Wednesday, November 30, 2022

കഴിഞ്ഞ കാലത്ത് ജീവിക്കുന്നവർ

 കഴിഞ്ഞുപോയ കാലത്ത് ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? ചിലപ്പോൾ ചിലരെ കണ്ടിട്ടുണ്ട് എന്ന ഒരു ഒഴുക്കൻ മറുപടിയാവും മിക്കവാറും ലഭിക്കുക. പക്ഷേ, നമ്മളെല്ലാം ഇന്നും കഴിഞ്ഞ കാലത്ത് ജീവിക്കുന്നവരാണ് എന്ന് പറഞ്ഞാൽ വിശ്വാസം വരില്ല അല്ലേ? കഴിഞ്ഞ കാലം എന്ന്  പറഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടോ പതിറ്റാണ്ടോ ഒന്നുമല്ല.കഴിഞ്ഞ ഇന്നലെകളാണ്. നമ്മളെല്ലാം ജീവിക്കാൻ ശ്രമിക്കുന്നത് ആ ഇന്നലെകളുടെ വിസ്താരതയിലാണ്. പക്ഷേ അത് അറിയുന്നില്ല എന്ന് മാത്രം. ഓരോ കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും നമ്മുടെ കഴിഞ്ഞ അനുഭവങ്ങൾക്കാവും പ്രാധാന്യം കൊടുക്കുക. നല്ലത്. പക്ഷേ ഇന്നലെകളിൽ ഇന്ന് ജീവിക്കുമ്പോൾ, ഇന്ന് ഇല്ലാതെയാകുന്നു. ഇന്നിന്റെ മഹത്വമോ ഭംഗിയോ ഒന്നും അറിയാതെ ഈ ഇന്നിനെ ഇന്നലെ ആക്കും. ചുരുക്കത്തിൽ പണ്ടെങ്ങോ നടന്ന ഒരു സംഭവത്തിൽ ഇന്നും നമ്മൾ ജീവിക്കുന്നു എന്ന് സാരം. നാളെ കുറിച്ച് പറയുന്നവർ ഉണ്ടെങ്കിലും അവർ ജീവിക്കുന്നത്  ഇപ്പോഴും ഇന്നലെകളിൽ തന്നെ. എന്തായാലും "ഇന്ന് "അവർക്ക് അന്യമാകുന്നു.

        . യഥാർത്ഥത്തിൽ നമ്മൾ ജീവിക്കേണ്ടത് ഇന്നിലാണ്. ഈ നിമിഷങ്ങളിലാണ്. ഇതാണ് ഒരു നല്ല നാളെയിലേക്ക് നമ്മളെ നയിക്കുന്നത്. അതിനായി ശ്രമിക്കേണ്ടതും ഇന്ന് തന്നെയാണ്. ഇന്നലെകൾ ഒരു അനുഭവം മാത്രമാണ്. ഇന്നത്തെയും നാളത്തെയും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു അനുഭവം മാത്രം. ഇരുട്ടുള്ള സ്ഥലത്തുകൂടി പോകുമ്പോൾ ഒരു ടോർച്ചിലെ വെളിച്ചം സഹായം ആകുന്നത് പോലെ ഇന്നത്തെ നമ്മുടെ തീരുമാനങ്ങളിലേക്ക് വെളിച്ചം വീശാൻ മാത്രം ഇന്നലെകളെ ഉപയോഗിച്ചാൽ മതി. പക്ഷേ ഇന്നലെകളിൽ മാത്രം കടിച്ചു തൂങ്ങി ജീവിക്കുന്നവർക്ക് നഷ്ടമാകുന്നത് ഇന്നും നാളെകളുമാണ്. യാതൊരു പ്രതീക്ഷയും ഇല്ലാതെ അവർ ഇന്നലെകളിൽ ജീവിക്കുമ്പോൾ ഇല്ലാതാവുന്നത് സ്വന്തം ജീവിതം കൂടിയാണ്. കഴിഞ്ഞുപോയ ഒരു നിമിഷം തിരിച്ചുകൊണ്ടുവരാൻ നമുക്ക് കഴിയില്ല എങ്കിൽ എന്തിനാണ് അതിൽ പിടിമുറുക്കി ജീവിക്കുന്നത്? കഴിഞ്ഞ ആ നിമിഷത്തോടൊപ്പം ആഅനുഭവങ്ങളും അപ്പോഴത്തെ ജീവിതവും കഴിഞ്ഞു.  അതിൽ മാത്രം ഉറച്ചുനിന്നാൽ എന്നും അവിടെ തന്നെ ആവും നിൽക്കുക. സുന്ദരമായ ഇന്നോ നാളെയോ നിങ്ങളുടെ മുമ്പിൽ ഉണ്ടാവില്ല. ഇന്നിലേക്കു നോക്കൂ എന്ത് സുന്ദരമായ ലോകം,ആളുകൾ, അനുഭവങ്ങൾ.അതെല്ലാം കാണൂ.. ആസ്വദിക്കൂ. നാളെയെക്കുറിച്ച് പ്ലാൻ ചെയ്യൂ. അതിനെ ഇന്നലെകളിലെ അനുഭവം ഒരു സഹായമായി സ്വീകരിക്കൂ.

           ചിലർ എന്നും എപ്പോഴും പറയുന്നത് കഴിഞ്ഞ കാര്യങ്ങൾ മാത്രമാണ്. ഉദാഹരണമായി ഒരു യാത്ര എടുക്കാം. വാഹന യാത്രയോ നടക്കലോ എന്തുമാകട്ടെ. നിങ്ങളോടൊപ്പം കുറച്ചു പേർ കൂടി ഉണ്ടെന്ന് കരുതുക. അപ്പോൾ സംസാരിക്കുന്നതിനിടെ നിങ്ങൾ പറയുന്നതിൽ കൂടുതലും കഴിഞ്ഞ സംഭവങ്ങൾ ആയിരിക്കും - അത് വ്യക്തിയെക്കുറിച്ച് ആവാം, സംഭവങ്ങളെ കുറിച്ചാവാം. നാളെ എന്നത് വളരെ കുറച്ചു മാത്രം വരുന്ന വാക്ക് ആയിരിക്കും. ഈ യാത്രയിൽ നിങ്ങളുടെ ഇരുവശത്തും ഉള്ള കാണേണ്ട കാഴ്ചകൾ നിങ്ങൾ കണ്ടോ? ഇല്ല. ആ യാത്ര നിങ്ങൾ ആസ്വദിച്ചോ? ഇല്ല. വഴിയിൽ ഉള്ളതൊന്നും കാണാതെ, ആസ്വദിക്കാതെ ഇന്നലെകളിലൂടെ ഉള്ള ഒരു പോക്ക് ആയിരുന്നു അത്, അല്ലേ? ഇതുതന്നെയാണ് നമ്മുടെ ദൈദിന ജീവിതത്തിലും സംഭവിക്കുന്നത്. ഇന്നത്തെ സന്തോഷം അറിയാതെ, അറിയാൻ ശ്രമിക്കാതെ പഴയ ലോകത്ത് പോയി ജീവിക്കുന്നു.

