Thursday, August 25, 2022

ബാല്യ വിവാഹവും മതാചാരങ്ങളും

 കഴിഞ്ഞ ദിവസം ഉണ്ടായ ഒരു കോടതി വിധി കേട്ട് ഞാൻ അന്തം വിട്ടിരിക്കുകയാണ്. 15 വയസ്സ് കഴിഞ്ഞ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വിവാഹം സാധു ആണെന്നും അവൾക്ക് ഭർത്താവിനൊപ്പം ജീവിക്കാം എന്നും ആയിരുന്നു കോടതി വിധി. അവൾക്ക് 18 വയസ്സായില്ല എന്ന് ചൂണ്ടിക്കാട്ടി അവളുടെ  വിവാഹത്തിന് എതിരെ അവളുടെ മാതാപിതാക്കൾ കൊടുത്ത പരാതിയിന്മേലായിരുന്നു ഈ വിധി. ഇനി 15 വയസ്സുകാരിയും ഗർഭിണിയുമായ ഈ കൊച്ചു പെൺകുട്ടിയുടെ വിവാഹം കോടതി അംഗീകരിച്ചതിനു കാരണം അറിയണ്ടേ? അതെ അവൾ മുസ്ലിം വിശ്വാസിയായിരുന്നു എന്നതാണ് അതിനു  കാരണം. മുസ്ലിം പെൺകുട്ടികൾക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാൽ - 16 വയസ്സായാൽ- അവർക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം എന്നാണ് Sir. Dinshah Fardunji Mulla യുടെ principles of Mohammedan Law യിലെ ആർട്ടിക്കിൾ 195 ൽ പറയുന്നത്. ഇതിന് മാതാപിതാക്കളുടെ സമ്മതവും ആവശ്യമില്ല.

     വളരെ മുമ്പ് ഭാരതത്തിൽ നിലനിന്നിരുന്ന ഒരു അനാചാരം ആയിരുന്നു ബാല്യവിവാഹം. സ്വ സമുദായത്തിൽ നിലനിന്ന മ്ലേച്ഛമായ ഈ പ്രവർത്തിയെ,ശക്തരായ സമുദായ നായകന്മാരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ തന്നെ എതിർത്തതോടെ ഇന്ന് ബാല്യവിവാഹം തീർത്തും അവസാനിച്ചു എന്ന് പറയാമെന്ന സ്ഥിതിയിലായി. ഇനി ആരെങ്കിലും ആ സാഹസത്തിനു മുതിർന്നാൽ അവർക്കെതിരെ കേസെടുക്കുവാനും ശിക്ഷ നടപ്പാക്കുവാനും ഉള്ള നിയമം ഇന്ന് നിലനിൽക്കുന്നുണ്ട്. ഇസ്ലാം മതം ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങളിലും,  വിവാഹം കഴിക്കാനുള്ള നിയമാനുസൃതമായ കുറഞ്ഞ പ്രായം എന്നത് പെൺകുട്ടികൾക്ക് 18 ഉം, ആൺകുട്ടികൾക്ക് 21 ഉം ആണ്. പെൺകുട്ടികളുടെ പ്രായം 18 ൽ നിന്നും 21 ആക്കണമെന്ന താല്പര്യം സർക്കാർതലത്തിൽ ഉയർന്നിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് എന്നാണ് കേട്ടത്. അപ്പോൾ എനിക്കൊരു സംശയം. മുസ്ലിം പെൺകുട്ടികൾ ഭാരതത്തിലെ "സ്ത്രീ" എന്ന വിഭാഗത്തിൽ പെടുന്നില്ലേ? അവരെ ശാക്തീകരിക്കേണ്ട ആവശ്യം ഈ രാജ്യത്തെ സർക്കാരിനില്ലേ? ഭാരതത്തിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മാറ്റി നിർത്തിക്കൊണ്ട് എന്ത്‌ സ്ത്രീ ശാക്തീകരണമാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? സ്ത്രീ ശാക്തീകരണത്തിൽ, ജാതി മതഭേദമന്യേ എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തേണ്ടതല്ലേ? മതാചാരങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ ശരിയാണോ? ഒരു സ്ത്രീ എന്ന നിലയിൽ ഇത് അംഗീകരിക്കാൻ എനിക്കാവില്ല.

                 പെൺകുട്ടികളുടെ ,അതു മുസ്ലീങ്ങളായാലും അമുസ്ലിങ്ങളായാലും, അവരുടെ മാനസിക ശാരീരിക വളർച്ചയിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക. മുസ്ലിം മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ആ പെൺകുട്ടികളുടെ ശാരീരികമായും മാനസികമായും ഉള്ള വളർച്ച വേഗത്തിലാകുമോ? ജാതി മതങ്ങൾ നോക്കിയാണോ കുട്ടികളുടെ വളർച്ച തീരുമാനിക്കേണ്ടത്? അങ്ങിനെയെങ്കിൽ അമുസ്ലിം പെൺകുട്ടികളെ അഞ്ചു വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ, മുസ്ലിം പെൺകുട്ടികളെ മൂന്നാം ക്ലാസിൽ ചേർക്കണം. കാരണം അവർ മറ്റു കുട്ടികളെക്കാൾ ശാരീരിക മാനസിക വളർച്ചയിൽ മൂന്ന് വർഷം മുമ്പിലല്ലേ?

      ഓരോ സമുദായത്തിന്റെയും വിവാഹ രീതികളും വിവാഹമോചനവും താല്പര്യമെങ്കിൽ അങ്ങിനെ തന്നെ തുടർന്നു പോകട്ടെ. പക്ഷേ കുഞ്ഞുങ്ങളുടെ വിവാഹത്തിലും മറ്റും ഒരു നിയന്ത്രണം സർക്കാർ ഏർപ്പെടുത്തേണ്ടതല്ലേ? ഏതു ജാതി മത വിഭാഗത്തിൽ പെട്ടാലും കുട്ടികൾ എന്നും കുട്ടികൾ തന്നെ. അവരുടെ ശാരീരിക മാനസിക വളർച്ച സാധാരണഗതിയിൽ ഒരുപോലെ ആയിരിക്കും. 15 വയസ്സ് എന്ന പ്രായം ഒരു  പെൺകുട്ടിയുടെ വിവാഹത്തിന് അനുയോജ്യമല്ല എങ്കിൽ അതേ പ്രായം മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കും അനുയോജ്യമല്ല. അവരുടെ ശരീര വളർച്ചയുടെ തുടക്കകാലമാണ് അത്. 15 വയസ്സ് എന്നത് ഗർഭിണിയാകാനും പ്രസവിക്കാനും യോജിച്ച പ്രായമാണെന്ന് ഒരു ഡോക്ടറും പറയില്ല. പഠിക്കേണ്ട, കളിക്കേണ്ട,പ്രായമാണത്. ജീവിതത്തിൽ നേരിടേണ്ട പ്രശ്നങ്ങളെ കുറിച്ചോ അതിന്റെ കാഠിന്യത്തെക്കുറിച്ചോ ഈ കൊച്ചു കുട്ടികൾക്ക് ഒരറിവും ഉണ്ടാവില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഈ കുട്ടികളെയാണോ വിവാഹ ജീവിതത്തിലേക്ക് തള്ളി ഇടേണ്ടത്. ഇവരുടെ ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് ഒപ്പമുള്ള ആരെങ്കിലും അന്നുണ്ടാകുമോ? ജീവിതം എന്തെന്നും അതെങ്ങനെ നയിക്കണം എന്നും ഈ കുട്ടികളെ ആദ്യം പഠിപ്പിക്കണം. അതിനുശേഷം വേണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ. ഇതൊന്നുമില്ലാതെ മതത്തിന്റെ പേരിൽ കൊച്ചു പെൺകുട്ടികളെ ബലിയാടാക്കുന്നതിനോട് എങ്ങനെ യോജിക്കാൻ കഴിയും? കോടതിയിൽ നിയമവും തെളിവും ഒക്കെ ആയിരിക്കും പ്രധാനം. പക്ഷേ കോടതി കണ്ണടയ്ക്കാൻ പാടില്ലാത്ത മറ്റു ചില സത്യങ്ങൾ കൂടിയുണ്ട്. കുട്ടികളെ കുട്ടികളായി മാത്രം കാണാൻ കോടതിക്ക് കഴിയണം. അത് ജാതിമതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്. അവർ വളർന്നു കഴിഞ്ഞാൽ 18 വയസ്സ് കഴിഞ്ഞാൽ പിന്നെ മതങ്ങൾക്ക് അനുസൃതമായി നീങ്ങിക്കോട്ടെ. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, അവർ ഏതു മതസ്ഥരായാലും, വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 തന്നെ ആക്കേണ്ടതാണ്. അതിനി 21 വയസ്സാക്കി ഉയർത്തുവാൻ ഉള്ള നീക്കവും നല്ലത് തന്നെ.

അതിനിടെ, രാജ്യം ഭരിക്കാനുള്ള തീരുമാനമെടുക്കാൻ 18 വയസ് മതി പക്ഷേ വിവാഹം കഴിക്കാൻ 21 ആക്കണോ എന്നൊരു അഭിപ്രായം കേട്ടു. രാജ്യം ഭരിക്കുന്നവരെ തിരഞ്ഞെടുക്കാൻ 18 മതി. കാരണം നിങ്ങളുടെ ശാരീരിക ആരോഗ്യവുമായി അതിന് ഒരു ബന്ധവുമില്ല. വോട്ട് ചെയ്യുന്നതോടുകൂടി നിങ്ങളുടെ ചുമതല തീർന്നു. എന്നാൽ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നത് അത്ര നിസ്സാരമല്ല. വിവാഹത്തിലൂടെ മാനസികമായും ശാരീരികമായും  വലിയ മാറ്റമാണ് ദമ്പതികളിൽ ഉണ്ടാകുന്നത്. ആ മാറ്റം ഉൾക്കൊള്ളാൻ പ്രായം ഒരു വലിയ ഘടകമാണ്. അതുകൊണ്ട് വിവാഹ പ്രായവും വോട്ട് രേഖപ്പെടുത്താനുള്ള പ്രായവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. വിവാഹത്തോടെ കുടുംബമായി തീരുന്ന ദമ്പതികൾക്ക് ഉത്തരവാദിത്വവും വർദ്ധിക്കുന്നു. അത് നേരിടാനുള്ള പക്വത, പ്രായത്തിലൂടെ അവർക്ക് ലഭിക്കും. 18 കഴിയുന്നതോടുകൂടി എല്ലാവർക്കും പക്വതയുണ്ടാകും എന്ന് പറയുവാൻ കഴിയില്ല. 30 കഴിഞ്ഞാലും പക്വത ഇല്ലാത്തവർ ഉണ്ടാകും. എങ്കിലും അത് ഉണ്ടാകാൻ പ്രായം ഒരു വലിയ ഘടകം തന്നെയാണ്.

 ബാല്യ കൗമാര വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ എല്ലാ മത വിഭാഗത്തിൽപ്പെട്ട ജനങ്ങളും മുന്നിട്ടിറങ്ങേണ്ടതാണ്. അതിലൂടെ മാത്രമേ ഇത്തരം അനാചാരങ്ങൾ നിർത്തലാക്കാൻ കഴിയൂ..

