Thursday, April 20, 2023

ഒരു തിരിഞ്ഞുനോട്ടം

  താമസിച്ചു പോയി എങ്കിലും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🙏.

  ഇന്നത്തെ തലമുറയുടെ സുഖഭോഗങ്ങളോടുള്ള അമിതമായ താൽപര്യം കാണുമ്പോൾ ഒരു കഥയാണ് മനസ്സിൽ വരുന്നത്. പലരും കേട്ടിട്ടുള്ളതായിരിക്കും എങ്കിലും ഒന്നുകൂടി പറയട്ടെ.

 ഒരു മനുഷ്യൻ പുഴവക്കത്തിരുന്ന് മീൻ പിടിക്കുകയായിരുന്നു. അന്നത്തെ ഭക്ഷണത്തിന് തികയും എന്ന് തോന്നിയപ്പോൾ അയാൾ മീൻ പിടിക്കൽ നിർത്തി വീട്ടിലേക്ക് പോയി. അവിടെ ചെന്ന്  ആ മീൻ കൂട്ടി ഭക്ഷണം കഴിച്ച് വിശ്രമിച്ചു. അയാളുടെ പ്രവർത്തികളെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഒരു യുവാവ് ഒപ്പം ഉണ്ടായിരുന്നു. ആ യുവാവ് ചോദിച്ചു" ഒരു മീൻ മാത്രം പിടിച്ചു മടങ്ങാതെ താങ്കൾക്ക് കൂടുതൽ മീൻ പിടിച്ചു കൂടെ "

 അപ്പോൾ ആ മനുഷ്യൻ തിരിച്ചു ചോദിച്ചു "എന്നിട്ട്?"

 യുവാവ്- അത് വിറ്റ് പൈസ ഉണ്ടാക്കാം

 മനുഷ്യൻ -എന്നിട്ട്?

 യുവാവ് -കൂടുതൽ പണം ആകുമ്പോൾ ഒരു മീൻ പിടിക്കുന്ന ബോട്ട് വാങ്ങാം.

 മനുഷ്യൻ- എന്നിട്ട്?

 യുവാവ് -കിട്ടുന്ന ലാഭം കൊണ്ട് നല്ല വീട് വയ്ക്കാം

 മനുഷ്യൻ- എന്നിട്ട്?

 യുവാവ്- വീണ്ടും ധാരാളം സമ്പാദിക്കാം

 മനുഷ്യൻ- എന്നിട്ട്?

