Wednesday, October 26, 2022

ബ്രിട്ടീഷ്പ്രധാനമന്ത്രി -"മ്മടെ ആളോ" "ഞമ്മന്റെ ആളോ "

    ഇന്ത്യൻ വംശജനായ ഋഷി സുനക്   ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ കമന്റുകളിൽ ഒന്നായിരുന്നു" മ്മടെ ആളാണ് "എന്നത്. എന്താണാവോ ഈ "മ്മടെ ആൾ ". ഇന്ത്യൻ വംശജൻ എന്നതാണോ? അദ്ദേഹമോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഇന്ത്യയിൽ അല്ല ജനിച്ചതും വളർന്നതും. ഋഷി സുനക്കിന്റെ അച്ഛന്റെ മാതാപിതാക്കൾ ഇന്ത്യയിലെ   ഗജ്റൻ വാല ( ഇപ്പോൾ പാക്കിസ്ഥാനിൽ ) യിലും പഞ്ചാബ് പ്രവിശ്യ യിലും ( ഇന്ത്യയിൽ) ആയിരുന്നു. അതാണ് അദ്ദേഹത്തിന് ഭാരതവുമായുള്ള ബന്ധം. അച്ഛന്റെ അമ്മ ഭാരതത്തിൽ നിന്ന് ആയതുകൊണ്ട്  "മ്മടെ ആളാ"യെങ്കിൽ അച്ഛന്റെ അച്ഛൻ ജനിച്ച സ്ഥലം ഇപ്പോഴത്തെ പാക്കിസ്ഥാനിൽ ആയതുകൊണ്ട് ഋഷി സുനക്കിനെ "ഞമ്മന്റെ ആളാണ് " എന്നും പറയേണ്ടിവരും. ഇന്ത്യൻ വംശത്തിൽ പെട്ടു എന്നതുകൊണ്ടാണോ നമുക്കിത്ര മാത്രം സന്തോഷം? അങ്ങിനെ എങ്കിൽ  തലമുറകൾക്കു മുമ്പ് ഇന്ത്യ വിട്ടു പോയവരെ പറ്റി നമ്മൾ അഭിമാനിക്കണമല്ലോ! ആരും ഒന്നും അറിയാത്തവരെ പറ്റി വെറുതെ എന്തിനു നമ്മൾ അഭിമാനിക്കണം അല്ലേ? ഇന്ന് ഋഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉണർന്നു. നല്ലതാണ്. ഒരാൾ ഉന്നതിയിൽ എത്തുമ്പോൾ അഭിമാനം തോന്നുന്നത് വളരെ നല്ല കാര്യം. പക്ഷേ ഇപ്പോൾ രാജിവെച്ച ലിസ് ട്രസ്സ് - ആ ഒഴിവിലേക്ക് ആണല്ലോ ഋഷി തെരഞ്ഞെടുക്കപ്പെട്ടത്- പ്രധാനമന്ത്രിയായപ്പോൾ നമുക്കൊന്നും ഇത്തരം ഒരു സന്തോഷമോ ആഹ്ലാദമോ ഉണ്ടായില്ല. ബ്രിട്ടനിൽ ഒരു ബ്രിട്ടീഷ്കാരി പ്രധാനമന്ത്രിയായി.അത്രതന്നെ . ഇവിടെ ഇന്ത്യൻ വംശജൻ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലാണ് സന്തോഷം. അവരുടെ ജനസംഖ്യ നോക്കുമ്പോൾ ഒരു ന്യൂനപക്ഷക്കാരനായ വ്യക്തി - ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും-യെ പ്രധാനമന്ത്രിയാക്കാൻ അവിടുത്തെ മന്ത്രിസഭ തീരുമാനിച്ചത് ഒരു വലിയ കാര്യമാണ്. അവിടെയുള്ള വെളുത്ത വർഗ്ഗക്കാർക്കിടയിൽ ബുദ്ധിശക്തിയിലും കഴിവിലും മികവ് പുലർത്തുന്നു എന്നതുതന്നെയാണ് ഋഷി സുനക്കിനെ ഈ സ്ഥാനത്തെത്തിക്കുവാൻ കാരണവും. അതിനെയാണ് അനുമോദിക്കേണ്ടത്. ആ കഴിവിലാണ് നമ്മൾ അഭിമാനം കൊള്ളേണ്ടത്. അദ്ദേഹം ഭഗവത്ഗീതയിൽ തൊട്ട് സത്യം ചെയ്താണ് മുൻപ് ധനകാര്യ മന്ത്രി ആയത്. നല്ലത്. തന്റെ വിശ്വാസത്തെ ഇപ്പോഴും പിന്തുടരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടല്ലോ. വീണ്ടും അതിൽ നമുക്ക് അഭിമാനിക്കാം. ഏതു രാജ്യത്തായാലും ഏതു വിദേശിയായാലും ഭഗവത്ഗീതയിൽ വിശ്വാസം അർപ്പിക്കുന്നു എന്നു പറയുമ്പോൾ, ഭക്തിയോടെ ഗീതാപാരായണം ചെയ്യുന്ന ഓരോ വ്യക്തിയുടെയും ഹൃദയം നിറയും. കാരണം അവന്റെ വിശ്വാസത്തിലുള്ള ഒരു അംഗീകാരമാണിത്. എന്നാൽ ഇന്ത്യൻ വംശത്തിൽ ജനിച്ചതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ മാത്രം അഭിമാനിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു പൊരുത്തക്കേട് ഉണ്ട്. ഞാൻ മുമ്പ് പറഞ്ഞതുപോലെ അനേകം ഹിന്ദുക്കൾ തലമുറകളായി അവിടേക്ക് കൂടിയേറിയിട്ടുണ്ട്. അവർ ഹിന്ദുക്കളായി തന്നെ ജീവിക്കുകയും ചെയ്യുന്നുണ്ടാവും. പക്ഷേ അവരെക്കുറിച്ചൊന്നും നമുക്ക് ഈ അഭിപ്രായം തോന്നാറില്ല.  ഹിന്ദുത്വത്തോടുള്ള സ്നേഹം ആയിരുന്നു എങ്കിൽ ഇവിടെ ഇന്ത്യയിൽ ഹിന്ദുക്കൾ പരസ്പരം പോരടിച്ച്കൊ ലപ്പെടുത്തുകയില്ലായിരുന്നു. സഹോദരങ്ങൾ പരസ്പരം പടവെട്ടില്ലായിരുന്നു. അതൊന്നുമല്ലല്ലോ ഇവിടെ നടക്കുന്നത്. ഭഗവത്ഗീതയുടെ മേൽ കൈവെച്ച് സത്യം ചെയ്ത്, അഴിമതിയും ചതിയും കൊലപാതകവും നടത്തുന്ന ധാരാളംപേർ നമ്മുടെ ചുറ്റിലും ഉണ്ട്. അപ്പോൾ ഗീതയിൽ തൊട്ട് സത്യം ചെയ്തിട്ട് കാര്യമില്ല. തന്റെ വാക്കുകൾ സത്യമാക്കി തീർക്കാൻ ശ്രമിക്കണം. അതിന് ഋഷി സുനക്കിന് കഴിയും. കാരണം ബ്രിട്ടീഷുകാരിൽ ഇന്ന് നമ്മളിലുള്ളതിനേക്കാൾ സത്യസന്ധതയുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കടിച്ചു തൂങ്ങാതെ, അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയാതെ, ലിസ് ട്രസ്  പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവെച്ചത്. ഇന്ന് ഋഷി സുനക്, പ്രധാനമന്ത്രി ആയി എങ്കിലും, അദ്ദേഹത്തിന് എന്തെങ്കിലും വീഴ്ച ഉണ്ടായാൽ, ഇന്ന് ഒപ്പമുള്ളവർ അദ്ദേഹത്തിനെതിരെ വിരൽ ചൂണ്ടും എന്ന് ഋഷിക്കറിയാം. അത്തരമൊരു അവസ്ഥ സംജാതമായാൽ ( ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ) ഋഷി സുനക്ക് പ്രധാനമന്ത്രി സ്ഥാനത്ത് ഒട്ടിപ്പിടിക്കാതെ രാജിവെക്കുകയും ചെയ്യും. അതാണ് സംസ്കാരം. ആത്മാഭിമാനത്തിന്പ്രാധാന്യം കൊടുക്കുന്ന ആ സംസ്കാരം, പക്ഷേ ഭാരതീയ സംസ്കാരത്തെപ്പറ്റി പുളകം കൊള്ളുന്ന ഇവിടത്തെ പലർക്കുംഇത്   മസ്സിലാകില്ല. ഇവർക്ക് ആത്മാഭിമാനത്തേക്കാൾ വലുതാണ് ഇവിടുത്തെ സ്ഥാനമാനങ്ങൾ. ലജ്ജ ഇല്ലാത്തതുകൊണ്ടാവും.