Friday, August 19, 2022

സ്ത്രീ സുരക്ഷയ്ക്കായി " നിർഭയം"

ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു പ്രത്യേക ആപ്പിനെ കുറിച്ചാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ചിരിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ആണ്" നിർഭയം ". പോലീസിന്റെ സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ നമുക്ക് ആരെയെങ്കിലും വിളിക്കാനോ പറയാനോ കഴിയാത്ത സാഹചര്യം ആണെങ്കിൽപ്പോലും   ഈ ആപ്പ് ഒരു അനുഗ്രഹം തന്നെയാണ് എന്നതിൽ സംശയമില്ല. സ്ത്രീ  സുരക്ഷയുമായി ബന്ധപ്പെട്ട്   പോലീസ് സഹായം ലഭ്യമാക്കുന്ന "നിർഭയം" പോലീസുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന് നിസ്സംശയം പറയാം.

     ഇനി ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക എന്ന് നോക്കാം. ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ അതിലെ പ്ലേസ്റ്റോർ എടുക്കുക. അതിൽ നിർഭയം-nirbhayam- എന്നെ ടൈപ്പ് ചെയ്യണം.  അപ്പോൾ ഈ ആപ്ലിക്കേഷന്റെ പേര് തെളിഞ്ഞുവരും. അത് ഡൗൺലോഡ് ചെയ്യുക. ഇനി ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.  ഡൗൺലോഡ് ചെയ്ത നിർഭയം ഓപ്പൺ ചെയ്യണം.  അപ്പോൾ പേര്, ഫോൺ നമ്പർ, ഈമെയിൽ ഐഡി, ജനനത്തീയതി തുടങ്ങിയവ പൂരിപ്പിക്കുക. അടുത്തത് പാസ്സ്‌വേർഡ് ഓപ്ഷൻ ആണ്. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് രണ്ട് പ്രാവശ്യം പൂരിപ്പിക്കണം. അത് കഴിയുമ്പോൾ നിങ്ങളുടെ ഫോണിലേക്കോ, ഇ-മെയിലിലേക്കോ ഒടിപി വരും. അതു കൂടി കൊടുക്കുക. നിങ്ങളുടെ" നിർഭയം" തയ്യാർ. നിങ്ങളുടെ അഡ്രസ് കൂടി കൊടുക്കാനുള്ള സൗകര്യമുണ്ട്. അവിടെ അഡ്രസ്സും  കൊടുക്കേണ്ടതാണ്.  ഇതുകൂടാതെ നിങ്ങളുടെ ബന്ധുക്കളുടെ ഫോൺ നമ്പർ, നിങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടി കൊടുക്കേണ്ട ഒരു ഓപ്ഷൻ ഉണ്ട്. അതും നൽകുക. കാരണം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ നിങ്ങളുടെ ബന്ധുക്കളെ കോൺടാക്ട് ചെയ്യാൻ പോലീസിന് ഈ നമ്പറുകൾ സഹായകമാകും.

    ഇനി നിങ്ങൾക്ക് സംസാരിക്കുവാനും, മെസ്സേജ് അയക്കുവാനും,ഫോട്ടോകൾ അയക്കുവാനും മറ്റുമുള്ള ഓപ്ഷനുകൾ ഈ ആപ്പിൽ കാണാം. അടിയന്തിരഘട്ടങ്ങളിൽ ഈ സൗകര്യങ്ങൾ ഉപയോഗിച്ച് പോലീസ് സഹായം തേടാവുന്നതാണ്. എന്നാൽ സംസാരിക്കാനും മെസ്സേജ് അയക്കാനോ ഫോട്ടോകൾ അയക്കുവാനും ഒന്നും പറ്റാത്ത സന്ദർഭത്തിൽ ചുവപ്പ് കളറിനു ള്ളിൽ കാണുന്ന help-hold press എന്ന ഭാഗത്ത് അമർത്തിപ്പിടിക്കുക. ഇങ്ങിനെ ചെയ്യുന്നതിലൂടെ നിങ്ങൾ അപകടത്തിൽ ആണെന്നും പോലീസ് സഹായം ആവശ്യമുണ്ടെന്നും ഉള്ള മെസ്സേജ് അടുത്ത പോലീസ് സ്റ്റേഷനിൽ ലഭ്യമാകും. ഉടൻതന്നെ ഫോണിന്റെ ലൊക്കേഷൻ എവിടെയാണോ അവിടെ പോലീസെത്തും. പോലീസ്, ഫോൺ ചെയ്യുകയോ നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയോ അല്ല ചെയ്യുന്നത്, നേരിട്ട് നിങ്ങളുടെ സമീപത്ത് എത്തുകയാണ് ചെയ്യുന്നത്. ഒപ്പം നിങ്ങൾ നൽകിയിരിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തിന്റെയും ഒക്കെ നമ്പറുകളിൽ ആവശ്യമെങ്കിൽ അവർ വിളിച്ച് വിവരം അറിയിക്കുകയും ചെയ്യും. ചുരുക്കത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് തോന്നൽ ഓരോ സ്ത്രീയിലും ഉണ്ടാക്കുകയും പോലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

