Friday, February 10, 2023

വാർദ്ധക്യത്തിന്റെ മിഴിനീർ

      അടുത്തിടെ ഞാൻ ഒരു വീഡിയോ കണ്ടു. അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും മറ്റുമായി ഒഴിവാക്കപ്പെട്ട വൃദ്ധരെ കുറിച്ച് ആയിരുന്നു അത്. ഇവിടെ ഉപേക്ഷിക്കപ്പെട്ടവരിൽ സ്വന്തം കാര്യങ്ങൾ സുഖമായി നോക്കാൻ കഴിയുന്നവർ മുതൽ രോഗഗ്രസ്തരായവരും  വാർദ്ധക്യത്തിന്റെ പാരമ്യത്തിൽ( എന്നും കരുതാം അല്ലേ ) അനങ്ങാൻ ആകാതെ കട്ടിലിൽ കിടക്കുന്നവർ വരെയുണ്ട്. കിടപ്പു വൃദ്ധരിൽ ചിലർക്ക് ചുറ്റും നടക്കുന്നത് അറിയാമെങ്കിലും മറ്റുചിലർ ഒന്നുമറിയാതെ കിടക്കുന്നു. ജീവനുണ്ടെന്ന് മാത്രം. മറ്റൊരാളുടെ സഹായത്തോടെ വേച്ചുവേച്ചു നടക്കുന്നവർ  നമ്മളെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു. അപ്പോഴും എല്ലാവരും ഉപേക്ഷിച്ച്അനാഥരായി തീർന്നതിന്റെ    തിങ്ങുന്ന ദുഃഖം ആ    കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം.തനിക്കു ജന്മം നൽകി വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ സ്വന്തം മാതാ പിതാക്കളെ നിഷ്കരുണം ഉപേക്ഷിക്കുന്നതിന്റെ  പാപം എത്ര ജന്മങ്ങൾ കഴിഞ്ഞാലും തീരില്ല. തനിക്കു വിദ്യാഭ്യാസം നൽകിയ അതേ അച്ഛനും അമ്മയ്ക്കും പഠിത്തമില്ല, യോഗ്യത ഇല്ല, എന്നിങ്ങനെ പുച്ഛിക്കുന്നവരെ ഞാനും കണ്ടിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ഓരോ പ്രവത്തിയുടെയും ഫലം - അത് നല്ലതോ ചീത്തയോ ആകട്ടെ - നമുക്ക് തന്നെ തിരിച്ചു കിട്ടും എന്നതിൽ ഒരു സംശയവും വേണ്ട. അതിനു അധിക കാലമൊന്നും കാത്തിരിക്കേണ്ടി വരില്ല.

