Wednesday, February 28, 2024

അമ്മയില്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും

   കഴിഞ്ഞ ദിവസം ടിവിയിലെ ഒരു പരിപാടിക്കിടയിൽ  ആണ് ഈ വാക്കുകൾ കേട്ടത്. " അമ്മ ഇല്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും ". ശരിക്കും ഞാൻ അപ്പോഴാണ് ഇതിനെ പറ്റി കാര്യമായി ചിന്തിച്ചത്.  എത്ര ശരിയാണ് ഈ വാക്കുകൾ. നമ്മുടെ ഉള്ളിലുള്ള തോന്നലുകളെ വാക്കുകളിലൂടെ അവർ വരച്ചു കാണിക്കുമ്പോൾ ഇത് ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ഒരു അനുഭവമാണല്ലോ എന്നും തോന്നി. പക്ഷേ പലപ്പോഴും നമ്മൾ തുറന്നു പറയാറില്ല എന്ന് മാത്രം.

 ഇതേ കുറിച്ചു പറയുമ്പോൾ തീവ്ര വനിതാ സംഘടനകൾ ഒരുപക്ഷേ   എനിക്കെതിരെ തിരിയാനുള്ള സാധ്യതയുണ്ട്. ഇതിലെ തീവ്രത കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ശക്തരായ ഫെമിനിസ്റ്റുകളെയാണ്. " അച്ഛൻ അടുക്കളയിൽ കയറിയാൽ എന്താണ് കുഴപ്പം? അമ്മയ്ക്ക് പൂമുഖത്തിരുന്നു കൂടെ? " എന്നെല്ലാം അവർ ചോദിച്ചേക്കാം. സത്യം പറഞ്ഞാൽ ഈ ഫെമിനിസത്തോട് എനിക്ക് എന്തോ വലിയ താല്പര്യം ഇല്ല. അതിനർത്ഥം സ്ത്രീകൾ അടിമകളാണെന്നോ പുരുഷന്മാർ ഉടമകൾ ആണെന്നോ ഞാൻ സമ്മതിക്കുന്നു എന്നല്ല. ഈ ലോകത്ത് പുരുഷനും സ്ത്രീയും തുല്യരാണ്. അവർ അവരുടെതായ രംഗത്ത് അവരുടെ മികവ് കാണിക്കുന്നുണ്ട്. ഒരാൾ ഒരിടത്ത് പ്രാഗല്ഭ്യം തെളിയിച്ചു എന്ന് കരുതി മറ്റേയാൾ മോശക്കാരിയാണ്എ ന്ന അർത്ഥമില്ല. ഒരു ഉത്തമ  കുടുംബത്തിന് ഇരുവരുടെയും പ്രാതിനിധ്യം ഒരുപോലെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു രംഗത്തും ആരും ആരെക്കാളും ഉയർന്നതുമല്ല താഴ്ന്നതുമല്ല.എവിടെയും സ്ത്രീയും പുരുഷനും, തുല്യപ്രാധാന്യമുള്ള രണ്ട് വ്യക്തികൾ മാത്രമാണ്.

