Thursday, February 15, 2024

കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്ന മനോവൈകല്യങ്ങൾ

   കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. മയക്കുമരുന്ന് കേസിൽ ഒരു വീട്ടമ്മയെ വ്യാജമായി ഉൾപ്പെടുത്തിയത് ആയിരുന്നു അത്. 2023 ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ഒരു ചെറിയ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ വ്യാജമായി പെടുത്തി അറസ്റ്റ് ചെയ്തത്. ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പത്രങ്ങളും, ചാനലുകളും  ആഘോഷിച്ചു. അവർ നടത്തുന്ന ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കച്ചവടം നടക്കുന്നു എന്നും അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും ലഹരിവസ്തുക്കൾ - 12 LSD സ്റ്റാമ്പുകൾ- പിടിച്ചെടുത്തു എന്നുമായിരുന്നു വിവരം. ഒരു സാധാരണ വായനക്കാരിയെ പോലെ ഞാനും ശ്രീമതി ഷീല സണ്ണിയെ കുറിച്ച്" ഹോ എന്തൊരു സ്ത്രീ,എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എന്നിട്ട് പാവം പോലെ നിൽക്കുന്നത് കണ്ടില്ലേ" എന്നെല്ലാം വിചാരിച്ചു.  തനിക്കെതിരെയുള്ള ഈ ലഹരി വില്പന കുറ്റം വെറും ആരോപണം ആണെന്നും ആരോ തനിക്കെതിരെ നടത്തിയ നീക്കം ആണെന്നും ഷീലാ സണ്ണി അപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ അപ്പോൾ അതൊന്നും ചെവി കൊള്ളാൻ ആരും ഉണ്ടായിരുന്നില്ല. പോലീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആകട്ടെ, ഇവർ കുറ്റവാളിയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് നൽകിയത്.

1. ഇവർ ഒരു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

2. സതീശൻ എന്നൊരാൾ  നൽകിയ ഇൻഫർമേഷൻ വഴിയാണ് മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്.

3. ബ്യൂട്ടി പാർലറിൽ വന്ന ശേഷം ഈ മയക്കുമരുന്ന് വിൽപ്പനയ്ക്കായി അവർ പുറത്തു പോയിരുന്നു.

4. അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും 12 എൽ എസ് ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു.

 എന്നിങ്ങനെയായിരുന്നു എക്സൈസ് പുറത്തിറക്കിയ പത്രക്കുറിപ്പ്.

 എന്നാൽ ദിവസങ്ങൾ കഴിഞ്ഞ ശേഷം നടത്തിയ രാസ പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെടുത്ത സ്റ്റാമ്പുകൾ LSD യിൽ ഉൾപ്പെട്ടവ അല്ലായിരുന്നുഎന്ന് തെളിഞ്ഞു.  തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അവർ കടയിൽ വന്നശേഷം പുറത്തു പോയിട്ടില്ല എന്നും തെളിയിക്കാൻ കഴിഞ്ഞു. എക്സൈസ് ആരോപിച്ച രണ്ട് സുപ്രധാന തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഷീല സണ്ണിയുടെ ഭർത്താവും മരുമകനും നിയമസഹായം തേടുകയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ഇവരെ പുറത്തുവിടാൻ എക്സൈസ് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ഷീല സണ്ണിക്ക്  മെയ് 10 ന് ജാമ്യം ലഭിച്ചത്. കൂടാതെ ഇവരുടെ പേരിലുള്ള ലഹരിക്കച്ചവടാരോപണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ കോടതി FIR റദ്ദു ചെയ്യുകയും ഈ ആരോപണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

   എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷമാണ്    സത്യങ്ങൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. ഇൻഫർമേഷൻ നൽകിയ സതീശൻ എന്നയാൾ യഥാർത്ഥത്തിൽ നാരായണ ദാസ് എന്ന മധ്യവയസ്കൻ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇയാൾക്കെതിരെ ആൾമാറാട്ടം, ഹണി ട്രാപ്പ്, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പരാതികൾ ഉണ്ടെന്നും 28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ആണെന്നും താമസം ബാംഗ്ലൂരിലാണെന്നും  മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