        നാളെ എന്നത് നമ്മുടെ ലക്ഷ്യമാണ്. അവിടെയെത്താൻ ഇന്നിലൂടെ മാത്രമേ കഴിയൂ. പക്ഷേ ഇന്നലെകളിൽ മാത്രം ജീവിക്കുന്നവർക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. നാളെ മുറ്റത്തെ മാവിൽ നിന്നും ഒരു മാങ്ങ പറിച്ചു തിന്നണമെങ്കിൽ, ഞാൻ ഇന്ന് ഒരു മാവ് നടണം. പണ്ട് അവിടെ ഒരു മാവുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നാൽ നാളെ മാങ്ങാ തിന്നാൻ പറ്റില്ല. പണ്ട് അവിടെ ഒരു മാവ് ഉണ്ടായിരുന്നു, അത് നല്ലതായിരുന്നു, എന്ന് അറിവ് ഇന്ന് അവിടെ ഒരു മാവ് നടാൻ എന്നെ പ്രേരിപ്പിക്കണം. അങ്ങിനെ ചെയ്യുന്ന പ്രവർത്തിയിലൂടെ മാത്രമേ അതിന്റെ ഫലം നാളെ കിട്ടുകയുള്ളൂ. നാളെ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ആ ലക്ഷ്യം നേടാൻ ഇന്നത്തെ പ്രവൃത്തികൾക്കേ കഴിയൂ. ഇന്നലെകൾക്ക് കഴിയില്ല. നാളേക്കുള്ള യാത്രയിൽ ഒരു സഹായഹസ്തമാകാനേ ഇന്നലെകൾക്ക് കഴിയൂ. കഴിയാവൂ. അതിൽ കൂടുതൽ പ്രാധാന്യം കഴിഞ്ഞ അനുഭവങ്ങൾക്ക് നൽകരുത്. നിങ്ങൾ ജീവിക്കേണ്ടത് ഇന്നിലാണ്. സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ഇന്നിലൂടെ കഴിയണം. അങ്ങനെ പോകുമ്പോൾ നിങ്ങളുടെ ഇന്നലെകളും സന്തോഷം നിറഞ്ഞതാകും. ഇനിയും ഇന്നലെകളുടെ തടവറയിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ നാളെ എന്നത് ഒരു വ്യത്യാസവുമില്ലാതെ ഇതേ രീതിയിൽ തന്നെയായിരിക്കും. ഒന്ന് ചിന്തിക്കൂ. ഈ ഇന്നലെകളിൽ നിന്നും പുറത്തു കടക്കൂ.  തന്റെ മുന്നിലുള്ള ലോകത്തെ കാണൂ... ജീവിക്കൂ. കഴിഞ്ഞത് കഴിഞ്ഞു.പുതിയ ഒരു ജീവിതത്തിലേക്കുള്ള നിങ്ങളുടെ കാൽവെപ്പ് ഒരു നല്ല നാളെയിലേക്കാണ് എന്നു തിരിച്ചറിയൂ. അഴുകിയതും പുളിച്ചതും ദുർഗന്ധം വമിക്കുന്നതുമായ കാര്യങ്ങൾ ഇന്നിൽ നിന്നും തൂത്തെറിയൂ. എന്തിനാണ് അതുമായി ഓരോ നാളിനെയും വരവേൽക്കുന്നത്?  നിങ്ങളുടെ ചുറ്റിലും ഉണ്ടാകുന്ന ദുർഗന്ധത്തിന് കാരണം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്നുമാണെന്ന് മനസ്സിലാക്കി അവ വലിച്ചെറിയൂ. മനസ്സിനെ ശുദ്ധമാക്കി പുതിയ ഒരു "ഇന്നിൽ "ജീവിക്കൂ.  അങ്ങിനെയായാൽ "നാളെ "വരുമ്പോൾ ഓർക്കാൻ നിങ്ങൾക്ക് ഒരു നല്ല "ഇന്നലെ" ഉണ്ടായിരിക്കും. നമ്മുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ ചിന്തകളിലൂടെയും പ്രവർത്തകളിലൂടെയും ആണ് അത് സാധിക്കേണ്ടത്. അപ്പോൾ അങ്ങനെയൊന്നു ശ്രമിച്ചു നോക്കാം അല്ലേ... 

Friday, November 25, 2022

പ്രിയ ഡോക്ടർ, മാപ്പ്.. മാപ്പ്..


  •  രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം മെഡിക്കൽ  കോളേജിലാണ് ലജ്ജാകരമായ ഈ സംഭവം നടന്നത്. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട്ശുഭ എന്ന യുവതിക്ക്    നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും അടുത്ത ദിവസം അർദ്ധരാത്രിയോടെ അവർ മരണമടഞ്ഞു. അതറിയിച്ച ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡൻസ് ഡോക്ടർ മേരി ഫ്രാൻസിസിനെയാണ് ശുഭയുടെ ഭർത്താവ് സെന്തിൽ   ചവിട്ടിയത്. ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ശുഭയുടെ രോഗാവസ്ഥ വളരെ മോശമായിരുന്നു എന്നും  ബ്രെയിൻ ട്യൂമറിനൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ വെളിപ്പെടുത്തി.

