Thursday, March 7, 2024

സിദ്ധാർഥ്. നിറമിഴികളും തകർന്ന ഹആയി കേരളം

   അതിക്രൂരമായ രീതിയിൽ സിദ്ധാർഥ് മരണപ്പെട്ട വാർത്ത കേരളത്തിലെ മനുഷ്യഹൃദയമുള്ള ഏവരെയും നടുക്കും. എന്തിനായിരുന്നു ഈ അതിഭീകരമായ കൊലപാതകം നടത്തിയതെന്ന് ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും അറിയാതെ ചോദിച്ചുപോകും. ഓരോ മാതാപിതാക്കളും ഈ ദാരുണ വാർത്ത കേട്ട് നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാനാകാതെ  സ്വന്തം നെഞ്ചിൽ കൈ വെച്ചു വിങ്ങിയിട്ടുണ്ടാവും. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തത്ര മാത്രം വേദന ഈ വാർത്ത കേട്ട  ഓരോ മനുഷ്യനിലും ഉണ്ടായി കാണണം.

 വിവാഹിതരാകുന്ന ഓരോ ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ്. ആ കുഞ്ഞ് എത്തുന്നതോടെ അത് ഒരു കുടുംബം ആകുന്നു. ആ കുടുംബത്തിലെ ഓരോ വ്യക്തികളെയും പരസ്പരം അടുപ്പിക്കാൻ ആ കുഞ്ഞിന് കഴിയും. ഭാവിയുടെ വാഗ്ദാനമായ ആ കുരുന്നിനെ ഏറെ സ്നേഹിച്ച് അതിന് നല്ല ഒരു ഭാവി ഉണ്ടാക്കാനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. അങ്ങനെ സ്നേഹിച്ച് ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന ഒരു മകൻ അതി പൈശാചികമായ രീതിയിൽ കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ മാതൃ -പിതൃ  ഹൃദയങ്ങളുടെ  പിടപ്പ്  ഒരു അമ്മ എന്ന നിലയിൽ എനിക്കും,  നിങ്ങൾക്കും മനസ്സിലാകും. സ്വന്തം മക്കൾ സ്കൂളിൽ നിന്നും വരാൻ താമസിച്ചാൽ- എന്തിന് ഉദ്യോഗസ്ഥരായ മക്കൾ പോലും വരാൻ അല്പം താമസിച്ചാൽ - നെഞ്ചുരുകുന്നവർക്ക് ഈ വേദനയുടെ ആഴം എത്രയെന്ന് പറയേണ്ടതില്ല.  വയസ്സുകാലത്ത്   തനിക്കൊരു താങ്ങാകേണ്ട മകനാണ്, മറ്റുള്ളവരുടെ അസൂയ മൂലം അവരുടെ ആക്രമണത്തിൽ ഇഞ്ചിഞ്ചായി മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനെ മൃഗീയം എന്നല്ല പൈശാചികം എന്ന് മാത്രമേ പറയാൻ കഴിയൂ. പിശാചുക്കൾക്ക് പോലും ഇത്രയും ക്രൂരത കാണുമോ എന്ന് സംശയമാണ്.

     എന്തിനായിരുന്നു സിദ്ധാർഥിനെ ഇങ്ങനെ ഇല്ലാതാക്കിയത്? എന്ത് തെറ്റാണ് അവൻ മറ്റുള്ളവരോട് ചെയ്തത്? ഒരുകൂട്ടം വിദ്യാർത്ഥികളുടെ അസൂയയും അഹങ്കാരവുമോ? ഇങ്ങിനെ ചെയ്തവർ ഒരിക്കലും "വിദ്യാർഥികൾ" അല്ല. അവരെ അങ്ങനെ കാണാനും പാടില്ല. 'വിദ്യ' അർത്ഥിക്കുന്നവൻ ആണ് വിദ്യാർത്ഥി. വിദ്യ എന്നാൽ ജ്ഞാനം- അറിവ്. അല്ലാതെ കൂടെ പഠിക്കുന്നവരെ തല്ലിക്കൊന്നും അധ്യാപകരെ ആക്രമിച്ചും അപമാനിച്ചും നടക്കുന്നവരെ വിദ്യാർത്ഥികളായി  കാണരുത്,  പറയരുത്. ഒരു നിമിഷം -ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിനിടെ ഒരു നിമിഷമെങ്കിലും അവർ സ്വന്തം അച്ഛനമ്മമാരെയും സഹോദരങ്ങളേയും ഓർത്തിരുന്നെങ്കിൽ. എന്നെപ്പോലെ, ഒരു അച്ഛന്റെയും അമ്മയുടെയും മകനെയാണ് ഞാൻ ഈ ആക്രമിക്കുന്നത്- ഇല്ലാതാക്കുന്നത് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ഇങ്ങനെ ഒരാളെ ഇല്ലാതാക്കിയാൽ എന്ത് നേട്ടമാണ് ഇവർക്ക് ഉണ്ടാവുക?

