയിൽ ആഘോഷിക്കുക. അങ്ങനെയായാൽ മാത്രമേ അവരുടെ സംസ്കാരമായും ആ ജനതയുമായും നമ്മൾ യോജിച്ചു പോവുകയുള്ളൂ.  സ്വന്തം ആചാരാനുഷ്ഠാനങ്ങൾ നടപ്പാക്കുമ്പോൾ ആ സമൂഹത്തിലുള്ളവരെ കൂടി പരിഗണിക്കണം. അങ്ങനെ പരസ്പരം പരിഗണിക്കാനും അംഗീകരിക്കാനും ബഹുമാനിക്കാനും സാധിച്ചാൽ പിന്നെ എന്ത് ജാതി? എന്ത് മതം?

ഓം.ലോകാ :സമസ്താ:സുഖിനോ ഭവന്തു

   ഏറെ സ്നേഹത്തോടെ....

Sunday, August 20, 2023

കളിയല്ല കല്യാണം


          കഴിഞ്ഞദിവസം പത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം വിവാഹമോചനം. എന്തായിത്? "കളിയല്ല കല്യാണം" എന്നത് "കല്യാണം വെറും കളി" മാത്രമായി മാറുകയാണോ? പക്ഷേ തുടർന്ന് വായിച്ചപ്പോഴാണ് ഈ വിശദ വിവരം അറിയാൻ കഴിഞ്ഞത്. വിവാഹശേഷം നടന്ന കേക്ക് മുറിക്കൽ ചടങ്ങായിരുന്നു പ്രശ്നത്തിന്റെ കേന്ദ്രബിന്ദു. കേക്ക് തനിക്ക് സ്കിൻ  അലർജി ഉണ്ടാക്കും എന്നും അതിനാൽ അത് തന്റെ മുഖത്ത് തേക്കരുതെന്നും പെൺകുട്ടി വരനോട് പറഞ്ഞിരുന്നു. വരൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ചടങ്ങിന് ചെന്നപ്പോൾ അവളുടെ മുഖത്ത് കേക്ക് തേക്കാതെ, മുഖം തന്നെ കേക്കിലേക്ക് ആഴ്ത്തുകയാണ് വരൻ ചെയ്തത്. ഇത് അവൾക്കൊരു വലിയ ഷോക്കായി എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകും. എന്നാൽ ഇതിന്റെ പേരിൽ വിവാഹമോചനം വേണോ എന്ന് കുടുംബക്കാർ ചോദിച്ചപ്പോൾ,തന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്ത,ആവശ്യം അംഗീകരിക്കാത്ത, ചെയ്യില്ല എന്ന് സമ്മതിച്ച കാര്യം ചെയ്യുന്ന ഒരാളെ എങ്ങനെ വിശ്വസിക്കും എന്നാണവൾ തിരിച്ചു ചോദിച്ചത്. ശരിയല്ലേ? ഇന്നത് നിസ്സാരമാക്കി എടുത്താൽ നാളെ ഇതിലും വലിയ കാര്യങ്ങൾ ചെയ്യില്ല എന്നതിന് ഒരുറപ്പുമില്ലല്ലോ? അങ്ങനെയുള്ള ഒരാൾ തനിക്ക് ഭർത്താവായി വേണ്ട എന്ന ശക്തമായ തീരുമാനം എടുത്തതിൽ അവളെ കുറ്റപ്പെടുത്തുവാനും കഴിയില്ല.  പങ്കാളി-  അത് ആണാകട്ടെ പെണ്ണാകട്ടെ - തങ്ങളുടെ സന്തോഷത്തിലും വേദനയിലും ഒപ്പം ഉണ്ടാകണം എന്നാണല്ലോ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവളെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ തന്നെ എല്ലാ വിശ്വാസവും തകർന്നടിയുകയായിരുന്നു.

      ഇതുപോലെ മറ്റൊരു വിവാഹദിന പ്രശ്നവും കണ്ടു. വരന്റെ വീട്ടിലേക്ക് വലതു കാൽ വച്ചു കയറിയ വധുവിന്റെയും വരന്റെയും തല കൂട്ടിയിടിക്കൽ ആയിരുന്നു അവിടെ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അവിടെ അത്തരം ഒരു ചടങ്ങുണ്ടെന്നും അവൾ അതിനെ എതിരാണെന്നും വരന് അറിയാമായിരുന്നു. ഈ കാര്യത്തിൽ  വരൻ വധുവിനൊപ്പം നിൽക്കുകയും ചെയ്തു. പക്ഷേ ഒരു ബന്ധുവാണ് വില്ലന്റെ രൂപത്തിൽ ഇവിടെ  എത്തിയത്. തികച്ചും അപ്രതീക്ഷിതമായി അയാൾ ഇരുവരുടെയും തലകൾ കൂട്ടിയിടിപ്പിച്ചപ്പോൾ വേദനയിലും പരിഭ്രമത്തിലും ആദ്യം പെൺകുട്ടി പകച്ചു പോയി. എങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അവൾ മുന്നിട്ടിറങ്ങി. ഇവിടെ വരൻ അവളോടൊപ്പം നിന്നു. ആ വിശ്വാസം ആ ദാമ്പത്യം തകരാതെ കാത്തു.

     എന്തുകൊണ്ടാണ് ഇത്തരം അനാചാരങ്ങൾ( ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഞാൻ ഇതിനെ അനാചാരം എന്ന് വിളിക്കുന്നു എന്ന് മാത്രം ) തുടരുന്നത്? ഇതൊന്നും ഒരു മതവും ഒരു ജാതിയും പിന്തുടരുന്ന ആചാരങ്ങൾ അല്ല. (വെറുതെ ഒരു രസത്തിനായി ആരോ സൃഷ്ടിച്ച ഒരു രീതി, അത്രയേ ഉള്ളൂ) എന്തുകൊണ്ടാണ് തന്റെ പങ്കാളിക്ക് നൽകേണ്ട സംരക്ഷണവും സ്ഥാനവും നൽകാൻ വിമുഖത കാണിക്കുന്നത്? നിർദോഷമായ അവളുടെ ആവശ്യം  അംഗീകരിക്കാൻ വിവാഹ ദിവസം പോലും   അവർക്കു സാധിക്കാത്തത്? കേക്ക് ഒരു ഭക്ഷണസാധനമാണ്. എന്തിനാണ് ഇത് വാങ്ങി മുഖത്തും മറ്റും തേച്ച് മറ്റുള്ളവരുടെ മുമ്പിൽ ദമ്പതികൾ പരിഹാസ്യരാകുന്നത്? ഇനി കേക്ക് മുറിക്കണം എന്നൊരു ചടങ്ങ് ഉണ്ടെങ്കിൽ തന്നെ അത് മുറിച്ച് ഇരുവരും ഓരോ കഷ്ണം പരസ്പരം നൽകുക. ഒപ്പം കൂടെയുള്ളവർക്കും നൽകട്ടെ.നല്ല കാര്യം. അല്ലാതെ ഭക്ഷണ വസ്തു എടുത്ത് മുഖത്ത് തേക്കുന്ന രീതിയോട് -പ്രത്യേകിച്ചും വിവാഹം എന്ന പവിത്രമായ ചടങ്ങിൽ- ആർക്കും യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ പിന്നെ അല്പം കിച്ചടിയോ, അവിയല്ലോ, സാമ്പാറോ , അച്ചാറോ, പായസമോ ഒക്കെ എടുത്ത് മുഖത്ത് തേച്ചു കൂടെ , എന്തിന്കേക്ക് മാത്രമാക്കുന്നു? 

            വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന മാറ്റം നമ്മളെ അത്ഭുതപ്പെടുത്തും. ഇതിന് ന്യൂജൻ എന്നാണ് ഇവർ പറയുന്ന പേര്.അടുത്തിടെ ഇത്തരത്തിലുള്ള ഒരു ന്യൂജൻ വിവാഹ വീഡിയോ കണ്ടിരുന്നു. ഒരു അടിപൊളി പാട്ടിന്റെ ട്യൂണിനൊപ്പം ഡാൻസ് കളിച്ചു കൊണ്ടാണ് വധു പന്തലിലേക്ക് വരുന്നത്- സോറി, സ്റ്റേജിലേക്ക് വരുന്നത്. വരൻ ഇത് കണ്ട് കണ്ണും തള്ളി നിൽപ്പാണ്. വധുവിനൊപ്പം ഡാൻസ് കളിക്കാൻ വേറെയും പെൺകുട്ടികളുണ്ട്. ആകെ അടിപൊളി. ഇത് കണ്ട് കയ്യടിക്കാൻ ഒരു കൂട്ടരും. ഒരു വിവാഹചടങ്ങ് ആയിരുന്നില്ല എങ്കിൽ ഞാനും ഒപ്പം ആസ്വദിച്ചേനെ. വിവാഹം എന്നത് ഒരു സിനിമാറ്റിക് ഡാൻസ് അല്ല. അങ്ങനെ തീരുന്നതുമല്ല. വളരെ പാവനമായ ഗൗരവമാർന്ന ഒരു ചടങ്ങാണിത്. ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തികളാണ് നമ്മൾ ഇവിടെ പ്രതീക്ഷിക്കുന്നത്. ഇതിനു കൂട്ടു നിൽക്കാൻ എങ്ങനെയാണ് അവരുടെ മാതാപിതാക്കൾക്ക് സാധിക്കുന്നത്? "ഇത് ഞങ്ങളുടെ വിവാഹമാണ്.ഞങ്ങൾ ആസ്വദിക്കേണ്ടതാണ് " എന്നാവും അവർ പറയുക. പിന്നെ എന്തിനാണ് പട്ടുസാരിയും പൂവും ആഭരണങ്ങളും അണിയുന്നത്? മുൻ തലമുറയെ പോലെ   ഒരുങ്ങുന്നത്? ഒരു ജീൻസും ടോപ്പും ഇട്ടാൽ പോരെ? എന്തിനാണ് വിവാഹം പോലെയുള്ള ചടങ്ങ്? രജിസ്റ്റർ വിവാഹം ചെയ്താൽ മതിയല്ലോ? വേണമെങ്കിൽ പിന്നീട് ബന്ധുക്കൾക്കായി ഒരു റിസപ്ഷനും നടത്താം. ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസം   ഇല്ലാത്തവർക്ക്  അതാവും യോജിക്കുക. വേഷഭൂഷാദികളിൽ ആചാരവും പ്രവർത്തിയിൽ അത്യാധുനികതയും പുലർത്തുന്ന ഇത്തരം കോപ്രായങ്ങളോട് യോജിക്കാൻ.എന്തോ എനിക്ക് പറ്റുന്നില്ല. ഇനി കുട്ടികൾക്ക് അവരുടേതായ രീതിയിലുള്ള വിവാഹ ആഘോഷങ്ങൾ വേണമെങ്കിൽ    അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള  റിസപ്ഷൻ പ്രത്യേകമായി നടത്തി കൊടുത്തേക്കണം. അതിൽ അവർ സുഹൃത്തുക്കളുമായി ആടിപ്പാടി തിമിർക്കട്ടെ. ആർക്കും ഒരു വിരോധവുമില്ല. പക്ഷേ വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തികളെ ഒട്ടും അംഗീകരിക്കാൻ കഴിയില്ല.

          നമ്മുടെ കുട്ടികൾ ഇങ്ങനെയെല്ലാം ചെയ്യുന്നതിന് കാരണം വിവാഹത്തിന്റെ പ്രാധാന്യത്തെ പറ്റി അവർ മനസ്സിലാക്കാത്തത് തന്നെയാണ്. അവർ അറിയാൻ ശ്രമിച്ചിട്ടില്ല മുതിർന്നവർ അത് മനസ്സിലാക്കി കൊടുക്കാനും. ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹത്തിലൂടെ സൃഷ്ടിക്കുന്നത്. ചിലർക്ക് ചില കാരണങ്ങളാൽ അത് തുടരാൻ കഴിയാതെ ബന്ധം അവസാനിപ്പിക്കേണ്ടി വന്നേക്കാം. പക്ഷേ ബന്ധം അടുത്തുതന്നെ പിരിയും എന്ന് തോന്നലോടെ വിവാഹം കഴിക്കുന്നവർ ഉണ്ടോ? ഇന്നത്തെ തലമുറയോട് ചോദിച്ചാൽ ഉണ്ട് എന്നായിരിക്കും ഉത്തരം. മറ്റൊരാളുടെ അടിമയായി അവർ പറയുന്നത് കേട്ട് ജീവിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നാവും മിക്ക പെൺകുട്ടികളും പറയുക. എപ്പോഴാണോ ഞങ്ങളെ ഭരിക്കാൻ തുടങ്ങുന്നത്അപ്പോൾ കളഞ്ഞിട്ട് പോരും മട്ടിലാണ് അവരുടെചിന്താഗതി. പരസ്പരം സ്നേഹിച്ചും സഹിച്ചും വിട്ടുവീഴ്ച ചെയ്തും അംഗീകരിച്ചും കൊണ്ടുപോകേണ്ട ഒന്നാണ് വിവാഹം. വിവാഹത്തിൽ മാത്രമല്ല, എല്ലാ ബന്ധത്തിലും ഇത് ബാധകമാണ്. എന്റെ ഇഷ്ടപ്രകാരംമാത്രം ജീവിക്കുന്ന ഒരാളെ എനിക്ക് കിട്ടില്ല. ഒരാൾ മാത്രം ജീവിക്കുന്നതിന് നമുക്ക് കുടുംബം എന്ന് പറയാൻ കഴിയില്ല. കുടുംബത്തെക്കുറിച്ച് അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്  കുട്ടികൾ തിരിച്ചറിയണം. അത് മുതിർന്നവരുടെ കടമയാണ് കർത്തവ്യമാണ്. അതിനാണ് ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കുട്ടികളെയും മുതിർന്നവരെയും കുടുംബ പ്രാധാന്യത്തെ കുറിച്ച്  ബോധവൽക്കരിക്കാൻ പ്രഭാഷണങ്ങൾ നടത്തുന്നത് വലിയൊരു അളവിൽ സഹായകമാകും. നമ്മൾ പല ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും പോകാറുണ്ട്. അവിടെയെല്ലാം ഇത്തരത്തിലുള്ള ഒരു പ്രഭാഷണം നടത്താൻ അവസരം നൽകിയാൽ ആളുകൾക്ക് അത് പ്രയോജനകരമാകും എന്നത് സംശയമില്ല. വിവാഹം, ചോറൂണ്, പിറന്നാൾ തുടങ്ങി എന്തൊരു ആഘോഷമായാലും ഇതിനായി ഒരു അരമണിക്കൂർ നീക്കിവെക്കണം. കുട്ടികളും മുതിർന്നവരും അടക്കം എല്ലാവർക്കും ഇത് കേൾക്കാനും ചിന്തിക്കാനും ഉള്ള അവസരം ഒരുക്കണം. ഇതിൽ ജാതിമത ചിന്തകൾ ഒരിക്കലും ഉൾപ്പെടുത്തരുത്. മറ്റു ജാതിക്കാരെയും മതക്കാരെയും ആക്ഷേപിക്കാതെ, മനുഷ്യത്വത്തിന്റെ  അടിസ്ഥാനത്തിൽ ആയിരിക്കണം ഈ പ്രഭാഷണം നടത്തേണ്ടത്. എല്ലാം മനുഷ്യർക്കും സ്വീകരിക്കാവുന്ന ഒരു മാർഗ്ഗം. കുട്ടികളോടുള്ള മുതിർന്നവരുടെ സമീപനം, മുതിർന്നവരോട് കുട്ടികൾ ഇങ്ങനെ പെരുമാറണം, പരസ്പരം ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം, വിവാഹ ബന്ധത്തിന്റെ പവിത്രത, തുടങ്ങി സന്തോഷകരമായ ജീവിതത്തിന് സ്വയം തുടക്കം കുറിക്കാൻ തോന്നുന്ന തരത്തിൽ യുവതലമുറയെ കൊണ്ടുപോകാൻ പ്രഭാഷകന്കഴിയണം. ഇത്തരം പ്രഭാഷണങ്ങൾ കുറേ കേട്ട് കഴിയുമ്പോൾ തന്നെ കേൾക്കുന്നവരുടെ മനസ്സിലും മാറ്റങ്ങൾ ഉണ്ടാവും. ശരിയും തെറ്റും തിരിച്ചറിയും. ചെയ്യേണ്ട കടമകൾ എന്തെന്ന് മനസ്സിലാവും. സംതൃപ്തമായ ജീവിതത്തിന്റെ പാതയാണ് ഇതിലൂടെ അവരുടെ മുമ്പിൽ തുറന്നിടുന്നത്.

        ഇത്തരം പ്രഭാഷണങ്ങൾക്ക് ജാതിയുടെയും മതത്തിന്റെയും നിറം കൊടുക്കരുത്. നല്ല ചിന്തകൾക്കും നല്ല പ്രവർത്തികൾക്കും ഒരു ജാതിയും ഒരു മതവും ഒരിക്കലും എതിരാവില്ല. മറ്റു മതസ്ഥരെ ആക്ഷേപിക്കാതെ, അംഗീകരിച്ചുകൊണ്ട് ജീവിക്കാൻ വരും തലമുറയെ പഠിപ്പിക്കാൻ ഈ അറിവിന് കഴിയും. കഴിയണം. ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസത്തിന് അനുസൃതമായി പ്രാർത്ഥനയും ചടങ്ങുകളും നടത്തുവാൻ കഴിയണം. മറ്റൊരു വിശ്വാസത്തിന് എതിരാവരുത്.                     ഇത്തരം പ്രഭാഷണങ്ങളിൽ ജാതിമതത്തിന് അതീതമായി ആളുകൾ പങ്കെടുക്കണം. ആരെയും ഇല്ലാതാക്കാൻ അല്ല ഒന്ന് ചേർന്ന് ഒരുമിച്ചു പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. മറ്റുള്ളവരെ ദ്രോഹിക്കാനും ആക്രമിക്കാനും അല്ല സ്നേഹിക്കുവാനും സഹായിക്കുവാനും ആണ് പഠിപ്പിക്കേണ്ടത്. - ഇത് കുടുംബത്തിനുള്ളിലായാലും പുറത്തായാലും. 10 പേർ മാത്രമുള്ള കുടുംബ ചടങ്ങിൽ പോലും ഇത്തരം പ്രഭാഷണങ്ങൾ നടത്താവുന്നതേയുള്ളൂ. ഏതു മതത്തിൽപ്പെട്ട വിദഗ്ധരേയും പ്രഭാഷണം നടത്തുവാനായി ക്ഷണിക്കാം. കുട്ടിക്കാലത്ത് തന്നെ നല്ല ജീവിതം എങ്ങനെ നയിക്കണം എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ പിന്നെ മാതാപിതാക്കളെ തള്ളിപ്പറയലോ, സഹോദരങ്ങളെ ഒഴിവാക്കല്ലോ, വിവാഹമോചനമോ വിവാഹേതര ബന്ധങ്ങളോ ഒന്നും ഉണ്ടാകില്ല. ഒട്ടും ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല എങ്കിലും വലിയ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

       ഓരോ ബന്ധങ്ങളും പവിത്രമാണ്- മാതാപിതാക്കളും മക്കളും തമ്മിൽ ആയാലും, സഹോദരങ്ങൾ തമ്മിൽ ആയാലും, ഭാര്യാഭർത്താക്കന്മാർ തമ്മിൽ ആയാലും, സുഹൃത്തുക്കൾ തമ്മിൽ ആയാലും ഈ പവിത്രത കാത്തുസൂക്ഷിക്കേണ്ടതാണ്. അതിൽ പ്രധാനം വിവാഹബന്ധം ആണ്. നിസ്സാര കാരണങ്ങൾ കൊണ്ട് അതിന്റെ പ്രാധാന്യം ഇല്ലാതാക്കരുത്. കുളിക്കില്ല, പാത്രം കഴുകില്ല, സാധനങ്ങൾ അടുക്കി വയ്ക്കില്ല, വലിച്ചുവാരി ഇടും, യാത്രയ്ക്ക് താല്പര്യമില്ല, തുടങ്ങി പല കാരണങ്ങളാണ് ദമ്പതികൾ പരസ്പരം ആരോപിക്കുന്നത്. ഇതിന്റെ പേരിൽ ബന്ധം ഒഴിവാക്കാൻ രണ്ടുപേർക്കും മടിയില്ല. ഇതൊക്കെ പരസ്പരം പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ എന്ന് നമുക്ക് തോന്നും. പക്ഷേ അവർക്ക് ഇതെല്ലാം വലിയ കാര്യമാണ്. എല്ലാം പറയാതെ, അറിഞ്ഞു ചെയ്യണം എന്നാണ് അവരുടെ ആവശ്യം. അറിഞ്ഞു ചെയ്യാത്തവരോട് ഒന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം? അതിനവർ തയ്യാറല്ല. വല്ലാത്ത മിഥ്യാഭിമാനത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. ബന്ധം ഒഴിവാക്കിയാലും ഇത് കൈവിടാൻ അവർ ഒരുക്കമല്ല.  ജയിക്കണമെന്ന ഇത്തരം വാശി എല്ലാവർക്കും ഉണ്ടായാൽ പിന്നെ ജീവിതത്തിൽ എന്താണ് ബാക്കി ആവുക? ഞാൻ.... ഞാൻ മാത്രം അല്ലേ?സമ്പത്തിനേക്കാളും ഈഗോയെക്കാളും വാശിയെക്കാളും എത്രയോ മുകളിലാണ് സമാധാനം നിറഞ്ഞ സന്തോഷകരമായ ഒരുമിച്ചുള്ള ജീവിതം. അവിടെ എത്തിച്ചേരാൻ അല്ലേ നാം ശ്രമിക്കേണ്ടത്. ചെറിയ വിട്ടുവീഴ്ചകൾ എല്ലാവരും ചെയ്യേണ്ടിവരും. ഒരുമിച്ചുള്ള ശ്രമത്തിൽ നേടുന്നത് സന്തോഷകരമായ ജീവിതമാണെങ്കിൽ കൊച്ചു കൊച്ചു തെറ്റുകളെ അവഗണിക്കുന്നതല്ലേ നല്ലത്. കഴിഞ്ഞുപോയ ഒരു നിമിഷം പോലും തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞ് വേണം നമ്മൾ പ്രവർത്തിക്കാൻ. അതിനു വേണ്ടത് ബോധവൽക്കരണമാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം. അവരുടെ ഭാവി അവരുടെ കൈകളിൽ ആണെന്ന് തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. അങ്ങിനെ വീട്ടുകാരെ മാത്രമല്ല അയൽക്കാരെയും അന്യമതക്കാരെയും അംഗീകരിക്കുവാനും സ്വീകരിക്കുവാനും സാധിക്കുന്ന മാനസികാവസ്ഥ ഏവരിലും ഉണ്ടാക്കിയെടുക്കാൻ ഇത്തരം പ്രഭാഷണങ്ങൾ സഹായിക്കും. ജീവിതം കളിയല്ല, വിവാഹബന്ധം തമാശയുമല്ല. വളരെ പവിത്രമായ ബന്ധങ്ങളെ ഒരു ബന്ധനമായി കാണരുത്. 🙏🙏

 🙏ലോക സമസ്ത സുഖിനോ ഭവന്തു🙏

ഏറെ സ്നേഹത്തോടെ.....



Thursday, August 3, 2023

😭മനുഷ്യത്വവും കുറയുന്ന കേരളം.😭

   ക്ഷമിക്കണം,ഞാനിവിടെ കേരളത്തിലെ ജനസംഖ്യ കണക്ക് നോക്കുകയല്ല. മനുഷ്യരുടെ രൂപം ഉണ്ടെങ്കിലും ഉള്ളിൽ ഒട്ടും മനുഷ്യത്വമില്ലാത്ത ഒരു വിഭാഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതേക്കുറിച്ച് എഴുതിയും, പറഞ്ഞും, കണ്ടും, കേട്ടും മടുത്തു പോയി. എന്നിട്ടും അഞ്ചു വയസ്സുള്ള ആ കുഞ്ഞു വാവയുടെ നിലവിളി മനസ്സുകൊണ്ട് അറിയുമ്പോൾ സഹിക്കാൻ പറ്റാതെ വീണ്ടും എഴുതി പോവുകയാണ്. ഒരുപക്ഷേ ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴം ഓരോ സ്ത്രീക്കും വേഗം മനസ്സിലാകും. അതുകൊണ്ടാണ് അവർ പ്രതികരിക്കുന്നത്. ഞാനും ഒരു സ്ത്രീയാണ്. കണ്ണുനീരോടെയാണെങ്കിലും എനിക്കും പ്രതികരിക്കാതാവില്ല. ആ നരാധമനെ... ( അവനെ എന്താണ് വിളിക്കുക? മനുഷ്യൻ എന്ന് പറയാൻ ആർക്കും പറ്റില്ല. മൃഗം എന്ന് പറഞ്ഞാൽ അതും തീർത്തും തെറ്റാണ്. അവ പ്രായം നോക്കികാമം തീർക്കുകയേ ഉള്ളൂ, കുഞ്ഞുങ്ങളോട്   കാമം തീർത്തും മുറിവേൽപ്പിച്ചും രസിക്കില്ല ). മനുഷ്യരൂപത്തിലുള്ള ആ ചെകുത്താനെ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല. എത്ര ശിക്ഷ കൊടുത്താലും അത് കുറവായിരിക്കും. അത്രയ്ക്കും അത്രയ്ക്കും ക്രൂരനാണവൻ.