              രോഗി മരിച്ചാൽ അത് ചികിത്സാപിഴവാണെന്ന് ആരോപിച്ച് ഡോക്ടർമാർക്ക് എതിരെയും ആശുപത്രിയ്ക്കെതിരെയും കയ്യേറ്റം നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ചികിത്സ പിഴവാണെന്ന് ആരോപിക്കാൻ ഇവർക്ക് എന്ത് തെളിവാണ് ഉള്ളത് എന്ന് പലപ്പോഴും തോന്നാറുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെയെല്ലാം ചികിത്സിച്ചു സുഖമാക്കുവാൻ ഒരു ഡോക്ടർക്ക് കഴിയും എന്നാണോ ഇവർ കരുതുന്നത്.  രോഗിയെ ചികിത്സിച്ചു ഭേദമാക്കുവാൻ എല്ലാ ഡോക്ടർമാരും ശ്രമിക്കും.   പക്ഷേ  മരണത്തിൽ നിന്നും രക്ഷിക്കാൻ അവർക്ക് എന്നല്ല ആർക്കും കഴിയില്ല. അങ്ങിനെ അല്ലായിരുന്നു എങ്കിൽ  ഡോക്ടർമാരുടെ ബന്ധുക്കളാരും തന്നെ രോഗം മൂലം മരിക്കില്ലല്ലോ.    മരുന്നിനും ചികിത്സയ്ക്കുമെല്ലാം ഒരു പരിധിയുണ്ട്. നല്ല ഡോക്ടർമാർ ഒപ്പമുണ്ടെന്ന് കരുതിയോ നല്ല ചികിത്സ കിട്ടി എന്നു കരുതിയോ  ആർക്കും ജീവൻ തിരിച്ചു കിട്ടണമെന്നില്ല.     രാഷ്ട്രീയമായും ഔദ്യോഗികമായും സാമ്പത്തികമായും ഉന്നത നിലയിലുള്ളവർ വിദേശത്ത് പോയി ചികിത്സ സ്വീകരിച്ചിട്ട് പോലും   മരണത്തിന്റെ പിടിയിലാകുന്നത് ചികിത്സാപിഴവല്ല എന്ന് നമുക്കെല്ലാം    അറിയാം. എല്ലാം സുഖമാക്കി     ആരോഗ്യത്തോടെ രോഗിയെ    തിരിച്ചയക്കാൻ കഴിയുന്ന അതീന്ദ്രിയ   ജ്ഞാനമൊന്നും ഡോക്ടർമാർക്ക് ഇല്ല.   ഓരോ രോഗിയെയും രോഗാവസ്ഥയിൽ   നിന്നും മോചിപ്പിക്കാൻ അവർ മാക്സിമം   ശ്രമിക്കും. മിക്കപ്പോഴും ആ  ശ്രമം  വിജയിക്കുമെങ്കിലും ചിലപ്പോളെങ്കിലും മറ്റ് ശാരീരിക കാരണങ്ങളാൽ ആ  ശ്രമം പരാജയപ്പെടും.  അതിന് കാരണം ആ ഡോക്ടറല്ല. ആ രോഗിയുടെ ശാരീരികാവസ്ഥയാണ്. പ്രസവത്തോടനുബന്ധിച്ചുള്ള പല മരണങ്ങളിലും ഇതേ രീതിയിൽ ചികിത്സാ പിഴവ് എന്ന് ആരോപിച്ച് ഡോക്ടർമാർക്കെതിരെ ആക്രമണങ്ങൾ നടത്താറുണ്ട്.   

           രോഗം മൂലമോ അപകടങ്ങൾ മൂലമോ നമ്മൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ ഡോക്ടറെ കാണുക ദൈവത്തിന്റെ പ്രതിനിധിയാണ്.( തീർച്ചയായും നേഴ്സുമാരും ഈ വിഭാഗത്തിൽപ്പെടുന്നു ). പക്ഷേ അപ്പോഴും ഡോക്ടർ പറയുന്ന ഒരു കാര്യമുണ്ട്.ഞങ്ങൾ ആവുന്നതെല്ലാം ചെയ്യാം ബാക്കി ഈശ്വരന്റെ കയ്യിലാണ് പ്രാർത്ഥിക്കുക എന്ന് .    അവർ നൽകുന്ന ചികിത്സകൊണ്ട് ആരോഗ്യം നേടിയ ആശുപത്രി വിട്ട് പുറത്തു വരുമ്പോൾ ഒരു നന്ദി പോലും പറയാതെ ചികിത്സിച്ചത് ഡോക്ടറുടെ ഡ്യൂട്ടിയാണെന്ന് പറയുന്ന ചിലരുണ്ട്  . ഓരോ രോഗിയും ഡോക്ടർക്ക് ഓരോ ചലഞ്ച് ആണ്. തന്റെ മുമ്പിൽ എത്തുന്ന വേദന നിറഞ്ഞ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടറെ അപമാനിക്കാൻ അല്ല ആദരിക്കാനാണ് നാം പഠിക്കേണ്ടത്. തന്റെ രോഗി മരിക്കുമ്പോൾ രോഗിയുടെ ബന്ധുക്കളെ പോലെ തന്നെ ഡോക്ടർക്കും വേദനയുണ്ട്. തന്റെ ശ്രമം വിജയിച്ചില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ട്. പക്ഷേ തിരക്കുള്ള ജീവിതത്തിൽ ഇതൊന്നും പ്രകടിപ്പിക്കാൻ അവർക്ക് സമയമില്ല.

           ഇത്തരത്തിൽ രോഗികളുടെ ബന്ധുക്കൾ പെരുമാറിയാൽ പിന്നെ എങ്ങനെയാണ് ചികിത്സിക്കാൻ ഡോക്ടർമാർക്ക് ധൈര്യം കിട്ടുക? തന്റെ മുന്നിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗി മരിക്കില്ലെന്ന് പറയാൻ ഏത് ഡോക്ടർക്കാണ് സാധിക്കുക? രോഗി മരിച്ചാൽ താൻ ആക്രമിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് എത്ര ഡോക്ടർമാർ ചികിത്സിക്കാൻ തയ്യാറാകും? (ആരും തന്നെ കാണില്ല.അതാണ് വാസ്തവം.) ഇങ്ങനെയുള്ള സന്ദർഭത്തിൽ ഏറ്റവും നല്ല ചികിത്സ നൽകുക എന്നത് മാത്രമാണ് ഡോക്ടറുടെ കടമ. അത് വിജയിക്കാം ഒരുപക്ഷേ പരാജയപ്പെടാം. ഒരു ചരടിന്റെ അപ്പുറവും ഇപ്പുറവും ആയി നിൽക്കുകയാണ് രോഗിയുടെ ജീവനും മരണവും. ജീവിതത്തിലേക്ക് കൂട്ടാൻ എത്ര ശ്രമിച്ചാലും ഡോക്ടർ ചിലപ്പോൾ പരാജയപ്പെട്ടു പോകും. അത് ഡോക്ടറുടെ ചികിത്സാപിഴവല്ല.

        ഇതു വായിക്കുന്ന ചിലരെങ്കിലും എന്നെ എതിർത്തു പറഞ്ഞേക്കാം. അത്തരമൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവരും ഉണ്ടാകും. എന്നാൽ അങ്ങനെയല്ല. ഇനിയും എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും ഡോക്ടർമാരെ കുറ്റം പറയാനോ പഴിചാരാനോ ഞാൻ പോകില്ല.  രോഗാവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലാതെ ചികിത്സ തേടി ഡോക്ടറെ സമീപിക്കുമ്പോൾ അവർ എന്നോടൊപ്പം ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്. അവർ കഴിയുന്ന വിധത്തിൽ രക്ഷിക്കാൻ ശ്രമിക്കും എന്ന വിശ്വാസവും. എനിക്കുണ്ട് . ഇനി ഒടുവിൽ അവരുടെ ശ്രമം പരാജയപ്പെട്ടാൽ ഈശ്വരേഛ ആണെന്ന് കരുതി മനസ്സിനെ ശാന്തമാക്കും. അവരുടെ ശ്രമത്തിന് നന്ദി പറയാനും മറക്കില്ല. സത്യം.

