Thursday, July 21, 2022

മണി കെട്ടേണ്ട മണിമാർ

               നമ്മൾ ഏറെ കേട്ടിട്ടുള്ള ഒരു പഴമൊഴിയാണ് "പൂച്ചക്കാര് മണികെട്ടും". പക്ഷേ ചിലപ്പോൾ പൂച്ചയ്ക്കും മണികെട്ടേണ്ടി വരും. കാര്യങ്ങളുടെ    പോക്ക് ഇങ്ങനെയാണെങ്കിൽ അതിനുള്ള ധൈര്യം ആരെങ്കിലും കാണിക്കും എന്നുള്ളത് തീർച്ചയാണ്. ഇല്ലെങ്കിൽ അത് എങ്ങോട്ട് പോകുമെന്നും എന്ത് ചെയ്യുന്നു എന്നും മറ്റുള്ളവരല്ല, ഉടമസ്ഥൻ പോലും അറിയില്ല. ഇപ്പോൾ കേരളത്തിലും ഉടൻതന്നെ ഒരു മണികെട്ടേണ്ടതായ ഒരു വ്യക്തിയുണ്ട്. രാഷ്ട്രീയക്കാരനാണ്, മുൻമന്ത്രിയാണ്, പക്ഷേ നാവിന്  എ   ല്ലില്ലാത്തതിനാൽ എന്തും വിളിച്ചുപറയും.    നാട്ടുഭാഷയാണെന്ന് പറഞ്ഞ് പാർട്ടിക്കാർ ആളെ താങ്ങും. ഇപ്പോൾ           ഞാൻ പറഞ്ഞുവരുന്നത്    ആരെക്കുറിച്ചാണെന്ന് മനസ്സിലാ യി     ക്കാണും, അല്ലേ . M. M. മണി. ഒരുപക്ഷേ      പാർട്ടിക്കാർ ആഗ്രഹിക്കുന്ന കാര്യം    മണിയിലൂടെ പറയുന്നതുകൊണ്ടാണോ        ( അതോ പറയിപ്പിക്കുന്നതോ) ഈ' താങ്ങൽ 'എന്ന്    ആർക്കും സംശയം തോന്നും.ആരീതിയിലാണല്ലോ തുടർനടപടികൾ  നീങ്ങുന്നതും.

                 തങ്ങളെ എതിർക്കുന്നവരെ പ്രത്യേകിച്ചും സ്ത്രീകളെ  മ്ലേച്ഛമായി    ചിത്രീകരിക്കുന്ന സ്വഭാവംMM മണി കാട്ടിത്തുടങ്ങിയത് ഇന്നലെയും ഇന്നുമല്ല. താൻ പറയുന്ന കാര്യം സത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നു എന്നും മാപ്പ് പറയില്ല എന്നും പറയുന്ന മണി പിന്നീട് മാപ്പ് പറയുന്ന കാഴ്ച നമ്മൾ ധാരാളം കണ്ടിട്ടുണ്ട് . താൻ പറഞ്ഞതിലോ ചെയ്തതിലോ ഒരു കുറ്റവും ഇല്ലെന്നാണ് മണിയാശാൻ എപ്പോഴും ദൃഢമായി വിശ്വസിക്കുന്നത്. ഇത്തരം അവഹേളിക്കലുകളുടെ 'ആശാൻ' എന്നതു കൊണ്ടാവും' മണിയാശാൻ' എന്നറിയപ്പെടുന്നത്.

           നമ്മുടെ എംഎൽഎ രമയെ  മോശമായി ചിത്രീകരിച്ച എംഎം മണിയുടെ പ്രവർത്തി,  രാഷ്ട്രീയത്തിന് അതീതമായി കാണാൻ കേരളത്തിലെ സ്ത്രീകൾക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. സി പി ഐ- സിപിഎമ്മിലെ പുരുഷന്മാർ നിശബ്ദരായി ഇരുന്നപ്പോഴും മണിയുടെ പരാമർശം തെറ്റാണെന്ന്  സിപിഐയിലെ പ്രമുഖ വനിതാ നേതാവ് ആനി രാജ ചൂണ്ടിക്കാട്ടിയതിലൂടെ സ്ത്രീത്വത്തിന്റെ മുഖമാണ് ആദരിക്കപ്പെട്ടത്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അവരെക്കുറിച്ച് വളരെയധികം അഭിമാനം തോന്നി. ഇങ്ങനെയാണ് സ്ത്രീകൾ പ്രതികരിക്കേണ്ടത്. ഒരു സ്ത്രീ,അവർ എംഎൽഎ ആയിരുന്നിട്ടും കൂടി,ഇത്തരം നിർലജ്ജാകരമായ വാക്കുകൾ കേൾക്കേണ്ടി വരുന്നു. അവരുടെ അഭിമാനത്തെ,സ്വകാര്യ ജീവിതത്തെ, അവരുടെ വൈധവ്യത്തെ ഒക്കെ     നിങ്ങളുടെ വിധി എന്ന് പറഞ്ഞ് അവരെ    അപഹസിക്കാൻ ആരാണ് ഈ മണിക്ക്    അധികാരം നൽകിയത്? രാഷ്ട്രീയത്തിൽ   നിന്നുംഅവരെ പുറത്താക്കാനുള്ള ഇത്തരം കുതന്ത്രങ്ങളിൽ ആളുകൾ വീഴും എന്നാണോ താങ്കൾ കരുതുന്നത്?                   വൈധവ്യത്തിന്റെ തീ ചൂടിൽ നിന്നും       ഉയർന്നു വന്ന രമയ്ക്ക് ഇത്തരം     വാക്കുകൾ തൃണസമാനമാണെന്ന്     ഇനിയും മണിക്ക് മനസ്സിലായില്ലേ?     കഷ്ടം. ഇത്തരക്കാർക്കെതിരെ രാഷ്ട്രീയാതീതമായി  പ്രതികരിക്കാൻ സ്ത്രീകൾക്ക് കഴിയണം. ഇവിടെ ആനി രാജ അത് പറഞ്ഞു എങ്കിലും കേരളത്തിലെ സാഹിത്യ -സാമൂഹ്യ രംഗത്തെ വനിതാ പ്രതിഭകളെ ഒന്നും ആ വഴി കണ്ടില്ല. അതുകൊണ്ടാവും ആനി രാജയെ നാവുകൊണ്ട് വെട്ടി മുറിക്കാൻ എംഎം മണി വീണ്ടും ഒരുങ്ങിയത്. സധൈര്യം അതിനെ എതിരിടാൻ  ആനിരാജയ്ക്ക് കഴിഞ്ഞു എങ്കിലും  സംരക്ഷണം നൽകാൻ കേരളത്തിലെ അവരുടെ പാർട്ടി നായകന്മാരൊന്നും എത്തിയില്ല. ആനി രാജയോടുള്ള എന്തോ വിദ്വേഷം മൂലം ആദ്യം നിശബ്ദരായിരിക്കുകയായിരുന്നു സിപിഎം നേതൃത്വം. എങ്കിലും ആനിരാജ്യയ്ക്കായി ആദ്യം മുന്നിട്ടിറങ്ങിയത് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആണ്. വനിതാ നേതാക്കൾക്കെതിരെ മണി മുമ്പും മോശം പരാമർശം നടത്തിയിട്ടുണ്ട് എന്ന് ശക്തമായി പ്രതികരിച്ചാണ് കെ കെ ശിവരാമൻ മുന്നോട്ട് വന്നത്.  "സ്ത്രീകളല്ലേ അവരെ എന്തും പറയാം" എന്ന ആ വിശ്വാസത്തിന്, ആ തോന്നലിന് അവസാനം കുറിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോൾ മുൻപിലേക്ക് നിർത്താനും ആവശ്യം കഴിയുമ്പോൾ പിന്നിലേക്ക് ചവിട്ടിക്കൂട്ടി എറിയാനും ഉള്ളതല്ല വനിതാ രാഷ്ട്രീയ പ്രവർത്തകർ എന്ന തിരിച്ചറിവ് ഇനിയെങ്കിലും രാഷ്ട്രീയക്കാരിൽ ഉണ്ടാകണം. ഉണ്ടാക്കിയെടുക്കണം. അതെങ്ങനെ! വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും അറിയുന്നവർക്കേ മറ്റുള്ള സ്ത്രീകളോട് ആദരവ് തോന്നുകയുള്ളൂ.

