Tuesday, October 24, 2023

ജാതി-മത ശത്രുത എന്തിന്?

          എങ്ങും എവിടെയും ഇപ്പോൾ ജാതി മതങ്ങളുടെ പേരിലുള്ള പകയും കൊലയും ആണ്. ഇന്ത്യയിൽ നടക്കുന്നത് കാണുമ്പോൾ നമ്മൾ കരുതും ഇത് ഇവിടെ മാത്രമേ ഉള്ളൂ എന്ന്.പലരും പറയുന്നതും പ്രാധാന്യം നൽകുന്നതും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നടക്കുന്ന ജാതി-മത സ്പർദ്ധയ്ക്കാണ്‌. എന്നാൽ ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും ഇത്തരം ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിൽപട വെട്ടുന്നത് കാണാം. സത്യത്തിൽ കേരളത്തിലൊന്നും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ഇത്തരത്തിലുള്ള ഒരു അനീതിയും  നടക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി രാധാകൃഷ്ണന്റെ കയ്യിൽ വിളക്ക് കൊടുത്തില്ല എന്നു പറഞ്ഞു ജാതിയുടെ പേരിൽ പഴിക്കുന്നത് കേട്ടു. ശാന്തിക്കാർ പൂജാവേളയിൽ മറ്റാരെയും- അത് സ്വന്തം സഹോദരങ്ങളായാലും മക്കളായാലും- തൊടാറില്ല എന്നതാണ് സത്യം.  ക്ഷേത്ര പൂജയ്ക്ക് മാത്രമല്ല, മരിച്ചുപോയവർക്കായുള്ള ആണ്ടു ബലി വീട്ടിൽ നടത്തുമ്പോഴും ബലിയിടുന്നവർ, ഇടാത്തവരെ തൊടാതെ മാറി നിൽക്കും. ബലിക്ക്  ഒരുക്കാൻ പോലും കുളിച്ച് ഈറനുടുത്തോ,അലക്കിയത്ഉടുത്തോ മാത്രമേ പാടുള്ളൂ. ഇന്നും ഇത് ആചരിച്ചു വരുന്നുണ്ട്. ആ സമയത്ത് മറ്റാരു വന്നാലും കൂട്ടിത്തൊടാൻ അനുവദിക്കില്ല. മുമ്പ് പറഞ്ഞതുപോലെ ആ കുടുംബത്തിലെ അംഗങ്ങളായാൽ പോലും അതിന് സമ്മതിക്കില്ല. ഓരോ ചടങ്ങിനും അതിന്റെതായ  ആചാര രീതികൾ ഉണ്ട്. അതാണ് പിന്തുടർന്ന് വരുന്നതും.

      ഞാൻ പറഞ്ഞു വന്നത് മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള വൈരാഗ്യമാണ്. ഇന്ന് ഇസ്രായേലിലും പാലസ്തീനിലും നടക്കുന്നതും മറ്റൊന്നുമല്ല. ഒരു മത വിഭാഗക്കാർക്കും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കുവാനുള്ള അധികാരം ഇല്ല. ഓരോ ജനതയ്ക്കും അവരുടേതായ വിശ്വാസമുണ്ട്. ജീവിത രീതികൾ ഉണ്ട്. അവർ അങ്ങനെ ജീവിക്കട്ടെ. പക്ഷേ സ്വന്തം വിശ്വാസം മാത്രമാണ് ശരി എന്നും അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം കൊന്നു കൊലവിളിച്ചിട്ട് ആർക്ക് എന്ത് നേടാൻ? മനുഷ്യന് സമാധാനമായി ജീവിച്ചുകൂടെ? എന്തിനാണ് മറ്റുള്ളവരും കൂടി എന്റെ വിശ്വാസത്തോട് ചേർന്ന് പോകണമെന്ന് ശഠിക്കുന്നത്?

