Sunday, January 29, 2023

സ്വയം തിരിച്ചറിയാത്തവർ

      നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവരെ പോലെ ആകുവാൻ ശ്രമിക്കുന്നതും,  അവരെപ്പോലെ ജീവിക്കാൻ നോക്കുന്നതുമാണ്. ആ ശ്രമത്തിൽ, നമ്മൾക്ക്  നമ്മളെ തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. സ്വന്തം കഴിവും, കഴിവുകേടും സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ ശക്തിഹീനത കണ്ടെത്തുവാൻ നോക്കുന്നത് ഒട്ടും നല്ല പ്രവണതയല്ല. ഓരോ വ്യക്തിക്കും അവരുടെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നമ്മുടെ ഗുണദോഷങ്ങൾ നമ്മൾ സ്വയം തിരിച്ചറിയണം. തെറ്റുകൾ തിരിച്ചറിഞ്ഞാൽ പിന്നെ വേണ്ടത് തിരുത്താനുള്ള ശ്രമമാണ്. ചിലർ സ്വന്തം വീഴ്ചകൾ തിരിച്ചറിയും എങ്കിലും തിരുത്തുവാൻ തയ്യാറാകാറില്ല. അല്ലെങ്കിൽ അതിന് അവരുടെ ഈഗോ- ഞാൻ എന്ന ഭാവം- സമ്മതിക്കില്ല. സ്വയം തിരിച്ചറിയിലാണ് ഒരു വ്യക്തിയെ മനുഷ്യനാക്കുന്നത്. രണ്ടു കാലിൽ നടന്നത് കൊണ്ടോ, ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് കൊണ്ടോ, ചിരിക്കുന്നത് കൊണ്ടോ ഒന്നും ഒരാൾ മനുഷ്യനാകില്ല. സ്വയം തിരിച്ചറിവ് വേണം. ഓരോരുത്തർക്കും ഓരോ തരം ജീവിതമാണ് ഉള്ളത്. ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവർത്തികളും തികച്ചും വ്യത്യസ്തമായിരിക്കും. നമ്മളെപ്പോലെ ഒരാളെ രൂപഭാവത്തിൽ മാത്രമല്ല പ്രവർത്തികളിലും പ്രവർത്തനങ്ങളിലും കാണാൻ കഴിയില്ല എന്നതിനു കാരണം  ഈശ്വരന്റെ നിയോഗം തന്നെയാണ്. മനുഷ്യരുടെ വികാരവിചാരങ്ങളും രൂപഭാവങ്ങളും ഏവരിലും  വ്യത്യസ്തമാണ്. നമുക്കുള്ളത് ഇതാണ് അഥവാ ഞാൻ ഇതാണ് എന്ന് മനസ്സിലാക്കിയാൽ മറ്റുള്ളവരുടേതു പോലെയുള്ള ജീവിതം എനിക്കും വേണം എന്ന് തോന്നില്ല. നമുക്ക് കഴിയാത്തതിനോട് ഉണ്ടാകുന്ന ആഗ്രഹം അത്യാഗ്രഹമാണ്. അത്യാഗ്രഹം നമ്മളെ കൊണ്ടുപോകുന്നത്  ചീത്ത വൃത്തിയിലേക്കും മനക്ലേശത്തിലേക്കും.    എന്നാൽ തനിക്കുള്ളതിൽ ആത്മസംതൃപ്തി ഉണ്ടായാൽ ആ മനുഷ്യനോളം സന്തോഷവാനായിട്ടുള്ള മറ്റ് ആരും കാണില്ല.ഒരാളുടെ സന്തോഷം ആദ്യം തിരിച്ചറിയുക സ്വയം ആയിരിക്കും. പിന്നീട് മാത്രമേ മറ്റുള്ളവർക്ക് അത് അനുഭവപ്പെടൂ.