         എന്നാൽ വിചിത്രമായ സംഗതി, ഷീല സണ്ണി ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു. താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ, അതും ബാംഗ്ലൂരിൽ നിന്നും,     താൻ ലഹരി വില്പന നടത്തുന്നതായുള്ള വ്യാജ ഇൻഫർമേഷൻ എന്തിനാണ് പോലീസിനെ വിളിച്ചറിയിച്ചു എന്നതാണ്  ഷീല സണ്ണിയെ ആശ്ചര്യപ്പെടുത്തിയത്. തനിക്ക് ചുറ്റുമുള്ള ആരൊക്കെയോ ഇതിന് പിന്നിൽ ഉണ്ടെന്ന് അവർക്ക് സംശയം തോന്നി.  അങ്ങനെയാണ് പല കാര്യങ്ങളും പുറത്തുവരാൻ തുടങ്ങിയത്. ഷീലയും ഭർത്താവും മകനും ഭാര്യയുമായി ഒരു വീട്ടിലായിരുന്നു താമസം. അപ്പോൾ മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. മരുമകളുമായി വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. മരുമകളുടെ അനുജത്തി ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. അവൾ ഇടക്ക്ചേച്ചിയോടൊപ്പം താമസിക്കാൻ എത്തിയിരുന്നു. അവളുടെ സുഹൃത്തായിരുന്നു സതീഷ് എന്ന ഈ നാരായണദാസ്. ഇവർ തമ്മിലുള്ള ഇടപാടുകളെ കുറിച്ചും ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു. മരുമകളും അനിയത്തിയും ചേർന്നാണ് ബാഗിലും സ്കൂട്ടറിലും ഈ സ്റ്റാമ്പുകൾ വെക്കുകയും പിന്നീട് ഈ വെച്ച സ്ഥലം ശരിയായ രീതിയിൽനാരായണ ദാസനെ അറിയിച്ച് അയാൾ  എക്സൈസിൽ അറിയിക്കുകയും ചെയ്തു . പിന്നീട് അറസ്റ്റ് ചെയ്ത ഷീല സണ്ണിയെ 72 ദിവസമാണ് ലഹരി തടവുകാർക്ക് ഒപ്പംപാർപ്പിച്ചത്. ഒന്നോർത്തു നോക്കൂ. ഒരു കുറ്റവും ചെയ്യാത്ത വ്യക്തി,  72 ദിവസം ജയിലിൽ കുറ്റവാളികൾക്കൊപ്പം കഴിയേണ്ടി വരിക, അതും ലഹരി തടവുകാർക്കൊപ്പം. അത് സൃഷ്ടിക്കുന്ന മാനസിക വേദന എന്നത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. ഒന്നും രണ്ടും ദിവസമല്ല 72 ദിവസം ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കഴിയേണ്ടി വരിക. ഒരു സാധാരണ സ്ത്രീക്ക് താങ്ങാൻ കഴിയാത്ത ഒരു അവസ്ഥയാണിത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പും ദൈവത്തിലുള്ള വിശ്വാസവും ആയിരിക്കണം ഒരുപക്ഷേ ഇവർക്ക് ശക്തി നൽകിയത്. പലപ്പോഴും ആത്മഹത്യയെ പറ്റിവരെ ചിന്തിച്ചിരുന്നു എന്ന് ഇവർ പറയുന്നു.മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലാത്ത ഷീല സണ്ണിയോടുള്ള ഈ ക്രൂരതക്ക് എത്ര മാപ്പ് പറഞ്ഞാലും ആർക്കും ക്ഷമിക്കാൻ കഴിയില്ല. അത് സ്വന്തം മകന്റെ ഭാര്യ ആകുമ്പോൾ   ആ ക്രൂരതയുടെ വ്യാപ്തി വർദ്ധിക്കുന്നു. തന്നോട് അവൾക്ക് എന്തിനാണ് ഇത്രയും ദേഷ്യം എന്ന് അറിയില്ലെന്നാണ് ഷീല സണ്ണി പറയുന്നത്. തന്റെ വീട്ടിലെത്തിയ മരുമകളുടെ അനിയത്തിയെ സ്വീകരിച്ച ഷീലയ്ക്ക്, അവർ നൽകിയ പ്രതിഫലം എത്ര ഹീനമായിരുന്നു. അറസ്റ്റ് നടക്കുന്നതിന്റെ തലേദിവസം വൈകിട്ട് ഷീലയുടെ സ്കൂട്ടറുമായി മരുമകളും അനിയത്തിയും കൂടി പുറത്തുപോയി. രാത്രിയാണ് തിരിച്ചെത്തിയത്. ആ സമയത്ത് ആകാം സ്റ്റാമ്പുകൾ സ്കൂട്ടറിൽ വെച്ചത്. പിന്നീട് അവർക്കു ഉറങ്ങാനായി ഷീല സ്വന്തം മുറി കൊടുത്തപ്പോൾ, അവർ ഷീലയുടെ ബാഗിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ ഈ സ്റ്റാമ്പുകൾ വച്ചു നന്ദിയില്ലായ്മ കാട്ടി.