  •  രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാരെയും ആശുപത്രികളെയും ആക്രമിക്കുന്നത് കർശനമായി തടയേ ണ്ടിയിരിക്കുന്നു.( ഇതിനുപിന്നിൽ ഇവരോടുള്ള വൈരാഗ്യമോ അസൂയയോ ആണോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. )ഇനി ആർക്കെങ്കിലും ഇത്തരം പരാതിയുണ്ടെങ്കിൽ നമുക്കൊരു നിയമ സംവിധാനം ഉണ്ടല്ലോ. അതുവഴിയാണ് നേരിടേണ്ടത്. കോടതിയിൽ പരാതി നൽകണം. തെളിവ് സഹിതം  അവരെ ശിക്ഷിക്കാനും ശ്രമിക്കണം.കിഡ്നിയും കണ്ണുമടക്കം ശാരീരിക അവയവങ്ങൾ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾ ആശുപത്രി കേന്ദ്രീകരിച്ച പ്രവർത്തിക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഇത്തരം സ്ഥാപനങ്ങളെയും അവിടെ പ്രവർത്തിക്കുന്നവരെയും- അത് ഡോക്ടറായാലും മറ്റു ഉദ്യോഗസ്ഥരായാലും -നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് കർശനമായി ശിക്ഷിക്കണം. പക്ഷേ  ഏതെങ്കിലും ഒരു ഡോക്ടർ ഈ ഹീനമായ പ്രവർത്തി ചെയ്തു  എന്നതിനാൽ എല്ലാ ഡോക്ടർമാരെയും കയ്യേറ്റം ചെയ്യരുത്. രോഗികളോട് കരുണയും അനുകമ്പയും ഉള്ളവരാണ് ഭൂരിപക്ഷം ഡോക്ടർമാരും എന്ന കാര്യവും മറക്കരുത്. സാധാരണക്കാരായ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ളതാണ് ഗവൺമെന്റ് ഹോസ്പിറ്റലുകൾ. ഈ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടാലും സർക്കാർ അത് അംഗീകരിക്കണമെന്നില്ല. ഉള്ള സൗകര്യങ്ങൾ വച്ച്, തന്നെ കൊണ്ട്ക ഴിയുന്ന രീതിയിൽ ചികിത്സിക്കുന്ന ഡോക്ടർമാരെ അംഗീകരിക്കാൻ  നമുക്ക് കഴിയണം. കൈക്കൂലിക്കാരായ ഡോക്ടർമാർ ഇതിൽ ഉൾപ്പെടുന്നില്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. കൈക്കൂലി തന്നാലേ ചികിത്സയ്ക്കു എന്ന് പറയുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ധാരാളം വഴികൾ ഉണ്ട്. അങ്ങിനെയുള്ളവരെ നിയമത്തിനു     മുന്നിൽ നിന്നും രക്ഷപ്പെടാനും                        അനുവദിക്കരുത്. പക്ഷേ ചികിത്സിച്ചു         എന്ന കാരണത്താൽ ചികിത്സാപിഴവ്      ആരോപിച്ച് ശാരീരിക ആക്രമണം              നടത്തുന്നവരോട് ഒരുതരത്തിലും     യോജിക്കാൻ വയ്യ. വേദനിക്കുന്നവർക്ക്        ആശ്വാസമായി മാറുന്ന     ഡോക്ടർമാരോടും നേഴ്സുമാരോടും,           ഇത്തരം ഹീന പ്രവർത്തികൾ     ചെയ്യുന്നവരുടെ പേരിൽ, കൈകൂപ്പി മാപ്പ് പറയട്ടെ . മാപ്പ്.... മാപ്പ്....       

Sunday, November 20, 2022

ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാർ

     ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരുടെ മൂർത്തികളെ പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഒരെണ്ണം രണ്ട് കണ്ണും പൊത്തിയിരിക്കുന്നു. മറ്റൊരെണ്ണം രണ്ടുകാതുകളും കൈയാൽ അടച്ചിരിക്കുന്നു. ഇനിയുള്ള ഒരെണ്ണം വായ പൊത്തി ഇരിക്കുന്നതാണ്. ചീത്ത കാണരുത് -കേൾക്കരുത് -പറയരുത്- എന്നാണ് ഇവയെ കുറിച്ചുള്ള വ്യാഖ്യാനം എന്നാണ് സാധാരണയായി നമ്മൾ കേട്ടിട്ടുള്ളത്.  പക്ഷേ അങ്ങനെ അല്ല എന്ന് പറയുന്നവരും ഉണ്ട്. ഈ പുതിയ കാഴ്ചപ്പാടാണ് കൂടുതൽ സ്വീകാര്യമായി എനിക്ക് തോന്നുന്നത്. ഒരു കാര്യം കണ്ടു കഴിയുമ്പോഴല്ലേ അത് ചീത്തയാണെന്ന് നമ്മൾ അറിയൂ. പിന്നീട് കണ്ണുപൊത്തിയിട്ട് എന്ത് കാര്യം? അതുപോലെ ഒരു കാര്യം കേട്ട ശേഷമല്ലേ അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാൻ കഴിയൂ. ചീത്തയാണെന്ന് തിരിച്ചറിഞ്ഞശേഷം പിന്നീട് എന്തിനാണ് കാത് പൊത്തുന്നത്? അതുകൊണ്ടാണ് വ്യത്യസ്തമായ ഒരു വ്യാഖ്യാനം എന്നെ ആകർഷിച്ചത്.