      എന്നാൽ ഈ സ്വയം തിരിച്ചറിയൽ എന്നത് ഏറെ ക്ലേശകരമായ ഒന്നാണ്. പ്രലോഭനങ്ങളെ അകലെ നിർത്തിക്കൊണ്ട് ജീവിക്കുക എന്നതിന്   അസാധാരണമായ മനക്കരുത്ത് വേണം.   ഒരാളുടെ വളർച്ച കണക്കാക്കുന്നത് ഈ     തിരിച്ചറിയൽ ഉണ്ടാകുമ്പോൾ മുതലാണ്.   അല്ലാതെ അയാളുടെ ജന്മദിനം    നോക്കിയല്ല. ചിലർക്ക് പ്രായമുണ്ടെങ്കിലും   അവർക്ക് പക്വത ഇല്ലെന്ന് നമുക്ക്    തോന്നിയിട്ടില്ലേ? അതിന് കാരണം    അവർക്ക് സ്വയം മനസ്സിലാക്കാൻ   കഴിയാത്തതാണ്. മിക്കപ്പോഴും മനുഷ്യൻ സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും അടിമയാകുന്നു. ഇത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പോലും അവൻ അതിൽ നിന്നും പിന്തിരിയാൻ പലപ്പോഴും കഴിയാറില്ല എന്നതാണ് വാസ്തവം . സ്വന്തം ഇഷ്ടത്തെ മാനിക്കുന്നു എങ്കിലും മറ്റുള്ളവരുടെ താൽപര്യത്തിനു വലിയ പരിഗണനയൊന്നും കൊടുക്കാറില്ല. നമ്മൾക്ക് തിരിച്ച് എന്ത് പ്രയോജനം ലഭിക്കും എന്ന് നോക്കിയാണ് പൊതുവേ  മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ.  ഇത്തരം സങ്കുചിതമായ മനസ്ഥിതി തുടരുന്നിടത്തോളം അവന് സംതൃപ്തിയും സന്തോഷവും ലഭിക്കില്ല. മറ്റുള്ളവരുടെ സന്തോഷമാണ് എന്റെയും സന്തോഷം എന്ന് തിരിച്ചറിയുമ്പോൾ അവന്റെ മനസ്സ് വിശാലമാകുന്നു. മറ്റുള്ളവരെ കൂടി  തന്നിലേക്ക് ഉൾക്കൊള്ളിക്കാൻ സാധിക്കുന്നു. അങ്ങനെ ഞാൻ എന്നത് നമ്മളായി മാറുന്നു. പക്ഷേ സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സ്വന്തം ജീവിതം പൊട്ടക്കിണറ്റിലെ തവളയുടേത് ആയിരിക്കും. ഒന്നും അറിയാതെ,ആരെയും മനസ്സിലാക്കാൻ ശ്രമിക്കാതെ,തന്നെ പോലും തിരിച്ചറിയാതെയുള്ള ഒരു ജീവിതം. സന്തോഷം ഇല്ലാത്ത ഈ വിധത്തിലുള്ള ജീവിതത്തിന്റെ ഇടയിലാണ് ആത്മഹത്യ ചിന്തകൾ ഉണ്ടാകുന്നത്. ഇതിൽ മാറ്റം വരണമെങ്കിൽ സ്വയം ശ്രമിക്കണം.പാമ്പ് തന്റെ തോൽ സ്വയം ഉരിഞ്ഞു മാറ്റുന്നത് പോലെ അഹം ബോധത്തിൽ നിന്നും ഇവർ സ്വയംപുറത്തു കടക്കണം. അതിനു വേണ്ടത് അവനവനെ മനസ്സിലാക്കുകയാണ്.  ഈ സ്വയം തിരിച്ചറിയൽ ഇല്ലെങ്കിൽ മനക്ലേശം നമ്മളോടൊപ്പം കൂടും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്ന് പറയുന്നതുപോലെ അവനവനെ മനസ്സിലാക്കിയാൽ, അതനുസരിച്ച് ജീവിതം പ്ലാൻ ചെയ്താൽ പിന്നെ അവിടെ ദുഃഖത്തിനും ദുരിതത്തിനും സ്ഥാനമില്ല. അല്ലാത്തപക്ഷം മനസ്സിലെ ഭാരം വർദ്ധിക്കുകയും ഭാരം കൂടുന്തോറും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം മെല്ലെ ആവുകയും ചെയ്യും. വിജയം എപ്പോഴും സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആയിരിക്കും. മനക്ലേശത്തിന്റെ ഒപ്പം കൂടുക പരാജയബോധവും ആധി യും ദുഃഖവും. അതിനാൽ ഉള്ളതിൽ സംതൃപ്തരായി സന്തോഷത്തോടെ ഉന്നതിക്കായി ശ്രമിക്കുക. ഇന്നുള്ളതിൽ ദുഖിച്ച് വിഷമിച്ച് പുരോഗതിക്കായി ശ്രമിച്ചാൽ നാളെ കാത്തിരിക്കുന്നത് ഇതേ ദുർവിധി തന്നെ ആയിരിക്കും എന്നത് മറക്കരുത് . നമുക്ക് വേണ്ടത് സന്തോഷവും സംതൃപ്തിയും ആണെങ്കിൽ നമ്മൾ മറ്റുള്ളവർക്ക് നൽകേണ്ടതും അതുതന്നെ.