           പിന്നെ മറ്റൊരിടത്ത് കണ്ടു ഋഷി സുനക്ക്  ഇന്ത്യയുടെ മരുമകൻ ആണെന്ന്. ഇൻഫോസിസ് മുൻമേധാവി നാരായണമൂർത്തി എന്നാണ് ഇന്ത്യയുടെ പര്യായമായതെന്നു എനിക്കറിയില്ല. അങ്ങനെ ഇന്ത്യയുടെ മരുമകനായി ആദരിക്കുമെങ്കിൽ നമ്മുടെ രാജ്യത്തും പല വിദേശികളും മരുമകനും മരുമകളും ഒക്കെയായി ഉണ്ട്. ഇന്നും നമ്മുടേതെന്ന് അംഗീകരിക്കാത്തവർ. എന്തിന് വിദേശി? കേരളത്തിൽ ജോലി സംബന്ധമായിവന്ന് വീട് വെച്ച് താമസിക്കുന്ന തമിഴ്നാട്ടുകാർ എന്നും നമുക്ക് തമിഴന്മാരാണ്. എത്ര കാലം കഴിഞ്ഞാലും നമുക്ക് അവരെ നമ്മളിൽ ഒരാളായി കാണാൻ കഴിയില്ല. അംഗീകരിക്കുകയും ഇല്ല. തൊട്ടയൽ സംസ്ഥാനത്തുനിന്നും വന്നവരെ ഒപ്പം കൂട്ടാൻ കഴിയാത്ത നമ്മളോടാണ്    വിദേശികളെ സ്വന്തമായി കാണുവാൻ പറയുന്നത്. നല്ല കാര്യം, അല്ലേ.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ എന്നും  അന്യസംസ്ഥാനക്കാരാണ്. നമുക്ക് വേണ്ട പച്ചക്കറിയും അരിയും പലവ്യഞ്ജനങ്ങളും അവരാണ് തരുന്നതെങ്കിൽ കൂടി നമ്മുടെ കൂട്ടത്തിൽ കൂട്ടില്ല. എന്തൊരു വിശാലമനസ്കത! അല്ലേ? പക്ഷേ വിദേശത്ത്, ഇന്നത്തെ ഇന്ത്യക്കാർ വേണ്ട, ഇന്ത്യയുമായി പറഞ്ഞു കേട്ടുള്ള ബന്ധം ഉള്ളവർ ആണെങ്കിൽ പോലും ഉന്നതിയിൽ എത്തുമ്പോൾ   എന്തൊരാഹ്ലാദം.എന്തൊരു നിർവൃതി. ("അല്ല -അറിയാഞ്ഞിട്ട് ചോദിക്കുവാ. എന്താ അവർക്കും ഉണ്ടാവില്ലേ ഇയാൾ ഒരു വിദേശിയാണെന്ന് തോന്നൽ "). പക്ഷേ അപ്പോഴും കഴിവിനും സത്യസന്ധതയ്ക്കും മികവിനും പ്രാധാന്യം കൊടുത്ത് രാഷ്ട്രത്തെ ഉന്നതിയിലേക്ക് നയിക്കുവാൻ കഴിയുന്ന വ്യക്തിയെ തിരഞ്ഞെടുക്കുവാൻ അവർക്ക് കഴിയുന്നു. നമ്മൾ ആണെങ്കിൽ നമ്മുടെ നാടിനെ കൊള്ളയടിച്ച് സ്വന്തമാക്കുന്നവരെ ഭരണാധികാരി ആകുന്നു. അവർ രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ, നമ്മൾ പ്രാധാന്യം കൊടുക്കുന്നത് നാടിന്റെ സമ്പത്ത് സ്വന്തമായി അടിച്ചുമാറ്റാനാണ്.ഇതാണ് വ്യത്യാസം.

 പിന്നെ മറ്റൊരു കാര്യം കൂടി ഋഷി -rishi- എന്നത് - റിഷി - എന്നാണു പറയേണ്ടത് എന്ന് പലരും പറഞ്ഞു കേട്ടു. ഋഷി എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ rishi എന്നാണ്. അതിനെ റിഷി എന്നല്ല ഋഷി എന്ന് തന്നെയാണ് പറയേണ്ടത്. ( ഋഷി കപൂർ എന്ന നടനെ കൂടി ഓർക്കുന്നു ).               

 അപ്പോൾ ഇത് "മ്മടെയോ" "ഞമ്മന്റെയോ "ആവണ്ട. അവരുടേതായിക്കോട്ടെ. അവരാണ് ഈ വിജയത്തിന് പിന്നിൽ എന്നതും നമ്മൾ മറക്കരുത്. എന്നാൽ ഭാരത സംസ്കാരത്തെ ആദരിക്കുന്ന ഋഷി സുനക്കിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം.