          ഇതിൽ ചിലരുടെ മക്കൾക്ക് ഇവരെ സംരക്ഷിക്കാനുള്ള സൗകര്യമോ കഴിവോ ഇല്ലാത്തവരാണെങ്കിൽ മറ്റു ചിലർക്ക് ഇവർ ഒരു ഭാരമാണ്. വിദേശത്ത് ജോലിയുള്ള മക്കൾ തങ്ങളുടെ മാതാപിതാക്കളെ ഒറ്റയ്ക്ക് ആകാതെ തള്ളുന്നത് ഇത്തരം ആശ്രയ കേന്ദ്രങ്ങളിലാണ്. സമ്പന്നർ കൂടുതൽ സൗകര്യങ്ങൾ നൽകി ഉപേക്ഷിക്കുമ്പോൾ ആരും അറിയാതെ എങ്ങനെ ഈ വൃദ്ധരെ ഒഴിവാക്കും എന്ന് ചിന്തയിലാണ് മറ്റു ചിലർ. സ്വന്തം രക്തം അമൃതാക്കി  മാറ്റി പാലൂട്ടിയ അമ്മയും ചേർത്തുപിടിച്ച സംരക്ഷിച്ച് അച്ഛനും ഇന്ന് മക്കൾക്ക് ഭാരമാകുന്നു. രോഗം മൂലം അച്ഛനെയും അമ്മയെയും ഉറക്കാതിരുന്നവർക്ക്‌, ഇന്ന് വാർദ്ധക്യം ബാധിച്ച് ചുക്കി ചുളിഞ്ഞ ശരീരവും ഓർമ്മകൾ വിട്ടുപോകുന്ന മനസ്സും കാണാൻ കഴിയുന്നില്ല. പണ്ട് മാനസികമായും ശാരീരികമായും തളർന്ന നിങ്ങളെ നെഞ്ചോട് ചേർത്ത് "എങ്ങിനെയുണ്ട് മോനേ" എന്നും "സാരമില്ല കുഞ്ഞേ എല്ലാം ശരിയാകും"   എന്നും ആശ്വസിപ്പിച്ച ആ മാതാപിതാക്കളുടെ സമീപത്ത് ദിവസത്തിൽ ഒരു നേരമെങ്കിലും ഒന്നിരിക്കാനോ " ഇപ്പോൾ എങ്ങനെയുണ്ട് അച്ഛാ /അമ്മേ " എന്ന് ചോദിക്കാനോ ഇന്നാർക്കും സമയമില്ല. അവരുടെ മറ്റൊരു സന്താനത്തിനാണ് സ്വത്തു കൂടുതൽ കൊടുത്തത് എന്ന് കുറ്റപ്പെടുത്തുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ എത്രയോ അധികമാണ്. മക്കളെ വളർത്തിക്കൊണ്ടു വന്നപ്പോൾ ഒരിക്കലും അവർ സ്വത്തിനെ കുറിച്ചോ കഷ്ടപ്പാടുകളെ കുറിച്ചിട്ട് ഓർത്തിട്ടില്ല എന്ന സത്യം സൗകര്യപൂർവ്വം മറക്കുന്നവർ.

   അച്ഛനെയും അമ്മയെയും അവഗണിക്കുന്ന ഇവർ ഇന്ന് സ്വന്തം മക്കളെ നോക്കാനുള്ള തത്രപ്പാടിലാണ്. എന്തായിരിക്കും ഈ മക്കൾ വളർന്നു വരുമ്പോൾ സംഭവിക്കുക എന്ന് പകൽപോലെ വ്യക്തമാണെങ്കിലും ഈ നവ അച്ഛനമ്മമാർക്ക് അത് കാണാൻ വയ്യ അല്ലെങ്കിൽ ശ്രമിക്കുന്നില്ല. ഭാവിയിൽ എന്റെ മക്കൾ എന്നെ സംരക്ഷിക്കും എന്ന ദൃഢ വിശ്വാസമാണ് ഇവരിൽ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഇതേ വിശ്വാസം ഒരിക്കൽ ഉണ്ടായിരുന്നു എന്നത് പക്ഷേ സൗകര്യപൂർവ്വം ഇവർ മറക്കുന്നു. " മക്കളെ കണ്ടും   മാമ്പൂവ് കണ്ടും മദിക്കരുത് " എന്ന പഴമൊഴി അന്നും ഇന്നും മാത്രമല്ല എന്നും അന്വർത്ഥമാണ്. തങ്ങൾ സന്തോഷത്തോടെ, പ്രത്യാശയോടെ,പ്രതീക്ഷയോടെ സംതൃപ്തിയോടെ വളർത്തിയ മക്കൾ അവരെ തിരിഞ്ഞു കുറ്റപ്പെടുത്തുമ്പോൾ, ഒഴിവാക്കുമ്പോൾ ഒക്കെ ഉണ്ടാകുന്ന വേദന ആരറിയാൻ? എവിടെ അറിയാൻ? അത്തരമൊരു തിരിച്ചറിവുണ്ടായിരുന്നു എങ്കിൽ അവരെ ഇങ്ങനെ വേദനകളിലേക്ക് തള്ളിവിടില്ലല്ലോ.  അച്ഛനെയും അമ്മയെയും മനസ്സിലാക്കാൻ ഒരു മക്കളും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം, പ്രത്യേകിച്ചും വാർദ്ധക്യത്തിൽ. ഈ വൃദ്ധരെ  നിവൃത്തിയില്ലാതെ  കൊണ്ടുനടക്കുന്ന ഒരു ഭാവമാണ്  മിക്കപ്പോഴും മക്കളുടെ മുഖത്ത് കാണാൻ കഴിയുന്നത്. അനുഗ്രഹമായി കണ്ടു സംരക്ഷിക്കേണ്ട ഇവരെ, ശാപമായാണ് പലപ്പോഴും കാണുന്നത്. ഇതെല്ലാം തിരിച്ചറിയുമ്പോൾ- -അതൊരുപക്ഷേ സ്വന്തം മക്കളിൽ നിന്ന് തന്നെയാകും- പശ്ചാത്താപം തോന്നിയിട്ട് ഒരു കാര്യവുമില്ല. അപ്പോഴേക്കും സമയം വളരെയധികം കടന്നു പോയിട്ടുണ്ടാവും.