 🙏ലോകാ സമസ്താ സുഖിനോ ഭവന്തു🙏

Thursday, January 19, 2023

ഭക്ഷ്യസുരക്ഷയും ഹെൽത്ത് കാർഡും

 വളരെ കാലംകൂടിയാണ് കഴിഞ്ഞദിവസം ഒന്നു മനസ്സറിഞ്ഞ് ചിരിച്ചത്. ശരിക്കും നന്നായി ആസ്വദിച്ചു ഉള്ളതായിരുന്നു ഈ ചിരി. ഇതിന് കാരണക്കാരിയായ  (കാരണഭൂത എന്നും പറയാം അല്ലേ ) നമ്മുടെ ആരോഗ്യമന്ത്രി വീണാ ജോർജിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. മായം കലർന്നതും പഴകിയതും ചീഞ്ഞതും ആരോഗ്യത്തിന്( ജീവന് എന്നും പറയാം) ഹാനികരവുമായ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റ്കളിൽ നിന്നും പിടികൂടുന്നതിന്റെ എണ്ണം ഇപ്പോൾ ഏറെ വർധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണം കഴിച്ച് മരണമടഞ്ഞവരുടെ എണ്ണം കൂടിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷണശാലകളിൽ റെയ്ഡ് നടത്തുകയും പലർക്കും എതിരെ കർശന നടപടികൾ സ്വീകരിച്ചതായി ജനങ്ങളെ അറിയിക്കുകയും ചെയ്തു. എത്രപേർക്ക് ശിക്ഷ കിട്ടി എന്നുള്ള വിവരം അറിയില്ല. എങ്കിലും ഇതെല്ലാം വളരെ നല്ല കാര്യം. കർശനമായി ഇത് തുടർന്നും നടപ്പാക്കുകയും പഴയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും പൂട്ടിക്കുവാനും ശ്രമിക്കേണ്ടതാണ്. ഇനി ഇത്തരം വൃത്തികെട്ട ആഹാരം കഴിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ.