 യുവാവ്- നിങ്ങൾക്ക്  വയ്യാതാകുമ്പോൾ സുഖമായി വിശ്രമിക്കാം

 മനുഷ്യൻ- അതു തന്നെ അല്ലേ ഞാനിപ്പോൾ ചെയ്യുന്നത്.🤭

 രസകരമായ ഒരു കുഞ്ഞു കഥ, അല്ലേ? ആ മനുഷ്യന്റെ ചിന്താഗതി നോക്കിയാൽ അയാൾക്ക് ഭൗതിക സുഖങ്ങളോട്    യാതൊരു പ്രതിപത്തിയും ഇല്ല എന്ന് കാണാം. പക്ഷേ യുവാവിനെ സംബന്ധിച്ചിടത്തോളം ഇനിയും ഇനിയും നേടണം എന്ന  ത്വരയാണ് ഉള്ളതെന്നും മനസ്സിലാകും. സമൂഹത്തിൽ ഇന്നു കാണുന്നതിന്റെ പ്രതിഫലനമാണ് ഈ കഥ എന്നു പറയാം. എല്ലാം നേടാനുള്ള അത്യാഗ്രഹം. മറ്റുള്ളവർക്കുള്ളതെല്ലാം എനിക്കും വേണം എന്ന തോന്നൽ. ഇതെല്ലാം നേടിയാൽ മനുഷ്യന് സംതൃപ്തി ഉണ്ടാകുമോ? ഒരിക്കലുമില്ല. ഒന്ന് നേടുമ്പോഴേക്കും ഒരായിരം ആഗ്രഹങ്ങൾ പൂർത്തീകരണം കാത്ത് വരിവരിയായി നിൽക്കും.തന്നെ മറന്നും തന്റെ ഒപ്പമുള്ളവരെ മറന്നും എന്ത് നേടാനാണ്? ഇങ്ങിനെ നേടിയിട്ട് എന്ത് പ്രയോജനം? പലരും തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനിടെ മറന്നു പോകുന്ന ചില കടമകൾ ഉണ്ട്‌,  ബന്ധങ്ങൾ ഉണ്ട്. അച്ഛനമ്മമാരോട്, സഹോദരി സഹോദരന്മാരോട്, ഭാര്യാഭർത്താക്കന്മാർ തമ്മിൽ, കുട്ടികളോട്,  സുഹൃത്തുക്കളോട് ഒക്കെയുള്ള കടമകൾ. തന്റെ ചുറ്റുമുള്ള ഈ ബന്ധങ്ങളെയെല്ലാം അവഗണിച്ച് അവരുടെ ആരുടേയും സന്തോഷവും സങ്കടവും അറിയാതെ സ്വന്തം താൽപര്യം മാത്രം മുൻനിർത്തിയുള്ള ആ പരിശ്രമം പക്ഷേ പലപ്പോഴും വിജയം കാണാറില്ല. ഇനി വിജയം കണ്ടാലും, അവരുടെ കണ്ണീരിന് പിന്നീട് കണക്ക് പറയേണ്ടി വരിക തന്നെ ചെയ്യും. ലക്ഷ്യം നേടിയ ശേഷം ചുറ്റുമുള്ളവരെ പരിഗണിക്കാം എന്നാവും പലപ്പോഴുംഇവർ ചിന്തിക്കുന്നത്. പക്ഷേ അപ്പോഴേക്കും കാലം വളരെ കഴിഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ പരിഗണന ആവശ്യമില്ലാത്തത്ര ദൂരത്തിൽ അവർ എത്തിയിട്ടുണ്ടാകും. നിങ്ങളുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ അപ്പോഴേക്കും മാതാപിതാക്കൾ ഈ ലോകം വിട്ടു പോയേക്കാം. സഹോദരങ്ങൾ, നിങ്ങളുടെ സഹായമില്ലാതെ, സ്വന്തം കുടുംബം കരുപ്പിടിപ്പിക്കുകയാവും. മക്കൾക്ക് നിങ്ങളുടെ ആവശ്യം തന്നെ ഇല്ല എന്ന് സ്ഥിതിയിലായേക്കാം. പങ്കാളി അന്യനെപ്പോലെ /അന്യയെപ്പോലെ നിങ്ങളെ കണക്കാക്കിയേക്കാം. താൻ നേടിയതൊന്നും ഇന്ന് ആർക്കും വേണ്ട എന്ന് തിരിച്ചറിവിൽ-തന്റെ ശ്രമം വൃഥാവിലായി  എന്നും   ഇന്നുതൻ ആർക്കും വേണ്ടാത്ത ഒരു ഒരാളായി മാറി എന്നും ഉള്ള തിരിച്ചറിവിൽ- നിങ്ങൾ ഒരുപക്ഷേ തകർന്നു പോകും. കൊടുക്കേണ്ടത്, കൊടുക്കേണ്ട സമയത്ത് കൊടുക്കണം. ദാഹിക്കുമ്പോൾ ആണ് വെള്ളം കൊടുക്കേണ്ടത്. വിശക്കുമ്പോൾ ഭക്ഷണവും. സ്നേഹം ആവശ്യമുള്ള സമയത്ത് അത് കൊടുക്കാൻ കഴിയണം. സ്വന്തം മാതാപിതാക്കളെ സ്നേഹിച്ച്അനുസരിച്ച് അവരുടെ താൽപര്യം അറിഞ്ഞു ജീവിച്ചാൽ പശ്ചാത്താപത്തിന് ഇടയുണ്ടാകില്ല. കുട്ടികളെ എന്നും സ്നേഹിക്കുമെങ്കിലും അവരുടെ ബാല്യ-  കൗമാരകാലം എന്നും അവരോടൊപ്പം അവരുടെ ഇഷ്ടം അറിഞ്ഞു ജീവിക്കാൻ കഴിയണം. സഹോദരങ്ങൾ എന്നും ശക്തിയാണ്. അവരെ ഹൃദയത്തോട് ചേർത്തുനിർത്താൻ ഒരിക്കലും മറക്കരുത്. ജീവിതപങ്കാളിയോടൊപ്പം ഉള്ള ദാമ്പത്യം, പരസ്പരം അറിഞ്ഞും സ്നേഹിച്ചും ആയിരിക്കണം. ജീവിതത്തിന്റെ ഒടുവിൽ വരെ ഉണ്ടാകുക ഭാര്യ ഭർത്താക്കന്മാർ മാത്രമാണ് ( മരണം എപ്പോൾ വേണമെങ്കിലും വരാം എന്ന സത്യം മറക്കുന്നില്ല). തിരിച്ചു സ്നേഹിച്ചില്ലെങ്കിലും അച്ഛനമ്മമാർ ശപിക്കില്ല. 😞പക്ഷേ സഹോദരങ്ങൾ പിണങ്ങും,പിരിയും. തനിക്ക് കിട്ടിയ സ്നേഹം പോലും തിരിച്ചു നൽകാത്ത മക്കൾ,കിട്ടാത്ത സ്നേഹം തിരിച്ചു കൊടുക്കില്ലല്ലോ( നമ്മൾ  സ്വന്തം താല്പര്യങ്ങൾക്കായി മാതാപിതാക്കളെ അവഗണിച്ചില്ലേ അതുതന്നെ ഇതിന് ഉദാഹരണം. നമ്മളെയും നമ്മളുടെ മക്കൾ അവഗണിച്ചേക്കാം).