  പണ്ട് ഞാൻ കേട്ട ഒരു കഥ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. സന്തോഷവാനായ ഒരു കൃഷിക്കാരനെ കണ്ടപ്പോൾ രാജാവ് ചോദിച്ചു, കുറഞ്ഞവരുമാനം ഉണ്ടായിട്ടും നിങ്ങൾ എങ്ങനെയാണ് ഇത്ര സന്തോഷമായിട്ട് ജീവിക്കുന്നത് എന്ന്. അപ്പോൾ അയാൾ പറഞ്ഞു എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ നാലിലൊന്ന് കടം കൊടുക്കും, നാലിലൊന്ന് കടം വീട്ടും, നാലിലൊന്ന് ചിലവാക്കും,  നാലിലൊന്ന് സമ്പാദിക്കും എന്ന്. അപ്പോൾ രാജാവ് ചോദിച്ചു ഇത്രയധികം കടം കൊടുക്കാനും കടം വീട്ടാനും ഈ തുക കൊണ്ട് നിങ്ങൾക്ക് സാധിക്കുമോ എന്ന്.    അപ്പോൾ കർഷകൻ വിശദീകരിച്ചു പറഞ്ഞു മക്കൾക്ക് നൽകുന്നത് കടം കൊടുക്കൽ, അച്ഛനും അമ്മയ്ക്കും വേണ്ടി കൊടുക്കുന്നത് കടം വീട്ടൽ. അതാണ് വേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും കടം നമ്മൾ വീട്ടിയെ  പറ്റൂ. പലപ്പോഴും നമ്മൾ ചെയ്യാത്തതും അതാണ്. കടം കൊടുക്കാൻ നമുക്കറിയാം( മക്കൾ) പക്ഷേ മാതാപിതാക്കളോടുള്ള കടം വീട്ടാൻ നമ്മൾ ഒരിക്കലും ശ്രമിക്കാറില്ല. ഇതെല്ലാംഅവരുടെ കടമയാണ് എന്ന മട്ടിലാണ് നമ്മൾ കാണുന്നത്.

      ഇതൊക്കെയാണെങ്കിലും ഈ വീഡിയോ ഒരു പ്രത്യാശ കൂടി നൽകുന്നു. യുവാക്കളായ പലരും ഈ വീഡിയോ കണ്ട് കരയുന്ന ഭാഗം കൂടി ഉണ്ടായിരുന്നു.  അവർ ഒരുപക്ഷേ  ഈ വൃദ്ധരുടെ വേദന തിരിച്ചറിഞ്ഞതാവാം കാരണം. അവരുടെ കണ്ണുനീർ എന്റെ  മനസ്സിൽ ഒരു ആശ്വാസമായാണ്    പെയ്തിറങ്ങിയത്. " എങ്ങിനെയാണ് നമ്മളെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ ഉപേക്ഷിക്കാൻ കഴിയുന്നതെന്ന് "അവർ ചോദിക്കുന്നു. സ്വന്തം അച്ഛനമ്മമാരെ സ്നേഹത്തോടെ സംരക്ഷിക്കേണ്ടത് ഓരോ മക്കളുടെയും കടമയല്ലേ എന്നവർ നിസംശയം ചൂണ്ടിക്കാട്ടുമ്പോൾ നിറഞ്ഞത്  എന്റെ കണ്ണുകളാണ്. ആ  കുട്ടികൾ ആരുടേതായാലും അവരുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.