  ഇതേക്കുറിച്ച് പറയുന്ന ഒരു അമ്മയുടെ വീഡിയോ കണ്ടു" അവനെ ഞങ്ങൾക്ക് വിട്ടു തരൂ... അവനുള്ള ശിക്ഷ ഞങ്ങൾ നൽകാം " എന്ന്. സത്യത്തിൽ അതാണ് വേണ്ടത്. അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ മുന്നിലേക്ക് അവനെ വിട്ടുകൊടുക്കണമായിരുന്നു. പിന്നെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പോലീസുകാർ കൊണ്ടുപോയി കേസ് നടത്തട്ടെ.ആ പിഞ്ചു കുഞ്ഞിന് കിട്ടാത്ത ഒരു നിയമപരിരക്ഷയും അവനും വേണ്ട. അതിന്റെ ആവശ്യവുമില്ല. രണ്ട് കേസുകൾ ഇങ്ങനെ ജനങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ പിന്നെ കുറ്റം ചെയ്യാൻ ഏതൊരുത്തനും ഒന്ന് ഭയക്കും. പക്ഷേ ഇവിടെ നടക്കുന്ന അതൊന്നുമല്ലല്ലോ പോലീസ് സംരക്ഷണയിൽ അല്ലേ അവന്റെയൊക്കെ ജീവിതം. നല്ല ഭക്ഷണം ആരോഗ്യ പരിശോധന എല്ലാം ഉള്ള ജയിൽവാസം. എന്തിനാണ് ഇവനെ എല്ലാം നമ്മൾ തീറ്റി പോറ്റുന്നത്? ആർക്കുവേണ്ടി? നിയമം നടപ്പാക്കുകയാണെന്ന് ഒരു കൂട്ടർ പറയും. പക്ഷേ ഈ നിയമം പറയുന്നവർക്ക് കണ്ണില്ലേ? കാതില്ലേ?  ഹൃദയമില്ലേ? ചുറ്റും നടക്കുന്ന തോന്നും അറിയുന്നില്ലേ? അതോ നിയമവും കെട്ടിപ്പിടിച്ചിരിക്കുകയാണോ? എങ്ങിനെയാണോ ഇത്തരം ക്രൂരത കാണിക്കുന്നവരോട് നിയമം നടപ്പാക്കേണ്ടത്? ഇരകൾക്ക് കിട്ടാത്ത ഒരു സംരക്ഷണവും ഇവർക്ക് എന്തിനാണ് നൽകുന്നത്? ജയിലിൽ നിന്നും പുറത്തു വന്നാൽ ഇവനെന്താ മഹാത്മാഗാന്ധി ആകുമോ? ഒന്നുമില്ല. അവൻ അവന്റെ സ്വഭാവം കാണിക്കും.വീണ്ടും മറ്റൊരു ദുരന്തം നമ്മൾക്ക് കേൾക്കാം, അത്രതന്നെ. അങ്ങനെ അവന്റെ ആരോഗ്യം ഇല്ലാതായി മരിക്കുന്നതുവരെ പൊതുജനം അനുഭവിക്കേണ്ടിവരും. ഇതാണോ ജനങ്ങൾക്ക് കിട്ടുന്ന നീതി?  ഇങ്ങനെയുള്ളവരെയൊക്കെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുക എന്നത് നമ്മുടെ മേലുള്ള ശിക്ഷയല്ലേ? 

    ഈ സംഭവത്തോടെ എല്ലാം തീർന്നു എന്നും, ഇനി ഇങ്ങനെ ഉണ്ടാവുകയില്ല എന്നൊന്നും ആരും കരുതണ്ട. അങ്ങിനെ ആരും വിശ്വസിക്കുന്നുണ്ടെന്നും തോന്നുന്നില്ല. ഇതേ സംഭവത്തോട് അടുപ്പിച്ച് ആയിരുന്നു സംസാരിക്കാൻ കഴിയാത്ത മറ്റൊരു കുരുന്നിനെ - അവൾക്കും അഞ്ചു വയസ്സേ പ്രായമുള്ളു - പീഡിപ്പിച്ച വാർത്ത പുറത്തുവന്നത്. ഇതിലെ പ്രതിക്ക് 70 ഓളം വയസുണ്ട്  എന്നറിയുന്നു. കുഞ്ഞിന്റെ കണ്ണട അന്വേഷിച്ച അച്ഛനും അമ്മയും സിസിടിവി യിൽ  റെക്കോർഡ് ആയത് ചെക്ക് ചെയ്തപ്പോഴാണ് അവർ  ഈ പീഡന വിവരം പോലും അറിയുന്നത്. ഉടൻ തന്നെ അത് വെച്ച് പരാതി നൽകിയെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മടിച്ചു നിൽക്കുകയാണത്രെ. അപ്പോൾ ഇതിൽ കൂടുതലായ എന്ത് തെളിവാണോ ആവോ അവർക്ക് വേണ്ടത്? ആർക്കുവേണ്ടിട്ടാണ് അവർ ഈ കള്ളക്കളി നടത്തുന്നത്? ഉന്നതന്മാരുടെ  സ്വന്തം വീട്ടിലെ ഒരു കുഞ്ഞിനാണ് ഈ ദുർഗതി ഉണ്ടായത് എങ്കിൽ ഈ രീതിയിൽ ആണോ അന്വേഷണങ്ങൾ പോവുക? ഒരിക്കലുമല്ല എന്ന് നമുക്കറിയാം. സത്യത്തിൽ ഇതെല്ലാം കാണുമ്പോഴാണ് കേരളത്തെക്കുറിച്ച് ഓർത്ത് ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വരുന്നത്.

     കർശനമായ ശിക്ഷ നടപടി ഉണ്ടായിരുന്നുവെങ്കിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് മേൽ ഇങ്ങനെ തുടർസംഭവങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ പോലീസിന് നാടിനെ സംരക്ഷിക്കുക അല്ലല്ലോ ജോലി . മറ്റു പലതും അല്ലേ. മൂളുന്ന മൈക്കിനെ അറസ്റ്റ് ചെയ്യും. പക്ഷേ കുഞ്ഞിനെ പീഡിപ്പിച്ചവനെ കാണാതെ പോകും. കണ്ടാലും കേട്ടാലും അവർക്ക് കുറ്റവാളികളെ പിടിക്കാനും താല്പര്യം ഇല്ല. അതിനുള്ള അനുവാദം മുകളിൽ നിന്നും ലഭിക്കുന്നുമില്ല എന്നതാണ് സത്യം. കുറ്റവാളികളെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കാനുള്ള അധികാരം. പോലീസിനു ഉണ്ടാകണം. അതിനായി പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല. ഇവിടെ നിയമം ആവശ്യത്തിലധികമാണ്. അത് നടപ്പാക്കാനുള്ള താല്പര്യമാണ് ഇല്ലാത്തത്. പോലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കരുത്. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ രീതിയിലുള്ള മൃഗീയവും അസഹനീയവുമായ കാര്യങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം. ജനങ്ങളിൽ ഒരു വിഭാഗക്കാരുടെ ക്രൂരത കാണുമ്പോൾ, യഥാ രാജാ...തഥാ പ്രജ...എന്ന് പറയേണ്ടിവരും. 

      സത്യത്തിൽ ഗൾഫ് രാജ്യങ്ങൾ പോലുള്ളിടത്തെ കർശന നിയമവും വ്യവസ്ഥകളും അത് പാലിക്കപ്പെടുന്നതും കാണുമ്പോൾ അസൂയ തോന്നും. അത്തരം ഒരു വ്യവസ്ഥിതി ഇവിടെ വന്നിരുന്നു എങ്കിൽ എന്ന് അറിയാതെ മോഹിച്ചു പോകും. അത്രയും കർശന നിയമം നടപ്പാക്കിയിട്ടും അവിടെ കുറ്റങ്ങൾ ചെറുതായെങ്കിലും ഉണ്ടല്ലോ എന്ന് പറയുന്നവർ ഉണ്ടാകും. എന്നാലും നിയമം സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ അല്ലെന്നും അവർ മനസ്സിലാക്കുന്നു. അതാണ് കുറ്റങ്ങൾ കുറയാനുള്ള കാരണം.

    ഇവിടെ ഏവർക്കും വലിയ സ്വാതന്ത്ര്യമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ഒരു മതവിഭാഗത്തിന് മറ്റൊരു മതവിഭാഗത്തെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം, ഒരാൾക്ക് തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തിയെ അധിക്ഷേപിക്കാനും കൊല്ലാനുമുള്ള സ്വാതന്ത്ര്യം, ആർക്കും ആരെയും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒക്കെയാണ് ഉള്ളത്. തമ്മിൽ തമ്മിൽ തല്ലിയും കൊന്നും തീർക്കുക, അല്ലെങ്കിൽ കോടതിയെ സമീപിക്കുക. ഇതിലേതെങ്കിലും ഒന്ന് ചെയ്യാൻ തയ്യാറാണെങ്കിൽ ഇവിടെ എന്തിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇത്തരം സ്വാതന്ത്ര്യത്തേക്കാൾ നല്ലത്, മാനാഭിമാനത്തോടെ സമാധാനപരമായി ഏവർക്കും ജീവിക്കാനുള്ള അവസരമാണ്. അത് അസ്വാതന്ത്ര്യം ആണെങ്കിലും സാരമില്ല. ഇനി ഇത്തരം ആക്രമണസ്വാതന്ത്ര്യത്തെ കുറ്റമായി കണ്ട് ഒരു വിധത്തിൽ പോലീസ് അറസ്റ്റ് ചെയ്താലും, കോടതിയിൽ ശിക്ഷ കിട്ടാൻ വളരെ വിഷമമാണ് . " ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്നതാണല്ലോ  നീതിവാക്യം. പിന്നെ എങ്ങനെയാണ് ശിക്ഷിക്കുക. ഇന്ന് ജയിലിൽ കിടക്കുന്ന കുറ്റവാളികൾ എല്ലാം അവരുടെ കുറ്റം ഒരുതരത്തിലും മറയ്ക്കാനോ, ഇല്ലാതാക്കാനോ സാധിക്കാത്തവരാണ് എന്നതിൽ സംശയമില്ല. ജയിൽ ആയാൽ എന്താ, സുഭിക്ഷമായി ജീവിക്കുകയല്ലേ. പുറത്തേക്കാളും സുഖം. ഇനി മൊബൈലോ വല്ല ലഹരിയോ ഒക്കെ ആവശ്യമുണ്ടെങ്കിൽ അതും അവിടെ ലഭിക്കും. അവിടെ ഇരുന്നുകൊണ്ട് തന്നെ പുറത്തെ കാര്യങ്ങളും നിയന്ത്രിക്കാം.

         എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രധാന കാരണം ലഹരിയുടെ അതിപ്രസരണം ആണ് എന്ന്ഏവരും ആണയിട്ടു പറയുന്നു. ഇതെല്ലാം എത്ര പറഞ്ഞിട്ടും എഴുതിയിട്ടും ഒരു കാര്യവുമില്ല എന്നറിയാം. സർക്കാറിന്റെ പ്രധാന വരുമാനമാർഗ്ഗമാണ് ഇത്. പിന്നെങ്ങനെ ഇതിനെ നിരോധിക്കും? ഇപ്പോൾ കള്ള് പോഷകാഹാരം ആയാണ് കണക്കാക്കുന്നത്. ഇത്എന്നാണ് സ്കൂളിൽ കൊടുത്തു തുടങ്ങുക എന്നറിയില്ല. പോഷകാഹാരം കഴിച്ച് വണ്ടിയോടിച്ചാൽ  പോലീസ് പിടിക്കില്ല എന്ന് കരുതാം 🤭 " വിദേശ പോഷകാഹാരം" ഇതിൽ പെടുമോ എന്നറിയില്ല. 🤭  മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി എന്നും പേപ്പറിൽ കാണാം. ലഹരി വില്പന ഇത്രയധികം നടക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നും. പക്ഷേ അവർക്ക് ഭയമില്ലാത്തതുകൊണ്ടല്ലേ സ്കൂളിലും മറ്റും ഇവയുടെ വില്പന നടത്താൻ തയ്യാറാവുന്നത്? സത്യത്തിൽ ഇവരെ അറസ്റ്റ് ചെയ്തശേഷം നടപടികളൊന്നും സ്വീകരിക്കുന്നില്ലേ? അതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഒരിക്കലും കാണാറില്ല. ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ വീണ്ടും ആളുകൾ ഇതേ രംഗത്തേക്ക് വരില്ലല്ലോ.  മയക്കുമരുന്ന് കേസിൽ ഇവരെ  ഒരിക്കൽ അറസ്റ്റ് ചെയ്താൽ, പിന്നീട് സമൂഹത്തിൽ ഇവരെ ഒറ്റപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. ഇവർക്ക് ജോലിക്കുള്ള അവസരം ഇല്ലാതാക്കുക, ഒരുതരത്തിലുള്ള സ്വത്തും ഇവരുടെ പേരിലാക്കാൻ അനുവദിക്കാതിരിക്കുക, വാഹന ലൈസൻസ് നിഷേധിക്കുക, ട്രെയിൻ- ഫ്ലൈറ്റ് യാത്രകൾ അനുവദിക്കാതിരിക്കുക( ആധാർ കാർഡിലെ നമ്പർ വെച്ച് യാത്രാ നിരോധനവും മറ്റും സാധിക്കും ), അവരുടെ വിവാഹം പോലും രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകരുത്. ഇങ്ങനെ സമൂഹത്തിൽ ഈ മയക്കുമരുന്ന് വിൽപ്പനക്കാരേയും സൂക്ഷിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും എല്ലാം ഒറ്റപ്പെടുത്താൻ വേണ്ട നിയമവും നടപ്പാക്കലും ഉണ്ടായാൽ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യങ്ങളും നിഷ്ഠൂര പ്രവർത്തികളും കുറയുകയുള്ളൂ. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ഇവർ ധൈര്യവാന്മാരാണ്, ശക്തരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഭയവുമില്ല. രാഷ്ട്രീയക്കാർ ഇവരോടൊപ്പം ആണ്  എന്നതാണ് മറ്റൊരു കാരണം. പരസ്പരം സഹായിക്കുന്ന വർഗ്ഗം. ഇങ്ങനെയുള്ളവർ വാഴുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും. പിഞ്ചു കുഞ്ഞുങ്ങളുടെ പീഡനം ഒന്നും ഇവർക്ക് ബാധകമേയല്ല. അവർ മരിച്ചാൽ എന്ത്, പീഡിപ്പിക്കപ്പെട്ടാൽ എന്ത്. അവരാരും രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ ഉള്ളവരല്ലല്ലോ. പിന്നെന്തിന് ഖേദിക്കണം?

 എന്നാണോ ജനങ്ങൾ തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നത്, രാഷ്ട്രീയം നോക്കാതെ അതിനെതിരെ സംഘടിക്കുന്നത് അന്നും മാത്രമേ ഇതിനൊരു കുറവു ഉണ്ടാവുകയുള്ളൂ. നമ്മുടെ സ്വന്തം ശക്തി തിരിച്ചറിയാൻ നമുക്കാവണം. നമ്മുടെ സുരക്ഷിക്കായി നമ്മൾ തിരഞ്ഞെടുത്തതാണ് ഭരണ നേതൃത്വം. പോലീസ് പൊതുജനങ്ങളുടെ സംരക്ഷണത്തിനാണ്. ഇനി നമ്മൾ ഇതെല്ലാം തിരിച്ചറിഞ്ഞേ മതിയാകൂ. രാഷ്ട്രീയക്കാരിൽ അല്ല  പൊതുജനങ്ങളിലാണ് ശക്തി എന്ന് മനസ്സിലാക്കേണ്ട സമയവും അതിക്രമിക്കുന്നു. ഇനി വിജയം വരെ നമുക്ക് പോരാടാം. ഒരു പിഞ്ചു കുഞ്ഞു പോലും ഇനി ഇത്തരം പീഡനങ്ങൾക്ക് ഇരയാകാതിരിക്കട്ടെ. കണ്ണ് തുറന്ന് നമുക്ക് തന്നെ കാവലാളാകാം.

 പൊന്നു മക്കളെ..മാപ്പ്...മാപ്പ്... 😭😭

   

Thursday, July 6, 2023

ദുഃഖം -സ്വയം വരുത്തി വെക്കുന്ന വിന

      ആർക്കും വേദനിക്കാനും വിഷമിക്കാനും ഇഷ്ടമല്ല എന്ന് നമുക്കറിയാം. പക്ഷേ അതില്ലാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല എന്നതാണ് സത്യം. ചിലർ അതിനെ അംഗീകരിച്ച് സന്തോഷമായിരിക്കുന്നു. മറ്റുചിലർ അതിനെപ്പറ്റി പരാതി പറഞ്ഞ് എന്നും ദുഃഖത്തോടെ കഴിയുന്നു. ശാരീരികമായാലും മാനസികമായാലും വേദന നമുക്ക് ഇഷ്ടമല്ല എങ്കിലും കഴിയുന്നതും മറ്റുള്ളവരെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. മുറിവിൽ കുത്തി നോവിക്കുമ്പോൾ കിട്ടുന്ന സുഖം എത്രയെന്ന് അവർക്കേ അറിയൂ.

                  പൊതുവേ നമുക്ക് വേദനകളും വിഷമങ്ങളും ഉണ്ടാകുമ്പോൾ ചുറ്റുമുള്ളവരിൽ ആരെയെങ്കിലും കാരണക്കാരായി കണ്ടെത്തും. ഇനി അതിന് ആരെയും കിട്ടിയില്ല എന്നിരിക്കട്ടെ, അപ്പോൾ ഭഗവാന്റെ നേരെ തിരിയും. " ദൈവമേ എനിക്ക് എന്തിനാണ് ഈ കഷ്ടപ്പാടുകൾ തന്നത് " എന്ന് പരിതപിക്കും. ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയാൽ നിങ്ങളുടെ വേദന മാറുമോ?ഒരിക്കലുമില്ല.കാരണംഈ വേദനയുടെ,വിഷമതയുടെ,കാരണം നമ്മളുടെ ഉള്ളിൽ തന്നെയാണ്. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരണം. ഞാനാണ് എന്റെ ദുഃഖത്തിന് ഉത്തരവാദി എന്ന് തിരിച്ചറിഞ്ഞ് മാറ്റങ്ങൾ കൊണ്ടുവരണം. അങ്ങനെ തിരിച്ചറിഞ്ഞില്ല എങ്കിൽ  വേദനയുടെ കാരണവും ഒരിക്കലും പരിഹരിക്കപ്പെടുകയില്ല. അതെന്നും പല രൂപത്തിൽ പല രീതിയിൽ  നിങ്ങളെ അലട്ടി കൊണ്ടേയിരിക്കും. ദുഃഖത്തിന്റെ ഹേതു നമ്മുടെ ഉള്ളിലാണെങ്കിൽ, അത് ശരിയാക്കാതെ ഇരുന്നാൽ എങ്ങനെയാണ് വിഷമതകൾ മാറുന്നത്? എന്റെ വേദനയുടെ കാരണം ഞാനാണ്. മാറേണ്ടത് എന്റെ ചിന്തകളാണ്. ആ തിരിച്ചറിയൽ നമുക്ക് ഉണ്ടാവണം. സ്വയം മാറാതെ മറ്റൊരാളെ കുറ്റപ്പെടുത്തി കൊണ്ടിരുന്നാൽ ഒരിക്കലും നമുക്ക് ദുഃഖങ്ങളിൽ നിന്നും മോചനം ഇല്ല. ശാരീരികമായാലും മാനസികമായാലും നമ്മുടെ ദുഃഖം അറിയുന്നത് മനസ്സാണ്. ശരീരത്തിന് ഒരു പ്രശ്നമുണ്ടായി ഓപ്പറേഷൻ നടത്തുന്നു എന്ന് വയ്ക്കുക. അപ്പോൾ നമുക്ക് അനസ്തേഷ്യ തന്ന്      ഒന്നുകിൽ മുഴുവനായും അല്ലെങ്കിൽ ആ ഭാഗത്ത് മാത്രമായും മരവിപ്പിക്കും. പിന്നെ നമ്മൾ അവിടെ നടക്കുന്ന കീറലുകളും കുത്തിക്കെട്ടലുകളും  ഒന്നും അറിയുകയില്ല. അതൊന്നും അവിടെ നടക്കാത്തത് കൊണ്ടല്ല,എല്ലാം നടക്കുന്നുണ്ട്. പക്ഷേ ആ വേദനസ്വീകരിക്കാനുള്ള ബ്രയിനിന്റെ കഴിവിനെ നമ്മൾ മരവിപ്പിച്ചു. നിവർത്തിയുമില്ലെങ്കിൽ വേദനയുള്ള ഭാഗം നമ്മൾ ശരീരത്തിൽ നിന്നും മാറ്റുന്നു. പല്ലുവേദന വരുമ്പോൾ പല്ല് എടുക്കും കാലിലെ പഴുപ്പ് മറ്റ് ശരീരഭാഗങ്ങളിലേക്ക് പകരും എന്ന് കണ്ടാൽ ആ ഭാഗം മുറിച്ചുമാറ്റും, ക്യാൻസർ സെല്ലുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പരത്താതെ ഡോക്ടർമാർ അവയും എടുത്തുമാറ്റും. ആ വസ്തു നിലനിൽക്കുമ്പോൾ ഉള്ള വേദന വളരെ അധികമാണെങ്കിൽ അതിനെ എടുത്തു മാറ്റുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. ഇതൊരു സാധാരണ സംഗതിയാണ് താനും. നമ്മുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്. മകന്റെ വിവാഹം കഴിയുന്നതോടെ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ പറ്റില്ല എന്ന് ഭാര്യ പറയും. അവളുമായി സ്വൈരമായി താമസിക്കാൻ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് വേറെ താമസം തുടങ്ങും. ഇന്നലെ വരെ ഒപ്പം കഴിഞ്ഞ മകൻ ഇന്ന് അനുഭവിക്കുന്ന വേദനക്ക് കാരണമായി തോന്നുന്ന അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുവാൻ തയ്യാറായി. അതോടെ അവർക്ക് സുഖമായോ? ഇല്ല.അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ ഭാര്യയായും പ്രശ്നങ്ങൾ ഉണ്ടാകും. ഒടുവിൽ നിവൃത്തിയില്ലാതെ അയാൾ അതും ഒഴിവാക്കും. വിവാഹമോചനം നേടും എന്ന് സാരം. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ വീണ്ടും ദുഃഖങ്ങൾ വരുന്നു. അപ്പോൾ അയാൾ ലഹരിയെ ആശ്രയിക്കാൻ തുടങ്ങും. അതിനും ഒരു പരിധിയുണ്ടല്ലോ. കുറെ കഴിയുമ്പോൾ ലഹരിക്ക് അടിമയായ അയാൾക്ക് ദുഖം താങ്ങാൻ കഴിയാത്ത അവസ്ഥയാകും. അത് അയാളെ കൊണ്ട് എത്തിക്കുന്നത് ആത്മഹത്യയിലേക്ക് ആയിരിക്കും. ഇവിടെ ഓരോ ദുഃഖം വരുമ്പോഴും അയാൾ ഓരോന്നിനെ ഉപേക്ഷിക്കുകയാണ്. അങ്ങനെ അവസാനം മരണത്തിൽ എത്തിനിൽക്കുന്നു. ജീവിതത്തിൽ സ്വയം പരാജയപ്പെടുത്തിയതിന് മരണമാണോ പ്രതിവിധി? ജീവിക്കാൻ അറിയാത്തതാണ് ഇവിടെ മരണത്തിന് കാരണം. മരണത്തെ വരിക്കുന്നതിനുമുമ്പും മരിച്ചവന് തുല്യമായിരുന്നു അയാളുടെ ജീവിതം. ഇതിനു കാരണം സ്വയം തിരിച്ചറിയാത്ത താണ്. എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് മനസ്സിലാക്കിയാൽ ജീവിതത്തിൽ ഒരിക്കലും പരാജയം ഉണ്ടാവില്ല. "ഞാനെന്താ ഇങ്ങനെ" എന്ന് ചിലരെങ്കിലും സ്വയം ചോദിക്കാറുണ്ട്. അതിനു കാരണം അവർ സ്വയം മനസ്സിലാക്കുന്നില്ല എന്നതാണ്.

                 നമ്മൾ ഒരു മെഷീൻ വാങ്ങിയാൽ - അത് ഫാനോ,ടിവിയോ റേഡിയോയോ എന്തുമാകട്ടെ- അത് എങ്ങനെ ഉപയോഗിക്കണം എന്ന് വിവരിക്കുന്ന ഒരു മാനുവൽ കൂടി ഉണ്ടാകും. അതനുസരിച്ച് പ്രവർത്തിപ്പിക്കുകയാണെങ്കിൽഒരു പ്രശ്നവും ഉണ്ടാവില്ല. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിൽ അത്തരം ഒരു മാനുവൽ പ്രത്യേകം ഇല്ല. പക്ഷേ അത് അവന്റെ ഉള്ളിൽ തന്നെയുണ്ട്. ( ഇന്നത്തെ ടിവിയും ഫ്രിഡ്ജും എസിയും ഒക്കെ വാങ്ങുമ്പോൾ അവയിൽ ഇൻബിൽറ്റ്സ്റ്റെബിലൈസർ  ആണെന്ന് പറയാറില്ലേ. അതുപോലെ) പക്ഷേ നമ്മൾ അത്  സ്വയം കണ്ടെത്തണം.ഉള്ളിലുള്ള ആ ശക്തിയെ കണ്ടെത്താൻ പലപ്പോഴും ആരും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അതു കണ്ടെത്തി ആ നിർദ്ദേശം അനുസരിച്ച്  പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ ഒരു പ്രശ്നവുമില്ല, ജീവിതം സുഖകരം. പക്ഷേ ഇത് കണ്ടെത്താൻ വിദ്യ ആവശ്യമാണ്. വിദ്യ എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് സയൻസും കണക്കും ഇംഗ്ലീഷും ഒക്കെ പഠിക്കുക എന്നതല്ല. അത്തരത്തിലുള്ള പഠനം ജീവിക്കുവാനുള്ള വക കണ്ടെത്താൻ സഹായിക്കും. പക്ഷേ ജീവിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കില്ല. അത് സ്വയം കണ്ടെത്തേണ്ടതാണ്. അതിന്  സാധിച്ചില്ല എങ്കിൽ ആ വ്യക്തി ധനികനായാലും- ദരിദ്രനായാലും,പാമരൻ ആയാലും- പണ്ഡിതൻ ആയാലും അയാളിൽ നിന്നും ദുഃഖം വിട്ടു പോകില്ല എന്നതുറപ്പാണ് .