    ഞാനീ വിഷയത്തെക്കുറിച്ച് പറഞ്ഞത് ഒരു കേസിനെ കുറിച്ച് പറയുന്നതായിട്ടല്ല. ബന്ധങ്ങളിലെ വിള്ളലുകളെ ചൂണ്ടി കാണിക്കാനായിരുന്നു. സ്വന്തം ഭർത്താവിന്റെ അമ്മയെ ലഹരി കേസിൽ പ്രതിയാക്കി 72 ദിവസം വരെ ജയിലിൽ കിടത്താൻ ആ പെൺകുട്ടിക്ക് എങ്ങനെ തോന്നി? അന്യരെ ആണെങ്കിൽ സാരമില്ല എന്നർത്ഥത്തിൽ അല്ല ഞാൻ ഇത് പറയുന്നത്. ജാമ്യം പോലും കിട്ടാത്ത ഇത്തരം കേസുകളിൽ ഒരാളെ വ്യാജമായി ഉൾപ്പെടുത്തുക എന്ന കുറ്റം മാപ്പ് അർഹിക്കുന്നതല്ല. എത്ര വിരോധമുണ്ടെങ്കിലും അതിനുള്ള പക തീർക്കേണ്ടത് ഒരിക്കലും ഈ വിധത്തിൽ അല്ല. ഇങ്ങനെയായാൽ ആർക്കും ആർക്കെതിരെയും വ്യാജ പരാതികൾ നൽകി ജയിലിലാക്കാമല്ലോ എന്ന സത്യം ഒരു അപകടമായി നമ്മുടെ മുമ്പിലുണ്ട്. ഇവിടെ സിസിടിവി ദൃശ്യങ്ങളും പിടിച്ച സ്റ്റാമ്പുകൾ LSD അല്ലാതിരുന്നതും ആണ് ഷീല സണ്ണിക്ക് രക്ഷയായത്. അടുത്ത കടയിൽ സിസിടിവി ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ആ സ്റ്റാമ്പുകളിൽ ഒരെണ്ണം എങ്കിലും LSD ആയിരുന്നു എങ്കിൽ, പാവം അവർ ഇന്നും ജയിലിൽ കിടന്നേനെ. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവർക്ക് അനുകൂലമായി ഈ തെളിവുകൾ ഉണ്ടായത്. പലർക്കും ഇത്തരം അനുഗ്രഹങ്ങൾ ഉണ്ടാവണമെന്നില്ല. വ്യാജമായ ആരോപണത്തിന്റെ പേരിൽ ജയിലിലെ ശിക്ഷ കൂടാതെ പൊതുജനങ്ങളുടെ ഇടയിലും അവർ അപമാനിക്കപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭത്തിൽചിലരെങ്കിലും ഒടുവിൽ ആത്മഹത്യയിൽ സ്വയം രക്ഷ നേടും.

   എന്തുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കാനുള്ള വാസന യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നത്? ഇവിടെ അസൂയ ഒരു ഘടകമാണെന്ന് തോന്നുന്നു. ഷീലയും ഭർത്താവും സ്വയം അധ്വാനിച്ച് മകന്റെ സാമ്പത്തിക സഹായം തേടാതെ ജീവിക്കുന്നത് ഒരുപക്ഷേ മരുമകൾക്ക്  ഇഷ്ടമായിട്ടുണ്ടാവില്ല. ചിലർ അങ്ങനെയാണ്. എല്ലാ നിയന്ത്രണവും തന്നിൽ ആയിരിക്കണം.  ആരും തനിക്കു മേൽ ഉയരുന്നത് ഇഷ്ടമല്ല.  മറ്റുള്ളവർ തന്നെ ആശ്രയിച്ച് കഴിയണം എന്നാണ് അവരുടെ ആഗ്രഹം, അപ്പോഴല്ലേ അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ കഴിയൂ. ഇവിടെ ഷീലയുടെ ബ്യൂട്ടിപാർലർ വളരെ ചെറുതാണ്. ആരും സഹായത്തിന് ഇല്ലാതെ അവർ ഒറ്റയ്ക്ക് നടത്തുന്ന ഒരു ചെറു സ്ഥാപനം. എന്നിട്ട് പോലും അവരോട് അസൂയ തോന്നുന്നുവെങ്കിൽ ആ പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടെന്നു സംശയിക്കണം. ഇങ്ങനെ പ്രത്യാഘാതത്തെ പറ്റി ചിന്തിക്കാതെ അസൂയ മൂലം എടുക്കുന്ന തീരുമാനങ്ങളിൽ അവർക്ക് ഒരു കുറ്റബോധവും ഇല്ല എന്നതാണ് പരിതാപകരമായ കാര്യം. അന്യന്റെ ഉയർച്ചയിൽ ഉണ്ടാകുന്ന അസൂയയും സ്വന്തം അപകർഷതാബോധവും ആണ് ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് പിന്നിൽ. സ്വന്തമായി കഴിവില്ലാത്തതിനാൽ, കഴിവുള്ളവരോട്  ദേഷ്യവും അത് വളർന്ന്  അവരെ  എങ്ങിനെയെങ്കിലും നശിപ്പിക്കണം എന്ന് ചിന്തയും ഇങ്ങനെയുള്ളവരിൽ വർദ്ധിച്ചുവരുന്നു.

