Wednesday, September 28, 2022

ഹർത്താലിൽ നിന്നും ഒരു മോചനം എന്ന്?

       ഹർത്താലിന്റെ ചുറ്റി വരിയലിൽപ്പെട്ട് നട്ടം തിരിയുകയാണ് മലയാളികൾ. മറ്റൊരു സംസ്ഥാനത്തെയും ഹർത്താൽ എന്ന മാരണം ഇത്രമാത്രം കീഴ്പ്പെടുത്തിയിട്ടില്ല. അങ്ങിനെ മനസ്സു തകർന്ന്‌ പ്രതീക്ഷയറ്റു നിൽക്കുന്ന മലയാളിക്ക് വലിയൊരു ആശ്വാസമാവുകയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ദേശീയ വിരുദ്ധ പ്രവർത്തനം നടത്തിയ പിഎഫ്ഐ പ്രവർത്തകരെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ്പോപ്പുലർ ഫ്രണ്ട്, അടുത്ത ദിവസമായ സെപ്റ്റംബർ 23ന്    ഹർത്താൽ പ്രഖ്യാപിച്ചത്. കടകൾ അടയ്ക്കാത്ത വരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു കൂടാതെ, കെഎസ്ആർടിസി ബസുകൾ തല്ലിത്തകർത്ത് വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.

                  ഹർത്താൽ നടത്തുന്നതിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അതിനെ അവഗണിച്ചുകൊണ്ട് പെട്ടെന്നുള്ള ഹർത്താൽ പ്രഖ്യാപനം ഉണ്ടായതും ഒപ്പം ആക്രമണങ്ങൾ ഉണ്ടായതും. ഇത് കണ്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താലിൽ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ആരുടെ ഹർത്താൽ ആയാലും പ്രക്ഷോഭം ആയാലും ആദ്യം ഏറു കൊള്ളുക കെഎസ്ആർടിസിക്കാണ്. ബസ്സിന്  ക ല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയാലേ ഹർത്താൽ വിജയിക്കൂ എന്നാണ് അവർ കരുതുന്നത്. ബസ് ഓടിക്കാതെയും കടകൾ തുറക്കാതെയും ഇരുന്നാലല്ലേ ഹർത്താൽ അനുകൂലികൾക്ക് സമാധാനമാകൂ.കെഎസ്ആർടിസി ആണെങ്കിൽ ഇപ്പോൾആകെ നഷ്ടത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അപ്പഴാണ് ഹർത്താലിന്റെ ഹരത്തിൽ,ഉള്ള വണ്ടികളുടെ ഗ്ലാസ്സും,സീറ്റും മറ്റും നശിപ്പിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണം. ഹർത്താലിന് സ്വന്തം വീട്ടിൽ നിന്നും എത്തിയതും,നാളെ എല്ലായിടത്തും പോകേണ്ടതും ഇതേ കെഎസ്ആർടിസി ബസ്സിലാണെന്ന് കാര്യം ഇവർ     മറന്നുപോകുന്നു.   ആക്രമണത്തിനെതിരെ സ്വമേധയാ    കേസെടുത്ത കോടതി,     സംസ്ഥാനത്തിനുണ്ടായ    നഷ്ടത്തെക്കുറിച്ച് സർക്കാറിനോട്  ചോദിച്ചിരുന്നു. ഉണ്ടായ നഷ്ടങ്ങൾക്കുള്ള പരിഹാരം, ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നും   ഈടാക്കണമെന്നും കോടതി വ്യക്തമാക്കി

 തുടർന്നാണ് ഇതിൽ കക്ഷി ചേരാനായി കെഎസ്ആർടിസി ശ്രമിച്ചത്. 5.06 കോടി രൂപയാണ് നഷ്ടപരിഹാരമായി പോപ്പുലർ ഫ്രണ്ടിൽനിന്നും കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. ഈ തുക ബസ് ആക്രമിച്ച വ്യക്തികളെ കണ്ടെത്തി അവരുടെ സ്വത്തുവകകളിൽ നിന്നും ഈടാക്കണം.  അതില്ലാത്തവരാണെങ്കിൽ ആ വ്യക്തികൾ ഏതു പാർട്ടിയിൽ പെട്ടവരാണെന്ന് നോക്കി ആ പാർട്ടിയിൽ നിന്നും ഈടാക്കണം. ആർക്കുവേണ്ടിയാണോ ആക്രമണം നടത്തുന്നത് അവർ ഇതിനുത്തരവാദികളാണ്. ആക്രമണം നടത്താൻ തങ്ങൾ പറഞ്ഞില്ല എന്ന് പറഞ്ഞ് കയ്യൊഴിയാൻ ഒരു സംഘടനയെയും അനുവദിക്കരുത്. തനിക്കെതിരെ പോലീസ് നടപടികൾ ഉണ്ടാകുമെന്നും, തന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും അറിഞ്ഞാൽ അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ വ്യക്തികൾ മടിക്കും. പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരക്കാരെ കണ്ടെത്തി അവർക്ക് ഭാവിയിൽ ജോലിക്ക് അപേക്ഷിക്കുവാനോ, ബസ് യാത്ര നടത്താനോ കഴിയാത്ത രീതിയിൽ കർശന നടപടികൾ സ്വീകരിക്കണം. ഇതിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു സംഘടനയ്ക്കും ഇളവ് നൽകരുത്. ഇവിടെ ജീവിക്കാനും സഞ്ചരിക്കാനും ഉള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. ഏതെങ്കിലും പാർട്ടിക്കോ സംഘടനകൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക്‌ നിയമമനുസരിച്ച് ഉള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാം. അല്ലാതെ സംസ്ഥാന മൊട്ടാകെ അവരുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയില്ല. കട തുറക്കണോ വേണ്ടയോ എന്നത് ഉടമ തീരുമാനിക്കേണ്ട കാര്യമാണ്. ഒരു പാർട്ടിയുടെയും സംഘടനയുടെയും നിർദ്ദേശം അനുസരിക്കേണ്ട ആവശ്യം അവർക്കില്ല.

                 പൊതു വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ഇത്തരം ഹർത്താൽ ആക്രമികൾ നടത്തുന്ന കയ്യേറ്റം വളരെ ഹീനമാണ്. പാർട്ടിയുടെയും സംഘടനകളുടെയും സ്വകാര്യ താൽപര്യത്തെ മാത്രം മുൻനിർത്തി നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കേണ്ടത് പൊതുജനങ്ങളാണ്. എന്തിന്റെ പേരിലായാലും സംസ്ഥാനത്തെ പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ഒരു ദേശസ്നേഹവും ഇല്ലെന്ന് പറയേണ്ടിവരും. അത് സത്യവുമാണ്. നമ്മുടെ നാടിനോട് സ്നേഹമുള്ള ഒരാൾക്കും നന്ദിയില്ലാത്ത,അപമാനകരമായ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ല.

           എന്തായാലും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിൽ തർക്കമില്ല. ഹർത്താലുകൾക്കെതിരെയുള്ള ജനരോഷം മെല്ലെ ഉയരുമ്പോഴാണ് ജസ്റ്റിസിന്റെ  ഈ നിർദ്ദേശം. ഇതോടുകൂടി കേരളത്തിൽ ഒരു വലിയ മാറ്റം തന്നെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഇതിനെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർക്കും സംഘടനാ നേതൃത്വങ്ങൾക്കും   കഴിയുമെന്നു തോന്നുന്നില്ല. വേണ്ട. പൊതുജനങ്ങൾ ഒന്നിച്ച് നിന്നാൽ പിന്നെ അവർക്ക് എന്ത് ചെയ്യാനാകും?