     വേദം ഇല്ലാത്തതാണ് വേദന. വേദം എന്നാൽ അറിവ്. തന്റെ പ്രശ്നത്തിന്റെ കാരണം ഉള്ളിൽ നിന്നും തിരിച്ചറിയാനുള്ള അറിവ് ഇല്ലാത്തതാണ് വേദനയുടെ കാരണം. എന്നാൽ പരിഹാരം തേടി നമ്മൾ പുറത്താണ് അലയുന്നത്. ജ്യോതിഷിയെയും മനശാസ്ത്രജ്ഞരെയും സുഹൃത്തുക്കളെയും ആദ്ധ്യാത്മ പണ്ഡിതരെയും ഒക്കെ സമീപിക്കുന്നത് അതുകൊണ്ടാണ്. നമ്മൾ ഭാവിയെ കുറിച്ച് ഓർത്ത് വേദനിക്കുന്നു,  അല്ലെങ്കിൽ ഭയപ്പെടുന്നു. ആ അനിശ്ചിതത്വത്തിൽ നിന്നും ഒരു മോചനം നേടാനാണ് നമ്മളുടെ ശ്രമം. പക്ഷേ സ്വയം ഉള്ളിലേക്ക് നോക്കി പരിഹാരം കണ്ടെത്താവുന്നതായിട്ടും അതിനു ശ്രമിക്കാതെ മറ്റുള്ളവരെ തേടി പോകും. അവർ എന്ത് പറഞ്ഞാലും, ചെയ്താലും നമ്മൾ സ്വയം തിരിച്ചറിഞ്ഞു മാറിയില്ല എങ്കിൽ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല.

   ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രകൃതിനിയമം ആണെന്ന് കരുതി ആശ്വസിക്കുക അംഗീകരിക്കുക. ഇവിടെ ആത്മീയതയ്ക്ക് വലിയ ഭാഗമാണ് ഉള്ളത്. നമ്മൾ ആത്മാവ് മാത്രമാണെന്നും ഈ ശരീരം നശ്വരമാണന്നും, ആരാലും ഒന്നിനാലും ഈ ആത്മാവിനെ നശിപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കിയാൽ പിന്നെ ആർക്കും ഒന്നിനും നിങ്ങളെ വിഷമിപ്പിക്കാൻ കഴിയില്ല. ഈ ശരീരം എന്നത് ഒരു വേഷം മാത്രമാണ്. ഒരു നടൻ വേഷം കെട്ടി സ്റ്റേജിൽ എത്തി അഭിനയിക്കുമ്പോൾ നമ്മൾ കാണുന്നത് ആ കഥാപാത്രത്തെ മാത്രമാണ്, നടനെ അല്ല. രംഗത്ത് അയാൾ മരിച്ചു വീഴേണ്ട ഭാഗം ഉണ്ട് എന്നിരിക്കട്ടെ, കഥാപാത്രം മരിക്കുന്നു. പക്ഷേ കർട്ടൻ ഇട്ടുകഴിഞ്ഞാൽ ആ നടൻ എഴുന്നേറ്റ് അകത്തേക്ക് പോകും. ഇവിടെ മരിച്ചത് കഥാപാത്രമാണ് നടനല്ല. നമുക്കത് അറിയുകയും ചെയ്യാം. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് നടക്കുന്നത്. ഈ ശരീരം പേറുന്ന കഥാപാത്രം മരിക്കുന്നു.  ആത്മാവ്എ ഴുന്നേറ്റ് പോകുന്നു, മറ്റൊരു കഥാപാത്രമായി രംഗത്തെത്തുന്നു.അത്രമാത്രം. അതായത് "ഞാൻ "എന്നത് ഈ ശരീരമല്ല എന്ന് ചിന്തിക്കുമ്പോൾ "ഞാൻ" എന്ന ഭാവം ഇല്ലാതെയാകും. "ഞാൻ" അപമാനിക്കപ്പെട്ടു എന്ന് തോന്നൽ നമ്മളിൽ ഉണ്ടാവില്ല.

      സ്വയം സന്തോഷിക്കാനുള്ള മറ്റൊരു വഴിയാണ്, ഒരാളെ നമ്മുടെ വഴിയിലേക്ക് കൊണ്ടുവരിക എന്നത്. സ്വയം മാറാൻ കഴിവില്ലാത്ത ഞാൻ എങ്ങനെയാണ് മറ്റൊരാളെ മാറ്റുക? സാധ്യമല്ല. ആദ്യം ശ്രമിക്കേണ്ടത് അവനവനെ തന്നെ നിയന്ത്രിക്കാനാണ്. അതിനുപകരം മറ്റൊരു വ്യക്തിയെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അവർ നിങ്ങളുടെ നിയന്ത്രണ പരിധിയിൽ നിന്നും രക്ഷപ്പെടും- അത് ഭർത്താവായാലും ഭാര്യയായാലും മക്കളായാലും. ഒരു വ്യക്തിയെ നിയന്ത്രിക്കുക എന്നാൽ ആ വ്യക്തിയെ നഷ്ടപ്പെടുത്തുക എന്നാണർത്ഥം. ആർക്കും ഇഷ്ടമില്ലാത്ത ഒരു പ്രവർത്തിയാണ് നിയന്ത്രണം. നമുക്ക് നമ്മുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം. എന്റെ ജീവിതത്തിന്റെ സ്റ്റിയറിംഗും ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും എല്ലാം എന്റെ നിയന്ത്രണത്തിലാണ്. അതിനെ നിയന്ത്രിക്കാൻ എനിക്ക് മാത്രമേ കഴിയൂ. മറ്റൊരാൾക്ക് -അത് ഭാര്യയായാലും ഭർത്താവായാലും മക്കളായാലും -എന്റെ വണ്ടിയെ നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് സത്യം. ഓരോരുത്തരും അവരുടെ ജീവിതം എന്ന വാഹനം മുന്നോട്ടു കൊണ്ടുപോകുന്നു. അതെങ്ങിനെ ഓടിക്കണം എന്നും നിയന്ത്രിക്കണമെന്നും അവർക്കറിയാം. എന്നാൽ എന്റെ വാഹനത്തിൽ ഇരുന്നുകൊണ്ട് ഞാൻ മറ്റൊരു വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചാൽ എന്താവും സ്ഥിതി? അപകടം ഉണ്ടാകും എന്ന് ഉറപ്പാണ്. നമുക്ക് നിയന്ത്രണം നമ്മുടെ കയ്യിലുള്ളവയിൽ മാത്രമാണ്. പക്ഷേ നമ്മൾ ചെയ്യുന്നത് ഇതിന് വിപരീതവും. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നവയെ നിയന്ത്രിക്കാതിരിക്കുകയും, നിയന്ത്രിക്കാൻ കഴിയാത്തവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്തൊരു വിരോധാഭാസം അല്ലേ? നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത മറ്റൊരാളുടെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്. ചിലർ പറയുന്നത് കേട്ടിട്ടില്ലേ  "  ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്ക് പറ്റില്ല. ദേഷ്യം വന്നാൽ ഞാൻ എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ എനിക്ക് പോലും അറിയില്ല "

എന്നൊക്കെ.അങ്ങനെ സ്വന്തം മനസ്സിനെ സ്വാധീനത്തിൽ നിർത്താൻ കഴിയാത്തവരാണ് മറ്റൊരാളുടെ മനസ്സിനും ചിന്തകൾക്കുംപരിധികൾ നിശ്ചയിക്കുന്നത്. ഇത് ആരാണ് അംഗീകരിക്കുക? മറ്റൊരാൾ പറയുന്നതുപോലെ എനിക്ക് ജീവിക്കാൻ സാധിക്കില്ലഎങ്കിൽ, ഞാൻ പറയുന്നതുപോലെ ജീവിക്കാൻ മറ്റൊരാൾക്കും കഴിയില്ല എന്ന് ഓരോരുത്തരും തിരിച്ചറിയണം 

      ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോൾ നാം അറിയാത്ത കാര്യങ്ങൾക്കും പഴി കേൾക്കേണ്ടി വന്നിട്ടുണ്ടാകും. അപ്പോൾ വിഷമവും തോന്നിയിട്ടുണ്ടാവും. അപ്പോൾ നമ്മൾ ചെയ്യേണ്ടത് മനസ്സിനെ ധൈര്യപ്പെടുത്തുകയാണ്. അയാളുടെ മനസ്സ് അയാളുടെ നിയന്ത്രണത്തിൽ അല്ല എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. വഴിയിൽ കൂടി പോകുമ്പോൾ ഒരു ഭ്രാന്തൻ വന്ന ചീത്ത പറഞ്ഞാൽ നമ്മൾ അയാളെ അടിക്കാനോ പറഞ്ഞു മനസ്സിലാക്കാനോ ഒന്നും ശ്രമിക്കില്ല. മനോ നിയന്ത്രണമില്ലാത്ത ബുദ്ധി സ്ഥിരതയില്ലാത്ത ഒരാൾ എന്ന് കരുതി വഴി മാറി പോകും. ഇവിടെയും അത് തന്നെ ചിന്തിച്ചാൽ മതി. ബുദ്ധി സ്ഥിരതയില്ലെന്ന് കരുതി വിട്ടേക്കുക.    നമുക്ക് സമാധാനം ഉണ്ടാകും.

 അപ്പോൾ സമാധാനം എന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ നമ്മൾ തന്നെ കണ്ടെത്തേണ്ട ഒന്നാണ്. ദുഃഖം ഉണ്ടാകുന്നതും സമാധാനം കണ്ടെത്തുന്നതും എല്ലാം നമ്മുടെ ഉള്ളിൽ തന്നെ. വേണമെങ്കിൽ അത് കണ്ടെത്തി നമുക്ക് സന്തോഷമായി ജീവിക്കാം. അതല്ല എങ്കിൽ അസന്തുഷ്ടയിൽ, പരസ്പരം കലഹിച്ചും വെറുത്തും ജീവിതം മുന്നോട്ടു കൊണ്ടുപോകാം. എന്തായാലും അത് നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നതാണ്, മറ്റാർക്കും അതിൽ പങ്കില്ല എന്ന കാര്യം മറക്കാതിരിക്കുക.

Nb: ഇതു വായിച്ചശേഷം നിങ്ങൾക്കും നിങ്ങളുടെ അഭിപ്രായം ഇതിൽ രേഖപ്പെടുത്താം.

 ഏറെ സ്നേഹത്തോടെ...

   കടപ്പാട് : ഞാൻ യൂട്യൂബിൽ കേട്ട മനോഹരമായ ഒരു പ്രഭാഷണം, ആരുടേതെന്നു അറിയില്ല. 🙏

Friday, May 26, 2023

മുരളി തുമ്മാരു കുടിയുടെ പ്രവചനം

 ശ്രീമുരളി തുമ്മാരുകുടി, അങ്ങയുടെ പ്രവചനങ്ങളിൽ പലതും സത്യമാകുന്നു എന്നറിഞ്ഞപ്പോൾ അറിയാതെ ഒരു ഭയം തോന്നുന്നു. പ്രത്യേകിച്ചും ഡിവോഴ്സ് റേറ്റിന്റെ കാര്യത്തിൽ. ഇപ്പോൾ തന്നെ വിവാഹജീവിതം തട്ടിയും മുട്ടിയും ആയാലും തുടരുന്നവരുടെ എണ്ണം കുറവാണ്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും വിവാഹ ജീവിതത്തിൽ നിന്നും  പിന്മാറാനാണ് ഇന്നത്തെ തലമുറ ശ്രമിക്കുന്നത്. ക്ഷമയോ പരസ്പര സ്നേഹമോ ബഹുമാനമോ ഒന്നുമില്ല. താൻ പറഞ്ഞതാണ് ശരി, തന്റെ ഇഷ്ടം നടപ്പാക്കണം എന്ന വെറും വാശിയിലാണ് ദമ്പതികൾ മുന്നോട്ടുപോകുന്നത് . പങ്കാളി പറയുന്നത് പരിഗണിക്കാനോ എന്തിന് കേൾക്കാൻ പോലും ആർക്കും താല്പര്യം ഇല്ല. ഭർത്താവ് /ഭാര്യ ഇല്ലെങ്കിൽ പോലും സ്വന്തം ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന അസ്വീകാര്യമായ ചിന്തയാണ് പലർക്കും ഉള്ളത്. ഇന്ന് ചുറ്റും നോക്കുമ്പോൾ ശ്രീ മുരളി തുമ്മാരു കുടിയുടെ  ഈ പ്രവചനം തള്ളിക്കളയാനും കഴിയില്ല.

    ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതിയിലെ പ്രധാന പദവിയോടൊപ്പം ജി 20 യുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. പല പ്രവചനങ്ങളും നടത്തിയെങ്കിലും, അടുത്തിടെ നടത്തിയ 10 എണ്ണം ഏറെ ശ്രദ്ധയോടെയാണ് ജനങ്ങൾ നോക്കി കണ്ടത്. 2030 ആകുമ്പോഴേക്കും ഡിവോഴ്സ് റേറ്റ് പത്തിരട്ടി ആകുമെന്നും അറേഞ്ച്ഡ് മാരേജ് എന്നത് അപൂർവമായി മാറും എന്നും അദ്ദേഹം പ്രവചിക്കുന്നു. ഇപ്പോൾ തന്നെ യുവാക്കൾ പ്രാധാന്യം കൊടുക്കുന്നത് പ്രേമ വിവാഹങ്ങൾക്കാണ്. ജാതകം നോക്കലും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിക്കുന്ന വിവാഹ രീതിയും വളരെ വേഗത്തിൽ പിൻവാങ്ങുകയാണ്. പരസ്പരം പരിചയപ്പെട്ട്അറിഞ്ഞ് വിവാഹം കഴിക്കുന്നതിനോടാണ്   യുവാക്കൾക്ക് താൽപര്യം. ഇതാണത്രേ സംതൃപ്തമായ വിവാഹ ജീവിതത്തിന് അനുയോജ്യം. അങ്ങനെയെങ്കിൽ ഡിവോഴ്സ് റേറ്റ് കുറയേണ്ടതല്ലേ? പക്ഷേ കണക്കുകൾ പറയുന്നത് അങ്ങനെയല്ലല്ലോ? ഇന്ന് വിവാഹമോചനങ്ങൾ വളരെ ഏറെ വർദ്ധിക്കുന്നു. വിവാഹത്തിന് മുൻപുള്ള സൗഹൃദമല്ല ഭാര്യയും ഭർത്താവും ആയിക്കഴിയുമ്പോൾ ഉണ്ടാവുക. വിവാഹത്തിന് മുൻപ് പരസ്പരം പ്രീണിപ്പിക്കുവാൻ ഒരു നല്ല "മുഖ"മാണ് ഉണ്ടായിരുന്നതെങ്കിൽ വിവാഹത്തോടെ ഒളിപ്പിച്ചുവെച്ച റിയൽ ഫേസ് പുറത്തു വരും. പരസ്പരം അംഗീകരിക്കാൻ കഴിയാത്ത ഒരു മുഖം. കാലം അധികമാകും മുൻപേ അത് ചെന്നെത്തുക ഡിവോഴ്സ്ൽ ആയിരിക്കും. അറേഞ്ച്ഡ് മാര്യേജിൽ അടുത്ത ബന്ധുക്കളുടെ സപ്പോർട്ട് ലഭിക്കുമെങ്കിൽ, മിക്ക ലൗ മാര്യേജിലും ആ സപ്പോർട്ട്  അധികം ലഭിക്കില്ല എന്നതാണ് വാസ്തവം. " കേട്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും" എന്ന മട്ടിലായിരിക്കും കാരണവൻമാർ ഇതിനെ കാണുക. ദമ്പതികളുടെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ സഹായവുമായി ആരും വരികയുമില്ല.

   പക്ഷേ ഇന്ന് വിവാഹമോചനം നേടുന്നതിനു മുൻപേതന്നെ മറ്റൊരാളുമായി ജീവിക്കാൻ ഈ "മാതൃക" ഭാര്യ ഭർത്താക്കന്മാർക്ക് മടിയുമില്ല. എന്റെ ജീവിതം എനിക്കിഷ്ടമു ള്ളവരോടൊപ്പം ജീവിക്കും എന്നാണ് ഇവരുടെ നിലപാട്.  ഇതിൽ അപമാനമോ ലജ്ജയോ ലെവലേശം ഇല്ലാതാനും. കഴിഞ്ഞദിവസം പത്രത്തിൽ രണ്ട് വാർത്തകൾ ഉണ്ടായിരുന്നു. വിദേശത്തുനിന്നും വന്ന ഭാര്യയെ സ്വീകരിക്കാൻ ഭർത്താവും മകളും വന്നു എങ്കിലും അവൾ മറ്റൊരുവനോടൊപ്പം കാറിൽ കയറി പോകുവാൻ തുടങ്ങി. അത് തടഞ്ഞുകൊണ്ട് ഭർത്താവ് എടുത്ത വീഡിയോ ആണ് യൂട്യൂബിൽ കണ്ടത്. അവൾക്ക് കുഞ്ഞും വേണ്ട ഭർത്താവും വേണ്ട. "നീ ആരാണ്" എന്നാണ് ഭർത്താവിനോട് അവൾ ചോദിക്കുന്നത്. അവൾക്ക് ഇന്നലെ കണ്ട ആൾ മതി. ( ആ ആൾ ഒരു പോലീസുകാരൻ ആണെന്നും കേൾക്കുന്നു ). അയാൾക്കും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടാകില്ലേ? ആ കുടുംബവും തകരുകയല്ലേ?

 മറ്റൊരു വാർത്ത കണ്ടത് ഇതിലും ദയനീയമാണ് . ഭർത്താവും ഭാര്യയും വേർപിരിയാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഇതിനിടെ എട്ടുമാസം മുമ്പ് പരിചയപ്പെട്ട ഒരാളോടൊപ്പം തന്റെ മൂന്ന് മക്കളുമായി ഈ ഭാര്യ താമസംതുടങ്ങി. അയാൾക്കും ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഇതിനിടെ ഭർത്താവ് നൽകിയ കേസിൽ കോടതിയിൽ ഹാജരാകേണ്ട ഇവർ, അതിൽനിന്നും രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗം ആത്മഹത്യ ആയിരുന്നു. സ്ത്രീയുടെ മൂന്നു മക്കളെയും കൊന്നശേഷം ആ യുവാവും  സ്ത്രീയും ആത്മഹത്യ ചെയ്തു. അവർ രണ്ടുപേരും മരിക്കുന്നു എങ്കിൽ  മരിക്കട്ടെ.   പക്ഷേ ആ മൂന്ന് കുട്ടികളെ എന്തിനാണ് കൊലപ്പെടുത്തിയത്? ഭർത്താവ് കൊണ്ടുപോയാലോ എന്ന് ഭയന്നാണോ? തനിക്ക് ഇല്ലെങ്കിൽ ആർക്കും വേണ്ട എന്ന ദുശ്ചിന്ത മൂലമാണോ?

  സ്വന്തം താത്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജീവിക്കാൻ ഇന്ന് ഇവർക്ക് ഒരു മടിയുമില്ല. സമൂഹത്തെയോ അപവാദങ്ങളെയോ ഇവർ ഭയക്കുന്നില്ല. ആര് എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല, എനിക്ക്  ഇതാണ് ഇഷ്ടം   എന്ന ചിന്ത മാത്രമേ ഇവരിൽ കാണാനുള്ളൂ. കുടുംബത്തെക്കുറിച്ച് കുട്ടികളിലെ കുറിച്ചോ ഇവർ ഓർക്കുന്നു പോലുമില്ല.ഇ ങ്ങനെ തന്നിഷ്ടപ്രകാരം, നന്നായി അറിയാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ എന്തു സുരക്ഷയാണ് ഇവർക്ക് ലഭിക്കുക? മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം ലഭിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്? തങ്ങളുടെ കുഞ്ഞുങ്ങൾ മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്കു മുമ്പിൽ തകർന്നു പോകുന്നത് ഇവർ അറിയുന്നില്ലേ? ഇത് കുഞ്ഞുങ്ങളെ തെറ്റായ വഴിക്ക് നയിക്കും എന്ന് തിരിച്ചറിയാൻ ഇവർക്ക് സാധിക്കുന്നില്ലേ? കുഞ്ഞുങ്ങളെ പറ്റിയുള്ള ഈ ചിന്ത ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അന്യ പുരുഷനോടൊപ്പംജീവിതം പങ്കുവെക്കാൻ ഇറങ്ങിത്തിരിക്കില്ലല്ലോ? എന്നാൽ കാലം കഴിയുമ്പോൾ ഇത്തരത്തിലുള്ള സ്ത്രീകളും കുട്ടികളും ആ പുരുഷൻമാർക്ക്  ഒരു ബാധ്യതയാകും എന്നത് ഉറപ്പാണ്. സ്വന്തം കുട്ടികൾ അല്ലാത്തതിനാൽ അവരെ ആക്രമിക്കുവാനും ഉപേക്ഷിക്കുവാനും ഈ പുരുഷന്മാർക്ക് ഒരു മടിയും കാണില്ല. സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണല്ലോ, ഒരു അന്യസ്ത്രീയെയും അവളുടെ കുട്ടികളെയും ഒപ്പം കൂട്ടിയത്. പിന്നെ അവളുടെ കുട്ടികളെ ഉപേക്ഷിക്കാൻ എന്തിനു മടിക്കണം? കുട്ടികളെ മാത്രമല്ല അവരുടെ അമ്മയെയും ഉപേക്ഷിച്ച് പുതിയ ബന്ധം കണ്ടെത്തും. ഒടുവിൽ ജീവിതം വഴി മുട്ടുമ്പോൾ തിരിച്ചു പോകാൻ  ഇടമില്ലാതെ ആത്മഹത്യയിൽ അഭയം തേടും. എന്തൊരു ദുരന്തം അല്ലേ? ഇത്തരം ധാരാളം സംഭവങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. എങ്കിലും ഇതൊന്നും പുതിയ തലമുറയുടെ കണ്ണ് തുറപ്പിക്കാൻ സഹായിച്ചിട്ടില്ല. ഈ അനുഭവങ്ങളിൽ ഒന്നും അവർക്ക് വിശ്വാസമില്ല. അല്ലെങ്കിൽ വീണ്ടും ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചാടില്ലല്ലോ? പണ്ടത്തെ ഒരു പഴഞ്ചൊല്ലുണ്ട് "വേലി ചാടുന്ന ഒരു പശുവിന് , കോലുകൊണ്ട് മരണം" എത്ര അന്വർത്ഥമായ വാക്കുകൾ.

  ഇനിയെങ്കിലും പുതിയ തലമുറ ഇത് തിരിച്ചറിയണം. വിവാഹം മോചനം എന്നത് തന്റെ  ഇഷ്ടങ്ങൾ നടപ്പാക്കാനുള്ള ഒരു സാധ്യതയല്ല. പരസ്പരം വിട്ടുവീഴ്ചയ്ക്കും സഹിക്കാനും സ്നേഹിക്കാനും ദമ്പതികൾ തയ്യാറാവണം. സ്നേഹം എന്നത് ഒരാളിൽ നിന്ന് മാത്രം ഉണ്ടാകേണ്ടതല്ല. പരസ്പരം അത് കണ്ടെത്തണം. കിണറ്റിൽ നിന്നും വെള്ളം കിട്ടാൻ ചിലയിടത്ത് ആഴത്തിൽ കുഴിക്കേണ്ടി വരും. ചിലയിടത്ത് ഉള്ളിലെ പാറ പൊട്ടിക്കേണ്ടിവരും. എന്നാൽ മറ്റുചിലടുത്ത് അല്പം മാത്രം കുഴിച്ചാൽ മതി. അങ്ങനെയാണ് സ്നേഹവും. പലരിലും പല ആഴത്തിലാണ് ഇത് കിടക്കുന്നത്.  ചിലരിൽ സ്നേഹം കണ്ടെത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരും. പക്ഷേ ഒരിക്കൽ ഉറവ കണ്ടെത്തിയാൽ ഒരിക്കലും അത് വറ്റുകയില്ല. ഒരിടത്ത് അല്പം കുഴിച്ചപ്പോൾ വെള്ളം കണ്ടില്ല എന്ന് കരുതി അത് ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് കിണർ കുത്താൻ ശ്രമിക്കുന്നത് പോലെയാണ് പലരും വിവാഹ ജീവിതത്തെ കാണുന്നത്. ഇങ്ങനെയായാൽ പറമ്പ് മുഴുവൻ കിണർ കുത്തിയാലും വെള്ളം കിട്ടില്ല. അതിനാൽ അല്പം കൂടി കഠിനശ്രമം നടത്തി ഉള്ള കിണറ്റിൽ തന്നെ ഉറവ കണ്ടെത്താൻ ശ്രമിക്കണം. തീർച്ചയായും ഏവർക്കും അതിൽ വിജയിക്കാൻ കഴിയും. കിണർ കുത്താൻ പറ്റിയ സ്ഥലം കണ്ടെത്താൻ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്ന പോലെ, നല്ല പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ സ്വീകരിക്കേണ്ടതുതന്നെയാണ്. അത് മറക്കാൻ പാടില്ല. ശ്രീ മുരളി തുമ്മാരുകുടി നടത്തിയ  വിവാഹമോചനങ്ങൾ വർദ്ധിക്കുകയും, അറേഞ്ച്ഡ് മാര്യേജ് കുറയുകയും ചെയ്യുമെന്ന പ്രവചനം സത്യമാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. സമൂഹത്തിലെ ഐക്യത്തിന് വിപരീതഫലമാണ് ഇത് ഉണ്ടാക്കുക.  പരസ്പരമുള്ള സ്നേഹമില്ലായ്മ യുടെയും അവിശ്വാസത്തിന്റെയും ലക്ഷണമാണ് പല വിവാഹമോചനങ്ങളും.  ശക്തമായ സമൂഹത്തിന് സുദൃഢമായ കുടുംബങ്ങൾ അത്യന്താപേക്ഷിതമാണ്. അത് നമ്മളാൽ സാധ്യവുമാണ്. ഇനി അതിനായി ശ്രമിക്കാം.

 ഏറെ സ്നേഹത്തോടെ...... 🙏

Wednesday, May 17, 2023

😞ഡോക്ടർ, വീണ്ടും മാപ്പ്... മാപ്പ്...😞

 ഡോക്ടർ, ഇന്ന് വീണ്ടും ഞങ്ങൾ മാപ്പ് പറയുന്നു. പക്ഷേ അത് കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് ഡോക്ടർ വന്ദന ദാസ് പോയിക്കഴിഞ്ഞു. ആതുര സേവനമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സംതൃപ്തിയോടെ മടങ്ങുകയായിരുന്നില്ല അവൾ. തന്റെ ഇഷ്ട പ്രൊഫഷനിലേക്ക് കാലുകുത്തിയ വെറും 22 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയായ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ലഹരിയ്ക്കടിമപ്പെട്ട ഒരാളുടെ മൃഗീയ ആക്രമണത്തിൽ ആ യുവ ഡോക്ടർ കൊല്ലപ്പെടുകയായിരുന്നു. കണ്ണുനിറയാതെ ഈ വാർത്ത കാണാൻ പറ്റില്ല.