   ഇനിയാണ് പൊട്ടിച്ചിരിച്ചുപോയ സംഭവം നടക്കുന്നത്. പൊതുജനങ്ങളുടെ നന്മയെ മുൻനിർത്തി  ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടാക്കുന്നു അത്രെ. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ ഉള്ള റസ്റ്റോറന്റുകളും ഹോട്ടലുകളും 2023 ഫെബ്രുവരി 1 മുതൽ പൂട്ടിക്കുമെന്നും പറയുന്നു. ക്ഷമിക്കണം റസ്റ്റോറന്റുകളും ഹോട്ടലുകളും മാത്രമല്ല എല്ലാത്തരം ഭക്ഷ്യോൽപാദന- വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നാണ് സർക്കാർ ഓർഡർ. ചീത്തയായ, വൃത്തികെട്ട ഭക്ഷണം കഴിച്ച് ആളുകൾ ചികിത്സ തേടേണ്ടി വരുന്നതിനും മരിക്കുന്നതിനും ഹോട്ടൽ ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഗുട്ടൻസ് ഇതുവരെ എനിക്ക് പിടി കിട്ടിയില്ല.🤔 ജീവനക്കാരുടെ രോഗം കൊണ്ടോ അനാരോഗ്യം കൊണ്ടോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെങ്കിൽ മെഡിക്കൽ ചെക്കപ്പും ഹെൽത്  കാർഡും ഒക്കെ ശരിയാണ്, നല്ലതാണ്. ഇവിടെ ഭക്ഷണത്തിൽ തുപ്പുകയും, മൂത്രമൊഴിക്കുകയും,പഴകി ചീഞ്ഞ ഇറച്ചി കൊണ്ട് കറി വയ്ക്കുകയും, മറ്റ് ആഹാരസാധനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിൽ  ജീവനക്കാരുടെ ആരോഗ്യം എങ്ങനെയാണ് ബന്ധപ്പെടുന്നത്? ഇത്തരം മോശം വസ്തുക്കൾ വാങ്ങി ഭക്ഷണം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന കട ഉടമകളുടെ മാനസിക ആരോഗ്യത്തിനാണ് ചെക്കപ്പ് നടത്തേണ്ടത്.😠 അവർക്കാണ് മാനസിക ചികിത്സ നൽകേണ്ട ആവശ്യവും. പലപ്പോഴും ഉടമകളുടെ നിർദ്ദേശം പാലിക്കുന്ന ജീവനക്കാർ എന്തു പിഴച്ചു? ഒരുതരത്തിൽ ഈ ഹെൽത്ത് കാർഡ് കൊണ്ട് വളരെയധികം പ്രയോജനം ലഭിക്കുക പാവപ്പെട്ട ഈ ഹോട്ടൽ തൊഴിലാളികൾക്കാണ്.😉 എന്തായാലും ഇവിടെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ബംഗാളികൾക്ക്  ( മറ്റുള്ളവരും ഉണ്ടെങ്കിലും ബംഗാളികൾ ആണല്ലോ കൂടുതൽ ) ചിലവില്ലാതെ ഒരു മെഡിക്കൽ ചെക്കപ്പ് തരപ്പെടും. കാരണം അവർക്ക്അതിന് കഴിവില്ലെങ്കിൽ കടയുടമ ഈ ചെക്കപ്പ് നടത്തിക്കും .കാരണം ജീവനക്കാർക്ക്   ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ, കട   പൂട്ടിക്കും എന്നാണല്ലോ സർക്കാർ ഉത്തരവ്. അങ്ങനെ ആറുമാസം   കൂടുമ്പോൾ ജീവനക്കാരുടെ ആരോഗ്യം      ഉറപ്പുവരുത്താൻ കടയുടമകൾ പ്രത്യേകം  ശ്രദ്ധിക്കും.  പണ്ടൊരു    സിനിമയിൽ മോഹൻലാൽ    പറഞ്ഞതുപോലെ, "എന്തൊരു നല്ല    ആചാരങ്ങൾ " അല്ലേ. 🤭 ഇതോടെ ഇനി കേരളത്തിൽ ഭക്ഷ്യവിഷബാധയോ, അതുമൂലമുള്ള പ്രശ്നങ്ങളോ ഉണ്ടാവില്ല. കാരണം ഹെൽത്ത് കാർഡ്  ഉണ്ടല്ലോ. 🤭ഹെൽത്കാർഡ് ഉണ്ടെങ്കിൽ  എന്ത് ചീഞ്ഞളിഞ്ഞ സാധനം കൊണ്ടും ഭക്ഷണം ഉണ്ടാക്കാം. അതു കഴിക്കുന്നതു കൊണ്ട് ആരുടെയും ആരോഗ്യത്തെ ബാധിക്കുകയുമില്ല. 😂😂. എന്തായാലും ആ ഭക്ഷണം കഴിക്കുന്ന നമ്മുടെ ആരോഗ്യം പോയാലും ജീവനക്കാരുടെ നല്ല ആരോഗ്യത്തിന് സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. ഇനി ഹെൽത്ത് കാർഡ് ഇല്ല എങ്കിൽ, പുതിയ പച്ചക്കറി കൊണ്ട് കറി വച്ചാലും ഭക്ഷ്യവിഷബാധയുണ്ടാകും എന്ന കാര്യം ജീവനക്കാർ മറക്കാതിരിക്കുക. ഇതെല്ലാം കേൾക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും. 🤣🤣🤣 പഴകിയതും വിഷബാധയും ഉണ്ടാക്കുന്നതും ആയ    ഭക്ഷണം കഴിക്കുന്ന നമ്മളുടെ     ആരോഗ്യത്തേക്കാൾ സർക്കാരിന് ശ്രദ്ധ      അത് ഉണ്ടാക്കിത്തരുന്ന   ജീവനക്കാരുടെ   ആരോഗ്യത്തിലാണ്. ദേ , ഇനി എനിക്ക്   ചിരിക്കാൻ വയ്യ.....                                                     പക്ഷേ ഇങ്ങനെ     ചിരിച്ചുകൊണ്ടിരുന്ന  പോരല്ലോ. നമുക്ക്       വിഷയത്തിന്റെ ഗൗരവം കൂടി                    കണക്കാക്കേണ്ടേ.  ചീഞ്ഞളിഞ്ഞ സാധനങ്ങൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന അപരാധം, ഉടമ അറിയാതെ ചെയ്യുന്ന ജീവനക്കാരെ കയ്യോടെ പിരിച്ചുവിടാൻ ഉടമകൾക്ക് അധികാരമുണ്ട്. തന്റെ ഹോട്ടലിന്റെ, റസ്റ്റോറന്റിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കേണ്ടത് ഉടമയുടെ കർത്തവ്യമാണ്  . അതിനെതിരെ പ്രവർത്തിക്കുന്നവരെ  കണ്ടെത്തി കർശനമായി ശിക്ഷിക്കേണ്ടതും ഉടമ തന്നെ. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ ജോലിക്കായി നിയമിക്കരുത് എന്നൊരു തീരുമാനം ഉണ്ടാകേണ്ടതാണ്. ഒപ്പം ഭക്ഷണം ഉണ്ടാക്കുന്നവർ തങ്ങളുടെ പേരും വിവരങ്ങളും  ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിന് കൂടുതൽ സഹായകമാകും. ഒരാളെ ഒരു ഹോട്ടലിൽ നിന്നും പിരിച്ചുവിടുമ്പോൾ അല്ലെങ്കിൽ അയാൾ സ്വയംപിരിഞ്ഞു പോകുമ്പോൾ ആ വിവരം ഉടമ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കുക. പറഞ്ഞു വിടുകയാണെങ്കിൽ അതിനുള്ള കാരണം കൂടി തെളിവ് സഹിതം കാണിക്കണം. പുതിയ ഒരിടത്ത് ജോലിക്കായി ശ്രമിക്കുന്ന ഈ വ്യക്തികൾ, തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകേണ്ടതാണ്. ആ നമ്പർ വഴി ഉള്ള അന്വേഷണത്തിൽ അയാൾക്ക് പറ്റിയിട്ടുള്ള വീഴ്ചകൾ അറിയാൻ കഴിയുകയും ചെയ്യും. അങ്ങനെ അയാളെ നിയമിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കുവാൻ ഉടമയ്ക്ക് സാധിക്കുകയും ചെയ്യും.

 ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവിഷബാധയ്ക്ക്, തൊഴിലാളികളുടെ അനാരോഗ്യമോ രോഗാവസ്ഥയോ അല്ല കാരണം എന്ന്‌ ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം. ജീവനക്കാരുടെ സ്വഭാവവും കാഴ്ചപ്പാടും ആണ് മോശം ഭക്ഷണം ഉണ്ടാക്കുവാൻ കാരണമാകുന്നത്. അതിന് അവരെ കണ്ടെത്തി കർശനമായി ശിക്ഷിക്കുകയും വേണം. ഭക്ഷ്യസുരക്ഷയിൽ ജീവനക്കാരേക്കാൾ ഉത്തരവാദിത്വം ഭക്ഷണശാലയുടെ ഉടമകൾക്കാണ്. അതിൽ നിന്നും കയ്യൊഴിയാൻ അവർക്ക് ഒരിക്കലും സാധിക്കുകയില്ല. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഉടമകൾക്കും ഹെഡ്കാർഡ് വേണമെന്ന് പറയുമോ എന്നാണ് സംശയം.  😂 എന്തായാലും ഹെൽത്ത് കാർഡിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് കാത്തിരുന്നു കാണാം.    "അന്നം അമൃതാണ് . അത് വിഷമയ മാക്കരുത് " 😊


 

Sunday, January 1, 2023

സോഷ്യൽ മീഡിയയിലെ അമിതസ്വാതന്ത്ര്യം

 ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ  പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഇന്നത്തെ ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് എഴുതിയിട്ട് കുറച്ചു ദിവസങ്ങളായി. പനിയും ചുമയും ക്ഷീണവും ഒക്കെ കൂടിയായപ്പോൾ ഒന്ന് മാറിനിന്നു. മറ്റൊരു ബ്ലോഗുമായി ഇതാ ഞാൻ വീണ്ടും. സോഷ്യൽ മീഡിയയിൽ വന്ന മൂന്ന് പോസ്റ്റുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

 സോഷ്യൽ മീഡിയയിൽ ആർക്കും എന്തും ആരെക്കുറിച്ചും പറയാം എന്നൊരു ചിന്തയുണ്ട്. തീർത്തും തെറ്റായ ഒരു ചിന്താഗതിയാണിത്. അക്ഷരം എഴുതാൻ അറിയാം എന്ന് കരുതി മറ്റുള്ളവരെ അപമാനിക്കാനുള്ള അധികാരം ആരും നമുക്ക് തന്നിട്ടില്ല.  ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പുണ്ടായിരിക്കാം. പക്ഷേ അതിനർത്ഥം അവരെ അപമാനിക്കുക എന്നുള്ളതല്ല. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് അപമാനിക്കലിലൂടെ അല്ല. എന്റെ സ്വാതന്ത്ര്യം എന്റെ മൂക്കിന്റെ തുമ്പത്ത് അവസാനിക്കും എന്ന കാര്യം മറക്കരുത്. പരസ്പരം ചെളി വാരിയെറിഞ്ഞ് എന്തു നേട്ടമാണ് നമ്മൾ നേടുന്നത്? ഇതൊരുതരത്തിലുള്ള മനോരോഗമാണെന്നാണ് എനിക്ക് തോന്നുന്നത്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും തൊഴിലിന്റെയും മറ്റും പേരിൽ ആക്ഷേപിക്കുന്ന ഈ രീതിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ല. ഇതൊരുതരം വിവരമില്ലായ്മയാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയില്ലെങ്കിലും അപമാനിക്കാതിരിക്കാമല്ലോ. ഇനി ഞാൻ കണ്ട മൂന്ന് ബ്ലോഗുകളെ കുറിച്ച് പറയാം.   അതിലൊന്ന് ഇന്ത്യൻ പട്ടാളക്കാരെ ചീത്ത പറയുന്ന ഒരു പോസ്റ്റാണ്. എയർപോർട്ടിൽ വച്ച് ഒരു കുഞ്ഞു മിടുക്കി അവിടെനിന്ന പട്ടാളക്കാരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുന്നതും തിരിച്ചു പോരാൻ തുടങ്ങുമ്പോൾ അവരിൽ ഒരാളുടെ കാൽ തൊടുന്നതുമായ വീഡിയോ കണ്ടിട്ട്, പട്ടാളക്കാരെ പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു ഇത്. മലയാളിയായ ഒരു പട്ടാളക്കാരൻ ഇത് ഏറ്റെടുത്ത് ആ പോസ്റ്റിട്ട ആൾക്കെതിരെ കർശനം നടപടികൾ എടുക്കുവാൻ മുന്നിട്ടിറങ്ങുകയും വിജയിക്കുകയും ചെയ്തു. സാധാരണഗതിയിൽ യൂണി ഫോമിട്ടവരെ കുട്ടികൾക്ക് പേടിയാണ്. അത് പോലീസ് ആയാലും പട്ടാളം ആയാലും. ഇവിടെ ആ കുട്ടി സന്തോഷത്തോടെ അവരുടെ അരികിലേക്ക് ചെല്ലുന്നത് അവൾക്ക് ഏറെ ഇഷ്ടമുള്ള ആരോ പട്ടാളത്തിൽ ഉണ്ട് എന്നതുകൊണ്ടാണ്. അത് അവളുടെ അച്ഛനാകാം,മുത്തശ്ശനാകാം, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്മാരാകാം. ആരായാലും ആ വ്യക്തി അവൾക്ക് വളരെ വേണ്ടപ്പെട്ട ആളാണ് എന്നുള്ളതിൽ സംശയമില്ല. അതുകൊണ്ടാണ് അവരുടെ സമീപത്ത് ചെന്നതും സംസാരിച്ചു പോരുമ്പോൾ കാൽ തൊടുന്നതും. ഞാനും ആ വീഡിയോ കണ്ടു. അപ്പോൾ ആ കുഞ്ഞിന്റെ അമ്മയെ ഓർത്ത് അഭിമാനം തോന്നി. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിച്ച ആ മാതൃത്വത്തിന് ഒരു ബിഗ് സല്യൂട്ട്. തന്നിലും മുതിർന്നവരെ കാൽതൊട്ട് ബഹുമാനിക്കുക എന്നത് മലയാളിക്ക് ഇന്നും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. അതെന്തോ മോശമായ സംഗതിയായാണ് മലയാളികൾ കാണുന്നത്. എന്നാൽ നോർത്ത് ഇന്ത്യയിൽ  അത് വളരെ സാധാരണമായ ഒരു കാര്യമാണ്. മുതിർന്നവരുടെ കാലുകൾ സ്പർശിക്കുമ്പോൾ കിട്ടുന്ന അനുഗ്രഹം ഒരു ഭാഗ്യമായാണ് അവർ കണക്കാക്കുന്നത്. ഇത് ഭാരതത്തിന്റെ  സംസ്കാരശൈലി ആയിരുന്നു എങ്കിലും കേരളത്തിൽ മാത്രം എങ്ങനെയോ ഇത് അന്യം നിന്നു. ഇത് മലയാളിയുടെ മിഥ്യാഭിമാനം  മാത്രമാണെന്ന് വടക്കേ ഇന്ത്യയിൽ താമസിച്ചിട്ടുള്ള ആർക്കും മനസ്സിലാവും.