   ഇത്തരം നഷ്ടപരിഹാരം നൽകുവാൻ പിരിവനായി പാർട്ടികളും സംഘടനകളും പൊതുജനങ്ങളെ സമീപിക്കേണ്ട. ഓരോ പാർട്ടികളും അവരുടെ സ്വന്തം ചെലവിൽ നഷ്ടപരിഹാരം നൽകുകയും പാർട്ടി പ്രവർത്തനം നടത്തുകയും വേണം. അതിന് പൊതുജനങ്ങളെ പിഴിയേണ്ട. ആരും സന്തോഷമായി അല്ല  പിരിവ് നൽകുന്നത്. പാർട്ടിയെ ഭയന്നും പിരിവിനു വരുന്നവരെ ഓർത്തുമാണ് ചെറിയ തുകകൾ എങ്കിലും നൽകുവാൻ അവർ നിർബന്ധിതരാകുന്നത്. മുണ്ട് മുറുക്കിയുടുത്തും അത്യാവശ്യങ്ങൾ വേണ്ടെന്നുവെച്ചും ആളുകൾ സ്വരു  ക്കൂട്ടുന്ന ചെറു സമ്പാദ്യങ്ങളിൽ നിന്നുമാണ് ഈ പിരിവുകാർ കയ്യിട്ടുവാരുന്നത്. ഇവർക്കൊന്നും നാണമില്ലേ എന്ന് അറിയാതെ ചോദിച്ചു പോകും. ഈ പിരിവുകാർ വിശ്വസിക്കുന്ന പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരെ പറ്റി ഓർത്താൽ അവർ എത്രമാത്രം സമ്പന്നരാണെന്ന് മനസ്സിലാകും.   കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറു   വാരിക്കുകയാണ് ഈ വമ്പന്മാർ.     മറ്റുള്ളവർക്ക് കൈപൊള്ളുന്നത്  മിച്ചം. 

 എന്തായാലും നിയമം പൊതുജനങ്ങൾക്കൊപ്പം ഉണ്ടെന്ന് ജസ്റ്റ് ദേവൻ രാമചന്ദ്രൻ തെളിയിച്ചു. ഇനിയെങ്കിലും നമ്മുടെ നാട് നന്നാവട്ടെ. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന വാക്കുകൾ യാഥാർത്ഥ്യമാകട്ടെ.

Friday, September 23, 2022

കെഎസ്ആർടിസി കാരുടെ ആക്രമണം

 കൺസഷനെ ചൊല്ലി ഉണ്ടായ വാക്കു തർക്കത്തിൽ ഒരു പിതാവിനെയും മകളെയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കെതിരെ പൊതു ജനരോഷം ഒഴുകുകയാണ്. ആ ജീവനക്കാരെ  സംരക്ഷിക്കാനോ ന്യായീകരിക്കാനോ എന്തായാലും ഒരു തൊഴിലാളി സംഘടനകളും ഇതുവരെ പരസ്യമായി മുന്നോട്ടുവന്നതായി കണ്ടില്ല. കേരളത്തിൽ വളരെ മുമ്പു മുതൽ തന്നെ നടന്നുവരുന്നതാണ് ഇത്തരത്തിലുള്ള ഓരോ മാസത്തേക്കുമുള്ള കൺസഷൻ കാർഡ് വിതരണം. ഞാൻ പഠിക്കുന്ന കാലത്തും അതിനുമുമ്പും ഇതുതന്നെയായിരുന്നു സ്ഥിതി. എല്ലാ മാസവും കുട്ടികൾ ബസ് സ്റ്റേഷനിൽ പോയി ക്യൂ നിന്ന് കാർഡ് പുതുക്കണം. കാർഡിൽ ഓരോ ദിവസത്തേക്കും രണ്ട് കോളം വീതം ഉണ്ട്. കുട്ടികൾ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും മാർക്ക് ചെയ്യാൻ. കാലം ഇത്രയും പുരോഗമിച്ചിട്ടും ഇന്നും കുട്ടികളുടെ കയ്യിൽ കാണുന്നത് ഇതേ കാർഡ് തന്നെ. യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിൽ വേണം കണ്ടക്ടർ ഈ കാർഡ് വാങ്ങി ഡേറ്റ് നോക്കി ആ കോളത്തിൽ ടിക്ക് ചെയ്യാൻ. തിരക്കിൽ അത് അല്പം മാറിപ്പോയാൽ അടുത്ത ദിവസത്തേക്ക് ഉള്ള കോളത്തിൽ ആയിപ്പോകും. കുട്ടികൾ പ്രശ്നമുണ്ടാക്കുകയും ചെയ്യും.

                  ഇവിടെ ഐടി രംഗത്ത് ഉണ്ടായ വികസനം ഒന്നും കെഎസ്ആർടിസി കാണുന്നില്ല എന്ന് തോന്നുന്നു. ഇത്തരത്തിൽ മാസംതോറും ഉള്ള കാർഡ് വിതരണത്തിലെല്ലാം മാറ്റം കൊണ്ടുവരേണ്ട സമയം എന്നേ അതിക്രമിച്ചു. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള  കൺസഷൻ വിതരണം എങ്ങനെ എന്ന് നോക്കാം. ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ബസ് യാത്ര ചെയ്യുന്ന  കുട്ടികൾക്ക് നൽകുന്നത് സ്മാർട്ട് കാർഡുകൾ ആണ്. 10 മാസത്തേക്കുള്ളതാണ് ഈ കാർഡുകൾ. രണ്ടുമാസം അവധി ആണല്ലോ. ഇത് വാങ്ങാനായി കുട്ടികളും അവരുടെ രക്ഷിതാക്കളും എങ്ങും പോകണ്ട. സ്കൂളുകളിൽ എത്തുന്ന MTC ഉദ്യോഗസ്ഥർ( മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ചെന്നൈ) ബസ്പാസ് ആവശ്യമുള്ള കുട്ടികളുടെ വിശദവിവരങ്ങളും ഫോട്ടോയും സ്കൂൾ അധികൃതരിൽ നിന്നും ശേഖരിക്കുന്നു. 10 മാസത്തേക്കുള്ള പാസ്സ്, സ്മാർട്ട് കാർഡ് രൂപത്തിൽ ലാമിനേറ്റ്  ചെയ്തു സ്കൂളിൽ എത്തിക്കുകയും ചെയ്യും. കുട്ടികൾക്ക് അത് വിതരണം ചെയ്യുക എന്നത് മാത്രമാണ് സ്കൂൾ അധികൃതരുടെ ജോലി. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ബസ്പാസ് ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യം തന്നെയല്ലേ, അതും ഒരു അക്കാഡമിക്  വർഷത്തേക്കുള്ളത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമാണ് ഈ പാസ്. ഇതിന്റെ ലാമിനേഷനും മറ്റുമായി 15 രൂപയാണ് എം ടി സി ഈടാക്കുന്നത്. ഉദ്യോഗസ്ഥർക്ക് ആയാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ജോലി കഴിയും. സാധാരണ ബസ്സുകളിൽ വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്ക് എല്ലാദിവസവും ഈ കാർഡ് ഉപയോഗിക്കാം. പക്ഷേ കുട്ടികൾ യൂണിഫോമിൽ ആയിരിക്കണം എന്ന് മാത്രം. ജൂൺ 15 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ മാത്രമേ പാസ് നൽകുകയുള്ളൂ. അത് കഴിഞ്ഞാൽ പാസിന് അപേക്ഷിക്കാൻ കഴിയില്ല. പാസിലെ കാലാവധിജൂൺ 15മുതൽ  ഏപ്രിൽ 30വരെയാണ്. കോളേജ് വിദ്യാർഥികൾക്ക് 50 ശതമാനം കൺസഷൻ ആണ് ലഭിക്കുക. രജിസ്ട്രേഷൻ, പോയിന്റ് to പോയിന്റ് കാർഡ് ( വീട്ടിൽ നിന്നും കോളേജിലേക്ക് ) എന്നിവ ഓരോ അക്കാഡമിക് വർഷത്തെയും ആദ്യം മാസത്തിൽ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നൽകും. പിന്നീട മാസങ്ങളിൽ എംടിസിയുടെ സെയിൽസ് കൗണ്ടറിൽ പോയി റിന്യൂ ചെയ്യണം. കുട്ടികളുടെ സ്റ്റുഡൻസ് ഐഡി കാർഡിൽ റിന്യൂവൽ ഡേറ്റ് കൊടുത്തിട്ടുണ്ടാകും. ഒന്നു മുതൽ 13 വരെയുള്ള തീയതികളിൽ ആണ് റിന്യൂ ചെയ്യുക. കൂടാതെ വീട്ടിൽ നിന്നും ലൈബ്രറിയിൽ പോയി വരാൻ ഒരു മാസം 60 എക്സ്ചേഞ്ച് ടോക്കൺസ് ഉണ്ട്. ഒരു ടോക്കണിന്  മൂന്നു രൂപ 50 പൈസയാണ് വില.