   സ്ത്രീകൾ ഔദ്യോഗിക രംഗത്തേക്ക് കടന്നതോടെ ഗാർഹിക ജോലിയിൽ പുരുഷന്റെ സഹായം ആവശ്യമാണ്. പക്ഷേ അതിനർത്ഥം ഓരോ ജോലിയുടെയും പകുതി തന്റെ പങ്കാളി ചെയ്യണം എന്നല്ല. ഒരാൾക്ക് ഇഷ്ടമുള്ള ജോലി അവർ ചെയ്യട്ടെ. അല്ലാതെ ഓരോ ജോലിയും പകുക്കാൻ  നിന്നാൽ അതു വലിയ ബുദ്ധിമുട്ടാവും. കഷണം നുറുക്കാൻ  താല്പര്യമുള്ളവർ അത് ചെയ്യണം, പാകം ചെയ്യാൻ താല്പര്യമുള്ളവർ അത് ചെയ്യണം. ഒരാൾ ചായ ഉണ്ടാക്കുമ്പോൾ മറ്റേയാൾക്ക് പാത്രം കഴുകാം. എന്നാൽ  ചായ ഉണ്ടാക്കാൻ ഒരാൾ ചായക്ക് വെള്ളം വെക്കും മറ്റേയാൾ  പൊടിയിടും, ആദ്യത്തെയാൾ പാൽ ഒഴിക്കും രണ്ടാമത്തെയാൾ പഞ്ചസാര ഇടും എന്ന് വന്നാൽ അത്‌ വലിയ പ്രശ്നത്തിലേക്ക് നയിക്കും. വീട്ടിലെ എല്ലാ ജോലിയിലും പരസ്പരം സഹായിക്കണം. അതിൽ സന്തോഷം കണ്ടെത്തണം. നീ ഇത് ചെയ്യണംഎന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. പറഞ്ഞു ചെയ്യുന്നതിനേക്കാളും സന്തോഷം കണ്ടറിഞ്ഞു ചെയ്യുന്നതിൽ ആണ് എന്ന് നമുക്കെല്ലാം അറിയാം. അത് മനസ്സിലാക്കി പെരുമാറിയാൽ മാത്രം മതി. അത് പോകട്ടെ, ഞാൻ പറഞ്ഞു വന്നത് അമ്മയില്ലാത്ത അടുക്കളയെ കുറിച്ചാണ്.അമ്മ എന്ന വാക്ക് അടുക്കളയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെവീട് എന്നോർക്കുമ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങളുടെ രുചിയാവും ആദ്യം മനസ്സിൽ എത്തുക. അമ്മ ഇല്ലായെങ്കിൽ ആ വീട് പിന്നെ ജീവൻ നഷ്ടപ്പെട്ടത് പോലെയാകും. അമ്മയ്ക്ക് വയ്യാതായാൽ പിന്നെ വേഗം അമ്മയെ പഴയ പടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് വീട്ടിൽ എല്ലാവരും നടത്തുക. അതിൽ അച്ഛനും മക്കളും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഒരുമിച്ചു നിൽക്കും. കാരണം അമ്മയാണ് അവരുടെ ആശ്രയ കേന്ദ്രം. അമ്മ ഇല്ലെങ്കിൽ ആ വീട് വീടാവില്ല. അമ്മ എന്നുദ്ദേശിക്കുന്നത് ആ വീട്ടിലെ പ്രധാന സ്ഥാനം വഹിക്കുന്ന സ്ത്രീയെയാണ്. അത് ഗൃഹനാഥയായ അമ്മയോ മകളോ മരുമകളോ ഒക്കെ ആകാം.  അമ്മയ്ക്ക് പ്രായമായാൽ പിന്നെ മരുമകൾ ആ സ്ഥാനം ഏറ്റെടുക്കുന്നതാണല്ലോ നമ്മുടെ ഇടയിൽ കണ്ടുവരുന്നത്.

   വീട്ടിൽ എല്ലാവരും അമ്മയുമായി സംസാരിക്കാൻ കണ്ടെത്തുന്ന ഒരു പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീടിന്റെ കുടുംബത്തിന്റെ ഉറപ്പാണ് അടുക്കളയിൽ കാണുന്നത്. അമ്മയോട് രഹസ്യം പറയാൻ ഏറ്റവും നല്ല സ്ഥലം അടുക്കള തന്നെ. ജോലി ചെയ്തുകൊണ്ട് എല്ലാം കേൾക്കുന്ന അമ്മ അതിന് പരിഹാരവും കാണും. വിവാഹം വരെ ഞാൻ അമ്മയോട് സംസാരിച്ചിരുന്നതും, പരാതി പറഞ്ഞിരുന്നതും എല്ലാം അടുക്കളയിൽ വച്ചായിരുന്നു. അമ്മ ചൂടോടെ ഉണ്ടാക്കി തരുന്ന ദോശ,               ഊണുമുറിയിൽ പോകാതെ അടുക്കളയിലെ അരിപ്പെട്ടിയുടെ പുറത്തോ, പാതകത്തിന്റെ അരികിലോ ഇരുന്ന് കഴിക്കുന്നതിന്റെ സുഖം. ഹോ അത് പറയാൻ വയ്യ. ദോശയുടെ ചൂടിൽ വാപൊള്ളിയാലും  ഹു.... ഹു.... എന്ന് ഊതി   ഒരു വിധത്തിൽ വീഴുങ്ങും. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ പോയി എങ്കിലും വല്ലപ്പോഴും നാട്ടിൽ എത്തി വീട്ടിൽ വരുമ്പോൾ ഞാൻ പഴയ ഞാനാകും. ഒന്നും ചെയ്യാതെ അടുക്കളയിൽ ഇരുന്ന് അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞ് അമ്മ  തരുന്നതെല്ലാം കഴിച്ച് എഴുന്നേറ്റ്   പോകുന്ന ഒരു കുഴിമടിച്ചി. കുട്ടികൾ ആയപ്പോൾ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്തായി. എന്റെ കുട്ടികളും എന്നോട് സംസാരിക്കാൻ ആദ്യം കണ്ടെത്തുന്ന സ്ഥലം അടുക്കളയായിരുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ കുട്ടികളുടെ പരാതിയും പരിഭവവും കേട്ട് അവരുടെ സന്തോഷം പങ്കിട്ട് ജോലി ചെയ്യുമ്പോൾ കിട്ടുന്ന ആത്മ സന്തോഷം അനുഭവിച്ചു തന്നെ അറിയണം. അത് എന്റെ ഒരു വളർച്ചയായിരുന്നു. എന്റെ അമ്മയിലേക്കുള്ള വളർച്ച. ഇന്ന്ആ കുട്ടികൾ എല്ലാം വളർന്ന് അവരുടെ കുട്ടികളുമായി കഴിയുന്നു.