    കൊല്ലാനും പകപോക്കാനും ഒന്നുമുള്ളതല്ല ഈ ജീവിതം. എന്തിന്, ആർക്കുവേണ്ടിയാണ് നിങ്ങൾ ഇത്തരം കൊട്ടേഷനുകളിൽ ചെന്ന് ചാടുന്നത്? മയക്കു മരുന്നുകൾ ഉപയോഗിക്കാൻ എന്തിനാണ് വരുംതലമുറയെ പ്രേരിപ്പിക്കുന്നത്? വെറും സാമ്പത്തിക ലാഭം മാത്രം നോക്കിയല്ലേ? എത്ര സമ്പത്ത് ഉണ്ടായാലും മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം നിങ്ങൾക്കുണ്ടാകുമോ? എന്നാണ് ഇവർ പരസ്പരം സ്നേഹിക്കാൻ പഠിക്കുന്നത്? സ്നേഹിക്കാൻ പഠിപ്പിക്കാൻ ജാതി പ്രമുഖരാരും  എന്തേ മുന്നോട്ടുവരുന്നില്ല? എല്ലാവരും മനുഷ്യരാണെന്നും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പോകേണ്ടവരാണെന്നും പഠിപ്പിക്കാൻ ഒരു മതമേലധ്യക്ഷനും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. പകരം അധികാരത്തിനു വേണ്ടി ജാതി-മത- രാഷ്ട്രീയ -വിഷം കുത്തിവെച്ച് ക്രൂരന്മാരും രാക്ഷസന്മാരും ആകുകയാണ്. നിങ്ങൾ ഈ വൃദ്ധാശ്രമങ്ങളിൽ ഒന്ന് ചെന്ന് നോക്കൂ. അവിടുത്തെ  അന്തേവാസികളിൽ എല്ലാ ജാതി മതക്കാരും ഉണ്ട്. അവരെ ശുശ്രൂഷിക്കാൻ നിൽക്കുന്നവർ ജാതി-മത ചിന്തയില്ലാതെ എല്ലാവരെയും ഒരുപോലെയാണ് നോക്കുന്നത്. ഇവരാരും പരസ്പരം കൊല്ലാനോ ആക്രമിക്കാനോ ശ്രമിക്കുന്നില്ല. കഴിയുന്ന പോലെ പരസ്പരം   സഹായിച്ചു സ്നേഹിച്ചു കഴിയുന്നു. ജാതിമത രാഷ്ട്രീയ ചിന്തകൾ ഒന്നും തന്നെ അവരുടെ മനസ്സിൽ വരുന്നില്ല. ഒരുപക്ഷേ ആക്രമണോത്സുകരായ യുവതലമുറക്കുള്ള ഒരു നല്ല വിദ്യാലയമാണ് ഈ വൃദ്ധാശ്രമങ്ങൾ. അവിടെ ഉള്ളവർ സ്നേഹത്തിലൂടെ ഇവരുടെ കണ്ണ് തുറപ്പിക്കും എന്നതിൽ.  സംശയമില്ല. ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്ന കുറ്റവാളികളെ, ഇത്തരം അനാഥാലയങ്ങളിൽ സേവനം നടത്തുവാനായി   നിയോഗിക്കണം. അങ്ങിനെ ചെയ്താൽ ഒരുപക്ഷേ അവരുടെ മനസ്സിന്റെ കാഠിന്യം ഇല്ലാതാക്കാൻ ഇവിടെ നടത്തുന്ന സേവനത്തിലൂടെ കഴിഞ്ഞേക്കും. മനസ്സിലെ നന്മയെ തിരിച്ചറിയാൻ വൃദ്ധരെ സേവിക്കുന്നതിലൂടെ അവർക്ക് സാധിച്ചേക്കും. ഇങ്ങിനെയുള്ളവർക്ക് മാത്രമല്ല, മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തവർക്കും ഇത്തരം സ്ഥാപനങ്ങളിൽ സൗജന്യ സേവനം നടത്താം.  അങ്ങനെ പുതുജീവിതത്തിന്റെ മറ്റൊരു പുത്തൻ കവാടം നമ്മുടെ മുമ്പിൽ തുറക്കട്ടെ. 🤗