   .  കർണാടകയിൽ 75 മുതൽ 80 ശതമാനം വരെ വിദ്യാർത്ഥി കൺസഷൻ ഉണ്ട്. ഓൺലൈനിലൂടെയും ഇതിന് അപേക്ഷിക്കാം. നിശ്ചിത തുകയടച്ചാൽ സ്മാർട്ട് കാർഡ് ലഭിക്കും. പോയ വർഷത്തെ  സ്മാർട്ട് കാർഡ് ഉണ്ടെങ്കിൽ ഇളവും ലഭിക്കുന്നതാണ്.

        ഈ രീതികൾ കേരളത്തിലും നടപ്പാക്കാവുന്നതേ ഉള്ളൂ. സ്കൂളുകളിലെ കുട്ടികളിൽ എത്രപേർക്ക് ബസ് പാസ് ആവശ്യമുണ്ടെന്ന് കണ്ടെത്തി ആ വിവരം കെഎസ്ആർടിസിയെ അറിയിക്കുക. അവരുടെ ഓഫീസിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ വിവരവും കൺസഷണൽ റേറ്റിലുള്ള ബസ് ഫീസും - 10 മാസത്തേക്കുള്ളത് - കൈമാറുക. തുടർന്ന് ഉദ്യോഗസ്ഥർ നൽകുന്ന സ്മാർട്ട് കാർഡ് വാങ്ങി കുട്ടികൾക്ക് നൽകുക. ബസ് യാത്രയിൽ യൂണിഫോമിൽ ഉള്ള  കുട്ടികൾ  ഈ കാർഡ് മാത്രം കാണിച്ചാൽ മതി. ഏപ്രിൽ -മെയ് അവധിയായതിനാൽ പാസ് നൽകേണ്ട ആവശ്യവുമില്ല. കുട്ടികൾക്കും കണ്ടക്ടർക്കും ഏറ്റവും സൗകര്യപ്രദമായ ഒരു രീതിയാണ് ഇത്. പ്രൈവറ്റ് ബസ്സിലും ഇതേ രീതി തന്നെ നടപ്പാക്കാവുന്നതേയുള്ളൂ. കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ കൺസഷന്  അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കണം. സെമസ്റ്റർ വെച്ചാണ് കൺസഷൻ കൊടുക്കുന്നത് എങ്കിൽ ആറുമാസത്തേക്ക് കൊടുത്താൽ മതിയല്ലോ. അടുത്ത സെമസ്റ്ററിൽ വീണ്ടും ഇത് റിന്യൂ ചെയ്യണം. കെഎസ്ആർടിസി ഓഫീസിൽ പോവുകയും, ക്യൂ നിൽ ക്കുകയും ഒന്നും വേണ്ടല്ലോ.

          വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് സ്കൂൾ കോളേജ് അധികൃതരുടെ സഹായത്തോടെ നിഷ്പ്രയാസം നടപ്പാക്കാവുന്ന ഇത്തരം സൗകര്യങ്ങൾ സർക്കാർ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്നതാണ് സംശയം. 50 -60 വർഷം പഴക്കമുള്ള ആ പഴയ രീതികൾ തന്നെ പിന്തുടരുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം. "നാടോടുമ്പോൾ നടുവേ ഓടണം "എന്ന് കേട്ടിട്ടില്ലേ. ഇവിടെ നടുവേയല്ല, ഓടുന്ന പോലുമില്ല എന്നതാണ് സത്യം. ചെറിയ മാറ്റങ്ങളിലൂടെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ കഴിയുമെങ്കിൽ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഈ രീതി കുട്ടികൾക്കും കെഎസ്ആർടിസിക്കും ഒരുപോലെ ആശ്വാസകരമാകും. 


Wednesday, September 14, 2022

മാരക ലഹരിയിൽ മയങ്ങുന്നവർ

  ഇപ്പോൾ ദിവസവും കേൾക്കുന്ന വാർത്തയാണ് 5 കിലോ കഞ്ചാവ് പിടിച്ചു, എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി അറസ്റ്റിലായി, കോടികളുടെ മയക്കുമരുന്നുമായി പിടിയിൽ തുടങ്ങിയവ. സത്യം പറഞ്ഞാൽ ഇത്തരം വാർത്തകൾ ഇല്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ പറ്റില്ല എന്ന സ്ഥിതിയിൽ എത്തി. ഇത്രമാത്രം മയക്കു മരുന്ന്  പിടിക്കണമെങ്കിൽ  ഇവിടെ നടക്കുന്ന കച്ചവടം എത്രമാത്രം ഉണ്ടാകും. കച്ചവടം വർദ്ധിക്കുന്നു എങ്കിൽ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിക്കണമല്ലോ . അതെ. ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം വളരെ അധികം വ്യാപകമായി കഴിഞ്ഞു. ഇന്ന് ഇത് ഏറ്റവും കൂടുതൽ വില്പന നടത്തുന്നത് വിദ്യാലയങ്ങളിലാണ് എന്ന സത്യം ഭീകരവും വേദനാജനവും ആയ കാര്യമാണ്. വളരെ പെട്ടെന്ന് സ്വാധീനത്തിൽ ആക്കാൻ കഴിയുന്ന സ്കൂൾ കുട്ടികളാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഇരകൾ. ഒരിക്കൽ ഇവരെ അടിമകളാക്കിയാൽ പിന്നെ അവരിലൂടെ കൂടുതൽ പേരെ ഇതിലേക്കു ആകർഷിക്കുവാനും വില്പന വർദ്ധിപ്പിക്കുവാനും കഴിയും. ആൺ പെൺ ഭേദമെന്യേ ഇതിന് അടിമപ്പെടുന്നു എന്ന സത്യം, പുറത്തുവരുന്ന പല വാർത്തകളിലൂടെ മനസ്സിലാകും.

                   ഇതിന്റെ കണ്ണികളായ കുറച്ചുപേരെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ വ്യാപാരം നിയന്ത്രിക്കാൻ സാധിക്കില്ല. ഇതിന്റെ മൊത്തക്കച്ചവടക്കാരെയാണ് കണ്ടെത്തേണ്ടത്. അതൊരുപക്ഷേ ചെന്നു നിൽക്കുക രാഷ്ട്രീയ പ്രമുഖന്മാരിലും വൻ വ്യവസായികളിലും ആയിരിക്കും. എങ്കിലും ഇത് തടയുവാൻ അത്തരം നീക്കങ്ങൾ നടത്തിയേ പറ്റൂ. രാഷ്ട്രത്തിന്റെ ഭാവി എന്ന് നമ്മൾ പറയുന്ന ഈ കുട്ടികളെ മയക്കുമരുന്നിന് വിട്ടുകൊടുത്തുകൂടാ.

           കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വളരെ പ്രശസ്തമായ ഒരു പെൺപള്ളിക്കുടത്തിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന് കാട്ടി അമ്മമാർ രംഗത്ത് വന്നിരുന്നു. തന്റെ മകൾ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കാര്യം സാധാരണഗതിയിൽ രഹസ്യമാക്കി വയ്ക്കാനാണ് ഏവരും ശ്രമിക്കുക. എന്നാൽ തന്റെ മകളുടെയും അതുപോലെയുള്ള മറ്റു പെൺകുട്ടികളുടെയും ഭാവിയെ കരുതി അത് പുറത്തു പറയാൻ ധൈര്യം കാണിച്ച ഈ അമ്മമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്തരം കുറ്റങ്ങൾ ഒതുക്കി വെക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ ശക്തി പകരുകയേ ഉള്ളൂ. വലിയ ക്ലാസിലെ പെൺകുട്ടികൾ ചെറിയ കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിന് അടിമകളാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്.

      ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ അധ്യാപകർ മാത്രം ശ്രമിച്ചിട്ട് കാര്യമില്ല. അവിടെ പിടിഎ ശക്തമാക്കണം. അധ്യാപകരും മാതാപിതാക്കളും പോലീസും ഒപ്പം നാട്ടുകാരും ഇതിനെതിരെ ധൈര്യപൂർവ്വം പ്രതികരിക്കാൻ തയ്യാറാകണം. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്. ഇതിലേക്ക് ആകർഷിക്കപ്പെട്ട കുട്ടികൾക്ക് ശരിയായ ചികിത്സ ലഭ്യമാക്കുവാനും അവരെ ഇതിൽ നിന്നും മോചിപ്പിക്കുവാനും വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുവാൻ സർക്കാരും തയ്യാറാകണം. ഇല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും തന്റെ കുട്ടി മാത്രമല്ല ഒരു രാജ്യത്തിന് ഒരു യുവതലമുറ തന്നെ നഷ്ടമാകും.

       പണ്ട് കുട്ടികൾക്ക് മാതാപിതാക്കളോട് എന്നപോലെ അധ്യാപകരോടും ഭയവും ബഹുമാനവും ഉണ്ടായിരുന്നു. തെറ്റ് ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ ഒരു മാതാപിതാക്കളും വിരൽ ചൂണ്ടിയിരുന്നില്ല എന്ന് മാത്രമല്ല അധ്യാപകൻ ശിക്ഷിച്ചു എന്നു പറഞ്ഞാൽ വീട്ടിൽ നിന്നും കൂടി അടി കിട്ടിയിരുന്നു.പക്ഷേ ഇന്ന് കാലം മാറി. തന്റെ കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ കലാപക്കൊടിയുമായി എത്തുന്ന രക്ഷകർത്താക്കൾ ആണ് കൂടുതൽ. " ഞാൻ പോലും കുട്ടിയെ അടിക്കാറില്ല, പിന്നെ ടീച്ചറിന് അടിക്കാൻ എന്താണ് അധികാരം " എന്നാണ് അവർ ചോദിക്കുന്നത്. അച്ഛനും അമ്മയും   ശിക്ഷിക്കുന്നത് പോലെയോ അതിലധികമോ ( കാരണം അവർക്കാണ് കുട്ടികളുടെ മാറുന്ന സ്വഭാവം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെ പോലെ അധ്യാപകർ അന്ധരല്ല. ) ശിക്ഷിക്കാൻ അധികാരമുള്ളവരാണ് അധ്യാപകർ. പണ്ട് കുട്ടികൾ അധ്യാപകരെ പേടിച്ചിരുന്നുവെങ്കിൽ ഇന്ന് കുട്ടികളെ  അധ്യാപകർക്കാണ് ഭയം. തനിക്ക് ഇഷ്ടമില്ലാത്ത അധ്യാപകർക്കെതിരെ തെറ്റായ കാര്യങ്ങൾ കുട്ടികൾ വീട്ടിൽ പറയുകയും വീട്ടുകാരുമായി സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വഴക്കു കൂടുകയും ചെയ്യുന്നവർ ഇന്ന് ധാരാളമാണ്. കുട്ടികൾ പറയുന്നത് കള വാണെന്ന് തെളിയിച്ചാൽ പോലും അത് വിശ്വസിക്കാൻ മാതാപിതാക്കൾ തയ്യാറല്ല "നിങ്ങളുടെ മക്കൾ നന്നാകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് "എന്നാവും അധ്യാപകർ ചിന്തിക്കുക . കുട്ടികളെ ശിക്ഷിക്കുവാനുള്ള അധികാരം എന്ന് അ ധ്യാപകരിൽ നിന്നും തിരിച്ചെടുത്തുവോ, അന്നുമുതൽ വഴിതെറ്റുന്ന കുട്ടികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇന്നും, ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ് അധ്യാപകർ. തന്റെ മുന്നിൽ നടക്കുന്ന തെറ്റായ പ്രവണതകൾ കാണുമ്പോൾ കണ്ണടക്കേണ്ടി വരുന്നു. കുട്ടികളെ ശിക്ഷിക്കാൻ പറ്റില്ല. അത് പിന്നീട് കേസ് ആകും.പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങേണ്ടിവരും. എന്നാൽ പിന്നെ വേണ്ട, മാതാപിതാക്കളെ അറിയിക്കാം എന്ന് വെച്ചാൽ തന്റെ മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ അവർ വിശ്വസിക്കാനും തയ്യാറാവില്ല. ഇത് കുട്ടികൾക്ക് വളമാകുന്നു. " ടീച്ചറിന്റെ അസൂയയാണ്", "ടീച്ചർ ദേഷ്യകാരിയാണ്", "ടീച്ചറിന് എന്നെ ഇഷ്ടമല്ല "തുടങ്ങി തുടങ്ങി പല ആരോപണങ്ങളും തന്റെ കുറ്റം മറച്ചുവെക്കാനായി കുട്ടികൾ ഉയർത്തും.

     അടുത്തകാലത്ത് സ്കൂൾ അധ്യാപികയുടെ ഒരു ഓഡിയോ വാട്സാപ്പിലൂടെ കേട്ടു. മയക്കുമരുന്നിന് അടിമകളാകുന്ന കുട്ടികളുടെ എണ്ണം വളരെ വളരെ കൂടുതലാണത്രേ. തന്റെ  സ്കൂളിൽ തന്നെ ഇത്തരം ധാരാളം കുട്ടികളെ അവർ കണ്ടു എന്നും പറയുന്നു. അതുപോലെ ഒരു ആൺകുട്ടി മയങ്ങി കിടക്കുന്നതും മറ്റൊരു കുട്ടി നടക്കാൻ ശ്രമിക്കുന്നു എങ്കിലും അതിന് പറ്റാതെ വീണുപോകുന്നതുമായ വീഡിയോകൾ 

 കാണാൻ സാധിച്ചു. ഇവരെല്ലാം യൂണിഫോമിൽ ആണ്. പുകവലിച്ചു കൊണ്ട് നടക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലഹരിയാണോ സിഗരറ്റ് ആണോ എന്നറിയില്ല. ഇതൊക്കെ കാണുമ്പോൾ നമ്മുടെ വിദ്യാലയങ്ങളെ കുറിച്ച് ഓർത്ത് ഭയം തോന്നും. കുട്ടികളെ നേർവഴിക്ക് നയിക്കാൻ നമ്മൾ- മാതാപിതാക്കളും അധ്യാപകരും സമൂഹവും അടക്കം- പരാജയപ്പെടുകയാണോ? എങ്ങനെയാണ് മയക്കുമരുന്നിന്റെ കരാള മുഷ്ടിയിൽ നിന്നും ഇവരെ മോചിപ്പിക്കുക? വരും തലമുറയുടെ ഭാവി സമാധാനം നിറഞ്ഞതും ശോഭനവും ആക്കി തീർക്കേണ്ടത് നമ്മളല്ലേ?