       കൊലപ്പെടുത്തിയ വ്യക്തി ഒരു അധ്യാപകനായിരുന്നു എന്ന് സത്യം ഏവരെയും അമ്പരപ്പിച്ചു. ചില പ്രൊഫഷനുകൾക്ക് നമ്മൾ ആദരം കൊടുക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് അധ്യാപനം. കുട്ടികളെ നേർവഴിയിലൂടെ നടത്തി അന്തസ്സുള്ള  വ്യക്തികൾ ആക്കുകയാണ് ഒരു അധ്യാപകന്റെ ഉത്തരവാദിത്വം. അതുപോലെ ജീവൻ എടുക്കുകയല്ല രക്ഷിക്കാൻ ശ്രമിക്കുകയാണ് ഒരു ഡോക്ടർ ചെയ്യേണ്ടതും. ഇവിടെ ലഹരിക്ക് അടിമയായ സന്ദീപ് എന്ന കൊലയാളി അധ്യാപകന്റെ ചികിത്സയ്ക്ക് ഒപ്പം നിന്ന ഡോക്ടർ വന്ദനയെയാണ് അയാൾ കൊലപ്പെടുത്തിയത്.

ഈ ഒരു ആക്രമണത്തോടെ എല്ലാം അവസാനിച്ചു എന്നും ആതുരസേവന രംഗത്തുള്ളവർ സുരക്ഷിതരാണെന്നും കരുതരുത്. ഡോക്ടർമാർ ഇതിനെതിരെ സമരം നടത്തിയ രണ്ടുദിവസത്തിനുള്ളിൽ തന്നെ ഡോക്ടർമാരെ രോഗികൾ ആക്രമിച്ച വാർത്തകൾ പലതും കണ്ടു.  പള്ളിപ്പുറം പഞ്ചായത്തിലെ ഷാജി(45) യെ ആണ് മദ്യലഹരിയിൽ സ്വകാര്യ ആശുപത്രിയിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. അതേ ദിവസത്തെ പത്രത്തിൽ തന്നെ പരിക്കേറ്റു ചികിത്സയ്ക്ക് ചെന്ന ഡോയൽ വാൻഡ്രിക് (24) എന്ന യുവാവിനെ ഡോക്ടറെ ആക്രമിച്ച കേസിൽ  അറസ്റ്റ് ചെയ്ത  വാർത്തയും കണ്ടു. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലേക്കാണ് വാഹന അപകടത്തിൽപ്പെട്ട ഇയാളെ കൊണ്ടുവന്നത്." ഞാൻ മദ്യപിച്ചു, മദ്യം മാത്രമല്ല പലരും കഴിച്ചിട്ടുണ്ട് . നീ വെറും ഡോക്ടറാണ്" എന്നും മറ്റും പറഞ്ഞ്   ഡോക്ടറുടെ കാരണത്തടിക്കുകയും, വധഭീഷണി  മുഴക്കുകയും ചെയ്ത ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. അതേ ദിവസത്തെ പത്രത്തിൽ തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ നടന്ന ഒരു സംഭവം ഉണ്ട്. കൈക്ക് പരിക്കേറ്റ ചികിത്സയ്ക്ക് എത്തിയ ശബരി (20) അറസ്റ്റിലായതും ചികിത്സിച്ച ഡോക്ടറെ അസഭ്യം പറഞ്ഞതിനാണ്. ഇതെല്ലാം മെയ് 17- 2023 മനോരമ പത്രത്തിൽ ( തിരുവനന്തപുരം എഡിഷൻ) വന്ന വാർത്തകൾ മാത്രമാണ്. ഇങ്ങനെയായാൽ  ചികിത്സാ രംഗത്ത് എന്തു സുരക്ഷിതത്വമാണ് ഡോക്ടർക്ക് ലഭിക്കുന്നത്? അവർ എങ്ങനെ രോഗികളെ  ശുശ്രൂഷിക്കും? ഒരുപക്ഷേ അവർ ലഹരിക്ക് അടിമയായവരെ ചികിത്സിക്കില്ല എന്ന ഒരു തീരുമാനവും എടുത്തേക്കാം. അങ്ങനെയുണ്ടായാൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ. ലഹരിയുടെ പുറത്ത് ആരെയും ആക്രമിക്കാം എന്തും പറയാം എന്ന നില വന്നാൽ സാധാരണക്കാരായ നമ്മൾക്ക് എത്രമാത്രം സുരക്ഷയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ഡോക്ടർക്ക് ലഭിക്കാത്ത സുരക്ഷിതത്വം, ഒരു സാധാരണ പൗരന് ലഭിക്കില്ല എന്നത് തീർച്ചയാണ്.

   വന്ദനയുടെ കാര്യത്തിൽ നടന്നത് പക പോക്കലോ വൈരാഗ്യം തീർക്കലോ ഒന്നുമായിരുന്നില്ല. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വ്യക്തികൾ ആയിരുന്നു അവർ. ലഹരിക്ക് അടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട ഒരുവന്റെ പേക്കൂത്തുകൾ ആയിരുന്നു. ഇന്ന് കേരളം ലഹരിക്ക് അടിമപ്പെടുകയാണ്. സന്ദീപിനെ പോലെയുള്ള മധ്യവയസ്ക്കർ മാത്രമല്ല യുവജനതയും കുട്ടികൾ പോലും ഇതിന് അടിമകളാവുകയാണ്. ലഹരി വസ്തുക്കളുമായി പിടിയിൽ എന്ന വാർത്തയില്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ കഴിയില്ല. അതുപോലെതന്നെ മയക്കുമരുന്ന് കഴിച്ച് ആക്രമണം നടത്തിയ വാർത്തകളും എന്നും ഉണ്ടാകുന്നുണ്ട്.

       എന്തുകൊണ്ടാണ് ഇത്രയധികം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് വരുന്നത്? ഇത്തരം ലഹരിവസ്തുക്കൾ വളരെയധികം ഇവിടെ എത്തുന്നു എന്നതിനർത്ഥം ഇവയുടെ ഉപഭോഗവും വളരെയധികം കൂടുതലാണ് എന്നതുതന്നെയാണ്. ലഹരിവസ്തുക്കളുടെ വില്പനയിൽ സർക്കാർ എടുക്കുന്ന തണുപ്പൻ നയമാണ് ഈ മയക്കുമരുന്നുകളുടെ വർദ്ധനവിന് കാരണം. സ്കൂളുകളിൽ-  പ്രത്യേകിച്ചും പെൺപള്ളിക്കുടങ്ങളിൽ പോലും- ഇവയുടെ വിൽപ്പന നടക്കുന്നു എന്നത് തീർച്ചയായും ഭയാനകമായ ഒരു വസ്തുത തന്നെയാണ്. പിടിഎ മീറ്റിങ്ങുകളിൽ പല രക്ഷിതാക്കളും ഇതിനെതിരെ പ്രതികരിക്കുന്നുമുണ്ട്. വിദ്യാലയങ്ങളിലും ആശുപത്രികളിലും മാത്രമല്ല ട്രെയിൻ ബസ് യാത്രകളിലും ഇത്തരം ലഹരിക്ക് അടിമയായവരുടെ ആക്രമണങ്ങൾ തുടർക്കാഴ്ചകളാണ്. തങ്ങളെ അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസിനെ പോലും ഇവർക്ക് ഭയമില്ല. എന്തെല്ലാം നടന്നാലും സുഖമായി ഇറങ്ങിപ്പോരാൻ കഴിയും എന്ന് ഇവർക്ക് ബോധ്യമുണ്ട്. ആ ധൈര്യം കൊടുക്കുന്നത് രാഷ്ട്രീയക്കാരാണ് എന്നതിൽ ഒരു സംശയവുമില്ല.

 നമ്മുടെ നാളേകളെ പ്രതിനിധാനം ചെയ്യേണ്ടവരാണ് ലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ ആക്രമണകാരികളായി നശിക്കുന്നത് . ലഹരിവസ്തുക്കളുമായി പിടിയിൽ ആയവർ വെളിപ്പെടുത്തിയ ചില സത്യങ്ങൾ നമ്മൾ ഭീതിയിലാക്കും. ഒറീസയിൽ നിന്നും മറ്റും 6000 രൂപയ്ക്ക് വാങ്ങിയ ലഹരി വസ്തുക്കൾ കേരളത്തിൽ വിൽക്കുന്നത് മുപ്പതിനായിരം രൂപയ്ക്കാണ്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇത്തരം വലിയ ലാഭം കൊയ്യാൻ ആൾക്കാർ തയ്യാറാകുന്നത് നിയമത്തെയും നിയമവ്യവസ്ഥയെയും ഭയമില്ലാത്തതുകൊണ്ടാണ്. ആരെല്ലാം നശിച്ചാലും സാരമില്ല, സ്വന്തമായി പണം നേടണം എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്.  അതിന്ഏ റ്റവും പറ്റിയത് കേരളമാണ്. അതായത് ലഹരിവസ്തുക്കളുടെ ഒരു കേന്ദ്രമായി കേരളം മാറുകയാണ്. ഈ വാസ്തവത്തിൽ നിന്നും എങ്ങനെയാണ് സർക്കാരിന് മുഖം തിരിക്കാൻ കഴിയുക? സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകുവാൻ ഈ സർക്കാരിന് ആകുമോ? അതി കർശനമായ നിയമം  നടപ്പാക്കലിലൂടെ മയക്കുമരുന്ന് കച്ചവടം സർക്കാറിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ കേരളത്തിന്റെ ഭാവി അതിഭീകരമായിരിക്കും." ദൈവത്തിന്റെ സ്വന്തം"നാട്ടിൽ നിന്നും "ചെകുത്തന്റെ സ്വന്തം" നാടായി മാറാൻ അധികകാലമൊന്നും  വേണ്ടിവരില്ല. അധ്യാപകരും മാതാപിതാക്കളും എത്ര ശ്രമിച്ചാലും ഈ ലഹരി വസ്തുക്കളുടെ വില്പന  ഇല്ലാതാക്കാൻ   സർക്കാർ തന്നെ മുന്നിട്ടിറങ്ങാതെ യാതൊരു പ്രയോജനവും ഉണ്ടാകില്ല. അധ്യാപകർക്ക് വിദ്യാലയത്തിനുള്ളിൽ മാത്രമേ ഒരു പരിധിവരെ വിദ്യാർഥികളെ നിയന്ത്രിക്കാൻ കഴിയൂ. മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കുന്നതിലും ചില ലിമിറ്റേഷനുകൾ ഉണ്ട്.ഇത്തരം ലഹരിവസ്തുക്കൾ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു എങ്കിൽ എങ്ങനെ കുട്ടികളെ സംരക്ഷിക്കാൻ ആകും. സത്യത്തിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ വളരെ കർശനമായി ശിക്ഷിച്ച് ഒഴിവാക്കുകയാണ് വേണ്ടത്. കൊലപാതകം നടത്തി എന്ന് തെളിഞ്ഞാൽ പ്രതിയെ  തൂക്കിക്കൊല്ലാൻ വരെ കോടതിക്ക് അധികാരമുണ്ട്. ഇവിടെ നടക്കുന്നത് അതിലും ഭീകരമാണ്. ഒരാളെയല്ല ഒരു കുടുംബത്തെ മുഴുവനുമായാണ് ഇവിടെ നശിപ്പിക്കുന്നത്. ഒപ്പം നാടിന്റെ ഭാവിയെയും. ഇത്തരക്കാർക്ക് എന്ത് ശിക്ഷ നൽകിയാലും അധികമാവില്ല. പക്ഷേ ഇവരെ പിടിക്കാനോ ശിക്ഷിക്കാനോ രാഷ്ട്രീയക്കാർക്ക് താല്പര്യമില്ല. അവർക്ക് ആവശ്യം ഭരണവും തുടർഭരണവുമാണ്. ഇതിനിടെ ലഹരിയും കുട്ടികളും ഒന്നും ഇവർക്ക് ബാധകമല്ല. നാളെ ഇതേ രാഷ്ട്രീയക്കാരുടെ കുട്ടികളും ലഹരിക്ക് അടിമപ്പെടുമ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇങ്ങനെ പോയാൽ ജനങ്ങളെ സ്നേഹിക്കുന്നവർ, നാടിനെ സ്നേഹിക്കുന്നവർ, ശക്തമായി തന്നെ നാളെ പോരാടാനിറങ്ങും. ഒരുപക്ഷേ നിയമം കയ്യിലെടുത്തു എന്നും വരാം. അന്ന് രാഷ്ട്രീയം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 അതുകൊണ്ട് സർക്കാരിനോടുള്ള ഒരു അപേക്ഷയാണ് . ദയവായി മദ്യവും ലഹരി വസ്തുക്കളും വിൽക്കുന്നത് തടയുന്ന കർശന നിയമം നടപ്പാക്കു. വരും തലമുറയെ എങ്കിലും രക്ഷിക്കൂ. ലഹരിയിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കൂ. ഇത് ഭരണകൂടത്തിന്റെ പ്രഥമ. ഉത്തരവാദിത്വമാണ്.

 ഒരു മലയാളി എന്ന നിലയിൽ,  ഒരു അമ്മ എന്ന നിലയിൽ ഏറെ വേദനയോടെ നിങ്ങളുടെ മുമ്പിൽ കൈ കൂപ്പുന്നു 🙏🙏🙏

Sunday, May 7, 2023

🌹വിജയി ആകുവാൻ🌹

 ഇന്നും ഒരു കഥയോടെ  തുടങ്ങാം. ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു "ആരെയാണ് നമുക്ക് വിജയി  എന്ന് പറയാൻ കഴിയുക"?

 ഗുരു പറഞ്ഞു" ഉറച്ച മനശക്തിയും ലക്ഷ്യബോധവും ഉള്ള വ്യക്തിയാണ് വിജയത്തിലെത്തുക. അങ്ങനെയുള്ളവരെ വിജയി എന്ന് വിളിക്കാം  "

 എത്ര സുന്ദരമായ വ്യക്തമായ വിശദീകരണംഅല്ലേ. പൊതുവേ നമ്മൾ വിജയി എന്ന് കരുതുന്നവർ പക്ഷേ ഈ നിർവചനത്തിൽ പെടുന്നവരാവില്ല. മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറുന്നവനും, എങ്ങിനെയും സ്വന്തം സ്ഥാനം സംരക്ഷിക്കുന്നവനും  ആണ് നമ്മുടെ മുന്നിലെ വിജയി. വിദ്യാലയങ്ങളിലും ജോലി സ്ഥലത്തും മികവ് തെളിയിച്ച് പാരിതോഷികങ്ങൾ വാങ്ങിക്കൂട്ടിയാൽ അവനെ നമ്മൾ വിജയിയായി കാണും. അത് ചതിയിലൂടെയും വഞ്ചനയിലൂടെയും ആയാലും ആ അധർമ്മങ്ങൾക്ക് നേരെ നമ്മൾ കണ്ണടയ്ക്കും.

 എന്നാൽ എല്ലാറ്റിലും ഒന്നാമൻ ആകുന്നതാണോ വിജയിയുടെ ലക്ഷണം? അല്ല.മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കുന്നവനാണ് വിജയി. നമ്മൾ ഓട്ട മത്സരം കണ്ടിട്ടില്ലേ? അതിൽ ഏറ്റവും മുന്നിൽ ഓടിയെത്തുന്നവനെ വിജയിയായി പൊതുവേ കാണുന്നു.     മത്സരത്തിനിടെ ഒരാൾ വീണാൽ അവനെ തഴഞ്ഞ് മുന്നേറുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വീണവനെ എഴുന്നേൽക്കുവാൻ സഹായിച്ച് വീണ്ടും ഓടാൻ പ്രേരണ നൽകുന്നവരെ നമ്മൾ ആദരവോടെ കാണും. വീണവരെ തഴഞ്ഞോടിയവർ മുമ്പിലുണ്ടാകും. പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ അവർക്ക് സ്ഥാനം ഉണ്ടാകില്ല. ഇപ്പോൾ നോക്കൂ, ആരാണ് വിജയി? മിടുക്ക് കാണിക്കേണ്ടത് സ്വയം വിജയിച്ചു കൊണ്ടല്ല, മറ്റുള്ളവരെ വിജയിക്കാൻ സഹായിച്ചുകൊണ്ടാണ്.

        വിജയം മാത്രം ലക്ഷ്യമാക്കുന്നവന്  പാരിതോഷികം കിട്ടിയേക്കാം. എന്നാൽ ഒപ്പമുള്ളവരെ പരിഗണിക്കുന്നവരുടെ സ്ഥാനം ജനഹൃദയത്തിൽ ആയിരിക്കും. മുമ്പിൽ എത്താൻ കരുത്ത് മതി. പക്ഷേ  മറ്റുള്ളവരെ ഒപ്പം കൂട്ടുന്നവന്കരുതൽ കൂടി ഉണ്ട്. ഈ പരസ്പര സ്നേഹമാണ്, കരുതലാണ് ഇന്ന് ലോകത്തിനാവശ്യം. ചുറ്റും നോക്കിയാൽ എങ്ങും സംഘർഷവും വിദ്വേഷവും അവഗണനയും സ്വാർത്ഥതയും നിറഞ്ഞിരിക്കുന്നു. പൂമ്പാറ്റകളെ പോലെ പറന്നു നടന്ന ഒരു ബാല്യം ഇന്നോർമ്മകൾ മാത്രമാണ്. കാരണം ഈ പിഞ്ചുകുഞ്ഞുങ്ങളെ പോലും കടന്നാക്രമിക്കാൻ മടിയില്ലാത്തവർ കഴുകൻ കണ്ണുമായി കാത്തിരിക്കുന്നത് നമുക്കറിയാം. കൗമാരവും യൗവനവും ലഹരിയിലേക്ക് ആകർഷിക്കപ്പെടുകയും ഒടുവിൽ വിവേക ശൂന്യരായി ആക്രമങ്ങൾക്ക് അടിമയാവുകയും ചെയ്യുന്നു. സമാധാനത്തോടെ മരണത്തെ വരിക്കേണ്ട വാർദ്ധക്യം ഇന്ന് അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും ആണ്. ഈ വിങ്ങുന്ന ഇരുളിൽ കാരുണ്യത്തിന്റെ ഒരു കൈത്തിരിക്കായി നാം കാത്തിരിക്കുന്നു. ഇവിടെയാണ് മുമ്പ് പറഞ്ഞ കരുതലുള്ളവന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നത്.  പരസ്പരം സ്നേഹിക്കുകയും സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകാത്തിടത്ത്  സുഖവും സമാധാനവും ഉണ്ടാവില്ല.

     പരിഗണനയുടെയും, കരുതലിന്റെയും ചിന്തകൾ കുഞ്ഞു മനസ്സിൽ ഉണ്ടാവേണ്ടത് സ്നേഹനിർഭരമായ ലോകം കെട്ടിപ്പടുക്കാൻ അത്യന്താപേക്ഷിതമാണ്. നാളെയെ നയിക്കേണ്ടവരാണ് ഇവർ. ഇത്തരം മൂല്യങ്ങൾ അവരിൽ ഉറയ്ക്കുമ്പോഴേ, ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കാൻ അവർക്ക് കഴിയു.

   ഇത്തരം സത്ചിന്തയോടെ  പ്രവർത്തിക്കുന്നവർ വളരെ വിരളമായിരിക്കും. എങ്കിലും ആ പ്രയത്നത്തിൽ അവർ വിജയിക്കുക തന്നെ ചെയ്യും. അധർമ്മത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല എങ്കിലും ധർമ്മത്തിന്റെ യശസ്സുയർത്താൻ സാധിക്കും എന്നതിൽ സംശയമില്ല . ഇത്തരത്തിൽ സത് പ്രവർത്തികൾ ചെയ്യുന്നവരെയും, ഹൃദയത്തോട്  ചേർത്തുപിടിക്കുന്നവരെയും, ഏവരും അംഗീകരിക്കുമെന്നോ പരിഗണിക്കുമെന്നോ കരുതരുത്. അവർക്കെതിരെയും ആരോപണങ്ങളുടെ പേമാരി തന്നെ ഉണ്ടായേക്കാം. ഇത്തരം ആരോപണങ്ങളെ എതിർത്ത് തോൽപ്പിക്കാൻ ആരാലും സാധ്യമല്ല. ഈ ആരോപണങ്ങളുടെ സത്യസ്ഥിതി അറിയാനും ആർക്കും താല്പര്യം ഉണ്ടാവില്ല. അതിനാൽ നിശബ്ദമായിരിക്കുന്നതാണ് ആരോപണങ്ങളെ അഭിമുഖീകരിക്കാനുള്ള ഒരു പോംവഴി. കാലം കഴിയുമ്പോൾ പല അപവാദങ്ങളും തെറ്റായിരുന്നു എന്ന് തെളിയും. താൻ ചെയ്യാത്ത കുറ്റങ്ങൾ തന്റെ മേൽ ചുമത്തപ്പെടുമ്പോൾ തകർന്നു പോകാതെ പിടിച്ചുനിൽക്കാൻ കഴിയണം. അവരുടെ മുമ്പിൽ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. വീണ്ടും വീണ്ടും അപവാദങ്ങൾ ഉയർത്താനെ അതിനു കഴിയൂ. സത്യം ജയിക്കും എന്നുറച്ചു വിശ്വസിച്ചുകൊണ്ട് നിശബ്ദമായി ആരോപണങ്ങളെ നേരിടണം. ആരെയും തോൽപ്പിക്കാൻ അല്ല സ്വയം തോൽക്കാതിരിക്കാൻ ആണ് നാം   ശ്രദ്ധിക്കേണ്ടത് , ശ്രമിക്കേണ്ടത് .

  ജീവിതത്തിൽ പലതും കാണാതിരുന്നും കേൾക്കാതിരുന്നും മൗനം പൂണ്ടും മുന്നോട്ടു പോയാൽ നമ്മുടെ ദിനങ്ങൾ കൂടുതൽ സമാധാനവും സന്തോഷവും നിറഞ്ഞതാകും. മുമ്പിൽ വരുന്നതിനോടെല്ലാം  പ്രതികരിച്ചല്ല, അവഗണിച്ചും   മുന്നേറുവാൻ നമുക്ക് സാധിക്കും. പക്ഷേ അതിന് ഏറ്റവും ആവശ്യം മനശക്തിയാണ്. ഒപ്പം തന്റെ ലക്ഷ്യത്തെ പ്രാപിക്കാനുള്ള ഉത്കടമായ ആഗ്രഹവും. ഈ രണ്ടു ഗുണങ്ങളും ഉള്ള വ്യക്തിയെ തോൽപ്പിക്കാൻ ഒരിക്കലും ആരാലും സാധ്യമല്ല. അങ്ങനെയുള്ളവരാണ് വിജയികളായി മാറുന്നത് . അപ്പോൾ ഈ ജീവിതയാത്രയിൽ വിജയിയാകാൻ നമുക്കും ഒന്ന് ശ്രമിച്ചാലോ...

 തീർച്ചയായും വിജയിക്കും എന്നുറച്ച വിശ്വാസത്തോടെ...... സ്നേഹത്തോടെ.... 🙏🙏🙏🙏

Thursday, April 20, 2023

ഒരു തിരിഞ്ഞുനോട്ടം

  താമസിച്ചു പോയി എങ്കിലും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🙏.

  ഇന്നത്തെ തലമുറയുടെ സുഖഭോഗങ്ങളോടുള്ള അമിതമായ താൽപര്യം കാണുമ്പോൾ ഒരു കഥയാണ് മനസ്സിൽ വരുന്നത്. പലരും കേട്ടിട്ടുള്ളതായിരിക്കും എങ്കിലും ഒന്നുകൂടി പറയട്ടെ.

 ഒരു മനുഷ്യൻ പുഴവക്കത്തിരുന്ന് മീൻ പിടിക്കുകയായിരുന്നു. അന്നത്തെ ഭക്ഷണത്തിന് തികയും എന്ന് തോന്നിയപ്പോൾ അയാൾ മീൻ പിടിക്കൽ നിർത്തി വീട്ടിലേക്ക് പോയി. അവിടെ ചെന്ന്  ആ മീൻ കൂട്ടി ഭക്ഷണം കഴിച്ച് വിശ്രമിച്ചു. അയാളുടെ പ്രവർത്തികളെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഒരു യുവാവ് ഒപ്പം ഉണ്ടായിരുന്നു. ആ യുവാവ് ചോദിച്ചു" ഒരു മീൻ മാത്രം പിടിച്ചു മടങ്ങാതെ താങ്കൾക്ക് കൂടുതൽ മീൻ പിടിച്ചു കൂടെ "

 അപ്പോൾ ആ മനുഷ്യൻ തിരിച്ചു ചോദിച്ചു "എന്നിട്ട്?"

 യുവാവ്- അത് വിറ്റ് പൈസ ഉണ്ടാക്കാം

 മനുഷ്യൻ -എന്നിട്ട്?

 യുവാവ് -കൂടുതൽ പണം ആകുമ്പോൾ ഒരു മീൻ പിടിക്കുന്ന ബോട്ട് വാങ്ങാം.

 മനുഷ്യൻ- എന്നിട്ട്?

 യുവാവ് -കിട്ടുന്ന ലാഭം കൊണ്ട് നല്ല വീട് വയ്ക്കാം

 മനുഷ്യൻ- എന്നിട്ട്?

 യുവാവ്- വീണ്ടും ധാരാളം സമ്പാദിക്കാം

 മനുഷ്യൻ- എന്നിട്ട്?