      സത്യത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് ഇത്തരത്തിലുള്ള ഒരു ചിന്തയുമില്ല. അവൻ സമാധാനത്തോടെയും സന്തോഷത്തോടെയും അന്യമതസ്ഥരെ അംഗീകരിച്ചു ജീവിക്കാൻ തയ്യാറാണ്. എന്നാൽ ഇവരുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാരാണ്. ഭരണം മുന്നിൽ കണ്ടാണ് ഇവർ ഇത്തരം കുത്സിത പ്രവർത്തികൾ നടത്തുന്നത്. ഇത്തരം രാഷ്ട്രീയക്കാരെ സഹായിക്കാൻ തീവ്രവാദ നിലപാടുള്ള ഒരു ചെറിയ മത ഗ്രൂപ്പുകൾ ഉണ്ട്. അവരാണ് ആ മതത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാൻ ശ്രമിക്കുന്നത്. ചെറിയ ഗ്രൂപ്പ് ആണെങ്കിലും അവരെ എതിർക്കുന്നവരെ, അത് സ്വന്തം മതക്കാരായാൽ പോലും , ഇല്ലായ്മ ചെയ്യാൻ അവർക്കും മടിയില്ല.അങ്ങനെ  അതേ മതത്തിൽ പെട്ടവർ പോലും ഭയം മൂലം ഈ ഗ്രൂപ്പിനെ എതിർക്കില്ല. അത് തന്നെയാണ് അവർക്ക് വേണ്ടതും. അപ്പോൾ പുറത്തുനിന്ന് നോക്കുന്നവർക്ക് അവരെല്ലാം ഒന്നാണെന്ന് തോന്നും, സത്യത്തിൽ അങ്ങനെയല്ല എങ്കിലും.

