Thursday, December 19, 2024

തന്തയ്ക്കു പറയാൻ മടിയില്ലാത്തവർ

  യുവതലമുറയിലെ പെൺകുട്ടികൾക്ക് ഇതെന്തുപറ്റി? കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോ ആണ് ഈ ബ്ലോഗ്എഴുതാൻ കാരണം. ഒരു ചെറിയ ബസ് പോലെയുള്ള വാഹനത്തിൽ യാത്ര ചെയ്യുന്ന കുറെ പെൺകുട്ടികൾ " കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാരോ " എന്ന പാട്ടിലെ ആദ്യ വരി പാടുന്നു .   പാടി കഴിയുമ്പോൾ കുട്ടികൾ കോറസ് ആയി" നിന്റെ തന്ത" എന്ന് പാടി തകർക്കുന്നു . ഇങ്ങനെ അവർ ആ പാട്ട് മുഴുവൻ പാടുന്നുണ്ട്. ഇത് കണ്ടപ്പോൾ സംസ്കാരാധപ്പതനത്തിന്റെ തെളിവാണ് ഇതെന്ന് തോന്നി. ഇതിന് ഇവരെയാണോ,  ഇവരെ ഇങ്ങിനെ  വളർത്തിയവരെയാണോ കുറ്റം പറയേണ്ടത്? കഷ്ടം. അച്ഛൻ എന്ന അമൂല്യ പദത്തെ എത്ര നികൃക്ഷ്ടമായാണ് അവർ ഇവിടെ ആഘോഷിക്കുന്നത്. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ മുഖം ഇത് പാടുമ്പോൾ അവരുടെ മനസ്സിൽ വന്നതേയില്ല എന്നു തോന്നുന്നു. ജന്മവും വിദ്യാഭ്യാസവും നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കിയ, തന്റെ പിതാവിനെ ബഹുമാനിക്കാത്ത ഇവർ ജോലി കിട്ടിയാൽ സഹപ്രവർത്തകർക്കും വിവാഹിതരായാൽ ഭത്തൃവീട്ടുകാർക്കും എന്ത് ബഹുമാനമാണ് നൽകുക? 

    ഇവരെ എന്തു പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. ഇത് കണ്ടപ്പോൾ, സത്യത്തിൽ സ്ത്രീകുലത്തിൽ  ഇവർ ജനിച്ചല്ലോ  എന്നോർത്ത്  ലജ്ജ തോന്നി. പുരുഷനൊപ്പം എത്തുക - സമത്വം - എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണോ ഇത്? എങ്കിൽ കുട്ടികളെ നിങ്ങൾക്ക് തെറ്റി. മുമ്പും ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യം ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. മനശക്തിയും, സ്നേഹവും, കരുണയും, ക്ഷമയും എല്ലാം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവർ സമത്വത്തിനായി ഒരിക്കലും ശ്രമിക്കരുത്. അത് അധപതനമാണ്. പക്ഷേ ഇതുപോലെയുള്ള ആഭാസത്തരങ്ങൾ കാണിച്ചും, മദ്യപിച്ചും, പുകവലിച്ചും, " എന്റെ ശരീരം, എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും" എന്നുപറഞ്ഞ് ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും" ഫെമിനിസം" എന്ന ഓമനപ്പേരിൽ വിളിക്കുന്ന "സമത്വത്തി"ലേക്ക് പോകുന്ന നിങ്ങളെ ആർക്കാണ് തിരുത്താൻ ആവുക? പൂച്ചയ്ക്കാരു മണികെട്ടും എന്ന മട്ടിലാണ് സമൂഹം. ഈ കുട്ടികൾക്ക് കുടുംബത്തിന്റെ പ്രാധാന്യമോ, കടമകളോ, കർത്തവ്യമോ ഒന്നുമറിയില്ല. സമൂഹത്തിൽ പാലിക്കേണ്ട മര്യാദയും ഇവർക്കറിയില്ല. ഇന്നിവർ ഈ പാട്ട് ഇങ്ങനെ  പാടുന്നു എങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനമ്മമാരും വിദ്യാഭ്യാസത്തിലെ വീഴ്ചയുമാണ്. പഠനത്തിൽ ഒരുപക്ഷേ ഇത് റാങ്ക് ഹോൾഡേഴ്സ് ആയിരിക്കും.എന്നാൽ സംസ്കാരം എന്തെന്ന് പഠിച്ചിട്ടില്ല. ഔദ്യോഗിക രംഗത്തും കുടുംബരംഗത്തും ഇവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല. കാരണം ബഹുമാനമോ സ്നേഹമോ പരിഗണനയോ അവരിലില്ല. അതുണ്ടായിരുന്നു എങ്കിൽ അവർക്ക് ഇങ്ങിനെ പാടാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

    കുടുംബ ജീവിതത്തിൽ മനശക്തിക്കും ക്ഷമക്കും സ്നേഹത്തിനും വലിയ  റോളാണുള്ളത്. സ്വന്തം അച്ഛനെ തന്ത എന്ന് പറഞ്ഞപമാനിക്കുന്ന ഈകൂട്ടർക്ക് ഈ മഹത്വങ്ങൾ ഒന്നും ഉണ്ടാവില്ല. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പെൺകുട്ടികളോട് പാലിക്കേണ്ട ചില നിയമസംഹിതകൾ അടുത്തിടെ കണ്ടിരുന്നു. അവരെ ജോലിക്കായി പഠിപ്പിക്കുക,അവർ തെറ്റ് ചെയ്താലും മിണ്ടാതിരിക്കുക, കുടുംബത്തിലെ അംഗമായി തന്നെ പരിഗണിക്കുക എന്നിങ്ങനെ നീളുന്നു. ഇതു വായിച്ചപ്പോൾ പഴയകാലമാണ് ഓർമ്മ വന്നത്. അന്ന് കൊച്ചു പെൺകുട്ടികളെയാണ് വിവാഹം കഴിച്ചിരുന്നത്. അവരിൽ പഠിക്കാൻ താല്പര്യം ഉള്ളവരെ പഠിപ്പിക്കേണ്ട ചുമതല സന്തോഷത്തോടെ മിക്ക  ഭതൃവീട്ടുകാരും ഏറ്റെടുത്തിരുന്നു. അവർ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇന്ന് കാലം മാറി. വിദ്യാഭ്യാസം പൂർത്തിയാക്കി- കുറഞ്ഞത് ഡിഗ്രി- വരുമാനമുള്ള ജോലി കിട്ടിയശേഷം മാത്രമേ പെൺകുട്ടികൾ വിവാഹിതരാകാൻ താല്പര്യം കാട്ടുന്നുള്ളൂ. അങ്ങനെയുള്ളവരെ ഇനി എന്ത് പഠിപ്പിക്കാൻ? എന്നാണ് പഠിക്കേണ്ടത് എന്നും എന്താണ് ചെയ്യേണ്ടത് എന്നും അവർക്ക് വളരെ വ്യക്തമായി തന്നെ അറിയാം. അവരുടെ ഇഷ്ടമനുസരിച്ച് മാത്രമേ അവർ പ്രവർത്തിക്കുകയുമുള്ളൂ. സാമ്പത്തികമായ അടിത്തറ ഉള്ളതിനാൽ മുതിർന്നവരുടെ ഉപദേശം ഒന്നും അവർക്ക് വേണ്ട, ആവശ്യവുമില്ല. വിവാഹം കഴിയുന്നതോടെ കുടുംബം എന്ന അവരുടെ കൺസെപ്റ്റിൽ വരുന്നത് ഭർത്താവും ഭാര്യയും അവരുടെ കുട്ടികളും മാത്രമാണ്. അവിടെ സ്വന്തം മാതാപിതാക്കളോ പങ്കാളിയുടെ മാതാപിതാക്കളോ ഇല്ല. എന്തിന് ഇന്നലെവരെ സ്വന്തം എന്ന് കരുതിയിരുന്ന സഹോദരങ്ങൾ പോലും ഈ ചട്ടക്കൂടിന് പുറത്താണ്. 

    ഇന്നത്തെ യുവതലമുറ വല്ലാതെ സ്വാർത്ഥരായി പോയി എന്ന് പറയാതെ വയ്യ. എന്ത് ചെയ്യുമ്പോഴും തനിക്ക് എന്ത് നേട്ടം എന്ന് മാത്രമേ നോക്കുകയുള്ളൂ. നേട്ടമില്ല എങ്കിൽ അത് ചെയ്യാൻ താല്പര്യവുമില്ല, അതിനി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും  വേണ്ടി ആയാലും. ഞാൻ,എന്റെ പങ്കാളി,എന്റെ കുട്ടികൾ ( ഞങ്ങളുടെ അല്ല) അതാണ് അവരുടെ ലോകം. എന്നാൽ അതുമാത്രമാണ് എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം . സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിൽ എത്താത്ത സഹോദരങ്ങൾ പോലും അവർക്ക് ബുദ്ധിമുട്ടാകുന്നു. അങ്ങനെയുള്ളവർ സഹോദരങ്ങൾ ആണെന്ന് പറയാൻ പോലും അവർക്ക് മടിയാണ്. വയസ്സ് ആകുന്നതോടെ അച്ഛനമ്മമാരും ഇവർക്ക് ഒരു ബാധ്യതയാകുന്നു. വയസ്സായ അച്ഛനെ അമ്മയെയും ഭീഷണിപ്പെടുത്തുകയും തല്ലുകയും ( ചിലപ്പോൾ കൊല്ലുകയും) ചെയ്യുന്ന ധാരാളം വീഡിയോകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.  അതിനാൽ നിശബ്ദരായിരിക്കുന്നതാണ് മുതിർന്നവരുടെ ആരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അല്പം ഈശ്വര ചിന്ത കൂടി ഉണ്ടെങ്കിൽ അതൊരു വലിയ ആശ്രയമായിരിക്കും. ഓരോന്ന് സംഭവിക്കുമ്പോഴും "ഈശ്വരേച്ഛ" എന്നുപറഞ്ഞ് ആശ്വസിക്കാം.  

      വൃദ്ധരായ  മാതാപിതാക്കൾ മക്കളുടെ ഒപ്പം കൊച്ചുമക്കളുമായി ജീവിക്കാമെന്ന്  സ്വപ്നം കാണുന്നു. എന്നാൽ എല്ലാവരിൽ നിന്നും ഒരു നിശ്ചിത ദൂരത്തിൽ അകന്നുനിന്ന് സ്വന്തം കുടുംബം മാത്രം നോക്കുന്ന ഈ യുവതലമുറയ്ക്ക് അച്ഛനമ്മമാരുടെ ഈ "സ്വപ്നം" ഒരു ദുസ്വപ്നമാണ്. " നിങ്ങളുടെ അച്ഛനമ്മമാരെ നോക്കാൻ എനിക്ക് വയ്യ. അതിനു വേണമെങ്കിൽ ആളെ വെച്ച് നോക്കിക്കോണം "എന്ന് പറയാൻ ഇന്നത്തെ പെൺകുട്ടികൾക്ക് മടിയില്ല. ഭർത്താവിന്റെ മാതാപിതാക്കളെ മാത്രമല്ല സ്വന്തം മാതാപിതാക്കളെ നോക്കാനും ഇവർക്ക് യാതൊരു താൽപര്യവുമില്ല. ആൺകുട്ടികളുടെ മനസ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. പണ്ട് എന്റെ ഒരു അമ്മായി പറയുമായിരുന്നു" ഞാനും ഏട്ടനും തമ്മിൽ ബന്ധുക്കളെ ചൊല്ലി ഒരു വഴക്കുമില്ല. എന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഏട്ടനും ഏട്ടന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഞാനും തീരുമാനിക്കും"🤭 എങ്ങനെയുണ്ട് ഐഡിയ. അങ്ങനെയാവുമ്പോൾ ആർക്കും ഒരു സഹായവും ചെയ്യേണ്ട. സുഖം.

  കൊച്ചുമക്കളെ മുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നും   അകറ്റി നിർത്താനാണ് മക്കൾക്കിഷ്ടം. കാരണം കുഞ്ഞുങ്ങളെ അവർ സ്നേഹിച്ചു വഷളാക്കുമത്രെ. എത്രമാത്രം തെറ്റായ ഒരു ധാരണയാണ് ഇത്. സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അച്ഛനമ്മമാരെക്കാൾ മുത്തശ്ശനെയും മുത്തശ്ശിയേയും ഇഷ്ടപ്പെട്ടവരാണ് ഇവർ എന്നു മനസ്സിലാകും. മുത്തശ്ശൻ വാങ്ങിത്തന്ന മിഠായിയുടെ മാധുര്യവും, മുത്തശ്ശി ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും ഇന്നും അവരുടെ നാക്കിലുണ്ടാവും. എന്നിട്ടാണ് അവർ സ്വന്തം കുട്ടികളെ അതിന് അനുവദിക്കാത്തത്. " അവർ എന്റെ കുട്ടികളെ വഷളാക്കു"മത്രേ . സത്യത്തിൽ കഥ പറഞ്ഞു സ്നേഹിച്ചും നല്ലത് പറഞ്ഞു കൊടുത്തും ആ കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം നിറക്കുകയാണ്   യാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. പക്ഷേ അത് മനസ്സിലാക്കാൻ ഈ നവ അച്ഛനമ്മമാർക്ക് കഴിയുന്നില്ല. പക്ഷേ ഇത് തിരിച്ചറിയുന്ന ഒരു കാലം വരും. ഈ കുഞ്ഞുങ്ങൾ വഴിതെറ്റുമ്പോളോ അല്ലെങ്കിൽ അവരിൽ നിന്നും അവഗണന നേരിടുമ്പോഴോ ആയിരിക്കുമെന്ന് മാത്രം. പക്ഷേ അപ്പോഴേക്കും പശ്ചാത്തപിക്കാൻ ഏറെ താമസിച്ചിട്ടുണ്ടാകും. നദിയിലൂടെ ഏറെ വെള്ളം ഒഴുകി കഴിഞ്ഞിരിക്കും. മാപ്പ് ചോദിക്കാൻ പോലും പറ്റാത്ത ലോകത്ത് അച്ഛനമ്മമാർ എത്തിയിരിക്കും. 

അപ്പോൾ ഇനി അടുത്ത ബ്ലോഗിൽ കാണാം. എല്ലാവർക്കും നന്ദി

 സ്നേഹത്തോടെ മീര.

   

      

Friday, October 4, 2024

സംവരണവും അനർഹരും

    അടുത്തിടെ പത്രത്തിൽ ഒരു വാർത്ത കണ്ടിരുന്നു. സെപ്റ്റിക് ടാങ്ക്ശുചീകരണ തൊഴിലാളികളിൽ 92 ശതമാനവും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ എന്നതായിരുന്നു ആ വാർത്ത. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഈ പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ  92% വും പട്ടികജാതി -പട്ടികവർഗ്ഗ- മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണത്രെ. മാൻഹോൾ,കാനകൾ മലിന ജലാശയങ്ങൾ എന്നിവയുടെ ശുചീകരണം യന്ത്രങ്ങളുടെ സഹായത്തോടെ നടത്താനും അങ്ങനെ ഈ തൊഴിലാളികളുടെ അപകട മരണ സാധ്യതകൾ കുറയ്ക്കാനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നമസ്തേ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിലാണ് ഈ വിവരം പുറത്തുവന്നത്. 

     പക്ഷേ ഇത് പുറത്തു വന്നിട്ടും പൊതുജനങ്ങൾ നിന്നും യാതൊരു പ്രതികരണവും കണ്ടില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവരെങ്കിലും ഇതിനെതിരെ പ്രതികരിക്കും എന്ന് കരുതി. പൊതുവേ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ തുറന്നുപറയുക സമൂഹത്തിലെ ഉന്നതന്മാരുടെ നേതൃത്വത്തിൽ ആയിരിക്കുമല്ലോ.  അവഗണിക്കപ്പെട്ട് കിടക്കുന്ന ആ വിഭാഗം മൂലം തങ്ങളുടെ തൊഴിലവസരത്തിന് കുറവ് വന്നാലോ എന്നു കരുതിയാവും അതേ വിഭാഗത്തിൽപ്പെട്ട ഉന്നതന്മാർ നിശബ്ദരായത്. 

     ആർക്കുവേണ്ടിയാണ് ഈ റിസർവേഷൻ? സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാരായവരെ മുൻനിരയിൽ എത്തിക്കാനല്ലേ? പക്ഷേ ഇന്ന് നടന്നുവരുന്ന ഈ തൊഴിൽ സംവരണം കൊണ്ട് പിന്നാക്ക വിഭാഗങ്ങളിലെ  മുന്നക്കക്കാർക്ക് മാത്രമാണ് പ്രയോജനം കിട്ടുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കകാരെ എന്തുകൊണ്ടാണ് അവഗണിക്കുന്നത്? അവർക്ക് എന്തുകൊണ്ട് തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ. വിദ്യാഭ്യാസം. ശരിയായ വിദ്യാഭ്യാസം അവർക്ക് ലഭിച്ചിരുന്നു എങ്കിൽ തൊഴിലവസരങ്ങളും അവർക്ക് ലഭിച്ചേനെ. പിന്നാക്ക വിഭാഗത്തിൽ ഒരാൾക്ക് ജോലി കിട്ടിയാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കും. സർക്കാരിലെ ഒഴിവുകളും അതിനുവേണ്ട യോഗ്യതകളും എങ്ങനെ അപേക്ഷിക്കണം എന്ന കാര്യവുമെല്ലാം അവർക്ക് തിരിച്ചറിയാൻ കഴിയും. അങ്ങനെ തന്റെ കുടുംബത്തിലുള്ളവരെ ആ രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. 