 യുവാവ്- നിങ്ങൾക്ക്  വയ്യാതാകുമ്പോൾ സുഖമായി വിശ്രമിക്കാം

 മനുഷ്യൻ- അതു തന്നെ അല്ലേ ഞാനിപ്പോൾ ചെയ്യുന്നത്.🤭

 രസകരമായ ഒരു കുഞ്ഞു കഥ, അല്ലേ? ആ മനുഷ്യന്റെ ചിന്താഗതി നോക്കിയാൽ അയാൾക്ക് ഭൗതിക സുഖങ്ങളോട്    യാതൊരു പ്രതിപത്തിയും ഇല്ല എന്ന് കാണാം. പക്ഷേ യുവാവിനെ സംബന്ധിച്ചിടത്തോളം ഇനിയും ഇനിയും നേടണം എന്ന  ത്വരയാണ് ഉള്ളതെന്നും മനസ്സിലാകും. സമൂഹത്തിൽ ഇന്നു കാണുന്നതിന്റെ പ്രതിഫലനമാണ് ഈ കഥ എന്നു പറയാം. എല്ലാം നേടാനുള്ള അത്യാഗ്രഹം. മറ്റുള്ളവർക്കുള്ളതെല്ലാം എനിക്കും വേണം എന്ന തോന്നൽ. ഇതെല്ലാം നേടിയാൽ മനുഷ്യന് സംതൃപ്തി ഉണ്ടാകുമോ? ഒരിക്കലുമില്ല. ഒന്ന് നേടുമ്പോഴേക്കും ഒരായിരം ആഗ്രഹങ്ങൾ പൂർത്തീകരണം കാത്ത് വരിവരിയായി നിൽക്കും.തന്നെ മറന്നും തന്റെ ഒപ്പമുള്ളവരെ മറന്നും എന്ത് നേടാനാണ്? ഇങ്ങിനെ നേടിയിട്ട് എന്ത് പ്രയോജനം? പലരും തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനിടെ മറന്നു പോകുന്ന ചില കടമകൾ ഉണ്ട്‌,  ബന്ധങ്ങൾ ഉണ്ട്. അച്ഛനമ്മമാരോട്, സഹോദരി സഹോദരന്മാരോട്, ഭാര്യാഭർത്താക്കന്മാർ തമ്മിൽ, കുട്ടികളോട്,  സുഹൃത്തുക്കളോട് ഒക്കെയുള്ള കടമകൾ. തന്റെ ചുറ്റുമുള്ള ഈ ബന്ധങ്ങളെയെല്ലാം അവഗണിച്ച് അവരുടെ ആരുടേയും സന്തോഷവും സങ്കടവും അറിയാതെ സ്വന്തം താൽപര്യം മാത്രം മുൻനിർത്തിയുള്ള ആ പരിശ്രമം പക്ഷേ പലപ്പോഴും വിജയം കാണാറില്ല. ഇനി വിജയം കണ്ടാലും, അവരുടെ കണ്ണീരിന് പിന്നീട് കണക്ക് പറയേണ്ടി വരിക തന്നെ ചെയ്യും. ലക്ഷ്യം നേടിയ ശേഷം ചുറ്റുമുള്ളവരെ പരിഗണിക്കാം എന്നാവും പലപ്പോഴുംഇവർ ചിന്തിക്കുന്നത്. പക്ഷേ അപ്പോഴേക്കും കാലം വളരെ കഴിഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ പരിഗണന ആവശ്യമില്ലാത്തത്ര ദൂരത്തിൽ അവർ എത്തിയിട്ടുണ്ടാകും. നിങ്ങളുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ അപ്പോഴേക്കും മാതാപിതാക്കൾ ഈ ലോകം വിട്ടു പോയേക്കാം. സഹോദരങ്ങൾ, നിങ്ങളുടെ സഹായമില്ലാതെ, സ്വന്തം കുടുംബം കരുപ്പിടിപ്പിക്കുകയാവും. മക്കൾക്ക് നിങ്ങളുടെ ആവശ്യം തന്നെ ഇല്ല എന്ന് സ്ഥിതിയിലായേക്കാം. പങ്കാളി അന്യനെപ്പോലെ /അന്യയെപ്പോലെ നിങ്ങളെ കണക്കാക്കിയേക്കാം. താൻ നേടിയതൊന്നും ഇന്ന് ആർക്കും വേണ്ട എന്ന് തിരിച്ചറിവിൽ-തന്റെ ശ്രമം വൃഥാവിലായി  എന്നും   ഇന്നുതൻ ആർക്കും വേണ്ടാത്ത ഒരു ഒരാളായി മാറി എന്നും ഉള്ള തിരിച്ചറിവിൽ- നിങ്ങൾ ഒരുപക്ഷേ തകർന്നു പോകും. കൊടുക്കേണ്ടത്, കൊടുക്കേണ്ട സമയത്ത് കൊടുക്കണം. ദാഹിക്കുമ്പോൾ ആണ് വെള്ളം കൊടുക്കേണ്ടത്. വിശക്കുമ്പോൾ ഭക്ഷണവും. സ്നേഹം ആവശ്യമുള്ള സമയത്ത് അത് കൊടുക്കാൻ കഴിയണം. സ്വന്തം മാതാപിതാക്കളെ സ്നേഹിച്ച്അനുസരിച്ച് അവരുടെ താൽപര്യം അറിഞ്ഞു ജീവിച്ചാൽ പശ്ചാത്താപത്തിന് ഇടയുണ്ടാകില്ല. കുട്ടികളെ എന്നും സ്നേഹിക്കുമെങ്കിലും അവരുടെ ബാല്യ-  കൗമാരകാലം എന്നും അവരോടൊപ്പം അവരുടെ ഇഷ്ടം അറിഞ്ഞു ജീവിക്കാൻ കഴിയണം. സഹോദരങ്ങൾ എന്നും ശക്തിയാണ്. അവരെ ഹൃദയത്തോട് ചേർത്തുനിർത്താൻ ഒരിക്കലും മറക്കരുത്. ജീവിതപങ്കാളിയോടൊപ്പം ഉള്ള ദാമ്പത്യം, പരസ്പരം അറിഞ്ഞും സ്നേഹിച്ചും ആയിരിക്കണം. ജീവിതത്തിന്റെ ഒടുവിൽ വരെ ഉണ്ടാകുക ഭാര്യ ഭർത്താക്കന്മാർ മാത്രമാണ് ( മരണം എപ്പോൾ വേണമെങ്കിലും വരാം എന്ന സത്യം മറക്കുന്നില്ല). തിരിച്ചു സ്നേഹിച്ചില്ലെങ്കിലും അച്ഛനമ്മമാർ ശപിക്കില്ല. 😞പക്ഷേ സഹോദരങ്ങൾ പിണങ്ങും,പിരിയും. തനിക്ക് കിട്ടിയ സ്നേഹം പോലും തിരിച്ചു നൽകാത്ത മക്കൾ,കിട്ടാത്ത സ്നേഹം തിരിച്ചു കൊടുക്കില്ലല്ലോ( നമ്മൾ  സ്വന്തം താല്പര്യങ്ങൾക്കായി മാതാപിതാക്കളെ അവഗണിച്ചില്ലേ അതുതന്നെ ഇതിന് ഉദാഹരണം. നമ്മളെയും നമ്മളുടെ മക്കൾ അവഗണിച്ചേക്കാം).

 എനിക്കറിയാവുന്ന ഒരു യുവാവ് ഉണ്ട്. അവന് സ്വന്തം മാതാപിതാക്കളോട് ഒരു ഇഷ്ടവുമില്ല, പ്രത്യേകിച്ചും അമ്മയോട്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നത് കൊണ്ട് അവനെ വളർത്തിയത് മറ്റുള്ളവരായിരുന്നു. എനിക്ക് വേണ്ടി സമയം നീക്കി വയ്ക്കാത്ത ഇവരെ എനിക്കും വേണ്ട എന്നാണ് അവൻ ഇപ്പോൾ പറയുന്നത്. സത്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇന്നത്തെ ജീവിത നിലവാരത്തിൽ രണ്ടുപേർക്കും ജോലി അത്യാവശ്യമാണ്. അതിനെതിരെ കുറ്റം പറയാൻ പറ്റില്ല. പക്ഷേ സ്വന്തം മകനുവേണ്ടി കുറച്ച് സമയം ചിലവഴിക്കാമായിരുന്നു. അവന്റെ കുഞ്ഞു സന്തോഷവും സങ്കടവും കേൾക്കാൻ അവനോടൊപ്പം ഉണ്ടാകണമായിരുന്നു. ഇങ്ങിനെ ചെയ്യാത്ത മാതാപിതാക്കളെ കുട്ടികൾ എങ്ങനെ സ്നേഹിക്കും? പണത്തിനും പദവിക്കും സ്വാർത്ഥതയ്ക്കുമായി കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകാത്തവരെ സ്നേഹിക്കാൻ ആർക്കാണ് കഴിയുക? അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്നേഹം നദി പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. താഴോട്ടു മാത്രമേ ഒഴുകു. മക്കളെയും കൊച്ചുമക്കളെയും പരിഗണിക്കുന്ന നമ്മൾ, മുതിർന്ന മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കും. നമ്മളും നടന്ന അടുക്കുന്നത് അവർ നിന്ന സ്ഥലത്തേക്ക് തന്നെയാണ്. എന്നിട്ടും നമ്മൾ അത് തിരിച്ചറിയുന്നില്ല. എന്തൊരു കഷ്ടമാണ് അല്ലേ.☹️

 പറയാൻ ഒന്നു മാത്രമേയുള്ളൂ. ജീവിതം എന്നത് വളരെ ചെറുതാണ്. ഇന്നലത്തെ ദിവസമല്ല, കഴിഞ്ഞ ഒരു നിമിഷം പോലും നമുക്ക് തിരിച്ചു കിട്ടില്ല. ഇപ്പോഴുള്ളവരിൽ എത്രപേർ നാളെ ഉണ്ടാകും എന്നും അറിയില്ല.അമിതമായ ആഗ്രഹത്തിന്റെയും,ഈഗോയുടെയും, സ്വാർത്ഥതയുടെയും എല്ലാം പേരിൽ നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതമാണ് എന്ന് തിരിച്ചറിയൽ എല്ലാവർക്കും ഉണ്ടാവണം. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളേയും മക്കളെയും പങ്കാളിയെയും ചേർത്തുപിടിക്കാൻ മടിക്കരുത്. 🤗അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്, കർത്തവ്യമാണ്. നമ്മുടെ ചുറ്റും ഉള്ളവരെ, അവർ എന്തു ചെയ്തു എന്നു നോക്കാതെ തന്നെ സ്നേഹിക്കണം, കാരണം നമ്മളിൽ ആരൊക്കെ അടുത്ത നിമിഷം ഉണ്ടാകും എന്നറിയില്ലല്ലോ. ഒരാൾ ജീവിതത്തോട്  വിടപറഞ്ഞു പോയശേഷം നമുക്ക്പശ്ചാത്താപം തോന്നിയിട്ടോ കുറ്റബോധം തോന്നിയിട്ടോ ഒരു കാര്യവും ഇല്ല. അതുകൊണ്ട്  ജീവിച്ചിരിക്കുമ്പോൾ  ചെയ്യേണ്ട കർമ്മങ്ങൾ ഏവരും ചെയ്യുക തന്നെ വേണം.🙏 വൈര്യം മറന്ന് സ്നേഹിക്കാനായാൽ ഈ ലോകം തന്നെ മാറും എന്നതിൽ സംശയമില്ല, പിന്നെയാണോ നമ്മുടെ ചുറ്റുമുള്ള ബന്ധങ്ങൾ.😊

ഏറെ സ്നേഹത്തോടെ......😊

Friday, April 7, 2023

ചിന്തകളും ജീവിതവും

   വാക്ക് അഗ്നിയാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പകരാനുംഅത് ചുട്ടെരിക്കാനും വാക്കുകൾക്ക് കഴിയും. വേദനയാൽ കണ്ണുനിറയ്ക്കാനും സന്തോഷം കൊണ്ട് മനസ്സുനിറയ്ക്കാനും ഇതേ വാക്കിന് സാധിക്കും. മനസ്സിനെ ശുദ്ധമാക്കാനും, മലീമസമാക്കാനും കഴിയുന്ന വാക്കുകൾ, ശാന്തരാക്കുവാനും വികാര തീവ്രത കൈവരിക്കാനും സഹായിക്കും. വാക്കുകൾ കേൾക്കുമ്പോൾ വേദന തോന്നുന്ന വ്യക്തിക്ക് കേട്ട വാക്കിനോട് പൊറുക്കാനേ കഴിയൂ, മറക്കാൻ കഴിയില്ല എന്നതിനാൽ  വാക്കുകൾ ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കേണ്ടതാണ്.  വേണ്ടപ്പോൾ വേണ്ടതുമാത്രം സംസാരിക്കുന്ന വ്യക്തിയിലൂടെ വാക്കുകൾ മനോഹരമാകുന്നു.

     വാക്കുകൾക്ക് രൂപം നൽകുന്നത് നമ്മുടെ ചിന്തകളാണ്. വ്യക്തിയുടെ ചിന്താരീതി, പറയുന്നതും എഴുതുന്നതുമായ വാക്കുകളിൽ നിന്നും മനസ്സിലാകും. നല്ലത് ചിന്തിക്കുന്ന മനസ്സിന്റെ ഉടമകളിൽ നിന്നും വരുന്ന വാക്കുകളും സുന്ദരമായിരിക്കും. ഒപ്പം നിൽക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹായിക്കുന്ന വാക്കുകളാവും അത്. ആ വാക്കുകളിലൂടെ കേൾക്കുന്നവരുടെ ഹൃദയത്തിൽ അവർ ഇടം നേടും. അങ്ങനെ വാക്കുകളിലൂടെ അവരുടെ  ചിന്താശൈലിയിൽ ആകൃഷ്ടരാകുന്ന നമ്മൾ ആ ശൈലിയെയും പിന്തുടരാൻ ശ്രമിക്കും. ചുരുക്കത്തിൽ നല്ല ചിന്തകളും നല്ല വാക്കുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നല്ല ചിന്തകളിലൂടെ നല്ല വാക്കുകൾ വരുന്നു. നല്ല വാക്കുകൾ കേൾക്കുന്നവർ നല്ല ചിന്തയിലേക്കു മാറുന്നു.

  ഗുണകരവും പ്രചോദനകരവുമായ ചിന്തകൾ നമ്മുടെ ജീവിതത്തിന് നിറം പകരും എന്നതിന് സംശയമില്ല. എപ്പോഴാണോ നമ്മുടെ ചിന്തകൾ തെറ്റായ  വഴിയിലേക്ക് നീങ്ങുന്നത് അപ്പോൾ തന്നെ അത് നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം. ഇത് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്നതൊന്നുമല്ല. എങ്കിലും കഠിനമായ പരിശ്രമത്തിലൂടെ അത് സ്വായത്തമാക്കാൻ സാധിക്കും. അതിനു വേണ്ടത് ഒരു വ്യക്തിയെ പറ്റി തെറ്റായ ചിന്തകൾ വരുമ്പോൾ ആ വ്യക്തിയുടെ നന്മയെ പറ്റി ചിന്തിക്കുക എന്നതാണ്. ഉദാഹരണമായി A എന്ന വ്യക്തിയെ നമുക്ക് ഇഷ്ടമല്ല എന്ന് കരുതുക. A ചെയ്തിട്ടുള്ള മോശം പ്രവർത്തികൾ മാത്രം ഓർത്താൽ തീർച്ചയായും അയാളെ നമ്മൾ വെറുക്കും. എന്നാൽ ഒരാളിൽ തിന്മകൾ മാത്രമല്ല നന്മയും കാണും എന്നതാണല്ലോ സത്യം.ആ നന്മകൾ നമ്മൾ തിരിച്ചറിയണം. അങ്ങനെ A  എന്ന വ്യക്തി ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ഓരോന്നായി നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ A എന്ന വ്യക്തിയോടുള്ള വെറുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെ തന്നെ, നമ്മുടെ ചിന്തകളിൽ വരുത്തിയ മാറ്റത്തിലൂടെ മനോഭാവത്തിൽ ഉണ്ടായ അത്ഭുതകരമായ മാറ്റം നോക്കൂ! വിശ്വസിക്കാൻ കഴിയില്ല അല്ലേ! ഇത് നല്ല ചിന്തയുടെ ഫലമാണ്. ചിന്തയിൽ മാറ്റം വരുത്തിയാൽ നമ്മളിലെ വിരോധവും വെറുപ്പും എല്ലാം ഇല്ലാതാകും. നല്ല ചിന്തകളും നല്ല വാക്കുകളും ബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായിക്കും.

  ചിലപ്പോൾ നമ്മൾ വാക്കുകളെ തെറ്റിദ്ധരിക്കാറുണ്ട്. ഈ തെറ്റിദ്ധാരണകൾ, അകൽച്ചയ്ക്കും  വിദ്വേഷത്തിനുമെല്ലാം കാരണമാകാറുമുണ്ട്.  സ്വന്തം തെറ്റിദ്ധാരണകൾക്ക് കാരണം നമ്മുടെ തെറ്റായധാരണകൾ ആണെന്ന് തിരിച്ചറിഞ്ഞാൽ മറ്റുള്ളവരുടെ വാക്കുകളെ തെറ്റിദ്ധരിക്കില്ല. തെറ്റിദ്ധാരണകൾ തനിയെ മാറുന്നവയല്ല. നമ്മൾ മാറ്റേണ്ടവയാണ്. നമ്മുടെ ചിന്തകളെ കൂടുതൽ വിശാലമാക്കിയാൽ ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പറ്റും.  

         സ്വാർത്ഥതാപരമായ ചിന്തകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമാകും. . മറ്റുള്ളവരിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന വൈകാരിക സുഖത്തിനു വേണ്ടിയാണ് പലപ്പോഴും നമ്മൾ ശ്രമിക്കുന്നത്. ഒരുപടി താഴെ നിൽക്കേണ്ടി വന്നാൽ പിന്നെ അസ്വസ്ഥതയാണ്. എങ്ങിനെയെങ്കിലും മുകളിൽ എത്താനുള്ള തത്രപ്പാടാണ് പിന്നീട്. നമ്മുടെ ലക്ഷ്യം തന്നെ എങ്ങിനെയെങ്കിലും നേതൃസ്ഥാനത്ത് എത്തണം എന്നതായതിനാൽ ആ പരിശ്രമത്തിൽ ഉദ്ദേശശുദ്ധിയും കർമ്മശുദ്ധിയും ഉണ്ടാകണമെന്നില്ല. ചിലർ തനിക്ക് ലഭിച്ച കർമ്മങ്ങൾ ഭംഗിയോടെ ചെയ്യും. അതിൽ താൻ 'തലവൻ 'ആണോ 'താഴെയാണോ' എന്നൊന്നും ചിന്തിക്കില്ല. സന്തോഷത്തോടെ ചെയ്യുന്നതുകൊണ്ട് അയാൾക്ക് മനസ്സമാധാനവും ഉണ്ടാവും. എന്നാൽ മറ്റു ചിലരുടെ ലക്ഷ്യം ഒപ്പമുള്ളവരിൽ നിന്നും ഉയരെ എത്തുക എന്നതാണ്. ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ സന്തോഷമില്ലാതെ ഉയർന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇവർ. താൻ ചെയ്യുന്ന പ്രവർത്തിയിൽ ഇവർക്കൊരിക്കലും സന്തോഷമോ സംതൃപ്തിയോ ഉണ്ടാകാറില്ല. ഇതുമൂലം മുകളിൽ എത്തിയാലും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഇവർക്ക് സാധിക്കുന്നില്ല.

 ജീവിതത്തെ മാറ്റിമറിക്കാൻ നമ്മുടെ ചിന്തകൾക്ക് കഴിയും. മനസ്സിൽ വെറുപ്പ് പക വിദ്വേഷം തുടങ്ങിയ വികാരങ്ങൾ മറ്റുള്ളവരോട് വെച്ചുപുലർത്തിയാൽ, നാം നമ്മുടെ ജീവിതമാണ് ദുരിതപൂർണ്ണമാക്കുന്നത്. നമ്മുടെ ഉള്ളിലെ എല്ലാ നന്മകളെയും അവ കാർന്നു തിന്നും. നമ്മുടെ ഉള്ളിലെ മൂല്യം വർധിപ്പിക്കുവാൻ നാം പരിവർത്തനത്തിന് തയ്യാറാവണം. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും തയ്യാറായില്ല എങ്കിൽ നമ്മൾ ഒറ്റപ്പെട്ടു പോകും. എവിടെയാണോ നിൽക്കുന്നത് അവിടെത്തന്നെ നിന്നുപോകും. പല വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് മറ്റുള്ളവരെ അംഗീകരിക്കാനുള്ള വൈമുഖ്യമാണ്.

 ചുരുക്കത്തിൽ നമ്മുടെ ചിന്തകൾ മാറുമ്പോൾ,വാക്കുകളിലും പ്രവർത്തികളിലും മാറ്റം ഉണ്ടാകും. നല്ല ചിന്തകൾ നന്മയിലേക്ക് അധമ ചിന്തകൾ തിന്മയിലേക്കും നയിക്കും.  ചിന്തകളാൽ നയിക്കുമ്പോൾ തെറ്റും ശരിയും തിരിച്ചറിയാറിയാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. നമ്മുടെ ജീവിതം സ്വർഗ്ഗമാക്കാനും നരകമാക്കാനും ചിന്തകൾ കഴിയും. അതിനാൽ ആദ്യം നിയന്ത്രിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്.    ആധ്യാത്മികത, നല്ല     ചിന്തകളെ രൂപപ്പെടുത്തുവാൻ സഹായിക്കും. ചിന്തകളുടെ മാർഗ്ഗത്തെ വഴി തിരിച്ചുവിടാൻ ജ്ഞാനത്തിനു കഴിയും. നല്ല പുസ്തകങ്ങളും പ്രഭാഷണങ്ങളും സത്സംഗങ്ങളും എല്ലാം ജ്ഞാനം പകരുന്നവയാണ്. ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളിലെ അജ്ഞത എന്ന ഇരുട്ടിനെ നീക്കുമ്പോൾ വെറുപ്പും വിദ്വേഷവും മാത്സര്യവുമെല്ലാം ഇല്ലാതായി എങ്ങും പ്രകാശം മാത്രം നിറയും. അങ്ങനെ ഒരു മാറ്റത്തിന് നമുക്കും ശ്രമിക്കാം അല്ലേ.

 ഏറെ സ്നേഹത്തോടെ..... 🙏

Friday, March 31, 2023

മരണത്തെ ആഘോഷമാക്കുന്നവർ

 കുറെ നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ വിഷയം. മരണം ആഘോഷമാക്കുന്ന ചിലരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. എല്ലാം മലയാളികളുടെയും മനസ്സിൽ വേദന നിറയ്ക്കുകയായിരുന്നു ഇന്നസെന്റിന്റെ മരണം. അതിന് തൊട്ടുമുമ്പ് സുബി സുരേഷ് അപ്രതീക്ഷിതമായി കടന്നുപോയപ്പോഴും നമ്മൾക്കുണ്ടായത് ഇതേ ദുഃഖമായിരുന്നു. നമ്മളിൽ ഒരാളായി നിന്ന് നമ്മളെ ചിരിപ്പിച്ച ഹാസ്യ താരങ്ങളായിരുന്നു ഇരുവരും. സുബി സുരേഷ് മറ്റുള്ളവരെ കൂടി കളിയാക്കിയാണ് നമ്മളെ ചിരിപ്പിച്ചതെങ്കിൽ, ഇന്നസെന്റ്, താൻ ഉൾപ്പെടെയുള്ള സ്വന്തം കുടുംബത്തെ തമാശയിലൂടെ അവതരിപ്പിച്ച്ഏ വരുടെയും കയ്യടി വാങ്ങി. ഒരുപക്ഷേ ആ ചിരിക്ക് ഏറ്റവും കൂടുതൽ കാരണമായത് അദ്ദേഹത്തിന്റെ സ്വന്തം ആലിസ് തന്നെയാകും. അങ്ങനെ നമ്മൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ അപ്പനും, അമ്മയും,ആലിസ്സും, കുട്ടികളും  ചേർന്ന് നമ്മളെ ഒത്തിരി ചിരിപ്പിച്ചു.

   സോറി,ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല. മരണത്തെ ആഘോഷമാക്കുന്നവരെ കുറിച്ചാണ്. മരണവീട്ടിലെ വല്ലാത്ത തിരക്കിനെ കുറിച്ചാണ്. പ്രമുഖർ മരിക്കുമ്പോൾ ആളുകൾ തടിച്ചു കൂടും. പിന്നെചിലരുടെ ശ്രമം,എങ്ങിനെയെങ്കിലും മുമ്പിലേക്ക് നുഴഞ്ഞുകയറി മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാനാണ് . പ്രമുഖ താരങ്ങൾ കൂടി വരുമെന്ന് അറിഞ്ഞാൽ  പിന്നെ ഈ ആളുകൾക്ക് കുശാലായി. വീട്ടിൽ പോകാതെ ഭക്ഷണം കഴിക്കാതെ അവിടെത്തന്നെ നിൽക്കും. താരങ്ങൾ വരുമ്പോൾ മിസ് ആകരുതല്ലോ. അവർ വന്നാൽ  അവരുടെ ഫോട്ടോയെടുപ്പാണ് പിന്നെ. പറ്റിയാൽ അവരുള്ള  ആ ബാക്ഗ്രൗണ്ടിൽ  സെൽഫി എടുക്കാനും നോക്കും. ഇതെല്ലാം കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച് കേമനാകും.

 ഇതിനിടെ കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആ മൃത ദേഹത്തിന് അടുത്തു പോലും വരാനോ ഇരിക്കാനോ പറ്റില്ല. തിരക്കോട് തിരക്ക്. സത്യത്തിൽ മരിച്ചുപോയ വ്യക്തിയോടുള്ള സ്നേഹം ഒന്നുമല്ല ഇവിടെ. ( ആയിരുന്നു എങ്കിൽ ആ വ്യക്തിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് മാറി നിന്നേനെ ). അവിടെ എത്തുന്ന പ്രമുഖരെ - പ്രത്യേകിച്ചും സിനിമ രംഗത്തെ പ്രമുഖർ - കാണാമല്ലോ എന്നതാണ് അവരുടെ താൽപര്യം. എന്തിനാണിവർ ആ കുടുംബാംഗങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത്? മരണവീട്ടിൽ ആരും വരരുതെന്നോ കാണരുതെന്നോ അല്ല ഞാൻ ഉദ്ദേശിച്ചത്. ആ വീട്ടുകാർക്ക്, അവരുടെ സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് എല്ലാം അവരുടെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കേണ്ടതാണ്. നാലാൾ അറിയുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും പൊതുപ്രദർശനം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക്‌ അവിടെ പോയി തങ്ങളുടെ  ആദരം അറിയിക്കാം  . പക്ഷേ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നാൽ കഴിയുന്നതും മറ്റുള്ളവർ അവിടേക്ക് പോകാതിരിക്കുക. ഇന്നലെവരെ തന്റെ സ്വന്തമായിരുന്ന വ്യക്തി വിടപറയുമ്പോഴുള്ള വിഷമം നമ്മൾ മനസ്സിലാക്കണം. അടുത്തിരിക്കാനും കരയാനും അവരെ സ്വതന്ത്രമായി വിടൂ. അവരുടെ അടുത്ത സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് മാത്രമായി ആ സമയം നൽകാൻ നമ്മൾ തയ്യാറാവണം.

