Saturday, December 10, 2022

ഹർ ഖർ കി കഹാനി - അഥവാ കുടുംബപുരാണം

 കഴിഞ്ഞ ആഴ്ച ഞാൻ പനി പിടിച്ച് കിടപ്പിലായി. വീട്ടിലെ സ്ത്രീകൾക്ക് അസുഖം വരുന്നത് ആർക്കും ഇഷ്ടമല്ല. പണ്ട് ഞാനും അങ്ങനെയായിരുന്നു. അമ്മയ്ക്ക് ഒരു അസുഖവും വരാൻ പാടില്ല. വന്നാൽ പിന്നെ വീടിന്റെ താളം ആകെ തെറ്റും. കാര്യങ്ങൾ കീഴ് മേൽ മറിയും. അക്കാലത്ത് അമ്മ മാസത്തിൽ മൂന്ന് ദിവസം അടുക്കളയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പക്ഷേ അന്ന് അച്ഛനും ചേച്ചിയും കൂടി മാനേജ് ചെയ്തിരുന്നതിനാൽ ഞാൻ സന്തോഷത്തോടെ ഒഴിവാക്കപ്പെട്ടു. അങ്ങനെ കാള കളിച്ചു നടന്ന എന്നെ നോക്കി( ദയവായി കാളകൾ പരിഭവിക്കരുത്.  ഇതൊരു ലോക്കൽ   ഫ്രെയ്സ് ആയി പരിഗണിക്കണം) അടുക്കളപ്പുറത്തുനിന്ന് അമ്മയും ചേച്ചിയും കൂടി ചിരിക്കുന്നു. ആദ്യം മനസ്സിലായില്ലെങ്കിലും, അതെന്റെ അടുക്കളപ്രവേശത്തിനാണ്  എന്നറിഞ്ഞപ്പോൾ തകർന്ന ഹൃദയത്തോടെ അച്ഛനെ നോക്കി. അച്ഛൻ എല്ലാം ഏറ്റെടുത്ത് ചെയ്യുമ്പോൾ പിന്നെ എനിക്ക് കയ്യാളായി കൂടെ നിന്നാൽ മതി. അച്ഛൻ എന്തുണ്ടാക്കിയാലും നല്ല സ്വാദ് ആണെന്ന് പറഞ്ഞു ഒപ്പം കൂടി, എന്നാൽ പണിയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഞാൻ മിടുക്കിയായി. ഒരു മാസത്തേക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണയും മറ്റും അച്ഛൻ ആ മൂന്നു ദിവസം കൊണ്ട് ക്ലീനാക്കും. പിന്നെ സ്വാദ് കുറയില്ലല്ലോ. പക്ഷേ അച്ഛൻ മറ്റെന്തെങ്കിലും ആവശ്യത്തിനായി പുറത്തുപോയാൽ എന്റെ കാര്യം കട്ടപ്പൊക. നിർദ്ദേശങ്ങളും രീതികളും പറഞ്ഞ അമ്മ അടുക്കളപ്പുറത്ത് ഉണ്ടായാലും ഞാൻ തന്നെ ചെയ്യണ്ടേ. "ഇടൂ  കുടുക്കേ, ചോറും കറിയും" എന്നു പറയുന്നമട്ടിൽ ഉണ്ടാക്കിത്തരുന്ന ഗ്യാസും കുക്കറും ഒന്നുമില്ല.  വിറക് ഊതി കത്തിക്കണം. ഊതി ഊതി കണ്ണ്  നിറഞ്ഞൊഴുകുമ്പോൾ  പുകയ്ക്കകത്ത് ആയിരിക്കും ഞാൻ. അതിനിടയിൽ "അടുപ്പിൽ അല്പം മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി കത്തിച്ചിട് " തുടങ്ങിയ അമ്മയുടെ നിർദ്ദേശങ്ങൾ കേൾക്കാം. ആകെ ദേഷ്യം വന്നു കരയുമ്പോൾ എന്നാൽ കഞ്ഞി വെച്ചാൽ മതി എന്നാവും അമ്മ. കൂടെ പപ്പടവും ഉപ്പിലിട്ടതും ഒരു മെഴുക്കുപുരട്ടിയും മതിയല്ലോ. ഈ പുകയ്ക്കിടയിലും എന്നെ കളിയാക്കി ചിരിക്കുന്ന ചേച്ചിയുടെ മുഖം കാണാം.