Monday, February 6, 2023

അലങ്കാരമാകുന്ന ഡോക്ടറേറ്റുകൾ

 പണ്ട് PhD ഉണ്ടെന്ന് പറയുന്നത് ഒരു അഭിമാനമായിരുന്നു. ഒരു വിഷയത്തിൽ കൂടുതൽ അറിവ് നേടിയതിന്റെ തെളിവായിരുന്നു. പ്രത്യേക അംഗീകാരവും അവർക്ക് ലഭിച്ചിരുന്നു. ഇന്ന് കാലം മാറിയതോടെ പഠനവും രീതിയും എല്ലാം മാറി. ഡിഗ്രി, പിജി എന്നിവയിൽ മാത്രമല്ല ഡോക്ടറേറ്റ് നേടുന്ന മേഖലയടക്കം ഇതുതന്നെയാണ് സ്ഥിതി. പണ്ട് എൻജിനീയറിങ്ങിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. തുടർന്ന് മുക്കിനു മുക്കിന് എൻജിനീയറിങ് കോളേജുകൾ  തുറന്നു. ഇന്ന് നടന്നു പോകുമ്പോൾ കൈമുട്ടിയാൽ അയാൾ ഒരു എഞ്ചിനീയർ ആയിരിക്കും എന്ന നിലയിലായി. പിന്നെ അതാ വരുന്നു LLB. കോളേജ് വിദ്യാഭ്യാസത്തെ തുടർന്ന് LLB ക്കു പോയവരെ  കൂടാതെ, ജോലിയിലി രിക്കെയും പെൻഷൻ ആയ ശേഷവും മറ്റും  ഈവനിംഗ് കോഴ്സിലൂടെ നിയമം പഠിച്ചവരുടെ എണ്ണവും കൂടി. നിയമബിരുദം ഇല്ലാത്തവരെ ഒന്ന് കാണാൻ തന്നെ വിഷമമാണ് എന്ന    ഘട്ടത്തിലെത്തിയിരിക്കുന്നു.     നിയമപരിജ്ഞാനം നോക്കിയാൽ വെറും   ബിരുദം മാത്രമേ ഇവർക്കുള്ളൂ എന്ന്    മനസ്സിലാകും. ഇന്ന് ഏകദേശം ആ    നിലയിലേക്ക് എത്തുകയാണ് PhD യും.   പണ്ട് ശരിയായ രീതിയിൽ ഒരു    വിഷയത്തിൽ പഠനം നടത്തി ആ    വിഷയത്തെക്കുറിച്ച് ആഴത്തിൽ   അറിഞ്ഞവർക്കു മാത്രമേ ഡോക്ടറേറ്റ്   ലഭിച്ചിരുന്നുള്ളൂ. അവരുടെ പ്രബന്ധം മറ്റു വിദ്യാർഥികൾക്ക് ആ വിഷയത്തിലുള്ള ഒരു വിജ്ഞാന കോശം തന്നെ ആയിരുന്നു. എന്നാൽ ഇതിൽ ഉണ്ടാകുന്ന പിഴവുകൾ ഇതുമായി ബന്ധപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് തെറ്റായ അറിവായിരിക്കും നൽകുക എന്നതിൽ സംശയമില്ല. വലിയ അറിവും കഴിവും ഒന്നുമില്ലെങ്കിലും പിഎച്ച്ഡിക്ക് നേതൃത്വംനൽകുന്ന ഗൈഡിനെയും   കുടുംബത്തെയും സന്തോഷിപ്പിച്ചാൽ പിന്നെ വലിയ ബുദ്ധിമുട്ട് കൂടാതെ ഡോക്ടറേറ്റ് നേടാം എന്നെല്ലാം നമ്മുടെ പാണന്മാർ പാടി നടക്കുന്നുണ്ട്. ഇന്നു നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ അത് ശരിയാണല്ലോ എന്നു സംശയിക്കുന്നതിൽ കുറ്റം പറയാൻ ആകുമോ?