     എന്നാൽ വിദ്യാഭ്യാസമില്ലാത്ത പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഇത് അറിയാനോ ശ്രമിക്കാനോ സാധിക്കുന്നില്ല. അവർക്ക് പറഞ്ഞു കൊടുക്കാനും ആരുമില്ല. കുട്ടികൾക്ക് പഠിക്കാൻ താല്പര്യം ഇല്ല എന്നത് എല്ലായിടത്തും കണ്ടുവരുന്ന ഒരു വസ്തുത തന്നെ. പക്ഷേ വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ കുട്ടികളെ അത് പറഞ്ഞു മനസ്സിലാക്കി വിദ്യാലയത്തിലേക്ക് അയക്കും. എന്നാൽ അക്ഷരാഭ്യാസം ഇല്ലാത്ത മാതാപിതാക്കൾ ആണെങ്കിൽ കുട്ടികൾ പോവുകയുമില്ല, മാതാപിതാക്കൾ നിർബന്ധിക്കുകയും ഇല്ല. ഇവിടെ അവന്റെ വിദ്യാഭ്യാസം അവസാനിക്കുന്നു. വിദ്യാഭ്യാസം മാത്രമല്ല അവന്റെ ഭാവി ജീവിതത്തിലെ പുരോഗതിയും കൂടിയാണ് ഇല്ലാതാകുന്നത്. അവർക്ക് കൂടി വിദ്യാഭ്യാസം നൽകി തൊഴിലവസരം നേടാൻ സഹായിക്കാൻ മുൻപറഞ്ഞ എസ് സി എസ് ടി വിഭാഗത്തിലെ ഉന്നതന്   തൽപര്യവുമില്ല. കാരണം എല്ലാവരും പഠിച്ചു വന്നാൽ തങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളിൽ വൻ കുറവുണ്ടാകുമെന്ന് അയാൾക്കറിയാം. അങ്ങനെ സ്വയം മുൻനിരയിലെത്തി തന്റെ സമുദായത്തിലെ പിന്നോക്കകാർക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ച് അവരുടെ പേരിൽ തനിക്കിഷ്ടമുള്ളവർക്ക് അവസരം നേടിക്കൊടുക്കും. 

    ഏവർക്കും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം നൽകിയാൽ മാത്രമേ ഇതിന് മാറ്റം വരികയുള്ളൂ. നല്ല വിദ്യാഭ്യാസം സൗജന്യമായി നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും പല സ്കൂളിലെയും  വിദ്യാഭ്യാസ നിലവാരം  തീർത്തും മോശമാണ് എന്നതാണ് വസ്തുത. അങ്ങനെയുള്ള സ്കൂളുകളിൽ പഠിച്ചു വരുന്ന കുട്ടിക്ക് മറ്റു വിദ്യാർത്ഥികളോടൊപ്പം ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനോ തൊഴിൽ നേടാനോ സാധിക്കില്ല.അതിനാൽ എല്ലാം സ്കൂളുകളിലും ഒരേ വിദ്യാഭ്യാസ മാനദണ്ഡം  കൊണ്ടുവരേണ്ടതാണ്. കുട്ടികൾ പഠിത്തത്തിൽ മത്സരിച്ചു വളരട്ടെ, അറിവ് നേടട്ടെ, അങ്ങനെ അവർ മുന്നിലെത്തട്ടെ. യഥാർത്ഥത്തിൽ വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ ഇവയെല്ലാം ഏവർക്കും സൗജന്യമായി ലഭിക്കേണ്ടതാണ്. അതിനു സാധിക്കില്ല എങ്കിൽ അതിലൊരു നിയന്ത്രണരേഖ ആവശ്യമാണ്. ഇതെങ്ങനെ കണ്ടെത്തും എന്ന് ചോദിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കി സംവരണം നൽകണം എന്നാണ് ഞാൻ കരുതുന്നത്. ഇവിടെ സൗജന്യ വിദ്യാഭ്യാസം  എന്നതുകൊണ്ട് ഉദ്ദേശിച്ചതും എല്ലാവർക്കും സൗജന്യമായി  നൽകണം എന്നല്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായി അത് പരിമിതിപെടുത്താം. അല്ലാത്തവർ  ഫീസ് കൊടുത്തു തന്നെ പഠിക്കട്ടെ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ-ജാതിയുടെയും മതത്തിന്റെയും  പേരിലല്ലാതെ-  സംവരണത്തിന്റെ പരിധിയിൽ കൊണ്ടു വരണം.  അങ്ങനെയാകുമ്പോൾ ആരും ആരോടും ജാതിയും മതവും ചോദിക്കുന്നുമില്ല,പറയുന്നുമില്ല. ആർക്കും അത് അറിയുകയും വേണ്ട. ജാതിയുടെ പേരിൽ നൽകുന്ന സംവരണം ആ ജാതിയിലെ ഉയർന്ന തട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടും എന്നതിന് ഉദാഹരണമാണ് ഇന്നും ഏറെ പിന്നിൽ നിൽക്കുന്ന എസ് സി, എസ് ടിയിൽപ്പെട്ട ഒരു വിഭാഗം ജനങ്ങൾ. എന്തുകൊണ്ടാണിവർ   പ്രതികരിക്കാത്തതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവർക്കും സമൂഹത്തിൽ ഒരു ഉന്നത സ്ഥാനം നേടണ്ടേ? എന്നും ഇതേ അവസ്ഥയിൽ അവഗണിക്കപ്പെട്ടു കഴിഞ്ഞാൽ മതിയോ? ഇങ്ങനെയുള്ളവരെ ചൂണ്ടിക്കാട്ടി നേടുന്ന സംവരണാവസരങ്ങൾ  അവരുടെ സമുദായത്തിലെ തന്നെ ഒരു വിഭാഗം കയ്യടക്കുന്നു എന്നത് എന്താണ് ഇവർ തിരിച്ചറിയാത്തത്? 

   ഒബിസിയിലും, ഇപ്പോൾ സവർണർക്കും ഉണ്ടെന്നു പറയുന്ന സംവരണം, സാമ്പത്തിക അടിസ്ഥാനത്തിലാണ് നൽകുന്നത്. അതായത് ഒബിസി ആയതുകൊണ്ടോ സവർണ്ണൻ ആയതുകൊണ്ടോ മാത്രം അവർക്ക് അത് ലഭിക്കില്ല. സാമ്പത്തികമായി അവർ താഴെക്കിടയിൽ ആണെങ്കിൽ മാത്രമേ ഈ സംവരണം ലഭിക്കുകയുള്ളൂ. അതേ രീതിയിൽ സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള നിയന്ത്രണം എസ് സി, എസ് ടി വിഭാഗങ്ങളിലും ഉണ്ടായാലെ അവരിൽ അവഗണിക്കപ്പെട്ടവർക്ക് പ്രയോജനം ഉണ്ടാകു. അങ്ങിനെയായാൽ മാത്രമേ അവരും സമൂഹത്തിന്റെ മുൻനിരയിൽ എത്തുകയുള്ളൂ. പക്ഷേ അതിനെതിരെ പോരാടുകയാണ് എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉന്നത ശ്രേണിയിൽ ഉള്ളവർ. ഇത് മനസ്സിലാക്കാൻ അവരിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നവർക്ക് കഴിയുന്നില്ല.എന്ന് മാത്രമല്ല ഈ പാവങ്ങൾ അവരുടെ ഇടയിലെ ഉന്നതന്മാരോട് ചേർന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നു. എങ്ങിനെ ചെയ്യുന്നതിലൂടെ സ്വന്തം അവസരങ്ങളാണ് നിഷേധിക്കപ്പെടുന്നത് എന്ന് ഇവർക്ക് എന്നാണ് മനസ്സിലാകുക. ഓരോ വിഭാഗത്തിനും എത്ര ശതമാനം സംവരണം ഉണ്ടെങ്കിലും അതിൽ ഒരു നിശ്ചിത ഭാഗം അവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നീക്കിവയ്ക്കണം. ഉദാഹരണമായി എസ് സി ക്ക് 25% സംവരണം ഉണ്ടെന്നിരിക്കട്ടെ. അതിൽ 20% വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നീക്കിവെക്കണം. ബാക്കി 5% അവരിലെ ഉന്നതന്മാർ  കൊണ്ടുപോകട്ടെ. അങ്ങനെ അവഗണിക്കപ്പെട്ട് കിടന്ന വിഭാഗങ്ങൾ കൂടി മുൻനിരയിലേക്ക്  വരാൻ സാധിക്കും. 

    ജാതി മത വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ ആഹ്വാനമായി എത്തുന്നവർക്ക് നൂറു നാവുണ്ട്. എന്നാൽ അതിനു വേണ്ടി എന്ത് ചെയ്യുന്നു? തൊഴിൽ സംവരണം മാത്രമാണോ ഇത് ഒഴിവാക്കാനുള്ള വഴി?അല്ല, ആദ്യം നൽകേണ്ടത് വിദ്യാഭ്യാസമാണ്. സമൂഹത്തിലെ മറ്റു കുട്ടികളോട് കോംപീറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവർക്കും ലഭിക്കണം. അത് സൗജന്യമായി തന്നെ നൽകുകയും വേണം. ജാതി മതങ്ങൾ നോക്കാതെ സാമ്പത്തിക സ്ഥിതി നോക്കി വേണം വിദ്യാഭ്യാസത്തിൽ സൗജന്യം ഏർപ്പെടുത്താൻ. സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും ഫീസ് ഈടാക്കുകയും വേണം. തുല്യപഠനവും മത്സര പരീക്ഷകൾ പാസാകുകയും ചെയ്തു ജോലി നേടിയാലെ അവരിൽ അഭിമാനം ഉണ്ടാകു. ജാതിയുടെയും മതത്തിന്റെയും പേരിൽ നേടുന്നതെന്തും അവരിൽ അരക്ഷിതാവസ്ഥയും അപകർഷതാബോധവും ഉണ്ടാകും എന്നത് തർക്കമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഒരു എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണെന്ന് സ്വയം വിശ്വസിക്കുകയും അതിനെതിരെ പരാതിപറയുകയും ചെയ്യും. രാഷ്ട്രീയ രംഗത്ത് ആയാലും മറ്റ് ഔദ്യോഗിക രംഗങ്ങളിലായാലും ഇതിൽ മാറ്റമൊന്നുമില്ല . എന്നാൽ യോഗ്യതയോടെ മറ്റുള്ളവരോട് മത്സരിച്ചു നേടിയത് ആണെങ്കിൽ ആ തോന്നൽ ഒരിക്കലും ഉണ്ടാവുകയില്ല. കാരണം ഇവിടെ ജാതി വ്യവസ്ഥയെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് തന്നെ. അതിനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത്. അവർക്ക് അതിന് കഴിയും. പരിശ്രമിക്കാതെ കിട്ടുന്നവയുടെ മൂല്യം  ശൂന്യമാണ്. 

  രണ്ടും മൂന്നും മാർക്ക് കിട്ടിയവർക്ക് പോലും എൻജിനീയറിങ് മെഡിസിനും സീറ്റ് കിട്ടുന്നത് ഇത്തരം റിസർവേഷനു കൾ നിലനിൽക്കുന്നത് കൊണ്ടാണ്. അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയില്ല. അതറിയണമെങ്കിൽ, യോഗ്യത മാനദണ്ഡം ഏവർക്കും ഒരുപോലെ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക്-  സാമ്പത്തിക സംവരണത്തിൽ -ജാതിമതഭേദമെന്യേ മാർക്കിൽ 5% ഇളവു വരെ അനുവദിക്കണം. അതിൽ കൂടുതൽ പാടില്ല. ഉന്നത വിദ്യാഭ്യാസം എന്നത് പഠിച്ചു വരുന്നവർക്കുള്ളതാണ്. കുട്ടികൾ പഠിക്കണം. വിദ്യാഭ്യാസത്തിൽ യാതൊരു വിധത്തിലുള്ള കോംപ്രമൈസും പാടില്ല എന്നതാണ് എന്റെ ഉറച്ച അഭിപ്രായം . ഇത് അവരുടെ ഭാവിയെ ബാധിക്കുന്നതാണ്. എവിടെപ്പോയാലും തങ്ങളുടെ മേഖലയിൽ ശക്തമായി തന്നെ നിൽക്കാൻ അവർക്ക് കഴിയണം. ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉണ്ടെങ്കിൽ -അവരുടെ സാമ്പത്തിക സ്ഥിതി നോക്കി- അവരെ സംവരണത്തിൽ നിന്നും ഒഴിവാക്കണം. കാരണം ആ വരുമാനം പോലുമില്ലാത്ത ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്കും അവസരം ലഭിക്കണം. ഒരാൾക്ക് നല്ല ജോലി ലഭിച്ചാൽ ആ വരുമാനം കൊണ്ട് തീർച്ചയായും അവരുടെ കുട്ടികളെ പഠിപ്പിക്കാൻ പറ്റും. കാരണം വിദ്യാഭ്യാസം സൗജന്യമാണല്ലോ. അങ്ങനെയായാൽ മാത്രമേ എല്ലാ വീടുകളിൽ നിന്നും  ഒരു ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകു. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ( സാമ്പത്തിക സംവരണം നോക്കുമ്പോൾ പ്രതിവർഷം 10 ലക്ഷം രൂപ വരെ ഉള്ളവരെ ക്രീമിലയറിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യം ചില സമുദായക്കാർ ഉന്നയിച്ചിരുന്നതായി കണ്ടു . പ്രതിവർഷം ആറുലക്ഷം രൂപ - മാസം 50000 രൂപ - പോലും ഇല്ലാത്തവർക്ക് ജാതിയുടെയും മതത്തിന്റെയും പേരിൽ യാതൊരു സംവരണവും നൽകുന്നില്ല എന്നതും മറക്കരുത്. എന്നിട്ടും അവർ പഠിക്കുന്നില്ലേ. തൊഴിൽ നേടുന്നില്ലേ.) അതിനാൽ സ്വന്തം കാര്യം മാത്രം നോക്കി സ്വാർത്ഥരാകാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ കൂടി മുന്നിലേക്ക് കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. അവർക്കും ഇവിടെ മറ്റുള്ളവരെപ്പോലെ വിദ്യാഭ്യാസം ചെയ്യാനും തൊഴിൽ നേടാനും അവകാശമുണ്ട്.  അതിനുള്ള അവസരം ഒരുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അത് വിദ്യാഭ്യാസത്തിലൂടെ അല്ലാതെ സാധ്യമാവുകയില്ല എന്നത് തർക്കമറ്റ സംഗതിയാണ്. സമൂഹത്തിൽ പടർന്നു പന്തലിക്കുന്ന ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനും ഇത് മാത്രമാണ് ഒരു വഴി. 

Wednesday, September 4, 2024

മക്കളും വിവാഹചിലവും.

   കഴിഞ്ഞദിവസം ശ്രീ മുരളി തുമ്മാരുകുടിയുടെ  ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. നമ്മുടെ ഇടയിൽ നടന്നുവരുന്ന  മക്കളുടെ വിവാഹത്തെക്കുറിച്ചും അതിന്റെ ചിലവിനെക്കുറിച്ചും ആണ് അദ്ദേഹം അതിൽ  എഴുതിയത് . മക്കൾ വിവാഹം കഴിക്കേണ്ടത് മാതാപിതാക്കളുടെ ചിലവിൽ അല്ല എന്നദ്ദേഹം പറയുന്നത് അംഗീകരിച്ചേ പറ്റൂ.  കാരണം ഇന്ന് മക്കളുടെ വിവാഹം എന്നത് മാതാപിതാക്കളുടെ  മാത്രം ഉത്തരവാദിത്വമാണ് എന്ന മട്ടിലാണ് കണക്കാക്കുന്നത്. അവർ ജീവിതകാലം മുഴുവൻ പണിയെടുത്ത് പിശുക്കി സ്വരുക്കൂട്ടി വയ്ക്കുന്നതെല്ലാം സ്വന്തം മക്കളുടെ വിവാഹത്തിനായി ചിലവിടുന്നു. കയ്യിലുള്ളത് തികഞ്ഞില്ലെങ്കിൽ വസ്തു വിറ്റും കടം വാങ്ങിയും വിവാഹം  മക്കളുടെ താൽപ്പര്യം പോലെ കേമമായി തന്നെ നടത്തും. സ്വന്തം വിവാഹത്തിനായി അച്ഛനമ്മമാർ കഷ്ടപ്പെടുന്നതേ കുറിച്ച് മക്കൾക്ക് യാതൊരു ചിന്തയും ഇല്ല. അവർക്ക് ആ ബുദ്ധിമുട്ടുകളൊന്നും അറിയുകയും വേണ്ട. തങ്ങളുടെ വിവാഹം പറ്റുമെങ്കിൽ ആനയും അമ്പാരിയും അടക്കം ആഘോഷിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അംബാനി കുടുംബത്തിലെ വിവാഹം കണ്ട ശേഷം തങ്ങൾക്കും ഇനി അങ്ങനെ നടത്തണം എന്ന് അവർ പറയുമോ എന്നാണ് ഭയം.

