Thursday, July 6, 2023

ദുഃഖം -സ്വയം വരുത്തി വെക്കുന്ന വിന

      ആർക്കും വേദനിക്കാനും വിഷമിക്കാനും ഇഷ്ടമല്ല എന്ന് നമുക്കറിയാം. പക്ഷേ അതില്ലാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല എന്നതാണ് സത്യം. ചിലർ അതിനെ അംഗീകരിച്ച് സന്തോഷമായിരിക്കുന്നു. മറ്റുചിലർ അതിനെപ്പറ്റി പരാതി പറഞ്ഞ് എന്നും ദുഃഖത്തോടെ കഴിയുന്നു. ശാരീരികമായാലും മാനസികമായാലും വേദന നമുക്ക് ഇഷ്ടമല്ല എങ്കിലും കഴിയുന്നതും മറ്റുള്ളവരെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. മുറിവിൽ കുത്തി നോവിക്കുമ്പോൾ കിട്ടുന്ന സുഖം എത്രയെന്ന് അവർക്കേ അറിയൂ.

                  പൊതുവേ നമുക്ക് വേദനകളും വിഷമങ്ങളും ഉണ്ടാകുമ്പോൾ ചുറ്റുമുള്ളവരിൽ ആരെയെങ്കിലും കാരണക്കാരായി കണ്ടെത്തും. ഇനി അതിന് ആരെയും കിട്ടിയില്ല എന്നിരിക്കട്ടെ, അപ്പോൾ ഭഗവാന്റെ നേരെ തിരിയും. " ദൈവമേ എനിക്ക് എന്തിനാണ് ഈ കഷ്ടപ്പാടുകൾ തന്നത് " എന്ന് പരിതപിക്കും. ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയാൽ നിങ്ങളുടെ വേദന മാറുമോ?ഒരിക്കലുമില്ല.കാരണംഈ വേദനയുടെ,വിഷമതയുടെ,കാരണം നമ്മളുടെ ഉള്ളിൽ തന്നെയാണ്. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരണം. ഞാനാണ് എന്റെ ദുഃഖത്തിന് ഉത്തരവാദി എന്ന് തിരിച്ചറിഞ്ഞ് മാറ്റങ്ങൾ കൊണ്ടുവരണം. അങ്ങനെ തിരിച്ചറിഞ്ഞില്ല എങ്കിൽ  വേദനയുടെ കാരണവും ഒരിക്കലും പരിഹരിക്കപ്പെടുകയില്ല. അതെന്നും പല രൂപത്തിൽ പല രീതിയിൽ  നിങ്ങളെ അലട്ടി കൊണ്ടേയിരിക്കും. ദുഃഖത്തിന്റെ ഹേതു നമ്മുടെ ഉള്ളിലാണെങ്കിൽ, അത് ശരിയാക്കാതെ ഇരുന്നാൽ എങ്ങനെയാണ് വിഷമതകൾ മാറുന്നത്? എന്റെ വേദനയുടെ കാരണം ഞാനാണ്. മാറേണ്ടത് എന്റെ ചിന്തകളാണ്. ആ തിരിച്ചറിയൽ നമുക്ക് ഉണ്ടാവണം. സ്വയം മാറാതെ മറ്റൊരാളെ കുറ്റപ്പെടുത്തി കൊണ്ടിരുന്നാൽ ഒരിക്കലും നമുക്ക് ദുഃഖങ്ങളിൽ നിന്നും മോചനം ഇല്ല. ശാരീരികമായാലും മാനസികമായാലും നമ്മുടെ ദുഃഖം അറിയുന്നത് മനസ്സാണ്. ശരീരത്തിന് ഒരു പ്രശ്നമുണ്ടായി ഓപ്പറേഷൻ നടത്തുന്നു എന്ന് വയ്ക്കുക. അപ്പോൾ നമുക്ക് അനസ്തേഷ്യ തന്ന്      ഒന്നുകിൽ മുഴുവനായും അല്ലെങ്കിൽ ആ ഭാഗത്ത് മാത്രമായും മരവിപ്പിക്കും. പിന്നെ നമ്മൾ അവിടെ നടക്കുന്ന കീറലുകളും കുത്തിക്കെട്ടലുകളും  ഒന്നും അറിയുകയില്ല. അതൊന്നും അവിടെ നടക്കാത്തത് കൊണ്ടല്ല,എല്ലാം നടക്കുന്നുണ്ട്. പക്ഷേ ആ വേദനസ്വീകരിക്കാനുള്ള ബ്രയിനിന്റെ കഴിവിനെ നമ്മൾ മരവിപ്പിച്ചു. നിവർത്തിയുമില്ലെങ്കിൽ വേദനയുള്ള ഭാഗം നമ്മൾ ശരീരത്തിൽ നിന്നും മാറ്റുന്നു. പല്ലുവേദന വരുമ്പോൾ പല്ല് എടുക്കും കാലിലെ പഴുപ്പ് മറ്റ് ശരീരഭാഗങ്ങളിലേക്ക് പകരും എന്ന് കണ്ടാൽ ആ ഭാഗം മുറിച്ചുമാറ്റും, ക്യാൻസർ സെല്ലുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പരത്താതെ ഡോക്ടർമാർ അവയും എടുത്തുമാറ്റും. ആ വസ്തു നിലനിൽക്കുമ്പോൾ ഉള്ള വേദന വളരെ അധികമാണെങ്കിൽ അതിനെ എടുത്തു മാറ്റുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. ഇതൊരു സാധാരണ സംഗതിയാണ് താനും. നമ്മുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്. മകന്റെ വിവാഹം കഴിയുന്നതോടെ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ പറ്റില്ല എന്ന് ഭാര്യ പറയും. അവളുമായി സ്വൈരമായി താമസിക്കാൻ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് വേറെ താമസം തുടങ്ങും. ഇന്നലെ വരെ ഒപ്പം കഴിഞ്ഞ മകൻ ഇന്ന് അനുഭവിക്കുന്ന വേദനക്ക് കാരണമായി തോന്നുന്ന അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുവാൻ തയ്യാറായി. അതോടെ അവർക്ക് സുഖമായോ? ഇല്ല.അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ ഭാര്യയായും പ്രശ്നങ്ങൾ ഉണ്ടാകും. ഒടുവിൽ നിവൃത്തിയില്ലാതെ അയാൾ അതും ഒഴിവാക്കും. വിവാഹമോചനം നേടും എന്ന് സാരം. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ വീണ്ടും ദുഃഖങ്ങൾ വരുന്നു. അപ്പോൾ അയാൾ ലഹരിയെ ആശ്രയിക്കാൻ തുടങ്ങും. അതിനും ഒരു പരിധിയുണ്ടല്ലോ. കുറെ കഴിയുമ്പോൾ ലഹരിക്ക് അടിമയായ അയാൾക്ക് ദുഖം താങ്ങാൻ കഴിയാത്ത അവസ്ഥയാകും. അത് അയാളെ കൊണ്ട് എത്തിക്കുന്നത് ആത്മഹത്യയിലേക്ക് ആയിരിക്കും. ഇവിടെ ഓരോ ദുഃഖം വരുമ്പോഴും അയാൾ ഓരോന്നിനെ ഉപേക്ഷിക്കുകയാണ്. അങ്ങനെ അവസാനം മരണത്തിൽ എത്തിനിൽക്കുന്നു. ജീവിതത്തിൽ സ്വയം പരാജയപ്പെടുത്തിയതിന് മരണമാണോ പ്രതിവിധി? ജീവിക്കാൻ അറിയാത്തതാണ് ഇവിടെ മരണത്തിന് കാരണം. മരണത്തെ വരിക്കുന്നതിനുമുമ്പും മരിച്ചവന് തുല്യമായിരുന്നു അയാളുടെ ജീവിതം. ഇതിനു കാരണം സ്വയം തിരിച്ചറിയാത്ത താണ്. എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് മനസ്സിലാക്കിയാൽ ജീവിതത്തിൽ ഒരിക്കലും പരാജയം ഉണ്ടാവില്ല. "ഞാനെന്താ ഇങ്ങനെ" എന്ന് ചിലരെങ്കിലും സ്വയം ചോദിക്കാറുണ്ട്. അതിനു കാരണം അവർ സ്വയം മനസ്സിലാക്കുന്നില്ല എന്നതാണ്.