    കുട്ടികളുടെ ഭാവിയെ കരുതി പോലീസ് നൽകുന്ന ചില നിർദ്ദേശങ്ങളും കാണുകയുണ്ടായി. കുട്ടികളുടെ ബാഗുകൾ പരിശോധിക്കണമെന്നും, അവരുടെ സുഹൃത്തുക്കളെ പറ്റി അന്വേഷിക്കണമെന്നും, അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നും, പോലീസ് നിർദ്ദേശത്തിലുണ്ട്. കുട്ടികളുടെ കയ്യിൽ  ഉപയോഗത്തിൽ ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ, ചെറിയ പ്ലാസ്റ്റിക് കവർ, ചുരുട്ടി വെച്ചിരിക്കുന്ന നോട്ടുകൾ എന്നിവ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവയുടെ സഹായത്താൽ ആണ് എംഡി എംഎ പോലുള്ള മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ കണ്ടെത്തിയാൽ കുട്ടികളെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. പോലീസ് പറയുന്നത്   ശരിയാണ്. നമ്മുടെ കുട്ടികളെ കണ്ണടച്ച് വിശ്വസിക്കരുത്. തന്റെ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കാൻ,അതിൽ നിന്നും രക്ഷപ്പെടാൻ അവർ എന്ത് കളവും പറയും. നമ്മൾ അതിൽ വീഴരുത്. പക്ഷേ ജോലിക്ക് പോകുന്ന മാതാപിതാക്കളും വീട്ടിൽ ഒറ്റയ്ക്കാകുന്ന കുട്ടികളുമാണെങ്കിൽ ഇത്തരം നിയന്ത്രണങ്ങൾ എത്രമാത്രം വിജയിക്കും എന്നതിൽ സംശയമുണ്ട്. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന നിങ്ങൾക്ക് അവരെ ശരിയായ രീതിയിൽ വളർത്തേണ്ട ചുമതല കൂടി ഉണ്ട്. ജോലി നേടി ധാരാളം പണം സമ്പാദിച്ചിട്ട് കാര്യമില്ല. മക്കളെ ശരിയായ രീതിയിൽ വളർത്തുവാൻ കൂടി കഴിയണം. ഇല്ലെങ്കിൽ പിന്നെ ഈ നേടുന്ന ധനം കൊണ്ട് എന്ത് കാര്യം? ആർക്കുവേണ്ടി? കുട്ടികൾ വീട്ടിൽ തനിച്ചാകുന്ന അവസ്ഥ കഴിയുന്നതും ഒഴിവാക്കുവാനും കുട്ടികളുടെ അടുത്ത ബന്ധുക്കളെ കൂടെ താമസിപ്പിക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ പ്രായമായവരെ കൂടെ നിർത്തുന്നതോടുകൂടി വൃദ്ധസദനത്തിന്റെ  ആവശ്യവും കുറയ്ക്കാംഎന്നത് മറ്റൊരു നന്മയാണ്.

     വിദ്യാലയത്തിന് സമീപത്ത് സ്ഥിരം വരുന്നവർ, അവിടെയുള്ള കടകൾ, സംശയാസ്പദമായ രീതിയിൽ പെരുമാറുന്ന കുട്ടികൾ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ പോലീസ് സഹായം എപ്പോഴും ഉണ്ടായിരിക്കണം. വിദ്യാലയത്തിൽ കുട്ടികളിലെ മാറ്റങ്ങൾ കണ്ടറിയാനും ശിക്ഷിക്കാനും   അധ്യാപകർക്ക് കഴിയണം. അതുപോലെ   തന്നെ ഈ കാര്യത്തിൽ    മാതാപിതാക്കളും സഹകരിക്കണം.   അധ്യാപകർക്ക് എതിരെയല്ല തന്റെ   കുട്ടിക്കെതിരെ വടിയെടുക്കുവാൻ   അവർക്ക് കഴിയണം. മയക്കുമരുന്നിലും   മറ്റു ലഹരികളിലും മയങ്ങി വീഴാതെ ഈ   കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ   ആവശ്യമാണ്, കർത്തവ്യമാണ്,   കടമയാണ്. 

Wednesday, September 7, 2022

പേപ്പട്ടി ഭീതിയിൽ കേരളം

 ഇന്ന് കേരളത്തിൽ വീടിന് പുറത്തിറങ്ങാൻ പറ്റില്ല എന്ന് വന്നിരിക്കുന്നു. നടന്നുപോയാൽ തെരുവുപട്ടികളുടെ ആക്രമണം. വാഹനത്തിൽ പോകാമെന്ന് വെച്ചാൽ റോഡിന്റെ ശോച്യാവസ്ഥ മൂലമുള്ള അപകടങ്ങൾ. റീടർ ചെയ്തു മറ്റും റോഡിന്റെ പ്രശ്നം പരിഹരിക്കാമെങ്കിലും തെരുവ് നായ്ക്കളുടെ കാര്യത്തിൽ എന്ത് ചെയ്യും? നായ്ക്കൾ കുറേ ചാടിയും മറ്റും ഇരുചക്ര വാഹന യാത്രക്കാർക്ക്  ഉണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ല.

         ഇന്ന് തെരുവ് നായ്ക്കളുടെ വർദ്ധന ഭീകരമായ വിധത്തിലാണ്. ഇനി വന്ധംകരിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എത്രമാത്രം നടപ്പാക്കുന്നു,അതിലെ സത്യാവസ്ഥ എന്താണ് എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല. അവർ പറയുന്നത് വിശ്വസിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ..മനുഷ്യരോടാണെങ്കിൽ ചോദിച്ച് സംശയം തീർക്കാം. വളർത്തു നായ്ക്കൾ ആണെങ്കിൽ പുന: പരിശോധന  നടത്താം. പക്ഷേ തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഇതൊന്നും പറ്റില്ല. പേ വിഷത്തിനും, വർധിക്കുന്ന തെരുവ് നായ്ക്കൾക്കും പ്രതിവിധി ഇതുമാത്രമല്ല.

    ലോകത്തെ ആകെ പേവിഷബാധ മരണത്തിൽ 36% ഇന്ത്യയിലാണ്. പേ വിഷബാധ മൂലം ഇന്ത്യയിൽ ഏകദേശം 18,000 മുതൽ 20,000 വരെ ആളുകളാണ് ഒരു. വർഷം മരിക്കുന്നത്. പേവിഷം 100% തടയാൻ സാധിക്കും എന്നുള്ളപ്പോഴാണ് ഇതു ഇതുമൂലം ഉള്ള മരണം വർധിക്കുന്നത് എന്നത് രാജ്യത്തിന് തന്നെ അപമാനമാണ്. ശരിയായ നടപടികൾ സ്വീകരിച്ചാൽ പേവിഷം മൂലമുള്ള മരണം നിയന്ത്രിക്കാൻ കഴിയും എന്നുള്ളതിന് പല തെളിവുകൾ ഉണ്ട് . അതിലൊന്നാണ് ഗോവ. ഇവിടെ പേവിഷമരണം തീർത്തും തുടച്ചു മാറ്റിക്കഴിഞ്ഞു.കഴിഞ്ഞ നാലുവർഷമായി പേവിഷവുമായി ബന്ധപ്പെട്ട ഒറ്റ കേസ് പോലും ഗോവയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇതിനു കാരണം അവരുടെ ശ്രദ്ധാപൂർവ്വമായ പദ്ധതികളാണ്. 2013ൽ മിഷൻ റാബീസ് എന്ന പരിപാടി തുടങ്ങുകയും 2015ൽ ഇത്‌ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു. സംസ്ഥാനത്തുള്ള നായ്ക്കൾക്കെല്ലാം കുത്തിവെപ്പ് എടുത്തതോടെ  ഇതിനെ തടയാൻ ഗോവയ്ക്ക് കഴിഞ്ഞു.