        കെ കെ രമയ്ക്കെതിരെ അധിക്ഷേപം ഉന്നയിക്കാനുള്ള കാരണം എംഎം മണി പറഞ്ഞത് കേൾക്കണ്ടേ? കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയെ വിമർശിച്ചതു കൊണ്ടാണത്രേ കെ കെ   രമക്കെതിരെ തിരിഞ്ഞത് എന്നാണ്    അദ്ദേഹം പറയുന്നത്. നല്ല കാര്യം. ശ്രീ എം   എം മണി, താങ്കൾക്ക് മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സഹിക്കുന്നില്ല,അല്ലേ? രമ പറയുന്നത് ആരോപണങ്ങൾ മാത്രമാണെങ്കിൽ,നിങ്ങൾക്കോ മുഖ്യമന്ത്രിക്കോ അത് തെളിയിച്ചു കൂടെ? "അവർ വിധവയാണെങ്കിൽ അത് അവരുടെ വിധി "എന്ന് നിങ്ങൾ പറഞ്ഞു. ആരുടേതായിരുന്നു ആ വിധി? ആരാണ്   ആ വിധി നടപ്പാക്കിയത്? ആരൊക്കെയായിരുന്നു അതിനു പിന്നിൽ   ഉണ്ടായിരുന്നത്? അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികൾ ആരെല്ലാം ആയിരുന്നു എന്നെല്ലാം താങ്കളെപ്പോലെ തന്നെ ഇവിടെയുള്ളവർക്കെല്ലാം അറിയാം .  എതിർക്കുന്നവരെ ഇല്ലാതാക്കുന്ന തത്വശാസ്ത്രമാണ് 2012 മെയ്നാലിന് 51 വയസ്സായ ടി പി ചന്ദ്രശേഖരനെ അതി ഭീകരമായി വെട്ടികൊലപ്പെടുത്തിയതിലൂടെ  നടപ്പാക്കപ്പെട്ടത്. തന്റെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിച്ചതാണോ രമയുടെ തെറ്റ്?  മുഖ്യമന്ത്രിയുടെ നയങ്ങളെ വിമർശിച്ചത് പോലും താങ്കൾക്ക് സഹിക്കുന്നില്ല എങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ തന്റെ ഭർത്താവിനെ അതിക്രൂരമായി കൊല്ലപ്പെടുത്തിയത്ഏ ത് സ്ത്രീക്കാണ് സഹിക്കാൻ കഴിയുക?  ഒടുവിൽ, മുഖ്യമന്ത്രിയുടെ പിന്തുണഉണ്ടായിട്ടും,   രാഷ്രീയ സമ്മർദത്തിനു വഴങ്ങി മണിക്ക്‌ മാപ്പുപറയേണ്ടിവന്നു. താൻ  മോശമായി പറഞ്ഞതിനല്ല, അതിൽ" വിധി" എന്ന വാക്ക് ഉപയോഗിച്ചതിൽ മാപ്പുപറയുന്നു എന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകൾക്ക് വിധി എന്ന വാക്ക്‌ പറയാൻ പാടില്ലത്രേ. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി മാപ്പ്  പറയുമ്പോഴും സ്വന്തം തെറ്റ് മറച്ചുവെക്കാൻ ആണ് ശ്രമിക്കുന്നത്. താൻ ചെയ്ത തെറ്റ്  തിരിച്ചറിഞ്ഞില്ല എങ്കിൽ ഇങ്ങിനെ മാപ്പു പറയിപ്പിച്ചിട്ട് എന്തു  കാര്യം? ഹൃദയത്തിൽ തട്ടാതെ sorry പറഞ്ഞാൽ അത്  വാക്കിൽ മാത്രമേ  കാണൂ. അതുകൊണ്ടു തന്നെ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യും.   ഇങ്ങനെ പോയാൽ മണികെട്ടിയില്ല എങ്കിൽ നിങ്ങൾ പാർട്ടിക്കാരാവും ഒടുവിൽ അനുഭവിക്കുക. അപ്പോൾ മാപ്പ് പറയാനും കേൾക്കാനും ഒന്നും ആരും ഉണ്ടാവില്ല. ഇത്തരത്തിലുള്ള അധമ പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ   തിരിച്ചറിയുന്ന  ദിവസം അതിവിദൂരമല്ല.    അന്ന് കെ കെ രമമാരുടെ മുമ്പിൽ     സ്ഥാനമോഹികളായ രാഷ്ട്രീയക്കാർ    തലകുനിച്ചു ചൂളി നിൽക്കും. രാഷ്ട്രത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അച്ഛനും ഭർത്താവും മകനും ഒന്നും ഇല്ലാതായി തീരേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അവൾ സ്വന്തം ശക്തി തിരിച്ചറിയും. അതാണ് അവളുടെ വിജയവും.

 രാഷ്ട്രീയം ഇന്ന് രാഷ്ട്രത്തിനു വേണ്ടിയല്ല പ്രവർത്തകരുടെ സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്ന് വന്നിരിക്കുന്നു. വരുമാനവും അധികാരവും ഏറ്റവും അധികം ഉണ്ടാക്കുവാൻ കഴിയുന്ന ഒരു മേഖലയായി രാഷ്ട്രീയം മാറി. ഇതിന് യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുടെയും ആവശ്യമില്ല. ആരെയും ഒരു കാരണവുമില്ലാതെ അധിക്ഷേപിക്കാനും അപഹസിക്കാനും അപമാനിക്കാനും പഠിച്ചിരിക്കണം എന്ന് മാത്രം. കഷ്ടം.ഇത്തരക്കാരെ കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്നത് പുച്ഛവും അറപ്പും ആണ്. ഇവരിൽ നിന്നും ഇനിയും      രക്ഷപ്പെടാൻ നമുക്ക് ആവില്ലേ?    നമ്മുടെ   നാടിനും ഒരു നല്ല നാളെ    പിറക്കില്ലേ?    ആശയോടെ    പ്രതീക്ഷയോടെ     കാത്തിരിക്കാം.   