😡 അന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇവർ രണ്ടുപേരും കൂടി ഒരുമിക്കുന്നത് എന്നെ അടുക്കളയിൽ  കയറ്റാൻ ആണോ എന്ന്. ഞങ്ങൾ രണ്ടുപേരെ ഉള്ളെങ്കിലുംപരസ്പരം ഭയങ്കര സ്നേഹമാണ്- ഈ കീരിയും പാമ്പും പോലെ. ഈ വഴക്കു കാരണം ഞങ്ങൾക്ക് ഒരേ വലിപ്പത്തിലുള്ള ക്ലാസിലായിരുന്നു ചായ തന്നിരുന്നത്. അപ്പോൾ ചേച്ചി പറയും അമ്മ കുറച്ചു കൂടുതൽ ചേച്ചിയുടെ ക്ലാസ്സിൽ ഒഴിച്ചു എന്ന്. ഉടനെ എനിക്ക് ആ ഗ്ലാസ് വേണം. പിന്നെ അതിന്റെ പിന്നാലെയായി. അതുപോലെ മുതിർന്നവരുടെ മേൽ കാലുകൊണ്ടാൽ അവരെ തൊട്ടു തലയിൽ വയ്ക്കണം. ഞാൻ നടക്കുമ്പോൾ ചേച്ചി സ്വന്തം കാൽ നീട്ടും. എന്റെ കാൽ ചേച്ചിയുടെ കാലിൽ കൊള്ളും. അപ്പോൾ തൊട്ടു തലയിൽ വയ്ക്കാൻ സമ്മതിക്കാതെ ചേച്ചി ഓടും. ദോഷം മാറാൻ പിന്നാലെ ഞാനും- എന്നിട്ടും എന്നും ഞാൻ ചട്ടമ്പി എന്ന പഴി കേട്ടു  - ചേച്ചി പാവവും ( സത്യത്തിൽ ചേച്ചി പാവമാണ് ഇന്നും അതെ) ഇങ്ങനെയുള്ള ഒരു അകന്ന ബന്ധമായിരുന്നു എനിക്ക് അടുക്കളയുമായി ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ ചെന്നപ്പോഴാണ് സത്യത്തിൽ എല്ലാം പഠിച്ചത്. നല്ല സുഹൃത്തുക്കളും അയൽക്കാരും പിന്നെ ഞാൻ ഉണ്ടാക്കുന്നത് കഴിച്ച് ഭർത്താവും  അദ്ദേഹത്തിന്റെ അനിയനും എന്നെ ഏറെ സഹായിച്ചു. 🤭ഇന്ന് കറ തീർന്ന  ഒരു കറിക്കാരിയാണ് എന്ന് ധൈര്യപൂർവ്വം പതുക്കെ പറയാം 😍

 അങ്ങനെ കേരളത്തിന് പുറത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് താമസമാക്കിയതോടെയാണ് എന്റെ ജീവിതത്തിലെ മറ്റൊരേട്  ആരംഭിക്കുന്നത്. ഒരിക്കൽ ബാത്റൂമിൽ നിന്നും ഇറങ്ങവേ കാല് തെന്നി വീണ് കൈയ്യൊടിഞ്ഞു. വീണ സ്ഥലത്ത് തന്നെ കരഞ്ഞു കിടക്കുകയാണ്. വീട്ടിലാണെങ്കിൽ ആരുമില്ല. ഭർത്താവ് കോടതിയിൽ പോയി. ഭാഗ്യത്തിന് എന്തോ ചോദിച്ചെത്തിയ  അയൽപക്കത്തെ വിജയയോട് വിവരം പറഞ്ഞു ഒരു വിധത്തിൽ ഡ്രസ്സ് മാറി ഒരു ദുപ്പട്ട കൈത്താങ്ങായി കെട്ടി ആസ്പത്രിയിലേക്ക് ഞങ്ങൾ ഒരു ഓട്ടോയിൽ പോയി. പോകും വഴി ഭർത്താവിനോട് വിവരം പറഞ്ഞു. "പോയി വാ "എന്ന ആശിർവാദം കിട്ടി. ചെന്നപ്പോൾ കൈ ഒടിഞ്ഞിട്ടുണ്ട്പ്ലാസ്റ്റർ ഇട്ടു.എന്നാൽ ഈ വിവരം കൂടി പറയാം. ചിലപ്പോൾ ഒരു സിമ്പതി കിട്ടിയാലോ. വീണ്ടും വിളിച്ചു."സാരമില്ല.ഞാൻ കുറച്ച് താമസിക്കും.