   എന്നാൽ കേരളം ഇപ്പോഴും പേവിഷത്തിന്റെയും തെരുവ് നായ്ക്കളുടെയും ഭീതിയിലാണ്. ഈ വർഷം ഇതുവരെ പേവിഷം മൂലം 21 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസം തോറും പേപ്പട്ടികളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്യുന്നു.പേപ്പട്ടികളുടെ എണ്ണം നോക്കിയാൽ ഇതിൽ വളർത്തു നായ്ക്കൾ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തെരുവ് നായ്ക്കളുടെ കടിയിലൂടെയാണ് കേരളത്തിൽ പേ വിഷം  ബാധിക്കുന്നത്. അതിനാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് തെരുവ് നായ്ക്കളുടെ വർദ്ധന തടയുക എന്നതാണ്. അതിന് വന്ധ്യംകരിക്കുന്നതിനേക്കാൾ പ്രധാനം  ഇവിടുത്തെ മാലിന്യ നിർമ്മാർജ്നമാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ നിർമ്മാജനം ചെയ്താൽ തന്നെ തെരുവ് നായ്ക്കളുടെയും അവയുടെ ക്രൂരതയുടെ അളവും വളരെ കുറയും. ഇപ്പോൾ ഭക്ഷണ വേസ്റ്റും ഇറച്ചി വെട്ടുന്നതിന്റെയും മറ്റും വേസ്റ്റുകൾ ആരുമില്ലാത്ത ഇടത്തോ ആരും കാണാതെ റോഡ് അരികിലോ ഒക്കെ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ അവയുടെ ക്രൂര സ്വഭാവം വർദ്ധിപ്പിക്കുന്നു. അത്തരത്തിലുള്ള വേസ്റ്റുകളാണ്, വലിച്ചെറിയുന്ന മാലിന്യത്തിൽ ഭൂരിഭാഗവും.

           വീട്ടിലും കടകളിലും ഉണ്ടാകുന്ന ഈ വേസ്റ്റ് എന്ത് ചെയ്യും എന്നാണ് കടക്കാരും വീട്ടുകാരും മത്സ്യ മാംസങ്ങൾ വിൽക്കുന്നവരും ചോദിക്കുന്നത്. സത്യമല്ലേ? ഇതിനൊരു പരിഹാരം കാണേണ്ടത് സർക്കാർ അല്ലേ? ഫ്ലാറ്റുകളിലും നാലോ അഞ്ചോ സെന്റില്‍ വീടുകളിൽ താമസിക്കുന്നവരും വീടുകളിൽ ഉണ്ടാകുന്ന അവശിഷ്ടം എന്ത് ചെയ്യും? മാലിന്യം തുടക്കത്തിൽ തന്നെ സംസ്‌കരിക്കണം എന്ന് സർക്കാർ പറയുന്നു. പക്ഷേ അങ്ങനെ ചെയ്യാൻ സ്ഥലം എവിടെ? ബിന്നും പൈപ്പും മറ്റും തന്നു എങ്കിലും എല്ലാവർക്കും ഇത് ഉപയോഗിക്കാൻ പറ്റില്ല. പലരുടെയും വീട്ടിൽ ഇപ്പോൾ ഇതൊരു" അലങ്കാരം" പോലെ വെച്ചിരിക്കുകയാണ്.  വീട്ടിലെ വേസ്റ്റ് കളയുവാൻ മറ്റു വഴിയൊന്നും ഇല്ലാത്തതിനാൽ അവർ ആരും കാണാതെ റോഡ് സൈഡിലും മറ്റും നിക്ഷേപിക്കുന്നു. മത്സ്യമാംസങ്ങൾ വിൽക്കുന്നവർ  അതുമായി ബന്ധപ്പെട്ട മാലിന്യം  ചാക്കിൽ കെട്ടി ആരും കാണാതെ റോഡ് അരികിൽ കളയും. അത്തരക്കാരെ കണ്ടെത്തി കർശനമായി പിഴ ഈടാക്കുമെന്ന് സർക്കാർ. പക്ഷേ ഒന്ന് ചോദിക്കട്ടെ. എന്ത് സൗകര്യം ഒരുക്കി തന്നിട്ടാണ് സർക്കാർ പിഴ ഈടാക്കാൻ ശ്രമിക്കുന്നത്? നിങ്ങളുടെ മാലിന്യങ്ങൾ ഇന്ന സ്ഥലത്ത് എത്തിക്കണം,അല്ലെങ്കിൽ വീട്ടിൽ നിന്നും ശേഖരിക്കുന്നതിന് ഇത്ര രൂപ നൽകണമെന്ന് പറഞ്ഞശേഷം ജനങ്ങൾ അത് ചെയ്യാതെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചാൽ തീർച്ചയായും പിഴ ഈടാക്കണം.  എന്നാൽ ഇവിടെ ഒന്നും ചെയ്യാതെ പിഴ ഈടാക്കാൻ നടക്കുകയാണ്. അതൊട്ടും ശരിയായ കാര്യമല്ല. കേരളത്തിൽ ഉള്ളതിനേക്കാൾ വലിയ നഗരങ്ങൾ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്. അവിടെയെങ്ങും ഇത്രയും മാലിന്യ പ്രശ്നം ഉള്ളതായി അറിയില്ല. ഡൽഹിയിലും ബോംബെയിലും ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ അവരുടെ മാലിന്യങ്ങൾ  അതാത് കോർപ്പറേഷൻ  ശേഖരിക്കുന്നുണ്ട്. അവിടങ്ങളിലെ മാലിന്യത്തിന്റെ അളവ് തീർച്ചയായും കേരളത്തിലേതിനേക്കാൾ വളരെയധികം കൂടുതലാണെന്ന് നിസംശയം പറയാം. അവർക്ക് അത് പ്രശ്നമാകാതെ സംസ്കരിക്കാം എങ്കിൽ നമുക്കും അത് പിന്തുടരാവുന്നതേയുള്ളൂ. ഒന്നുകിൽ ഈ മാലിന്യത്തിൽ നിന്നും ഊർജ്ജം നിർമ്മിക്കാം. അല്ലെങ്കിൽ ഇതിനെ വളമാക്കി മാറ്റാം. രണ്ടായാലും ഇത് ഒരു വരുമാനമാക്കി മാറ്റാൻ സാധിക്കും. ഇതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് മാലിന്യം റോഡ് അരികിൽ തള്ളാൻ നാട്ടുകാർ നിർബന്ധരാകുന്നത്. ഇത്തരം പച്ചക്കറി മൃഗ വേസ്റ്റുകൾ നായ്ക്കളെ ആകർഷിക്കുകയും അവ പെറ്റു പെരുകി ആളുകൾക്ക് വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധത്തിൽ ക്രൗര്യം കാട്ടുകയും ചെയ്യും.  പച്ച ഇറച്ചി രക്തത്തോടെ ഭക്ഷിക്കുന്നത് മൃഗങ്ങളിലെ ക്രൗര്യം വർദ്ധിപ്പിക്കും. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നതിനാൽ അപകടം ഒഴിവാക്കാനായി ഇവയെ കൊല്ലുന്നതിൽ  യാതൊരു തെറ്റുമില്ല എന്നാണ്  ജനങ്ങളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാൽ മൃഗസ്നേഹികളായ ഒരു വിഭാഗം ഇതിനെ നഖശിഖാന്തം എതിർക്കുന്നു. ജനങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാത്ത മറ്റു ജീവികളെ - പശു, കാള, പോത്ത് തുടങ്ങി, കോഴി, താറാവ്, മുയൽ വരെ - കൊല്ലാനും അതിനെ ആഹരിക്കാനും മടിക്കാത്ത ഈ മൃഗസ്നേഹികൾ, മനുഷ്യരെ കടന്നാക്രമിക്കുന്ന,  പേവിഷത്തിലൂടെ  കൊല്ലുന്ന, തെരുവ് നായ്ക്കളെ കൊല്ലുന്നതിൽ എന്തിനാണ് ഇത്രയും രോഷം കൊള്ളുന്നത് എന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പോലുള്ളവർ ചോദിക്കുന്നത്. മറ്റ് സാധുമൃഗങ്ങൾക്കൊന്നും നൽകാത്ത പ്രാധാന്യമാണ് ക്രൂരരായ  തെരുവ് നായ്ക്കൾക്ക് ലഭിക്കുന്നത് . ഇവയെ ഒരു  പരിധിവരെ എങ്കിലും ഇല്ലായ്മ ചെയ്യാതെ ഈ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ആവില്ല. 