 എനിക്കറിയാവുന്ന ഒരു യുവാവ് ഉണ്ട്. അവന് സ്വന്തം മാതാപിതാക്കളോട് ഒരു ഇഷ്ടവുമില്ല, പ്രത്യേകിച്ചും അമ്മയോട്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നത് കൊണ്ട് അവനെ വളർത്തിയത് മറ്റുള്ളവരായിരുന്നു. എനിക്ക് വേണ്ടി സമയം നീക്കി വയ്ക്കാത്ത ഇവരെ എനിക്കും വേണ്ട എന്നാണ് അവൻ ഇപ്പോൾ പറയുന്നത്. സത്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇന്നത്തെ ജീവിത നിലവാരത്തിൽ രണ്ടുപേർക്കും ജോലി അത്യാവശ്യമാണ്. അതിനെതിരെ കുറ്റം പറയാൻ പറ്റില്ല. പക്ഷേ സ്വന്തം മകനുവേണ്ടി കുറച്ച് സമയം ചിലവഴിക്കാമായിരുന്നു. അവന്റെ കുഞ്ഞു സന്തോഷവും സങ്കടവും കേൾക്കാൻ അവനോടൊപ്പം ഉണ്ടാകണമായിരുന്നു. ഇങ്ങിനെ ചെയ്യാത്ത മാതാപിതാക്കളെ കുട്ടികൾ എങ്ങനെ സ്നേഹിക്കും? പണത്തിനും പദവിക്കും സ്വാർത്ഥതയ്ക്കുമായി കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകാത്തവരെ സ്നേഹിക്കാൻ ആർക്കാണ് കഴിയുക? അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്നേഹം നദി പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. താഴോട്ടു മാത്രമേ ഒഴുകു. മക്കളെയും കൊച്ചുമക്കളെയും പരിഗണിക്കുന്ന നമ്മൾ, മുതിർന്ന മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കും. നമ്മളും നടന്ന അടുക്കുന്നത് അവർ നിന്ന സ്ഥലത്തേക്ക് തന്നെയാണ്. എന്നിട്ടും നമ്മൾ അത് തിരിച്ചറിയുന്നില്ല. എന്തൊരു കഷ്ടമാണ് അല്ലേ.☹️