  പക്ഷേ ഇവിടെ വല്ലപ്പോഴും വരുന്ന എന്റെ മകളിൽ, എന്നിലെ പഴയ എന്നെയാണ് ഞാൻ കാണുന്നത്. ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞാൻ ഉണ്ടാക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് അവൾ പറഞ്ഞിരിക്കും. അവസാനം ഒന്നു കൂടി കാണും - അമ്മ വായിൽ തരണേ എന്ന്. അവൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടുന്നതും കുന്നായ്മ പറഞ്ഞു ചിരിക്കുന്നതും  അടുക്കളയിലാണ്. അപ്പോൾ ഞങ്ങളുടേതായ ഒരു സ്വകാര്യ ലോകമാണത് 😉    ഇന്ന്എന്റെ അമ്മയ്ക്ക് വയ്യ. നാളെ എനിക്കും വയ്യാതെയാകും. അപ്പോൾ അമ്മയില്ലാത്ത അടുക്കള എന്തെന്ന് എന്റെ മകൾക്ക് മനസ്സിലാകും. സത്യത്തിൽ അപ്പോഴേ മനസ്സിലാകു.😞 ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല. അമ്മയുള്ള ഓരോ വീട്ടിലെയും കഥയാണ്. അത്രമാത്രം അമ്മയും അടുക്കളയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഒരു വീട്ടിലെ അതിഥി മുറിയേക്കാൾ പ്രാധാന്യം അടുക്കളയ്ക്കാണ്.

  അച്ഛനില്ലാത്ത പൂമുഖത്തെക്കുറിച്ച് അച്ഛനുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. വീടിനകത്ത് എത്ര ബഹളം വച്ചാലും അച്ഛൻ  പൂമുഖത്തു ണ്ടെങ്കിൽ പുറത്തെത്തുന്ന എല്ലാവരും ശബ്ദം പതുക്കെയാക്കും. പൂമുഖത്ത് അച്ഛനുള്ളത്  ആ വീടിന് തന്നെ ഐശ്വര്യമാണ്. അച്ഛൻ പുറത്തു പോയാൽ പോലും അവിടെ ആ നിശബ്ദ സാന്നിധ്യം ഉണ്ടായിരിക്കും. അടുക്കളയിലെ അമ്മയും പൂമുഖത്തെ അച്ഛനുമാണ് ഒരു വീടിനെ കുടുംബം ആക്കുന്നത്. അച്ഛനും അമ്മയും മറയുന്നതോടെ ആസ്ഥാനം ഏറ്റെടുക്കാൻ മക്കളും മരുമക്കളും എത്തും. അപ്പോഴും ആ മക്കൾക്ക് തങ്ങളിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞു പോയ അച്ഛനും അമ്മയും ഉള്ളിൽ  ഒരു നൊമ്പരം ആയിരിക്കും.