അതുകൊണ്ട് സർക്കാർ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് ഇവയെ കുറെയെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനും    ആധുനിക മാലിന്യ നിർമ്മാർജ്ജനത്തിനുമാണ്. ഒപ്പം നായ്ക്കൾക്ക് വാക്സിനേഷൻ എടുക്കുവാനും അവയെ വന്ധ്യം  കരിക്കാനും കർശന നടപടികൾ സ്വീകരിക്കണം. നടന്നുപോകുന്നവർക്കും ടൂവീലർ യാത്രക്കാർക്കും ആണ് നായ്ക്കൾ ഏറ്റവും കൂടുതൽ പ്രശ്നമാകുന്നത്. നമ്മുടെ രാഷ്ട്രീയ പ്രമുഖർക്ക് ഇത്തരം യാത്രകൾ ആവശ്യമില്ലല്ലോ. അവർക്ക്  കാറും സംരക്ഷിക്കാൻ പോലീസും ഉള്ളപ്പോൾ   എന്തിന് നായ്ക്കളെ പേടിക്കുന്നു?   പാവപ്പെട്ട പൊതുജനങ്ങളുടെ കഷ്ടപ്പാട്   ആരറിയാൻ? പേപിടിച്ചാലും മരിച്ചാലും   ആർക്കു നഷ്ടം? ഇതെല്ലാം അവർക്ക്   രണ്ട് ദിവസത്തെ വാർത്ത മാത്രം.    പൊതുജനങ്ങളെ ബാധിക്കുന്ന   പ്രശ്നമായതിനാൽ നമ്മൾ തന്നെ ഇതിന് മുന്നിട്ടിറങ്ങേണ്ടിവരും. സുരക്ഷ എന്നത് നമ്മുടെ അവകാശമാണ്. അതിനുവേണ്ടി നമുക്ക് ഏവർക്കും കൈകോർക്കാം. 

Thursday, September 1, 2022

ശ്രീരാം വെങ്കിട്ടരാമന് അധിക സംരക്ഷണമോ?

 2019 ഓഗസ്റ്റ് മൂന്നാം തീയതി ശ്രീരാം വെങ്കിട്ട രാമൻ മദ്യ ലഹരിയിൽ കാറോടിച്ചുണ്ടായ വാഹന അപകടത്തിൽ പെട്ട്  സിറാജ് പത്രത്തിലെ ജേർണലിസ്റ്റ് ആയ   കെഎം ബഷീർ കൊല്ലപ്പെടുകയും ശ്രീറാമിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ശ്രീരാമിനോടൊപ്പം കാറിൽ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ്, താനാണ് കാർ ഓടിച്ചതെന്ന് പറയാൻ ശ്രമിച്ചു എങ്കിലും ദൃക്സാക്ഷികൾ അതിനെ എതിർത്തു.

    ലാൻഡ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റിൽ ഡയറക്ടറായി ശ്രീറാം ജോയിൻ ചെയ്തു വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഈ അപകടം. തുടർന്നാണ് ആറുമാസത്തെ സസ്പെൻഷനിൽ പോയത്. സസ്പെൻഷൻ കഴിഞ്ഞ് 2020 മാർച്ചിൽ ഹെൽത്ത് ആൻഡ് സോഷ്യൽ ജസ്റ്റിസിൽ ജോയിൻ സെക്രട്ടറിയായി ജോയിൻ ചെയ്തു. ബഷീറിന്റെ ഫാമിലിയുടെ പ്രതിഷേധം വകവയ്ക്കാതെ ആയിരുന്നു ഈ നിയമനം. പിന്നീട് ശ്രീറാമിനെ ആലപ്പുഴ കളക്ടർ ആക്കിയതിനെത്തുടർന്ന് പത്രപ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ ആ പദവിയിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുകയും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ ആയി ഓഗസ്റ്റ് ഒന്നിന് നിയമിക്കുകയും ചെയ്തു. ശ്രീറാമിന്റെ  പേരിൽ ഇന്നും കേസ് നിലനിൽക്കുമ്പോൾ ഇത്തരം നിയമനങ്ങൾ എങ്ങിനെയാണ് അംഗീകരിക്കുക? വഫ ആണ് കാർ ഓടിച്ചതെന്നാണ് ശ്രീറാം അവകാശപ്പെടുന്നത്. എന്നാൽ താനല്ല ശ്രീറാമാണ്കാറോടിച്ചതെന്ന്അപകടം നടന്നതിന്റെ മൂന്നാം ദിവസം വഫ വ്യക്തമാക്കിയിരുന്നു. ശ്രീറാമിനെതിരെ  മനപൂർവ്വമല്ലാത്ത നരഹത്യക്കും വഫ ക്കെതിരെ പ്രേരണ കുറ്റവുമാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്. 

  ജില്ലാ കളക്ടർ എന്നാൽ ജില്ല മജിസ്ട്രേറ്റ് കൂടിയാണ്. അത്തരമൊരു വ്യക്തി കുറ്റാരോപിതനായാൽ അത് തെളിഞ്ഞ ശേഷം അല്ലേ തിരിച്ച് സർവീസിലേക്ക് കയറേണ്ടത്? ഇന്നും   തനിക്കെതിരെയുള്ള  നരഹത്യാ രോപണം തെറ്റാണെന്ന് തെളിയിക്കാൻ  ശ്രീറാമിന്ക ഴിഞ്ഞിട്ടില്ല. കുറ്റപത്രം പൂർത്തിയാക്കി കേസ് കോടതിയിൽ എത്തിയിട്ടുപോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. നരഹത്യക്കു- അത് മനപ്പൂർവമായാലും അല്ലെങ്കിലും - അന്വേഷണത്തിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ, ഇവിടെ അദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആണ്, വീണ്ടും ജോലിയിൽ തിരിച്ചെടുക്കുക എന്നത് നിയമവിരുദ്ധമാണ് എന്നാണ് സാമാന്യബുദ്ധിയിൽ തോന്നുക. തന്റെ പേരിലുള്ള കുറ്റം തെറ്റാണെന്നും, താൻ കുറ്റ വിമുക്തനാണെന്നും തെളിയിക്കാൻ ആദ്യം കഴിയണം. അതിനുശേഷം മാത്രമേ സർവീസിൽ തിരിച്ചെടുക്കാവൂ. സാധാരണ ഒരു സർക്കാർ ജോലിക്ക് പോലും ജോലിയിൽ പ്രവേശിക്കും മുമ്പ് പോലീസ് വെരിഫിക്കേഷൻ നടത്താറുണ്ട്. ഇക്കാലത്ത് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു  ഉടൻ തന്നെയും പോലീസ് വെരിഫിക്കേഷൻ നടക്കാറുണ്ട്.എങ്ങിനെ ആയാലും പോലീസ് വെരിഫിക്കേഷൻ     പൂർത്തിയാകും വരെ ഡെയിലി വേജസ്  ആയി മാത്രമേ കണക്കാക്കു.  ഉദ്യോ                ഗാർത്ഥിക്കെതിരെ എന്തെങ്കിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടോ എന്ന് അന്വേഷിക്കലാണ് ഇതിലൂടെ  . ഏതെങ്കിലും കേസുകൾ നിലവിലുണ്ട് എങ്കിൽ, അതിൽനിന്നും കുറ്റവിമുക്തനായ ശേഷം അയാൾക്ക് ജോലിയിൽ ജോയിൻ ചെയ്യാവുന്നതാണ്. എന്നാൽ അയാളുടെ പേരിലുള്ള കുറ്റം ശരിയാണെന്ന് തെളിയുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്താൽ പിന്നീട് സർക്കാർ ഉദ്യോഗത്തിന് ഇയാൾ അർഹനായിരിക്കില്ല. അതായത് ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ, കുറ്റാരോപിത നല്ല എന്ന് തെളിയിച്ചതിനുശേഷം മാത്രമേ സർക്കാർസർവീസിൽ കയറാൻ സാധിക്കുകയുള്ളൂ. പക്ഷേ ഇവിടെ, ശ്രീറാമിന് എതിരെ ഉള്ള കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ എത്തുകയോ, താൻ കുറ്റവാളി അല്ല എന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന ക്രിമിനൽ കേസിലെ പ്രതിയായ ശ്രീറാമിനെ എങ്ങനെയാണ് പുതിയ തസ്തികകളിൽ നിയമിക്കാൻ സർക്കാറിന് കഴിയുന്നത്? ആരോപണ വിധേയൻ ആണെങ്കിൽ മാറ്റിനിർത്തി അന്വേഷണം നടത്തിയ ശേഷം മാത്രം മറ്റ്     പദവികൾ നൽകാം . പക്ഷേ ഇവിടെ ശ്രീറാമിന്റെ കാര്യത്തിൽ നടക്കുന്നത് അങ്ങനെയൊന്നുമല്ല. എന്തുകൊണ്ടാണ് സർക്കാർ ഇത്തരം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത്? ശ്രീറാമിനെ മാറ്റിനിർത്താൻ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്? അതറിയണമെങ്കിൽ അല്പം പുറകോട്ടു പോകേണ്ടിവരും.