                 നമ്മൾ ഒരു മെഷീൻ വാങ്ങിയാൽ - അത് ഫാനോ,ടിവിയോ റേഡിയോയോ എന്തുമാകട്ടെ- അത് എങ്ങനെ ഉപയോഗിക്കണം എന്ന് വിവരിക്കുന്ന ഒരു മാനുവൽ കൂടി ഉണ്ടാകും. അതനുസരിച്ച് പ്രവർത്തിപ്പിക്കുകയാണെങ്കിൽഒരു പ്രശ്നവും ഉണ്ടാവില്ല. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിൽ അത്തരം ഒരു മാനുവൽ പ്രത്യേകം ഇല്ല. പക്ഷേ അത് അവന്റെ ഉള്ളിൽ തന്നെയുണ്ട്. ( ഇന്നത്തെ ടിവിയും ഫ്രിഡ്ജും എസിയും ഒക്കെ വാങ്ങുമ്പോൾ അവയിൽ ഇൻബിൽറ്റ്സ്റ്റെബിലൈസർ  ആണെന്ന് പറയാറില്ലേ. അതുപോലെ) പക്ഷേ നമ്മൾ അത്  സ്വയം കണ്ടെത്തണം.ഉള്ളിലുള്ള ആ ശക്തിയെ കണ്ടെത്താൻ പലപ്പോഴും ആരും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അതു കണ്ടെത്തി ആ നിർദ്ദേശം അനുസരിച്ച്  പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ ഒരു പ്രശ്നവുമില്ല, ജീവിതം സുഖകരം. പക്ഷേ ഇത് കണ്ടെത്താൻ വിദ്യ ആവശ്യമാണ്. വിദ്യ എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് സയൻസും കണക്കും ഇംഗ്ലീഷും ഒക്കെ പഠിക്കുക എന്നതല്ല. അത്തരത്തിലുള്ള പഠനം ജീവിക്കുവാനുള്ള വക കണ്ടെത്താൻ സഹായിക്കും. പക്ഷേ ജീവിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കില്ല. അത് സ്വയം കണ്ടെത്തേണ്ടതാണ്. അതിന്  സാധിച്ചില്ല എങ്കിൽ ആ വ്യക്തി ധനികനായാലും- ദരിദ്രനായാലും,പാമരൻ ആയാലും- പണ്ഡിതൻ ആയാലും അയാളിൽ നിന്നും ദുഃഖം വിട്ടു പോകില്ല എന്നതുറപ്പാണ് .

     വേദം ഇല്ലാത്തതാണ് വേദന. വേദം എന്നാൽ അറിവ്. തന്റെ പ്രശ്നത്തിന്റെ കാരണം ഉള്ളിൽ നിന്നും തിരിച്ചറിയാനുള്ള അറിവ് ഇല്ലാത്തതാണ് വേദനയുടെ കാരണം. എന്നാൽ പരിഹാരം തേടി നമ്മൾ പുറത്താണ് അലയുന്നത്. ജ്യോതിഷിയെയും മനശാസ്ത്രജ്ഞരെയും സുഹൃത്തുക്കളെയും ആദ്ധ്യാത്മ പണ്ഡിതരെയും ഒക്കെ സമീപിക്കുന്നത് അതുകൊണ്ടാണ്. നമ്മൾ ഭാവിയെ കുറിച്ച് ഓർത്ത് വേദനിക്കുന്നു,  അല്ലെങ്കിൽ ഭയപ്പെടുന്നു. ആ അനിശ്ചിതത്വത്തിൽ നിന്നും ഒരു മോചനം നേടാനാണ് നമ്മളുടെ ശ്രമം. പക്ഷേ സ്വയം ഉള്ളിലേക്ക് നോക്കി പരിഹാരം കണ്ടെത്താവുന്നതായിട്ടും അതിനു ശ്രമിക്കാതെ മറ്റുള്ളവരെ തേടി പോകും. അവർ എന്ത് പറഞ്ഞാലും, ചെയ്താലും നമ്മൾ സ്വയം തിരിച്ചറിഞ്ഞു മാറിയില്ല എങ്കിൽ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല.

   ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രകൃതിനിയമം ആണെന്ന് കരുതി ആശ്വസിക്കുക അംഗീകരിക്കുക. ഇവിടെ ആത്മീയതയ്ക്ക് വലിയ ഭാഗമാണ് ഉള്ളത്. നമ്മൾ ആത്മാവ് മാത്രമാണെന്നും ഈ ശരീരം നശ്വരമാണന്നും, ആരാലും ഒന്നിനാലും ഈ ആത്മാവിനെ നശിപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കിയാൽ പിന്നെ ആർക്കും ഒന്നിനും നിങ്ങളെ വിഷമിപ്പിക്കാൻ കഴിയില്ല. ഈ ശരീരം എന്നത് ഒരു വേഷം മാത്രമാണ്. ഒരു നടൻ വേഷം കെട്ടി സ്റ്റേജിൽ എത്തി അഭിനയിക്കുമ്പോൾ നമ്മൾ കാണുന്നത് ആ കഥാപാത്രത്തെ മാത്രമാണ്, നടനെ അല്ല. രംഗത്ത് അയാൾ മരിച്ചു വീഴേണ്ട ഭാഗം ഉണ്ട് എന്നിരിക്കട്ടെ, കഥാപാത്രം മരിക്കുന്നു. പക്ഷേ കർട്ടൻ ഇട്ടുകഴിഞ്ഞാൽ ആ നടൻ എഴുന്നേറ്റ് അകത്തേക്ക് പോകും. ഇവിടെ മരിച്ചത് കഥാപാത്രമാണ് നടനല്ല. നമുക്കത് അറിയുകയും ചെയ്യാം. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് നടക്കുന്നത്. ഈ ശരീരം പേറുന്ന കഥാപാത്രം മരിക്കുന്നു.  ആത്മാവ്എ ഴുന്നേറ്റ് പോകുന്നു, മറ്റൊരു കഥാപാത്രമായി രംഗത്തെത്തുന്നു.അത്രമാത്രം. അതായത് "ഞാൻ "എന്നത് ഈ ശരീരമല്ല എന്ന് ചിന്തിക്കുമ്പോൾ "ഞാൻ" എന്ന ഭാവം ഇല്ലാതെയാകും. "ഞാൻ" അപമാനിക്കപ്പെട്ടു എന്ന് തോന്നൽ നമ്മളിൽ ഉണ്ടാവില്ല.

      സ്വയം സന്തോഷിക്കാനുള്ള മറ്റൊരു വഴിയാണ്, ഒരാളെ നമ്മുടെ വഴിയിലേക്ക് കൊണ്ടുവരിക എന്നത്. സ്വയം മാറാൻ കഴിവില്ലാത്ത ഞാൻ എങ്ങനെയാണ് മറ്റൊരാളെ മാറ്റുക? സാധ്യമല്ല. ആദ്യം ശ്രമിക്കേണ്ടത് അവനവനെ തന്നെ നിയന്ത്രിക്കാനാണ്. അതിനുപകരം മറ്റൊരു വ്യക്തിയെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അവർ നിങ്ങളുടെ നിയന്ത്രണ പരിധിയിൽ നിന്നും രക്ഷപ്പെടും- അത് ഭർത്താവായാലും ഭാര്യയായാലും മക്കളായാലും. ഒരു വ്യക്തിയെ നിയന്ത്രിക്കുക എന്നാൽ ആ വ്യക്തിയെ നഷ്ടപ്പെടുത്തുക എന്നാണർത്ഥം. ആർക്കും ഇഷ്ടമില്ലാത്ത ഒരു പ്രവർത്തിയാണ് നിയന്ത്രണം. നമുക്ക് നമ്മുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം. എന്റെ ജീവിതത്തിന്റെ സ്റ്റിയറിംഗും ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും എല്ലാം എന്റെ നിയന്ത്രണത്തിലാണ്. അതിനെ നിയന്ത്രിക്കാൻ എനിക്ക് മാത്രമേ കഴിയൂ. മറ്റൊരാൾക്ക് -അത് ഭാര്യയായാലും ഭർത്താവായാലും മക്കളായാലും -എന്റെ വണ്ടിയെ നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് സത്യം. ഓരോരുത്തരും അവരുടെ ജീവിതം എന്ന വാഹനം മുന്നോട്ടു കൊണ്ടുപോകുന്നു. അതെങ്ങിനെ ഓടിക്കണം എന്നും നിയന്ത്രിക്കണമെന്നും അവർക്കറിയാം. എന്നാൽ എന്റെ വാഹനത്തിൽ ഇരുന്നുകൊണ്ട് ഞാൻ മറ്റൊരു വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചാൽ എന്താവും സ്ഥിതി? അപകടം ഉണ്ടാകും എന്ന് ഉറപ്പാണ്. നമുക്ക് നിയന്ത്രണം നമ്മുടെ കയ്യിലുള്ളവയിൽ മാത്രമാണ്. പക്ഷേ നമ്മൾ ചെയ്യുന്നത് ഇതിന് വിപരീതവും. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നവയെ നിയന്ത്രിക്കാതിരിക്കുകയും, നിയന്ത്രിക്കാൻ കഴിയാത്തവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്തൊരു വിരോധാഭാസം അല്ലേ? നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത മറ്റൊരാളുടെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്. ചിലർ പറയുന്നത് കേട്ടിട്ടില്ലേ  "  ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്ക് പറ്റില്ല. ദേഷ്യം വന്നാൽ ഞാൻ എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ എനിക്ക് പോലും അറിയില്ല "