 പറയാൻ ഒന്നു മാത്രമേയുള്ളൂ. ജീവിതം എന്നത് വളരെ ചെറുതാണ്. ഇന്നലത്തെ ദിവസമല്ല, കഴിഞ്ഞ ഒരു നിമിഷം പോലും നമുക്ക് തിരിച്ചു കിട്ടില്ല. ഇപ്പോഴുള്ളവരിൽ എത്രപേർ നാളെ ഉണ്ടാകും എന്നും അറിയില്ല.അമിതമായ ആഗ്രഹത്തിന്റെയും,ഈഗോയുടെയും, സ്വാർത്ഥതയുടെയും എല്ലാം പേരിൽ നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതമാണ് എന്ന് തിരിച്ചറിയൽ എല്ലാവർക്കും ഉണ്ടാവണം. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളേയും മക്കളെയും പങ്കാളിയെയും ചേർത്തുപിടിക്കാൻ മടിക്കരുത്. 🤗അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്, കർത്തവ്യമാണ്. നമ്മുടെ ചുറ്റും ഉള്ളവരെ, അവർ എന്തു ചെയ്തു എന്നു നോക്കാതെ തന്നെ സ്നേഹിക്കണം, കാരണം നമ്മളിൽ ആരൊക്കെ അടുത്ത നിമിഷം ഉണ്ടാകും എന്നറിയില്ലല്ലോ. ഒരാൾ ജീവിതത്തോട്  വിടപറഞ്ഞു പോയശേഷം നമുക്ക്പശ്ചാത്താപം തോന്നിയിട്ടോ കുറ്റബോധം തോന്നിയിട്ടോ ഒരു കാര്യവും ഇല്ല. അതുകൊണ്ട്  ജീവിച്ചിരിക്കുമ്പോൾ  ചെയ്യേണ്ട കർമ്മങ്ങൾ ഏവരും ചെയ്യുക തന്നെ വേണം.🙏 വൈര്യം മറന്ന് സ്നേഹിക്കാനായാൽ ഈ ലോകം തന്നെ മാറും എന്നതിൽ സംശയമില്ല, പിന്നെയാണോ നമ്മുടെ ചുറ്റുമുള്ള ബന്ധങ്ങൾ.😊

ഏറെ സ്നേഹത്തോടെ......😊

Friday, April 7, 2023

ചിന്തകളും ജീവിതവും

   വാക്ക് അഗ്നിയാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പകരാനുംഅത് ചുട്ടെരിക്കാനും വാക്കുകൾക്ക് കഴിയും. വേദനയാൽ കണ്ണുനിറയ്ക്കാനും സന്തോഷം കൊണ്ട് മനസ്സുനിറയ്ക്കാനും ഇതേ വാക്കിന് സാധിക്കും. മനസ്സിനെ ശുദ്ധമാക്കാനും, മലീമസമാക്കാനും കഴിയുന്ന വാക്കുകൾ, ശാന്തരാക്കുവാനും വികാര തീവ്രത കൈവരിക്കാനും സഹായിക്കും. വാക്കുകൾ കേൾക്കുമ്പോൾ വേദന തോന്നുന്ന വ്യക്തിക്ക് കേട്ട വാക്കിനോട് പൊറുക്കാനേ കഴിയൂ, മറക്കാൻ കഴിയില്ല എന്നതിനാൽ  വാക്കുകൾ ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കേണ്ടതാണ്.  വേണ്ടപ്പോൾ വേണ്ടതുമാത്രം സംസാരിക്കുന്ന വ്യക്തിയിലൂടെ വാക്കുകൾ മനോഹരമാകുന്നു.

     വാക്കുകൾക്ക് രൂപം നൽകുന്നത് നമ്മുടെ ചിന്തകളാണ്. വ്യക്തിയുടെ ചിന്താരീതി, പറയുന്നതും എഴുതുന്നതുമായ വാക്കുകളിൽ നിന്നും മനസ്സിലാകും. നല്ലത് ചിന്തിക്കുന്ന മനസ്സിന്റെ ഉടമകളിൽ നിന്നും വരുന്ന വാക്കുകളും സുന്ദരമായിരിക്കും. ഒപ്പം നിൽക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹായിക്കുന്ന വാക്കുകളാവും അത്. ആ വാക്കുകളിലൂടെ കേൾക്കുന്നവരുടെ ഹൃദയത്തിൽ അവർ ഇടം നേടും. അങ്ങനെ വാക്കുകളിലൂടെ അവരുടെ  ചിന്താശൈലിയിൽ ആകൃഷ്ടരാകുന്ന നമ്മൾ ആ ശൈലിയെയും പിന്തുടരാൻ ശ്രമിക്കും. ചുരുക്കത്തിൽ നല്ല ചിന്തകളും നല്ല വാക്കുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നല്ല ചിന്തകളിലൂടെ നല്ല വാക്കുകൾ വരുന്നു. നല്ല വാക്കുകൾ കേൾക്കുന്നവർ നല്ല ചിന്തയിലേക്കു മാറുന്നു.