      വിദ്യാഭ്യാസത്തിൽ അതിബുദ്ധിമാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയശേഷം ഒറീസയിലെ കട്ടക്ൽ ഉള്ള എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നായിരുന്നു ജനറൽ മെഡിസിനിൽ എംഡി ചെയ്തത്. 2012 നടന്ന സിവിൽ സർവീസ് പരീക്ഷയിൽ ഐഎ എസിൽ രണ്ടാം റാങ്കുകാരൻ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ജനക്ഷേമപരമായ  മാറ്റങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു ഒരു ഐഎഎസ് കാരൻ  എന്ന നിലയിൽ ശ്രീറാമിന്റെ ലക്ഷ്യം. 2016ൽ ദേവികുളം സബ് കളക്ടർ ആയിരിക്കെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശക്തമായ നടപടികളാണ് ശ്രീറാം എടുത്തത്. ഇത് അദ്ദേഹത്തെ പൊതുജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യനാക്കി. അന്യായമായ കയ്യേറ്റങ്ങളും  അഴിമതിയും അദ്ദേഹം എതിർത്തു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കയ്യടക്കി വെച്ചിരുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയാണ് അദ്ദേഹം കഠിന ശ്രമത്തിലൂടെ ഒഴിച്ചെടുത്തത്. പാപ്പാത്തി ചോലയിലെ കൂറ്റൻ കോൺക്രീറ്റ് കുരിശ് പൊളിച്ചുമാറ്റിയതും ശ്രീറാമിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഒപ്പം കയ്യേറ്റ ഭൂമിയിലെ കുടിലുകളും പൊളിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് സബ് കളക്ടർ പദവി നഷ്ടമായത്. തുടർന്ന് ലാൻഡ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായി.

     അനധികൃത കയ്യേറ്റങ്ങൾക്കും കുടി ഒഴിപ്പിക്കലുകൾക്കും എതിരെ പ്രവർത്തിക്കുന്ന ഒരാളെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരു 😊 സംഘടനയും വച്ചുകൊണ്ടിരിക്കില്ല. അതുകൊണ്ടാവും ശ്രീറാമിനെ സബ് കളക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ഇതുമായി ബന്ധപ്പെട്ട്  അദ്ദേഹത്തിന് അറിയാവുന്ന പല രഹസ്യങ്ങളും പുറത്തായാലോ എന്ന പേടി ആർക്കൊക്കെയോ ഉണ്ട്. 2016 ൽ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശ്രീറാം നടത്തിയ ശക്തമായ നടപടികളെ മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ അഭിനന്ദിച്ചിരുന്നു. എന്നാൽ അവിടുത്തെ സിപിഎം,എംഎൽഎയായ എസ് രാജേന്ദ്രൻ, മന്ത്രി എംഎം മണി തുടങ്ങിയവർ വളരെ നിശിതമായാണ് ശ്രീറാമിനെ വിമർശിച്ചത്. ഒപ്പം ഭീഷണികൾ ഉയർത്താനും അവർ തയ്യാറായി. അങ്ങനെ പല രാഷ്ട്രീയക്കാരുടെയും ഇടപെടലുകൾ മൂലമാണ് അന്ന് ശ്രീറാമിനെ അവിടെ നിന്നും മാറ്റി ഡയറക്ടറായി തിരുവനന്തപുരത്ത് നിയമിക്കുന്നത്. അന്ന് ശ്രീറാമിനെതിരെ പ്രവർത്തിച്ച രാഷ്ട്രീയക്കാർക്ക് ഇപ്പോഴത്തെ സർക്കാരിലും വലിയ സ്വാധീനമുണ്ടെന്ന് നമുക്ക് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമിനെ സംരക്ഷിക്കാൻ സർക്കാർശ്രമിക്കുന്നത്?

 അപ്പോൾ സർക്കാർ ഭയക്കുന്ന എന്തോ ശ്രീറാം വെങ്കിടറാമിന്റെ  കയ്യിൽ ഉണ്ട്. അല്ലെങ്കിൽ സ്വന്തം അണികൾക്ക് പോലും താല്പര്യമില്ലാത്ത ആളെ ഉന്നതസ്ഥാനത്ത് ഇരുത്തുകയില്ലല്ലോ. അദ്ദേഹത്തിന് എതിരെയുള്ള കേസിന്റെ ഈ മെല്ലെ പോക്കിനും ഇതുതന്നെയാണ് കാരണം. 

ലഹരിയിൽകാറിന്റെ ബാലൻസ് തെറ്റി ബൈക്കിൽ ഇടിച്ചു ബഷീർ വീഴുകയുണ്ടായി. അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ ശ്രീറാം, ബഷീറിന് പ്രാഥമിക ചികിത്സ നൽകുകയും ഹോസ്പിറ്റലിൽ എത്തിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു. എങ്കിലും ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല. ശിക്ഷ    ലഭിക്കുന്നത് അസാമാന്യനായ,   മിടുമിടുക്കനായ  ഒരു ഐഎഎസ്   ഓഫീസർക്കാണ്ആണ്  എങ്കിൽ പോലും    അത് അദ്ദേഹത്തിന് ലഭിച്ചേ മതിയാകൂ. കാരണം ഇത് ഒരു ജനായത്ത ഭരണ രാഷ്ട്രമാണ് . കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷയ്ക്ക് അർഹരാണ്. അതിൽ രാഷ്ട്രീയക്കാർ എന്നോ  സർക്കാർ ഉദ്യോഗസ്ഥർ എന്നോ   സാധാരണക്കാർ എന്നോ ഭേദം ഉണ്ടാവാൻ പാടില്ല .  ഒപ്പം കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിനും നീതി ലഭിക്കണം.