                        വന്ദേമാതരം 

Wednesday, October 19, 2022

സ്ത്രീ പുരുഷന്മാരും ശരീര പ്രദർശനവും

  രാഷ്ട്രീയ നിരൂപകനും ആക്ടിവിസ്റ്റും ഒക്കെ ആയ സിവിക് ചന്ദ്രനെതിരെയുള്ള സ്ത്രീ പീഡനക്കേസിൽ, പരാതിക്കാരി പ്രകോപനമായ രീതിയിൽ വസ്ത്രധാരണം ചെയ്തിരുന്നതായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണ കുമാർ കണ്ടെത്തുകയും സിവിക്ചന്ദ്രന്  മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന്  സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടിയ കാര്യം തീർത്തും നിയമവിരുദ്ധമാണെന്നും   ഈ ജാമ്യം  റദ്ദാക്കണം എന്ന  ആവശ്യവുമായി സർക്കാർ, ഹൈക്കോടതിയെ സമീപിച്ചു.      പീഡനത്തിനു കാരണം അവരുടെ    പ്രകോപനപരമായ വസ്ത്രധാരണമാണ്   എന്ന നിരീക്ഷണത്തെ ഹൈക്കോടതി   നിശിതമായി വിമർശിച്ചു എങ്കിലും    മുൻകൂർ ജാമ്യം തടഞ്ഞില്ല.  സ്ത്രീ    സംഘടനകളോടൊപ്പം മറ്റു സംഘടനകളും വ്യക്തികളും  കോഴിക്കോട് ജില്ലാ സെഷൻ ജഡ്ജിക്കെതിരെ ശക്തമായിതന്നെ രംഗത്ത് വന്നു.  അതിജീവിതയെ സംരക്ഷിക്കുവാൻ ആയിരുന്നു എല്ലാവരും ശ്രമിച്ചത്.

               രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുംആക്ടിവിസ്റ്റും എഴുപത്തിനാല് വയസ്സുമുള്ള സിവിക്   ചന്ദ്രൻ എന്ന വൃദ്ധൻ, ഇത്തരത്തിലുള്ള   ഒരു അധമ പ്രവർത്തി ചെയ്തിട്ടുണ്ട്   എങ്കിൽ തീർച്ചയായും   ശിക്ഷിക്കപ്പെടേണ്ടതാണ്. മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിലുള്ള കഠിനമായ ശിക്ഷ തന്നെ കൊടുക്കണം.  ഇനി ഇത്തരത്തിലുള്ള ഒരു പ്രവർത്തി  ചെയ്യാൻ ആർക്കും ധൈര്യമുണ്ടാവരുത്

 എന്നതിൽ ഞാനും ഉറച്ചുനിൽക്കുന്നു.

       പക്ഷേ ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. മ്ലേച്ഛമായ ശരീരപ്രദർശനം നടത്തി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കുറ്റക്കാരായി എത്തുക പുരുഷന്മാരുടെ മുഖമാണ്. മറയ്ക്കപ്പെടേണ്ട ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു എന്നുള്ള പരാതി ഒരു സ്ത്രീക്ക് എതിരെയും ഉയർന്നതായുള്ള വാർത്തകൾ ഇല്ല എന്ന് പറയാം. അതൊരുപക്ഷേ ആസ്വദിക്കുന്നത് കൊണ്ടാവാം ആരും  അത്തരം പരാതികൾ ഉന്നയിക്കാത്തത്. എന്തായാലും എന്നും പിടിക്കപ്പെടുന്നതും കുറ്റവാളികളായി പ്രഖ്യാപിച്ചു ശിക്ഷിക്കപ്പെടുന്നതും പുരുഷന്മാർ മാത്രമാണ് എന്ന് തോന്നുന്നു. സത്യത്തിൽ സ്ത്രീകളും ഇത്തരം ശരീരപ്രദർശനങ്ങൾ നടത്തുന്നില്ലേ? സ്ത്രീകളുടെ പ്രകോപനകരമായ വസ്ത്ര ധാരണത്തിൽ ഒരു പുനർചിന്തനം ആവശ്യമായ സമയമാണ് ഇത്. മറയ്‌ക്കേണ്ടുന്ന ശരീരഭാഗങ്ങൾ  പ്രദർശിപ്പിക്കുന്ന പുരുഷനെതിരെ  ശിക്ഷിക്കാവുന്ന തരത്തിലുള്ള കുറ്റം ചുമത്തുമ്പോൾ, ആ പ്രദർശനം  കുട്ടികൾക്കു മുമ്പിലാണെങ്കിൽ ക്രിമിനൽ കുറ്റമായി മാറുന്നു.  അതേസമയം, ശരീരഭാഗങ്ങൾ വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണം മൂലം സ്ത്രീകളെ ശിക്ഷിക്കുക ഇല്ല എന്നുമാത്രമല്ല അവർക്ക് സംരക്ഷണവും നൽകുന്നു.  വസ്ത്രത്തിന്റെ കഴുത്ത് വളരെ വെട്ടിയിറക്കി മറയ്‌ക്കേണ്ടവയെല്ലാം

 കാണുന്ന വിധത്തിലുള്ള സുതാര്യമായ വേഷത്തിൽ സ്ത്രീകൾ നടക്കുമ്പോൾ അത് ഫാഷനാണ്, അഭിമാനമാണ്. ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമാണ്. എന്നാൽ വലിയ സാമ്പത്തിക നിലവാരം ഇല്ലാത്തപാവപ്പെട്ട ഒരു കുട്ടി, മറ്റു നിവൃത്തിയില്ലാതെ