   പക്ഷേ ഇന്നത്തെ പുതിയ തലമുറയ്ക്ക് അടുക്കളയിലെ അമ്മയെ അറിയാൻ കഴിയുന്നുണ്ടോ? ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്കും വെച്ചു വിളമ്പി കൊടുക്കാൻ ജോലിക്കാർ ഉള്ളവർക്കും  ഒരുപക്ഷേ ഇത് മനസ്സിലാകണമെന്നില്ല. ഉദ്യോഗസ്ഥരായ അമ്മമാർക്ക് അതിനുള്ള സമയമുണ്ടോ? ഭക്ഷണം പുറത്തുനിന്നും വാങ്ങുമ്പോൾ അവിടെ അമ്മ എന്തിന്? അടുക്കള എന്തിന്? ഫോണിൽ നോക്കി ഇരിക്കുന്നവർക്ക്‌ ഇന്ന് സംസാരിക്കാൻ അമ്മയും അടുക്കളയും ഒന്നും വേണ്ട.

         ഇനി അടുക്കളയിൽ കയറുന്നവർ ആണെങ്കിൽ തന്നെ തുല്യ പങ്കാളിത്തത്തിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് പരാതി കേൾക്കാൻ അല്ല പരാതി പറയാൻ മാത്രമേ ഈ അടുക്കള ഉപകരിക്കു.  ആഹാരം ഉണ്ടാക്കുന്നതിലോ സന്തോഷത്തോടെ വിളമ്പുന്നതിലോ ആർക്കും താല്പര്യമില്ല. അടുക്കളയിൽ താൻ ചെയ്യേണ്ട ജോലി എങ്ങനെയെങ്കിലും തീർക്കുക എന്നത് മാത്രമാണ്  അവരുടെ ലക്ഷ്യം. അതിനിടയിൽ കൊച്ചു വർത്തമാനം പറയാനോ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കാനോ അവർക്ക് പറ്റില്ല. ഭക്ഷണം പാകം ചെയ്യാനുള്ള ഒരിടം, അത്രതന്നെ.   അടുക്കള ജോലി മോശമാണെന്ന ഒരു കാഴ്ചപ്പാടാണ് മിക്കവർക്കും. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ശരിയായ രീതിയിൽ രുചിയോടെ ഉണ്ടാക്കി തന്നിരുന്ന അമ്മയുടെ ലോകമായിരുന്ന അടുക്കള,വീടിന്റെ ഒരു പ്രധാന ഭാഗമാണ് - അല്ല ആയിരുന്നു.ഒന്നും ചെയ്യിക്കാതെ മൂലയിൽ ഇരുത്തുന്ന അമ്മയും പൂമുഖത്ത് വെറുതെയിരിക്കുന്ന അച്ഛനും പുതുതലമുറയ്ക്ക് ഒരു ബാധ്യതയായോ? എന്നാൽ അവരാണ് നിങ്ങളെ നിങ്ങൾ ആക്കി തീർത്തത് എന്ന സത്യം പോലും മറക്കുകയാണോ? വയസ്സായ അച്ഛനും അമ്മയും മുറിക്കുള്ളിൽ ഇരുന്നാൽ മതി, സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ അവരുടെ  മുന്നിലേക്ക് വരേണ്ട എന്നുവരെ ആയിട്ടുണ്ടെന്ന് തോന്നുന്നു.പൂമുഖത്തെ അച്ഛനെയും അടുക്കളയിലെ അമ്മയെയും തിരിച്ചറിയുന്നില്ല എങ്കിൽആ തലമുറയ്ക്ക് നഷ്ടമാകുന്നത് ഒരു സംസ്കാരമാണ്.

      പണ്ട് അമ്മ  സ്നേഹപൂർവ്വം പാകം ചെയ്ത് വീണ്ടും വീണ്ടും കഴിക്കാൻ നിർബന്ധിച്ചിരുന്ന ആ നാളുകൾ ഇനി മടങ്ങി വരുമോ? അറിയില്ല. വരുംതലമുറ ചിന്തിക്കട്ടെ....

 ഏറെ സ്നേഹത്തോടെ😊

 മീര നമ്പൂതിരി.

1 comment:

Anonymous said...

👌

Post a Comment