     യാത്രയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല വീട്ടിൽ ഒറ്റപ്പെടുന്നസ്ത്രീകൾക്കും, വൃദ്ധർക്കും എല്ലാം "നിർഭയം "ഒരു അനുഗ്രഹം തന്നെയാണ്. സ്ത്രീകൾ മാത്രം ഒറ്റക്കാവുന്ന വീടുകളിൽ കള്ളന്മാരോ മറ്റ് ആക്രമികളോ കടന്നാൽ ഈ ആപ്ലിക്കേഷൻ വഴി പോലീസ് സഹായം വളരെ വേഗം അവർക്ക് ലഭ്യമാകും. അതുകൊണ്ടുതന്നെ കേരളത്തിലെ ഓരോ സ്ത്രീയും ഈ ആപ്ലിക്കേഷനുകൾ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്. മറ്റൊന്നു കൂടി പറയട്ടെ. നിങ്ങൾക്ക് അല്ലെങ്കിൽ കൂടി മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകടം പോലും ഈ ആപ്പിന്റെ സഹായത്താൽ പോലീസിനെ അറിയിക്കുവാനും അവർക്ക് സഹായം ലഭ്യമാക്കുവാനും നിങ്ങൾക്ക് സാധിക്കും. ഒരു സ്ത്രീ അപകടത്തിൽ പെടുന്ന   സ്ഥലത്തെ ഫോട്ടോകളും മറ്റും എടുത്ത് പോലീസിനെ ത്തിച്ചാൽ ആ സ്ഥലം എങ്ങനെയുണ്ട് എന്നറിഞ്ഞ് അതിനു പറ്റിയ സഹായം നൽകാൻ പോലീസിന് സാധിക്കും.വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ. വെറുതെ നിങ്ങൾ ഈ ആപ്പ് തുറന്ന് ഹെൽപ്പിൽ  പ്രസ്സ് ചെയ്യരുത്. കാരണം പോലീസ് നിങ്ങളുടെ സമീപത്തേക്ക് വളരെ വേഗം തന്നെ എത്തുമ്പോൾ നിങ്ങൾ  ഈ ആപ്പിന്റെ പ്രായോഗികത അറിയാനായി പ്രസ് ചെയ്തതാണ് എന്നു പറയുന്നത് പോലീസിനെ അപമാനിക്കലാണ്. ഇത് തുടർന്നാൽ പോലീസ് സംശയത്തോടെ ആവും ഓരോ മെസ്സേജും  സ്വീകരിക്കുക. അതുമൂലം ആവശ്യമുള്ള വ്യക്തിക്ക് സഹായം ലഭിക്കാൻ വൈകുകയും ചെയ്യും. അതുകൊണ്ട് അത്യാവശ്യം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഒരു രക്ഷാകവചമായാണ് ഈ ആപ്പിനെ കാണേണ്ടത്. ഇനി തെറ്റായ രീതിയിൽ ഈ ആപ്പിനെ  ചെയ്യുന്ന വ്യക്തികളിൽനിന്നും വലിയ ഒരു തുക തന്നെ ഫൈൻ ആയി ഈടാക്കാൻ പോലീസ് ശ്രദ്ധിക്കണം. അത്തരത്തിലുള്ള വ്യക്തികളോട് യാതൊരുവിധ അനുകമ്പയും കാട്ടരുത്. 

ആത്മരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും ഉതകുന്ന ഈ നിർഭയം എന്ന ആപ്ലിക്കേഷൻ കൂടുതൽ ജനകീയമായി തീരട്ടെ എന്ന ആശംസിക്കുന്നു. പോലീസിന്റെ ഈ പുതിയ സഹായഹസ്തത്തിന് സ്ത്രീകളുടെ ഒരു ബിഗ് സല്യൂട്ട🫡🫡

Thursday, August 11, 2022

പ്രണയവും കുറെ വിഡ്ഢികളും

 പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷേ പ്രണയിനികൾക്ക് കണ്ണും കാതും മാത്രമല്ല ബുദ്ധിയുമില്ല എന്നാണ് പല സംഭവങ്ങളും കാണിക്കുന്നത്.  ഇന്നിതാ  ഇതിനു തെളിവായി  മറ്റൊരു സംഭവവും പുറത്തുവന്നിരിക്കുന്നു. ആസാമിലെ ഒരു 18 കാരിയാണ് തന്റെ വെറും മൂന്നുവർഷത്തെ പ്രണയത്തിലെ ആത്മാർത്ഥത കാണിക്കാൻ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ചത്. ഇതിനെ ഭൂലോക വിഡ്ഢിത്തം എന്നല്ലാതെ( ഈ വിഡ്ഢിത്തത്തിന് അതിലും വലിയ ഒരു വാക്ക് എനിക്ക് കിട്ടുന്നില്ല) എന്താണ് പറയേണ്ടത്? 15 വയസ്സിൽ ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയമാണത്രേ മൂന്നുവർഷംകൊണ്ട് വളർന്ന് പടർന്ന് പന്തലിച്ചത്. ഇതിനിടെ പലതവണ ഇവർ ഒളിച്ചോടി എന്നും അപ്പോഴെല്ലാം വീട്ടുകാർ പിടിച്ച് തിരിച്ചു കൊണ്ടുവന്നു എന്നും പറയുന്നു. ഒടുവിൽ തന്റെ പ്രണയത്തിന്റെ ശക്തി തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം എടുത്ത് സ്വന്തം ശരീരത്തിൽ കുത്തിവെച്ചു. ഈ രോഗം എന്താണെന്നോ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവൾക്കറിയില്ല എന്നത്ഉ റപ്പാണ്. അയാൾ അത് പറഞ്ഞു കൊടുത്തിട്ടും ഉണ്ടാവില്ല. എന്തായാലും പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കാണുമ്പോൾ ഇവർക്കെന്താ ബുദ്ധിയും വിവേകം ഒന്നും ഇല്ലേ എന്ന് തന്നെ തോന്നും. സിനിമാതാരങ്ങളായ ചില പെൺകുട്ടികൾ പോലും പ്രണയത്തിന്റെ തീവ്രത കാണിക്കുവാനായി തന്റെ കാമുകന്റെ പേരിലെ ആദ്യ അക്ഷരവും ചുരുക്ക പേരും മറ്റും ടാറ്റൂ ചെയ്തു എന്നും ഒടുവിൽ രണ്ടുംകൂടി പിണങ്ങി പിരിഞ്ഞു കഴിയുമ്പോൾ ആ ടാറ്റു മായിക്കാൻ കഴിയാതെ അത് വീണ്ടും ടാറ്റൂ ചെയ്ത് ഇലയും പൂവും ഒക്കെ ആക്കി എന്നും കേട്ടിട്ടുണ്ട്. എന്തായാലും ഇനി സ്വന്തം ഭർത്താവിന്റെ പേര് പോലും അവർ ടാറ്റു ചെയ്യില്ല എന്ന് ഉറപ്പാണ്.

          ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമുഖനായ യുവാവിനെ തേടി അറിയാത്ത അന്യ നാട്ടിൽ എത്തുന്ന 15 കാരികൾ കാണുന്നത് 70 കഴിഞ്ഞ വൃദ്ധനെ ആയിരിക്കും. അപ്പോഴാണ് അവർക്ക് ബോധം ഉദിക്കുന്നത്. ഒടുവിൽ പോലീസ് സഹായത്തോടുകൂടി തിരിച്ച് വീട്ടിലേക്ക് പോകുന്നു. ഇത് കൗമാരക്കാരികൾ ആണെങ്കിൽ വിവാഹം കഴിഞ്ഞ് കുട്ടികളുമായവർ വരെ തന്റെ ബന്ധുക്കളെയും സ്വന്തക്കാരെയും എല്ലാം ഉപേക്ഷിച്ച് താൻ ഇന്നുവരെ കാണാത്ത ഒരുവനോടൊപ്പം ഒളിച്ചോടുവാൻ അല്പവും വിഷമമില്ല. തന്റെ ഭാവിയെ കുറിച്ചോ കുട്ടികളുടെ ഭാവിയെ കുറിച്ചോ ഇവർ അല്പം പോലും ചിന്തിക്കുന്നില്ല എന്നത് തീർച്ചയാണ്. ഇവരുടെ ജീവിതത്തിൽ ഇവർ പ്രതീക്ഷിക്കുന്നത് ഒന്നും ഇവർക്ക്   കിട്ടുകയുമില്ല. അക്കരപ്പച്ച തേടി പോകുന്ന ഇവർ കോളേജ് വിദ്യാഭ്യാസം പോലും ലഭിച്ചവരായിരിക്കും. അതായത് വിദ്യാഭ്യാസമില്ലായ്മയാണ് ഇതിന്റെ കാരണം എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.

     ഇതെല്ലാം സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യം. ഇനി പുരുഷന്മാർ ആണെങ്കിൽ തന്റെ പ്രണയ അഭ്യർത്ഥന നിരസിച്ചാൽ പെരുമാറുന്നത് ക്രൂരമായരീതിയിലാണ്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചാണ് തന്റെ പക തീർക്കുന്നത്. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്നാണ് അവരുടെ മനോഭാവം. ഇവരും കോളേജ് വിദ്യാർത്ഥികളോ തൊഴിൽ തേടി നടക്കുന്നവരോ ഒക്കെയാകാം. എന്തുകൊണ്ടാണ് ഇവരെല്ലാം ഇ ങ്ങനെ പെരുമാറുന്നത്? എന്തുകൊണ്ടാണ് ഇവരുടെ ബുദ്ധി തിരിഞ്ഞു പോയത്? തന്നെ പോലെയാണ് മറ്റുള്ളവരും എന്ന ചിന്ത എന്തുകൊണ്ടാണ് ഇവരിൽ ഉണ്ടാകാത്തത്? ഇവിടെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപചയം നമ്മൾ തിരിച്ചറിയേണ്ടത്.

 പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ വിഡ്ഢിത്തങ്ങൾ കാണുമ്പോൾ ആദ്യം പ്രണയം എന്നാൽ എന്താണെന്ന് ഇവരെ പഠിപ്പിക്കേണ്ടതാണ് തോന്നും. പ്രണയം എന്ന മനോഹരമായ, ധന്യമായ, വികാരം ഹൃദയശുദ്ധിയുള്ളവരുടെ മനസ്സിൽ മാത്രം  പൂവിടുന്നതാണ്. അവിടെ പകയോ ക്രൂരതയോ ഒളിച്ചോടല്ലോ ഒന്നുമില്ല. കാമുകീ കാമുകന്മാരിൽ മാത്രമല്ല നല്ല ഭാര്യാഭത്തൃബന്ധത്തിലും പ്രണയം ഉണ്ടായിരിക്കും. അത് നമ്മൾ സാധാരണ കരുതുന്നതുപോലെ മരം ചുറ്റിയുള്ള ഓട്ടമോ, ഒരാൾ പറയുന്നതെല്ലാം      മറ്റൊരാൾ അനുസരിക്കലോ,വിലകൂടിയ   സമ്മാനങ്ങൾ വാങ്ങി കൊടുക്കലോ   ഒന്നുമല്ല. ഇതിലൊക്കെ അതീതമാണ്   സുന്ദരമായ പ്രണയം. ഹൃദയം   കൊണ്ടുള്ള ഒരു ഒന്നാകലാണിത്.                        