   കുട്ടികളെ സംബന്ധിച്ചിടത്തോളം  വിവാഹം എന്നത് ഒരു ദിവസം കൊണ്ട് തീരുന്ന ചടങ്ങ് അല്ല. നിശ്ചയം, സേവ് ദ ഡേറ്റ്, പ്രീ വെഡിങ് ഷൂട്ട്‌, മേഹന്തി,      ഹൽദി, വിവാഹദിനം എന്നിങ്ങനെ നീണ്ടു പോകും. ഈ ഹൽദിയും മെഹന്ദിയും ഒന്നും കേരളത്തിൽ ഇല്ലായിരുന്നു. നമ്മുടെ ബംഗാളികൾ കേരളം കീഴടക്കിയപോലെ ഇതും മലയാളികളുടെ വിവാഹത്തെ കീഴടക്കി. ഇങ്ങനെ ഇന്നുവരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിൽ തങ്ങളുടെ വിവാഹം ആഘോഷിക്കണമെന്ന ഡിമാൻഡ് മാത്രമേ അവർക്കുള്ളു. അതിനു ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനമ്മമാർക്കുണ്ടോ, കടം വാങ്ങിയാൽ അവരുടെ ഭാവി എന്താകും, എന്നൊന്നും ഈ മക്കൾക്ക് അറിയേണ്ട. ഈ കുട്ടികളുടെ ഭാവം കണ്ടാൽ തോന്നും ലോകത്ത് ആദ്യമായി വിവാഹം നടക്കുന്നത് ഇവരുടെ ആണെന്ന്. വിവാഹവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾക്ക് തന്നെ ചിലവാകുന്നത് ലക്ഷങ്ങളാണ്.  വലിയ വില കൊടുത്തു വാങ്ങിയ ആ വസ്ത്രങ്ങൾ ജീവിതത്തിൽ  ഒരിക്കൽ പോലും പിന്നെ അവർ ധരിക്കുകയുമില്ല. ഇതുപോലെ ചിലവേറിയതാണ്  വിവാഹആൽബവും, വീഡിയോകളും. ഒരിക്കൽ ഇവ കണ്ടു കഴിഞ്ഞാൽ മതിയായി. പുതിയതായി കല്യാണം നടന്ന  വീട്ടിലേക്ക് വിരുന്നുകാർ വരുന്നത് ഭയത്തോടെയാണ്.🥺 മൂന്നുമണിക്കൂറോളം നീളം വരുന്ന വിവാഹ വീഡിയോകളും ആൽബവും കാണേണ്ടിവരും. തങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് ഈ വീഡിയോയിലും ആൽബത്തിലും ഉള്ളത്. ഇതിൽ ആകെ അറിയാവുന്നത് പെണ്ണിന്റെ അല്ലെങ്കിൽ ചെറുക്കന്റെ അച്ഛനമ്മമാരെ മാത്രം.  (അതുകൊണ്ടാണല്ലോ അവർ ഇവിടേക്ക് വന്നതും ). ഇപ്പോൾ സാധാരണയായി ഇ ങ്ങനെയുള്ള വീടുകളിൽ പോകുമ്പോൾ ആളുകൾ പറയുന്ന ഒരു വാക്കുണ്ട്. " ആൽബം കാണാനായി ഞാൻ പിന്നെ വരാം ഇപ്പോൾ അല്പം തിരക്കുണ്ട് " കള്ളമാണെങ്കിലും ഇത് പറയാതെ വേറെ നിവൃത്തിയില്ലല്ലോ.( ഇനി എന്റെ ജീവിതത്തിലെ ഒരു രഹസ്യം കൂടി പറയട്ടെ. ഞങ്ങളുടെ രണ്ടാമത്തെ മകളുടെ വിവാഹമായിരുന്നു ആദ്യം നടന്നത്. മൂത്ത മകന്റെത് പിന്നീടും. രണ്ട് വിവാഹങ്ങൾക്കും വീഡിയോ  ഞങ്ങൾ കർശനമായി നിരോധിച്ചു. ചെറിയ രണ്ട് ആൽബങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. മകന്റെ വിവാഹം കഴിഞ്ഞതോടെ അവൻ രണ്ട് ആൽബങ്ങളും  എനിക്ക് എത്താത്ത ഉയരത്തിൽ എടുത്തു വച്ചു. വീട്ടിൽ വരുന്നവരെ എന്റെ ആൽബം കാണിക്കലിൽ നിന്നും രക്ഷിക്കാൻ ആണത്രേ. സത്യത്തിൽ എന്നോട്  ചോദിച്ചവർക്ക് മാത്രമേ ഞാൻ ആൽബം കൊടുത്തിട്ടുള്ളൂ . എന്നിട്ടും..... 😞)

       ഇനി ഇങ്ങനെ കെട്ടിഘോഷിച്ച വിവാഹം നടത്തിയാൽ അവരുടെ ദാമ്പത്യം സന്തോഷപൂർണമായി തീരുമോ? ഇല്ലേയില്ല. അതിന് മനസ്സുകൊണ്ട് ഒന്നാവണം. മനസ്സുകൊണ്ട് ഒന്നാവാൻ ഈ ആഘോഷങ്ങളുടെ ഒന്നും ആവശ്യവുമില്ല. എങ്ങനെ കേമമായി വിവാഹം കഴിച്ചു വിട്ട മകൾ "എനിക്ക് അവനെ വേണ്ട" എന്ന് പറഞ്ഞു മൂന്നാം നാൾ  വീട്ടിലേക്ക് തിരിച്ചുവരും. ഇനി പയ്യനോട് ചോദിച്ചാലും അവന്റെ മറുപടിയും അതുതന്നെ" എനിക്ക് അവളെ വേണ്ട". 

   അതുകൊണ്ട് മക്കളെ പഠിപ്പിച്ച്അവരുടെ സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾചെയ്യേണ്ടത്. അതായിരിക്കണം അവരുടെ ലക്ഷ്യവും. അല്ലാതെ അവർക്കായി കുറെ സമ്പാദ്യം ഉണ്ടാക്കി വെച്ചിട്ട് ഒരു കാര്യവുമില്ല. അവർ അവരുടെ ജീവിതം സ്വയം കരുപ്പിടിപ്പിക്കണം.  കുട്ടികൾക്ക് താൽപ്പര്യം  ജോലിയോ ബിസിനസോ എന്തായാലും അതിനവരെ പ്രാപ്തരാക്കണം. ഇനിയുള്ള ജീവിതം അവരുടേതാണ്.   വിവാഹവും അവർ തന്നെയാണ്  നടത്തേണ്ടതും. വധുവും വരനും  സ്വന്തം വിവാഹം നടത്താനുള്ള ചിലവ് സ്വയം കണ്ടെത്തണം. സ്വന്തം വിവാഹം എങ്ങിനെ നടത്തണമെന്നും എവിടെ നടത്തണമെന്നും അവർ തന്നെ തീരുമാനിക്കട്ടെ. രണ്ടുപേരുടെയും സാമ്പത്തിക സ്ഥിതി നോക്കി അവർക്ക് തീരുമാനിക്കാമല്ലോ. സ്വന്തം പൈസ ചിലവാകും എന്നാകുമ്പോൾ വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ച് നടത്താമെന്നും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരു പാർട്ടി മാത്രം കൊടുത്താൽ മതിയെന്നും ഈ നവവധുവരന്മാർ തന്നെ തീരുമാനിക്കും.  അങ്ങനെയായാൽ അവർക്ക് ഹൽദിയും വേണ്ട, മെഹന്ദിയും വേണ്ട. പ്രീ വെഡിങ് ഷൂട്ടും, ആഘോഷവും വേണ്ടേ വേണ്ട. ഇനി " ആഘോഷമൊന്നും ഇല്ലേ? നിന്റെ സുഹൃത്തിന്റെ വിവാഹം പോലെ കേമമാക്കണ്ടേ  " എന്ന്  നമ്മൾ ചോദിച്ചാൽ" എന്തിന്? വെറുതെ പൈസ കളയാൻ ഞങ്ങളില്ല. ഞങ്ങൾക്ക് ഇതു മതി " എന്നാവും ഉത്തരം. അച്ഛന്റെ പോക്കറ്റിൽ നിന്നും ചെലവാക്കുമ്പോൾ  അറിഞ്ഞില്ല എങ്കിലും സ്വന്തമായി സമ്പാദിച്ച ഓരോ പൈസയും ചിലവഴിക്കും മുൻപ് അവർ പലവട്ടം ആലോചിക്കും. മറ്റുള്ളവരെ കാണിക്കാനായുള്ള വിവാഹമെന്ന ആർഭാടത്തിന് അല്ലാ  വിവാഹ ശേഷമുള്ള ജീവിതത്തിനു വേണ്ടി ഈ തുക അവർക്ക് ചിലവാക്കാൻ സാധിക്കും. വിവാഹം കഴിഞ്ഞാൽ ഞങ്ങൾ ഒരു കുടുംബം ആണെന്നും, മാതാപിതാക്കൾ ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട എന്നുമാണല്ലോ അവരുടെ കാഴ്ചപ്പാട്. അങ്ങനെയെങ്കിൽ വിവാഹ ചിലവും അവർ തന്നെ കണ്ടെത്തട്ടെ. 

   അച്ഛന്റെയും അമ്മയുടെയും കടമയാണ് തങ്ങളുടെ വിവാഹം നടത്തുന്നത് എന്നാണ് മക്കളുടെ വാദം. എന്നാൽ ഇതേ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് സത്യം ഇവർ സൗകര്യപൂർവം മറക്കുന്നു. പകരം എന്തും സഹിക്കുന്ന സഹോദരന്റെയോ സഹോദരിയുടെ തോളിലേക്ക് "ആ ഭാരം" എടുത്തുവെച്ച് അവർ തലയൂരും. ഇനി അങ്ങനെ ആരും ഇല്ലെങ്കിൽ പിന്നെ ആ അച്ഛനമ്മമാർക്ക് ശരണം അനാഥാലയങ്ങളും  വൃദ്ധാശ്രമങ്ങളും മാത്രം.  മക്കളുടെ വിവാഹം അവരുടെ ആഗ്രഹപ്രകാരം പൊടിപൊടിക്കാൻ  വാങ്ങിയ കടം വീട്ടാൻ കഴിയാതെ സ്വയം ജീവൻ വെടിഞ്ഞാലും അത്ഭുതപ്പെടാനില്ല.

  അതിനാൽ മക്കളുടെ ഇഷ്ടത്തിനായി ഉള്ളത് വിറ്റും കടം വാങ്ങിയും ചിലവാക്കാതെ തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചു വെക്കുക. അവസാനകാലത്ത് നമ്മളെ ആരെങ്കിലും സഹായിക്കാൻ ഈ സമ്പാദ്യം ഒരു കാരണമായേക്കും.  വയസ്സായവരെയും രോഗികളായവരെയും മക്കൾപോലും കൈയൊഴിയുന്ന ഈ കാലത്ത് സ്വന്തമായി അല്പം സമ്പാദ്യം ഉണ്ടായിരിക്കേണ്ടത്  ഓരോ അച്ഛനമ്മമാരുടെയും ആവശ്യമാണ്. അതവരുടെ ധൈര്യമാണ്. ഇന്നത്തെ ഈ മക്കളും  നാളെ വാർദ്ധക്യത്തിൽ എത്തുമ്പോൾ ഈ രീതി തന്നെ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി. 😊

Wednesday, August 28, 2024

കൊൽക്കത്ത ആശുപത്രിയിലെ പിശാചുക്കൾ.

       2024 ഓഗസ്റ്റ് 9 നു രാവിലെ ഒരു യുവ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തി എന്ന വാർത്ത ഭാരതത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ R K കർ ആശുപത്രിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിയായിരുന്നു ഈ 31 വയസ്സു മാത്രമുള്ള വനിതാ ഡോക്ടർ. തുടർച്ചയായ 36 മണിക്കൂർ നേരം നീണ്ട ഡ്യൂട്ടിക്ക് ശേഷം അല്പം വിശ്രമത്തിനായാണ് അവൾ സെമിനാർഹോളിൽ എത്തിയത്. എന്നാൽ അത് തന്റെ ദാരുണമായ മരണത്തിനിടയാക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല. താൻ പഠിക്കുന്ന ആ ഇൻസ്റ്റിറ്റ്യൂഷനിൽ അവൾക്ക് അത്രമാത്രം വിശ്വാസം ഉണ്ടായിരുന്നിരിക്കണം. പക്ഷേ ആ യുവ ഡോക്ടറെ അവിടെ കാത്തിരുന്നത് രക്തകൊതി തീരാത്ത ചെകുത്താന്മാരായിരുന്നു. ( ആ കശ്മലന്മാരെ ഒരിക്കലും മൃഗങ്ങളോടുപമിക്കുകയില്ല. ഒരു മൃഗവും തന്റെ വർഗ്ഗത്തിൽപ്പെട്ടവയെ ഇങ്ങനെ പൈശാചികമായി ആക്രമിക്കുകയില്ല.)  എങ്ങനെയാണ് അവൾ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടതെന്ന് വിവരിക്കുവാൻ പോലും എനിക്കാവുന്നില്ല. അത് അത്രമാത്രം ദാരുണമാണ്. ഒരു സ്ത്രീക്ക്- ഒരമ്മയ്ക്ക്- സങ്കൽപ്പിക്കാൻ പോലും ഒരിക്കലും കഴിയാത്ത വിധത്തിലാണ് അവളെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്തിയത്.

        എട്ടാം തീയതി രാത്രി 11 മണിയോടെ  ഡ്യൂട്ടി കഴിഞ്ഞ് സെമിനാർ ഹാളിൽ എത്തിയ ഈ പെൺകുട്ടി, തന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പറഞ്ഞു. എന്നാൽ രാവിലെ ഏഴു മണിയോടെ,തന്റെ മകൾ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്അവർക്കു ലഭിച്ചത്. ഈ വാർത്ത ഒരല്പം പോലും വിശ്വസിക്കാതെ അവർ വേഗം ഹോസ്പിറ്റലിൽ എത്തി. അവിടെയെത്തി   മൂന്നു മണിക്കൂറിനു ശേഷമാണ് ആ അച്ഛനെ മകളുടെ മൃതദേഹം കാണിക്കാൻ അവർ തയ്യാറായത്. മൃതദേഹത്തിന്റെ അവസ്ഥ ഒരഛനും കാണാൻ കഴിയാത്ത തരത്തിലായിരുന്നു. അവളുടെ കണ്ണടയുടെ ചില്ലുകൾ കണ്ണുകളിൽ കുത്തിക്കയറിയ നിലയിലും കാലുകൾ 90 ഡിഗ്രി അകലത്തിലും ആയിരുന്നു. പ്രത്യേക പരിശീലനം ലഭിക്കാത്ത സാധാരണ മനുഷ്യർക്ക് സ്വയം കാലുകൾ ഇത്തരത്തിൽ അകറ്റുവാൻ സാധിക്കുകയില്ല. മരണത്തിൽ അസ്വാഭാവികത കണ്ട ഡോക്ടർമാർ സംഘടിക്കുകയും ഒടുവിൽ അവരുടെ പ്രതിഷേധത്തെ തുടർന്ന്  അന്വേഷണം ആരംഭിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. 