                    ആവശ്യമില്ലാത്തത് കാണാതിരിക്കുക -കേൾക്കാതിരിക്കുക- സംസാരിക്കാതിരിക്കുക. എന്താ ഇത് ശരിയല്ലേ? നമ്മൾ പോകുമ്പോൾ വഴിയിൽ എന്തെല്ലാം കാണുന്നു. സത്യത്തിൽ അവയെല്ലാം നമ്മൾ "കാണാൻ "ശ്രമിക്കാറുണ്ടോ? ഇല്ല. നമുക്ക് ആവശ്യമുള്ളത് മാത്രമേ നോക്കാറുള്ളൂ. അല്ലാത്തവയെ നമ്മൾ അവഗണിക്കും. ഒരു യാത്രക്കിടെ നമുക്ക് വിശക്കുന്നു എന്ന് വിചാരിക്കുക. അപ്പോൾ,ഭക്ഷണം കഴിക്കാനായി നമ്മൾ നോക്കുക ഹോട്ടലുകളാണ്. ആ ബോർഡ് മാത്രമേ നമ്മൾ ശ്രദ്ധിക്കൂ. തുണിക്കടകളുടെയും, ഗ്ലാസ് വിൽക്കുന്ന കടകളുടെയും, പലവ്യഞ്ജന കടകളുടെയും ബോർഡുകൾ അവിടെ ഉണ്ടെങ്കിലും നമ്മുടെ കണ്ണുകൾ അതിൽ പെടാറില്ല. കാരണം നമുക്ക് അത് ആവശ്യമില്ല. അത്രതന്നെ. നമുക്കെന്താണോ ആവശ്യം അതിലേക്ക് ആവും നമ്മുടെ ശ്രദ്ധയും നോട്ടവും. അല്ലാത്തതെല്ലാം അവിടെ ഉള്ളതിനും ഇല്ലാത്തതിനും തുല്യം. ഗാഢമായ ചിന്തയിലിരിക്കുമ്പോൾ നമ്മുടെ അടുത്ത് ഒരാൾ   വന്നാൽ പോലും നമ്മൾ അറിയണമെന്നില്ല. കണ്ണ് തുറന്നിരുന്നാലും കാണണമെന്നില്ല. കാരണം നമ്മുടെ മനസ്സിന്റെ ശ്രദ്ധ മറ്റെവിടെയോ ആണ്. അതുകൊണ്ട് മറ്റൊന്നും നമ്മൾ കാണുന്നില്ല. ഇതുപോലെ തന്നെയാണ് കേഴ് വിയും. ആവശ്യമുള്ളത് മാത്രം കേൾക്കുക. നമുക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ എന്തിന് കേൾക്കണം? അവയെ അതിന്റെ പ്രാധാന്യത്തിൽ നമുക്ക്  അവഗണിക്കാനാകണം. വേണ്ടാത്തതെല്ലാം കേൾക്കുകയും അത് മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സ് കലുഷിതമാക്കാം എന്നല്ലാതെ മറ്റൊരു ഫലവുമില്ല. വേണ്ടാത്ത ശബ്ദങ്ങൾ അപ്പാടെ അവഗണിക്കാൻ ആയാൽ മനസ്സിനുണ്ടാകുന്ന ശാന്തി അപാരമാണ്. ആവശ്യമില്ലാത്തവ കാണാതെയും കേൾക്കാതെയും ഇരിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട് സംസാരത്തിന്. മിത്രങ്ങളെയും ശത്രുക്കളെയും സൃഷ്ടിക്കുവാൻ കഴിയുന്ന അതിശക്തമായ ഒരു മാധ്യമമാണ് വാക്ക്. വാക്കിൽ പിഴച്ചാൽ എല്ലാം പിഴച്ചു. വാക്കുകൾക്ക്‌ സ്വാന്തനപ്പെടുത്തുന്നതോടൊപ്പം മുറിപ്പെടുത്താനും കഴിയും. നമ്മുടെ വാക്കുകളിലൂടെ നമ്മൾ ആരാണെന്ന് മറ്റുള്ളവർ മനസ്സിലാക്കും. എന്നിലൂടെ വരുന്ന വാക്കുകളാണ് ഞാൻ ആരാണ് എന്താണ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ സംസാരിക്കുന്നവരെയും, ആത്മപ്രശംസ നടത്തുന്നവരെയും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവരെയും ഒക്കെ നമ്മുടെ ഇടയിൽ ധാരാളമായി കാണാം. ഇത്തരക്കാരിൽ നിന്നും അകന്നുനിക്കാനാവും നമ്മൾ ശ്രദ്ധിക്കുക. ഇത്തരക്കാരോട് തോന്നുന്ന ഒരു അലോരസം,ഒരു വെറുപ്പ് ഒക്കെ ഉണ്ടല്ലോ,  അതു തന്നെയാവും വാക്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളോടും തോന്നുക.

                അതുകൊണ്ട് ആവശ്യമുള്ളത് മാത്രം പറയാനും, കേൾക്കാനും, കാണാനുമായി നാം സ്വയം നിയന്ത്രിക്കണം. മറ്റുള്ളവരുടെ കണ്ണും, കാതും,വായും പൊത്തിപ്പിടിച്ച് ഈ നിയന്ത്രണം സാധിക്കില്ലല്ലോ? നമ്മുടെ കാഴ്ചപ്പാടിലും, സ്വീകാര്യതയിലും, പ്രകടിപ്പിക്കലിലും മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ സംതൃപ്തിയും സന്തോഷവും നിറഞ്ഞ ജീവിതം നമുക്ക് ആസ്വദിക്കാം. ഇല്ലെങ്കിൽ സ്വന്തം ജീവിതം നരകതുല്യമാക്കുന്ന തോടൊപ്പം മറ്റുള്ളവരുടെ ജീവിതം കൂടി അങ്ങിനെ ആക്കാനുള്ള ഒരു ശ്രമമാവും ഉണ്ടാവുക. അത്തരത്തിലുള്ള ദുരിതപൂർണമായ ഒരു ജീവിതം നമുക്ക് വേണോ? ഒരിക്കലും വേണ്ട. അതിനാൽ ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ മൂർത്തികൾ ഒരു പ്രചോദനമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. ആ പാത പിന്തുടരാം.

🌹ലോകാ സമസ്താ സുഖിനോ ഭവന്തു:🌹

Wednesday, November 9, 2022

ഇനിയും മരിക്കാത്ത മനുഷ്യത്വം

 ഇന്നത്തെ പല വാർത്തകളും കേൾക്കുമ്പോൾ മനുഷ്യർ തമ്മിലുള്ള സ്പർദ്ധയും വൈരാഗ്യവും വെറുപ്പും കൊണ്ടെത്തിക്കുന്നത് ഹീനമായ, നികൃഷ്ടമായ പ്രവർത്തികളിലാണെന്ന് നമുക്ക് തോന്നും. ഇതിൽ പലപ്പോഴും ജാതിയുടെയും മതത്തിന്റെയും നിറം കലർത്തുന്നു എങ്കിലും എല്ലാം അത്തരത്തിലുള്ളവയല്ലെന്ന് സംഭവങ്ങളെക്കുറിച്ച് അറിയുമ്പോൾ മനസ്സിലാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ആക്രമണം, കുട്ടികളെ പീഡിപ്പിക്കൽ,അയൽവാസികൾ തമ്മിലുള്ള വഴക്ക്,  സ്ത്രീധനം മോഹം തുടങ്ങി തന്റെ വാഹനം ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നുള്ള കാരണങ്ങൾ വരെ കത്തിക്കുത്തിൽ അവസാനിക്കുന്നു. ഇതൊന്നും ജാതിമത കണക്കിൽ പെടില്ലല്ലോ. ഇതുകൂടാതെ രാഷ്ട്രീയമായ വൈരവും കൊലപാതകത്തിൽ എത്തുന്നത് സാധാരണയായി കഴിഞ്ഞു. ഇതിനു പുറമേയാണ് ജാതിയുടെയും മതത്തിന്റെയും പേരുള്ള ഗോഗ്വാ വിളികളും വെട്ടി നിരത്തലുകളും. ഇതിനിടെ മനുഷ്യർക്ക് സ്നേഹിക്കാൻ എവിടെ നേരം? ഇതെല്ലാം കാണുമ്പോൾമനുഷ്യത്വപരമായ പ്രവർത്തനങ്ങൾ ഒന്നും ഇല്ലേ എന്ന് സംശയം തോന്നും.