     സ്വന്തം ജീവനേക്കാൾ അധികം പ്രാധാന്യം രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ആണെന്ന തിരിച്ചറിവോടെ  ഭാരതത്തിന് കാവൽ നിൽക്കുന്ന ഈ പട്ടാളക്കാരെ നമ്മൾ ഓരോരുത്തരും വന്ദിക്കണം. ഒരു വ്യക്തിയുടെ അല്ല രാഷ്ട്രത്തിന്റെ സംരക്ഷണമാണ് അവരുടെ കയ്യിൽ. ഇന്ന് ഇവിടെ ഇരുന്നു ഇങ്ങനെ ഓരോന്ന് എഴുതുവാൻ ഓരോരുത്തർക്കും സാധിക്കുന്നത് അവരുടെ സംരക്ഷണം മൂലമാണ്. അല്ലായിരുന്നുവെങ്കിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും നമുക്കില്ലാതായി, മറ്റേതെങ്കിലും അയൽ രാജ്യത്തിന്റെ അടിമകളാകേണ്ടി വന്നേനെ. ഇതൊന്നും അറിയാതെ പട്ടാളക്കാർക്കെതിരെ എഴുതിയ വ്യക്തി, ഒരുപക്ഷേ ആ ജോലിക്ക് ശ്രമിച്ചെങ്കിലും അത് കിട്ടാത്ത വ്യക്തി ആയിരിക്കാം. അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ പട്ടാളക്കാരനായി സന്തോഷപൂർവ്വം ജീവിക്കുന്നത് കണ്ടുള്ള ദേഷ്യം ആയിരിക്കാം. എന്തായാലും എഴുതിയ ആൾ പുലിവാല് പിടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