      C K ബിർള ഹോസ്പിറ്റലിലെ ഡോക്ടർ രാജധാർ നടത്തിയ പരിശോധനയിൽ വെളിപ്പെട്ട കാര്യങ്ങൾ കൂടുതൽ ഞെട്ടിക്കുന്നതായിരുന്നു. തന്റെ ഔദ്യോഗിക കാലയളവിൽ ഇത്രയും ഭയാനകമായ പീഡന അനുഭവം ആരെങ്കിലും അനുഭവിച്ചതായി അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലുള്ള മുറിവുകൾ കൂടാതെ ആ ശരീരത്തിൽ മുറിവ് പറ്റാത്ത ഒരു ഇഞ്ച് സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ഡോക്ടർ പറയുന്നു. കൂടുതൽ ആൾക്കാർ ചേർന്നല്ലാതെ ഒരാൾക്ക് ഒറ്റയ്ക്ക് ഇങ്ങനെ പീഡിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഈ കണ്ടെത്തലിനെ കൂടുതൽ ശക്തമാക്കുകയാണ് ഡോക്ടർ സുവർണ്ണ  ഗോസ്വാമി യുടെ ഓട്ടോപ്സി റിപ്പോർട്ട്. അത് പ്രകാരം അവളുടെ ഉള്ളിൽ നിന്നും 151 mg ശുക്ലം കണ്ടെത്തിയതായി ഡോക്ടർ സുബർണ്ണ ഗോസ്വാമി പറയുന്നു. ( ഇത് ശരിയല്ലെന്ന് കേസ് അന്വേഷിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ ആരെ സഹായിക്കാനാണെന്ന് സമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.) സാധാരണയായി, ഒരു പുരുഷനിൽ നിന്നും പുറത്തു വരുന്ന സെമന്റെ അളവ് 1.5 മുതൽ 5mlവരെയാണ്. അപ്പോൾ ഈ ഉയർന്ന അളവ്, ഈ പിശാചുക്കളുടെ എണ്ണം എത്രയായിരിക്കാം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ മുഖം, ഇടതുകാൽ, വയർ, വലതു കൈ, ചുണ്ട്,  കഴുത്ത് എന്നിവിടങ്ങളിലെല്ലാം ആഴത്തിലുള്ള മുറിവുകളും, സ്വകാര്യഭാഗങ്ങളിൽ നിന്നും, വായിൽ നിന്നും,കണ്ണിൽ നിന്നും രക്തം വന്ന നിലയിലും ആയിരുന്നു. അവളുടെ പെൽവിക് ബോൺ ( ഇടുപ്പെല്ല് ) പൊട്ടിയതിൽ നിന്നും അവിടെയുണ്ടായ ആഘാതം എത്രയായിരിക്കും എന്ന് വേദനയോടെ നമുക്ക് ഊഹിക്കാം. 

     ഇത്രയും ക്രൂരത നടത്തിയ ഈ ചെകുത്താന്മാരെ കണ്ടെത്താൻ ആദ്യം സർക്കാർ വലിയ താല്പര്യം കാട്ടിയില്ലെങ്കിലും ഡോക്ടർമാരുടെ ശക്തമായ പ്രതിരോധത്തോടെ ഒടുവിൽ സിബിഐ ക്ക്കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അതിനിടെ അന്വേഷണത്തിന് തകിടം മറിക്കുവാൻ ഒരു വിഭാഗം ആളുകൾ( അവരെ ഇങ്ങനെ അല്ല പറയേണ്ടത് ) കലാപം ഉണ്ടാക്കിയത് ഇതിന്റെ തെളിവുകൾ നശിപ്പിക്കാൻ മാത്രമാണെന്നാണ് പൊതുജനങ്ങളുടെയും ഡോക്ടർമാരുടെയും വിലയിരുത്തൽ. 

     ഇപ്പോൾ സുപ്രീംകോടതി ഈ സംഭവത്തിന്മേൽ സ്വമേധയാ കേസെടുക്കുകയും 20/8/2024 ൽ ഹിയറിങ്ങിന് വെക്കുകയും ചെയ്തു. വെസ്റ്റ് ബംഗാൾ സർക്കാറിനെ അതി രൂക്ഷമായിതന്നെ സുപ്രീംകോടതി വിമർശിച്ചു. ബലാൽസംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ, FIR രജിസ്റ്റർ ചെയ്യാൻ പതിനാലു മണിക്കൂറോളം വൈകിയത് എന്തുകൊണ്ടാണെന്ന് വസ്തുത അങ്ങേയറ്റം വിഷമിപ്പിക്കുന്നു എന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷിക്കാനും സംഭവം മറിച്ചു വെക്കാനും  ഉള്ള ശ്രമമാണോ ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സിബിഐ അഞ്ചാം ദിവസം സംഭവ സ്ഥലത്ത് പരിശോധനയ്ക്കായി എത്തുമ്പോഴേക്കും അവിടമെല്ലാം മറ്റു ജോലികൾക്കായി  മാറ്റിമറിക്കപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയായി ഇതിനെ കാണാം. ആദ്യം മാതാപിതാക്കളെ അറിയിച്ചത് പെൺകുട്ടിക്ക് സുഖമില്ലെന്നാണ്, ആത്മഹത്യ ചെയ്തു എന്ന് പിന്നീട് മാറ്റി പറഞ്ഞു. പെൺകുട്ടി മരിച്ചു എന്ന് ഉറപ്പുണ്ടായിട്ടും അവൾ ബോധരഹിതയാണെന്നാണ് ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചത്. ഡോക്ടർമാരായിട്ടും അവർക്ക് മരിച്ച അവസ്ഥയും ബോധരഹിതമായ അവസ്ഥയും തമ്മിൽ തിരിച്ചറിയാൻ കഴിവില്ലെങ്കിൽ  അത്ഡോക്ടർ പദവിക്ക് തന്നെ അപമാനമാണ്. കൊലപാതകം നടന്നത് അതിരാവിലെ ആയിരുന്നുവെങ്കിൽ വൈകിട്ട് ആറിനും ഏഴിനും ഇടയ്ക്ക് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് രാത്രി 11. 45നും. ഇതും സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതായി കോടതി വിലയിരുത്തി.

 ഈ കേസിൽ വെസ്റ്റ് ബംഗാൾ സ്റ്റേറ്റ്നായി വാദിക്കാൻ കപിൽ സിബൽ അടക്കമുള്ള മികച്ച 21 അഭിഭാഷകരാണ് ഉള്ളത്. ഇതിൽ കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പെട്ട കപിൽ സിബൽ പാർട്ടിയുടെ സമ്മർദ്ദം മൂലം പിന്മാറി എന്നും കേൾക്കുന്നു. ഇതിൽ പല അഭിഭാഷകരും ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് ഫീസ് ആയി വാങ്ങുന്നത്. അപ്പോൾ പ്രതികളെ സംരക്ഷിക്കാൻ ഇത്രമാത്രം ഫീസ് കൊടുത്ത് അഭിഭാഷകരെ വയ്ക്കുന്നത് ആരായിരിക്കും? ഏതു വമ്പനാണ് ഈ കേസിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്നത്? ടാക്സ് ഇനത്തിൽ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയാണ് സംസ്ഥാന സർക്കാർ ജനങ്ങളോട്ഇത്തരം അതിനിഷ്ടൂരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കാനായി ചെലവാക്കുന്നത് എന്നതിൽ ലജ്ജ തോന്നുന്നു. സർക്കാർ പോലും ഇന്ന് ഇത്തരം പ്രതികൾക്കൊപ്പം ആണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

      എന്തായാലും ഭാരതത്തിലെ എല്ലാ ഡോക്ടർമാരും ഇതിനെതിരെ സംഘടിച്ചത് വളരെ നന്നായി. ഇനി ഒരിക്കലും ആർക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടാകരുത്. ഈ പെൺകുട്ടി ഒരു ഡോക്ടർ ആയതുകൊണ്ട് അവളുടെ തൊഴിൽ മേഖലയിൽ ഉള്ളവർ അവൾക്ക് വേണ്ടി ശബ്ദമുയർത്തി. എന്നാൽ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കിൽ അവൾക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ടാവും? ആദ്യം ആരെങ്കിലുമൊക്കെ കുറച്ച് പ്രതിഷേധവുമായി വരും. പിന്നീട് അവളെ കുറ്റപ്പെടുത്താനും അവളുടെ പോരായ്മകൾ കണ്ടെത്താനും ആളുകൾ മുന്നിട്ടിറങ്ങും. അങ്ങനെയാ കേസ് തേഞ്ഞുമാഞ്ഞു പോകും. ഇത് ഇവിടെ നടക്കുന്ന പല ബലാത്സംഗകേസുകളിലും കൊലപാതങ്ങളിലും നമ്മൾ കാണുന്നതാണ്. അതിനാൽ ഈ കേസ് എങ്കിലും ശക്തമായി മുന്നോട്ടു കൊണ്ടുപോയി കുറ്റക്കാരായവർക്ക് അതികഠിനമായി ശിക്ഷതന്നെ  കൊടുക്കണം (എന്റെ അഭിപ്രായത്തിൽ ശാരീരികമായും മാനസികമായും അവരെ പൂർണമായും തളർത്തിയതിനു ശേഷം മാത്രം തൂക്കിക്കൊല്ലാൻ ശിക്ഷിക്കണം. ഒറ്റയടിക്ക് തൂക്കിക്കൊന്നാൽ ഈ പാവം പെൺകുട്ടി അനുഭവിച്ച ദുസഹമായ വേദന അവർക്ക് മനസ്സിലാവില്ലല്ലോ) . ഇനി ഒരു സ്ത്രീയെ കാണുമ്പോൾ കാമവെറിയോടെ ആരും ആക്രമിക്കരുത് . ഒരു സ്ത്രീയും ഇതിന്ഇരയാകരുത്. 

    ബലാത്സംഗം എന്ന് പറയുന്നത്  വളരെ സാധാരണമായി കഴിഞ്ഞു എന്ന് സംശയം തോന്നുന്ന വിധത്തിലാണ് ഇപ്പോൾ ക്രൈം റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ൽ 32,033 ബലാൽസംഗ കേസുകളാണ് NCRB( നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ) പ്രകാരമുള്ളത്. അതായത് 16 മിനിറ്റിൽ ഒരു റേപ്പ് നടക്കുന്നു എന്ന രീതിയിൽ. 2018 ൽ ഇത് 15 മിനിറ്റിൽ ഒന്ന്   എന്ന രീതിയിൽ ആയിരുന്നു. 2022 ൽ ഇത്തരത്തിലുള്ള 31,516 കേസുകളാണ് ഉണ്ടായത്.  2021 ലെ കണക്കനുസരിച്ച് പ്രതിദിനം ഏകദേശം 86 ബലാത്സംഗകേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതെല്ലാം രജിസ്റ്റർ ചെയ്തവയാണെങ്കിൽ, കുറ്റക്കാരെ ഭയന്നും,മാനഭയം മൂലവും രജിസ്റ്റർ ചെയ്യാതിരിക്കുന്ന എത്രയോ സംഭവങ്ങൾ ഉണ്ടാവും. ഉണ്ടാവും എന്നല്ല ഉണ്ട് എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. 

     ഇത്തരത്തിൽ ഈ ഹീനമായ കുറ്റകൃത്യം വർദ്ധിക്കുന്നതിന് പ്രധാന കാരണം കുറ്റവാളികളുടെ ഭയമില്ലായ്മയാണ്. എന്തുണ്ടായാലും തങ്ങൾ രക്ഷപ്പെടും എന്ന് ധൈര്യം. ഇത് പണംമൂലമോ രാഷ്ട്രീയ സ്വാധീനം മൂലമോ ആകാം. അതിനാൽ ഇത്തരക്കാർക്ക് അധികഠിനമായ ശിക്ഷ നൽകാൻ കോടതികൾ തീരുമാനമെടുക്കണം. കോടതിയുടെ മൂടിക്കെട്ടിയ കണ്ണുകൾ അഴിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും കണ്ണ് തുറക്കണം. നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടികൾ കാണണം. കുറ്റക്കാർക്ക് കർശനശിക്ഷ നൽകാൻ കഴിയില്ല എങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസവും നഷ്ടപ്പെടും. ഇന്ന് സാധാരണക്കാരന്റെ ഏക ആശ്രയമാണ് കോടതി. ബാക്കിയുള്ളതെല്ലാം പണത്തിനും സ്വാധീനമുള്ളവർക്കും മാത്രമായി കഴിഞ്ഞു. ഇനി അവസാന ആശ്രയമായ കോടതി കൂടി കൈയ്യൊഴിഞ്ഞാൽ പിന്നെ മറ്റു മാർഗ്ഗമില്ലാത്ത സാധാരണ ജനങ്ങൾ നിയമം കയ്യിലെടുത്തേക്കും. അതിനാൽ ജനദ്രോഹികളായവരെ അവരുടെ രാഷ്ട്രീയ- സാമ്പത്തിക- സ്ഥാനമാനങ്ങൾ നോക്കാതെ കർശനമായി ശിക്ഷിച്ചാൽ മാത്രമേ നിയമം ശരിയായി രീതിയിൽ പാലിക്കപ്പെടു. കണ്ണിന് -കണ്ണ്, പല്ലിന് - പല്ല് എന്ന രീതിയിൽ നിയമം നടപ്പാക്കുന്നതോടെ ഈ ജനദ്രോഹ പ്രവർത്തികൾ കുറയും എന്നതിൽ സംശയമില്ല. നിയമം സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന നിലയിൽ ഉള്ളവർക്ക് മാത്രമല്ല സാധാരണ ജനങ്ങൾക്കും കൂടിയാണെന്ന് അവർക്ക് ബോധ്യപ്പെടാൻ ഇത് ഉപകരിക്കും. അത് നേടുന്നതുവരെ നമ്മൾ ശക്തമായി പോരാടിയെ പറ്റൂ.

 ഈ യുവ ഡോക്ടറുടെയും ഇതേ രീതിയിൽ കൊല്ലപ്പെട്ട മറ്റു പെൺകുട്ടികളുടെയും ആത്മാവിന് മോക്ഷം കിട്ടുവാനായി പ്രാർത്ഥിച്ചുകൊണ്ട്,

 മീരാ നമ്പൂതിരി 🙏



Monday, August 12, 2024

പ്രകൃതിദുരന്തവും ബംഗ്ലാദേശിലെ മരവിച്ച മനസ്സാക്ഷിയും

  ഇന്ന് കാണുന്ന ക്രൂരതകളും ദുരന്തങ്ങളും മനുഷ്യനായി പിറന്നവരുടെ മനസ്സ് മരവിപ്പിക്കും. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ നഷ്ടമായ  ജീവനുകളും ജീവിതവും കണ്ട് കണ്ണുനീർ വറ്റും മുൻപേ, ബംഗ്ലാദേശിലെ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തുകയും ആ മൃതദേഹങ്ങളോടു പോലും സഹിക്കാനും ക്ഷമിക്കാനും കഴിയാത്ത രീതിയിൽ പരസ്യമായി അപമാനിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടു. അല്ല കണ്ടുകൊണ്ടിരിക്കുന്നു എന്ന് തന്നെ പറയണം. വയനാട്ടിലെ ദുരന്തം പ്രകൃതിദുരന്തമാണെന്ന് പറയുന്നുണ്ടെങ്കിലും ചില മനുഷ്യരുടെ സ്വാർത്ഥതയും ധനത്തോടുള്ള ആർത്തിയുമാണ് ഇതിന് കാരണം എന്ന് പറയേണ്ടിവരും. ആർക്കെന്തു പറ്റിയാലും എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന് ചിന്തയാണ് പശ്ചിമഘട്ടത്തിലെ വയനാട് ഉൾപ്പെടെയുള്ള അതിലോല പ്രദേശങ്ങളിൽ ക്വാറികളും ഖനനവും  നിർമ്മിതികളും തുടങ്ങുവാനുള്ള കാരണം. ഇതിന്റെ നഷ്ടം പാവപ്പെട്ട കുറെ മനുഷ്യർക്കു മാത്രം. എല്ലാം നഷ്ടപ്പെട്ട്- സ്വന്തക്കാരും, ബന്ധുക്കളും, ജീവിതോപാധികളും, സമ്പത്തും എല്ലാം- ഇനി എന്തുവേണമെന്ന് അറിയാതെ മരവിച്ചിരിക്കുന്ന കുറെ മനുഷ്യരാണ് ബാക്കി. ഇപ്പോഴും അവിടെ തിരച്ചിൽ തുടരുന്നു. കിട്ടുന്നത് മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മാത്രം. ആരുടേത് എന്നറിയില്ല എങ്കിലും സർവ്വമത പ്രാർത്ഥനയോടെ അവയും ഒരു മൃതദേഹത്തിന് നൽകേണ്ട എല്ലാ ബഹുമാനവും നൽകി സംസ്കരിക്കുകയാണ്. ഇവിടെ സേനയ്ക്ക് കൂട്ടായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എല്ലാ മത- രാഷ്ട്രീയത്തിൽ പെട്ടവരും, ഗ്രൂപ്പ് തിരിഞ്ഞ് സഹായവുമായി ഇവിടത്തെ ജനതയ്ക്കൊപ്പം കൂടി. എല്ലാ ചാനലുകളും ഏറെ പ്രാധാന്യത്തോടെയാണ് വയനാട്ടിലെ ദുരന്തം റിപ്പോർട്ട് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. അവിടെ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ഒരു മറയുമില്ലാതെ നമ്മുടെ മുമ്പിൽ എത്തുന്നു. ജനങ്ങളും അകമഴിഞ്ഞ സഹായവുമായി വയനാട്ടിലെ ജനതയ്ക്കൊപ്പം നിൽക്കുന്നു. 