  ഗുണകരവും പ്രചോദനകരവുമായ ചിന്തകൾ നമ്മുടെ ജീവിതത്തിന് നിറം പകരും എന്നതിന് സംശയമില്ല. എപ്പോഴാണോ നമ്മുടെ ചിന്തകൾ തെറ്റായ  വഴിയിലേക്ക് നീങ്ങുന്നത് അപ്പോൾ തന്നെ അത് നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം. ഇത് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്നതൊന്നുമല്ല. എങ്കിലും കഠിനമായ പരിശ്രമത്തിലൂടെ അത് സ്വായത്തമാക്കാൻ സാധിക്കും. അതിനു വേണ്ടത് ഒരു വ്യക്തിയെ പറ്റി തെറ്റായ ചിന്തകൾ വരുമ്പോൾ ആ വ്യക്തിയുടെ നന്മയെ പറ്റി ചിന്തിക്കുക എന്നതാണ്. ഉദാഹരണമായി A എന്ന വ്യക്തിയെ നമുക്ക് ഇഷ്ടമല്ല എന്ന് കരുതുക. A ചെയ്തിട്ടുള്ള മോശം പ്രവർത്തികൾ മാത്രം ഓർത്താൽ തീർച്ചയായും അയാളെ നമ്മൾ വെറുക്കും. എന്നാൽ ഒരാളിൽ തിന്മകൾ മാത്രമല്ല നന്മയും കാണും എന്നതാണല്ലോ സത്യം.ആ നന്മകൾ നമ്മൾ തിരിച്ചറിയണം. അങ്ങനെ A  എന്ന വ്യക്തി ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ഓരോന്നായി നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ A എന്ന വ്യക്തിയോടുള്ള വെറുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെ തന്നെ, നമ്മുടെ ചിന്തകളിൽ വരുത്തിയ മാറ്റത്തിലൂടെ മനോഭാവത്തിൽ ഉണ്ടായ അത്ഭുതകരമായ മാറ്റം നോക്കൂ! വിശ്വസിക്കാൻ കഴിയില്ല അല്ലേ! ഇത് നല്ല ചിന്തയുടെ ഫലമാണ്. ചിന്തയിൽ മാറ്റം വരുത്തിയാൽ നമ്മളിലെ വിരോധവും വെറുപ്പും എല്ലാം ഇല്ലാതാകും. നല്ല ചിന്തകളും നല്ല വാക്കുകളും ബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായിക്കും.

  ചിലപ്പോൾ നമ്മൾ വാക്കുകളെ തെറ്റിദ്ധരിക്കാറുണ്ട്. ഈ തെറ്റിദ്ധാരണകൾ, അകൽച്ചയ്ക്കും  വിദ്വേഷത്തിനുമെല്ലാം കാരണമാകാറുമുണ്ട്.  സ്വന്തം തെറ്റിദ്ധാരണകൾക്ക് കാരണം നമ്മുടെ തെറ്റായധാരണകൾ ആണെന്ന് തിരിച്ചറിഞ്ഞാൽ മറ്റുള്ളവരുടെ വാക്കുകളെ തെറ്റിദ്ധരിക്കില്ല. തെറ്റിദ്ധാരണകൾ തനിയെ മാറുന്നവയല്ല. നമ്മൾ മാറ്റേണ്ടവയാണ്. നമ്മുടെ ചിന്തകളെ കൂടുതൽ വിശാലമാക്കിയാൽ ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പറ്റും.  