 ശരീരം അല്പം വെളിവാകുന്ന തരത്തിലുള്ള ഒരു വേഷം ധരിച്ചാൽ  അവളുടെ നേരെ  വിരൽ ചൂണ്ടാൻ എല്ലാവരും ഉണ്ടാവും. പുരുഷന്റെ മറയ്ക  പ്പെടേണ്ട ശരീരഭാഗം പ്രദർശിപ്പിച്ചാൽ ശിക്ഷയും, അത് സ്ത്രീകളുടേത് ആണെങ്കിൽ  അംഗീകാരവും നൽകുന്നത് എന്തൊരു നിയമമാണ്? മറയ്ക്കപ്പെടേണ്ട അവയവം പ്രദർശിപ്പിക്കുന്നത് - അത് സ്ത്രീയുടെതായാലും പുരുഷന്റേതായാലും- അവഹേളനമാണ്, അറപ്പുളവാക്കുന്നതാണ്. എന്തിനാണ് സ്ത്രീകൾ തന്റെ കാലും മാറിടവും മറ്റും ഇങ്ങനെ പ്രദേശത്തിന് വെക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇതും പ്രകോപനപരമാണ് എന്നതിൽ ഒരു സംശയവുമില്ല. സ്ത്രീകളുടെ ഈ വേഷവിധാനവും ശരീരപ്രദർശനവും കുട്ടികളുടെ മനസ്സിനെ പോലും വഴിതെറ്റിക്കും എന്നതിൽ തർക്കമില്ല. അപ്പോൾ ഇത്തരം പ്രദർശനം നടത്തുന്നവരെ എന്തുകൊണ്ട് ആൺ- പെൺ ഭേദമന്യേ ശിക്ഷിക്കുന്നില്ല.   ഇനി ഇതേക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട്  പറഞ്ഞാൽ " ഇത് ഞങ്ങളുടെ ശരീരമാണ്, എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, ആ തീരുമാനം എടുക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ട്, വസ്ത്രധാരണം ഞങ്ങളുടെ സ്വാതന്ത്ര്യമാണ് " എന്ന് തുടങ്ങിയ അഭിപ്രായ പ്രകടനങ്ങൾ കേൾക്കാം. കൂടാതെ അവരുടെ വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞവർ ആധുനികരല്ല, സംസ്കാര ശൂന്യരാണ്, സ്ത്രീകളെ കാണുമ്പോൾ ലൈംഗിക ചോദന തോന്നുന്നവരാണ് എന്നും കൂടിയുള്ള അധിക്ഷേപങ്ങൾ ഉയർത്തും. മാനസിക വൈകല്യമുണ്ടെന്ന് പറയപ്പെടുന്ന പുരുഷൻമാർ പൊതുജനം കാണാതെ രഹസ്യമായി ചില വ്യക്തികളുടെ മുമ്പിൽ ശരീരം പ്രദർശിപ്പിക്കുമ്പോൾ, ആധുനിക സ്ത്രീകൾ എന്നെ വിളിക്കപ്പെടുന്ന ഈ "സംസ്കാര സമ്പന്നകൾ " സമൂഹത്തിന്റെ മുന്നിലാണ് ഇത്തരം    മ്ലേച്ഛമായ ശരീരപ്രദർശനം നടത്തുന്നത്. ഇതിൽ ആരാണ്  കൂടുതൽ കുറ്റവാളികൾ?  പുരുഷന്മാർ നടത്തുന്നകാമപേക്കൂത്തുകളെ അംഗീകരിക്കുകയല്ല ഞാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീർച്ചയായും     അവർക്കെതിരെ കർശനമായ   നിയമ നടപടികൾ സ്വീകരിക്കണം.  പക്ഷേ അതോടൊപ്പം, മറയ്‌ക്കേണ്ട   ശാരീരിക ഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളെയും കൂടി ഉൾപ്പെടുത്താൻ മടിക്കരുത്. സിനിമ ലോകത്തെ ഇത്തരം വസ്ത്രധാരണങ്ങൾ കുട്ടികളെ വളരെ ഏറെ സ്വാധീനിക്കുന്നുണ്ട്. ചിലനടിമാരുടെ ഇത്തരം ചിത്രങ്ങൾ "ഹോട്ട് ലുക്ക് "എന്ന ഹെഡിങ്ങിൽ കാണാം. പാവം കുട്ടികൾ ഇതെന്തോ നല്ല കാര്യമാണെന്ന് കരുതി അതിനു പിന്നാലെ പായും. പണ്ട് സിനിമയിൽ നായികയും ശരീരപ്രദർശനം നടത്തുവാൻ മറ്റൊരു നടിയും ആയിരിക്കും ഉണ്ടാവുക. ഇന്ന് അതെല്ലാം മാറി. നായിക തന്നെയാണ് രണ്ടും ഏറ്റെടുക്കുന്നത്. മറ്റു ഭാഷാ ചിത്രങ്ങൾ കണ്ടാൽ മലയാളം ഭേദമാണെന്ന് തോന്നും. എങ്കിലും, ഇടയ്ക്ക് സിനിമ രംഗത്തുനിന്നും മാറി നിന്ന പഴയ നടിമാർ വീണ്ടും ചലച്ചിത്രരംഗത്തേക്ക് എത്തുന്നതിനായി " ഹോട്ട് ലുക്ക് "ൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് കാണുമ്പോൾ കഷ്ടം തോന്നും. അഭിനയം കൊണ്ട് മികവു കാട്ടുന്നതിന് പകരം ശരീരം കാട്ടി രക്ഷപ്പെടാൻ നോക്കുകയാണ് ഇവർ. ഇത്തരത്തിലുള്ളവർ കൂടി ശിക്ഷിക്കപ്പെടേണ്ടതാണ്. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യം ആണെങ്കിലും അത് ശരിയായി വിധത്തിൽ ആയിരിക്കണം എന്നും നിയമം കൊണ്ടുവരണം. അല്ലെങ്കിൽ ഇത്തരം പ്രദർശനങ്ങൾ കണ്ട് വികാരം കൊള്ളുന്നവരുടെ മുമ്പിൽ ഇരയാവുക പാവപ്പെട്ട പെൺകുട്ടികൾ ആവും.

  ഒരാളുടെ സംസ്കാരം തിരിച്ചറിയാൻ അയാളിൽ നിന്നും വരുന്ന വാക്കുകളും അയാളുടെ വസ്ത്രധാരണ രീതിയും ശ്രദ്ധിച്ചാൽ മതി. ഇതൊരു പഴമൊഴി ആണെങ്കിലും തികച്ചും ശരിയായ കാര്യവുമാണ്. നമ്മുടെ വസ്ത്രം നമ്മുടെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം അറിഞ്ഞുവേണം വസ്ത്രം തിരഞ്ഞെടുക്കുവാൻ. അനുകരണ ഭ്രമം കൊണ്ട് നമുക്ക് ചേരാത്തതും യോജിക്കാത്തതും ആയ വസ്ത്രങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. നമ്മുടെ വസ്ത്രധാരണ രീതി  കാണുന്നവരുടെ കണ്ണിൽ പുച്ഛവും കാമവും ആണ് ഉണ്ടാക്കുന്നതെങ്കിൽ തീർച്ചയായും ആ വസ്ത്രം നമുക്ക് അനുയോജ്യമല്ല. നമ്മുടെ വസ്ത്രധാരണ രീതിയിൽ നിന്നും ഒരാൾ നമ്മെ വിലയിരുത്തും.ഒടുവിൽ അവർ മോശമായി പെരുമാറിയതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ആദ്യം സ്വയം തിരിച്ചറിയണം- അത് ആണായാലും പെണ്ണായാലും. ഒരാൾ മോശമായി പെരുമാറാൻ തുടങ്ങുമ്പോഴേ അത് മനസ്സിലാകും. അങ്ങനെയുള്ള സന്ദർഭത്തിൽ അവിടെ നിന്നും മാറി നിൽക്കുകയും "അങ്ങനെയുള്ള ഒരു വ്യക്തിയല്ല ഞാൻ" എന്ന മെസ്സേജ് അവർക്ക് നൽകുകയും ചെയ്യാം. ഇതൊന്നുമില്ലാതെ,പ്രകോപനമായ രീതിയിൽ വസ്ത്രം ധരിക്കുകയും മറ്റുള്ളവരോട്   ഇഴുകിചേർന്ന്  പെരുമാറുകയും ചെയ്താൽ അവരുടെ  വഷളത്തരമാർന്ന പെരുമാറ്റത്തെ മാത്രം തെറ്റ് പറയാൻ പറ്റില്ല. " ഞാൻ   ഇഷ്ടമുള്ളത് ധരിക്കും എന്റെ ശരീരം   എന്റെ വസ്ത്രം നിങ്ങൾക്ക് എന്താണ് "    എണ്ണ മട്ടിൽ ആണെങ്കിൽ    ഇത്തരക്കാരോടുള്ള പെരുമാറ്റവും അതേ  വിധത്തിലാവും.  അതിനാൽ മറ്റുള്ളവരുടെ നേർക്ക് വിരൽ  ചൂണ്ടുന്നതിനു മുമ്പ് ഒരു  ആത്മപരിശോധന കൂടി നടത്താൻ നമ്മൾ തയ്യാറാകണം.  നമ്മുടെ സംരക്ഷണം നമ്മുടെ കയ്യിലാണ്. 