     എന്നാൽ മതത്തിന്റെ പേരിൽ ഒരു കൂട്ടം ആളുകളെ ആക്രമിച്ചു മൃഗീയമായി കൊലപ്പെടുത്തുന്നതാണ് ബംഗ്ലാദേശിലെ വേദനിപ്പിക്കുന്ന കാഴ്ച. മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന ഈ സംഭവത്തിന് പക്ഷേ മാധ്യമങ്ങൾ ഒരു പ്രാധാന്യവും നൽകുന്നില്ല എന്നത് വല്ലാതെ അമ്പരപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് ജനങ്ങൾ വിവരമറിയുന്നത്. ഇവിടുത്തെ കാഴ്ച കാണുമ്പോൾ അറിയാതെ ചോദിച്ചു പോകും, മനുഷ്യന്ഇത്രമാത്രം ക്രൂരനാവാൻ കഴിയുമോ? സഹജീവിയെ വെറും മതത്തിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്താൻ അവന്എങ്ങനെ സാധിക്കുന്നു? അപകടത്തിൽ പെടുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ പോലും നമുക്കുള്ളിൽ വിങ്ങൽ ഉണ്ടാക്കുമ്പോൾ അടിയും തൊഴിയുമേറ്റ  ഒരു മനുഷ്യൻ കരയുന്ന ശബ്ദം കേൾക്കാൻ കഴിയാത്ത വണ്ണം അവർ ബധിരരായോ? ഈ നിലവിളി കേട്ട് എങ്ങനെയാണ് അവർക്ക് അട്ടഹസിച്ചു ചിരിക്കാൻ സാധിക്കുന്നത്? മതം അവരുടെ ഹൃദയത്തെ പോലും ഇല്ലാതാക്കിയോ? സ്വന്തം ശരീരത്തിൽ ഒരു മൊട്ടുസൂചി കൊണ്ടാൽ പോലും വേദനിക്കുന്നവന് മറ്റൊരാളെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്ന പോലെ എങ്ങനെ കൊല്ലാൻ പറ്റും? സ്ത്രീകളെ- പിഞ്ചു കുഞ്ഞുങ്ങൾ മുതലുള്ളവരെ - ശാരീരികമായി ആക്രമിച്ച്അതിഭീകരമായ രീതിയിൽ ബലാത്സംഗം ചെയ്തും മറ്റും കൊലപ്പെടുത്തുന്നു. എന്ത് തെറ്റാണവർ ചെയ്തത്? ഹിന്ദുമതത്തിൽ    ജനിച്ചതാണോ അവരുടെ കുറ്റം? ഇതൊക്കെ ന്യായീകരിക്കാൻ മനുഷ്യജന്മം എടുത്തവർക്ക് സാധിക്കുമോ? പ്രകൃതിദുരന്തം നിമിഷം കൊണ്ട് കഴിഞ്ഞു എങ്കിൽ ഇവിടെ മരണത്തെ അതിന്റ  ഭീഭത്സതയിൽ മുന്നിൽകണ്ട്, ഉറ്റവരെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തുന്നത് കണ്ട്  മണിക്കൂറുകളോളം വേദന അനുഭവിച്ച്  കൈകൂപ്പി ദയനീയമായി  കരയുമ്പോഴാണ് ക്രൂരമരണം അവരിലേക്ക് എത്തിയത്. 

   മാധ്യമങ്ങളിലും ചാനലുകളിലും ഒന്നും ഇതൊരു വാർത്തയല്ല. ആര് ആർക്കെതിരെ ആക്രമണം നടത്തിയാലും അത് പുറത്തു കൊണ്ടുവരാനുള്ള കടമ മാധ്യമങ്ങൾക്കുണ്ട്. ഇവിടെ അവർ തലയിൽ മുണ്ടിട്ട് അറിഞ്ഞ ഭാഗം കാണിക്കാതെ ഇരിക്കുന്നു. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരെ, നിങ്ങൾ ഈ രീതിയിൽ പെരുമാറുന്നത്? നിങ്ങളിലെ മനുഷ്യത്വവും ഇല്ലാതെയായോ? വയനാട്ടിലെ ജനങ്ങളുടെ നീതിക്കുവേണ്ടി സംസാരിച്ച നിങ്ങൾ ബംഗ്ലാദേശിലെ ക്രൂര മരണങ്ങൾ കാണുന്നില്ലേ? ചാനലുകൾക്ക് സത്യം പുറത്തുകൊണ്ടുവരാൻ എന്തിനാണ്  ഈ മടി? 

 വയനാട്ടിൽ പ്രകൃതിയുടെ താണ്ഡവമാണെങ്കിൽ ബംഗ്ലാദേശിൽ ഒരു കൂട്ടം മനുഷ്യരുടെ ക്രൂരതയാണ് നടക്കുന്നത്. ആദ്യത്തേതിനേക്കാൾ എത്രയോ ഭീകരമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന അനീതിക്കെതിരെ മനുഷ്യവകാശ   ധ്വമ്സനം എന്നും മറ്റും പേരിട്ട് വാർത്തകളായി ആഘോഷിക്കുന്നവർക്ക്  ബംഗ്ലാദേശിലെ ഭയാനകമായ കൊലപാതകങ്ങൾ പ്രാധാന്യമില്ലാത്ത വിഷയമായോ? 

   ഞാൻ വെറും സാധാരണക്കാരിയായ ഒരു പത്രപ്രവർത്തകയാണ്. എന്റെ കയ്യിൽ ഉള്ള ഈ പേന മാത്രമാണ് എനിക്ക് സഹായമായി ഉള്ളത്. എങ്കിലും ലോകത്ത് നടക്കുന്ന ഇത്തരത്തിലുള്ള പൈശാചിക കൊലപാതകങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ പറ്റുന്നില്ല. വയനാട്ടിലെ ജനങ്ങളെ സഹായിക്കുമ്പോൾ മതത്തിന്റെ പേരിൽ അത് ക്രൂരമായി ഒരു വിഭാഗത്തെ മനപ്പൂർവ്വം  കൊലപ്പെടുത്തുന്നതും കൂടി നിങ്ങൾ അറിയണം. ജനങ്ങളെ അറിയിക്കണം. എല്ലാവരും മനുഷ്യരാണ് എന്ന സത്യം മറക്കരുത്. ജനിച്ചപ്പോൾ കിട്ടിയ ജാതിയുടെയും മതത്തിന്റെയും പേരിൽ മറ്റൊരാൾക്കെതിരെ വിരൽചുണ്ടാനും കൊല്ലാനും ഒന്നും ആർക്കും അധികാരമില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എല്ലാം ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കുവാൻ അധികാരം ഉണ്ട്. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും ഒന്നും പേരിൽ ആരും ആരെക്കാളും മേലെ അല്ല. ആത്യന്തികമായി നമ്മൾ മനുഷ്യർ മാത്രമാണെന്ന് തിരിച്ചറിയണം. ജാതിയും മതവും എല്ലാം നമ്മുടെ വിശ്വാസമാണ്. അതിൽ വിശ്വസിച്ചുകൊണ്ട് ഒരാൾക്ക് ജീവിക്കാം.  പക്ഷേ അതിനായി മറ്റൊരു ജീവനെ ഇല്ലാതാക്കരുത്. കൊല്ലപ്പെടുന്നവരുടെ നിലവിളികൾ ചുട്ടുപഴുത്ത ആണി പോലെ കാതുകളിൽ മുഴങ്ങുകയാണ്.  ഈ ക്രൂരതകൾ നടത്തിയവരെ വീഡിയോയിൽ  കണ്ടപ്പോൾ തേങ്ങലോതുക്കി മനസ്സിൽ അവരോട് ചോദിച്ചത് ഇത്രമാത്രം " ഈ ചെയ്യുന്ന പാപത്തിന്റെ ഫലം അനുഭവിചുതീർക്കാൻ നിങ്ങൾക്ക് വളരെ കൂടുതൽ ജന്മങ്ങൾ വേണ്ടിവരും.

 മീര നമ്പൂതിരി😭

Monday, August 5, 2024

ഗാഡ്ഗിൽ പറഞ്ഞത് ആർക്കുവേണ്ടി

   പശ്ചിമഘട്ടങ്ങളിലെ അതിലോല പ്രദേശങ്ങളിൽ നടത്തുന്ന പ്രകൃതി നശീകരണം വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കും എന്നും, ഇങ്ങനെ പോയാൽ അതിന് നാലഞ്ചുവർഷം മതി എന്നും  ഉള്ള പ്രൊഫ. മാധവ്ഗാഡ്ഗിലിന്റെ കണ്ടെത്തലുകൾക്ക് അടിവര ഇടുകയാണ് ഇപ്പോൾ നടന്ന വയനാട് ദുരന്തം. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടലിൽ മരണം 226( 2024ഓഗസ്റ്റ് 4ലെ   സർക്കാർ  കണക്ക്) എന്നൊക്കെ പറയുന്നുണ്ടെങ്കിലും മരണം അതിന്റെയൊക്കെ ഇരട്ടിലേറെ ഉണ്ടാകുമെന്നാണ് അനൗദ്യോഗികമായി പറയുന്നത്. അതുപോലെ 500 ലേറെ വീടുകൾ ഇല്ലാതായി എന്നതും ശരിയല്ലെന്നു കേൾക്കുന്നു. എന്തായാലും എല്ലാം നഷ്ടപ്പെട്ടത് അവിടുത്തെ പാവപ്പെട്ട ജനങ്ങൾക്കു മാത്രം.  ഇവർക്ക് എന്തു കൊടുത്താലും എത്ര കൊടുത്താലും ഒന്നും ആ വേദനയ്ക്ക്  പകരമാവില്ലല്ലോ. 

    പശ്ചിമഘട്ടത്തിലുള്ള അതിലോലമായ ഈ പ്രദേശത്ത് കരിങ്കൽ ക്വാറികളും, ഖനനങ്ങളും,നിർമ്മാണങ്ങളുമെല്ലാം തീർത്തും തടയണമെന്നാണ് തന്റെ റിപ്പോർട്ടിൽ വളരെ പ്രാധാന്യം നൽകി പ്രൊഫസർ ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. പക്ഷേ ആ ഭൂമി വിട്ടുകളയാൻ താല്പര്യമില്ലാത്ത രാഷ്ട്രീയക്കാരും ചില മത മേലധ്യക്ഷന്മാരും സംസ്ഥാന സർക്കാരുകളും ഈ റിപ്പോർട്ടിനെതിരെ തിരിയുകയായിരുന്നു. ഈ റിപ്പോർട്ട് കർഷക വിരുദ്ധമെന്ന മട്ടിൽ നിറം കലർത്തി,പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്വന്തം ആവശ്യങ്ങൾ നിലനിർത്താനും പല സമരമുറകളുമായി അവർ മുന്നേറി. അങ്ങിനെ അവർ നേടിയ ഒരു താൽക്കാലിക വിജയത്തിന്റെ ഫലമാണ് ഇന്ന് വയനാട്ടിലെ പാവം ജനങ്ങൾ അനുഭവിക്കുന്നത്. അന്ന് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്തവരും, കർഷകവിരുദ്ധ റിപ്പോർട്ടെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിച്ചവരും ഇന്ന് എവിടെ? അവരാരെയും ദുരന്തമുഖത്ത് കാണാനില്ല. പണം നേടാൻ ആയി അവർ നിർമ്മിച്ച വീടുകളും വ്യവസായങ്ങളും സ്ഥലവും ഒലിച്ചു പോവുകയോ തകർന്നു പോവുകയോ ചെയ്തിട്ടുണ്ടാവാം. എന്നാലും അവർക്കോ അവരുടെ കുടുംബത്തിനോ ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായിട്ടില്ല. ഒരു ചെറിയ വിഭാഗത്തിന്റെ സ്വാർത്ഥ താല്പര്യത്തിനായി ഈ പാവം ജനങ്ങളുടെ ജീവനും സ്വത്തുമാണ് ബലി കൊടുക്കേണ്ടി വന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുക തന്നെ വേണം.

    ആർക്കുവേണ്ടിയായിരുന്നു പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്? അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയോ? പേരും പ്രശസ്തിയും നേടാൻ വേണ്ടിയോ? ഒന്നുമല്ല. നമ്മുടെ ജനങ്ങളെ പ്രകൃതിദുരന്തത്തിൽ നിന്നും സംരക്ഷിക്കുവാൻ മാത്രമായിരുന്നു. കർഷക വിരുദ്ധമായിരുന്നു എന്ന് പറയുന്നവരോട് പറയട്ടെ, അവിടെ കൃഷി  ചെയ്യരുത് എന്ന് പറഞ്ഞത് കർഷക വിരുദ്ധമായി തോന്നിയേക്കാം. എന്നാൽ അവിടുത്തെ കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളെ ഇത്തരം ദുരന്തങ്ങളിൽ നിന്നും രക്ഷിക്കുവാൻ ആയിരുന്നു അത് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ പാവം ജനങ്ങൾക്ക് കഴിഞ്ഞില്ല.  പലരും,ജനങ്ങൾ അത് മനസ്സിലാക്കാതിരിക്കാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്തു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തശേഷം, അത് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ ശ്രമിച്ചതിന് തന്റെ സിംബോളിക് ചരമയാത്ര വരെ സംഘടിപ്പിച്ച മത നേതാക്കന്മാരെ കുറിച്ച് അന്തരിച്ച മുൻ എംഎൽഎ പിടി തോമസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പുറത്തു വരരുതെന്നും നടപ്പാക്കരുത് എന്നും ഒരു വിഭാഗം ജനങ്ങൾക്കും സർക്കാരിനും വലിയ നിർബന്ധമായിരുന്നു. 

   പശ്ചിമഘട്ടത്തിലെ ഈ അതിലോല പ്രദേശങ്ങൾ ചെളി നിറഞ്ഞവയും വെള്ളം അധികമായി ചെല്ലുമ്പോൾ അടരുകളായി ഇടിഞ്ഞുവീഴുന്നവയുമാണ്. ഒരുതരത്തിലുള്ള നിർമിതികൾക്കും ഒട്ടും യോജിച്ചതല്ല. അവിടെ കരിങ്കൽ ക്വാറികളും  ഖനനവും മറ്റും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. വാസയോഗ്യമായ പ്രദേശങ്ങളിൽ പോലും വലിയൊരു പൊട്ടിത്തെറി ഉണ്ടാക്കിയാൽ ആ ശബ്ദത്തിന്റെ പ്രകമ്പനം മൂലം വീടുകളുടെ ഗ്ലാസുകൾ പൊട്ടിപ്പോകുന്നതും വീടുകളിൽ വിള്ളൽ വീഴുന്നതും ഒക്കെ നമുക്കറിയാം. അപ്പോൾ ഇങ്ങിനെയുള്ള അതിലോല ഭൂപ്രകൃതിയുള്ള  പ്രദേശങ്ങളിൽ ക്വാറികളുടെയും ഖനനത്തിന്റെയും മറ്റും ശബ്ദവും മുഴക്കവും ഭൂമിയിലെ അടരുകളെ കൂടുതൽ അകറ്റുകയും, വിള്ളലുകൾ വീഴ്ത്തുകയും ചെയ്യും. ഇത് മണ്ണിടിച്ചിലിനും മഴയുടെ ആധിക്യത്തിൽ ഉരുൾപൊട്ടലിനും കാരണമാകുന്നു.

  ഉരുൾപൊട്ടലിലൂടെ ഒരു ഭൂഭാഗം ഇല്ലാതാകുന്നതിനേക്കാൾ എത്രയോ ഭീകരമാണ് അവിടെയുള്ള ജനങ്ങൾ ഇല്ലാതെ ആകുന്നത്. അതിനാലാണ് അങ്ങനെയുള്ള സ്ഥലങ്ങളിൽ കൃഷിയും താമസവും ഖനനവും ഒന്നും പാടില്ല എന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷേ ഇതൊക്കെ ആര് കേൾക്കാൻ?  ആർത്തിയുള്ള കുറെ മനുഷ്യർ അവിടെ സ്ഥലങ്ങൾ വാങ്ങും, ക്വാറികൾ തുടങ്ങും. ഭയക്കേണ്ട എന്ന് പറഞ്ഞു പറ്റിച്ച് പാവങ്ങളെ അവിടെ താമസിപ്പിക്കും. വേണമെങ്കിൽ താമസിക്കാനുള്ള സൗകര്യംപോലും ചെയ്തു കൊടുക്കും. ഒടുവിൽ എല്ലാം ഒരു ഉരുൾപൊട്ടലിൽ അവസാനിക്കുമ്പോൾ ജീവനും,ജീവിതവും നഷ്ടമാകുന്നത് പാവപ്പെട്ടവന് മാത്രം. 