                 

    


Thursday, July 14, 2022

കർമഫലവും പൃഥ്വിരാജിന്റെ മാപ്പും

 ഇക്കഴിഞ്ഞ ആഴ്ചയിൽ, കടുവ എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തിനെതിരെ ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവ് പ്രതികരിച്ചു.തുടർന്ന് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും മാപ്പ് പറഞ്ഞു എന്നും പത്രത്തിൽ  കണ്ടിരുന്നു. ഒപ്പം ആ വരികൾ നീക്കാനുള്ള  തീരുമാനങ്ങളും അവർ നടപ്പാക്കി.

 "നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ നമ്മുടെ തലമുറകൾ ആയിരിക്കും അനുഭവിക്കുക "എന്നതായിരുന്നു ആ സംഭാഷണത്തിൽ ഉണ്ടായിരുന്നതും നീക്കിയതുമായ വരി. ഓരോരുത്തരും ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ഫലം അവരുടെ അടുത്ത തലമുറ അനുഭവിക്കും എന്നതാണ് അവരെ അസ്വസ്ഥയാക്കിയത്. തങ്ങളുടെ കുട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണം തങ്ങൾ ചെയ്ത പാപമാണ് എന്നാണ് ഈ സിനിമയിലെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ മനസ്സിലാവുക എന്ന് അവർ പറയുന്നു.എന്നാൽ കർമ്മഫലത്തെ പറ്റി കൂടുതൽ ശക്തമായി മമ്മൂട്ടി മുമ്പൊരു ചിത്രത്തിൽ പറഞ്ഞത് ശ്രദ്ധിക്കാതെ പോയി എന്ന് തോന്നുന്നു.

    മുജ്ജന്മ പുണ്യ പാപങ്ങളുടെ വിശ്വാസത്തിന് -പ്രത്യേകിച്ചും ഹിന്ദുക്കളിൽ -പുരാണങ്ങളോളം തന്നെ വളരെയേറെ പഴക്കമുണ്ട്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത, നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ കർമഫലമായി കണ്ട് സ്വയം ആശ്വസിക്കാൻ ശ്രമിക്കും .   നമുക്ക് ഓരോ ദുഃഖം വരുമ്പോഴും "ദൈവം എന്തിനാണ് ഇത്രയും ദുഃഖം നമുക്ക് തന്നത് "എന്ന് പറയാത്തവർ വളരെ വളരെ കുറവായിരിക്കും." ഇപ്പോൾ എനിക്ക് ഈശ്വരനെ വിശ്വാസമില്ലാതായി ഈശ്വരൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ  വരുമായിരുന്നോ? " തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെയും കാണാം. അവർ കരുതുന്നത് ഈശ്വര വിശ്വാസം ഉണ്ടെങ്കിൽ ഒരു ദുഃഖവും വരില്ല എന്നാണ്. എന്നാൽ ഈശ്വര ധ്യാനത്തിലൂടെ ആ വിഷമതകൾ സമാധാനപൂർവ്വം തരണം ചെയ്യുവാനുള്ള ശക്തിയാണ് നമുക്ക് കിട്ടുക. തന്റെ വിഷമാവസ്ഥക്ക് കാരണം മുജ്ജന്മഫലം എന്ന കരുതുന്നവർ ഇന്നും ഒട്ടും കുറവല്ല . ഇനി നമുക്ക് ജന്മജന്മാന്തരങ്ങളിലൂടെ ആർജിക്കുന്ന പുണ്യ പാപങ്ങളെ കുറിച്ച് ഒന്നു നോക്കാം. ഗീതയിൽ പറയുന്നത് ആത്മാവിന് മരണമില്ല എന്നാണ്. നമ്മൾ വസ്ത്രം മാറുന്നതുപോലെ ആത്മാവ് ശരീരവും മാറുന്നു. ( ആത്മാവിനു മരണമില്ലെന്നും പഴയ വസ്ത്രം പോലെ അത് ശരീരത്തെ ഉപേക്ഷിച്ച് ദൈവത്തിലേക്ക് ലയിക്കുന്നു എന്നും വിശ്വസിക്കുന്ന ഒരു  വിഭാഗം ക്രിസ്തുമതത്തിലുമുണ്ട്.) അതായത് ഒരു ജന്മത്തിൽ നമുക്കു ലഭ്യമായ ശരീരം വഴി നമ്മൾ ആർജിക്കുന്ന പുണ്യ പാപങ്ങൾ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നു. പിന്നീട് ആ ശരീരം വെടിയുന്നു എങ്കിലും ആത്മാവിന് മരണമില്ല. അത് വസ്ത്രം മാറുന്ന രീതിയിൽ പുതിയൊരു ശരീരത്തെ സ്വീകരിക്കുന്നു. ആത്മാവ് ഒന്നുതന്നെ ആയതിനാൽ കഴിഞ്ഞ ജന്മത്തിൽ ചെയ്ത ശരി തെറ്റുകളുടെ ഫലം ഈ ജന്മം നമ്മൾ അനുഭവിക്കേണ്ടി വരുന്നു. അതായത് നമ്മുടെ ഈ ജന്മ- മുജ്ജന്മ  പുണ്യ പാപങ്ങൾ ഈ ജന്മത്തിലും ചിലപ്പോൾ വരും ജന്മങ്ങളിലും നമ്മെ പിന്തുടരുന്നു എന്നു സാരം. മുമ്പ് ചെയ്ത പുണ്യ പാപങ്ങളുടെ ഫലം ഈ ആത്മാവ് ഈ ശരീരത്തിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. വിശ്വാസം വരുന്നില്ല അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഒരു പരീക്ഷ എഴുതിയത് സാരിയുടുത്ത്   ആണെന്ന് വിചാരിക്കുക.അതിന്റെ ഫലം അപ്പോൾ തന്നെ കിട്ടില്ലല്ലോ. വീട്ടിൽ വന്ന് ആ ഡ്രസ്സും പിന്നീട് പല ഡ്രസ്സുകളും മാറിമാറി ഉടുത്ത ശേഷമാണ് ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം കഴിയുമ്പോൾ ആ പരീക്ഷയുടെ ഫലം അറിയുന്നത്. അതായത് ഫലം അറിയുമ്പോൾ ഞാൻ ധരിച്ചിരിക്കുന്ന വേഷം മറ്റൊന്നായിരിക്കും. അതുകൊണ്ട് മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം അറിയാതിരിക്കുമോ? ശരീരം മാറിയാലും നമ്മുടെ പ്രവർത്തിയുടെ ഫലം ലഭിക്കുക തന്നെ ചെയ്യും.

 കൊച്ചു കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടാകുമ്പോൾ അല്ലെങ്കിൽ അപകടം പറ്റുമ്പോൾ ഈ കുഞ്ഞുങ്ങൾ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ അനുഭവിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ശരിയാണ്. ഈ ശരീരം കൊണ്ട് അവർ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ കുഞ്ഞുങ്ങളിലെ ആത്മാവ് മുമ്പ് സ്വീകരിച്ചിരുന്ന ശരീരം തെറ്റു ചെയ്തിട്ടുണ്ടാവാം. ഈ ജന്മത്ത് ആത്മാവ് സ്വീകരിച്ചിരിക്കുന്ന ശരീരം നമ്മുടെ മക്കളുടെയും സഹോദരങ്ങളുടെയും അച്ഛനമ്മമാരുടെയും മറ്റും രൂപത്തിലാണ്. അതുകൊണ്ടാണ് നമുക്ക് ഈ വേദന തോന്നുന്നത്. എന്നാൽ കഴിഞ്ഞ ജന്മത്തിൽ അല്ലെങ്കിൽ ജന്മങ്ങളിൽ ഇവരാരുമായും നമുക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. ഈ ജന്മത്തിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആയിരിക്കില്ല അടുത്ത ജന്മത്തിൽ നമുക്ക് ലഭിക്കുക. ഇതേക്കുറിച്ചുള്ള പല കഥകളും പുരാണങ്ങളിൽ കാണാം.