 

Thursday, October 13, 2022

ജീവിതം -മരണം

                  മരണം, സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്. അത് അപകടത്തിൽപ്പെട്ടായാലും, രോഗം മൂലമായാലും, കൊലയ്ക്ക് ഇരയായാലും ഇതിൽ വലിയ ഏറ്റക്കുറച്ചിലൊന്നും ഉണ്ടാവില്ല.വർഷങ്ങളായി രോഗത്തോട് മല്ലിട്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണെങ്കിൽ പോലും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ഒരു ആഘാതം ആയിരിക്കും എന്നതിൽ സംശയമില്ല. അധികം വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നാ ശ്വസിക്കാം എന്ന് മാത്രം.  രോഗബാധിതനായ കോടിയേരി  അടുത്തിടെ മരണത്തിന് കീഴ്പ്പെട്ടപ്പോൾ സുഹൃത്തായ മുഖ്യമന്ത്രിക്ക് വാക്കുകൾ ഇടറിയതും വിതുമ്പിയതും നമ്മൾ കണ്ടു. മരണം അങ്ങനെയാണ്. വല്ലാത്ത മുറിവാണ് അത് സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുക. തന്റെ പ്രിയപ്പെട്ട ജീവിതപങ്കാളികൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എത്രയെന്ന് അനുഭവിക്കുന്നവർ പറയാതെ തന്നെ നമുക്കറിയാം. സാധാരണ മരണം നൽകുന്ന വേദന ഇത്രമാത്രം ആണെങ്കിൽ, ക്രൂരമായ കൊലപാതകം മൂലം ഉണ്ടാകുന്ന വേദന എത്രയായിരിക്കും എന്ന്‌ ഊഹിക്കാനേ കഴിയൂ. കെ കെ രമയും മറ്റും ഇന്ന് ആ വഴിയിലൂടെ നടന്നു നീങ്ങുന്നവരാണ്.  രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ, വസ്തു തർക്കം, കുടുംബ കലഹം തുടങ്ങിയ നിസ്സാര കാരണങ്ങളാൽ മറ്റൊരാളെ കൊലയ്ക്ക് കൊടുക്കുമ്പോൾ, അവർക്ക് സ്നേഹം നിറഞ്ഞ കുടുംബവും, സുഹൃത്തുക്കളും ഉണ്ടെന്നു കൂടി ഓർക്കണം. അവർ ആരുടെയോ സഹോദരനും ഭർത്താവും മകനും ഒക്കെയാണ്. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല.ഒരു കുടുംബത്തെ, ഒരു നാടിനെ, ഒരു സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്താനെ ഇതിനു കഴിയൂ. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത്    നിങ്ങൾ ഒറ്റയ്ക്കായിരിക്കും എന്നും മറക്കരുത്.

                നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ചില വ്യക്തികൾ പോലും ക്രൂരതയ്ക്കിരിയായി മരണപ്പെടുമ്പോൾ അവർക്കായി നമ്മൾ ദുഃഖിക്കും. അപകടത്തിൽപ്പെട്ട പിടഞ്ഞു വീഴുന്ന ജീവനുകളെ ഓർത്ത് വിഷമിക്കും. ഇതെല്ലാം നമ്മളിലെ  മനുഷ്യത്വമാണ്. ഈ അടുത്ത സമയത്തു നടന്ന രണ്ട് കൊലപാതകങ്ങൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിക്കാനുള്ള നരബലി ആയിരുന്നുവത്രേ. ഭാര്യയും ഭർത്താവും അവരുടെ ഉപദേഷ്ടാവും കൂടി രണ്ട് സ്ത്രീകളെ മൃഗീയമായി - ഇതിൽ കൂടുതലായ ഒരു വാക്ക് എനിക്കറിയില്ല - കൊലപ്പെടുത്തി, മൃതശരീരങ്ങൾ ചെറുകഷണങ്ങളാക്കി മറവുചെയ്തു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കറിവെച്ച് കഴിച്ചതായും ഇതിനിടെ വാർത്ത കണ്ടു.  അങ്ങനെയെങ്കിൽ ശരിക്കും ഇവർ നരഭോജികൾ തന്നെയാണ്. ഇത്തരത്തിലുള്ള അധമമായ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് സത്യത്തിൽ അവിശ്വസനീയമാണ്. മൃഗബലിയും മനുഷ്യബലിയും നടത്തി കാര്യം നേടാം എന്ന് പഠിപ്പിക്കുന്ന ഒരു മതം ഉണ്ടെങ്കിൽ അത് ഒരിക്കലും ശരിയായ മതമല്ല. മതം എന്നത് മനുഷ്യന് സമാധാനപൂർണമായ ഒരു ജീവിതം നയിക്കാനുള്ള ഒരു മാർഗ്ഗമാണ്, അല്ലാതെ മറ്റൊരാളെ കൊല്ലാനുള്ള  അധികാരമല്ല.  ഒരു മതത്തിൽപ്പെട്ട  ഈശ്വരനും മറ്റൊരാളെ ബലി നൽകാൻ പറയില്ല. ദൈവത്തിന്റെ മുമ്പിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും സമന്മാരാണ്. മനുഷ്യരാണ് എല്ലാറ്റിനെയും വിഭിന്നമായി കാണുന്നത്. മനുഷ്യൻ ആദ്യം അവനെ മറ്റു ജന്തുക്കളിൽ നിന്നും മാറ്റിനിർത്തുന്നു. പിന്നീട് മതത്തിന്റെയും ജാതിയുടെയും  ഉപജാതിയുടെയും  പാർട്ടിയുടെയും മറ്റും പേരിൽ വീണ്ടും പകുക്കുന്നു. ഒടുവിൽ തന്റെ വിശ്വാസത്തിന് എതിരായവരെ ഇല്ലാതാക്കുക എന്നൊരു ചിന്തയിലാണ് മനുഷ്യൻ എത്തുന്നത്. രാഷ്ട്രീയക്കാരാണ് ഇതിനു മുന്നിൽ.  മറ്റുള്ളവർ ഇതിനെ സംശയിക്കാതിരിക്കാൻ ഇതെല്ലാം ദൈവത്തിന്റെ പേരിലാക്കും. ദൈവം പറഞ്ഞിട്ട് ഇല്ലാതാക്കിയാൽ പിന്നെ കുഴപ്പമില്ലല്ലോ. പാവം ദൈവം. ഗതികെട്ട് എല്ലാം നിശബ്ദനായിരുന്നു കാണുന്നു എന്നാവും  നമ്മൾ ധരിക്കുക. പക്ഷേ അല്ല. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മുടെ പ്രവർത്തികൾ മാത്രമല്ല നമ്മൾ ചിന്തകൾ പോലും അദ്ദേഹം തിരിച്ചറിയുന്നു. ഇതെല്ലാം  അദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നുമുണ്ട്. ഒടുവിൽ മുതലും പലിശയും അടക്കം നമുക്കത് മടക്കി കിട്ടുകയും ചെയ്യും.

            ഈ  നരബലിയുടെ വാർത്ത പുറത്തു വന്നപ്പോൾ, ഈശ്വര വിശ്വാസമാണ് ഇതിന് കാരണം എന്ന മട്ടിൽ നിരീശ്വരവാദികളായ പലരും സംസാരിക്കുന്നത് കണ്ടു. സത്യത്തിൽ ഈശ്വര വിശ്വാസം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. ശരിയായ വിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം പ്രവർത്തികൾ ഒരിക്കലും ആരും ചെയ്യുകയില്ല. തെറ്റ് ചെയ്യാൻ ഭയമുണ്ടാകണമെങ്കിൽ ഈശ്വരനിൽ ഭയം വേണം. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമുക്ക് തന്നെ തിരിച്ചുകിട്ടും എന്ന് വിശ്വാസമാണ് നമ്മളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സമാധാനത്തോടും സന്തോഷത്തോടും സത്യസന്ധമായ രീതിയിൽ ജീവിക്കാൻ ഈശ്വരവിശ്വാസം സഹായിക്കും എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. മറ്റൊരാളെ വഞ്ചിക്കാനോ കഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ  ഒരു ഈശ്വരനും നമ്മളോടൊപ്പം നിൽക്കില്ല. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനായി ബലികൾ നടത്തു ന്നതോടെ നിങ്ങളുടെ ശരിയായ വിശ്വാസത്തിന് മാറ്റം വരുന്നു. വിശ്വാസം വികലമാകുന്നു.  ബലിയിലൂടെ തന്നെ തൃപ്തിപ്പെടുത്താൻ ഒരു ദൈവവും ആവശ്യപ്പെടില്ല. വിശ്വാസികൾ എന്നു നടിക്കുന്നവരുടെ അധമമായ ചിന്തയാണ് ഇത്തരം ബലികൾക്കു കാരണം. അത് ഒടുവിൽ അവരെ കൊണ്ട് എത്തിക്കുന്നത് എവിടെയാണെന്നും നമ്മൾ കണ്ടു. ഇനി എത്ര പശ്ചാത്തപിച്ചാലും ഇവർക്ക് സമാധാനം ഉണ്ടാകുമോ? കണ്ടിട്ട് പശ്ചാത്താപം എന്താണെന്ന് പോലും ഇവർക്ക് അറിയില്ല എന്നാണ് തോന്നുന്നത്.

      എന്തിനുവേണ്ടിയാണ് ഈ ക്രൂരതകൾ നടത്തുന്നത്? ജീവിതത്തിൽ സമ്പത്താണോ പ്രധാനം? കുറെ ധനം ഉണ്ടെങ്കിൽ ജീവിതം സ്വസ്ഥമാകുമോ? ഈ കൂട്ടിവയ്ക്കുന്ന സമ്പത്തിന്, ജീവിതത്തിലെ ഒരു നിമിഷമെങ്കിലും തിരിച്ചു തരാൻ കഴിയുമോ? ഇല്ല. ധനികനായ  ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഒരു പഞ്ച നക്ഷത്ര ആശുപത്രിയിൽ കിടക്കാൻ പറ്റിയേക്കും. അത്രതന്നെ. ബാക്കിയെല്ലാം വിധിയാണ്. നമ്മൾ എന്തെല്ലാം സ്വരുക്കൂട്ടി വെച്ചാലും അതിൽനിന്നും ഒരു കുഞ്ഞു തരി പോലും നമ്മുടെ അവസാന യാത്രയിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന് ഓരോ മരണവും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നിട്ടും ലൗകിക സുഖത്തോടുള്ള മനുഷ്യന്റെ ആർത്തിയിൽ ഒരു കുറവുമില്ല. അടുത്ത നിമിഷം നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എങ്കിലും അവൻ കണക്കുകൂട്ടുന്നത് വരാൻപോകുന്ന വർഷങ്ങളെ കുറിച്ചാണ്. എന്തൊരു  വിരോധാഭാസം അല്ലേ.

                  മനുഷ്യന്ചിന്തിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്തതാണ് മരണം എന്ന് തോന്നുന്നു. ഒരിക്കലെങ്കിലും ആത്മാർത്ഥമായി ചിന്തിച്ചിരുന്നുവെങ്കിൽ ലൗകിക ജീവിതത്തോടും ആഡംബരങ്ങളോടും ഇത്രമാത്രം ആസക്തി ഉണ്ടാകുമായിരുന്നില്ല. നമ്മൾ ഇവിടെ ഈ ഭൂമിയിൽ ശരിക്കും ഒരു വാടകക്കാരാണ്. ഒന്നും നമ്മുടേതല്ല. അല്പനാൾ താമസിക്കാനായി ഒരിടം. അത്രമാത്രം. മരണശേഷം നമ്മൾക്ക് ലഭിക്കുന്നത് നമ്മൾ ചെയ്ത കർമ്മങ്ങളുടെ ഫലമാണ്, അല്ലാതെ ഇവിടെ വാരിക്കുട്ടിയ ലൗകിക  സ്വത്തുക്കൾ അല്ല. ഇവിടുത്തെ മനുഷ്യത്വപരമായ നിക്ഷേപമാണ് പിന്നീട് മരണശേഷം പിൻവലിക്കാൻ ഉതകുക. അതിനാൽ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ കരുണയോടും ദയയോടും ആവട്ടെ. നമുക്കു മാത്രമല്ല, നമ്മോടൊപ്പം ഉള്ളവരുടെയും നന്മയ്ക്കായി പ്രവർത്തിക്കാം- പ്രാർത്ഥിക്കാം. അവരുടെ സന്തോഷമാകട്ടെ നമ്മുടെ സന്തോഷം.

 ലോക :സമസ്ത: സുഖിനോ ഭവന്തു :




Thursday, October 6, 2022

തിരുത്തേണ്ട ചില തെറ്റുകൾ

     മരണം പോലെ,കഷ്ടതകളും, വിഷമതകളും, ദുഃഖങ്ങളും ചിലപ്പോളെ ങ്കിലും മനുഷ്യനെ തത്വചിന്തകരാക്കാറുണ്ട്. സ്വയം തെറ്റ് ചെയ്തവരാണെങ്കിലും, തെറ്റ് ചെയ്യാതെ തന്നെ മറ്റുള്ളവരുടെ ആരോപണങ്ങൾ വൃഥാ അനുഭവിക്കുന്നവർ ആണെങ്കിലും ഒടുവിൽ ആശ്വാസം തേടുക തത്വചിന്തയിൽ ആവും. പ്രത്യാരോപണം ഉയർത്തുന്നതിനേക്കാൾ തത്വചിന്തയുടെ  വഴി തിരഞ്ഞെടുക്കുന്നതിലൂടെ വലിയ   ആശ്വാസമാണ് അവർ      അനുഭവിക്കുന്നത്. തെറ്റ് ചെയ്തവർക്ക്‌    കുറ്റബോധം ഒരു പരിധിവരെ    മനസ്സമാധാനം നൽകും. ഒപ്പം വീണ്ടും ഇത്തരം ഒരു സന്ദർഭം ഉണ്ടാകുമ്പോൾ ഒന്നു മാറി ചിന്തിക്കാൻ പ്രേരണ നൽകുകയും ചെയ്യും. പക്ഷേ ആ കുറ്റബോധം ആത്മാർത്ഥതയോടെ ആണെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. അതുപോലെ, ചെയ്യാത്ത കുറ്റങ്ങൾക്ക് തനിക്കെതിരെ ആരോപണം ഉയരുമ്പോൾ അത് തന്റെ വിധിയാണെന്ന് കരുതി സമാശ്വസിക്കാൻ കഴിയുമെങ്കിൽഅതിൽപരം സമാധാനം നൽകുന്ന മറ്റൊന്നുമില്ല. "പറയുന്നവർ പറയട്ടെ അത് അവരുടെ  സ്വഭാവം" എന്നോ, "എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ" എന്നോ കരുതി ശാന്തരായിരിക്കുവാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്. പക്ഷേ അത് നല്ല മനോനിയന്ത്രണം ഉള്ളവർക്കേ സാധിക്കൂ എന്നതും ഒരു സത്യം.  എങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിച്ചു കൂടെ.

      സത്യത്തിൽ ഓരോ വ്യക്തിയും ഇന്ന് വികാരഭരിതമായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഒരുപക്ഷേ ചിലപ്പോൾ എങ്കിലും നമുക്ക് ചിരി വരും. ഈ നിസ്സാര കാര്യത്തിനാണോ മനസ്സിനെ ഇത്രമാത്രം വികാരവിക്ഷുബ്ധമാക്കുന്നത് എന്ന് തോന്നും. പക്ഷേ അവർക്ക് അവരുടെ പ്രശ്നം വലുതാണ്. കാരണം അവർ മറ്റുള്ളവരുടെ ദുഃഖവും വിഷമതകളും അറിയുന്നില്ല. അതുകൊണ്ടാണ് തന്റെ നിസ്സാര കാര്യങ്ങൾ പർവതീകരിക്കുന്നത്. ഇപ്പോൾ ചിന്തിക്കുന്ന ആ ശൈലിയിൽ ഒരു മാറ്റം വരുത്തിയാൽ അതികഠിനം  എന്ന് തോന്നുന്ന പല പ്രശ്നങ്ങളും നമുക്ക് എളുപ്പത്തിൽ ഒഴിവാക്കാം. 

               നമ്മുടെ സമാധാനത്തിന്റെ ശത്രു വെളിയിൽ അല്ല നമ്മുടെ ഉള്ളിൽ തന്നെയാണ്. ആ ശത്രുവിനെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ സമാധാനം സന്തോഷവും നമുക്കുണ്ടാകും- നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും. പക്ഷേ ആ ശത്രുവിനെ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. എന്നും എപ്പോഴും നമ്മൾ കരുതുന്ന ഒരു കാര്യമുണ്ട് "ഞാനാണ് ശരി ". അത് ശക്തമായിരിക്കുന്ന കാലത്തോളം മറ്റൊരാളെ അറിയാനോ, മനസ്സിലാക്കാനോ,അംഗീകരിക്കാനോ കഴിയില്ല. ഈ "അഹം "എന്ന ബോധം വളരെ അപകടകാരിയാണ്. എല്ലാവരിൽ നിന്നും തന്നെ മാറ്റി നിർത്താൻ ഈ ബോധത്തിന് കഴിയും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്നു പറയുന്നതുപോലെ "ഞാൻ "എന്ന ഭാവം ഉള്ളിടത്ത് ഞാൻ മാത്രമേ കാണൂ. മറ്റാരും ഉണ്ടാവില്ല. ആ "എന്നെ" ഒന്ന് മാറ്റിയാൽ എല്ലാവരും ഒപ്പമുള്ളതായി കാണാം. പിന്നെ എന്തിനാണ്" ഞാൻ "എന്ന ഭാവത്തെ നാം ഒപ്പം കൂട്ടുന്നത്? "നമ്മൾ" പോരെ ? "ഞാൻ "എന്ന ചിന്തയിലൂടെ നഷ്ടമാകുന്നത് സൗഹൃദങ്ങളും, കുടുംബബന്ധങ്ങളും, സമാധാനവും, സന്തോഷവും എല്ലാമാണ്.

      പലപ്പോഴും നമ്മൾ കരുതും സാമ്പത്തിക പരാധീനിത ഉണ്ടായിരുന്നില്ല എങ്കിൽ എല്ലാവരും എന്നെ പരിഗണിച്ചേനെ എന്ന്. പക്ഷേ സമ്പത്ത് ഉണ്ടായതുകൊണ്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള ബുദ്ധി വേണം. സമ്പത്തും ബുദ്ധിയും ഉണ്ടെങ്കിലും അയാൾക്ക് ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം? ഇനി ഒരാൾക്ക് സമ്പത്തും ബുദ്ധിയും ആരോഗ്യവും ഉണ്ടെങ്കിലും ഏറ്റവും പ്രധാനമായ കാര്യം കാണില്ല, സമാധാനമുള്ള ജീവിതം. അതിനു വേണ്ടത് മുൻപറഞ്ഞതൊന്നുമല്ല. സ്നേഹിക്കുവാനും പരിഗണിക്കുവാനും ഒരു മനസ്സ്, അതാണ്  വേണ്ടത്. സ്വച്ഛമായ  തെളിഞ്ഞ മനസ്സിന്റെ ഉടമയ്ക്ക് അധികസമ്പത്തും വലിയ ബുദ്ധിയും ആരോഗ്യവും ഒന്നുമില്ലെങ്കിലും അയാൾ സന്തുഷ്ടനായിരിക്കും. കാരണം അയാൾ മനസ്സിനെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. മറ്റൊന്നും തന്റെ മനസ്സിനെ കീഴ്പ്പെടുത്തുവാൻ അയാൾ അനുവദിക്കില്ല. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവരെ കണ്ടിട്ടില്ലേ, എന്തൊരു സംതൃപ്തിയാണ് അവർക്ക്!

          സമ്പത്തിനെക്കുറിച്ച് പറയുമ്പോൾ അടുത്തിടെ മരണപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ എന്ന നല്ല മനുഷ്യനെ കുറിച്ച് ഓർക്കുന്നു. വലിയ ധനികനായിരുന്നു എങ്കിലും മറ്റുള്ളവരുടെ ശ്രമത്തിൽ അദ്ദേഹത്തിന് ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നു. ഒടുവിൽ ഈ ധനത്തിനൊന്നും നമുക്ക് സുഖം പകരാൻ കഴിയില്ല എന്ന ദാർശനിക ചിന്തയിൽ അദ്ദേഹം എത്തുകയും ചെയ്തു. ജയിൽ വാസംകൊണ്ട് അദ്ദേഹം നേടിയെടുത്ത ഒരു ഗുണമായിരുന്നു അത്. സമ്പത്ത് ഉണ്ടായിട്ട് എന്ത് കാര്യം? നമുക്ക് വേണ്ടത് സമാധാനമുള്ള ജീവിതമല്ലേ.

   തനിക്ക് കഴിയാത്തതിൽ  കൂടുതലുള്ള ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ  നമുക്ക് ലഭിക്കുക അസംതൃപ്തമായ ജീവിതം ആയിരിക്കും. "ആഗ്രഹമാണ് ദുഃഖത്തിന്റെ മാതാവ് "എന്നാണല്ലോ   മഹത് വചനം. തുടക്കത്തിൽ തന്നെ ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് നമ്മൾ ആ ആഗ്രഹങ്ങളുടെ നിയന്ത്രണത്തിലാവും. അവ സാധിച്ചെ ടുക്കുവാൻ ഏതറ്റം വരെ പോകുവാനും ശ്രമിക്കും. ഒടുവിൽ അത് നേടിയാലും സംതൃപ്തി ഉണ്ടാവില്ല. കാരണം അപ്പോഴേക്കും നമ്മൾ അടുത്ത ആഗ്രഹത്തിന്റെ പിടിയിൽ പെട്ടിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന്റെ മാധുര്യം പോലും ആസ്വദിക്കാൻ അവർക്ക് പറ്റില്ല. തുണിക്കടയിൽ കയറുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? കടയിൽ വന്നു കഴിഞ്ഞാൽ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങളിലാവും അവരുടെ കണ്ണ്. മുമ്പിലെ മേശയിൽ വിതർത്തി ഇട്ടവ അവർ കാണില്ല. വസ്ത്രങ്ങൾ എടുത്ത് കാണിക്കാൻ നിൽക്കുന്നവരോട്" അതെടുക്കു" "ഇതെടുക്കു" എന്ന്  പറയും. എന്നാൽ എടുത്തു കഴിഞ്ഞാൽ അതിലൊട്ടു നോക്കുകയുമില്ല. ഇനി മുമ്പിലെ മേശയിൽ കിടക്കുന്നത് അത് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാലും അതിലേക്ക് നോക്കില്ല. അലമാരയിലെ അടുത്ത വസ്ത്രം നോക്കിക്കൊണ്ടിരിക്കും. ഇനി അതിലുള്ള വസ്ത്രം മുഴുവനും അവരുടെ മുമ്പിൽ ഇട്ടാലും വാങ്ങാതെ, അസംതുഷ്ടിയോടെ " എന്നാൽ നമുക്ക് അടുത്ത കടയിൽ പോകാം" എന്നാവുംഅവർ പറയുക. കിട്ടുന്നതിനോട് ഒരു സംതൃപ്തിയും ഇല്ല ഇവർക്ക്.  വീണ്ടും കിട്ടാനുള്ളതിലേക്ക് ആവും ഇവരുടെ നോട്ടം. ഇങ്ങനെയുള്ളവരെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും മറ്റാർക്കും കഴിയില്ല എന്നതാണ് സത്യം. അവർക്കു മാത്രമേ കഴിയൂ. സ്വന്തം മനസ്സിന്റെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ മാത്രമേ സന്തോഷവും സമാധാനവും ജീവിതത്തിലുണ്ടാകു. അതിനുപകരം സ്വന്തം പരാജയങ്ങൾക്ക് വൃഥാ അന്യരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. സ്വന്തം ജീവിതത്തിൽ സംതൃപ്തി കൊണ്ടുവരാൻ സ്വയം ശ്രമിക്കണം. അതിനു കഴിയാത്തവരാണ് മറ്റുള്ളവരുടെ നേർക്ക് വിരൽചൂണ്ടുന്നത്. പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഒരു വിരൽ മറ്റുള്ളവരുടെ നേർക്കു ചൂണ്ടുമ്പോൾ, മൂന്ന് വിരലുകൾ സ്വന്തം നേർക്കാണ് എന്ന കാര്യം മറക്കരുത് എന്ന്. ശരിയല്ലേ? അതുകൊണ്ട് സ്വന്തം ചിന്തയിൽ    മാറ്റങ്ങൾ വരുത്തി നമുക്ക് സമാധാനവും   സന്തോഷവും കൈവരിക്കാം. എന്റെ    സ്വർഗ്ഗം പണിയുന്നത് ഞാൻ തന്നെയാണ്   എന്ന ചിന്ത നമ്മുടെ ജീവിതത്തിലും   പ്രാവർത്തികമാക്കാം. നമ്മുടെ    കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാവുമ്പോൾ   നമ്മുടെ ജീവിതവും പൂത്തുലയും.   ഏറെ പ്രത്യാശയോടെ..............