  പശ്ചിമഘട്ടം എന്നത് പർവതങ്ങളുടെ ഒരു നിരയാണ്. കേരളം, തമിഴ്നാട്, കർണാടക, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടവും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഭാരത സർക്കാർ ഒരു വിദഗ്ധസമിതിയെ രൂപീകരിച്ചു. വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്നത്തെ മന്ത്രിയായിരുന്ന ജയറാം രമേശ് ആണ് 2010 ഫെബ്രുവരി 9 പ്രൊഫസർ മാധവ്  ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള 14 പേരടങ്ങുന്ന ഒരു വിദഗ്ധസമിതി നിയോഗിച്ചത്. 2011ഓഗസ്റ്റ് 31ന് പ്രൊഫസർ ഗാഡ്ഗിൽ 522 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.44 ജില്ലകളിലെ 142 താലൂക്കുകളിൽ ആയാണ് 134 പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 75 താലൂക്കുകളിൽ നിന്നും 25 എണ്ണം ആണ് കേരളത്തിൽ ഉള്ളത്. ഈ പ്രദേശങ്ങളിൽ മൂന്നായി തരം തിരിച്ചിട്ടുണ്ട്. അത്യത്തിക ലോല പ്രദേശങ്ങൾ,  അധികലോലപ്രദേശങ്ങൾ, ലോല പ്രദേശങ്ങൾ എന്നിങ്ങനെ. ഇതിൽ കൂടുതൽ നിയന്ത്രണവും ഒന്നും രണ്ടും ഭാഗങ്ങൾക്കാണ്. 1 ൽ ഖനനം, പാറപൊട്ടിക്കൽ,  മണ്ണുവാരൽ, വനനശീകരണം ഇവയൊന്നും അനുവദിക്കരുത്. 2ൽ നിലനിൽക്കുന്ന ഖനനം തുടർന്നാലും പുതിയവ അനുവദിക്കരുത്. ജൈവകൃഷിയുടെ പ്രാധാന്യം, പ്ലാസ്റ്റിക് നിരോധനം, ജനിതകമാറ്റം വരുത്തിയ  കൃഷി പാടില്ല, സാമ്പത്തിക മേഖല, ഹിൽ സ്റ്റേഷൻ എന്നിവ ഒഴിവാക്കുക, ഏക തോട്ടവിളകൾ പാടില്ല,  സ്വകാര്യവൽക്കരണം അനുവദിക്കരുത്   തുടങ്ങി ഇത്തരം ഭൂവിഭാഗത്തിന് അനുയോജ്യമായ പല നിർദ്ദേശങ്ങളും പ്രൊഫസർ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്തവരുടെ ആശങ്കകൾ പരിഗണിച്ച് കെ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഒരു സമിതിയെ   പ്രത്യേക റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചു. സുപ്രധാനമായ സ്ഥലങ്ങളിലെ വിസ്തൃതിയിൽ ചില മാറ്റങ്ങൾ പറഞ്ഞു എങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിക്കുന്നതായിരുന്നു കസ്തൂരി രംഗന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ചൂടേറിയ ചർച്ചകൾക്ക്തന്നെ വഴിവച്ചു. ഇത് പ്രസിദ്ധീകരിക്കാതെ വനം- പരിസ്ഥിതി മന്ത്രാലയം പൂഴ്ത്തിവെച്ചു എങ്കിലും വിവരാവകാശ നിയമത്തിലൂടെ ഒടുവിൽ ഇത് പുറത്തുവന്നു. രാഷ്ട്രീയപാർട്ടികൾ, പല സമുദായ മത മേലാധ്യക്ഷൻ മാർ തുടങ്ങിയവർ ഇതിനെതിരായി. ഇടുക്കി രൂപത ഇതിനെതിരെ കുർബാനയ്ക്കിടെ ഇടയലേഖനം വായിച്ചതും നമ്മൾ മറന്നിട്ടില്ല. 

   ഉരുൾപൊട്ടലിന്  ക്വാറികൾ ഒരു പ്രധാന കാരണമാകുന്നു എന്ന് ഗാഡ്ഗിൽ അടിവരയിട്ട് പറയുന്നുണ്ട്. വയനാട്ടിൽ അതിഭീകരമായ പാറകളും വലിയ കല്ലുകളും വൃക്ഷങ്ങളും ഒഴുകിയെത്തിയാണ് വീടുകളെ നശിപ്പിച്ചത്. ഒഴുകിയെത്തിയ ഇത്തരം പാറകളുടെ ആഘാതത്തിൽ പലരുടെയും ശരീരഭാഗങ്ങൾ പോലും വേർപെട്ടുപോയി എന്ന് പറയുമ്പോൾപോലും ആ ഒഴുക്കിന്റെ ശക്തി എത്രയായിരുന്നു എന്ന് നമുക്ക് സങ്കൽപ്പിക്കാൻ  കഴിയില്ല.  മനുഷ്യർ വരുത്തിവെച്ച ഈ ദുരന്തത്തിന് പ്രകൃതിയെയല്ല കുറ്റം പറയേണ്ടത്. അവിടെ ഖനനവും, കരിങ്കൽ ക്വാറികളും, നിർമ്മാണങ്ങളും, റിസോർട്ടുകളും, എസ്റ്റേറ്റുകളും  മറ്റും ഉണ്ടാക്കിയവരെയാണ്. അതിനു അനുവാദം നൽകിയ സർക്കാർ സംവിധാനത്തെ ആണ്. പ്രകൃതിയെ ചതിച്ച്ഈപാവങ്ങളെ ബലിയാടാക്കിയവർ ആരായാലും ആരും അവരോട് പൊറുക്കില്ല. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയവരേ, നിങ്ങളോട്  കാലം കണക്കു ചോദിക്കും. ഇതിൽ പെട്ട് മരിച്ചു ജീവിച്ചവരുടെ ശാപത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല.

               ഭാരതീയ സേനയോടൊപ്പം എല്ലാറ്റിനും കൂടെനിന്ന് സഹായിച്ച സന്നദ്ധ പ്രവർത്തകരുടെ ആ നല്ല മനസ്സിനെ നമുക്ക് നമിക്കാം. ഈ ദുരന്തത്തിൽപ്പെട്ട ഓരോരുത്തർക്കും അവർ സഹോദരങ്ങളായി, മക്കളായി,രക്ഷകർത്താവായി കൂടെ നിന്നു. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന്റെ ശവസംസ്കാരം എന്നപോലെയാണ് അവർ ഓരോന്നും നടത്തിയത്.

 ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട് 🙏🙏

 മീര നമ്പൂതിരി.

   


   


       

Thursday, July 25, 2024

ജനപ്രതിനിധികളെ ഇറക്കേണ്ട ആമയിഴഞ്ചാൻ തോട്

   ആമയിഴഞ്ചാൻ തോട്ടിലെ വാർത്തകൾ വീണ്ടും ജനരോഷത്തിലേക്ക്. ഇവിടേക്കു മാലിന്യം എറിഞ്ഞവരെ തടഞ്ഞ രണ്ട് ശുചീകരണ തൊഴിലാളികളെ അതിക്രൂരമായി ആക്രമിച്ചിരിക്കുന്നു. ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണശേഷം ഇവിടേക്ക് മാലിന്യം എറിയുന്നവരെ പിടിക്കാനായി കോർപ്പറേഷൻ നിയമിച്ചവരായിരുന്നു രാഹുലും രാജീവും. മാലിന്യം എറിഞ്ഞവരെ തടയാൻ ശ്രമിച്ചതിന് ആയിരുന്നു ഇവരെ മർദ്ദിച്ചത്. ആക്രമണം നടത്തിയവർക്കെതിരെ പോലീസ്സ് പോലും കേസെടുക്കാൻ വൈകിയതായി ആരോപണമുണ്ട്. തോട് വൃത്തിയാക്കലിൽ കളക്ടറുടെ അഭിനന്ദനങ്ങൾ ലഭിച്ച  ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു രാഹുലിന്റെ നേരെയുള്ള ഈ ആക്രമണം.

          2024 ജൂലൈ 13 ശനിയാഴ്ച രാവിലെ 11 മണി യോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴാഞ്ചൻ  തോട് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായത്. ജോയിയെ കണ്ടെത്താനായി പലവിധത്തിലും ശ്രമിച്ചു  എങ്കിലും തോട്ടിലെ മാലിന്യ കൂമ്പാരം കാരണം കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 15 തീയതി ജോയിയുടെ മൃതദേഹം മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തെ മാധ്യമങ്ങൾ അന്ന് ഈ സംഭവത്തിന് പ്രാധാന്യം നൽകിയെങ്കിലും പുതിയ വാർത്തകൾ വന്നപ്പോൾ ഇതും വിസ്മൃതിയിലേക്ക് പോയി. ഇനി വീണ്ടും ഇതേക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ വീണ്ടും ആരെങ്കിലും ഈ മലീമസമായ തോട്ടിൽ വീഴണം എന്ന് തോന്നുന്നു. എന്തിനു മാധ്യമങ്ങൾ, സർക്കാർ പോലും ഇന്നു നിശബ്ദമാണ്. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചു കൊടുക്കും (?) എന്ന് പറഞ്ഞതോടെ അവരുടെ ഉത്തരവാദിത്വം തീർന്നു എന്ന് തോന്നുന്നു. ആ അമ്മയ്ക്ക് പക്ഷേ ഒരു വീട് കിട്ടിയാലോ കുറെ രൂപ കിട്ടിയാലോ തന്റെ മകനെ മറക്കാൻ കഴിയില്ലല്ലോ. എന്നും ആ മാതൃഹൃദയത്തിൽ ഒരു വേദനയായി ജോയി ഉണ്ടാകും എന്നതിൽ സംശയമില്ല.

       ജോയിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? വർഷങ്ങളായി വൃത്തിയാക്കാൻ ശ്രമിക്കാത്ത ഈ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യത്തോട്ടിലേക്ക് യാതൊരുവിധ സുരക്ഷണോപാധികളും നൽകാതെ ഒരു മനുഷ്യനെ വൃത്തിയാക്കാനായി ഇറക്കിയത് ആരായാലും അവർ മാപ്പ് അർഹിക്കുന്നില്ല. നമ്മൾ നടന്നു പോകുമ്പോൾ ചെളിയിൽ ഒന്ന് ചവിട്ടിയാൽ,ദേഹത്ത് കാക്കയൊന്ന് കാഷ്ടിച്ചാൽ നമ്മുടെ മുഖം,വൃത്തികേട് എന്ന ഭാവത്തിൽ ചുളിക്കുന്നത് നമുക്കറിയാം. അപ്പോൾ മനുഷ്യ വിസർജ്യങ്ങളും, ഇറച്ചി മാലിന്യങ്ങളും അടക്കമുള്ള എല്ലാം വൃത്തികേടുകളും നിറഞ്ഞ തോട്ടിലേക്കാണ്ജോയി വീഴുന്നത്.  അന്ന് ആ മനുഷ്യൻ അനുഭവിച്ച ദുരിതം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളുടെ ബാക്കിയും മറ്റും - അടുക്കള വേസ്റ്റ് എന്ന് പറയാം- ശുചീകരണ പ്രവർത്തകർക്ക് നൽകാനായി നമ്മൾ സൂക്ഷിക്കുന്നതു പോലും അത് അടച്ചുവച്ചാണ്. അതിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പോലും നമുക്ക് സഹിക്കാൻ കഴിയില്ല, അല്ലേ. ( നമ്മുടെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന വരെ കാണുമ്പോൾ സത്യത്തിൽ വളരെ ദുഃഖം തോന്നും. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാവുമല്ലോ അവർ ഈ ജോലി ചെയ്യുന്നത്). അപ്പോൾ ആ തോടിന്റെ സ്ഥിതി എന്തായിരിക്കുംഎന്ന്ഒ ന്ന് ചിന്തിച്ചു നോക്കൂ. ആ തോടിന്റെ സമീപത്ത് കൂടി  പോകുമ്പോൾ ആ ദുർഗ്ഗന്ധത്തിന്റെ രൂക്ഷത നമുക്ക് മനസ്സിലാകും. 

    എന്തുകൊണ്ടാണ് ഭരണാധികാരികൾ ഇതൊന്നും കാണാത്തത്? ഇതൊന്നും അവരെ വ്യക്തിപരമായി ബാധിക്കാത്തതുകൊണ്ടാണോ? നഗരത്തിലെ വെള്ളക്കെട്ടിന് കാരണവും ഈ കെട്ടിക്കിടക്കുന്ന മാലിന്യം നിറഞ്ഞ ആമ ഇഴഞ്ചാൻ  തോട് തന്നെ. എന്നിട്ടും തിരുവനന്തപുരം കോർപ്പറേഷനോ സംസ്ഥാന സർക്കാരോ ഇതു നിയന്ത്രിക്കാനുള്ള  യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന സത്യം രോഷമുളവാക്കും. കഷ്ടമാണ് സർക്കാരേ.. നഗരം ശുചിയായ സൂക്ഷിക്കേണ്ടത് സർക്കാർ ആണ്, അത് കോർപ്പറേഷൻ വഴി ആയാലും  പഞ്ചായത്ത് വഴി ആയാലും. ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം നഗരിയിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള നഗരങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭംഗി. 

     മാലിന്യനിർമാർജനത്തിന് ശരിയായ സംവിധാനം ഉണ്ടെങ്കിൽ പിന്നെ ആരും തോട്ടിലും റോഡ് സൈഡിലും ഒന്നും മാലിന്യ കൊണ്ട് തള്ളുകയില്ല. അതില്ലാത്തതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. വീടുകളിലെ മാലിന്യം നീക്കം ചെയ്ത് സംഭരിച്ച് അതിൽ നിന്നും എനർജി ഉണ്ടാക്കി ബാക്കിയുള്ളവ വളം ആക്കി മാറ്റിയാൽ പിന്നെ മാലിന്യ പ്രശ്നം ഉണ്ടാകുന്നില്ല. ഇതേക്കുറിച്ച് പഠിക്കാൻ വിദേശത്തൊന്നും പോകേണ്ട ആവശ്യമില്ല, ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം എന്ന് ജനങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ ലഭ്യത കുറയ്ക്കാനുള്ള ശ്രമമാണ് ആദ്യം സർക്കാർ നടപ്പാക്കേണ്ടത്. എപ്പോഴും എവിടെയും കിട്ടുന്ന രീതിയിൽ ഉള്ള ഈ വസ്തു ഉപയോഗിക്കരുത് എന്ന് പറയുന്നതുകൊണ്ട് എന്ത് പ്രയോജനം. ഇന്ന് സാധനങ്ങളെല്ലാം തന്നെ ലഭിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും ആണ്. ഈ പ്ലാസ്റ്റിക് സാധനങ്ങൾ സാധാരണക്കാരൻ എന്ത് ചെയ്യും? ഒന്നുകിൽ കത്തിക്കും അല്ലെങ്കിൽ പ്ലാസ്റ്റിക് എടുക്കാൻ വരുന്നവർക്കു കൊടുക്കും. ഇനി അതുമല്ല എങ്കിൽ കാണുന്നിടത്ത് നിക്ഷേപിക്കും. അത് പാടില്ല എങ്കിൽ ആദ്യം അത് കളയാനുള്ള സ്ഥലം കാണിച്ചുകൊടുക്കണം. അവിടെ ഇട്ടില്ല എങ്കിൽ ശിക്ഷിക്കുന്നതിൽ അർത്ഥമുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക്കിന്റെ ഉറവിടം എന്നത് കടകൾ തന്നെയാണ്. അവിടെ നിന്നാണ് അവന് പ്ലാസ്റ്റിക് കവറിൽ ആക്കി സാധനങ്ങൾ ലഭിക്കുന്നത്. അല്ലാതെ ജനങ്ങൾ ആരും വീട്ടിൽ പ്ലാസ്റ്റിക് ഉണ്ടാക്കുകയല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത്  കടകളിലെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗത്തെയാണ്.  പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കളയുവാൻ ആയി ഓരോ ജംഗ്ഷനിലും പ്രത്യേകം പ്രത്യേകം ബിന്നുകൾ വച്ചാൽ ജനങ്ങൾക്കും കോർപ്പറേഷനും സൗകര്യപ്രദം ആയിരിക്കും. പൊതുജനങ്ങൾ അവിടെ കൊണ്ടു നിക്ഷേപിക്കുകയും കോർപ്പറേഷന് സൗകര്യപൂർവ്വം അത് എടുത്തു കൊണ്ടു പോകാൻ സാധിക്കുകയും ചെയ്യും. അതൊന്നും ചെയ്യാതെ ജനങ്ങളുടെ മേലേക്ക് കുതിര കയറുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. 

   ജോയിയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. സംഭവം നടക്കുമ്പോൾ അദ്ദേഹം പാലക്കാട്ട് ആയിരുന്നു ഈ സംഭവം പെട്ടെന്നായിരുന്നു അതുകൊണ്ട് വരാൻ സാധിച്ചില്ല( അപ്പോൾ ജോയി അദ്ദേഹത്തെ നേരത്തെ വിളിച്ചു പറഞ്ഞിരിക്കണമായിരുന്നു, അല്ലേ ). അദ്ദേഹം രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒന്ന് സംഭവദിവസവും മറ്റൊന്ന് മൃതദേഹം കിട്ടിക്കഴിഞ്ഞും. ( അദ്ദേഹം തന്നെയാണ് "ഞാൻ രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട് "എന്ന് പറഞ്ഞത് ) അത്രമാത്രമേ അദ്ദേഹത്തിന് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു. അല്ല! ഇങ്ങനെ പോസ്റ്റിടാൻ ആണോ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനങ്ങൾ എംപി ആയി തിരഞ്ഞെടുത്തത്? നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ലെങ്കിൽ പിന്നെ ഒരു എംപി എന്തിന്? പോസ്റ്റ് ഇടുന്നതാണോ പ്രശ്നപരിഹാരം? പോസ്റ്റ് ഇടുന്നത് അത്ര മഹത്തായ കാര്യമാണെങ്കിൽ ഇലക്ഷന് വോട്ട് ചെയ്യാതെ അദ്ദേഹത്തിന് ഓരോ പോസ്റ്റ് ഇട്ടാൽ മതിയായിരുന്നല്ലോ. അപ്പോൾ പോസ്റ്റും വോട്ടും തമ്മിൽ വ്യത്യാസമുണ്ട്. ഇതുപോലെയാണ് പ്രവർത്തിയും പോസ്റ്റും തമ്മിലും . കഷ്ടമാണ് MP. നിങ്ങൾ ഇവിടെ എത്താത്തതോ ഒന്നും ചെയ്യാത്തതോ പോകട്ടെ പക്ഷേ ദയവായി ഇങ്ങനെ  വിഡ്ഢിത്തം പറയരുത്. ജോയ് മരിച്ചത് പ്രകൃതിദുരന്തത്തിൽ അല്ല, രോഗം വന്നുമല്ല. ഇവിടുത്തെ ഭരണാധികാരികളുടെ വീഴ്ചകൊണ്ട് മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട്ടിൽ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ്. ഇവിടുത്തെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ നിങ്ങൾ ശ്രമിച്ചില്ല. പകരം പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരുന്നു. പൊതു ജനസേവകരെന്ന് പറയുന്ന നിങ്ങൾക്ക് നാണമില്ലേ? ഈ ജനങ്ങളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ രാഷ്ട്രീയപ്രവർത്തകരായ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? 