         സ്വാർത്ഥതാപരമായ ചിന്തകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമാകും. . മറ്റുള്ളവരിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന വൈകാരിക സുഖത്തിനു വേണ്ടിയാണ് പലപ്പോഴും നമ്മൾ ശ്രമിക്കുന്നത്. ഒരുപടി താഴെ നിൽക്കേണ്ടി വന്നാൽ പിന്നെ അസ്വസ്ഥതയാണ്. എങ്ങിനെയെങ്കിലും മുകളിൽ എത്താനുള്ള തത്രപ്പാടാണ് പിന്നീട്. നമ്മുടെ ലക്ഷ്യം തന്നെ എങ്ങിനെയെങ്കിലും നേതൃസ്ഥാനത്ത് എത്തണം എന്നതായതിനാൽ ആ പരിശ്രമത്തിൽ ഉദ്ദേശശുദ്ധിയും കർമ്മശുദ്ധിയും ഉണ്ടാകണമെന്നില്ല. ചിലർ തനിക്ക് ലഭിച്ച കർമ്മങ്ങൾ ഭംഗിയോടെ ചെയ്യും. അതിൽ താൻ 'തലവൻ 'ആണോ 'താഴെയാണോ' എന്നൊന്നും ചിന്തിക്കില്ല. സന്തോഷത്തോടെ ചെയ്യുന്നതുകൊണ്ട് അയാൾക്ക് മനസ്സമാധാനവും ഉണ്ടാവും. എന്നാൽ മറ്റു ചിലരുടെ ലക്ഷ്യം ഒപ്പമുള്ളവരിൽ നിന്നും ഉയരെ എത്തുക എന്നതാണ്. ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ സന്തോഷമില്ലാതെ ഉയർന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇവർ. താൻ ചെയ്യുന്ന പ്രവർത്തിയിൽ ഇവർക്കൊരിക്കലും സന്തോഷമോ സംതൃപ്തിയോ ഉണ്ടാകാറില്ല. ഇതുമൂലം മുകളിൽ എത്തിയാലും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഇവർക്ക് സാധിക്കുന്നില്ല.

 ജീവിതത്തെ മാറ്റിമറിക്കാൻ നമ്മുടെ ചിന്തകൾക്ക് കഴിയും. മനസ്സിൽ വെറുപ്പ് പക വിദ്വേഷം തുടങ്ങിയ വികാരങ്ങൾ മറ്റുള്ളവരോട് വെച്ചുപുലർത്തിയാൽ, നാം നമ്മുടെ ജീവിതമാണ് ദുരിതപൂർണ്ണമാക്കുന്നത്. നമ്മുടെ ഉള്ളിലെ എല്ലാ നന്മകളെയും അവ കാർന്നു തിന്നും. നമ്മുടെ ഉള്ളിലെ മൂല്യം വർധിപ്പിക്കുവാൻ നാം പരിവർത്തനത്തിന് തയ്യാറാവണം. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും തയ്യാറായില്ല എങ്കിൽ നമ്മൾ ഒറ്റപ്പെട്ടു പോകും. എവിടെയാണോ നിൽക്കുന്നത് അവിടെത്തന്നെ നിന്നുപോകും. പല വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് മറ്റുള്ളവരെ അംഗീകരിക്കാനുള്ള വൈമുഖ്യമാണ്.

 ചുരുക്കത്തിൽ നമ്മുടെ ചിന്തകൾ മാറുമ്പോൾ,വാക്കുകളിലും പ്രവർത്തികളിലും മാറ്റം ഉണ്ടാകും. നല്ല ചിന്തകൾ നന്മയിലേക്ക് അധമ ചിന്തകൾ തിന്മയിലേക്കും നയിക്കും.  ചിന്തകളാൽ നയിക്കുമ്പോൾ തെറ്റും ശരിയും തിരിച്ചറിയാറിയാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. നമ്മുടെ ജീവിതം സ്വർഗ്ഗമാക്കാനും നരകമാക്കാനും ചിന്തകൾ കഴിയും. അതിനാൽ ആദ്യം നിയന്ത്രിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്.    ആധ്യാത്മികത, നല്ല     ചിന്തകളെ രൂപപ്പെടുത്തുവാൻ സഹായിക്കും. ചിന്തകളുടെ മാർഗ്ഗത്തെ വഴി തിരിച്ചുവിടാൻ ജ്ഞാനത്തിനു കഴിയും. നല്ല പുസ്തകങ്ങളും പ്രഭാഷണങ്ങളും സത്സംഗങ്ങളും എല്ലാം ജ്ഞാനം പകരുന്നവയാണ്. ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളിലെ അജ്ഞത എന്ന ഇരുട്ടിനെ നീക്കുമ്പോൾ വെറുപ്പും വിദ്വേഷവും മാത്സര്യവുമെല്ലാം ഇല്ലാതായി എങ്ങും പ്രകാശം മാത്രം നിറയും. അങ്ങനെ ഒരു മാറ്റത്തിന് നമുക്കും ശ്രമിക്കാം അല്ലേ.

 ഏറെ സ്നേഹത്തോടെ..... 🙏