  മുജ്ജന്മത്തെക്കുറിച്ച് ഓർക്കുന്ന ചില സംഭവങ്ങളെങ്കിലും നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. 10 വർഷം മുമ്പുള്ള ഒരു പത്രവാർത്ത ഇന്നും ഞാൻ ഓർക്കുന്നു. വിദേശത്തുള്ള ഒരു മൂന്നു വയസ്സുകാരൻ താൻ പോയിട്ടില്ലാത്ത മറ്റൊരു രാജ്യത്തെ കാര്യം എപ്പോഴും പറയുമായിരുന്നു. അവിടെയാണ് തന്റെ ജനന സ്ഥലം എന്നും പോകണമെന്നും പറയും. ഒടുവിൽ അച്ഛനും അമ്മയും അവനെയും കൂട്ടി ആ സ്ഥലത്തു പോയി. അവിടെയുള്ള പലരെയും പേരുപറഞ്ഞ് അവൻ തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കാട്ടി തന്നെ ഇയാൾ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് ഈ ബാലൻ പറഞ്ഞു. ആരും വിശ്വസിച്ചില്ല. ഒടുവിൽ തന്നെ അടക്കിയ സ്ഥലം ആ ബാലൻ കാണിച്ചുകൊടുത്തു. അവിടെ കുഴിച്ചപ്പോൾ മരിച്ചുപോയ മനുഷ്യന്റെ അസ്ഥികൂടം കിട്ടി. കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയ അടയാളം ഉണ്ടായിരുന്നു. ആ ബാലന്റെ കഴുത്തിലും അത്തരം ഒരു ചെറിയ പാട് കാണാനുണ്ടായിരുന്നു. ഒടുവിൽ കൊലപാതകി പൊട്ടിക്കരഞ്ഞതുകൊണ്ട് എല്ലാം ഏറ്റുപറഞ്ഞു.

   ഇത്തരം പല സംഭവങ്ങളും -വളരെ അപൂർവ്വമാണെങ്കിലും -നമ്മൾ കേൾക്കാറുണ്ട്. എല്ലാവർക്കും എന്തുകൊണ്ട് ഈ പഴയ ഓർമ്മ വരുന്നില്ല എന്നതാണ് പൊതുവേയുള്ള സംശയം. ഒരു 15 കൊല്ലം മുമ്പ് ജനുവരി 17ന് എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ നമുക്കാകുമോ? പറ്റില്ല. കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങൾ പോലും നമ്മുടെ ഓർമ്മയിൽ ഉണ്ടാവില്ല. അപ്പോൾ എങ്ങനെ നമുക്ക് കഴിഞ്ഞ ജന്മത്തിലേക്ക് പോകാൻ ആവും. ഒരു കാര്യം കൂടി പറയട്ടെ. കൊച്ചു കുട്ടികളിലാണ് കഴിഞ്ഞ ജന്മത്തെ ഓർമ്മകൾ കൂടുതൽ പ്രകടമാകുന്നത്. വളരുന്നതോടെ ആ ഓർമ്മകളും മങ്ങും. പക്ഷേ ഇതെല്ലാം ശാസ്ത്രീയമായി ഉദാഹരിക്കാനുള്ള  കഴിവും അറിവും  ജ്ഞാനവും ഇല്ലാത്തതുകൊണ്ട് തന്നെ എനിക്ക് കഴിയില്ല. ഇതെല്ലാം ഉദാഹരണങ്ങൾ കൊണ്ട് വ്യക്തമാക്കുവാൻ കഴിവുള്ള പണ്ഡിതന്മാർ തീർച്ചയായും ഉണ്ട്. നമ്മൾ അവരെ കണ്ടെത്തണം. ഇങ്ങിനെ ചിന്തിക്കുന്നത് കൊണ്ട് വളരെയേറെ പ്രയോജനങ്ങളും ഉണ്ട്. ഈ ഭീതി മനുഷ്യനെ തെറ്റ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കും. താൻ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും ഫലം  അവനവൻ തന്നെ- അത് ഈ ശരീരം മാറ്റി മറ്റൊരു ശരീരം നേടിയാലും-അനുഭവിക്കണം. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ  അനുഭവിക്കുമെന്നേ വരൂ എന്ന് പറഞ്ഞിട്ടുണ്ടല്ലോ.   ആത്മാവ് ഈ ശരീരം ഉപേക്ഷിച്ച ശേഷം - അതൊരു പക്ഷേ ബാല്യത്തിൽ ആവാം യൗവനത്തിൽ ആവാം വാർദ്ധക്യത്തിൽ അതി പീഡനങ്ങൾ അനുഭവിച്ചും ആകാം - മറ്റൊരു ശരീരം സ്വീകരിക്കുന്നത് മനുഷ്യശരീരം തന്നെ ആവണമെന്നില്ല.   പുഴുവായോ പുല്ലായോ മൃഗമായോ   മരങ്ങളായോ അങ്ങനെ     എന്തുവേണമെങ്കിലും ആകാം.    എന്തായാലും കർമ്മഫലം അനുഭവിച്ചു     തന്നെ തീരണം. മനുഷ്യനെ     നേർവഴിയിലൂടെ നയിക്കാൻ ഇത്തരം     വിശ്വാസങ്ങൾക്ക് കഴിയും എന്ന്    സൂചിപ്പിച്ചുകൊണ്ട്, ഈ വിഷയം    അവസാനിപ്പിക്കട്ടെ.  മറ്റൊരു    വിഷയവുമായി വീണ്ടും കാണാം  . 

Friday, July 8, 2022

ലീന മണിമേഖല യുടെ കാളി

         ലീന മണിമേഖലയുടെ "കാളി" എന്നഷോർട്ട് ഫിലിമിൽ സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്ററിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിലും കാണുന്നത്. കമ്മ്യൂണിസത്തോടു ചായ്‌വുള്ള ലീന മണി മേഖലയ്ക്ക്, ഈശ്വര വിശ്വാസത്തെ  കുറിച്ചും വിശ്വാസികൾക്ക് ദൈവത്തോടുള്ള  അർപ്പിത ഭാവത്തെക്കുറിച്ചും അറിവുണ്ടാകില്ല.ദൈവ വിശ്വാസികളായ

 ഹിന്ദുക്കളുടെ വികാരത്തെയാണ് ഈ പോസ്റ്ററിലൂടെ ലീന മുറിവേൽപ്പിച്ചത്. ഇതൊരു തരത്തിൽ വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം തന്നെയാണ്.        "എന്റെ സംസ്ഥാനമായ തമിഴ്നാട്ടിൽ ആടിന്റെ രക്തത്തിൽ പാകം ചെയ്ത മാംസം ഭക്ഷിക്കുന്നവളായും, ചാരായം കുടിക്കുന്നവളായും, ബീഡി വലിക്കുന്നവളായും, വന്യമായി നൃത്തം ചെയ്യുന്നവളുമായാണ് കാളിയെ ആരാധിക്കുന്നത്. ആ കാളിയെയാണ് ഞാൻ ഈ ചിത്രത്തിൽ ആവിഷ്കരിച്ചത് "