            അപ്പോഴാണ് മനുഷ്യ മനസ്സാക്ഷിയെ ലജ്ജിപ്പിച്ച സംഭവത്തിൽ കരുണയുടെ കയ്യൊപ്പ് കണ്ടത്. കാറിൽ ചാരി നിന്നു എന്ന കാരണത്തിൽ ബലൂൺ വിൽക്കുന്ന ആറ് വയസ്സുള്ള ചെറു ബാലനെ തൊഴിച്ചുവീഴ്ത്തിയ സംഭവം കേട്ട് ലജ്ജയോടെ തലകുനിക്കുമ്പോൾ, ആ കുട്ടിയെ -ഗണേഷ് -ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്റെ കാറിൽ കയറ്റി നാട് ചുറ്റിക്കറങ്ങും എന്ന് ഒരു വ്യക്തി -ശരിയായ മനുഷ്യൻ- അറിയിച്ചത്. അദ്ദേഹം അവനുവേണ്ടി പുസ്തകങ്ങളും ഡ്രസ്സുകളും വാങ്ങി നൽകി. ആ വലിയ മനസ്സിനെ അറിയാതെ നമിച്ചുപോയി. നമുക്കെല്ലാം ഉണ്ടായിട്ട് കാര്യമില്ല കൊടുക്കാനും ഒരു മനസ്സ് വേണം.

    മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള ആക്രോശങ്ങൾ നടക്കുമ്പോൾ,സ്വന്തം സമുദായം ഏറ്റവും കൂടുതൽ വെറുക്കുന്ന മതത്തെ അറിയാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ശരിക്കും ഹൃദയസ്പർശി ആയിരുന്നു. തൃശ്ശൂർ ശക്തൻ നഗറിലെ അക്കാദമി ഓഫ് ശരി അത്ത്  ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ( അസാസ് ) സിലബസ്സിലാണ് മുസ്ലിം മതത്തിലെ കുട്ടികൾ സംസ്കൃതം പഠിക്കുന്നതും പറയുന്നതും. ആ വീഡിയോ കണ്ടപ്പോൾ വളരെയധികം അത്ഭുതം തോന്നി. ഈ കുട്ടികളുടെ ഉച്ചാരണവും ഭാഷയും മാത്രമല്ല കാഴ്ചപ്പാടും അതിമനോഹരം എന്നെ പറയാൻ കഴിയൂ. മറ്റു മതങ്ങളെയും അവരുടെ രീതികളെയും പറ്റി പഠിക്കാൻ ആദ്യം വേണ്ടത് ആ ഭാഷ പഠിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു പഠനത്തിലൂടെ അവരുടെ ഗ്രന്ഥങ്ങളും രീതികളും സംസ്കാരവും പഠിക്കാൻ കഴിയുന്നു. ഇതിന് ആദ്യം മറ്റു മതങ്ങളെ ബഹുമാനിക്കാൻ കഴിയണം. തൃശ്ശൂരിലെ ഈ അസാസിൽ എട്ടുവർഷത്തെ മത പഠനത്തോടൊപ്പം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഭൗതിക പഠനങ്ങളും  നടക്കുന്നു. എട്ടുവർഷം പൂർത്തിയാകുന്നതോടെ അവർക്ക് മറ്റു കുട്ടികളെ പോലെ ഇഷ്ടമുള്ള ഫീൽഡിൽ ജോലി സ്വീകരിക്കാൻ കഴിയും. അല്ല അവർക്ക് ഉസ്താദ് ആകുവാനാണ് ആഗ്രഹമെങ്കിൽ അങ്ങനെയും ആകാം. കഴിഞ്ഞ ഏഴ് വർഷമായി സംസ്കൃതം പഠിക്കുന്ന ഈ മുസ്ലിംകുട്ടികൾക്ക്‌, സംസ്കൃതം പഠിക്കുന്ന മറ്റേതൊരു സംസ്കൃത വിദ്യാലയത്തിലെ കുട്ടികളെപ്പോലെ തന്നെ സംസ്കൃതം പറയാനും എഴുതാനും വായിക്കാനും കഴിയുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. എട്ടു വർഷത്തെ സംസ്കൃത പഠനത്തിൽ ഉപനിഷത്തും ഗീതയും എല്ലാം ഇവർ പഠിക്കുന്നു.ഈ കുട്ടികളെ ഇതിന് പ്രാപ്തരാക്കിയത് ആ മദ്രസ നടത്തിപ്പുകാരുടെ വിശാലമനസ്കത ഒന്നുകൊണ്ടു മാത്രമാണ്. ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവർ പോലും സംസ്കൃത പഠനത്തിനും മതത്തെ അറിയുവാനും അധികം പ്രാധാന്യം നൽകാത്ത ഈ കാലത്ത്, തൃശ്ശൂർ മദ്രസ പഠനക്കാരുടെ ഈ മാറി ചിന്തിക്കൽ വലിയ പ്രത്യാശയാണ് നൽകുന്നത്. പരസ്പരം ബഹുമാനിക്കാൻ കഴിയുന്ന മതവിഭാഗങ്ങൾക്ക് പോരടിക്കാൻ കഴിയില്ല. ഇതര മതങ്ങളെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്ന ഈ കുട്ടികൾ പഠനരംഗത്തും യുവതലമുറയ്ക്കും മാതൃകയാവുന്നു. ഈ രീതി എല്ലാ മതക്കാരും സ്വീകരിച്ചിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോവുകയാണ്. സിലബസിൽ എല്ലാ മതക്കാരുടെയും പുണ്യ ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി കുട്ടികളിൽ ഇതര മതസ്ഥരോട് ബഹുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസ നയമാണ് ഭാരതത്തിന് വേണ്ടത്. അങ്ങിനെയെങ്കിൽ മാത്രമേ മതവൈര്യം  കുറയുകയും സാഹോദര്യം നിലനിൽക്കുകയും ചെയ്യുകയുള്ളൂ. സത്യത്തിൽ മതമല്ല,വ്യക്തികളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാർത്ഥതാല്പര്യമാണ് ഈ കലഹങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിലെന്നു ഇന്ന് നമുക്കറിയാം. പുതിയൊരു സംരംഭത്തിലൂടെ നല്ലൊരു ജനതയെ വാർത്തെടുക്കുവാൻ ശ്രമിക്കുന്ന തൃശ്ശൂരിലെ എംഐസി അസാസിന് ഹൃദയം നിറഞ്ഞ ആശംസകൾ,അഭിനന്ദനങ്ങൾ.