   പൊതുജനങ്ങളെ പോലെ തന്നെ രാഷ്ട്രീയക്കാർക്കും വീട്ടിൽ വന്നു കണ്ടാലേ തൃപ്തിയാകു. ഉയർന്ന നേതാവാണെങ്കിൽ പിന്നെ സെക്യൂരിറ്റിയുടെ ബുദ്ധിമുട്ടിക്കൽ വേറെ. സത്യത്തിൽ കഷ്ടമാണിത്. പൊതുദർശനത്തിന് വെക്കുമ്പോൾ ഇവർക്കൊക്കെ പോയി കണ്ടു കൂടെ. വീട് എന്ന സ്വകാര്യ ഇടത്തിലേക്ക് എന്തിനാണ് ഇവരെല്ലാം തെള്ളി കയറി വരുന്നത്? തങ്ങളുടെ അടുപ്പം കാണിക്കാനോ? അതോ വോട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചോ? ഇന്നസെന്റി ന്റെ കാര്യത്തിലും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആ മരണ വീട്ടിൽ പോലും എന്തൊരു തിരക്കായിരുന്നു. പള്ളിലച്ചനും കുടുംബാംഗങ്ങൾക്കും പ്രാർത്ഥന പോലും സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതി. അന്ത്യ ചുംബനം നൽകാൻ പോലും സാധിക്കാത്ത തിരക്ക്. ഒടുവിൽ മൃതദേഹം പള്ളിയിലേക്ക് എടുത്തപ്പോൾ ആളുകളുടെ തിരക്ക് അവിടേക്ക്. പള്ളിക്കുള്ളിലും ശ്മശാനത്തിലും എല്ലാം ജനങ്ങൾ. ഇത്രയും സ്നേഹം വേണ്ട എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അവസ്ഥ. കുഴിയിലേക്ക് ഇറക്കിയ പെട്ടിയുടെ മുകളിലേക്ക് മണ്ണിടുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. തികച്ചും സ്വകാര്യമായ ഈ ചടങ്ങിൽ ഒരു മന്ത്രിയെ മുന്നിലേക്ക് നീക്കി നിർത്തുന്നത് കണ്ടു.  എന്താണ് അവർക്കവിടെ കാര്യം? ആരെ കാണിക്കാനാണ്  എന്ന് ആർക്കും തോന്നും. തന്റെ ദുഃഖം പ്രത്യേകം അറിയിക്കാൻ ആണെങ്കിൽ, ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം ആ കുടുംബത്തിന്റെ സൗകര്യം നോക്കി അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കു.

  ..    രാഷ്ട്രീയക്കാരും പൊതുജനങ്ങളും മാത്രമല്ല ചാനൽ ക്യാമറമാൻ മാരും റിപ്പോർട്ട് മാരും ഇതിൽപ്പെടും. ഓരോ പ്രമുഖ വ്യക്തികൾ വരുമ്പോഴും അവരെ ക്യാമറയിൽ ആക്കാനും, അവർ ആരോട് സംസാരിച്ചു എന്ത് സംസാരിച്ചു എന്നെല്ലാം പൊതുജനങ്ങളെ ആദ്യം അറിയിക്കാനുമുള്ള  അവരുടെ വ്യഗ്രത കാണുമ്പോൾ സത്യത്തിൽ വെറുപ്പാണ് തോന്നുക. തന്റെ അടുത്ത സുഹൃത്തിനെ അവസാനമായി കാണാൻ, അന്തിമോപചാരം അർപ്പിക്കാൻ എത്തുന്ന പ്രമുഖരെ ചുറ്റി വളഞ്ഞ്അ ഭിപ്രായം തേടുന്ന മാധ്യമങ്ങൾ ശരിക്കും സഹതാപമർഹിക്കുന്നു. ഈ മാധ്യമ പടകളെയും പൊതുജനങ്ങളെയും പേടിച്ച് പല പ്രമുഖർക്കും മരണസ്ഥലങ്ങളിൽ പോകാൻ ഭയമാണ്. അവരുടെ പ്രസൻസ് ഇവർ ആഘോഷമാക്കുന്നതാണ് കാരണം. ഒരു ക്യാമറ വെച്ച്  വീട്ടിലെ ചടങ്ങുകൾ റെക്കോർഡ് ചെയ്തു എല്ലാ ചാനലുകൾക്കും കൊടുക്കുക. അവർ അവർക്ക്‌ ഇഷ്ടം പോലെ  ടെലികാസ്റ്റ് ചെയ്യട്ടെ. പ്രമുഖരുടെ അഭിപ്രായങ്ങൾ അറിയണമെങ്കിൽ അവരോട് ഫോണിൽ ബന്ധപ്പെടുക. മരണവീട്ടിൽ വച്ച് സംസാരിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. അവർ വരുന്നത് തന്റെ സുഹൃത്തിനെ അവസാനമായി ഒന്ന് കാണാനാണ്. അന്ത്യോപചാരം നടത്താൻ എത്തുന്ന അടുത്ത സുഹൃത്തുക്കൾക്ക് - അവർ പ്രശസ്തരോ അല്ലാത്തവരോ ആകട്ടെ- അതിനുള്ള അവസരം ഒരുക്കേണ്ടതാണ്. സംസ്കാര ചടങ്ങിലും മറ്റും ആ കുടുംബത്തിലുള്ളവരല്ലാതെ മറ്റാരും പോകരുത്. അത് തികച്ചും അവരുടെതായ സ്വകാര്യ നിമിഷങ്ങളാണ്.  മരിച്ചുപോയ വ്യക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും മറ്റും നടത്തേണ്ട ചടങ്ങിൽ എന്തിനാണ് അവിടെ പോയി അവരെ വിഷമിപ്പിക്കുന്നത്.  ആ മരണത്തിൽ അനുശോചിക്കേണ്ടത് ആ കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ടല്ല മാറിനിന്നു കൊണ്ടാണ്. നിങ്ങൾക്ക് ആ കുടുംബത്തോട്   അല്ലെങ്കിൽ ആ വ്യക്തിയോട് അത്രമാത്രം അടുപ്പം ഉണ്ടെങ്കിൽ, പിന്നീട് ആ വീട്ടിൽ ചെന്ന് അവരോട് സംസാരിക്കൂ.  മരണപ്പെട്ട വ്യക്തിയുടെ മഹത്വവും നിങ്ങളുടെ ദുഃഖവും അറിയിക്കൂ. ഒപ്പം അവരെ ആശ്വസിപ്പിക്കു. അങ്ങനെയാണ് വേണ്ടത്.

 ദയവായി മരണത്തെ ഒരു ആഘോഷമാക്കാതിരിക്കുക. അത് വേദനയുടെ, വിട പറയലിന്റെ സമയമാണ്.  

  എന്റെ ഈ അഭിപ്രായം എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല. എങ്കിലും പറയാതെ വയ്യ.

സ്നേഹത്തോടെ..... 🙏

   

Friday, March 24, 2023

ലഹരി എന്ന സംഹാരകൻ

ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങളാണ് മദ്യം, കാമം, ചൂത് എന്നിവ.മുൻ പറഞ്ഞതിൽ ഏതെങ്കിലും ഒരെണ്ണം ഉള്ള വ്യക്തി നാശത്തിലേക്ക് നടക്കുകയാണെങ്കിൽ, ഇതിൽ ഒന്നിൽ കൂടുതൽ ഉള്ളവയോടുള്ള ആസക്തി, അവനെയും കുടുംബത്തെയും    പെട്ടെന്ന് തന്നെ അധോഗതിയിലേക്ക് തള്ളിയിടും. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ആകും മുമ്പേതന്നെ അവൻ ഒന്നുമില്ലാതായി കഴിയും- ആരോഗ്യവും സമ്പത്തും ജീവിതവും കുടുംബവും ആയുസ്സും ഒന്നുമില്ലാത്ത ഒരു അവസ്ഥ.

   ഇത് ഒരു വ്യക്തിക്ക് മാത്രമല്ല ഒരു നാടിനും ബാധകമാണ്. ഒരു നാടിന്റെ വരുമാനം മദ്യവും  ( അത് മയക്കുമരുന്നോ മറ്റു ലഹരികളോ ഒക്കെ ആകാം) ചൂതും  (ലോട്ടറി എന്നത് ഒരുതരം ചൂതുകളി തന്നെ )  ആണെങ്കിൽ ആ നാട് എങ്ങനെ പുരോഗതി പ്രാപിക്കും? ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സംസ്കാരസമ്പന്നരാകും? ആ നാട്ടിൽ എങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുക?വരും തലമുറയിലെ കുട്ടികൾക്ക് എന്ത് മാതൃകയാണ് അവർക്ക് നൽകാൻ കഴിയുക? അങ്ങനെയുള്ള നാട്ടിലെ കുട്ടികൾക്ക്‌ ഭാവിയെ പറ്റി എന്ത് പ്രതീക്ഷയാണ് ഉണ്ടാവുക? ഓർക്കുമ്പോൾ ഭയം തോന്നും. ലഹരിവസ്തുക്കൾവിറ്റ്  വരുമാനം വർദ്ധിക്കുന്നു എന്നതിനർത്ഥം ആ നാട്ടിലെ ജനങ്ങളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന് തന്നെയാണ്. തികച്ചും ക്രൂരരും,കാമഭ്രാന്തരും, സ്നേഹം എന്തെന്ന് തിരിച്ചറിയാത്തവരും, നാടിന് യാതൊരു ഗുണവും ഇല്ലാത്ത ജനതയെയാണ് വർദ്ധിക്കുന്ന ലഹരി ഉപഭോഗത്തിലൂടെ സൃഷ്ടിക്കുന്നത്. ആദ്യം നാടിന് വരുമാനം നേടിത്തരും എന്ന പ്രതീതി ഉണ്ടാക്കുമെങ്കിലും, പിന്നീട് ലഹരിക്ക് അടിമയായ ഇവർ ഏവർക്കും ബാധ്യതയായി തീരുന്നു. ചുരുക്കത്തിൽ ഇത്തരം ആൾക്കാരുടെ വർദ്ധനയോടെ ആ നാട് വിനാശത്തിലേക്ക് ആയിരിക്കും പോകുക.

     ചാണക്യ സൂത്രത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് ലഹരി നിരോധനത്തിനാണ്. നല്ല ഭരണാധികാരി ആദ്യം ചെയ്യേണ്ടത് ലഹരിയെ ജനങ്ങളിൽ നിന്നും നാട്ടിൽ നിന്നുതന്നെയും അകറ്റി നിർത്തുക എന്നതാണ്. ഒരു നാടിന്റെ അധപതനത്തിന് ഇത് മാത്രം മതി എന്ന് തിരിച്ചറിയൽ അവർക്കുണ്ടാകണം. പരസ്പരം ആക്രമിക്കാനും കൊലപ്പെടുത്തുവാനുമുള്ള മനസ്ഥിതി ഉണ്ടാകുന്നത് ലഹരി മൂലമാണ്. ലഹരി നിരോധിക്കുന്നതോടുകൂടി ജനങ്ങൾ നാടിന് ഗുണകരമായ തൊഴിലുകൾ ചെയ്യുകയും, അവരുടെയും നാടിന്റെയും വരുമാനം വർദ്ധിക്കുകയും നാട് പുരോഗതിയിലേക്ക് ഉയരുകയും ചെയ്യും.

       ഇന്ന് കേരളത്തിന്റെ പ്രധാന വരുമാനമായ മാർഗം ലഹരിയാണ്.ലഹരിയുടെ ഉപയോഗം വളരെയേറെ വർധിച്ചിരിക്കുന്നു എന്നതിനർത്ഥം അത് വളരെ എളുപ്പത്തിൽ കിട്ടുന്നു എന്നത് കൂടിയാണ്.  ലഭ്യത കൂടുന്നുഎങ്കിൽഅത് വിൽക്കാനുള്ള ഭയവും ഇല്ലാതായി എന്ന് സാരം. ചുരുക്കത്തിൽ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇവ ലഭിക്കും എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ലഹരിക്കടിമയായവരുടെ അടുത്ത ലക്ഷ്യം സ്ത്രീപീഡനമാണ് . പ്രായം, ബന്ധം, സ്ഥാനം, എല്ലാം മറന്നാണ് ഈ നിഷ്ഠൂരമായ പീഡനം നടക്കുന്നത് എന്ന് പല സംഭവങ്ങളിൽ നിന്നും മനസ്സിലാകും. സ്വന്തം മകളെയോ സഹോദരിയോ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങളെ പോലും ഈ കശ്മലന്മാർതിരിച്ചറിയുന്നില്ല, ഒഴിവാക്കുന്നില്ല. ഏതൊരുവിധ പീഡനത്തിനും ഒടുവിൽ കണ്ടെത്തുന്ന ഒരു സത്യമുണ്ട്.അയാൾ ലഹരിക്ക് അടിമയായിരുന്നു എന്ന സത്യം. ഇന്ന് കേരളത്തിൽ നടക്കുന്ന വർദ്ധിച്ച സ്ത്രീ പീഡനങ്ങൾ കാണുമ്പോൾ ലഹരിയുടെ ഉപഭോഗം  എത്രമാത്രം വർദ്ധിച്ചു എന്ന് മനസ്സിലാകും. അർദ്ധരാത്രിക്ക് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല എന്ന് പറയുന്നത് കേട്ടു. എന്തിന് അർദ്ധരാത്രി? പട്ടാപകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ആരാണ് എവിടെ നിന്നാണ് ആക്രമിക്കാൻ വരുക എന്ന ചിന്തയിൽ സംശയദൃഷ്ടിയോടെ ഭയത്തോടെയാണ് അവൾ ചുറ്റും നോക്കുന്നത്. വീടിന് പുറത്തു മാത്രമല്ല വീട്ടിലും, ഓഫീസിലും, യാത്രയിലുമെല്ലാം ലഹരിക്ക് അടിമയായവരിൽ നിന്നും  സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്.

     രണ്ടുദിവസം മുമ്പ് വന്ന മൂന്ന് പ്രധാന വാർത്തകൾ ഒരുപക്ഷേ ഏവരുടെയും ശ്രദ്ധആകർഷിച്ചിരിക്കും. അതിലൊന്നാണ് മരുന്നു വാങ്ങാൻ രാത്രി പുറത്തുപോയ സ്ത്രീയെ ശാരീരികമായി അപമാനിച്ച സംഭവം. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ടും അവർ ശ്രദ്ധിച്ചില്ല. മാധ്യമശ്രദ്ധ നേടിയതോടെ മൂന്ന് ദിവസം കഴിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ജനങ്ങൾ ഏറ്റെടുത്തതോടെ രാഷ്ട്രീയക്കാർ അവരുടെ വീട്ടിലേക്ക് പോകുന്നു, ആശ്വസിപ്പിക്കുന്നു, പ്രതിയെ പിടിക്കും ശിക്ഷിക്കും എന്നെല്ലാം വീരവാദങ്ങൾ മുഴക്കുന്നു. പക്ഷേ അവർ ഈ നാട് തന്നെ വിട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു നാടിന്റെ അധപതനമാണ് ഇത്.

    ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നാണ് രണ്ടാമത്തെ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടന്ന രോഗിയെ പീഡിപ്പിക്കുന്ന ആശുപത്രി ജീവനക്കാരൻ. സത്യത്തിൽ ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്? അതിലും ക്രൂരമായി തോന്നിയത് അവിടുത്തെ വനിതാ ജീവനക്കാർ ഈ സ്ത്രീയോട് പരാതി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ട വാർത്തയാണ്. സർജറി കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടക്കുന്ന വ്യക്തിക്ക് പ്രതിരോധിക്കാനോ എതിർത്ത് എന്തെങ്കിലും പറയാനോ കഴിയാത്ത അവസ്ഥയാണെങ്കിലുംചുറ്റും നടക്കുന്നത് മനസ്സിലാകും. ഇത്തരം സന്ദർഭത്തിൽ അവർ നേരിട്ട് അപമാനത്തെ അവിടുത്തെ സ്ത്രീജീവനക്കാർ ഒന്ന ചേർന്ന് പ്രതിരോധിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അവരും സ്ത്രീകൾ അല്ലേ? ഈ പീഡനത്തെ ലഘൂകരിക്കുവാൻ അവർക്ക് ലജ്ജ തോന്നിയില്ലേ? അവർക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാലോ? കഷ്ടം തന്നെ.

      അടുത്തത് 17 വയസ്സുള്ള ഒരു ആൺകുട്ടി, ലഹരിയുടെ അമിത ഉപയോഗം മൂലം മരിച്ചു എന്ന വാർത്തയാണ്. ഒരമ്മയ്ക്കും താങ്ങാൻ പറ്റാത്ത ദുരിതം. അവന്റെ സുഹൃത്താണ് അവനെ വിളിച്ചു കൊണ്ടു പോയതെന്നും പിന്നീട് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പറയുന്നു. അവന്റെ സ്വഭാവത്തിലെ മാറ്റം കണ്ടു അമ്പരന്ന അമ്മ,ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ആ ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അധികം മയക്കുമരുന്ന് ഉള്ളിൽ ചെന്നതായി അറിയുന്നത്. അന്ന് രാത്രി തന്നെ അവൻ മരണത്തിന് കീഴ്പ്പെട്ടു. വെറും സാധാരണക്കാരനായ  ഈ കുട്ടിക്ക് പോലും- അവനെ നിർബന്ധിച്ച്ഉ പയോഗിപ്പിച്ചതായാലും അല്ലെങ്കിലും - ആ ലഹരി കിട്ടാൻ വിഷമം ഉണ്ടായില്ല. നമ്മുടെ യുവതലമുറയെ പിടികൂടിയ ലഹരി എന്ന സംഹാരകൻ നടത്തുന്ന ക്രൂരമായ താണ്ഡവത്തിന്റെ ദയനീയമായ ഉദാഹരണമാണിത്. ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങളെ ഓർത്ത് ഭയം തോന്നുന്നു. എങ്ങനെയാണ് അവരെ ധൈര്യത്തോടെ പുറത്തുവിടുന്നത്? ഇത്തരം നീചരായ ആളുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കും? നിയമപാലകർ പോലും പലപ്പോഴും നോക്കുകുത്തികൾ ആകുമ്പോൾ ഭയക്കുന്നത് പൊതുജനങ്ങളാണ്.

   ചുരുക്കത്തിൽ, നടക്കുന്ന എല്ലാ ഹീന ആക്രമണങ്ങൾക്ക് പിന്നിലും ലഹരി വസ്തുക്കളുടെ ഉപയോഗമാണ് എന്ന്‌ നിസ്സംശയം പറയാം. ആ വരുമാനം വേണ്ടെന്നുവച്ച് മുൻപോട്ടു പോകുവാൻ എന്ന് ഭരണാധികാരികൾ തീരുമാനിക്കുന്നുവോ, അതിനായി ശ്രമിക്കുന്നുവോ അപ്പോൾ മാത്രമേ ഈ നാട്ടിൽ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങുകയുള്ളൂ. ലഹരി വസ്തുക്കൾ വീടിനു മാത്രമല്ല നാടിനും ശാപമാണ്. നമ്മുടെ സംസ്കാരത്തെയും പുരോഗതിയും തകർക്കുന്ന മാരക വിഷമാണ്. ഇതിലൂടെയുള്ള വരുമാനം, അത് എത്ര തന്നെ ആകർഷകമായി തോന്നിയാലും  വേണ്ടെന്നു വയ്ക്കുവാനും മദ്യ ഷോപ്പുകൾ അടച്ചുപൂട്ടുവാനും സർക്കാർ തയ്യാറാവണം. പക്ഷേ ഇവിടെ ഇപ്പോൾ നടക്കുന്നത് മദ്യത്തിന്റെ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കലാണ്. ഇത് നാടിന്റെ അടിത്തറ തന്നെ ഇളക്കും എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷം വേണ്ടെന്ന് വെക്കാൻ സർക്കാരും ജനങ്ങളും ഒരുമിച്ച് ശ്രമിക്കുകയും ലഹരി വില്പന നടത്തുന്നവരെയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരെയും അതികഠിനമായ ശിക്ഷ - രാജ്യദ്രോഹ കുറ്റത്തിന് തുല്യമായ ശിക്ഷ - നൽകാൻ സർക്കാർ തയ്യാറാവുകയും വേണം. അങ്ങനെയുള്ള തീരുമാനം നടപ്പാക്കിയാലേ ജനങ്ങളിൽ ഭയം ഉണ്ടാകു. ഇത്തരം നീച പ്രവർത്തികളിൽ നിന്നും പിന്തിരിയാൻ പ്രേരണയാകൂ. ലഹരിയിൽ നിന്നും മുക്തി നേടിയാൽ ആ നാട്ടിൽ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം ഇല്ലാതായി എന്ന് തന്നെ പറയാം.

 മദ്യം പോലെ മാരകമാണ് ചൂതുകളി. ഇവിടെ നമുക്ക് അതിനെ ലോട്ടറി എന്ന് വിളിക്കാം. ഇതിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഉള്ളതിൽ തൃപ്തിയില്ലാത്തവരാണ് ഇത്തരം ചൂതു കളികളിലേക്ക് ആകർഷിക്കപ്പെടുന്നത്. ഏറെ കിട്ടും എന്ന പ്രതീക്ഷയോടെ ഉള്ളതെല്ലാം ഇതിൽ നഷ്ടപ്പെടുത്തും. ഒടുവിൽ ഒന്നുമില്ലതെ വരുമ്പോൾ ലഹരി തലയ്ക്കുപിടിച്ച് കൊന്നും കൊലവിളിച്ചും ഉള്ള രാക്ഷസ ജീവിതം.

   എന്നാണ് നമ്മൾ ഇതെല്ലാം ഒന്ന് തിരിച്ചറിയുക? വരുംതലമുറയെ ഓർത്തെങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിക്കാം അല്ലേ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാടിനായി പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏

 സ്നേഹപൂർവ്വം......



Thursday, March 16, 2023

ഒപ്പമുള്ള "അന്യർ "

 ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകുമ്പോൾ  നമ്മൾ തളർന്നു പോവുക സ്വാഭാവികമാണ്. എന്നാൽ ഒപ്പം ഉണ്ടാകുമെന്ന്  ദൃഢമായി വിശ്വസിച്ചവർ, അന്യരായി മാറി നിൽക്കുന്നു എന്ന തിരിച്ചറിവിൽ ഒരുപക്ഷേ നമ്മൾ തളർന്ന് വീണു പോയേക്കാം. കൈകൊടുത്ത സഹായിക്കേണ്ടി വരുമ്പോൾ, തനിക്ക് ലഭിച്ച സഹായങ്ങൾ മറന്ന് തിരിഞ്ഞു നിൽക്കാനാണ് പലരും താൽപര്യപ്പെടുന്നത്. എന്നാൽ അവർക്ക് ആവശ്യമില്ലാത്തിടത്ത് കൈ അയച്ചു  സഹായിക്കാൻ ഒരു വിഷമവുമില്ല. ആവശ്യം നോക്കിയല്ല വ്യക്തിയെ നോക്കിയാണ് ഈ കൂട്ടർ  സഹായഹസ്തം നീട്ടുന്നത്. കൊടുക്കുന്നതിന്റെ പത്തിരട്ടി തിരിച്ചുകിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ സഹായിക്കാൻ മടിക്കേണ്ടല്ലോ. തിരിച്ച് കിട്ടുമോ എന്ന് സംശയം തോന്നിയാൽ പിന്നെ ആ വഴിക്ക് അവരെ നോക്കണ്ട. അവർക്ക് ആവശ്യമുള്ളപ്പോൾ നമ്മെ തേടിയെത്തുകയും ആവശ്യം കഴിഞ്ഞാൽ അറിയാത്ത ഭാവം നടിക്കുകയും ചെയ്യുന്ന വരാണിവർ. വളരെ സ്വാർത്ഥരായ ഇവർ അവനവനെ അല്ലാതെ മറ്റാരെയും സ്നേഹിക്കുകയില്ല.

          എന്നാൽ നമ്മുടെ നല്ല കാലത്ത്, നമ്മിൽ നിന്നും  നിശ്ചിത അകലം പാലിച്ച്, ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാതെ നിന്നിരുന്ന ചിലർ, നമുക്ക് ആവശ്യം വരുമ്പോൾ പഴയതൊന്നും നോക്കാതെ കൂടെ നിൽക്കും. ബന്ധം പറഞ്ഞ്ബഹളം കൂട്ടാത്ത, ചെയ്തതിനൊക്കെ കണക്ക് പറയാത്ത ഇവർപിന്നീട് മാറിനിൽക്കുകയും ചെയ്യും. അങ്ങനെയാണ് നമ്മൾ നല്ല ബന്ധങ്ങൾ തിരിച്ചറിയുന്നത്. തന്നിലെ നന്മകളെ നാലാളെ കാണിക്കുവാനും   തിന്മകളെ രഹസ്യമാക്കി വയ്ക്കുവാനും ആണ് പൊതുവേ നമ്മൾക്കിഷ്ടം. പക്ഷേ ഇത്തരത്തിലുള്ള ശ്രമം അധികകാലം തുടരാൻ കഴിയില്ല. കാലം അല്പം കഴിയുന്നതോടെ സത്യം പുറത്തു വരിക തന്നെ ചെയ്യും.

        ദുഷ്ട സ്വഭാവക്കാരായ ഇത്തരത്തിലുള്ള വ്യക്തികളെ എങ്ങനെ കണ്ടെത്താമെന്ന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട് .

" ലബ്ധ വിദ്യോ ഗുരുദ്വേഷീ

  ലബ്ധ  ഭാര്യസ്തു മാതരം

 ലബ്ധ പുത്രാ പതീം നാരീ

ലബ്ധാരോഗ്യശ്ചികിത്സകം "

  ദുഷ്ട ജനത്തിന്   വിദ്യ ലഭിച്ചാൽ ഗുരുവിനെ  ദ്വേഷിക്കും. നീചന്, ദുഷ്ട ഗണത്തിൽപ്പെട്ട ഭാര്യയെ ലഭിച്ചാൽ അമ്മയെ ദ്വേഷിക്കും. ദുഷ്ടയായ സ്ത്രീയ്ക്ക് പുത്രൻ ഉണ്ടായാൽ ഭർത്താവിനെ ദ്വേഷിക്കും. രോഗിയായ ദുർജ്ജനം, തന്നെ ചികിത്സിച്ചു ഭേദമാക്കിയ ഭിഷഗ്വരനെ ദ്വേഷിക്കും.