എന്നൊക്കെ.അങ്ങനെ സ്വന്തം മനസ്സിനെ സ്വാധീനത്തിൽ നിർത്താൻ കഴിയാത്തവരാണ് മറ്റൊരാളുടെ മനസ്സിനും ചിന്തകൾക്കുംപരിധികൾ നിശ്ചയിക്കുന്നത്. ഇത് ആരാണ് അംഗീകരിക്കുക? മറ്റൊരാൾ പറയുന്നതുപോലെ എനിക്ക് ജീവിക്കാൻ സാധിക്കില്ലഎങ്കിൽ, ഞാൻ പറയുന്നതുപോലെ ജീവിക്കാൻ മറ്റൊരാൾക്കും കഴിയില്ല എന്ന് ഓരോരുത്തരും തിരിച്ചറിയണം 

      ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോൾ നാം അറിയാത്ത കാര്യങ്ങൾക്കും പഴി കേൾക്കേണ്ടി വന്നിട്ടുണ്ടാകും. അപ്പോൾ വിഷമവും തോന്നിയിട്ടുണ്ടാവും. അപ്പോൾ നമ്മൾ ചെയ്യേണ്ടത് മനസ്സിനെ ധൈര്യപ്പെടുത്തുകയാണ്. അയാളുടെ മനസ്സ് അയാളുടെ നിയന്ത്രണത്തിൽ അല്ല എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. വഴിയിൽ കൂടി പോകുമ്പോൾ ഒരു ഭ്രാന്തൻ വന്ന ചീത്ത പറഞ്ഞാൽ നമ്മൾ അയാളെ അടിക്കാനോ പറഞ്ഞു മനസ്സിലാക്കാനോ ഒന്നും ശ്രമിക്കില്ല. മനോ നിയന്ത്രണമില്ലാത്ത ബുദ്ധി സ്ഥിരതയില്ലാത്ത ഒരാൾ എന്ന് കരുതി വഴി മാറി പോകും. ഇവിടെയും അത് തന്നെ ചിന്തിച്ചാൽ മതി. ബുദ്ധി സ്ഥിരതയില്ലെന്ന് കരുതി വിട്ടേക്കുക.    നമുക്ക് സമാധാനം ഉണ്ടാകും.

 അപ്പോൾ സമാധാനം എന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ നമ്മൾ തന്നെ കണ്ടെത്തേണ്ട ഒന്നാണ്. ദുഃഖം ഉണ്ടാകുന്നതും സമാധാനം കണ്ടെത്തുന്നതും എല്ലാം നമ്മുടെ ഉള്ളിൽ തന്നെ. വേണമെങ്കിൽ അത് കണ്ടെത്തി നമുക്ക് സന്തോഷമായി ജീവിക്കാം. അതല്ല എങ്കിൽ അസന്തുഷ്ടയിൽ, പരസ്പരം കലഹിച്ചും വെറുത്തും ജീവിതം മുന്നോട്ടു കൊണ്ടുപോകാം. എന്തായാലും അത് നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നതാണ്, മറ്റാർക്കും അതിൽ പങ്കില്ല എന്ന കാര്യം മറക്കാതിരിക്കുക.

Nb: ഇതു വായിച്ചശേഷം നിങ്ങൾക്കും നിങ്ങളുടെ അഭിപ്രായം ഇതിൽ രേഖപ്പെടുത്താം.

 ഏറെ സ്നേഹത്തോടെ...

   കടപ്പാട് : ഞാൻ യൂട്യൂബിൽ കേട്ട മനോഹരമായ ഒരു പ്രഭാഷണം, ആരുടേതെന്നു അറിയില്ല. 🙏