   ഇവരുടെ ഈ വാക്കുകൾ തികച്ചും തെറ്റിദ്ധാരണാജനകമാണ് . ഭാരതത്തിൽ പൊതുവേ നിലനിൽക്കുന്നത് സ്വാത്വിക പരമായ പൂജ വിധികളാണ് . ഋഗ്വേദം, യജുർവേദം എന്നിവയെ പിന്തുടർന്നു കൊണ്ടുള്ള പൂജാ ശൈലി ആണിത്. ഇത്തരം ആരാധനകളിൽ പായസം, അപ്പം, അവൽ,മലർ തുടങ്ങിയ   സസ്യാഹാരങ്ങൾ മാത്രമാണ് പൂജയ്ക്ക് നിവേദിക്കുക. ഈ മൂർത്തികൾ സൗമ്യ ഭാവത്തിലുള്ള വരും ആയിരിക്കും. എന്നാൽ അഥർവ്വ വേദ പ്രകാരമുള്ള ആരാധനയിൽ മദ്യവും, മാംസവും, ബലിയും എല്ലാം ഉൾപ്പെടുന്നു. രൗദ്രഭാവത്തിലുള്ള ദേവി ഭാവം ആയിരിക്കും ഈ ആരാധന മൂർത്തികളിൽ കൂടുതലും. അതായത് ഓരോ ക്ഷേത്രത്തിലെയും വിഗ്രഹ പ്രതിഷ്ഠയുടെ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് പൂജാവിധികൾ തീരുമാനിക്കുക. ഇത്തരത്തിലുള്ള ക്ഷേത്രത്തിൽ മദ്യ മാംസാദികൾ നിവേദിക്കും എങ്കിലും ഒരിക്കലും ധൂമ്ര പാനം  അതായത് പുകവലി നടത്തുന്നതായി കേട്ടിട്ടില്ല. ഭാരതീയ സംസ്കാരത്തിൽ, പുകവലിക്കുന്ന ദേവി ദേവന്മാർ ഇല്ല എന്ന് സാരം. പിന്നെ എവിടെനിന്നാണാവോ  ലീനയ്ക്ക് പുകവലിക്കുന്ന കാളി ദേവിയെ കിട്ടിയത്.

                    അഥർവ്വ വേദ പ്രകാരമുള്ള പൂജകൾ നടത്തുന്ന ക്ഷേത്രങ്ങളിൽ മാത്രമല്ല മുസ്ലിം വിഭാഗങ്ങളിലും ഇത്തരം ബലികൾ ആചരിക്കുന്നത് നമുക്ക് കാണാം. ആചാരങ്ങളിലല്ല പക്ഷേ ഒരു ആചാരത്തെ മോശമാക്കി ചിത്രീകരിക്കുമ്പോഴാണ് ജനരോഷം ഉയരുന്നത്. അഥർവ്വവേദത്തെ അടിസ്ഥാനമാക്കിയുള്ള പൂജാദി കർമ്മങ്ങളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിൽ അപാകതയില്ല. പക്ഷേ ആ ആചാരത്തെ കളിയാക്കി കൊണ്ട് ആളുകളുടെ വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് ദേവി ബീഡിയും വലിച്ചു നിൽക്കുന്ന പോസ്റ്റർ ഇടുന്നതിനെ അനുകൂലിക്കാൻ ആരും കാണുകയില്ലെന്ന് മാത്രമല്ല അത്തരം നീക്കങ്ങളെ പ്രതിരോധിക്കാനും ആളുകൾ മുന്നിട്ടിറങ്ങും. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട,പക്ഷേ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും നിങ്ങൾക്ക് അധികാരമില്ല ലീന. ലീന മണിമേഖലയെ പിന്തുണച്ചെത്തിയ ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞത് തനിക്ക് ആരെയും പേടിയില്ലെന്നും ഭൂട്ടാനിലും സിക്കിമിലും പോയാൽ പൂജാ സമയത്തു ദൈവത്തിനു മദ്യം നൽകുന്നത് കാണാമെന്നും ദൈവത്തെ സസ്യാഹാരിയും വെളുത്ത വസ്ത്രം ധരിക്കുന്നവളുമായി കാണാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുള്ളതുപോല   മാംസാഹാരിയായി   ദൈവത്തെ കാണാൻ എനിക്കും സ്വാതന്ത്ര്യമുണ്ട് എന്നുമായിരുന്നു. തീർച്ചയായും നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷേ ആളുകളുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമില്ല. എന്തായാലും മഹുവാ മൊയ്ത്രയുടെ കാ ഴ്ചപ്പാടിനെ   സ്വന്തം പാർട്ടി തന്നെ തള്ളിപ്പറഞ്ഞു.

             ഡോക്യുമെന്ററി ചെയ്ത ലീന മണിമേഖല ഹിന്ദുവാണെന്നും കാളിഭക്തയാണെന്നും  പറഞ്ഞുകൊണ്ടാണ് അവർ പുകവലിക്കുന്ന കാളിയുടെ പോസ്റ്റർ ഇട്ടത്. ഹൈന്ദവാചാരപ്രകാരം പുകവലിക്കുന്ന ദേവി ദേവന്മാർ ഇല്ലെന്നിരിക്കെ എന്തിനാണ് അധമമായ ഈ പോസ്റ്റർ ഇട്ടത്. അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ,ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് ഇത്തരം പോസ്റ്ററുകൾ ഇറക്കുന്നത് ആരെ പ്രീതിപ്പെടുത്താനാ ണ്. ലീന , എല്ലാം മതത്തിലും അവരവരുടെതായ പ്രാർത്ഥനാ രീതികൾ ഉണ്ട്, ആചാരങ്ങളുണ്ട്. അതിനെ അവർ അംഗീകരിക്കുകയും ചെയ്യുന്നു.വിപ്ലവകരമായ നീക്കം എന്ന് നിങ്ങൾക്ക് സ്വയം പറയാവുന്ന ഇത്തര മൊരു ശൈലി, മറ്റു മതവിഭാഗങ്ങൾ ദൈവമായി കാണുന്ന ആ ശക്തിക്കെതിരെ ചിത്രീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ബീഡി വലിക്കുന്ന കാളിയുടെ സ്ഥാനത്ത് മറ്റു മതവിഭാഗങ്ങളിലെ ദൈവത്തെ വെച്ച് പോസ്റ്ററടിക്കാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ല. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. ഹിന്ദു ദേവി ദേവന്മാരുടെ മേൽ കുതിര കയറാനും ചോദ്യം ചെയ്യുമ്പോൾ ഞാനും ഹിന്ദുവാണ് എന്ന് പറയാനും നാണമില്ലേ? സത്യത്തിൽ ഞാൻ മറ്റു മത വിഭാഗക്കാരെ അഭിനന്ദിക്കുകയാണ്. കാരണം സ്വന്തം മതത്തെയും ആരാധനാമൂർത്തിയെയും മറ്റുള്ളവർ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും അവർ കണ്ടു നിൽക്കില്ലല്ലോ. എത്ര രാഷ്ട്രീയ- സാമുദായിക -സാമ്പത്തിക ഭിന്നതകൾ ഉണ്ടായാലും മതത്തിന്റെ പേരിൽ അവർ ഒറ്റക്കെട്ടാണ്. അങ്ങിനെ തന്നെ വേണം താനും. ഇത്തരം യൂണിറ്റി ഇല്ലാത്തത് ഹിന്ദുക്കൾക്ക് മാത്രമാണ്. മഹുവയേയും ലീനയെയും സംരക്ഷിക്കാൻ മുമ്പിൽ നിൽക്കുന്നതും ഹൈന്ദവർ തന്നെ.

               എന്തിനാണ് ഈ മതവും വിശ്വാസവും മറ്റും വച്ച് ആക്ഷേപങ്ങളും പരിഹാസങ്ങളും തൊടുക്കുന്നത്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയാണോ സ്വന്തം മാഹാത്മ്യം കാണിക്കുന്നത്? ഈശ്വരൻ ഒരാളുടെ മാത്രമല്ലല്ലോ. കാളി എന്ന വിശ്വാസം ലീനയ്ക്ക് എന്തും കാട്ടാനുള്ളതല്ല. ലീനയ്ക്ക് സ്വന്തം രൂപത്തിൽ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, ആരും ചോദിക്കാൻ വരില്ല. നിങ്ങൾ മദ്യപിക്കുന്ന ചിത്രവും സിഗരറ്റ് വലിക്കുന്ന ചിത്രവും പത്രത്തിൽ വന്നാൽ ആർക്കും ഒരു നഷ്ടവും ഇല്ല. മറ്റൊരാളെ ബാധിക്കാത്തി ടത്തോളം നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ വിശ്വാസത്തെ ചോദ്യം ചെയ്തല്ല ബുദ്ധിജീവി കളിക്കേണ്ടത്. സമൂഹത്തിൽ ഇന്ന് ധാരാളം പ്രശ്നങ്ങൾ ഉണ്ട്. സമൂഹത്തിന്റെ കണ്ണു തുറക്കുന്ന തരത്തിൽ അവയെക്കുറിച്ച് നല്ല ഡോക്യുമെന്ററി ചെയ്യൂ. മാറി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതാണ്. പക്ഷേ അത് പൊതുനന്മയെ ലക്ഷ്യമാക്കി വേണം. അല്ലാതെ സ്വയം ബുദ്ധിജീവി ചമയാനാകരുത്.  


Friday, July 1, 2022

യാത്രകളിലെ അരക്ഷിതാവസ്ഥ

 കഴിഞ്ഞദിവസം ഒരു വാർത്ത കണ്ടു. അച്ഛനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 വയസ്സുകാരിയായ ഒരു  കൗമാരക്കാരി പെൺകുട്ടിക്ക് നേരിട്ട് അതിക്രമം.രാത്രി 7.50നുള്ള എറണാകുളം ഗുരുവായൂർ സ്പെഷ്യൽ ട്രെയിനിൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് അച്ഛനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അവൾ. കളമശ്ശേരി വിട്ടപ്പോൾ മുതൽ എതിർ ദിശയിലെ സീറ്റിൽ ഇരുന്ന ആറുപേർ,വൃത്തികെട്ട ഭാഷയും പ്രവർത്തിയും ഈ പെൺകുട്ടിയുടെ നേരെ നടത്തി. ഇത് തടസ്സപ്പെടുത്താൻ ശ്രമിച്ച അച്ഛനെയും അവർ ഉപദ്രവിച്ചു. ഈ പ്രവർത്തികൾ റെക്കോർഡ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയുടെ ഫോൺ അവർ തട്ടിപ്പറിക്കാൻ നോക്കി.  ഈ കൊച്ചു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആറു പേരും 50 വയസ്സിനു മുകളിൽ ഉള്ളവരാണെന്ന സത്യം നമ്മളെ ലജ്ജിപ്പിക്കും. തന്റെ മകളുടെയോ കൊച്ചുമകളുടെയോ പ്രായമുള്ള ഈ കൊച്ചു പെൺകുട്ടിയോട് എങ്ങിനെയാണ് ഇവർക്ക് ഇങ്ങനെ ക്രൂരമായി പെരുമാറാൻ കഴിയുന്നത്? ഇതിനിടെ പെൺകുട്ടിക്കും പിതാവിനും രക്ഷകനായി വന്നത്  ഒരു യുവാവ് ആയിരുന്നു.     അവനെയും ഇവർ വല്ലാതെ     ഉപദ്രവിച്ചു.      സാധാരണഗതിയിൽ ഒരു         പെൺകുട്ടിയോടുള്ള പീഡനം എന്ന്            പറയുമ്പോൾ  യുവാക്കളുടെ മുഖമാണ്      നമ്മുടെ മനസ്സിലേക്ക് വരിക. എന്ത്              കേട്ടാലും എടുത്തുചാടുന്ന                              പക്വതയില്ലാത്തവരാണ് യുവാക്കൾ              എന്നാണ് നമ്മുടെ ധാരണ. പക്ഷേ          ഇവിടെയാണെങ്കിൽ ഒരു യുവാവാണ്          ധൈര്യപൂർവ്വം എതിർത്തത്.    തന്റെ അച്ഛനോളം പ്രായമുള്ള ഈ കാമ ഭ്രാന്തന്മാരെ എതിരിടാൻ അവൻ ഒറ്റയ്ക്ക് ധൈര്യം കാട്ടി. പക്ഷേ ഒപ്പം ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ ഒന്നും തന്നെ പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായില്ല. മിക്കവരും ഭയന്നായിരിക്കാം നിശബ്ദരായിരുന്നത് . എങ്കിലും ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ, സ്വന്തം കാര്യം നോക്കി എങ്ങനെയാണ് മിണ്ടാതിരിക്കാൻ കഴിയുക? നാളെ ഇതേ അനുഭവം അവർക്കും ഉണ്ടായിക്കൂടെ നിന്നില്ലല്ലോ. അപ്പോൾ അവർക്ക് ആരുടെയും സഹായം വേണ്ടേ? മനുഷ്യന്റെ മനസ്സ് എത്ര വിചിത്രം അല്ലേ . സ്വാർത്ഥത ഉണ്ടെങ്കിലും ഇത്രമാത്രം പാടില്ല. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ ഗാർഡുമായി ബന്ധപ്പെടുകയും, അദ്ദേഹം വന്ന് വാണിംഗ് നൽകിയശേഷം തിരിച്ചു പോയി എങ്കിലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എന്നും പെൺകുട്ടിയുടെ പരാതിയിൽ ഉണ്ട്. ഒടുവിൽ ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം പല സ്റ്റേഷനുകളിലായി ഈ ആറ് വൃദ്ധന്മാരും ഇറങ്ങിപ്പോയി. 50 വയസ്സ് കഴിഞ്ഞവരെ വൃദ്ധൻ എന്നല്ലാതെ ചെറുപ്പക്കാരൻ വിളിക്കാൻ പറ്റില്ലല്ലോ. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ തൃശൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം ആവശ്യപ്പെടുകയും അവർ അച്ഛനും മകളും ഇറങ്ങുന്ന സ്റ്റേഷനിൽ എത്തുകയും പരാതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. അതിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു വരുന്ന റിപ്പോർട്ട്.