 സത്യത്തിൽ എന്തിനാണ് ഈ PhD? ഒരു വ്യക്തിയുടെ ആ വിഷയത്തിലുള്ള ഗഹനമായ അറിവ് പ്രകടമാക്കുവാൻ ഡോക്ടറേറ്റ് ലൂടെ കഴിയുന്നു. കോളേജിൽ അധ്യാപകരായി ചേർന്ന് പ്രമോഷൻ കിട്ടാനും ഈPhD, MPhil ഒക്കെ ഇന്നു വേണം. വിദ്യാഭ്യാസരംഗത്ത് ശരിയായ രീതിയിൽ വിദ്യാർഥികളെ നയിക്കാൻ ഇത്തരം അറിവുകൾ വളരെ നല്ലതുതന്നെ. പക്ഷേ പല വിഷയങ്ങൾ പഠിച്ച് അതിൽ ഒന്നുമില്ലാത്ത ഒരു വിഷയത്തിൽ പി എച്ച് ഡി എടുത്താൽ എന്താണ് പ്രയോജനം? മനസ്സിലായില്ല അല്ലേ? ശരി. ഒന്നുകൂടി വിശദീകരിക്കാം. ഡിഗ്രിക്ക് ഞാൻ ഫിസിക്സ് എടുത്തു എന്ന് വിചാരിക്കുക, ഫസ്റ്റ് ക്ലാസിൽ പാസ് ആവുകയും ചെയ്തു. എങ്കിലും ഫിസിക്സ് പിജിക്ക് പ്രവേശനം കിട്ടിയില്ല. കാരണം എനിക്കു കിട്ടിയതിലും കൂടുതൽ മാർക്ക് നേടിയവർക്കാണ് എംഎസ്സിക്ക് പ്രവേശനം ലഭിച്ചത്. അത് ശരിയാണ് താനും. അപ്പോൾ ഞാൻ കരുതി ഇംഗ്ലീഷ് MA ക്കു ചേരാമെന്ന്. ഡിഗ്രിക്ക് ഇംഗ്ലീഷും കൂടി പഠിച്ചതുകൊണ്ട് എനിക്ക് അഡ്മിഷൻകിട്ടി. അതും ഫസ്റ്റ് ക്ലാസിൽ തന്നെ പാസായി എന്ന് കരുതുക. അപ്പോഴാണ് PhD കൂടി എടുത്താലോ എന്ന് തോന്നിയത്. അങ്ങനെ വിഷയങ്ങൾ തേടി നടന്ന ഞാൻ ഒടുവിൽ "സമൂഹവും സിനിമയും പരസ്പരപൂരകങ്ങൾ "എന്ന വിഷയത്തിൽ പിഎച്ച് നേടി. ഇനി പറയൂ, എനിക്ക് കോളേജിൽ അധ്യാപികയായി ജോലി കിട്ടിയാൽ എന്ത് വിഷയമാണ് ഞാൻ പഠിപ്പിക്കുക. വെറും മൂന്നു വർഷം മാത്രം ഫിസിക്സ് പഠിച്ചതിനാൽ അത് പഠിപ്പിക്കാൻ പറ്റുമോ? ഇല്ല എന്നത് സത്യമാണ്. അടിസ്ഥാനമായ വെറും ചെറിയ അറിവ് മാത്രമാണ് മൂന്നുവർഷത്തെ പഠനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുള്ളത്. കുട്ടികളെ ശരിയായി പഠിപ്പിക്കാനോ, അവരുടെ സംശയം തീർത്തു കൊടുക്കാനോ ഈ ചെറിയ അറിവിലൂടെ എനിക്ക് കഴിയില്ല എന്നത് പകൽപോലെ വ്യക്തം. ശരി, എന്നാൽ ഇനി ഇംഗ്ലീഷ് പഠനമായാലോ? ദയവായി ചിരിക്കരുത് എന്റെ ഇംഗ്ലീഷ്, ഗ്രാമർ രഹിതമായിരിക്കും. കാരണം പിജിക്ക് ഗ്രാമർ കാര്യമായെന്നും പഠിപ്പിക്കില്ല. പണ്ട് പ്രീഡിഗ്രിക്ക് ഗ്രാമർ ഒരു പേപ്പർ ആയിരുന്നു എങ്കിലും ഇന്ന് പ്രത്യേക പേപ്പർ ആയി ഗ്രാമർ പഠിപ്പിക്കുന്നില്ല. ഇന്നത്തെ കുട്ടികൾ ഇംഗ്ലീഷ് എഴുതുന്നതും പറയുന്നതും കാണുമ്പോൾ അത് മനസ്സിലാകും. ( "ഇംഗ്ലീഷ് ഭാഷയിൽ സ്പെല്ലിങ് ഗ്രാമറും ഇല്ലായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു "എന്ന തന്റെ ഇംഗ്ലീഷ് അധ്യാപകന്റെ തമാശ എന്റെ ഭർത്താവ് ഇടയ്ക്കിടെ പറയാറുണ്ട് ). അപ്പോൾ ഇംഗ്ലീഷും പറ്റില്ല. പിന്നെയുള്ളത് പി എച്ച് ഡി നേടിയ വിഷയമാണ്. അത് ആരെയാണ് പഠിപ്പിക്കേണ്ടത്? എവിടെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?