 അടുത്തത്  ശബരിമല അയ്യപ്പനെതിരെ ഇട്ട പോസ്റ്റാണ്. തനിക്ക് അയ്യപ്പനെ വിശ്വാസമില്ലെന്നും എല്ലാം കളവാണെന്നും കള്ളന്മാരാണെന്നും മറ്റും പറഞ്ഞാണ് ഇയാൾ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിട്ട വ്യക്തിക്ക് ഹിന്ദു വിശ്വാസം ഇല്ലെങ്കിലും പേരുകണ്ടാൽ ഹിന്ദുവാണെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ അയ്യപ്പനിൽ വിശ്വാസമില്ലാത്ത ഇയാൾക്ക് എന്തായാലും ക്രിസ്തുവിലും അള്ളാഹുവിലും വിശ്വാസമുണ്ടാവില്ല. പക്ഷേ അയാൾ തിരഞ്ഞെടുത്തത് ഹിന്ദു ആരാധനാലയം മാത്രമാണ്. ഇവിടുത്തെ ഏതെങ്കിലും മുസ്ലിം ആരാധനാലയത്തെയോ ക്രിസ്ത്യൻ ആരാധനാലയത്തെയോ പുച്ഛിക്കാൻ  ഇയാൾ ശ്രമിക്കാതിരുന്നത് ജീവനിൽ ഭയം ഉള്ളതുകൊണ്ട് തന്നെയാണ്. മുസ്ലിം- ക്രിസ്ത്യൻ ആരാധനാലയങ്ങൾ ക്കെതിരെ പറഞ്ഞിരുന്നു എങ്കിൽ പിറ്റേന്ന് ഇയാളുടെ ഫേസ്ബുക്ക് മാത്രമല്ല ഫെയ്സ് തന്നെ ഉണ്ടാകുമായിരുന്നില്ല. അങ്ങിനെയുള്ള  പ്രതികരണത്തിൽ ഭയന്നാണ് ഹിന്ദു ആരാധനാലയങ്ങൾക്കെതിരെ തിരിയാം എന്ന് തീരുമാനത്തിലെത്തിയത് എന്ന് തോന്നുന്നു. ഈ പോസ്റ്റിനെതിരെ ആളുകൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ഇയാൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ്തടി രക്ഷിച്ചു. ഇതിന് പിന്നിലും രാഷ്ട്രീയം ഉണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. മുൻപ് പറഞ്ഞ രണ്ടു പോസ്റ്റുകളുടെയും പിന്നിൽ  പ്രവർത്തിച്ചവർക്ക് ഒരുതരം മാനസിക പ്രശ്നം ഉണ്ടെന്ന് പറയേണ്ടിവരും. എല്ലാവരാലും പുകഴ്ത്ത പെടുന്ന വ്യക്തികൾ ആയാലും, സംഘടനകൾ ആയാലും, വിശ്വാസമായാലും അതിനെ  മോശമായി ചിത്രീകരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അതിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിൽ അത് കണ്ടെത്തുക യോ, ഇല്ലെങ്കിൽ ഉണ്ടാക്കുകയോ ചെയ്യും. നല്ലവരെ മോശക്കാരായി ചിത്രീകരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു തരം  സാഡിസ്റ്റ് മനോഭാവമാണിത്.