      ഇതിനു വരുന്ന ചിലവിനെ കുറിച്ചാണ് എപ്പോഴും എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നത്. ഒരു എംപിക്ക്  തന്റെ പ്രദേശത്തെ വികസനത്തിനായി MPLADS പ്രതിവർഷം ലഭിക്കുന്ന ഫണ്ട് അഞ്ചു കോടി രൂപയാണ്. (Member of Parliament Local Area Development Scheme). കുടിവെള്ളം, വിദ്യാഭ്യാസം,  പൊതുആരോഗ്യം,  ശുചിത്വം എന്നിവയ്ക്കാണ് അത് നൽകുന്നത്. നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നാലാമത്തെ പ്രാവശ്യമാണ് എംപിയായി ഇവിടെ തെരഞ്ഞെടുത്തത്. അതായത് ഒരു വർഷം അഞ്ചു കോടി വെച്ച് അഞ്ചുവർഷത്തേക്ക് 25 കോടി രൂപ. ഇങ്ങനെ നാല് പ്രാവശ്യം. ഒന്നോർത്തു നോക്കൂ. ഈ ഫണ്ട് മാത്രം മതിയായിരുന്നല്ലോ ഈ  ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ.  അതിന് പകരം എംപിമാർ ചെയ്യുന്നത് എന്താണെന്നോ. കുറെ കമ്പികൾ കൊണ്ട് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത ബസ്റ്റാൻഡ് ഉണ്ടാക്കും. എന്നിട്ട് സ്വന്തം പേരും ചിലവാക്കിയെ തുകയും എഴുതി വയ്ക്കും. എഴുതിവെച്ച തുക കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ഇനി ഇത് സ്വർണ്ണം പൂശിയതാണോ എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. 

സത്യത്തിൽ ആ തോട് വൃത്തിയാക്കേണ്ടത്  ജനസേവകർ എന്ന് അഭിമാനിക്കുന്ന  ഇവിടുത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാരെ കൊണ്ടാണ്. പണത്തിന്റെ തിളക്കത്തിൽ മാലിന്യം ഒഴുക്കുന്നവരുടെ നേരെ കണ്ണടയ്ക്കുന്ന നിങ്ങളാണ് ഇതിന് ഉത്തരവാദികൾ. ജോയിയുടെ ആത്മാവ് നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല. 

 ജോയിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് 

 മീര നമ്പൂതിരി 🙏🙏

Saturday, July 13, 2024

ഫേസ്ബുക്ക് ഫ്രണ്ട്സ്.

 ഫേസ്ബുക്ക് ഫ്രണ്ട്സിനെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. പക്ഷേ അതിലേക്ക് എത്തുന്നതിനുമുമ്പ് ഫ്രണ്ട്സ് ആരാണെന്നും അവരുടെ ചിന്താഗതി എങ്ങനെയായിരിക്കണം എന്ന് കൂടി ഒന്ന് പറയട്ടെ. 

    നമ്മുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം നമ്മുടെ ചിന്ത രീതിയാണ്. ഇത് ഞാൻ പറഞ്ഞതല്ല, നമ്മുടെ ഉപനിഷത്തുകൾ പറഞ്ഞു തരുന്നതാണ്. 

 ചിന്തകളെ ശ്രദ്ധിക്കൂ,കാരണം അവയെയാണ് നമ്മുടെ വാക്കുകളായി തീരുന്നത്.

 വാക്കുകളെ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ പ്രവർത്തികളായി മാറുന്നത്.

 പ്രവർത്തികളെ ശ്രദ്ധിക്കൂ,കാരണം അവയാണ് നമ്മുടെ ശീലങ്ങൾ ആയിത്തീരുന്നത്.

 ശീലങ്ങളിൽ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ സ്വഭാവമായി മാറുന്നത്.

 സ്വഭാവത്തെ ശ്രദ്ധിക്കൂ, കാരണം അതാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്.

    ചുരുക്കത്തിൽ ചിന്തകളാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. നമ്മൾ എന്തായി തീരുമോ അത് ആദ്യം രൂപപ്പെടുന്നത് ചിന്തയിലാണ്. പിന്നീടത് വാക്കുകളായും വാക്കുകൾ പ്രവർത്തിയായും പ്രവർത്തി ശീലമായും ശീലം സ്വഭാവമായും മാറുന്നു. ജാതി-മത പകയും, അക്രമവും, പീഡനവും, മോഷണവും, കൊലപാതകവും എല്ലാം ആദ്യം ഒരാളിൽ  രൂപപ്പെടുക  ചിന്തയുടെ രൂപത്തിലാണ്.   ചിന്തിച്ചു ചിന്തിച്ച്  അതു വാക്കുകൾ ആവുന്നു, പിന്നെ പ്രവർത്തിയിലെത്തി ഒടുവിൽ ശീലമായി, സ്വഭാവമായി മാറുന്നു. ഈ സ്വഭാവം തന്നെ അവസാനം അയാളുടെ വിധി കുറിക്കുകയും ചെയ്യും. തുടക്കത്തിൽ തന്നെ ഈ ചിന്തകളെ നിയന്ത്രിക്കാനും തിരുത്താനും സാധിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അധമ പ്രവർത്തികൾ ഒന്നും അയാളിൽ രൂപപ്പെടില്ലായിരുന്നു. ഈ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും എന്ന് ചോദിച്ചാൽ, സത്സംഗത്തിന്   വലിയ അളവിൽ തന്നെ സഹായിക്കാൻ സാധിക്കും എന്ന് പറയാം. നല്ല ചിന്തകൾ ഉണ്ടാകാൻ നല്ലവരുമായുള്ള സഹവാസത്തിലൂടെ സാധിക്കും. നല്ല വ്യക്തികളുമായുള്ള സഹവാസവും നല്ല വാക്കുകളും തുടർച്ചയായി കേൾക്കുന്നത് നമ്മളിലെ നന്മകളെ മെല്ലെ തട്ടി ഉണർത്തും. എന്നാൽ പകയും പകപോക്കലുമായി നടക്കുന്നവരുമായി സഹവസിച്ചാൽ നമ്മുടെ മനസ്സിനെ അതെളുപ്പം സ്വാധീനിക്കും എന്ന് നമുക്കറിയാം. ( നിന്റെ സുഹൃത്ത് ആരാണെന്നു പറയൂ, നിന്നെക്കുറിച്ച് ഞാൻ  പറയാം.. എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ സ്വാധീനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്)       നന്മകൾ ആലോചിച്ചും ചിന്തിച്ചും വളരെ പതുക്കെ മാത്രമേ നമ്മുടെ ഉള്ളിലേക്ക് കടക്കു. പക്ഷേ ഒരിക്കൽ നന്മ നമ്മുടെ ഉള്ളിൽ ഇരുപ്പുറപ്പിച്ചാൽ പിന്നെ അതിൽ മാറ്റം വരുത്താൻ അല്പം പ്രയാസവുമാണ്.  ഈ ചിന്തകളുടെ സ്വാധീനം എത്രയുണ്ട് എന്നറിയാൻ നമ്മളിലേക്ക് തന്നെ ഒന്ന് നോക്കിയാൽ മതി. നമ്മുടെ ഇഷ്ടവും വെറുപ്പും എല്ലാം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമുക്ക് തന്നെ മനസ്സിലാക്കാം. ഇതൊന്നും രൂപപ്പെട്ടത്  ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ  ഒന്നുമല്ല. വളരെക്കാലം ചിന്തിച്ച് നമ്മൾ അങ്ങനെ ആയതാണ്. മറ്റു രാഷ്ട്രീയ പാർട്ടികളോടും അന്യമതക്കാരോടും ഉള്ള ദേഷ്യവും വെറുപ്പും എല്ലാം ഒരാളിൽ ഉണ്ടാകുന്നത് നീണ്ടകാലത്തെ  ചിന്തകളുടെ ഫലമാണ്. ഒരിക്കൽ ഏതെങ്കിലും ഒന്നിനോട് ചേർന്ന് നിന്ന് ചിന്തിക്കാൻ തുടങ്ങിയാൽ, അതിന് അനുകൂലമായ വിധത്തിലുള്ളവയെ മാത്രം നമ്മൾ കണ്ടെത്തുകയും നമ്മുടെ വെറുപ്പ് കൂടുതൽ ശക്തമാകുകയും ചെയ്യും. ഇതോടെ സമാധാനവും നഷ്ടപ്പെടും. 

 ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. കഴിഞ്ഞദിവസം എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോളി അടിമത്ര അവളുടെ ജോൾസ് ടോക്ക് എന്ന യൂട്യൂബ് ചാനലിൽ, പല യൂട്യൂബ് കാണുന്ന ആൾക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളെപ്പറ്റി പറയുകയുണ്ടായി. സ്ത്രീകൾ നടത്തുന്ന പരിപാടി ആണെങ്കിൽ, " അമ്മച്ചി,തള്ള, വലിയമ്മച്ചി തുടങ്ങിയ സംബോധനകളും" ഇങ്ങനെ പറയുന്ന നിങ്ങൾക്ക് വട്ടാണ്" എന്നുമൊക്കെ പറയുന്നതിനെ കുറിച്ച് വിവരിച്ചു. സത്യമാണ്. സ്ത്രീകളെ കുറ്റപ്പെടുത്തുവാൻ മിക്കവർക്കും ഒരു പ്രത്യേക ഉത്സാഹമാണ്. അവർ എന്തെങ്കിലും  പറഞ്ഞാൽ അത് കുറ്റം, എഴുതുന്നതെല്ലാം അബദ്ധങ്ങൾ, ഇതു പറയാൻ മാത്രം അവർക്ക് വിവരമില്ല എന്നൊക്കെയാണ് മിക്കവരുടെയും കമന്റ്. ഇങ്ങനെ സ്ത്രീകളെ അപമാനിക്കാൻ അവർക്ക് ബുദ്ധിമുട്ട് തോന്നാത്തത് അവരുടെ ചിന്തകളുടെ പ്രതിഫലനമാണ്. എന്നും അവരുടെ മനസ്സിൽ ഈ രീതിയിലുള്ള ചിന്തകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വാക്കുകളായും   പ്രവർത്തിയായും ശീലമായും സ്വഭാവമായും മാറിയിരിക്കുന്നു. ഈ രീതി മാറണമെങ്കിൽ അവർ സ്വയം മനസ്സിലാക്കി, അവരുടെ ചിന്താരീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരണം. നമ്മൾ ഇടുന്ന പോസ്റ്റുകൾ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമായെങ്കിൽ നല്ലത്. ഇഷ്ടമായില്ല എങ്കിൽ വേണമെങ്കിൽ അതിന്റെ കാരണം പറയാം. ഇല്ലെങ്കിൽ മിണ്ടാതിരിക്കാം. അതിനുപകരം എഴുതിയവരെ പരസ്യമായി കളിയാക്കുകയും അപഹസിക്കുകയും ചെയ്യുന്നതൊന്നും മഹത്തായ കാര്യമായി ആരും കാണുകയില്ല. മറിച്ച് ഇങ്ങനെയുള്ള കമന്റ് ഇടുന്നവർക്കെതിരെ ആവും മിക്കവരും ചിന്തിക്കുക. സ്വയം ഒന്നും നേടാൻ ആവുന്നില്ലെങ്കിൽ നേടുന്നവരെ അപമാനിച്ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഇത്തരക്കാരോട് "ഹാ!കഷ്ടം" എന്നേ പറയാൻ കഴിയൂ. 

  യൂട്യൂബിൽ മാത്രമല്ല ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയാലും സംഗതിയിൽ വലിയ മാറ്റമൊന്നും   ഒന്നും ഉണ്ടാകുന്നില്ല. ഒരു വ്യക്തിയെ ഫ്രണ്ട് ആയി ക്ലിക്ക് ചെയ്താൽ ഉടൻ ചാറ്റിങ് ആയി ചിലർ ഇറങ്ങും. " ഇപ്പോ എന്ത് ചെയ്യുവാ", " വീട്ടിൽ ആരൊക്കെയുണ്ട് ", " സംസാരിക്കാൻ പറ്റുമോ" എന്ന് വേണ്ട, അറിയേണ്ടാത്തതായി ഒന്നുമില്ല. നമുക്കറിയാവുന്നവരെയും നമുക്ക് അറിയാത്തവരും എന്നാൽ നല്ലവരാണെന്ന് തോന്നുന്നവരേയുമാണ് ഇതിൽ ഫ്രണ്ടായി കൂട്ടുക. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളോട് സംസാരിക്കാനും വിശേഷം പങ്കുവെക്കാനും എന്നെപ്പോലെ വിമുഖതയുള്ളവർ ധാരാളമുണ്ട്.  ഇടുന്ന പോസ്റ്റുകളോ വാർത്തകളോ എഴുതുന്ന ലേഖനങ്ങളോ ഇഷ്ടപ്പെട്ട്, അഭിപ്രായം പറയുന്നത് മനസ്സിലാക്കാം. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. ചാറ്റ് ചെയ്യാൻ പോകുന്ന വ്യക്തിയുടെ പ്രായമോ, ജോലിയോ, കഴിവോ,താൽപര്യമോ ഒന്നും അറിയാതെ ചാറ്റിങ്ങിന്ഇറങ്ങുന്നവർ. കലാകൗമുദിയിൽ ഞാൻ എഴുതുന്ന ലേഖനങ്ങൾ വായിച്ച് ഒരാൾ അഭിപ്രായം പറയാറുണ്ടായിരുന്നു. വെറും സാധാരണക്കാരനായ ഒരു വായനക്കാരൻ. അഭിപ്രായം പറയുകയല്ലാതെ അതിനപ്പുറം ഒരു വാക്കുപോലും അദ്ദേഹം ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല.  അദ്ദേഹത്തിന്റെ നമ്പർ അല്ലാതെ  പേര് പോലും എനിക്കറിയില്ല.  ഞാൻ മൂന്ന് കൊച്ചുമക്കളുടെ മുത്തശ്ശിയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നത് പോലും അടുത്തിടെയാണ്. അതറിഞ്ഞതോടെ കൂടുതൽ ബഹുമാനം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതാണ് സൗഹൃദം. അല്ലാതെ" ഊണ് കഴിച്ചോ ", " എന്തായിരുന്നു കൂട്ടാൻ " " ഇപ്പോ വീട്ടിൽ ആരുണ്ട്" എന്നൊക്കെ ചാറ്റ് ചെയ്യൽ അല്ല. ഫ്രണ്ട്ഷിപ്പ് എന്നത് രണ്ട് പേർ തമ്മിലുള്ള ഒരു അടുപ്പമാണ്, അല്ലാതെ അടിച്ചേൽപ്പിക്കലല്ല. 

 കഴിഞ്ഞതവണ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ സ്കൂളുകളിൽ നടക്കുന്ന ലഹരി വില്പനയെ കുറിച്ച് എഴുതിയിരുന്നു. കുഞ്ഞുങ്ങളുടെ ഭാവിയോർത്തുള്ള വേദനയിലാണ് ഞാനത് എഴുതിയത്. അത് വായിച്ച് ധാരാളം പേർ അഭിനന്ദിച്ചു. എന്നാൽ ഒരാൾ കമന്റ് ഇട്ടത് " നിങ്ങൾ എഴുതിയതുകൊണ്ട് എന്താ ഞങ്ങൾ ലഹരി വില്പന നിർത്തുമോ?   ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. " എന്നായിരുന്നു. സത്യമാണ്. ഞാൻ ഇത് എഴുതിയത് കൊണ്ട്  ആരെങ്കിലും ലഹരി കച്ചവടം നിർത്തി നല്ല വഴിക്ക് തിരിയും എന്നൊന്നും വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല. പക്ഷേ ഇതു പറയാൻ കാണിച്ച ആ അഹങ്കാരത്തിനോട്,  പ്രതികരിക്കാതെ, നിശബ്ദമായിരിക്കുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറഞ്ഞു. നിശബ്ദമായി ഞാൻ അയാളുടെ പേര് ഡിലീറ്റ് ചെയ്തു. ഇത്തരം വ്യക്തികൾ സൗഹൃദത്തിന് തന്നെ അപമാനമാണ്... ഭാരമാണ്. 