      പ്രണയത്തെ കുറിച്ച് കുട്ടികൾ പഠിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. അച്ഛനെയും അമ്മയുടെയും സ്നേഹം  കുട്ടികൾക്ക് മാർഗദർശനം     ആവണം. അങ്ങനെയുള്ള കുട്ടികൾ പ്രണയത്തിന്റെ പേരിൽ വഴിതെറ്റി പോവുകയില്ല. കുട്ടികൾ ജീവിതത്തിൽ ഇങ്ങനെ വഴിതെറ്റുന്നതിന് അവരുടെ കുടുംബജീവിതം ഒരു പ്രധാന കാരണമാണ് എന്ന് അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും മാത്രമല്ല മുത്തശ്ശന്മാരും മുത്തശ്ശിമാരും  അച്ഛന്റെ സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയുള്ള ഒരു കുടുംബത്തിൽ ഇങ്ങനെ തെറ്റായ രീതിയിൽ തിരിഞ്ഞു പോകുന്ന കുട്ടികൾ വളരെ കുറവായിരിക്കും. അവരുടെയൊക്കെ നിയന്ത്രണം കുട്ടികളിലും വലിയ ആത്മനിയന്ത്രണം ഉണ്ടാക്കും. ഇന്ന് കുട്ടികൾക്ക് അച്ഛനോടും അമ്മയോടും മാത്രം ഉത്തരം പറഞ്ഞാൽ മതി. മറ്റുള്ള ബന്ധുക്കൾ എല്ലാം   അവർക്ക് അന്യരാണ്. തിരക്കിൽ നിന്നും തിരക്കിലോട്ടു ഓടുന്ന   മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനോ അവരുടെ സുഹൃത്തുക്കൾ ആരെന്ന് അറിയാനോ, എന്തിന് തന്റെ കുട്ടികളെ തന്നെ മനസ്സിലാക്കാൻ സമയം കിട്ടുന്നില്ല. പണം. പണം സമ്പാദിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പണം നേടിയാൽ എല്ലാം ആയി എന്നാണ് അവരുടെ വിശ്വാസം. ഇതിനിടെ തങ്ങളുടെ കുട്ടികൾ മയക്കുമരുന്നിനും വ്യാജ പ്രണയങ്ങൾക്കും അടിമകൾ ആകുന്നത് ഇവർ അറിയുന്നില്ല. അറിയുമ്പോഴേക്കും തിരുത്തുവാൻ സാധിക്കാത്ത വിധത്തിൽ അവർ കെണിയിൽ പെട്ടിട്ടുണ്ടാകും. ഇനിയെങ്കിലും കുടുംബത്തിന്റെ പ്രാധാന്യം അറിയാനും അതു മനസ്സിലാക്കി ജീവിക്കാനും യുവതലമുറയ്ക്ക് കഴിയട്ടെ

Wednesday, August 3, 2022

സ്ത്രീ പുരുഷ സമത്വവും പാൻസും

ആൺപെൺ ഭേദമെന്യേ ഒരേ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്ന രീതിയെ പലരും അംഗീകരിച്ചും വിമർശിച്ചും എഴുതി കണ്ടു.ചിലരുടെ വിമർശനങ്ങളെ അവരുടെ ജാതിമത ആംഗിളിൽ കൂടി കാണാനും അംഗീകരിച്ചവരെ,അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കൂടി കാണാനും ആണ് പലപ്പോഴും ആളുകൾ ശ്രമിച്ചത്. പണ്ട് നാട്ടിൻപുറങ്ങളിലെ സ്കൂളുകളിൽ ഒന്നും യൂണിഫോം ഉണ്ടായിരുന്നില്ല. ഇന്നും ഗ്രാമങ്ങളിലെ പല സ്കൂളുകളിലും യൂണിഫോം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാറില്ല എന്നതാണ് വാസ്തവം. ധനികരായ കുട്ടികളുടെ വേഷഭൂഷാദികൾ കണ്ട് നിർധനരായ കുട്ടികളിൽ അപകർഷതാബോധം ഉണ്ടാകാതെ നിയന്ത്രിക്കാനാണ് ഒരു സ്കൂളിൽ ഒരേ വേഷം എന്ന യൂണിഫോം രീതി നടപ്പാക്കിയത്. ഈ ഒരു പോലെയുള്ള വേഷത്തിലൂടെ കുട്ടികളുടെ സാമ്പത്തിക സ്ഥിതിയോ സാമൂഹ്യ സ്ഥിതിയോ ആരും തിരിച്ചറിയില്ല. വിദ്യാലയത്തിൽ ഏവരും ഒന്നുപോലെ എന്ന കാഴ്ചപ്പാട് കൊണ്ടുവരാൻ ഇത്തരം യൂണിഫോമുകൾക്ക് കഴിയുന്നുമുണ്ട്.

           ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും   ഒരേ വേഷം എന്നല്ല യൂണിഫോം കൊണ്ട് നടപ്പാക്കേണ്ടത് എന്നാണ് ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും എന്റെ അഭിപ്രായം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. അവരുടെ ശാരീരിക ആവശ്യങ്ങളും ശാരീരിക മാറ്റങ്ങളും വളർച്ചകളും വ്യത്യാസമുള്ളതാണ്. അതുകൊണ്ടുതന്നെ രണ്ടുപേർക്കും ഒരേ യൂണിഫോം എന്നതിനെ അംഗീകരിക്കാൻ കഴിയില്ല. ചെറിയ കുട്ടികളിൽ ഒരു നാലാം ക്ലാസ് വരെ ഇത്തരം ഒരേ വേഷം ഒരുപക്ഷേ വലിയ പ്രശ്നമാകില്ല. എന്നാൽ 10- 12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികൾ പുഷ്പിണികൾ ആകുന്ന തോടുകൂടി  അവരിൽ ഉണ്ടാകുന്ന ശാരീരിക മാറ്റം വളരെ പെട്ടെന്നായിരിക്കും. മാനസികമായും ശാരീരികമായും അവർ വളരുന്നു. ചിലപ്പോൾ അവരിലെ വളർച്ച അവർക്ക് സ്വയം അംഗീകരിക്കാൻ കഴിഞ്ഞു എന്നുവരില്ല. പ്രത്യേകിച്ചും വണ്ണമുള്ള പെൺകുട്ടികളിൽ. ഇത്തരത്തിലുള്ള കുട്ടികൾ ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക പീഡനം വളരെ വലുതാണ്. സ്വന്തം ശരീര ഭാഗങ്ങൾ ഷർട്ടിലും പാ       ൻസിലും ഒതുങ്ങുന്നില്ല എന്നും മറ്റുള്ളവർ തന്റെ ശരീരത്തിലെ ചില ഭാഗങ്ങളിലേക്ക് ശ്രദ്ധിച്ചു നോക്കുന്നു എന്നുമുള്ള ചിന്ത അവരുടെ ആത്മധൈര്യം കെടുത്തും. തന്റെ ശരീരത്തോട് പോലും ചിലപ്പോൾ കുട്ടികൾക്ക് വെറുപ്പ് തോന്നും. ഭാവിയിലെ മനസ്സുറപ്പിനെ ഇത് തീർച്ചയായും ബാധിക്കും എന്നതിൽ സംശയമില്ല. ഒരു സ്ട്രോങ്ങ് പേഴ്സൺ- അത് ശാരീരികമായാലും മാനസികമായാലും - ആയിത്തീരുവാനുള്ള ആ പെൺകുട്ടിയുടെ ആഗ്രഹത്തിന് ഉണ്ടാകുന്ന ആദ്യത്തെ ആഘാതം ആയിരിക്കും ഇത്. ഇതിൽ അധികമാണ് അവരുടെ യാത്രകൾ. ബസ്സിലേക്ക് ഒന്ന് ഓടിക്കയറാനോ( എല്ലാവരും സ്കൂൾ ബസ്സിൽ അല്ലല്ലോ വരുന്നത്)മന സമാധാനത്തോടെ യാത്ര ചെയ്യാനോ അവർക്ക് പറ്റില്ല. എല്ലാവിധത്തിലും ശരീരം മറച്ച് യാത്ര ചെയ്യുമ്പോഴും പൂവാലശല്യം സഹിക്കാൻ വയ്യ എന്ന് പറയുന്നവർ ഈ കുട്ടികളുടെ അവസ്ഥ കൂടി ഒന്ന് ഓർക്കണം.  സ്വന്തം സ്കൂളിലായാലും,ശാരീരിക മാറ്റം വെച്ച് മറ്റുള്ളവർ കളിയാക്കുമ്പോൾ ചൂളി പോവുക സ്വാഭാവികമാണ്.

         ഞാനീ പറഞ്ഞതിന്റെ അർത്ഥം സ്കൂളിൽ ദാവണി ധരിച്ചു പോകണം എന്നൊന്നുമല്ല. പക്ഷേ മറക്കേണ്ട ഭാഗങ്ങൾ വേണ്ടവിധത്തിൽ മറയ്ക്കുന്ന യൂണിഫോം ആണ് കുട്ടികൾക്ക് നല്ലത്. വസ്ത്രം അവർക്ക് ഒരു ബാധ്യത ആ കരുത്. അതൊരു സംരക്ഷണമായിരിക്കണം. പെൺകുട്ടികൾക്ക് യൂണിഫോമായി പാവാട ധരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അവർക്ക് സാൽവാർ- കമ്മീസ് - ദുപ്പട്ട അല്ലെങ്കിൽ ഓവർ കോട്ട് എന്നിവ ധരിക്കാം. ഇപ്പോൾ കണ്ടുവരുന്ന പലാസോയും വളരെ നല്ലതാണ്. ആ വേഷത്തിൽ കുട്ടികൾക്ക് കൂടുതൽ ഫ്രീയായി ഓടിച്ചാടി നടക്കാം.

          ഇനി മറ്റൊന്നു കൂടി പറയട്ടെ. ഇറക്കിയ വസ്ത്രങ്ങൾ,അത് ആൺകുട്ടികളുടെതായാലും പെൺകുട്ടികളുടേതായാലും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വളർച്ചയുടെ ഈ സമയത്ത് അയവുള്ള കോട്ടൻ വസ്ത്രങ്ങളാണ്  ഇവർക്ക്‌ അനുയോജ്യം. കാരണം ശരീരം കൗമാരത്തിലേക്കും യൗവനത്തിലേക്കും കാൽ വയ്ക്കുമ്പോൾ ഭാവിയിൽ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് യോജിച്ചതായിരിക്കണം അവരുടെ വസ്ത്രം ധാരണം. കുട്ടികൾ യൂണിഫോം ധരിച്ചിരിക്കുന്ന സമയം വളരെ കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഇറുക്കിയ വസ്ത്രം ആരോഗ്യത്തിന് ഒട്ടും 

 അനുയോജ്യമല്ല.

                  സമത്വം കൊണ്ടുവരാനാണ് ഒരേ രീതിയിലുള്ള യൂണിഫോം നടപ്പാക്കുന്നത് എന്ന് ഇതിനിടെ പറയുന്നതു കേട്ടു. പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷം കെട്ടിച്ചാണോ സ്ത്രീപുരുഷ സമത്വം ഉണ്ടാക്കേണ്ടത്? പെൺകുട്ടികൾ പാ ൻസും ഷർട്ടും ഇട്ടാൽ തീരുന്നതാണോ ഇവിടുത്തെ പ്രശ്നം? സ്ത്രീയെ സ്ത്രീയായി കാണാനും ബഹുമാനിക്കാനും കഴിയണം.  അല്ലാതെ പുരുഷവേഷം കെട്ടിയാൽ തുല്യത നേടിയെന്നും ഇനി തന്നോടും പുരുഷന്മാരെ പോലെ പെരുമാറും എന്നും എല്ലാം ചിന്തിക്കുന്നത്എത്ര വിവരമില്ലായ്മയാണ്.