 തന്നെ സഹായിച്ചവരോട്,  സ്നേഹിച്ചവരോട്, നന്ദിയോ കൃതജ്ഞതയോ ഇവർക്കുണ്ടാവില്ല. എന്നാൽ സ്വന്തം കാര്യസാധ്യത്തിനായി ആരെയും- അതു മാതാപിതാക്കളോ സഹോദരങ്ങളോ  ഭത്തൃ / ഭാര്യ വീട്ടുകാരോ മക്കളോ ആകട്ടെ- ആശ്രയിക്കാനും പരമാവധി ചൂഷണം ചെയ്യാനും ഇവർക്ക് ഒരു മടിയുമുണ്ടാവില്ല. സഹായം നേടിക്കഴിഞ്ഞ്  ഒരു കറിവേപ്പില പോലെ എല്ലാവരെയും ഉപേക്ഷിക്കുവാനും   ദ്വേഷിക്കുവാനും  ഇവർക്ക് സാധിക്കും. ഇതെല്ലാം നമുക്ക് ചുറ്റും കാണുന്ന സംഭവങ്ങൾ തന്നെ. ചികിത്സിക്കുന്ന ഡോക്ടർമാരെ ആക്രമിക്കുന്നത് ഇപ്പോൾ ഒരു പതിവായി കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ താൻ വളരെ മികച്ച വ്യക്തി ആണെന്ന് തെളിയിക്കാനുള്ള ഒരു ശ്രമം ആയിരിക്കാം ഇവർ നടത്തുന്നത്.

 പക്ഷേ ഇങ്ങിനെയുള്ള വ്യക്തികൾക്ക് ഒരിക്കലും സമാധാനവും സന്തോഷവും ഉണ്ടാവില്ല. ഇന്ദ്രിയ സംതൃപ്തിയാണ് ഏറ്റവും വലിയ സത്യം എന്ന് ഇവർ തെറ്റിദ്ധരിക്കുന്നു. മറ്റാരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത ഇവർക്ക്‌ സ്വന്തം താൽപര്യം സംരക്ഷിക്കാനായി ഏതറ്റം വരെ പോകുവാനും മടിയില്ല. അല്പമായ സുഖത്തിനു വേണ്ടി മറ്റുള്ളവരോട് കലഹിക്കുന്നവർക്ക് എങ്ങനെ സുഖവും സന്തോഷവും ലഭിക്കാനാണ്? സ്വന്തം സുഖത്തിനായി മറ്റുള്ളവരോട് കലഹിക്കുന്ന ഇവർ എന്നും അസന്തുഷ്ട്ടിയിൽ നിന്നും കൂടുതൽ ദുഃഖത്തിലേക്ക് ആയിരിക്കും വീഴുക.

 ഇത്തരത്തിൽ ഒപ്പമുള്ള "അന്യരെ" നമ്മൾ തിരിച്ചറിയുക തന്നെ വേണം. മുന്നിൽ നിന്നും പുഞ്ചിരിച്ചു എന്നു കരുതി ഉള്ളിൽ വിഷമില്ല എന്ന് കരുതരുത്. അവരെ നിശ്ചിത ദൂരത്തിൽ നിർത്തേണ്ടത് ജീവിതത്തിലെ സമാധാനത്തിനും സന്തോഷത്തിനും വളരെ ആവശ്യമാണ്. അതുപോലെ ഒരിക്കൽ നമ്മെ സഹായിച്ചവരെ- അതൊരുപക്ഷേ വാക്കു കൊണ്ടാവാം ഒരു നോട്ടം കൊണ്ടാവാം - ഒരിക്കലും മറക്കാതിരിക്കുക. നമ്മിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിന്മകളെ തിരിച്ചറിഞ്ഞ്മനസ്സിലാക്കി തരികയും ചെയ്യുന്ന വ്യക്തികളെ നമ്മൾ ഹൃദയത്തോട് ചേർത്തു നിർത്തണം. നമ്മുടെ സന്തോഷകരമായ കാലത്ത്ഇ വരെ തിരിച്ചറിയാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കഷ്ടകാലത്ത് ചുറ്റും അന്ധകാരം നിറയുമ്പോൾ ഇവർ ഒരു കുഞ്ഞ് പ്രകാശം പോലെ നമുക്ക് വെളിച്ചത്തിലേക്ക് വഴികാട്ടും.  പിന്നീട് വെളിച്ചം ചുറ്റും നിറഞ്ഞാലും, ഒരു മിന്നാമിനുങ്ങിന്റെ നനുത്ത വെട്ടമായി  അവർ ഒതുങ്ങി നിൽക്കുന്നത് കാണാം. ആ കൈകളെ വിടാതെ മുറുകെ പിടിക്കുക. അവരാണ് എന്നും നമ്മളോടൊപ്പമുള്ളവർ. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം വിതറാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഏറെ സ്നേഹത്തോടെ......



Saturday, March 4, 2023

വിതയ്ക്കുന്നത് കൊയ്യുന്നവർ

  ചാനലുകളിൽ തിളങ്ങി നിന്ന സരിത നായർ ഇപ്പോൾ, ഗുരുതരം എന്നുതന്നെ പറയാവുന്ന നാലുതരം രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ ആണെന്ന വാർത്ത അടുത്തിടെ കണ്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം പലരെയും ലൈംഗിക പീഡനത്തിന്റെ മുൾമുനയിൽ നിർത്തി അപമാനിച്ച വ്യക്തിയാണ് ഈ സരിത നായർ.  സരിതയെ മുൻനിർത്തിയുള്ള ഈ മ്ലേച്ഛമായ  ആരോപണം, രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതായിരുന്നു എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും. അതിന്റെ ഫലമാകും ഇന്ന് പലരും അനുഭവിക്കുന്നത്.  "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " എന്ന് അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും ചെയ്ത പാപഫലം നമ്മെ പിന്തുടരും- മുജ്ജന്മ പാപം എന്ന് പറയാറില്ലേ- എന്നാണ് പറയുക. വിതയ്ക്കുന്നത് കൊയ്യും എന്നത് പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ല എന്നത് മറ്റൊരു സത്യം. വിതയ്ക്കാൻ അല്പം മാത്രം മതി. ഒരു പിടി വിതച്ചാൽ ഒരു പറ കൊയ്യാൻ ഉണ്ടാവും - അത് നന്മയായാലും തിന്മയായാലും. ചെയ്യാത്ത കുറ്റത്തിന് അധിക്ഷേപിക്കുകയും    കുറ്റപ്പെടുത്തുകയും ചെയ്താൽ പെട്ടെന്ന് തെളിയിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കാലം കരുതിവയ്ക്കും. " സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം പകുതി ദൂരം പിന്നിട്ടിട്ടുണ്ടാകും "എന്ന് പറയാറില്ലേ. പക്ഷേ ഒടുവിൽ ജയിക്കുക സത്യം തന്നെയാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക്, അപമാനത്തിന് ഒക്കെ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. അത് ആരായാലും. എത്ര ഉന്നത നിലയുള്ളവരായാലും. ഇന്ന് കേരള രാഷ്ട്രീയത്തിലും ഇത് തെളിയുന്നുണ്ട്.

               തങ്ങൾക്ക് എന്തെങ്കിലും തരത്തിൽ പ്രയോജനം ലഭിക്കുന്നവരെല്ലാം നല്ലവരും അല്ലാത്തവരെല്ലാം മോശക്കാരുമായാണ് പൊതുവേ ജനങ്ങൾ കാണാറ്. അതായത് സ്വന്തം ഹിതം എന്താണോ അതിനോട് അനുകൂലിക്കുന്നവരാണ് ശരി, അല്ലാത്തവരെല്ലാം തെറ്റുകാർ. സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ഇടയിൽ നിൽക്കുന്നത് കൊണ്ടാണ് മനുഷ്യൻ ഇങ്ങനെ ചിന്തിക്കുന്നത്. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്ത സങ്കുചിതമായ ചിന്താധാരയാണ് ഇവരിൽ ഉള്ളത്. സ്വന്തം ഇഷ്ടത്തിന് എതിരായി നിൽക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുകയാണ് ഇന്ന് പലരും ചെയ്യുന്നത്.

 പക്ഷേ ഇത്തരം അസത്യമായ ആരോപണങ്ങൾക്ക് എല്ലാം മറുപടി പറയാൻ ആർക്കാണ് കഴിയുക? പറഞ്ഞാൽ തന്നെ മറ്റുള്ളവർക്ക് ബോധ്യമാകണമെന്നുണ്ടോ? ഇനി ബോധ്യമായാലും അത് സമ്മതിക്കണമെന്നും ഇല്ലല്ലോ. അതിനാൽ ബുദ്ധിയുള്ളവർ ഇതിന് ചെവി കൊടുക്കാതെ നിശബ്ദരായി ക്ഷമയോടെ മാറിപ്പോകുന്നു. " ഇത്തരം ആരോപണങ്ങൾക്ക് ഞാനല്ല നീതി നടപ്പാക്കേണ്ടത്, അതിനൊരാൾ മുകളിലുണ്ട് - ദൈവം" എന്ന് ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന വ്യക്തിയെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. എല്ലാം അവഗണിക്കുന്നവരോട് എതിരിടാൻ ആർക്കും താല്പര്യമുണ്ടാവില്ല. കാലം അവർക്കും മറുപടി നൽകും. അതിന് നമ്മൾ നൽകുന്നതിനേക്കാൾ ശക്തിയും ഉണ്ടായിരിക്കും.  പക്ഷേ ഇത്തരത്തിൽ ക്ഷമയോടെ പോകാൻ അസാധാരണമായ ആർജ്ജവം വേണം. അങ്ങനെ പോകുന്നവർക്ക് വേണ്ടി ഈശ്വരൻ നീതി നടപ്പാക്കുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. യഥാർത്ഥത്തിൽ,നമ്മൾ പറയുന്ന സത്യമാണെങ്കിൽ കൂടി അത് സ്വീകരിക്കപ്പെടണമെന്നില്ല. സ്വീകരിക്കപ്പെടുന്നതെല്ലാം സത്യമാകണമെന്നുമില്ല. നമുക്കെതിരെ പറയുന്നവരോട്, മറുപടി പറയാൻ അല്ല ക്ഷമിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. "ക്ഷമ "എന്നത് വ്യക്തിത്വത്തിന്റെ പ്രധാന ഘടകമാണ്. നമ്മുടെ ഈ ചെറിയ ജീവിതം സുന്ദരവും സന്തോഷഭരിതവും ആക്കാൻ ക്ഷമയ്ക്ക് കഴിയും. പല ബുദ്ധിമുട്ടുകളിൽ നിന്നും കഷ്ടതകളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഒരു മഹാ മന്ത്രമാണ്" ക്ഷമ". ക്ഷമിക്കുമ്പോൾ നമ്മൾ പരാജയം സമ്മതിക്കുകയാണോ എന്ന് സംശയം തോന്നാം. പക്ഷേ ഒരിക്കലും അങ്ങനെയല്ല സംഭവിക്കുന്നത്. ക്ഷമാപൂർവ്വം പ്രതിബന്ധങ്ങളെ എല്ലാം അവഗണിക്കുന്നവർ മുന്നോട്ടു കുതിക്കുകയാണ് ചെയ്യുക. വേണ്ടാത്ത, പാടില്ലാത്ത,ഒരു വാക്കുപോലും അവരിൽ നിന്നും പുറത്തു വരില്ല. അങ്ങിനെയുള്ളവരെ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ഒരു ശക്തിക്കും സാധിക്കില്ല. ക്ഷമ ധൈര്യമാണ്. അനുഗ്രഹമാണ്. പ്രതിബന്ധങ്ങളിൽ നിന്നുള്ള മോചനമാണ്. പക്ഷേ ഇതിന് അപാരമായ ശക്തി ആവശ്യമുണ്ട്.                      നമുക്കെതിരെ ഉള്ള   ഓരോ കാര്യത്തോടും പ്രതികരിക്കുന്നതിനുള്ള പ്രധാന കാരണം ഭയമാണ്. താൻ ചെയ്യാത്ത തെറ്റ്,   ചെയ്തു എന്നു പറയുന്നത് മറ്റുള്ളവർ വിശ്വസിച്ചാലോ എന്ന ഭയം, അല്ലെങ്കിൽ താൻ ചെയ്ത തെറ്റ്, മറ്റുള്ളവർ തിരിച്ചറിഞ്ഞാലോ എന്ന ഭയം. ഈ ഭയം ഇല്ലാതായാൽ സ്വയം ന്യായീകരിക്കാനുംപ്രതികരിക്കാനും നമ്മൾ ശ്രമിക്കില്ല.

  എന്നാൽ ഒരു കാര്യവുമില്ലാതെ     അപമാനിക്കുകയും     ആക്ഷേപിക്കുകയും   ചെയ്യുന്നവരോട്   പകപോക്കാൻ    തുടങ്ങിയാൽ   നിങ്ങളുടെ ജീവിതവും   അതുകൊണ്ട്   നിറയും. അതിൽ   മാത്രമാകും    നിങ്ങളുടെ ശ്രദ്ധ. അതിൽ   കുടുങ്ങി   ജീവിക്കാൻ പോലും മറന്നു   പോകും.   പരസ്പരം ഉള്ള പകപോക്കൽ                       തുടർന്നാൽ പക ഒരിക്കലും      അവസാനിക്കില്ല.   എന്നാൽ തന്റെ നേരെ ഉയരുന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളെയും അവഗണിക്കാൻ സാധിച്ചാൽ അവ നിലനിൽക്കില്ല.  എന്നാൽ അവയെ സ്വീകരിച്ചാൽ, തീർച്ചയായും അതിന് വളർച്ചയുണ്ടാകും.    നമ്മുടെ മനസ്സ് അതിനു വളരാനുള്ള   ഇടമായി മാറും. എന്നാൽ അത്തരം   ആരോപണങ്ങളെ    അവഗണിക്കുന്നതോടെ അവയ്ക്ക്   നിങ്ങളുടെ മനസ്സിൽ സ്ഥാനം    ഇല്ലാതെയാകുകയും വളർച്ചയില്ലാതെ   ഒടുവിൽ അത് തനിയെ ഇല്ലാതാവുകയും   ചെയ്യും. അവഹേളനം നടത്തുന്നവരോട്   എതിർത്തു നിന്നാൽ നമ്മുടെ മനസ്സ്   കലുഷിതവും , വൃത്തിഹീനവുമായി    തീരും. 

        ക്ഷമയോടെ പ്രശ്നങ്ങളെ നേരിടുന്നവർ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അനായാസം തരണം ചെയ്യും. എന്നാൽ ആ പ്രതിസന്ധി ഉണ്ടാക്കിയവരോട്  ആ  വ്യക്തി ക്ഷമിച്ചു എങ്കിലും ഈശ്വരൻ - വിശ്വാസമുള്ളവർക്ക് ഈശ്വരൻ അല്ലാത്തവർക്ക് കാലം - മാപ്പ് നൽകില്ല. ചെയ്ത പ്രവർത്തികൾക്കെല്ലാം അക്കമിട്ട് അനുഭവിക്കേണ്ടിവരും. ചിലരുടെ വിശ്വാസപ്രകാരം എല്ലാം ഈ ഭൂമിയിൽ തന്നെ അനുഭവിക്കും. മറ്റുചില വിശ്വാസപ്രകാരം അത് ജന്മാന്തരങ്ങളോളം അനുഭവിക്കേണ്ടി വരും. എന്തായാലും ചിലരുടെ പ്രവർത്തികളും അവർക്കു ലഭിക്കുന്ന  അതിന്റെ ഫലവും കാണുമ്പോൾ നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയും വെറുതെ ആകില്ല എന്നും ഓരോ പ്രവർത്തിയുടെയും- അത് നന്മയാകട്ടെ തിന്മയാകട്ടെ-  അനന്തരഫലം നമുക്കുതന്നെ തിരിച്ചുകിട്ടും എന്നും ഉറപ്പിക്കാം.. 

Friday, February 10, 2023

വാർദ്ധക്യത്തിന്റെ മിഴിനീർ

      അടുത്തിടെ ഞാൻ ഒരു വീഡിയോ കണ്ടു. അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും മറ്റുമായി ഒഴിവാക്കപ്പെട്ട വൃദ്ധരെ കുറിച്ച് ആയിരുന്നു അത്. ഇവിടെ ഉപേക്ഷിക്കപ്പെട്ടവരിൽ സ്വന്തം കാര്യങ്ങൾ സുഖമായി നോക്കാൻ കഴിയുന്നവർ മുതൽ രോഗഗ്രസ്തരായവരും  വാർദ്ധക്യത്തിന്റെ പാരമ്യത്തിൽ( എന്നും കരുതാം അല്ലേ ) അനങ്ങാൻ ആകാതെ കട്ടിലിൽ കിടക്കുന്നവർ വരെയുണ്ട്. കിടപ്പു വൃദ്ധരിൽ ചിലർക്ക് ചുറ്റും നടക്കുന്നത് അറിയാമെങ്കിലും മറ്റുചിലർ ഒന്നുമറിയാതെ കിടക്കുന്നു. ജീവനുണ്ടെന്ന് മാത്രം. മറ്റൊരാളുടെ സഹായത്തോടെ വേച്ചുവേച്ചു നടക്കുന്നവർ  നമ്മളെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു. അപ്പോഴും എല്ലാവരും ഉപേക്ഷിച്ച്അനാഥരായി തീർന്നതിന്റെ    തിങ്ങുന്ന ദുഃഖം ആ    കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം.തനിക്കു ജന്മം നൽകി വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ സ്വന്തം മാതാ പിതാക്കളെ നിഷ്കരുണം ഉപേക്ഷിക്കുന്നതിന്റെ  പാപം എത്ര ജന്മങ്ങൾ കഴിഞ്ഞാലും തീരില്ല. തനിക്കു വിദ്യാഭ്യാസം നൽകിയ അതേ അച്ഛനും അമ്മയ്ക്കും പഠിത്തമില്ല, യോഗ്യത ഇല്ല, എന്നിങ്ങനെ പുച്ഛിക്കുന്നവരെ ഞാനും കണ്ടിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ഓരോ പ്രവത്തിയുടെയും ഫലം - അത് നല്ലതോ ചീത്തയോ ആകട്ടെ - നമുക്ക് തന്നെ തിരിച്ചു കിട്ടും എന്നതിൽ ഒരു സംശയവും വേണ്ട. അതിനു അധിക കാലമൊന്നും കാത്തിരിക്കേണ്ടി വരില്ല.

          ഇതിൽ ചിലരുടെ മക്കൾക്ക് ഇവരെ സംരക്ഷിക്കാനുള്ള സൗകര്യമോ കഴിവോ ഇല്ലാത്തവരാണെങ്കിൽ മറ്റു ചിലർക്ക് ഇവർ ഒരു ഭാരമാണ്. വിദേശത്ത് ജോലിയുള്ള മക്കൾ തങ്ങളുടെ മാതാപിതാക്കളെ ഒറ്റയ്ക്ക് ആകാതെ തള്ളുന്നത് ഇത്തരം ആശ്രയ കേന്ദ്രങ്ങളിലാണ്. സമ്പന്നർ കൂടുതൽ സൗകര്യങ്ങൾ നൽകി ഉപേക്ഷിക്കുമ്പോൾ ആരും അറിയാതെ എങ്ങനെ ഈ വൃദ്ധരെ ഒഴിവാക്കും എന്ന് ചിന്തയിലാണ് മറ്റു ചിലർ. സ്വന്തം രക്തം അമൃതാക്കി  മാറ്റി പാലൂട്ടിയ അമ്മയും ചേർത്തുപിടിച്ച സംരക്ഷിച്ച് അച്ഛനും ഇന്ന് മക്കൾക്ക് ഭാരമാകുന്നു. രോഗം മൂലം അച്ഛനെയും അമ്മയെയും ഉറക്കാതിരുന്നവർക്ക്‌, ഇന്ന് വാർദ്ധക്യം ബാധിച്ച് ചുക്കി ചുളിഞ്ഞ ശരീരവും ഓർമ്മകൾ വിട്ടുപോകുന്ന മനസ്സും കാണാൻ കഴിയുന്നില്ല. പണ്ട് മാനസികമായും ശാരീരികമായും തളർന്ന നിങ്ങളെ നെഞ്ചോട് ചേർത്ത് "എങ്ങിനെയുണ്ട് മോനേ" എന്നും "സാരമില്ല കുഞ്ഞേ എല്ലാം ശരിയാകും"   എന്നും ആശ്വസിപ്പിച്ച ആ മാതാപിതാക്കളുടെ സമീപത്ത് ദിവസത്തിൽ ഒരു നേരമെങ്കിലും ഒന്നിരിക്കാനോ " ഇപ്പോൾ എങ്ങനെയുണ്ട് അച്ഛാ /അമ്മേ " എന്ന് ചോദിക്കാനോ ഇന്നാർക്കും സമയമില്ല. അവരുടെ മറ്റൊരു സന്താനത്തിനാണ് സ്വത്തു കൂടുതൽ കൊടുത്തത് എന്ന് കുറ്റപ്പെടുത്തുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ എത്രയോ അധികമാണ്. മക്കളെ വളർത്തിക്കൊണ്ടു വന്നപ്പോൾ ഒരിക്കലും അവർ സ്വത്തിനെ കുറിച്ചോ കഷ്ടപ്പാടുകളെ കുറിച്ചിട്ട് ഓർത്തിട്ടില്ല എന്ന സത്യം സൗകര്യപൂർവ്വം മറക്കുന്നവർ.

   അച്ഛനെയും അമ്മയെയും അവഗണിക്കുന്ന ഇവർ ഇന്ന് സ്വന്തം മക്കളെ നോക്കാനുള്ള തത്രപ്പാടിലാണ്. എന്തായിരിക്കും ഈ മക്കൾ വളർന്നു വരുമ്പോൾ സംഭവിക്കുക എന്ന് പകൽപോലെ വ്യക്തമാണെങ്കിലും ഈ നവ അച്ഛനമ്മമാർക്ക് അത് കാണാൻ വയ്യ അല്ലെങ്കിൽ ശ്രമിക്കുന്നില്ല. ഭാവിയിൽ എന്റെ മക്കൾ എന്നെ സംരക്ഷിക്കും എന്ന ദൃഢ വിശ്വാസമാണ് ഇവരിൽ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഇതേ വിശ്വാസം ഒരിക്കൽ ഉണ്ടായിരുന്നു എന്നത് പക്ഷേ സൗകര്യപൂർവ്വം ഇവർ മറക്കുന്നു. " മക്കളെ കണ്ടും   മാമ്പൂവ് കണ്ടും മദിക്കരുത് " എന്ന പഴമൊഴി അന്നും ഇന്നും മാത്രമല്ല എന്നും അന്വർത്ഥമാണ്. തങ്ങൾ സന്തോഷത്തോടെ, പ്രത്യാശയോടെ,പ്രതീക്ഷയോടെ സംതൃപ്തിയോടെ വളർത്തിയ മക്കൾ അവരെ തിരിഞ്ഞു കുറ്റപ്പെടുത്തുമ്പോൾ, ഒഴിവാക്കുമ്പോൾ ഒക്കെ ഉണ്ടാകുന്ന വേദന ആരറിയാൻ? എവിടെ അറിയാൻ? അത്തരമൊരു തിരിച്ചറിവുണ്ടായിരുന്നു എങ്കിൽ അവരെ ഇങ്ങനെ വേദനകളിലേക്ക് തള്ളിവിടില്ലല്ലോ.  അച്ഛനെയും അമ്മയെയും മനസ്സിലാക്കാൻ ഒരു മക്കളും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം, പ്രത്യേകിച്ചും വാർദ്ധക്യത്തിൽ. ഈ വൃദ്ധരെ  നിവൃത്തിയില്ലാതെ  കൊണ്ടുനടക്കുന്ന ഒരു ഭാവമാണ്  മിക്കപ്പോഴും മക്കളുടെ മുഖത്ത് കാണാൻ കഴിയുന്നത്. അനുഗ്രഹമായി കണ്ടു സംരക്ഷിക്കേണ്ട ഇവരെ, ശാപമായാണ് പലപ്പോഴും കാണുന്നത്. ഇതെല്ലാം തിരിച്ചറിയുമ്പോൾ- -അതൊരുപക്ഷേ സ്വന്തം മക്കളിൽ നിന്ന് തന്നെയാകും- പശ്ചാത്താപം തോന്നിയിട്ട് ഒരു കാര്യവുമില്ല. അപ്പോഴേക്കും സമയം വളരെയധികം കടന്നു പോയിട്ടുണ്ടാവും.

  പണ്ട് ഞാൻ കേട്ട ഒരു കഥ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. സന്തോഷവാനായ ഒരു കൃഷിക്കാരനെ കണ്ടപ്പോൾ രാജാവ് ചോദിച്ചു, കുറഞ്ഞവരുമാനം ഉണ്ടായിട്ടും നിങ്ങൾ എങ്ങനെയാണ് ഇത്ര സന്തോഷമായിട്ട് ജീവിക്കുന്നത് എന്ന്. അപ്പോൾ അയാൾ പറഞ്ഞു എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ നാലിലൊന്ന് കടം കൊടുക്കും, നാലിലൊന്ന് കടം വീട്ടും, നാലിലൊന്ന് ചിലവാക്കും,  നാലിലൊന്ന് സമ്പാദിക്കും എന്ന്. അപ്പോൾ രാജാവ് ചോദിച്ചു ഇത്രയധികം കടം കൊടുക്കാനും കടം വീട്ടാനും ഈ തുക കൊണ്ട് നിങ്ങൾക്ക് സാധിക്കുമോ എന്ന്.    അപ്പോൾ കർഷകൻ വിശദീകരിച്ചു പറഞ്ഞു മക്കൾക്ക് നൽകുന്നത് കടം കൊടുക്കൽ, അച്ഛനും അമ്മയ്ക്കും വേണ്ടി കൊടുക്കുന്നത് കടം വീട്ടൽ. അതാണ് വേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും കടം നമ്മൾ വീട്ടിയെ  പറ്റൂ. പലപ്പോഴും നമ്മൾ ചെയ്യാത്തതും അതാണ്. കടം കൊടുക്കാൻ നമുക്കറിയാം( മക്കൾ) പക്ഷേ മാതാപിതാക്കളോടുള്ള കടം വീട്ടാൻ നമ്മൾ ഒരിക്കലും ശ്രമിക്കാറില്ല. ഇതെല്ലാംഅവരുടെ കടമയാണ് എന്ന മട്ടിലാണ് നമ്മൾ കാണുന്നത്.