  ഇതിനുദാഹരണമായി മഹാഭാരതത്തിലെ ഒരു കഥ പറയാം. വില്ലാളി വീരനായിരുന്ന കർണന്റെ ദാനശീലം വളരെ പ്രസിദ്ധമാണ്. സ്നേഹിച്ചവർക്ക് വേണ്ടി ജീവൻ കളയാനും മടിയില്ലാത്ത വ്യക്തി. എന്നിട്ടും കർണ്ണന്റെ മഹത്വം അല്ല ആരും വർണ്ണിക്കുന്നത്.എല്ലാവരും എന്തുകൊണ്ടാണ് അദ്ദേഹത്തെപറ്റി നിന്ദയോടെ  സംസാരിക്കുന്നത് എന്ന് ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അതിനു മറുപടിയായി ഗുരു പറഞ്ഞത് കണ്ണന്റെ അപകർഷതാബോധമാണ് അദ്ദേഹത്തെ പരിഹാസ്യനാക്കുന്നത് എന്നാണ്. " സൂത പുത്രൻ " എന്ന വാക്ക് അദ്ദേഹത്തിന് അസഹ്യമായി.

 കൃഷ്ണനെ നോക്കൂ, അദ്ദേഹത്തെ ഇടയൻ എന്ന് വിളിക്കുമ്പോഴും അർജുനന്റെ സാരഥി ആകുമ്പോഴും ഒരു ലജ്ജയും തോന്നിയില്ല. രാജസൂയത്തിൽ എച്ചിലില എടുക്കുവാനും കൃഷ്ണന് വിഷമമുണ്ടായില്ല. ( കർണ്ണൻ അങ്ങനെ ചെയ്യാൻ തയ്യാറാകുമോ? ഒരിക്കലുമില്ല) കാരണം കൃഷ്ണന് തന്റെ ശക്തിയെപ്പറ്റി ബോധവാനായിരുന്നതുപോലെ,താൻ ജനിച്ച കുലത്തെക്കുറിച്ചും വളർന്നകുലത്തെക്കുറിച്ചുംബോധമുണ്ടായിരുന്നു.  ഒപ്പം അതിൽ അഭിമാനവും. കർണ്ണനെപ്പോലെ കൃഷ്ണനും വളർന്നത് വളർത്തച്ഛന്റെയും വളർത്തമ്മയുടെയും ഒപ്പമാണല്ലോ. പക്ഷേ തന്നെ യശോദാ നന്ദനൻ എന്നോ, നന്ദകുമാരൻ എന്നോ പറയുമ്പോൾ കൃഷ്ണനെന്നും അപകർഷതയല്ല അഭിമാനമാണ് തോന്നിയിരുന്നത്. എന്നാൽ കർണ്ണൻ അങ്ങനെയായിരുന്നില്ല. സൂത പുത്രൻ എന്ന വാക്ക് കേൾക്കാൻ പോലും കർണ്ണൻ തയ്യാറായില്ല. എല്ലാ കഴിവും ഉണ്ടായിരുന്നിട്ടും അപകർഷതാബോധത്തിലും, അർജുനനോടുള്ള അസൂയയിലും കർണ്ണൻ നീറി നീറി മരിക്കുകയായിരുന്നു.

 ഇത്തരം അപകർഷതയും അസൂയയും മനുഷ്യനെ മൃഗമാക്കി മാറ്റും.താൻ ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും അവർക്ക് സാധിക്കില്ല.  അസൂയ അവരെ അത്രമാത്രം അന്ധരാക്കും അതാണ് സത്യം.  ഇതിൽ നിന്നും പുറത്തു കടക്കാൻ അവർ കഠിനമായി പ്രയത്നിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇതിൽ നിന്നും രക്ഷ നേടിയില്ല എങ്കിൽ സ്വന്തം ഭാവി മാത്രമല്ല ഒപ്പമുള്ളവരെ കൂടി ഇവർ ഇല്ലാതാക്കും.

   ഷീല സണ്ണിക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ എന്നും ഷീലാ സണ്ണി അനുഭവിച്ചത് പോലെയുള്ള ദുരിതം  ആർക്കും ഉണ്ടാകരുതേ എന്നും പ്രാർത്ഥിക്കുന്നു.

 ഏറെ സ്നേഹത്തോടെ

മീര നമ്പൂതിരി.🙏


3 comments:

Post a Comment