      തന്റെ കുട്ടികൾക്ക്  ഒരു നല്ല ജീവിതം ഉണ്ടാകണം എന്നാകും മാതാപിതാക്കളുടെ ആഗ്രഹം. ഒരു ആക്രമണകാരിയായി തന്റെ മകൻ ജയിലിൽ പോകണമെന്ന് ഒരു രക്ഷകർത്താവും ചിന്തിക്കില്ല. പിന്നെ ആരാണ് ഇവരെ ആക്രമണത്തിലേക്ക് തള്ളിവിടുന്നത്? അതാണ് ചിന്തിക്കേണ്ട വിഷയം. ലഹരിയും രാഷ്ട്രീയവുമാണ് യുവതലമുറയെ വഴിതെറ്റിക്കുന്നത്  എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടമായി മാറുകയാണ് ഇന്നത്തെ വിദ്യാലയങ്ങൾ. രാഷ്ട്രീയത്തിന്റെ പേരിൽ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമിക്കുമ്പോൾ പലപ്പോഴും അധ്യാപകരും അവർക്കൊപ്പം നിൽക്കുന്നു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ വിദ്യാർത്ഥി ഘടകത്തെ സംരക്ഷിക്കാനും അവരുടെ ആക്രമണ പ്രവർത്തനങ്ങൾക്ക് വളം വച്ചു കൊടുക്കാനും ഇത്തരം അധ്യാപകർ കൂട്ടുനിൽക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ആര് ചെയ്താലും തെറ്റ്, തെറ്റാണെന്നല്ല, തന്റെ പാർട്ടിയിൽ പെട്ടവരുടെ തെറ്റ് ശരിയാണെന്ന് വാദിക്കാൻ അവർക്കും മടിയില്ല. വിദ്യാലയത്തിലെ അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് നിൽക്കും എന്നാണ് ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നത്. രക്ഷകർത്താക്കളുടെ ആ വിശ്വാസം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. കുട്ടികളുടെ തെറ്റ് തിരുത്തി നേർവഴിക്കു നയിക്കേണ്ട     അധ്യാപകർ കുരുതിക്ക്  കൂട്ടുനിൽക്കരുത്.

   വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാലയം ആയാണ് ഇപ്പോൾ പറയുന്നത്. കലകളുടെ ആലയം, അതാണോ വിദ്യാഭ്യാസം? വിദ്യാലയത്തെ വിദ്യാലയമായി തന്നെ കാണണം. അത് കലാലയമല്ല. രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ടവരാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ അറിയുന്നതും അതിൽ താൽപര്യം തോന്നുന്നതും തെറ്റല്ല. പക്ഷേ അതിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ തമ്മിൽ ആക്രമണം തുടങ്ങുമ്പോൾ ഇത് തെറ്റാവുന്നു. ഓരോ വ്യക്തികൾക്കും ഓരോ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്, യുവ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും. അത് ഏവരും അംഗീകരിക്കണമെന്നും പിന്തുടരണമെന്നും നിർബന്ധം പിടിക്കുമ്പോഴാണ് കലാപമായി മാറുന്നത്. കോളേജിൽ രാഷ്ട്രീയ ഇലക്ഷൻ പാടില്ല എന്നതാണ് എന്റെ പക്ഷം. ഓരോ രംഗത്തും പ്രഗൽഭനായ വിദ്യാർഥികൾ -അത് രാഷ്ട്രീയം നോക്കാതെ- തിരഞ്ഞെടുക്കപ്പെടണം. അവർക്ക് കോളേജിന്റെയും വിദ്യാർഥികളുടെയും ഉന്നതിക്കായി പ്രവർത്തിക്കാൻ കഴിയണം. എന്നാൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി ശാരീരികമായും മാനസികമായും എതിർക്കാനും ആക്രമിക്കാനും ആണ് വിഭിന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ള മറ്റു കുട്ടികളുടെ ശ്രമം.   ഈ ശ്രമത്തെ അതിജീവിക്കാൻ കോളേജ് അധികൃതർക്ക്‌   സാധിച്ചാലെ ആ സ്ഥാപനം പൂർണ്ണമായ അർത്ഥത്തിൽ വിദ്യാലയമാകു. ഇത്തരം ആക്രമണങ്ങൾ മുളയിൽ തന്നെ നുള്ളാൻ അധ്യാപകർക്കും പ്രിൻസിപ്പലിനും സാധിക്കണം. അച്ചടക്കം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും കോളേജ് അധികൃതർ തയ്യാറാകരുത്. ഒരു നിവർത്തിയും ഇല്ലായെങ്കിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യകാരണസഹിതം  ആ കുട്ടികളെ കോളേജിൽ നിന്നും പുറത്താക്കണം. ഒപ്പം വിദ്യാലയത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽപ്പെട്ട് ആക്രമണങ്ങൾ നടത്തിയവർക്ക് ഉപരിപഠനം,ജോലി, പാസ്പോർട്ട്ഇവ കൂടി നിഷേധിക്കണം.