 ഈ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾക്കും ഉള്ള ഒരു മറുപടിയായി കാണാവുന്നതായിരുന്നു അടുത്ത പോസ്റ്റ്. ഇത് ജപ്പാനിലെ സ്കൂളിൽ നിന്നുള്ള ഒരു വീഡിയോ ആണ്. രക്ഷിതാക്കൾ ജോലി ചെയ്യുന്ന വീഡിയോ കുട്ടികളുടെ ക്ലാസ്സിൽ കാണിക്കുന്നു. മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് തങ്ങളെ വളർത്തുന്നതെന്ന് കുട്ടികൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കുന്നു. സ്വന്തം അച്ഛനും അമ്മയും കഠിനമായി ജോലി ചെയ്യുന്നത് കാണുന്ന കുട്ടികൾ ഹൃദയവേദനയോടെ കരയുന്നതും കാണാം. ഇതാണ് തിരിച്ചറിവ്. ഇത് കാണുന്ന ഒരു കുട്ടിയും തന്റെ അച്ഛനെയും അമ്മയെയും അവജ്ഞയോടെ  ഒരിക്കലും കാണില്ല എന്ന് മാത്രമല്ല  അവരെ കൂടുതൽ ബഹുമാനിക്കാനും സ്നേഹിക്കാനും തുടങ്ങുകയും ചെയ്യും. ഓരോ തൊഴിലും മഹത്വമേറിയതാണെന്നും അതിനെ അംഗീകരിക്കണമെന്നും കുട്ടി പഠിക്കുന്നു. അവർ വളരുമ്പോൾ ഒരു തൊഴിലിനോടും അവർക്ക് പുച്ഛം ഉണ്ടാവില്ല. അച്ഛനെയും അമ്മയെയും അവരുടെ കഠിന പ്രയത്നത്തെയും  മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകുന്ന ഈ രീതി മഹത്തരമാണ്. നമ്മുടെ നാട്ടിലും ഈ രീതി വന്നെങ്കിൽ എന്ന്‌ അറിയാതെ ആഗ്രഹിച്ചു പോകുന്നു. സ്വന്തം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാതെ, യാഥാർത്ഥ്യത്തിൽ നിന്നും മാറ്റി നിർത്തി  മക്കളെ വളർത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ. ഫലമോ അവസാനം അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുന്ന നന്ദികെട്ടവരായി മക്കൾ മാറുന്നു. ഇതിനൊരു മാറ്റം വരണം എങ്കിൽ ഈ വിദ്യാഭ്യാസ രീതി ആകെ മാറണം. അച്ഛനും അമ്മയും എന്താണ് ചെയ്യുന്നതെന്നും,എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്നും കുട്ടികളെ അറിയിക്കണം. അപ്പോൾ മാത്രമേ അവരെ അംഗീകരിക്കാൻ കുട്ടികൾ തയ്യാറാവു. പക്ഷേ ഇത് ചെറിയ പ്രായത്തിൽ തന്നെ ആരംഭിക്കേണ്ടതാണ്. അങ്ങിനെ വളർത്തിയാൽ ഒരു തൊഴിലിനെയും പുച്ഛിക്കാത്ത ഒരു വിശ്വാസത്തെയും അപമാനിക്കാത്ത പരസ്പരം സ്നേഹിക്കുന്ന ഒരു തലമുറയെ നമുക്ക് കിട്ടും. നമ്മുടെ ബുദ്ധിമുട്ടുകൾ അവരിൽ നിന്നും മറയ്ക്കുകയല്ല,മറനീക്കുകയാണ്    വേണ്ടത്. നമ്മൾ വാക്കുകൊണ്ട് പറഞ്ഞു കൊടുക്കുന്നതിലും അധികം മനസ്സിലാക്കാൻ അച്ഛനും അമ്മയും കഠിനാധ്വാനം ചെയ്യുന്ന വീഡിയോകൾ കാണുന്നതിലൂടെ  കുട്ടികൾക്ക് സാധിക്കും. വളരെ ചെറിയ ക്ലാസ് മുതൽ തന്നെ ഇത് തുടങ്ങണം. വലിയ ക്ലാസുകളിൽ ആണ് ആദ്യം കാണിക്കുന്നതെങ്കിൽ കുട്ടികളിൽ മിഥ്യാഭിമാന ബോധം ഉണ്ടായേക്കാം. ഇത് ഗുണത്തേക്കാളധികം ദോഷമായിരിക്കും ചെയ്യുക. എന്നാൽ ചെറുപ്രായത്തിൽ തന്നെ അച്ഛന്റെയും അമ്മയുടെയും തൊഴിലിനെ പറ്റി മനസ്സിലാക്കിയാൽ പിന്നീട് ഇത്തരം അധമ ചിന്തകൾ വരില്ല. ഏതു പ്രൊഫഷനായാലും അതിനെ തുല്യമായി കാണാൻ കുട്ടികൾക്ക് കഴിയും. അധ്യാപകരുടെ സഹകരണം കൂടി ഇതിന് വളരെ അത്യാവശ്യമാണ്. അധ്യാപകർ എല്ലാ തൊഴിലിനെയും തുല്യമായി കാണുന്നു എങ്കിൽ കുട്ടികൾക്കും അതിനു സാധിക്കും. മുണ്ടു മുറുക്കിയുടുത്ത് മക്കൾക്ക് മൊബൈലും മറ്റും വാങ്ങിക്കൊടുക്കുന്ന ചിലർ. കള്ളത്തരം പറഞ്ഞു അവരിൽ നിന്നും പൈസ വാങ്ങി കൂട്ടുകാരോടൊത്ത് ലഹരി ഉപയോഗിക്കുകയും മറ്റും ചെയ്യുന്ന ഒരു യുവതലമുറ. ഇനി നമുക്കിത് വേണ്ട. വരുംതലമുറ സത്യം തിരിച്ചറിയട്ടെ. മറ്റുള്ളവരെ ജാതിമത തൊഴിൽ ഭേദമെന്യേ സ്നേഹിക്കാനും ബഹുമാനിക്കാനും ഇവർക്ക് കഴിയട്ടെ. പക്ഷേ ഇത്തരം തിരിച്ചറിയൽ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. രാഷ്ട്രീയക്കാർ. ജനങ്ങൾ  പരസ്പരം പടവെട്ടി പകവീട്ടിയാലേ രാഷ്ട്രീയ ചെന്നായ്ക്കൾക്ക്  ജീവിക്കാൻ പറ്റുകയുള്ളൂ.  രാഷ്ട്രീയത്തെ മാറ്റിനിർത്തി പൊതുജനങ്ങൾ ഒന്നായി നിൽക്കണം അപ്പോഴേ സമാധാനവും സന്തോഷവും നമ്മുടെ നാട്ടിലുണ്ടാകൂ. എന്തിനാണ് വിശ്വാസത്തിന്റെയും തൊഴിലിന്റെയും ജാതിമതത്തിന്റെയും പേരിൽ പരസ്പരം പോരടിക്കുന്നത്? ഇതുകൊണ്ട് എന്ത് നേട്ടമാണ് നമുക്ക് ഉണ്ടാകുന്നത്? ഒന്നുമില്ല.നഷ്ടങ്ങൾ മാത്രം. പക്ഷേ ആ നഷ്ടങ്ങൾ സ്വന്തംനേട്ടങ്ങൾ ആക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കും. അതിനുള്ള അവസരം അവർക്ക് കൊടുക്കരുത്. ഓരോരുത്തർക്കും അവരുടെതായ മതവിശ്വാസങ്ങളും ഈശ്വര വിശ്വാസങ്ങളും ഉണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ എന്തിനാണ് ആക്രമിക്കുന്നത്? എന്തിനാണ് പുച്ഛിക്കുന്നത്? വിശ്വാസങ്ങളിൽ ഉള്ള വ്യത്യാസം മനുഷ്യത്വത്തെ, മനുഷ്യർ തമ്മിലുള്ള സ്നേഹത്തെ ബാധിക്കരുത്. പരസ്പരം സ്നേഹിക്കാം, വിശ്വാസം കാത്തുസൂക്ഷിക്കാം.

 വിശ്വാസം അതല്ലേ എല്ലാം.....