    ഒരു ദിവസം   ഇന്ത്യയിൽഏകദേശം 23 മില്യൺ യാത്രക്കാരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതിൽ 20% ത്തോളം അതായത് ഏകദേശം 4.6 മില്യൺ യാത്രക്കാർ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ യാത്രക്കാരുടെ- സുരക്ഷിതത്വം അത് സ്ത്രീയായാലും   പുരുഷനായാലും- വളരെയേറെ     പ്രാധാന്യമർഹിക്കുന്നു. അർദ്ധരാത്രി             ഭയമില്ലാതെ സ്ത്രീകൾക്ക് യാത്ര     ചെയ്യാൻ  സാധിക്കുമ്പോഴേ നമ്മൾക്ക്    സ്വാതന്ത്ര്യം കിട്ടി എന്നു പറയാൻ കഴിയൂ     എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.     ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ    കാണുമ്പോൾ നമുക്ക്  ഇന്നും സ്വാതന്ത്ര്യം   കിട്ടിയിട്ടില്ല എന്ന് പറയേണ്ടിവരും. കുറ്റങ്ങൾക്കെതിരെ പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ട് കാര്യമില്ല. ഉള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. പക്ഷേ അവ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് ഒരു പ്രധാന പോരായ്മ. അതുകൊണ്ടുതന്നെ നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ തയ്യാറാവണം. അത് ഭരണകർത്താക്കളുടെ കടമയാണ്. കർത്തവ്യമാണ്.

                  ട്രെയിനിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറയുമ്പോൾ  മനസ്സിലേക്ക് ആദ്യം ഉയർന്നു വരുന്നത് മരണപെട്ട സൗമ്യയുടെ മുഖമാണ്. ഈ സംഭവം  വളരെയധികം കോളിളക്കം സൃഷ്ടിച്ചു എങ്കിലും പ്രതി ഗോവിന്ദച്ചാമി ഇന്നും ജീവനോടെ, കൂടുതൽ ആരോഗ്യത്തോടെയിരിക്കുന്നു എന്ന സത്യം നിയമത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണ്. സൗമ്യയുടെ കൊലപാതകം നടന്ന ശേഷം (എനിക്ക് കൊലപാതകം ആയി മാത്രമാണ് കാണാൻ കഴിയുക) കൂടുതൽ സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും    എന്ന് റെയിൽവേയും സംസ്ഥാന സർക്കാരും വാഗ്ദാനം നൽകി എങ്കിലും ഒന്നും സംഭവിച്ചില്ല. പീഡനങ്ങളുടെയും ആക്രമണങ്ങളുടെയും എണ്ണം വീണ്ടും വർധിച്ചു എന്നു മാത്രം. അന്ന്  ഗോവിന്ദ ച്ചാമിക്ക്‌  തുക്കുകയർ വിധിക്കുന്നതിനെതിരെ സമൂഹത്തിലെ ഉന്നതരും ബുദ്ധിജീവികളും  മുന്നിട്ടിറങ്ങിയതും നമുക്ക് മറക്കാൻ പറ്റില്ല. അവരെ ഓർത്ത് ഇന്നും അപമാനം തോന്നുന്നു. അതിക്രൂരമായ ഒരു കുറ്റവാളിയെ രക്ഷിക്കാൻ ഇവർക്ക്  ലജ്ജയില്ലേ? ഒരു മനസാക്ഷികുത്തും അനുഭവപ്പെട്ടില്ലേ? എങ്ങിനെ ഉണ്ടാവാൻ?   മനുഷ്യന്റെ രൂപം മാത്രം പോരാ, മനുഷ്യത്വം എന്ന വികാരം കൂടി വേണം. ഇന്ന് ട്രെയിൻ യാത്ര മാത്രമല്ല ഒരു യാത്രയും സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് പറയേണ്ടിവരും. ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് പ്ലെയിനിൽ വച്ച് ഉണ്ടായ അനുഭവം അന്ന് രാഷ്ട്രീയ രംഗത്തെ പിടിച്ചു കുലുക്കിയിരുന്നു. ബസ് യാത്രയ്ക്കിടെ ഉണ്ടായ പീഡനത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പി  ഇ ഉഷ നൽകിയ പരാതി ഇനിയും നമ്മൾ മറന്നിട്ടുണ്ടാവില്ല. ചുരുക്കത്തിൽ രാത്രിയായാലും പകലായാലും ഓരോ യാത്രയും നമുക്ക് നൽകുന്നത് ഭീതിയാണ്. പലപ്പോഴും നമ്മൾ കരുതും ഒറ്റയ്ക്കായതുകൊണ്ടാണ് പേടി   തോന്നുന്നത് എന്ന്. അല്ല. ഇവിടെ ഇപ്പോൾ പറഞ്ഞ കേസിൽ വെറും 16 വയസ്സുള്ള ആ കൊച്ചു പെൺകുട്ടി സ്വന്തം അച്ഛന്റെ ഒപ്പം യാത്ര ചെയ്യുമ്പോഴാണ്   പുരുഷന്മാരുടെ ആക്രമണത്തിന്     ഇരയായത്.                                                          

          സംരക്ഷണം ലഭിക്കേണ്ടവർ സാധാരണക്കാർ ആണെങ്കിൽ പലപ്പോഴും അത് ലഭിക്കുന്നില്ല എന്നതാണ് സത്യം. കാരണം അവർ ഉന്നതര അല്ലല്ലോ പാവപ്പെട്ടവർക്ക് അഭിമാനവും നിയമസംരക്ഷണവും ഒന്നും ആവശ്യമില്ലെന്നായിരിക്കാം ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വിശ്വാസം. കഷ്ടമാണ്! മഹാകഷ്ടം!  സാധാരണക്കാരായ നമ്മളെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ എന്തിനാണ് ഇവർ ഭരണരംഗത്ത് തുടരുന്നത്? ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. പക്ഷേ പൊതുജനങ്ങളെ സംരക്ഷിക്കാൻ കഴിവില്ലാത്തവർ, സ്വന്തം സംരക്ഷണത്തിനായി പോലീസ് മതിൽ ചുറ്റും കെട്ടുന്നതും വാഹന    അകമ്പടിയോടെ യാത്ര ചെയ്യുന്നതും     കാണുമ്പോൾ പുച്ഛം തോന്നും.    ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരെ എന്ത്    പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല.  ജനങ്ങളോട് ഒപ്പം ചേർന്നുനിന്ന്     അവരുടെ പ്രശ്നങ്ങൾ തൊട്ടറിയണം.   അപ്പോഴേ പരിഹാരം കാണാനും കഴിയൂ.  ട്രെയിനിൽ പോലും സാധാരണക്കാരോടൊപ്പം യാത്ര ചെയ്യുന്ന എത്ര രാഷ്ട്രീയക്കാരെ നിങ്ങൾക്കറിയാം? ആരുമുണ്ടാകില്ല. ധൈര്യമുണ്ടെങ്കിൽ പൊതുജനങ്ങളോടൊപ്പം ഒറ്റയ്ക്ക് ഒന്ന് യാത്ര ചെയ്തു നോക്കൂ. അവരുടെ വേദനയും ബുദ്ധിമുട്ടുകളും മനസ്സിലാക്കൂ. നിങ്ങൾക്ക് അതിന് ഒരിക്കലും കഴിയില്ല. കാരണം നിങ്ങൾക്ക് ഭയമാണ്. നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച അതേ ജനങ്ങളോട് ഒപ്പം യാത്ര ചെയ്യാൻ എന്തിനാണ് ഭയപ്പെടുന്നത്? സർക്കാർ സേവനങ്ങൾ സ്വന്തം പാർട്ടിക്കും ഇഷ്ടക്കാർക്കും ആയി മാറ്റി വെച്ചതുകൊണ്ടാണ് നിങ്ങൾ ജനങ്ങളെ ഭയപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥനുംIPS കാരനുമായശ്രീ. ഋഷിരാജ് സിംഗ് ഇതിൽ വേറിട്ട് നിൽക്കുന്നു. കള്ളത്തരങ്ങൾ കണ്ടെത്താൻ അദ്ദേഹം ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം നമ്മുടെ മനസ്സിൽ വ്യത്യസ്ഥനായി നിൽക്കുകയും ചെയ്യുന്നു.