        ഇനി എനിക്ക് ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന ഒരു സംഭവം പറയാം. എന്റെ ഭർത്താവിന്റെ നാട്ടിൽ ഞങ്ങൾക്ക് ഒരു കുടുംബ ക്ഷേത്രമുണ്ട്. ചെങ്ങന്നൂരിനടുത്തുള്ള വെണ്മണി ഗ്രാമത്തിലെ ശാർങ്ങക്കാവ് ക്ഷേത്രമാണ് അത്. വഴിപാടിന് എഴുതുവാൻ സഹായിക്കുവാൻ ഞാനും പോവാറുണ്ട്. ഒരിക്കൽ അവിടെ മൂന്ന് മുസ്ലിം സ്ത്രീകളും കുട്ടികളും വന്നു. അർച്ചനക്കും പുഷ്പാഞ്ജലി ക്കും ഒക്കെ അവർ വഴിപാട് എഴുതി. അവരെ കണ്ട് എനിക്ക് അത്ഭുതം തോന്നി. അത് അവരോട് ചോദിക്കുകയും ചെയ്തു. പക്ഷേ അവർ വളരെ സാധാരണയായി ചെയ്യുന്ന ഒരു പ്രവർത്തി എന്ന നിലയിലാണ് പറഞ്ഞത്. കഴിഞ്ഞപ്രാവശ്യം എത്തിയത് മുസ്ലിം പുരുഷന്മാർ ആയിരുന്നു. ക്രിസ്ത്യാനികൾ മുമ്പും വരുന്നത് ഞാൻ കണ്ടിട്ടുള്ളത് കൊണ്ട്  അത്ഭുതം തോന്നാറില്ല. ഇതേക്കുറിച്ച് പല ബന്ധുക്കളോടും അന്വേഷിച്ചപ്പോൾ, അവർ പൂജ കഴിക്കുന്ന പല ക്ഷേത്രങ്ങളിലും ക്രിസ്ത്യാനികളും മുസ്ലീങ്ങളും എല്ലാം വരാറുണ്ട് എന്ന് പറയുകയുണ്ടായി. ഈ മുസ്ലിം- ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഹിന്ദുക്കളോടോ ഹിന്ദുദൈവങ്ങളോടോ ഒരു വിരോധവുമില്ല എന്ന് മാത്രമല്ല, അവർ അത് അംഗീകരിക്കുകയും ചെയ്യുന്നു. ഹിന്ദുക്കൾ എത്രയോ പേർ ക്രിസ്ത്യൻ ദേവാലയങ്ങളിലും മുസ്ലിം ആരാധലയങ്ങളിലും പോകുന്നുണ്ട്. ആർക്കും ഒരു വിഷമവുമില്ല. ആരും അവരെ കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നുമില്ല . അത് അവരുടെ വിശ്വാസമാണ്. അവർക്ക് അതിൽ സന്തോഷവും സംതൃപ്തിയും ഉണ്ട് താനും. മണർകാട് പള്ളിയിലും , വേളാങ്കണ്ണിയിലും തിരുവനന്തപുരത്തെ ബീമാപള്ളിയിലും പോകുന്ന എത്രയോ ഹിന്ദുക്കൾ ഉണ്ട്. മുസ്ലിം വിശ്വാസികളും അവിടെ പോകുന്നുണ്ടാവും. ഒരുപക്ഷേ മതമേലധികാരിയെ ഭയന്ന് ആരോടും പറയാതെ രഹസ്യമായിട്ടാവും അവർ പോകുന്നത്. സത്യത്തിൽ ഈശ്വരൻ ഒന്നല്ലേയുള്ളൂ. ഏതു രൂപത്തിൽ ഏത് പേരിൽ പ്രാർത്ഥിച്ചാലും ഫലം ഒന്നു തന്നെ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ക്രിസ്ത്യാനിയാണ്‌. ഞാനും അവളും ഒരേ പത്രത്തിലായിരുന്നു പ്രവർത്തിച്ചതും. അങ്ങിനെ തുടങ്ങിയ ബന്ധമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിൽ പലയിടത്തും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പോകുമ്പോൾ സന്ദർശിക്കാൻ പറ്റുന്ന എല്ലാ ആരാധനാലയങ്ങളും കാണും. അവിടെ ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ എന്നൊന്നും ഞങ്ങൾ നോക്കാറില്ല. അവിടെ ചെല്ലുമ്പോൾ പ്രാർത്ഥിക്കാൻ തോന്നിയാൽ പ്രാർത്ഥിക്കും,ഇല്ലെങ്കിൽ ഇല്ല അത്രതന്നെ. ഞങ്ങളുടെ ഈ  സൗഹൃദത്തിൽ അവൾ ഹിന്ദു ആവുകയോ ഞാൻ  ക്രിസ്ത്യൻ   വിശ്വാസി ആവുകയോ ചെയ്തില്ല. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ആരാധനാരീതികളിൽ വിശ്വസിക്കുന്നു. ഒരാൾ മറ്റൊരാളുടെ വിശ്വാസത്തെ അപമാനിക്കാനോ, തന്റെ വിശ്വാസത്തിലേക്ക് കൂട്ടാനോ ശ്രമിച്ചില്ല.  ഇന്ന് ഞങ്ങളുടെ മതവിശ്വാസം പോലെ തന്നെ ഞങ്ങളുടെ ആഴമേറിയ സൗഹൃദത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇതൊരു മഹാകാര്യമായിട്ട് പറയുകയല്ല. നമ്മുടെ ഇടയിൽ കാണുന്ന വ്യക്തി ബന്ധങ്ങളെക്കുറിച്ച് പറയുകയായിരുന്നു.