         താൻ ഒരു സ്ത്രീ ആയതിൽ ഓരോ സ്ത്രീയും അഭിമാനിക്കണം. തന്റെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്ന ഒരു അമ്മയ്ക്ക് മാത്രമേ തന്റെ മകൾക്ക് ആ അഭിമാനം പകർന്നു കൊടുക്കാൻ കഴിയുകയുള്ളൂ. അപ്പോൾ മാത്രമേ തലയുയർത്തി" ഞാൻ സ്ത്രീയാണെന്ന്" പറയാൻ ആ മകൾക്ക് കഴിയുകയുള്ളൂ. പുരുഷ വേഷം കെട്ടി പൗരുഷം കാണിക്കുവാനുള്ള ഈ ശ്രമം സ്ത്രീത്വം ആസ്വദിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. സ്ത്രീയായതിൽ എന്തിനാണ് ലജ്ജ? എന്തിനാണ് വെറുപ്പ്? സ്ത്രീ ആയതുകൊണ്ട് അവൾ ആരിലും പിറകിലില്ല. ഒന്നിലും പിന്നോട്ടുമല്ല. പുരുഷൻ ആണെന്ന് കരുതി അയാൾ എല്ലാം തികഞ്ഞവനാണെന്ന് ആരെങ്കിലും കരുതുമോ?ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ചു പറയാം. നമ്മുടെ ചുറ്റിലും നോക്കിയാൽ സ്ത്രീകളിലെ കഴിവ് ഒരു പ്രയാസവുമില്ലാതെ തിരിച്ചറിയാൻ നമുക്ക് കഴിയും. അതുകൊണ്ട് കുതിരയെ വേഷം കെട്ടിച്ച് കഴുതയാക്കണോ? കുട്ടികൾ പ്രത്യേകിച്ചും പെൺകുട്ടികൾ  അവരുടെ ശരീരത്തിന് യോജിക്കുന്ന വേഷം ധരിക്കുന്നതാണ് എപ്പോഴും നല്ലത്.

    അതിനിടെ നമ്മുടെ പോലീസുകാർ സാൽവാർ -കമ്മീസ് മാറ്റി പാൻസും ഷ  ർട്ടും ധരിച്ചില്ലേ എന്നൊരു ടിവി ചർച്ചയിൽ പറയുന്നത് കേട്ടു . കൊള്ളാം. ആദ്യം ആ പോലീസുകാരോട് ചോദിച്ചു നോക്കൂ ആ വേഷം എത്രത്തോളം ഇഷ്ടമാണെന്ന്. മെലിഞ്ഞവർക്ക് വലിയ കുഴപ്പമില്ല.  പക്ഷേ വിവാഹം കഴിഞ്ഞ് ഗർഭകാലവും ഒക്കെ ആകുമ്പോൾ പാൻസിൽ കുടുങ്ങിപ്പോകുന്ന ആ സ്ത്രീയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ. പരിതാപകരമാണ്. പ്രസവം കഴിഞ്ഞാൽ മിക്കവരും വണ്ണം വയ്ക്കും. വണ്ണം കുറയ്ക്കുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് പറയാതെ തന്നെ നമുക്കറിയാം. അങ്ങനെയുള്ള ഈ ശരീ രം പാൻസിലും ഷർട്ടിലും ഇട്ടു മുറുക്കി നടക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നും. ഇവരോട് എങ്ങാൻ കള്ളനെ ഓടിച്ചിട്ട് പിടിക്കാൻ പറഞ്ഞാൽ, ഓടുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന ഇളക്കം ഓർത്ത്അത് ആരെങ്കിലും കണ്ടാലോ എന്നെല്ലാം ഓർത്ത്  അവർക്ക് ഓടാൻ പോയിട്ട് നടക്കാൻ പോലും പറ്റില്ല.

  പക്ഷേ ലൂസ് ആയിട്ടുള്ള വേഷമായിരുന്നു എങ്കിൽ അത്തരം മനസ്സുകൊണ്ടുള്ള പിന്തിരിയൽ ഉണ്ടാവില്ല. നിറം ഒന്നായിക്കോട്ടെ.പക്ഷേ ശരീരത്തിന് അനുസൃതമായിരിക്കണം വേഷം. രണ്ടോ മൂന്നോ ഓപ്ഷൻ വച്ചിട്ട്   അവർ അതിൽ നിന്നും    തിരഞ്ഞെടുക്കട്ടെ. യൂണിഫോം എന്നത്   നിർബന്ധിച്ചുള്ള അടിച്ചേൽപ്പിക്കൽ   ആവരുത്. അത് സ്കൂളിൽ  ആയാലും   സർവീസിൽ ആയാലും. നമുക്ക് സ്വയം   അഭിമാനം തോന്നുന്ന, സൗകര്യപ്രദം    ആര്‍ന്ന, വേഷം തിരഞ്ഞെടുക്കാൻ    അവസരം ഉണ്ടാകുമ്പോഴാണ് തുല്യത     ഉണ്ടാകുന്നത്. അല്ലാതെ പുരുഷ വേഷം   ധരിക്കുമ്പോൾ അല്ല.                              

 അപ്പോൾ വീണ്ടും കാണാം...അടുത്തൊരു വിഷയവുമായി...