    കോളേജിൽ ഇന്ന് പഠനത്തിനല്ല, രാഷ്ട്രീയത്തിനാണ് പ്രാധാന്യം. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ കേരളത്തിൽ ഉള്ളതുപോലെ വിദ്യാലയ രാഷ്ട്രീയം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇവിടുത്തെ വിദ്യാലയങ്ങൾ ഇന്ന് രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. രാഷ്ട്രീയമില്ലാത്ത  കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റില്ല എന്ന് വരെയായിട്ടുണ്ട്.

     വിദ്യാലയങ്ങളിലെ ഈ രാഷ്ട്രീയ തിമിരം മൂലം എത്ര ജീവനുകളാണ് നമുക്ക് നഷ്ടമായത്?. ഇത്രയും സംഭവിച്ചിട്ടും ഇനിയും ഈ രാഷ്ട്രീയക്കാർ ഇതിൽ നിന്നും പിന്മാറാത്തത് എന്താണ് ? ഇങ്ങനെയായാൽ, വിദ്യാലയങ്ങളിൽ രാഷ്ട്രീയം ശക്തമാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം പൊതുജനങ്ങളെടുക്കണം. അപ്പോൾ മാത്രമേ അല്പമെങ്കിലും നിയന്ത്രണം ഉണ്ടാകു. 2017 ൽ ക്യാമ്പസ് രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു എങ്കിലും അതിനു പുല്ലുവിലയാണ് രാഷ്ട്രീയക്കാർ നൽകിയത്. അതിനു തെളിവാണല്ലോ എന്നും തുടരുന്ന ഈ രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും. ഇത്തരത്തിൽ രാഷ്ട്രീയ നിയന്ത്രണമുള്ള കോളേജുകളുടെ ലൈസൻസ് തന്നെ റദ്ദാക്കാൻ കോടതിക്ക് സാധിച്ചാൽ ഒരു പക്ഷേ രാഷ്ട്രീയ അതിപ്രസരത്തെ തടയാൻ സാധിച്ചേക്കും. സാധാരണ കുടുംബത്തിലെ കുട്ടികൾ മാത്രമാണ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്നത് എന്ന സത്യവും നമ്മൾ തിരിച്ചറിയണം.

  കുട്ടികൾ വിദ്യാലയത്തിൽ പോകുന്നത് പഠിക്കാനാണ്. അവർ പഠിച്ച് മിടുക്കരാകട്ടെ. നല്ല ജോലി നേടട്ടെ. നാടിന് അഭിമാനമായി മാറട്ടെ. ആരുടെയും ജീവൻ എടുക്കാനല്ല, ജീവിതം കൊടുക്കാൻ പഠിക്കട്ടെ.അപ്പോഴും സ്വന്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും അത് തുടർന്നു പോകാനും അവന് കഴിയട്ടെ. പക്ഷേ ആ വിശ്വാസത്തിന്റെ പേരിൽ മറ്റൊരു പാർട്ടിയിൽ പെട്ട വ്യക്തിയെ ഇല്ലാതാക്കാൻ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നവർക്കും അധികാരമില്ല, അവകാശമില്ല.

   പലപ്പോഴും ആക്രമണങ്ങൾ നടത്തിയവരെ ആ പാർട്ടികൾ സംരക്ഷിക്കുന്നു, ഏറ്റെടുക്കുന്നു. ഇവിടെ നഷ്ടമുണ്ടാകുന്നത് സാധാരണക്കാർക്ക് മാത്രം. സാധാരണക്കാരുടെ വോട്ട് നേടി അവർക്കെതിരെ തിരിയുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയെയും അംഗീകരിക്കാൻ നമുക്ക് സാധ്യമല്ല.

   വിദ്യാലയങ്ങളിൽ ആക്രമണത്തിൽപെട്ട് മരിക്കേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. അത് അവർ എസ്എഫ്ഐ യോ കെഎസ്‌യുവോ എബിവിപിയോ തുടങ്ങി ഏതു വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ടവരായാലും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇത്തരം ആക്രമണങ്ങൾക്കെതിരെ രംഗത്തുവരണം. പൊതുജനങ്ങൾ രാഷ്ട്രീയ ഭേദമെന്യേ ഇത്തരം പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ സംഘടിച്ചേ മതിയാകൂ. കാരണം ഇവിടെ മരണപ്പെടുന്നത് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ്. അവരെ ഇല്ലാതാക്കുന്നതും നമ്മുടെ കുട്ടികൾ തന്നെ. അതിനാൽ അവരെ നേർവഴിക്കു കൊണ്ടുവന്നേ മതിയാകൂ. അതിനായി പൊതുജനങ്ങൾ ഒരുമിക്കേണ്ടിയിരിക്കുന്നു.

  സിദ്ധാർഥ്, ഇത് നീ അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല, നിനക്കായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.😞 എങ്കിലും, എന്റെ കുഞ്ഞേ, ഞാൻ കണ്ടിട്ടില്ലാത്ത നിന്റെ ഓർമ്മയ്ക്ക് മുമ്പിൽ കണ്ണുനീരോടെ മാപ്പ് ചോദിക്കുന്നു... മാപ്പ്...മാപ്പ്.... 😞


ഏറെ വേദനയോടെ...

മീര നമ്പൂതിരി