   നമ്മുടെ മതമേലാധികാരികളോടും ഭരണം ലക്ഷ്യം വെച്ച്  മതത്തിന്റെ പേരിൽ  ഭിന്നിപ്പ് ഉണ്ടാക്കുന്ന   രാഷ്ട്രീയക്കാരോടും എതിർത്തു നിൽക്കാൻ സാധാരണക്കാർക്ക് കഴിയണം. അന്യമത    വിശ്വാസിയാണെങ്കിലും അവരെ എന്റെ സുഹൃത്തായാണ് ഞാൻ കാണുന്നത് ശത്രുവായല്ല എന്ന് പറയാൻ നമുക്ക് സാധിക്കണം. സ്വന്തം ജാതിയും മതവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നമ്മൾ തയ്യാറാകരുത്. മതങ്ങൾ തമ്മിലും അതിൽ വിശ്വസിക്കുന്ന മനുഷ്യർ തമ്മിലും കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്ന സത്യം നമ്മൾ മറക്കരുത്. ഉദാഹരണമായി ക്രിസ്തുമത വിശ്വാസികൾ വിദേശങ്ങളിൽ നടത്തുന്ന ക്രിസ്തീയ ചടങ്ങുകളും അവരുടെ കേരളത്തിലെ ചടങ്ങുകളും തമ്മിൽ വ്യത്യാസമുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ ഒരു ചെറിയ പകർച്ച, കേരളത്തിലെ ക്രിസ്തീയ പള്ളികളിലും ചടങ്ങുകളിലും കാണാം. കൊടിമരം നിലവിളക്ക് തുടങ്ങിയവ ഒന്നും എന്തായാലും യേശുക്രിസ്തു തുടങ്ങിവച്ചതല്ല എന്ന് നമുക്കറിയാം. വിദേശികളുടെ വിദേശത്തുള്ള പ്രാർത്ഥനാലയങ്ങളിൽ( അവയുടെ മേൽധ്യക്ഷന്മാർ മലയാളികൾ അല്ലെങ്കിൽ) ഇവയൊന്നും കാണുകയില്ല. അതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യ അക്ഷരം കുറിക്കുന്ന എഴുത്തിനിരുത്തുന്ന ചടങ്ങ് ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഒന്നാ യിരുന്നു. പക്ഷേ ഇന്ന് ആ വിശ്വാസം കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഉണ്ടായി. വളരെ നല്ലത്. ഞാൻ ഒരിക്കലും അവരെ കുറ്റം പറയുന്നില്ല. ആരെയും ദ്രോഹിക്കാത്ത നന്മയ്ക്കായുള്ള ചില വിശ്വാസങ്ങൾ ആർക്കും പിന്തുടരാവുന്നതേയുള്ളൂ. അത് മതമൈത്രിക്കും   കാരണമാകും. നമ്മൾ താമസിക്കുന്ന നാട്ടിലെ നിലനിൽക്കുന്ന ആചാരങ്ങളാണ് എല്ലാവരും പിന്തുടരുന്നത്. അതാണ് വേണ്ടതും. അത് ആ നാട്ടിന് യോജിച്ച രീതിയുമാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നവർ, വിദേശത്തുള്ള അതേ മതവിശ്വാസികൾ ചെയ്യുന്ന പ്രവർത്തികളെ അവർ ജീവിക്കുന്ന മറ്റൊരു ചുറ്റുപാടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്. ഇവിടുത്തെ കാലാവസ്ഥയ്ക്കും സാമൂഹ്യ അന്തരീക്ഷത്തിനും യോജിച്ച ചടങ്ങുകൾ പിന്തുടരണം. നമ്മൾ ജീവിക്കുന്ന സ്ഥലവുമായി ചേർന്നു പോകുന്ന ചടങ്ങുകൾ ആയിരിക്കണം. കേരളത്തിലെ ഓണാഘോഷത്തിന് കടുവ കളിയും കരിയിലച്ചാത്തനും ഒക്കെ ഉണ്ടെങ്കിലും( ഇന്ന് കേരളത്തിൽപോലും അവ അന്യമായി) അത് വിദേശത്തെ ഓണാഘോഷത്തിന് വേണമെന്ന് പറയുന്നത് അരോചകമാണ്. അവിടെ ചെല്ലുമ്പോൾ ആ ശൈലിയിൽ ആഘോഷിക്കുക. അങ്ങനെയായാൽ മാത്രമേ അവരുടെ സംസ്കാരമായും ആ ജനതയുമായും നമ്മൾ യോജിച്ചു പോവുകയുള്ളൂ.  സ്വന്തം ആചാരാനുഷ്ഠാനങ്ങൾ നടപ്പാക്കുമ്പോൾ ആ സമൂഹത്തിലുള്ളവരെ കൂടി പരിഗണിക്കണം. അങ്ങനെ പരസ്പരം പരിഗണിക്കാനും അംഗീകരിക്കാനും ബഹുമാനിക്കാനും സാധിച്ചാൽ പിന്നെ എന്ത് ജാതി? എന്ത് മതം?

ഓം.ലോകാ :സമസ്താ:സുഖിനോ ഭവന്തു

   ഏറെ സ്നേഹത്തോടെ....