      ഇതൊക്കെയാണെങ്കിലും ഈ വീഡിയോ ഒരു പ്രത്യാശ കൂടി നൽകുന്നു. യുവാക്കളായ പലരും ഈ വീഡിയോ കണ്ട് കരയുന്ന ഭാഗം കൂടി ഉണ്ടായിരുന്നു.  അവർ ഒരുപക്ഷേ  ഈ വൃദ്ധരുടെ വേദന തിരിച്ചറിഞ്ഞതാവാം കാരണം. അവരുടെ കണ്ണുനീർ എന്റെ  മനസ്സിൽ ഒരു ആശ്വാസമായാണ്    പെയ്തിറങ്ങിയത്. " എങ്ങിനെയാണ് നമ്മളെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ ഉപേക്ഷിക്കാൻ കഴിയുന്നതെന്ന് "അവർ ചോദിക്കുന്നു. സ്വന്തം അച്ഛനമ്മമാരെ സ്നേഹത്തോടെ സംരക്ഷിക്കേണ്ടത് ഓരോ മക്കളുടെയും കടമയല്ലേ എന്നവർ നിസംശയം ചൂണ്ടിക്കാട്ടുമ്പോൾ നിറഞ്ഞത്  എന്റെ കണ്ണുകളാണ്. ആ  കുട്ടികൾ ആരുടേതായാലും അവരുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.

    കൊല്ലാനും പകപോക്കാനും ഒന്നുമുള്ളതല്ല ഈ ജീവിതം. എന്തിന്, ആർക്കുവേണ്ടിയാണ് നിങ്ങൾ ഇത്തരം കൊട്ടേഷനുകളിൽ ചെന്ന് ചാടുന്നത്? മയക്കു മരുന്നുകൾ ഉപയോഗിക്കാൻ എന്തിനാണ് വരുംതലമുറയെ പ്രേരിപ്പിക്കുന്നത്? വെറും സാമ്പത്തിക ലാഭം മാത്രം നോക്കിയല്ലേ? എത്ര സമ്പത്ത് ഉണ്ടായാലും മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം നിങ്ങൾക്കുണ്ടാകുമോ? എന്നാണ് ഇവർ പരസ്പരം സ്നേഹിക്കാൻ പഠിക്കുന്നത്? സ്നേഹിക്കാൻ പഠിപ്പിക്കാൻ ജാതി പ്രമുഖരാരും  എന്തേ മുന്നോട്ടുവരുന്നില്ല? എല്ലാവരും മനുഷ്യരാണെന്നും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പോകേണ്ടവരാണെന്നും പഠിപ്പിക്കാൻ ഒരു മതമേലധ്യക്ഷനും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. പകരം അധികാരത്തിനു വേണ്ടി ജാതി-മത- രാഷ്ട്രീയ -വിഷം കുത്തിവെച്ച് ക്രൂരന്മാരും രാക്ഷസന്മാരും ആകുകയാണ്. നിങ്ങൾ ഈ വൃദ്ധാശ്രമങ്ങളിൽ ഒന്ന് ചെന്ന് നോക്കൂ. അവിടുത്തെ  അന്തേവാസികളിൽ എല്ലാ ജാതി മതക്കാരും ഉണ്ട്. അവരെ ശുശ്രൂഷിക്കാൻ നിൽക്കുന്നവർ ജാതി-മത ചിന്തയില്ലാതെ എല്ലാവരെയും ഒരുപോലെയാണ് നോക്കുന്നത്. ഇവരാരും പരസ്പരം കൊല്ലാനോ ആക്രമിക്കാനോ ശ്രമിക്കുന്നില്ല. കഴിയുന്ന പോലെ പരസ്പരം   സഹായിച്ചു സ്നേഹിച്ചു കഴിയുന്നു. ജാതിമത രാഷ്ട്രീയ ചിന്തകൾ ഒന്നും തന്നെ അവരുടെ മനസ്സിൽ വരുന്നില്ല. ഒരുപക്ഷേ ആക്രമണോത്സുകരായ യുവതലമുറക്കുള്ള ഒരു നല്ല വിദ്യാലയമാണ് ഈ വൃദ്ധാശ്രമങ്ങൾ. അവിടെ ഉള്ളവർ സ്നേഹത്തിലൂടെ ഇവരുടെ കണ്ണ് തുറപ്പിക്കും എന്നതിൽ.  സംശയമില്ല. ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്ന കുറ്റവാളികളെ, ഇത്തരം അനാഥാലയങ്ങളിൽ സേവനം നടത്തുവാനായി   നിയോഗിക്കണം. അങ്ങിനെ ചെയ്താൽ ഒരുപക്ഷേ അവരുടെ മനസ്സിന്റെ കാഠിന്യം ഇല്ലാതാക്കാൻ ഇവിടെ നടത്തുന്ന സേവനത്തിലൂടെ കഴിഞ്ഞേക്കും. മനസ്സിലെ നന്മയെ തിരിച്ചറിയാൻ വൃദ്ധരെ സേവിക്കുന്നതിലൂടെ അവർക്ക് സാധിച്ചേക്കും. ഇങ്ങിനെയുള്ളവർക്ക് മാത്രമല്ല, മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തവർക്കും ഇത്തരം സ്ഥാപനങ്ങളിൽ സൗജന്യ സേവനം നടത്താം.  അങ്ങനെ പുതുജീവിതത്തിന്റെ മറ്റൊരു പുത്തൻ കവാടം നമ്മുടെ മുമ്പിൽ തുറക്കട്ടെ. 🤗

Monday, February 6, 2023

അലങ്കാരമാകുന്ന ഡോക്ടറേറ്റുകൾ

 പണ്ട് PhD ഉണ്ടെന്ന് പറയുന്നത് ഒരു അഭിമാനമായിരുന്നു. ഒരു വിഷയത്തിൽ കൂടുതൽ അറിവ് നേടിയതിന്റെ തെളിവായിരുന്നു. പ്രത്യേക അംഗീകാരവും അവർക്ക് ലഭിച്ചിരുന്നു. ഇന്ന് കാലം മാറിയതോടെ പഠനവും രീതിയും എല്ലാം മാറി. ഡിഗ്രി, പിജി എന്നിവയിൽ മാത്രമല്ല ഡോക്ടറേറ്റ് നേടുന്ന മേഖലയടക്കം ഇതുതന്നെയാണ് സ്ഥിതി. പണ്ട് എൻജിനീയറിങ്ങിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. തുടർന്ന് മുക്കിനു മുക്കിന് എൻജിനീയറിങ് കോളേജുകൾ  തുറന്നു. ഇന്ന് നടന്നു പോകുമ്പോൾ കൈമുട്ടിയാൽ അയാൾ ഒരു എഞ്ചിനീയർ ആയിരിക്കും എന്ന നിലയിലായി. പിന്നെ അതാ വരുന്നു LLB. കോളേജ് വിദ്യാഭ്യാസത്തെ തുടർന്ന് LLB ക്കു പോയവരെ  കൂടാതെ, ജോലിയിലി രിക്കെയും പെൻഷൻ ആയ ശേഷവും മറ്റും  ഈവനിംഗ് കോഴ്സിലൂടെ നിയമം പഠിച്ചവരുടെ എണ്ണവും കൂടി. നിയമബിരുദം ഇല്ലാത്തവരെ ഒന്ന് കാണാൻ തന്നെ വിഷമമാണ് എന്ന    ഘട്ടത്തിലെത്തിയിരിക്കുന്നു.     നിയമപരിജ്ഞാനം നോക്കിയാൽ വെറും   ബിരുദം മാത്രമേ ഇവർക്കുള്ളൂ എന്ന്    മനസ്സിലാകും. ഇന്ന് ഏകദേശം ആ    നിലയിലേക്ക് എത്തുകയാണ് PhD യും.   പണ്ട് ശരിയായ രീതിയിൽ ഒരു    വിഷയത്തിൽ പഠനം നടത്തി ആ    വിഷയത്തെക്കുറിച്ച് ആഴത്തിൽ   അറിഞ്ഞവർക്കു മാത്രമേ ഡോക്ടറേറ്റ്   ലഭിച്ചിരുന്നുള്ളൂ. അവരുടെ പ്രബന്ധം മറ്റു വിദ്യാർഥികൾക്ക് ആ വിഷയത്തിലുള്ള ഒരു വിജ്ഞാന കോശം തന്നെ ആയിരുന്നു. എന്നാൽ ഇതിൽ ഉണ്ടാകുന്ന പിഴവുകൾ ഇതുമായി ബന്ധപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് തെറ്റായ അറിവായിരിക്കും നൽകുക എന്നതിൽ സംശയമില്ല. വലിയ അറിവും കഴിവും ഒന്നുമില്ലെങ്കിലും പിഎച്ച്ഡിക്ക് നേതൃത്വംനൽകുന്ന ഗൈഡിനെയും   കുടുംബത്തെയും സന്തോഷിപ്പിച്ചാൽ പിന്നെ വലിയ ബുദ്ധിമുട്ട് കൂടാതെ ഡോക്ടറേറ്റ് നേടാം എന്നെല്ലാം നമ്മുടെ പാണന്മാർ പാടി നടക്കുന്നുണ്ട്. ഇന്നു നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ അത് ശരിയാണല്ലോ എന്നു സംശയിക്കുന്നതിൽ കുറ്റം പറയാൻ ആകുമോ?

 സത്യത്തിൽ എന്തിനാണ് ഈ PhD? ഒരു വ്യക്തിയുടെ ആ വിഷയത്തിലുള്ള ഗഹനമായ അറിവ് പ്രകടമാക്കുവാൻ ഡോക്ടറേറ്റ് ലൂടെ കഴിയുന്നു. കോളേജിൽ അധ്യാപകരായി ചേർന്ന് പ്രമോഷൻ കിട്ടാനും ഈPhD, MPhil ഒക്കെ ഇന്നു വേണം. വിദ്യാഭ്യാസരംഗത്ത് ശരിയായ രീതിയിൽ വിദ്യാർഥികളെ നയിക്കാൻ ഇത്തരം അറിവുകൾ വളരെ നല്ലതുതന്നെ. പക്ഷേ പല വിഷയങ്ങൾ പഠിച്ച് അതിൽ ഒന്നുമില്ലാത്ത ഒരു വിഷയത്തിൽ പി എച്ച് ഡി എടുത്താൽ എന്താണ് പ്രയോജനം? മനസ്സിലായില്ല അല്ലേ? ശരി. ഒന്നുകൂടി വിശദീകരിക്കാം. ഡിഗ്രിക്ക് ഞാൻ ഫിസിക്സ് എടുത്തു എന്ന് വിചാരിക്കുക, ഫസ്റ്റ് ക്ലാസിൽ പാസ് ആവുകയും ചെയ്തു. എങ്കിലും ഫിസിക്സ് പിജിക്ക് പ്രവേശനം കിട്ടിയില്ല. കാരണം എനിക്കു കിട്ടിയതിലും കൂടുതൽ മാർക്ക് നേടിയവർക്കാണ് എംഎസ്സിക്ക് പ്രവേശനം ലഭിച്ചത്. അത് ശരിയാണ് താനും. അപ്പോൾ ഞാൻ കരുതി ഇംഗ്ലീഷ് MA ക്കു ചേരാമെന്ന്. ഡിഗ്രിക്ക് ഇംഗ്ലീഷും കൂടി പഠിച്ചതുകൊണ്ട് എനിക്ക് അഡ്മിഷൻകിട്ടി. അതും ഫസ്റ്റ് ക്ലാസിൽ തന്നെ പാസായി എന്ന് കരുതുക. അപ്പോഴാണ് PhD കൂടി എടുത്താലോ എന്ന് തോന്നിയത്. അങ്ങനെ വിഷയങ്ങൾ തേടി നടന്ന ഞാൻ ഒടുവിൽ "സമൂഹവും സിനിമയും പരസ്പരപൂരകങ്ങൾ "എന്ന വിഷയത്തിൽ പിഎച്ച് നേടി. ഇനി പറയൂ, എനിക്ക് കോളേജിൽ അധ്യാപികയായി ജോലി കിട്ടിയാൽ എന്ത് വിഷയമാണ് ഞാൻ പഠിപ്പിക്കുക. വെറും മൂന്നു വർഷം മാത്രം ഫിസിക്സ് പഠിച്ചതിനാൽ അത് പഠിപ്പിക്കാൻ പറ്റുമോ? ഇല്ല എന്നത് സത്യമാണ്. അടിസ്ഥാനമായ വെറും ചെറിയ അറിവ് മാത്രമാണ് മൂന്നുവർഷത്തെ പഠനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുള്ളത്. കുട്ടികളെ ശരിയായി പഠിപ്പിക്കാനോ, അവരുടെ സംശയം തീർത്തു കൊടുക്കാനോ ഈ ചെറിയ അറിവിലൂടെ എനിക്ക് കഴിയില്ല എന്നത് പകൽപോലെ വ്യക്തം. ശരി, എന്നാൽ ഇനി ഇംഗ്ലീഷ് പഠനമായാലോ? ദയവായി ചിരിക്കരുത് എന്റെ ഇംഗ്ലീഷ്, ഗ്രാമർ രഹിതമായിരിക്കും. കാരണം പിജിക്ക് ഗ്രാമർ കാര്യമായെന്നും പഠിപ്പിക്കില്ല. പണ്ട് പ്രീഡിഗ്രിക്ക് ഗ്രാമർ ഒരു പേപ്പർ ആയിരുന്നു എങ്കിലും ഇന്ന് പ്രത്യേക പേപ്പർ ആയി ഗ്രാമർ പഠിപ്പിക്കുന്നില്ല. ഇന്നത്തെ കുട്ടികൾ ഇംഗ്ലീഷ് എഴുതുന്നതും പറയുന്നതും കാണുമ്പോൾ അത് മനസ്സിലാകും. ( "ഇംഗ്ലീഷ് ഭാഷയിൽ സ്പെല്ലിങ് ഗ്രാമറും ഇല്ലായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു "എന്ന തന്റെ ഇംഗ്ലീഷ് അധ്യാപകന്റെ തമാശ എന്റെ ഭർത്താവ് ഇടയ്ക്കിടെ പറയാറുണ്ട് ). അപ്പോൾ ഇംഗ്ലീഷും പറ്റില്ല. പിന്നെയുള്ളത് പി എച്ച് ഡി നേടിയ വിഷയമാണ്. അത് ആരെയാണ് പഠിപ്പിക്കേണ്ടത്? എവിടെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?

    അപ്പോൾ ഈ പി എച്ച് ഡി കൊണ്ട് എന്താണ്, ആർക്കാണ് പ്രയോജനം? വെറുതെ ഒരു അലങ്കാരത്തിന് കൊണ്ടുനടക്കാം അല്ലേ? ചിന്ത ജെറോമിന്റെ ഇഷ്യൂ വന്നതോടെ ഇപ്പോൾ പലരും തങ്ങളുടെ ഡോക്ടർ എന്ന ഡിഗ്രി നാണം കൊണ്ടും ചമ്മൽ കൊണ്ടും വെക്കാറില്ലത്രെ. മറ്റൊരു കാര്യം കൂടി പറയട്ടെ. ഫീസിടാക്കിയും    രാഷ്ട്രീയ സ്വാധീനത്തിലൂടെയും പി എച്ച് ഡി പ്രബന്ധം എഴുതിക്കൊടുക്കുവാൻ ആളുകളുണ്ട് എന്നും അറിയുന്നുണ്ട്. അപ്പോൾ  ഇങ്ങനെയെല്ലാം നേടുന്ന ഇതിന്എന്ത് വാല്യൂ ആണുള്ളത്? നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യ തകർച്ചയാണ് ഇത് കാണിക്കുന്നത്. തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതും കൂടി ആകട്ടെ അല്ലേ.

 യഥാർത്ഥത്തിൽ ഒരേ വിഷയത്തിൽ ഡിഗ്രിയും പിജിയും കഴിഞ്ഞവർ മാത്രമേഅതേ വിഷയത്തിൽ പി എച്ച് ഡി ക്കായി രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന നിയമം കൊണ്ടുവരണം. അപ്പോൾ മാത്രമേ ആ വിഷയത്തിൽ അവർക്കുള്ള ഗഹനമായ അറിവ് തിരിച്ചറിയൂ. അതുകൊണ്ട് മാത്രമേ പ്രയോജനവും ഉള്ളൂ. പി എച്ച് ഡി എന്നത് ഒരലങ്കാരമല്ല, അറിവിന്റെ തെളിവാണെന്ന് വിദ്യാഭ്യാസ വകുപ്പുകൾ തിരിച്ചറിയണം. അല്ലെങ്കിൽ തെറ്റിന്റെ കൂമ്പാരങ്ങൾ ആയി മാറുന്ന ഇത്തരം പ്രബന്ധങ്ങൾ ഏവരാലും തിരസ്കരിക്കപ്പെടും എന്നതിൽ സംശയമില്ല. 

  " വിദ്യാ പ്രശസ്യതെ ലോകേ, വിദ്യാ സർവ്വത്ര ഗൗരവ

 വിദ്യാ ലഭതേ സർവ്വ വിദ്വാൻ, സർവ്വത്ര പൂജ്യതേ" 

   


Sunday, January 29, 2023

സ്വയം തിരിച്ചറിയാത്തവർ

      നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവരെ പോലെ ആകുവാൻ ശ്രമിക്കുന്നതും,  അവരെപ്പോലെ ജീവിക്കാൻ നോക്കുന്നതുമാണ്. ആ ശ്രമത്തിൽ, നമ്മൾക്ക്  നമ്മളെ തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. സ്വന്തം കഴിവും, കഴിവുകേടും സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ ശക്തിഹീനത കണ്ടെത്തുവാൻ നോക്കുന്നത് ഒട്ടും നല്ല പ്രവണതയല്ല. ഓരോ വ്യക്തിക്കും അവരുടെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നമ്മുടെ ഗുണദോഷങ്ങൾ നമ്മൾ സ്വയം തിരിച്ചറിയണം. തെറ്റുകൾ തിരിച്ചറിഞ്ഞാൽ പിന്നെ വേണ്ടത് തിരുത്താനുള്ള ശ്രമമാണ്. ചിലർ സ്വന്തം വീഴ്ചകൾ തിരിച്ചറിയും എങ്കിലും തിരുത്തുവാൻ തയ്യാറാകാറില്ല. അല്ലെങ്കിൽ അതിന് അവരുടെ ഈഗോ- ഞാൻ എന്ന ഭാവം- സമ്മതിക്കില്ല. സ്വയം തിരിച്ചറിയിലാണ് ഒരു വ്യക്തിയെ മനുഷ്യനാക്കുന്നത്. രണ്ടു കാലിൽ നടന്നത് കൊണ്ടോ, ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് കൊണ്ടോ, ചിരിക്കുന്നത് കൊണ്ടോ ഒന്നും ഒരാൾ മനുഷ്യനാകില്ല. സ്വയം തിരിച്ചറിവ് വേണം. ഓരോരുത്തർക്കും ഓരോ തരം ജീവിതമാണ് ഉള്ളത്. ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവർത്തികളും തികച്ചും വ്യത്യസ്തമായിരിക്കും. നമ്മളെപ്പോലെ ഒരാളെ രൂപഭാവത്തിൽ മാത്രമല്ല പ്രവർത്തികളിലും പ്രവർത്തനങ്ങളിലും കാണാൻ കഴിയില്ല എന്നതിനു കാരണം  ഈശ്വരന്റെ നിയോഗം തന്നെയാണ്. മനുഷ്യരുടെ വികാരവിചാരങ്ങളും രൂപഭാവങ്ങളും ഏവരിലും  വ്യത്യസ്തമാണ്. നമുക്കുള്ളത് ഇതാണ് അഥവാ ഞാൻ ഇതാണ് എന്ന് മനസ്സിലാക്കിയാൽ മറ്റുള്ളവരുടേതു പോലെയുള്ള ജീവിതം എനിക്കും വേണം എന്ന് തോന്നില്ല. നമുക്ക് കഴിയാത്തതിനോട് ഉണ്ടാകുന്ന ആഗ്രഹം അത്യാഗ്രഹമാണ്. അത്യാഗ്രഹം നമ്മളെ കൊണ്ടുപോകുന്നത്  ചീത്ത വൃത്തിയിലേക്കും മനക്ലേശത്തിലേക്കും.    എന്നാൽ തനിക്കുള്ളതിൽ ആത്മസംതൃപ്തി ഉണ്ടായാൽ ആ മനുഷ്യനോളം സന്തോഷവാനായിട്ടുള്ള മറ്റ് ആരും കാണില്ല.ഒരാളുടെ സന്തോഷം ആദ്യം തിരിച്ചറിയുക സ്വയം ആയിരിക്കും. പിന്നീട് മാത്രമേ മറ്റുള്ളവർക്ക് അത് അനുഭവപ്പെടൂ.

      എന്നാൽ ഈ സ്വയം തിരിച്ചറിയൽ എന്നത് ഏറെ ക്ലേശകരമായ ഒന്നാണ്. പ്രലോഭനങ്ങളെ അകലെ നിർത്തിക്കൊണ്ട് ജീവിക്കുക എന്നതിന്   അസാധാരണമായ മനക്കരുത്ത് വേണം.   ഒരാളുടെ വളർച്ച കണക്കാക്കുന്നത് ഈ     തിരിച്ചറിയൽ ഉണ്ടാകുമ്പോൾ മുതലാണ്.   അല്ലാതെ അയാളുടെ ജന്മദിനം    നോക്കിയല്ല. ചിലർക്ക് പ്രായമുണ്ടെങ്കിലും   അവർക്ക് പക്വത ഇല്ലെന്ന് നമുക്ക്    തോന്നിയിട്ടില്ലേ? അതിന് കാരണം    അവർക്ക് സ്വയം മനസ്സിലാക്കാൻ   കഴിയാത്തതാണ്. മിക്കപ്പോഴും മനുഷ്യൻ സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും അടിമയാകുന്നു. ഇത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പോലും അവൻ അതിൽ നിന്നും പിന്തിരിയാൻ പലപ്പോഴും കഴിയാറില്ല എന്നതാണ് വാസ്തവം . സ്വന്തം ഇഷ്ടത്തെ മാനിക്കുന്നു എങ്കിലും മറ്റുള്ളവരുടെ താൽപര്യത്തിനു വലിയ പരിഗണനയൊന്നും കൊടുക്കാറില്ല. നമ്മൾക്ക് തിരിച്ച് എന്ത് പ്രയോജനം ലഭിക്കും എന്ന് നോക്കിയാണ് പൊതുവേ  മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ.  ഇത്തരം സങ്കുചിതമായ മനസ്ഥിതി തുടരുന്നിടത്തോളം അവന് സംതൃപ്തിയും സന്തോഷവും ലഭിക്കില്ല. മറ്റുള്ളവരുടെ സന്തോഷമാണ് എന്റെയും സന്തോഷം എന്ന് തിരിച്ചറിയുമ്പോൾ അവന്റെ മനസ്സ് വിശാലമാകുന്നു. മറ്റുള്ളവരെ കൂടി  തന്നിലേക്ക് ഉൾക്കൊള്ളിക്കാൻ സാധിക്കുന്നു. അങ്ങനെ ഞാൻ എന്നത് നമ്മളായി മാറുന്നു. പക്ഷേ സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സ്വന്തം ജീവിതം പൊട്ടക്കിണറ്റിലെ തവളയുടേത് ആയിരിക്കും. ഒന്നും അറിയാതെ,ആരെയും മനസ്സിലാക്കാൻ ശ്രമിക്കാതെ,തന്നെ പോലും തിരിച്ചറിയാതെയുള്ള ഒരു ജീവിതം. സന്തോഷം ഇല്ലാത്ത ഈ വിധത്തിലുള്ള ജീവിതത്തിന്റെ ഇടയിലാണ് ആത്മഹത്യ ചിന്തകൾ ഉണ്ടാകുന്നത്. ഇതിൽ മാറ്റം വരണമെങ്കിൽ സ്വയം ശ്രമിക്കണം.പാമ്പ് തന്റെ തോൽ സ്വയം ഉരിഞ്ഞു മാറ്റുന്നത് പോലെ അഹം ബോധത്തിൽ നിന്നും ഇവർ സ്വയംപുറത്തു കടക്കണം. അതിനു വേണ്ടത് അവനവനെ മനസ്സിലാക്കുകയാണ്.  ഈ സ്വയം തിരിച്ചറിയൽ ഇല്ലെങ്കിൽ മനക്ലേശം നമ്മളോടൊപ്പം കൂടും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്ന് പറയുന്നതുപോലെ അവനവനെ മനസ്സിലാക്കിയാൽ, അതനുസരിച്ച് ജീവിതം പ്ലാൻ ചെയ്താൽ പിന്നെ അവിടെ ദുഃഖത്തിനും ദുരിതത്തിനും സ്ഥാനമില്ല. അല്ലാത്തപക്ഷം മനസ്സിലെ ഭാരം വർദ്ധിക്കുകയും ഭാരം കൂടുന്തോറും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം മെല്ലെ ആവുകയും ചെയ്യും. വിജയം എപ്പോഴും സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആയിരിക്കും. മനക്ലേശത്തിന്റെ ഒപ്പം കൂടുക പരാജയബോധവും ആധി യും ദുഃഖവും. അതിനാൽ ഉള്ളതിൽ സംതൃപ്തരായി സന്തോഷത്തോടെ ഉന്നതിക്കായി ശ്രമിക്കുക. ഇന്നുള്ളതിൽ ദുഖിച്ച് വിഷമിച്ച് പുരോഗതിക്കായി ശ്രമിച്ചാൽ നാളെ കാത്തിരിക്കുന്നത് ഇതേ ദുർവിധി തന്നെ ആയിരിക്കും എന്നത് മറക്കരുത് . നമുക്ക് വേണ്ടത് സന്തോഷവും സംതൃപ്തിയും ആണെങ്കിൽ നമ്മൾ മറ്റുള്ളവർക്ക് നൽകേണ്ടതും അതുതന്നെ.

 🙏ലോകാ സമസ്താ സുഖിനോ ഭവന്തു🙏