      നമ്മൾ പറഞ്ഞു വന്നത് പീഡനത്തെക്കുറിച്ച് ആയിരുന്നു. ഇത് തീർത്തും ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എങ്കിലും വളരെയധികം നിയന്ത്രിക്കാൻ സാധിച്ചേക്കും. ട്രെയിനിൽ തന്നെ ഓരോ കമ്പാർട്ട്മെന്റിലും സിസിടിവി ഘടിപ്പിച്ചാൽ ഒരു പരിധിവരെ ഇത്തരം ഹീനപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. ട്രെയിനിൽ തന്നെ ഗാർഡുറൂം പോലെ ഉള്ള    ഒരു സ്ഥലം ഇതിനായി നീക്കി വയ്ക്കണം. ട്രെയിനിൽ നടക്കുന്ന സംഭവങ്ങൾ ഇതിലൂടെ വീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. മൂന്നോ നാലോ പോലീസുകാരെ ഇതിനായി നിയോഗിക്കണം. പീഡനം നടക്കുമ്പോൾ മാത്രമല്ല മെഡിക്കൽ എമർജൻസി ഉണ്ടാകുമ്പോഴും ഇതുമൂലം സഹായം ലഭിക്കും. അടുത്ത സ്റ്റേഷനിൽ വിളിച്ചുപറഞ്ഞ് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഈ ഉദ്യോഗസ്ഥർക്ക് സാധിക്കും. നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നലിലൂടെ യാത്രക്കാർക്ക് സുരക്ഷിതത്വം കൂടുതലായി ലഭിക്കും.  അത്യാവശ്യ സന്ദർഭങ്ങളിൽ ഈ ക്യാമറയിലൂടെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെടാനും യാത്രക്കാർക്ക് സാധിക്കും. 

              എന്റെ അടുത്ത സജഷൻ പക്ഷേ എത്രപേർ സ്വീകരിക്കും എന്ന് അറിയില്ല.കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കുറ്റവാളികളെ അല്പസമയം പൊതുജനങ്ങളെ ഏൽപ്പിച്ച് പോലീസ് മാറി നിൽക്കണം. ജനങ്ങളുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയാൽ അവർ ജനങ്ങളെയും അല്പം ഭയക്കും. ഇത് കണ്ടുനിൽക്കുന്ന ഒരാൾക്കും പിന്നീട് ഇത്തരം പീഡനങ്ങളും ശല്യം ചെയ്യലുകളും നടത്താനുള്ള ധൈര്യം ഉണ്ടാവില്ല. തീർച്ചയായും ഇത് നിയമം കയ്യിലെടുക്കൽ ആണെന്നും നിയമ വീഴ്ചയാണ് എന്നും ഒക്കെ പറഞ്ഞേക്കാം. സത്യമാണ്. പക്ഷേ പൊതുജന സംരക്ഷണം മാത്രം മുൻനിർത്തിയാൽ ഇത് ശരി തന്നെയാണ്. പൊതുജനങ്ങളുടെ കൂട്ടായ്മ കണ്ടറിഞ്ഞാൽ കുറ്റവാളികൾ ഒന്ന് ഭയപ്പെടുമെന്നതിൽ സംശയമില്ല. ഇത്തരം കേസുകളിൽ കഠിനമായി ശിക്ഷയും അത് കർശനമായി നടപ്പാക്കുകയും വേണം.             നമ്മൾ ഒന്നാണെന്ന തോന്നൽ ഓരോ   യാത്രയിലേയും എല്ലാ യാത്രക്കാർക്കും ഉണ്ടാകണം. അതില്ലാത്തതാണ് പലപ്പോഴും പീഡനങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇവിടുത്തെ കേസിലും പെൺകുട്ടിയെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. വന്ന യുവാവിന് ആകട്ടെ  സഹയാത്രികരുടെ സഹായം ലഭിച്ചുമില്ല. സ്ത്രീ പുരുഷ ഭേദമന്യേ  യാത്രക്കാർ ഒത്തൊരുമയോടെ ഇത്തരം പീഡനക്കാരെ നേരിടേണ്ടതുണ്ട് . സ്ത്രീകൾ യാത്ര നടത്തുമ്പോൾ കയ്യിൽ മുളകുപൊടി മുളകു സ്പ്രേ തുടങ്ങിയവ കരുതു നന്നായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഇത്തരക്കാരെ വീഴ്ത്താൻ ഇതായാലും മതി. വല്ലഭന്പു ല്ലുമായുധം എന്നാണല്ലോ പറയുന്നത്. താഴെ വീണവനെ കെട്ടിയിടാൻ കയർ കി ട്ടിയില്ലെങ്കിൽ നമ്മുടെ ഷോൾ ആയാലും മതിയാകും. നമുക്കും വേണ്ടേ അല്പം കൂടി ധൈര്യം. ഇത്തരം പ്രവർത്തികളെ എതിർക്കാൻ പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകൾക്ക് മാനസിക ശക്തി ഉണ്ടാവുക എന്നതും ഏറ്റവും പ്രധാനമാണ്. ഒന്നുകൂടി പറയട്ടെ സ്ത്രീകൾ മാത്രമല്ല ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പലപ്പോഴും ആൺകുട്ടികളും ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്.എങ്കിലും അവയിൽ 99% വും പുറത്തു വരാറില്ല എന്നതാണ് വാസ്തവം.

      സാമൂഹ്യ -സാമ്പത്തിക- വിദ്യാഭ്യാസപരമായി വളരെ മുന്നിലാണെന്ന് വിശ്വസിക്കുമ്പോഴും വീട്ടിലും നാട്ടിലും യാത്രയിലും ഒന്നും നമ്മൾ സുരക്ഷിതരല്ല എന്ന സത്യം നമ്മളിൽ അപമാന ബോധവും ഭീതിയും ആണ് ഉണർത്തുന്നത്. ഒരു നാടിന്റെ ഐശ്വര്യം ശരിയായ ഭരണാധികാരികളാണ്. ഭരണാധികാരികൾ ശക്തരും സത്യസന്ധരും അല്ലെങ്കിൽ ആ നാടും അവിടുത്തെ ജനങ്ങളും വീഴുന്നത് അധപ്പതനത്തിലേക്കാണ് എന്നതിൽ സംശയമില്ല. "യഥാ രാജ തഥാ പ്രജ" എന്നാണല്ലോ ആപ്തവാക്യം. ഇനിയെങ്കിലും ഈ സംഭവം ഏവരുടെയും കണ്ണ് തുറപ്പിക്കാൻ സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു