Wednesday, February 21, 2024

മാതൃകയാകേണ്ട രക്ഷകർത്താക്കൾ

 ഇന്ന് എനിക്കറിയാവുന്ന ഒരു സംഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ . ഒരിക്കൽ ഒരു അമ്മ മനശാസ്ത്ര വിദഗ്ധനെ കാണാൻ എത്തി. 26 വയസ്സുകാരിയായ മകൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നു എന്നതായിരുന്നു അമ്മയുടെ സങ്കടം. അമ്മയുടെ ദുഃഖം കേട്ടുകഴിഞ്ഞപ്പോൾ, മറ്റാരും സംശയിക്കുന്നത് പോലെ അദ്ദേഹവും  " കുട്ടിക്ക്  പ്രണയം വല്ലതും ഉണ്ടോ" എന്ന് ചോദിച്ചു.

" അയ്യോ, ഇല്ല, ഉണ്ടെങ്കിൽ ഞങ്ങൾ അറിയാതിരിക്കില്ല. മാത്രമല്ല അവൾക്ക് അധികം ആൺ സുഹൃത്തുക്കളുമില്ല. ഇതെല്ലാം അവൾ തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ്. "

" എന്നാൽ ഒരുപക്ഷേ നല്ല ഒരു ജോലി കിട്ടട്ടെ എന്ന് വിചാരിച്ചാണെങ്കിലോ?സാമ്പത്തികമായി സെറ്റിലായിട്ടുമതി കരുതി കാണും " എന്ന ഡോക്ടറുടെ അടുത്ത സംശയവും നിരാകരിച്ചു.

" അങ്ങനെയല്ല ഡോക്ടർ.അവൾക്ക് നല്ല ശമ്പളം ഉള്ള ജോലിയുണ്ട്. ഞങ്ങൾക്കും സാമ്പത്തികമായി യാതൊരു  ബുദ്ധിമുട്ടുമില്ല. അവളുടെ ശമ്പളം അവൾ തന്നെയാണ് സൂക്ഷിക്കുന്നത്"

" എന്നാപ്പിന്നെ കുട്ടിക്ക് ചിലപ്പോൾ ഏതെങ്കിലുംതരത്തിലുള്ള  കോംപ്ലക്സ് ഉണ്ടായിരിക്കാം. ചില കുട്ടികൾ താൻ കറുത്തിട്ടാണ്, തടിച്ചിട്ടാണ്, ഭംഗിയില്ല, എന്നെല്ലാം പറഞ്ഞ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാറുണ്ട്. "

" "എന്റെ മകൾ ആയതുകൊണ്ട് പറയുകയല്ല ഡോക്ടർ. പഠിത്തത്തിൽ മാത്രമല്ല കാണാനും അവൾ ഒട്ടും പുറകിലല്ല. കൂടാതെ ആരോഗ്യത്തിൽ അവൾക്ക് പ്രത്യേക ശ്രദ്ധയാണ്. "

 ഈ അമ്മയെ വെച്ച് നോക്കുമ്പോൾ അത് 100% ശരിയായിരിക്കുമെന്ന് ഡോക്ടർക്കും തോന്നി. ഒടുവിൽ അദ്ദേഹം അവസാനത്തെ ആയുധം തന്നെ പുറത്തെടുത്തു. " തെറ്റിദ്ധരിക്കരുത് ഒരുപക്ഷേ അവൾ ഒരു സ്വവർഗ്ഗാനുരാഗി ആണെങ്കിലോ? ധാരാളം കേസുകൾ ഇങ്ങനെ കാണാറുണ്ട്. "

" ഇവളുടെ കാര്യത്തിൽ അത് ശരിയല്ല ഡോക്ടർ. അവൾ ഇതിനെതിരാണെന്ന് പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട് ".

 ഇനി ആ കുട്ടിയുമായി സംസാരിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നുറപ്പിച്ച അദ്ദേഹം " ഒരു ദിവസം മകളെയും കൂട്ടി വരൂ. അവളോടൊന്ന് സംസാരിക്കട്ടെ " എന്ന് പറഞ്ഞു.

 രണ്ടുദിവസത്തിനകം അമ്മ മകളുമായി എത്തി. സുന്ദരിയായ ഒരു മിടുക്കി കുട്ടി. ഇവിടെ വരുന്ന കാര്യം അവളോട് തുറന്നു പറഞ്ഞിരുന്നതിനാൽ എല്ലാവർക്കും വിഷമമില്ലാതെ സംസാരിക്കാൻ പറ്റി. അല്പസമയം കഴിഞ്ഞ്, മകളോട്ഒറ്റയ്ക്ക് സംസാരിക്കണം എന്ന ഡോക്ടറുടെ ആവശ്യം അമ്മ സന്തോഷത്തോടെ അംഗീകരിച്ചു. മകളും ഡോക്ടറും തനിച്ചായപ്പോൾ, വിവാഹത്തിന് വിസമ്മതിക്കുന്നതിന്റെ കാരണം ഡോക്ടർ തിരക്കി. " വിവാഹത്തിലൂടെ അമ്മ പറയുന്ന സുരക്ഷിതത്വ മൊന്നും എനിക്ക് കിട്ടില്ല " അവൾ പറഞ്ഞു. " അത് ശരിയാണോ? ചുറ്റുമുള്ള ബന്ധുക്കളെ നോക്കൂ. അപ്പോൾ ദാമ്പത്യത്തിന്റെ ആഴവും സ്നേഹവും മനസ്സിലാവും. അച്ഛനും അമ്മയും എത്ര സ്നേഹത്തോടെ ആവും കഴിയുന്നത് അല്ലേ? " ഡോക്ടർ തുടരാൻ അവൾ സമ്മതിച്ചില്ല. " എന്റെ അമ്മ എന്റെ റോൾ മോഡൽ അല്ല.." അമ്പരപ്പോടെയും സംശയത്തോടെയും ഡോക്ടർ അവളെ നോക്കി. " ശരിയാണ് ഞാൻ പറഞ്ഞത്. എനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മ സ്വന്തം വിവാഹ ജീവിതത്തെ ശപിക്കുകയാണ്. അമ്മയുടെ ഏതോ കഷ്ടകാലത്താണ് അച്ഛനെ വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്. സ്വന്തം വിവാഹത്തെ അംഗീകരിക്കാനും സന്തോഷമായി ജീവിക്കാനും കഴിയില്ല എന്നു എപ്പോഴും പറയുന്ന എന്റെ അമ്മയാണ്, വിവാഹം എന്തോ മഹാകാര്യമാണെന്ന മട്ടിൽ എന്നോട് സംസാരിക്കുന്നതും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതും. ഇതെങ്ങനെ ശരിയാകും? സ്വന്തം വിവാഹം ഒരു നരകമായി കാണുന്ന വ്യക്തി തന്റെ മകളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിൽ എന്ത് ലോജിക്കാനുള്ളത്? എന്റെ അച്ഛൻ പാവമാണ്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുമുണ്ട്. അങ്ങനെയുള്ള അച്ഛനെയാണ് അമ്മ ശപിക്കുന്നത്. സാധ്യമല്ല ഡോക്ടർ. ഒരു വിവാഹം കഴിക്കാൻ ഞാൻ ഇപ്പോൾ എന്തായാലും തയ്യാറല്ല. മാനസികമായി ഒട്ടുമല്ല. അമ്മയെ റോൾ മോഡൽ ആക്കാൻ എനിക്ക് വയ്യ" അവളുടെ അഭിപ്രായം ഉറച്ചതായിരുന്നു.

     ഇത് ഞാൻ കേട്ട ഒരു അനുഭവ കഥയാണ്. പല വീടുകളിലും ഇതാണ് നടക്കുന്നത്. (ഈ ഒരു സംഭവം പറഞ്ഞു എന്ന് കരുതി വിവാഹം കഴിക്കാൻ താല്പര്യം കാട്ടാത്ത എല്ലാ ആൺ -പെൺ കുട്ടികളുടെയും തീരുമാനത്തിന് പിന്നിൽ  അച്ഛനമ്മമാർ തമ്മിലുള്ള ഐക്യമില്ലായ്മയാണ്ന്ന് ദയവായി തെറ്റിദ്ധരിക്കരുത്. പല പല കാരണങ്ങൾ കൊണ്ടും വിവാഹം ഉടനെ വേണ്ടെന്നോ, ഒരിക്കലും വേണ്ടെന്നോ അവർ പറയുന്നു. അത് അവരുടെ ഇഷ്ടമാണ്. ) ഒരു ഭാര്യ തന്റെ ജീവിതത്തെയും ഭർത്താവിനെയും ശപിക്കുമ്പോൾ, അതുകേട്ട് വളരുന്ന കുട്ടികളുടെ മനസ്സിലും ദാമ്പത്യത്തെ കുറിച്ച് വികലമായ കാഴ്ചപ്പാട് രൂപപ്പെടുന്നു. ഒടുവിൽ അവർ വളർന്ന് സ്വന്തം ജീവിതത്തിൽ നടപ്പാക്കുന്നതും ഇതേ രീതിയായിരിക്കും. ഭാര്യ -ഭർത്താക്കന്മാർക്ക് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞാൽ മാത്രമേ,അവരുടെ കുട്ടികളിലും ആരോഗ്യകരമായ കുടുംബ ജീവിതത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകു. അച്ഛനെ കുറ്റം പറയുന്നത് കേട്ട് വളരുന്ന മകൾ വിവാഹിതയായാൽ ഭർത്താവിനെ സ്നേഹിക്കാതെ പരസ്പരം ബഹുമാനിക്കാതെ പോരടിച്ചു കൊണ്ടിരിക്കും. കാരണം അവൾ കുട്ടിക്കാലം മുതൽ കണ്ടത് അതാണ്. കേട്ടത് അങ്ങനെയാണ്. അതിനാൽ അമ്മയെപ്പോലെ ജീവിക്കാനാവും അവൾ ശ്രമിക്കുക. ഇനി ഈ ചുറ്റുപാടിൽ വളരുന്ന ആൺകുട്ടികളാണെങ്കിൽ സ്വന്തം ഭാര്യമാരെ കണ്ണടച്ചു വിശ്വസിക്കില്ല. അച്ഛനെ കുറിച്ച് അമ്മ പറയുന്നത് കേട്ട് ആണല്ലോ അവനും വളരുന്നത്. ആ സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ അവനും തന്റെ പങ്കാളിയെ കാണാൻ കഴിയു.

    ഭാര്യക്കും ഭർത്താവിനും അഭിപ്രായവ്യത്യാസങ്ങളുണ്ട്, തീരുമാനങ്ങൾ ഉണ്ട്. എന്നാൽ അത് കുട്ടികളുടെ മുമ്പിൽവെച്ച് ചർച്ച ചെയ്യുകയല്ല വേണ്ടത്.  ബെഡ്റൂമിൽ വെച്ച് പറഞ്ഞു തീർക്കണം. പരസ്പരം പഴിചാരുന്നതും ശപിക്കുന്നതും കേൾക്കുന്ന കുട്ടികളിൽ അച്ഛനമ്മമാരുടെ ഈദുസ്വഭാവവും വേരു പിടിക്കും. വിവാഹം കഴിയുന്നതോടെ അത് പടർന്നു പന്തലിക്കും. കുട്ടികളെ തങ്ങളുടെ പങ്കാളിയിൽ നിന്നും അകറ്റി തന്റേത് മാത്രമാക്കാനുള്ള ശ്രമമാണ് പലപ്പോഴും ഇതിലൂടെ നടക്കുക. അച്ഛന്റെ കുറ്റം പറയുമ്പോൾ കുട്ടികൾക്ക് അമ്മയോട് സഹാനുഭൂതി കൂടും എന്ന്അമ്മയും, അമ്മയുടെ കുറ്റം പറഞ്ഞാൽ കുട്ടികൾ അമ്മയെ വെറുത്ത് തന്നോടൊപ്പം നിൽക്കുമെന്ന് അച്ഛനും കരുതും. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അസഹ്യമാണ്. അവർക്ക് അച്ഛനെയും അമ്മയും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ സ്വന്തം കാര്യം നേടാനായി ഒരുപക്ഷേ അവർ ഇവരിൽ ഒരാളെ കൂട്ടു പിടിച്ചേക്കാം. പക്ഷേ വലുതാകുമ്പോൾ ഇത് മാറി വെറുപ്പായി തീരും.  ചില വീടുകളിൽ അച്ഛനെയും അമ്മയെയും ആക്രമിക്കുന്ന മക്കളെ കാണാം. ആ മക്കൾ അങ്ങനെ ആയിത്തീരുന്നതിനു പ്രധാന കാരണം അവരുടെ രക്ഷിതാക്കൾ തന്നെയാണ്. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ  സ്നേഹിക്കാൻ പഠിപ്പിച്ചാൽ മാത്രമേ അവരിൽ സ്നേഹം ഉണ്ടാകു. മറ്റൊരാളെ വെറുക്കാൻ  പഠിപ്പിച്ചാൽ, അവർ വെറുക്കുന്നത് ഈ പഠിപ്പിച്ചവരെ തന്നെയാവും. പരസ്പരം കുറ്റം പറഞ്ഞ് ശാപം ചൊരിയുന്ന വീട്ടിലെ കുട്ടികളിൽ എങ്ങനെയാണ് സ്നേഹം ഉണ്ടാവുക? ഈ അവസ്ഥയിൽ വളരുന്ന കുട്ടികളുടെ ഭാവിയും സ്വന്തം അച്ഛനമ്മമാരുടെതു പോലെ ആയിരിക്കും എന്നതിൽ സംശയം ഇല്ല. അച്ഛന്റെ ബന്ധുക്കളെ കുറ്റം പറയുന്ന അമ്മയെ കണ്ടു വളരുന്ന മകൾ, വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ ബന്ധുക്കളെ വെറുക്കും. അതുപോലെ അമ്മയുടെ ബന്ധുക്കളെ പരിഹസിക്കുന്ന അച്ഛനെ കണ്ടുവളർന്ന ആൺമക്കൾ സ്വന്തം ഭാര്യയുടെ ബന്ധുക്കളെയും അംഗീകരിക്കില്ല.  അതുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ പ്രതീക്ഷിക്കുന്ന മാതാപിതാക്കൾ, പരസ്പരം ശപിക്കാതെ സ്നേഹത്തോടെ ജീവിച്ച് അവർക്ക്മാതൃകയാകണം.

    ആദ്യം വിവരിച്ച സംഭവത്തിലെതു പോലെ, കുട്ടികൾ വളർന്ന്  പ്രതികരിക്കാൻ തുടങ്ങുമ്പോഴാണ് രക്ഷകർത്താക്കൾക്ക് ഇതേക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴും താനാണ് ഇതിന് കാരണം എന്ത് അംഗീകരിക്കാൻ അവർക്ക് സാധിച്ചു എന്ന് വരില്ല. കാരണം തന്റെ ജീവിതം തന്റേതു മാത്രമാണെന്നും ആ അനുഭവം മകൾക്ക് മനസ്സിലാകില്ലെന്നും ആ അമ്മ അല്ലെങ്കിൽ അച്ഛൻ വിശ്വസിക്കും.

    കുട്ടികൾ വീട്ടിൽ എന്താണോ കണ്ടുവരുന്നത് അതുതന്നെ അവർ കണ്ടും കേട്ടും പഠിക്കും. പിന്നീട് അത് തെറ്റാണെന്ന് മുതിർന്നവർ ഉപദേശിച്ചിട്ടോ, മനോ വിദഗ്ധനെ കാണിച്ചിട്ടോ  കാര്യമില്ല. ആ സ്വഭാവം അവരിൽ  ശക്തമായി ഉറച്ചു  കഴിഞ്ഞിരിക്കും. ഇതിൽ മാറ്റം വരണമെങ്കിൽ സ്വന്തമായി  ചിന്തിക്കണം,  സ്വയം മാറണം. പക്ഷേ അതിന് എത്രപേർക്ക് സാധിക്കും എന്നതാണ് സംശയം.

      ഞാനീ പറഞ്ഞത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. നമ്മുടെ ചുറ്റും ഒന്നു നോക്കിയാൽ വളരെ ധാരാളമായി തന്നെ ഇത്തരം സംഭവങ്ങൾ കാണാൻ കഴിയും.  യുവ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അവർ നിങ്ങളെ കണ്ടാണ് വളരുന്നത്. നിങ്ങളുടെ പ്രവർത്തിയും ചുറ്റുമുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റവും അവർ ശ്രദ്ധിക്കും. അത് കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യും . പിന്നീട് അവരെ തിരുത്തുന്നത്  കതിരിന് വളം  വയ്ക്കും പോലെയാണ്. മാതാപിതാക്കൾ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങളാണ് മക്കൾ എന്ന് പൊതുവെ പറയാം. സ്വന്തം വാക്കും പ്രവർത്തികളും ആ പ്രതിച്ഛായയിൽ ഉണ്ട് എന്നത് മറക്കാതിരിക്കുക. തലമുറകൾ തമ്മിലുള്ള വിടവ് എന്നൊക്കെ അലങ്കാരിക ഭാഷയിൽ പറയുന്നുണ്ടെങ്കിലും ഇത് തലമുറകൾ പിന്തുടരുന്ന സംസ്കാരത്തിന്റെ പ്രകടനമാണ്. കഴിഞ്ഞദിവസം  കണ്ട ഒരു വാർത്തയിൽ,മൂന്നും ഏഴും വയസ്സ് പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം അമ്മ ഒരാളുമായി ഒളിച്ചോടി. സ്കൂൾ ബസ്സിൽ തിരിച്ചെത്തുമ്പോൾ ബസ്റ്റോപ്പിൽ ആരുമില്ലാത്തതുകൊണ്ട് ആയ അവരെ വീട്ടിൽ കൊണ്ടാക്കാൻ ചെന്നപ്പോഴാണ് അമ്മയില്ല എന്ന വിവരം അറിയുന്നത്.  ഒടുവിൽ പോലീസിൽ പരാതി നൽകുകയും അമ്മയെ തമിഴ്നാട്ടിൽ നിന്നും പിടി കൂടുകയും ചെയ്തു. അമ്മയിലെ ഈ സ്വഭാവം ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. കുടുംബത്തിന്റെ പ്രാധാന്യം അറിയാത്ത വീട്ടിൽ ആവണം അവർ ജനിച്ചു വളർന്നത്. ആ സ്ത്രീയുടെ കുടുംബത്തിൽ, കുടുംബത്തേക്കാൾ വ്യക്തിയുടെ താൽപര്യങ്ങൾക്ക് ആയിരിക്കണം പ്രാധാന്യം നൽകിയിരുന്നത്.  അതുകൊണ്ട് അവർക്ക് സ്വന്തംമക്കളെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കുവാൻ സാധിച്ചില്ല.

      നമ്മൾ ചെയ്യാത്ത നന്മകൾ ഒന്നും നമ്മുടെ മക്കളിൽ നിന്നും നാം പ്രതീക്ഷിക്കരുത്. കുട്ടികളെ നല്ല വ്യക്തികളായി വളർത്തുവാൻ ആദ്യം മാറേണ്ടത് മാതാപിതാക്കളാണ്  . മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ടുവളർന്നാലേ, കുഞ്ഞുങ്ങളിലും ഈ സ്വഭാവം രൂപപ്പെടു. കുട്ടികൾ നമ്മുടെ പ്രതിബിംബങ്ങൾ തന്നെയാണ് എന്ന് മറക്കാതിരിക്കുക. അവർ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും മുഖ്യകാരണം - അത് നല്ലതോ ചീത്തയോ ആകട്ടെ- മാതാപിതാക്കൾ തന്നെ. അതിനാൽ ഭാവിയിൽ ദുഃഖിക്കാതിരിക്കുവാൻ ഇന്ന് തന്നെ സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുവതലമുറയ്ക്ക് സാധിക്കട്ടേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

 ഏറെ സ്നേഹത്തോടെ...

 മീരാ നമ്പൂതിരി



4 comments:

Anonymous said...

വാസ്തവം!🙏🙏

Anonymous said...

👍

Anonymous said...

ദാരിദ്ര്യമെന്തെന്നറിയാത്ത യുവതലമുറ കൊതിക്കുന്നതിന്ന് മുമ്പേ കിട്ടുന്നു! വിശക്കുന്നതിന്ന് മുമ്പേ ഭക്ഷിക്കുന്നു.

Anonymous said...

👍

Post a Comment