നിന്നാൽ വരുമ്പോൾ നിന്നെയും കൂട്ടാം " തീർന്നു. അടുത്ത ഓട്ടോയിൽ വീട്ടിലേക്ക്. വലത്തെ കൈയായിരുന്നു പ്ലാസ്റ്ററിൽ കിടക്കാൻ തീരുമാനിച്ചത്. ഭർത്താവിൽ നിന്നും സിംപതിയും ഇംപതിയും  മാത്രമല്ല അടുക്കള സഹായവും കിട്ടില്ലെന്ന് ഉറപ്പായി. ഞാൻ വിടുമോ? വല്ലഭന് പുല്ലുമായുധം എന്ന മട്ടിൽ എന്റെ ഇടതുകൈ ഞാൻ സേവന വിദഗ്ധമാക്കി. വല്ലപ്പോഴും വെറുതെ ഒരു സഹായത്തിന് പ്ലാസ്റ്ററിനുള്ളിലെ വിരലുകൾ ഉപയോഗിച്ചു. അത്രമാത്രം. പിന്നീട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ കഴിഞ്ഞപ്പോൾ അതാ വരുന്നു ഡെങ്കി. വീണി തല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിലാണ് ശക്തിയും ബോധവും ഒക്കെ പോയ എന്റെ അവസ്ഥ . ഈ പനിപിടിച്ച് കിടക്കുമ്പോൾ നമുക്ക് ഏറെ ഇഷ്ടം കട്ടൻ കാപ്പി കുടിക്കാനാവും. അടുക്കളയിൽ എനിക്ക് അസുഖം വന്നതിൽ ദേഷ്യം വന്ന്  എന്തൊക്കെയോ പറയുന്ന അദ്ദേഹത്തോട് ഒരു കട്ടൻ കാപ്പി ചോദിച്ചു. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തരും എന്ന് പറഞ്ഞ പോലെ ദാ വരുന്നു ഹോർലിക്സും പഞ്ചസാരയും ഒക്കെ ഇട്ട കൊഴുത്ത പാൽ.എനിക്ക് പാൽ വേണ്ട ഛർദ്ദിക്കും  എന്നെല്ലാം പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. രോഗമെല്ലാം മാറ്റി എന്നെ വേഗം പ്രവർത്തി മണ്ഡലത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ്.  അസുഖത്തിൽ സുഖിച്ചു കിടക്കാനുള്ള എന്റെ ശ്രമമാണ് ഈ കട്ടൻ കാപ്പി ആവശ്യം എന്നാണ് ന്യായീകരണം. അത് കഴിയുമ്പോൾ ദോശ സാമ്പാർ ചോറ്, ഭക്ഷണം മുന്നിലേക്ക് ഒഴുകുകയാണ്. ഏതെങ്കിലും ഒരു സ്ത്രീ ഇവിടെ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി. ഒരുവിധത്തിൽ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നാൽ എന്നെ ഓടിക്കും ഇവിടെങ്ങാനും വീണിട്ട് വേണം നടുഒടിയാൽ എന്ന് പറഞ്ഞ്. ആ ഒരാഴ്ച കാലവും തട്ടിത്തെറിപ്പിച്ച് ഞാൻ ധൈര്യത്തോടെ നിവർന്നു. എന്റെ വീഴ്ചകാലം കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കരുത്. അടുത്തത്  ഭർത്താവിന്റെ കുടുംബത്തിൽ വെച്ചായിരുന്നു. ഇപ്രാവശ്യം ഇടത്തെ കാലിനായിരുന്നു സർജറി. അവിടെ ധാരാളം ആളുകൾ ഉള്ളതുകൊണ്ട് ശരിക്കും വിശ്രമജീവിതം സുഖിച്ചു. ഒരു വീൽചെയർ വേണമെന്ന എന്റെ ദയനീയ അഭ്യർത്ഥന ഇപ്രാവശ്യം വലിയ ബുദ്ധിമുട്ട് കൂടാതെ മാനിക്കപ്പെട്ടു- (അനിയനും അനിയത്തിയും എല്ലാം എന്റെ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു ) അങ്ങനെ വീൽചെയറിൽ ഊരു ചുറ്റി ഞാനെത്താത്ത ഒരു സ്ഥലം ഇല്ലെന്നായി. നാലുമാസം കഴിഞ്ഞപ്പോൾ നടപ്പ് വീണ്ടും സ്വന്തം കാലിൽ. അപ്പോഴാണ് ദാ ഈ പനി. ഈ പനിക്കിടക്കയിൽ കിടന്നപ്പോഴാണ് ഓർമ്മകൾ എല്ലാം വന്നെന്നെ പൊതിഞ്ഞത്. പനി തോന്നിയപ്പോൾ തനിയെ ആശുപത്രിയിൽ പോയി മരുന്നുവാങ്ങി വന്നു. പിന്നെ ദിവസവും കഞ്ഞിയും കാപ്പിയും എല്ലാം രാവിലെ ഉണ്ടാക്കി പോയി കിടക്കും. സ്നേഹസമ്പന്നൻ ആയതുകൊണ്ട് നിന്റെ കൂടെ ഞാനും എന്നു പറഞ്ഞ് രണ്ടുപേരും കൂടി കഞ്ഞി കുടിക്കും. എന്റെ പനി മാറുംമുമ്പേ അദ്ദേഹത്തിനും പനി. പക്ഷേ അവിടെ വരുന്ന പനി, ചുമ, ക്ഷീണം ഇതെല്ലാം ഏറെ വ്യത്യാസമുള്ളതാണ്. എന്തോ വലിയ അസുഖം വന്നതുപോലെയുള്ള നടപ്പാണ്. വീണ്ടും ഞാൻ അടുക്കളയിൽ. സ്വന്തം കാര്യവും ഒപ്പം ഭർത്താവിനും ഇഷ്ടമുള്ള ഭക്ഷണം. ദോശ മതി, സാമ്പാർ വേണ്ട, ചട്ടിണി അരച്ചാൽ മതി. കൂടെ" നിനക്ക് പറ്റുമോ" എന്നൊരു ചോദ്യം. ഭഗവാനെ!മനസ്സ് നിറഞ്ഞു. 

 ഇനി ഇതെല്ലാം പറഞ്ഞത് നമ്മുടെ പെൺമക്കൾ, ഭർത്താക്കന്മാർ അടുക്കളയിൽ കയറുന്നില്ല എന്ന് പറയുന്ന പരാതികൾ ഓർത്താണ്. ഞങ്ങളുടെ കാലത്തെ മിക്ക സ്ത്രീകളുടെയും മാത്രമല്ല ഇക്കാലത്തെ പല സ്ത്രീകളുടെയും കഥയാണിത്. അടുക്കളയിൽ കയറുന്ന പുരുഷന്മാർ വളരെ കുറവ്. അത് സന്തോഷത്തോടെ ചെയ്യുന്നവർ അതിലും കുറവ്. അതുകൊണ്ട് ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരുന്ന നിങ്ങളെ ശ്രദ്ധിക്കുന്ന ഭാര്യക്ക് മാസത്തിൽ രണ്ട് ദിവസം അവധി കൊടുത്തുകൂടെ? രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ( ബാങ്ക് അവധി പോലെ ) പുരുഷന്മാർ അടുക്കളയിൽ കയറട്ടെ. അങ്ങനെയായാൽ ഒരു അത്യാവശ്യഘട്ടം വരുമ്പോൾ ബുദ്ധിമുട്ടാതെ അടുക്കള കാര്യങ്ങൾ നോക്കാൻപറ്റും. ഭാര്യമാർക്ക് ഇടയ്ക്കൊരു വിശ്രമവും. ഈ ജീവിത സായാഹ്നത്തിൽ ഒരു പനി കിടക്കയിലാണ് എനിക്കിത് തോന്നിയത് എന്നത് എന്റെ സമയദോഷം. അല്ലെങ്കിൽ മുമ്പ് തന്നെ 2-4 ശനിയാഴ്ചകളെ പ്രാക്ടിക്കൽ ആക്കിയേനെ. ( ഞാനീ വിവരം എന്റെ മകളോട് പറഞ്ഞപ്പോൾ അവൾ വാ പൊത്തി ചിരിക്കുന്നു "പാവം അച്ഛൻ "🤗. നിന്റെ ഭർത്താവും ഇങ്ങനെയാവട്ടെ എന്താ എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല😉 എന്നായി അവൾ. അതെ എല്ലാം കുട്ടികൾക്കും അവരുടെ അച്ഛൻ സ്നേഹസമ്പന്നൻ ആണ്. പക്ഷേ ഭർത്താവ്... No... Way...)

സ്നേഹത്തോടെ.......