    അപ്പോൾ ഈ പി എച്ച് ഡി കൊണ്ട് എന്താണ്, ആർക്കാണ് പ്രയോജനം? വെറുതെ ഒരു അലങ്കാരത്തിന് കൊണ്ടുനടക്കാം അല്ലേ? ചിന്ത ജെറോമിന്റെ ഇഷ്യൂ വന്നതോടെ ഇപ്പോൾ പലരും തങ്ങളുടെ ഡോക്ടർ എന്ന ഡിഗ്രി നാണം കൊണ്ടും ചമ്മൽ കൊണ്ടും വെക്കാറില്ലത്രെ. മറ്റൊരു കാര്യം കൂടി പറയട്ടെ. ഫീസിടാക്കിയും    രാഷ്ട്രീയ സ്വാധീനത്തിലൂടെയും പി എച്ച് ഡി പ്രബന്ധം എഴുതിക്കൊടുക്കുവാൻ ആളുകളുണ്ട് എന്നും അറിയുന്നുണ്ട്. അപ്പോൾ  ഇങ്ങനെയെല്ലാം നേടുന്ന ഇതിന്എന്ത് വാല്യൂ ആണുള്ളത്? നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യ തകർച്ചയാണ് ഇത് കാണിക്കുന്നത്. തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതും കൂടി ആകട്ടെ അല്ലേ.

 യഥാർത്ഥത്തിൽ ഒരേ വിഷയത്തിൽ ഡിഗ്രിയും പിജിയും കഴിഞ്ഞവർ മാത്രമേഅതേ വിഷയത്തിൽ പി എച്ച് ഡി ക്കായി രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന നിയമം കൊണ്ടുവരണം. അപ്പോൾ മാത്രമേ ആ വിഷയത്തിൽ അവർക്കുള്ള ഗഹനമായ അറിവ് തിരിച്ചറിയൂ. അതുകൊണ്ട് മാത്രമേ പ്രയോജനവും ഉള്ളൂ. പി എച്ച് ഡി എന്നത് ഒരലങ്കാരമല്ല, അറിവിന്റെ തെളിവാണെന്ന് വിദ്യാഭ്യാസ വകുപ്പുകൾ തിരിച്ചറിയണം. അല്ലെങ്കിൽ തെറ്റിന്റെ കൂമ്പാരങ്ങൾ ആയി മാറുന്ന ഇത്തരം പ്രബന്ധങ്ങൾ ഏവരാലും തിരസ്കരിക്കപ്പെടും എന്നതിൽ സംശയമില്ല. 

  " വിദ്യാ പ്രശസ്യതെ ലോകേ, വിദ്യാ സർവ്വത്ര ഗൗരവ

 വിദ്യാ ലഭതേ സർവ്വ വിദ്വാൻ, സർവ്വത്ര പൂജ്യതേ"