     അടുത്തിടയിൽ ഒരു ചിത്രം കണ്ടു. വെള്ളം കുടിക്കാൻ ഇല്ലാതെ  ദാഹിച്ചു തളർന്ന് നടക്കാൻ പോലും ആകാത്ത ഒരു സിംഹക്കുട്ടിയെ തന്റെ തുമ്പിക്കയിൽ കോരിയെടുത്ത് നദീതീരത്തേക്ക് നടക്കുന്ന ഒരു ആനയുടെ ചിത്രം. ഒപ്പം അമ്മ സിംഹവും ഉണ്ട്. പലപ്പോഴും സംഭവങ്ങൾ വിവരിക്കുമ്പോൾ പറഞ്ഞുപോകുന്ന ഒരു വാക്കാണ് മൃഗീയം. പക്ഷേ ഈ ചിത്രം കണ്ടപ്പോൾ, ആ വാക്ക് എത്ര തെറ്റായാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് തോന്നി. ഭക്ഷിക്കാൻ മാത്രം മറ്റുള്ളവയെ കൊല്ലുന്നവരാണ് മൃഗങ്ങൾ. എന്നാൽ മനുഷ്യനോ? മറ്റുള്ളവർക്ക് വേണ്ടിയും   പണത്തിനും സ്വന്തം വിരോധം   തീർക്കാനും മറ്റുമായി പരസ്പരം   കൊല്ലുന്നു. ഇതെങ്ങനെ മൃഗീയമാകും?   ഇത്തരത്തിലുള്ള മനുഷ്യരെ അപേക്ഷിച്ച്     മൃഗങ്ങൾ പാവങ്ങളാണ്. അതുകൊണ്ട്   ഇനി മൃഗീയം എന്ന വാക്ക്    ഉപയോഗിക്കുമ്പോൾ രണ്ടുവട്ടം   ചിന്തിക്കണം.        അപ്പോൾ   ഇനി മറ്റൊരു വിഷയവുമായി അടുത്ത വ്യാഴാഴ്ച.                                     

 ലോകാ സമസ്താ സുഖിനോ ഭവന്തു.

Thursday, November 3, 2022

അരുത് ലഹരി - പുതിയ ബിയർ നിർമ്മാണം.. കേരളത്തിന്റെ ഇരുമുഖം

 ഒരുവശത്ത് "അരുത് ലഹരി "എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചു കൈകോർക്കുമ്പോൾ മറുവശത്ത് 15.5 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈൻ നിർമ്മിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകിക്കൊണ്ട് ഇതേ  സർക്കാരും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ    തന്നെ ലഹരി നിർമ്മാണത്തിന്     ലൈസൻസ് നൽകുക! ഇതിനെ    വിരോധാഭാസം എന്നല്ലാതെ എന്താണ്   വിളിക്കേണ്ടത്? ഒരിടത്ത്    തടസ്സപ്പെടുത്തുകയും മറുപുറത്ത്    പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഈ രീതി  സാധാരണ ജനങ്ങൾക്ക്- ബുദ്ധിജീവികൾക്കല്ല - മനസ്സിലാകുന്നില്ല. 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയതാണ് പുതിയ ഹോർട്ടി വൈൻ. പഴങ്ങളിൽ നിന്നും കാർഷികോല്പന്നങ്ങളിൽ നിന്നും( ചക്ക, വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, മാമ്പഴം, പപ്പയ, മാതളനാരങ്ങ, പേരയ്ക്ക , ചാമ്പക്ക, ജാതിക്കാത്തൊണ്ട് , കപ്പ, കരിമ്പ്, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവ ) ഉൽപ്പാദിപ്പിക്കുന്ന ഈ ഹോർട്ടി വൈൻ, ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ അത്രേ. ഇനി മറ്റു മദ്യങ്ങളിലെ ആൽക്കഹോളിന്റെ അളവ് ഒന്നു നോക്കാം.

 ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൽ 42.86 ശതമാനം ആണെങ്കിൽ, വൈനിൽ  15.5% ആണ്. ഇതേ അളവ്  ആൽക്കഹോൾ ആണ് ഈ പുതിയ ഹോർട്ടി വൈനിലും ഉള്ളത്. എന്നാൽ ബിയറില്‍  6% ആൽക്കഹോൾ മാത്രമാണ് ഉള്ളത്. ഈ പുതിയ സംരംഭം കാർഷിക മേഖലയ്ക്ക് കൈത്താങ്ങ് ആകുമെന്നും, ഇതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനവും തൊഴിലും ലഭിക്കും എന്നുമാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് കണ്ടെത്തുന്നത്. പക്ഷേ ഇതിനിടെ മന്ത്രി മറന്നുപോയ ഒരു കാര്യമുണ്ട്. കേരളത്തിനാവശ്യമായ ഭക്ഷ്യോല്പപന്നങ്ങൾ എല്ലാം എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണെന്ന് സത്യം. അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും ധാന്യങ്ങളും വന്നില്ലെങ്കിൽ ഇവിടം പട്ടിണിയായതുതന്നെ. അങ്ങിനെയുള്ള നമ്മൾ അവിടെ നിന്നും കൊണ്ടുവരുന്ന പഴങ്ങളിൽ നിന്നും മറ്റ് കാർഷികോല്പന്നങ്ങളിൽ നിന്നും വേണം നമുക്ക് ഈ ഹോർട്ടിവൈൻ ഉണ്ടാക്കാൻ. അവ വാങ്ങിയ വിലയുടെ കൂടെ വൈൻ നിർമ്മാണ ചെലവും കൂടി കൂട്ടി,കൂടിയ വിലയ്ക്കു വിറ്റ് വീണ്ടും ലാഭമുണ്ടാക്കാം. എന്തായാലും കേരളത്തിലെ മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്തോറും പേടിക്കാനില്ല. എല്ലാം വിറ്റുപോകും. ജനങ്ങളുടെ ആരോഗ്യവും ആയുസ്സും നശിച്ചാലും വേണ്ടില്ല നമുക്ക് പത്തു കാശുണ്ടാക്കണം. കൊള്ളാം. നല്ല ബുദ്ധി. ഇതിനു പകരം കേരളത്തിലെ കാർഷികോല്പന്നങ്ങളുടെ വർദ്ധനയെക്കുറിച്ച് ഈ മന്ത്രിപുംഗവൻ മാർക്ക് ഒന്ന് ചിന്തിച്ചു കൂടെ.  നമ്മുടെ ആവശ്യത്തിൽ അധികം വരുന്ന ഇവിടുത്തെ കാർഷികോല്പന്നങ്ങളുടെ സഹായത്താൽ ഇത്തരം വൈൻ നിർമ്മാണം തുടങ്ങിയാൽ കുഴപ്പമില്ല. പക്ഷേ നമ്മുടെ സ്ഥിതി അതല്ലല്ലോ. അന്യസംസ്ഥാനക്കാർ കൃഷിചെയ്ത് കേരളത്തിലേക്ക് കയറ്റി അയച്ചാലേ നമുക്ക് ഇവിടെ ഉണ്ണാനും ഉടുക്കാനും കഴിയൂ.   ഭക്ഷ്യോൽപ്പന്ന രംഗത്ത്  എന്തുകൊണ്ട് നമുക്കും സ്വയം പര്യാപ്തത  കൈവരിച്ചു കൂടാ? വെള്ളവും വളവും  ( കേരളത്തിലെ അടുക്കള മാലിന്യം മാത്രം മതി നല്ല വളമുണ്ടാക്കാൻ) ) ധാരാളമുള്ള, ദൈവത്തിന്റെ സ്വന്തംനാട് എന്ന അഭിമാനിക്കുന്ന, നല്ല ഭൂപ്രകൃതിയുള്ള കേരളം പോലെ മറ്റൊരു സംസ്ഥാനമില്ല. ആവശ്യത്തിന് നദികളോ മഴയോ ഇല്ലാത്ത തമിഴ്നാട്, അവർക്കും പിന്നെ നമുക്കും വേണ്ട കാർഷികോല്പന്നങ്ങളിലൂടെ ലാഭം ഉണ്ടാക്കുന്നത് ഇനിയെങ്കിലും നമ്മൾ കണ്ടുപഠിക്കണ്ടെ? അതിനുപകരം നമ്മൾ കണ്ടെത്തിയത് വൈൻ ഉണ്ടാക്കാൻ. എന്തൊരു ബുദ്ധി.പറയാതെ വയ്യ.

     വൈൻ ഉണ്ടാക്കാൻ ലൈസൻസ് നൽകിയ സർക്കാർ പക്ഷേ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. കുട്ടികളെയും മുതിർന്നവരെയും ഒന്നിച്ചുകൂട്ടി "അരുതു ലഹരി"യിൽ സത്യപ്രതിജ്ഞ ചെയ്യിക്കും. എന്നിട്ട് പോയി പുതിയ ലഹരി നിർമ്മാണത്തിനും ബാർ തുറക്കാനും അനുമതി നൽകും. 2016 വരെ  കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനിൽ 332 ഔട്ട്ലെറ്റ് കൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് 670 ലിക്കർ ബാറുകളും 306 റീട്ടെയിൽ  ഔട്ട്ലെറ്റുകളും ഉണ്ട്. പുതിയ മദ്യ നിയമമനുസരിച്ച് 68 പുതിയ ബിവറേജ് ഔട്ട് ലൈറ്റുകൾ കൂടി തുറക്കാൻ തീരുമാനമായി.തിരക്ക് ഒഴിവാക്കാൻ170 എണ്ണം ആയിരുന്നു BEVCO ആവശ്യപ്പെട്ടത് എങ്കിലും സർക്കാർ അതിന് പൂർണ്ണ പിന്തുണ നൽകിയില്ല.

           ഇത്തരത്തിൽ മദ്യ വില്പന വർദ്ധിപ്പിക്കുവാൻ സർക്കാർ ശ്രമിക്കുമ്പോൾ എന്തിനാണ് ഈ "അരുത് ലഹരി " പ്രചരണം? ഇതാർക്ക് വേണ്ടി? ആരുടെ കണ്ണിൽ പൊടിയിടാൻ? യഥാർത്ഥത്തിൽഈ " അരുത് ലഹരി" എന്ന പ്രചരണം ആത്മാർത്ഥതയോടെ ആയിരുന്നു എങ്കിൽ മദ്യ വില്പനയും, മദ്യലഭ്യതയും  കുറയ്ക്കുകയായിരുന്നില്ലേ വേണ്ടത്? ഒരു പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സർക്കാരിന് എളുപ്പം സാധിക്കുകയും ചെയ്യും. അതിനുപകരം മദ്യവില്പനശാലകളുടെ എണ്ണം വർദ്ധിപ്പിക്കുക,പുതിയ വൈൻ നിർമ്മിക്കാൻ ലൈസൻസ് കൊടുക്കുക എന്നിവയിലൂടെ ഒരു ലഹരിമുക്ത കേരളത്തിനാണ് ഈ സർക്കാർ ശ്രമം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ലഭ്യത കൂടുന്നതനുസരിച്ച് ഉപഭോഗവും വർദ്ധിക്കും  എന്നത് ഒരു സത്യമാണ്. ഇതിൽ നിന്നും യുവതലമുറയെ രക്ഷിക്കണമെങ്കിൽ ലഭ്യത കർശനമായി കുറയ്ക്കണം. ഒപ്പം വ്യാജമദ്യം നിർമ്മിക്കുക,വിൽക്കുക എന്നീ പ്രവർത്തികൾക്ക് കടുത്ത ശിക്ഷയും നൽകണം. ഒരു സാധനം വളരെ എളുപ്പത്തിൽ കിട്ടുന്ന വിധത്തിൽ വിൽപ്പനയ്ക്കു വെക്കുകയും ഒപ്പം അത് ഉപയോഗിക്കരുത് എന്ന് പറയുകയും ചെയ്യുന്നതുകൊണ്ട് എന്താണ് പ്രയോജനം? പുതിയ വൈൻ നിർമ്മാണത്തിന്  ലൈസൻസ് നൽകിയ മന്ത്രി എം ബി രാജേഷ് "അരുത് ലഹരി" എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതും കണ്ടു. ( ഇത്   കാണുമ്പോൾ "അല്ല അറിയാൻ    മേലാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങൾ   പറയുന്നത് എന്തുവാ, ചെയ്യുന്നത്    എന്തുവാ," എന്ന് സിനിമാ സ്റ്റൈലിൽ    ചോദിക്കേണ്ടിവരും )          

 മാലിന്യ മുക്ത കേരളം, ലഹരി മുക്ത കേരളം എന്നെല്ലാം കുറെ നാളായി പറഞ്ഞു കേൾക്കുന്നു. ഇനി ഇങ്ങനെ പോയാൽ ഇതൊരു കാർഷിക മുക്ത കേരളം ആയി മാറുമോ എന്നാണ് ഭയം.