   അതുകൊണ്ടുതന്നെ പലരും ഏറെ ശ്രദ്ധയോടെയാണ് ഫേസ്ബുക്ക് ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുന്നത്. 

 ദയവായി ഒരു പരിധിയിൽ കൂടുതൽ സ്വാതന്ത്ര്യം അന്യ വ്യക്തിയോട് കാട്ടരുത്. അവരുടെ അനുവാദത്തോടെ നിങ്ങളുടെ സൗഹൃദം മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ.

 വീണ്ടും മറ്റൊരു വിഷയവുമായി കാണാം.

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി



Thursday, July 4, 2024

ഗുരുത്വമില്ലാത്തവർ

   സാധാരണ ആഴ്ചയിൽ ഒരിക്കലാണ് ഞാൻ ബ്ലോഗ് എഴുതാറ്. പക്ഷേ അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. 2024 ജൂലൈ രണ്ടിന് കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിലെ വിദ്യാർഥികളും പ്രവർത്തകരും ചേർന്ന് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ ഭാസ്കറിനെ ആക്രമിച്ച വാർത്ത കണ്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയ വാക്കാണ് "ഗുരുത്വമില്ലാത്തവർ".  തങ്ങളുടെ അധ്യാപകനെ അടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥിയെ മറ്റെന്താണ് വിളിക്കുക. നമ്മുടെ ഭാരതീയ സംസ്കാരം എത്രമാത്രം അധപതിച്ചു എന്ന് വീണ്ടും അടിവരയിടുകയാണ് ഈ സംഭവത്തിലൂടെ. 

 ഒരു വ്യക്തിക്ക് ആദ്യം വേണ്ടത് ഗുരുത്വമാണ്. അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. " മാതാപിതാ ഗുരു ദൈവം " ഇവരെ ആരാധിക്കാനാണ് നമ്മുടെ പൈതൃകം നമ്മളെ പഠിപ്പിക്കുന്നത്. ആരാധിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ? ഒരു പ്രായത്തിൽ ഈ വാക്കുകളുടെ മഹത്വമൊന്നും അവർക്ക് മനസ്സിലാവില്ല. മറ്റുപല "പ്രസ്ഥാന"ങ്ങളുമാണ് അവരുടെ തലയിലും മനസ്സിലും. അതിനുവേണ്ടി പോരാടുക, ആരുടെയും - അത് അച്ഛനായാലും അമ്മയായാലും ഗുരുവായാലും- തല തല്ലി പൊളിക്കാനോ കാരണത്തടിക്കാനോ അവർക്ക് മടിയില്ല. പക്ഷേ ഇവരിൽ ഒഴുകുന്ന ചോരയുടെ ചൂട് കുറയുന്ന ഒരു നാൾ വരും. എന്നും ആരും യുവാക്കൾ ആയിരിക്കില്ലല്ലോ. അന്ന് പശ്ചാത്തപിക്കും, പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ലെങ്കിലും. 

   ഗുരുത്വമില്ലായ്മ എന്താണെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ വീട്ടിലെ മുതിർന്നവർക്ക് ഇത് മനസ്സിലാക്കി കൊടുക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വഭാവരൂപീകരണം നടക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. എന്ത് കണ്ടാലും കേട്ടാലും ആ പ്രായത്തിൽ അവരുടെ കുഞ്ഞുമനസ്സ് അത് ഒപ്പിയെടുക്കും. പിന്നീട് അതനുസരിച്ച് ആയിരിക്കും അവരുടെ ജീവിതശൈലി തന്നെ രൂപീകരിക്കപ്പെടുന്നത്. അപ്പോൾ ഇത്തരം കുട്ടികളുടെ ഈ സ്വഭാവ വൈകൃതം കുട്ടിക്കാലത്ത് തന്നെ രൂപീകരിക്കപ്പെട്ടതാവും. അവരുടെ മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വല്ലാതെ ലജ്ജ തോന്നുന്നു. മറ്റുള്ളവരെ- പ്രത്യേകിച്ചും ഗുരുതുല്യരെ -ആക്രമിക്കാനാണോ ഇവർ പഠിപ്പിച്ചു കൊടുത്തത്. ഇതാണോ വിദ്യാഭ്യാസം കൊണ്ട് അവർ ഉദ്ദേശിച്ചത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. വീട്ടിൽ അടിച്ചില്ലെങ്കിൽ നാട്ടിൽ അടി കിട്ടും എന്നും ഒരു പഴമൊഴി ഉണ്ട്. 

  ഗുരുത്വത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ഒരു പഴയ കഥയാണ് ഓർക്കുന്നത്.  പലർക്കും അറിയാവുന്ന ഒരു കഥയായിരിക്കും  പുരാണത്തിലെ സുകുമാരൻ എന്ന വിദ്യാർത്ഥിയുടെ കഥ. മിടുമിടുക്കൻ ആയിരുന്ന സുകുമാരനെ ഗുരു എന്നും ശിക്ഷിക്കുമായിരുന്നു. മറ്റു വിദ്യാർത്ഥികൾക്ക് സുകുമാരന്റെ പകുതിപോലും കഴിവില്ലായിരുന്നു എങ്കിലും അവർക്ക്    ഗുരുശിക്ഷ ലഭിച്ചിരുന്നില്ല. ഇത് കണ്ട് സുകുമാരന് വല്ലാത്ത  ദുഃഖവും ദേഷ്യവും തോന്നി. ഗുരുവിനെ അപായപ്പെടുത്താനായി അദ്ദേഹത്തിന്റെ കിടക്ക മുറിയുടെ മുകളിൽ ഒരു വലിയകല്ലുമായി ഒളിച്ചിരുന്നു. അപ്പോഴാണ് ഗുരുപത്നി " അങ്ങ് എന്താണ് സുകുമാരനെ ഇത്രമാത്രം ശിക്ഷിക്കുന്നത് "എന്ന് ചോദിച്ചത്. അപ്പോൾ ഗുരു, തനിക്ക് ഏറ്റവും ഇഷ്ടം സുകുമാരനെ ആണെന്നും അവനിലെ അഹന്തയും അഹങ്കാരവും പൂർണ്ണമായി നശിപ്പിച്ച് നല്ലൊരു വ്യക്തിയാക്കി തീർക്കാനാണ് അവനെ കഠിനമായി ശിക്ഷിക്കുന്നതെന്നും, ഓരോ ശിക്ഷ അവന് നൽകുമ്പോഴും താൻ വല്ലാതെ വേദനിക്കാറുണ്ട് എന്നും ഗുരു പറഞ്ഞു. ഇത് കേട്ട സുകുമാരൻ പശ്ചാത്താപത്താൽ നീറി. അവിടെനിന്നും ആരും അറിയാതെ പുറത്തിറങ്ങിയ സുകുമാരൻ പിറ്റേദിവസം ഗുരുവിനെ കണ്ടു " ഗുരുഹത്യ ചെയ്യുവാൻ  മനസ്സിൽ വിചാരിച്ചവരുടെ ശിക്ഷ എന്താണെന്ന് ഗുരുവിനോട് ചോദിച്ചു. " ഉമിത്തീയിൽ നീറി മരിക്കണം " എന്നാണ് ഗുരു പറഞ്ഞത്. ഉടൻ തന്നെ ഉമി കൂട്ടി തീയിട്ട് സുകുമാരൻ അതിലിരുന്നു. ആരും അറിഞ്ഞില്ല എങ്കിലും സ്വന്തം മനസ്സാക്ഷിയെ ഒളിക്കാൻ സുകുമാരൻ തയ്യാറായില്ല. സ്വയം ശിക്ഷ സ്വീകരിക്കുകയായിരുന്നു. ഈ പാഠങ്ങൾ പഠിച്ച നമ്മുടെ മുമ്പിലാണ് അധ്യാപകരെ കൈയേറ്റം ചെയ്യുന്ന വിദ്യാർഥികൾ ഒരു കൂസലും ഇല്ലാതെ വിലസുന്നത്. 

       

  25 വർഷത്തെ അധ്യാപന പരിചയം ഉള്ള ഡോക്ടർ സുനിൽ ഭാസ്കറിനെതിരെ ഇവർ അക്രോശിക്കുന്നത്  ടീവിയിൽ കണ്ടു. അദ്ദേഹത്തെ രണ്ടു കാലിൽ കോളേജിൽ കയറ്റില്ല,പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടും,ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം,തങ്ങൾ പറയുന്നത് ചെയ്യാനുള്ള കഴിവുണ്ടെന്നും ഇവർ അലറി വിളിക്കുന്നത് കേട്ടു. അധ്യാപകർ എന്താണെന്ന് മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിപ്പുള്ള മുൻ തലമുറയോടൊന്നു ചോദിച്ചാൽ മതി. കുട്ടികൾ തെറ്റ് ചെയ്താൽ അന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. ഒരു രക്ഷകർത്താക്കളും അത് ചോദ്യം ചെയ്തിരുന്നുമില്ല. എന്തിന്, കുറ്റങ്ങൾക്ക് ശിക്ഷിക്കുന്ന അധ്യാപകരോട് മാതാപിതാക്കൾക്ക് ഒരു പ്രത്യേക ഭയഭക്തിയും ഉണ്ടായിരുന്നു. ഇനി കുട്ടികൾ അധ്യാപകൻ അടിച്ചതായി വീട്ടിൽ പരാതി പറഞ്ഞാൽ അവിടെ നിന്നും കൂടി അടി കിട്ടുമെന്ന് ഉറപ്പ്. ഇന്ന് അധ്യാപകർക്ക് കുട്ടികളെ ഭയമാണ്. അധ്യാപകർ മാത്രമല്ല അച്ഛനും അമ്മയും മക്കളെ ഭയന്നാണ് ജീവിക്കുന്നത്. 

     ഡോക്ടർ സുനിൽ ഭാസ്കർ നെതിരെയുള്ള ആക്രമണം ആദ്യത്തേതൊന്നുമല്ല എന്ന് നമുക്കറിയാം. 2016 മാർച്ച് 31ന് റിട്ടയർ ചെയ്ത വിക്ടോറിയ കോളേജ്പ്രിൻസിപ്പൽ ഡോക്ടർ  T. സരസുവിന് റിട്ടയർമെന്റ് ഗിഫ്റ്റ് ആയി ഒരു ശവപ്പെട്ടി( സിംബോളിക് ) സമ്മാനമായി നൽകിയത് ഇതേ വിദ്യാർത്ഥി പ്രസ്ഥാനത്തിലുള്ളവരായിരുന്നു. അന്ന് അതിനെ വിദ്യാർത്ഥികളുടെ കലാപാടവമായാണ്  M A ബേബി വിലയിരുത്തിയത്. 2016 ൽ തന്നെ വിദേശകാര്യ നയതന്ത്രജ്ഞനും അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ആയ ഡോക്ടർ ടി പി ശ്രീനിവാസനെ ആക്രമിച്ചതും, ചാൻസലറായ ആരിഫ് മുഹമ്മദ് ഖാനുമായി തെരുവിൽ ഏറ്റുമുട്ടിയതും, 2017ൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ എൽ ബീനയുടെ കസേര തീഇട്ടതും ( ഭാഗ്യം, അവരെ ശാരീരികമായി ആക്രമിച്ചില്ല) ഒന്നും മറക്കാനുള്ള സമയമായിട്ടില്ല. വിദ്യാർത്ഥികളെ ഈ നിലയിലേക്ക് കൊണ്ട് എത്തിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർ തന്നെയാണ്. 

     ഇനിയെങ്കിലും കുട്ടികളെ ഗുരുത്വം എന്താണെന്ന് ദയവായി  മനസ്സിലാക്കി കൊടുക്കണം. മാതാപിതാ ഗുരു ദൈവം ഇതിന്റെ പ്രാധാന്യം ജീവിതത്തിൽ എത്രമാത്രം ഉണ്ടെന്ന് കുഞ്ഞായിരിക്കുമ്പോൾ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. വീടുകളിലും വിദ്യാലയങ്ങളിലും ഇതിനു പ്രാധാന്യം നൽകിയാലേ വരുന്ന തലമുറയിലൂടെ എന്തെങ്കിലും നന്മയുണ്ടാകു. സന്മാർഗത്തിന് പ്രാധാന്യം നൽകുന്ന കഥകൾ കുഞ്ഞായിയിരിക്കുമ്പോൾ മുതൽ അവർക്ക് പറഞ്ഞു കൊടുക്കണം. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പഠിപ്പിക്കണം. ഗുരുത്വം ഉള്ളവരാക്കി അവരെ വളർത്തണം. വളർന്നുവരുന്ന അവർ ആക്രമണകാരികളും കള്ളന്മാരും  കള്ളക്കടത്തുകാരും  കൊലപാതകികളുമായല്ല , സദാചാരികളും സന്മാർഗികളും പരസ്പരം ബഹുമാനവും സ്നേഹവും ഉള്ള വ്യക്തികളായി വേണം ഇവിടെ ജീവിക്കാൻ.      നമുക്കും നാടിനും നാളെ തണലാകേണ്ടവരാണിവർ.  ഇവരെ കയ്യൊഴിയരുത്. 

 ഈ സംഭവങ്ങൾ മനസ്സിലുണ്ടാക്കുന്ന വിങ്ങൽ എത്രയാണെന്ന് മനുഷ്യസ്നേഹികളായ നമുക്ക് ഓരോരുത്തർക്കും മനസ്സിലാകും. കൊയിലാണ്ടി കോളേജിൽ നടന്നത്  ഇത്തരത്തിലുള്ള അവസാനത്തെ സംഭവം ആകട്ടെ എന്ന് ആഗ്രഹിക്കാം പ്രാർത്ഥിക്കാം. 

 വരും തലമുറയുടെ നന്മയ്ക്കായി  പ്രാർത്ഥിച്ചുകൊണ്ട്,


 മീരാ നമ്പൂതിരി


  

Tuesday, July 2, 2024

ഭാരതീയ ന്യായ സംഹിത- പുതിയ ക്രിമിനൽ നിയമം

  2024 ജൂലൈ ഒന്നു മുതൽ പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കിയിരിക്കുയാണല്ലോ. 164 കൊല്ലം പഴക്കമുള്ളതും 1860 മുതൽ നടപ്പാക്കി വന്നതുമായ ബ്രിട്ടീഷ് നിയമവ്യവസ്ഥയാണ് മാറ്റങ്ങൾ ചേർത്ത് പുതുക്കി "ഭാരതീയ ന്യായ സംഹിത "(BNS) എന്ന പേരിൽ നടപ്പാക്കുന്നത്. ( CrPC ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS; ഇന്ത്യൻ എവിഡൻസ് ആക്ട് ന്പകരം ഭാരതീയ സാക്ഷ്യ അധിനിയം -BSA)

           കുറ്റവാളികളെക്കാൾ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുതിയ നിയമ വ്യവസ്ഥ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഊന്നൽ നൽകുന്നതിനും ജനജീവിതം കൂടുതൽ സമാധാനപരമായിരിക്കുന്നതിനും ഇത് സഹായക്മാകും എന്നതിൽ സംശയമില്ല. ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ സമൂഹവും അന്വേഷണോദ്യോഗസ്ഥരടങ്ങുന്ന     പോലീസും കോടതിയും എല്ലാം കൂടുതൽ ജാഗരൂകരാകും. അത് സമൂഹത്തിലെ അനീതിയെയും ആക്രമണ സ്വഭാവത്തെയും വലിയൊരു പരിധിവരെ നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും എന്നതിൽ തർക്കമില്ല. ഇത്തരം കുറ്റങ്ങളുടെ ശിക്ഷ  കഠിനമാണെന്ന്  വന്നാൽ ഭയം കൂടുകയും കുറ്റം ചെയ്യാനുള്ള വാസനയിൽ കുറവും ഉണ്ടാവുകയും ചെയ്യും.

    പുതിയ ഭാരതീയ ന്യായ സംഹിതയിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിൽ ഉണ്ടാകുന്ന മരണത്തിന് ഏഴു കൊല്ലം വരെ തടവ് , കുറ്റം എവിടെ നടന്നാലും എഫ്ഐആർ രാജ്യത്ത് എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ഡിജിറ്റൽ തെളിവുകൾക്കുള്ള പ്രാധാന്യം( മുമ്പ് ഡിജിറ്റൽ തെളിവുകൾ തേടുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ചിരുന്നു എങ്കിൽ ഇനി അങ്ങനെയല്ല )എന്നിവ കാണാം. വിശ്വാസം,വർഗ്ഗം,ജാതി, ഭാഷാ, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും വധശിക്ഷയോ ജീവപര്യന്തംശിക്ഷയോ ലഭിക്കാവുന്നതാണ്. ഈ നിയമത്തിലൂടെ തന്റെ വിശ്വാസത്തിനെതിരായവരെ ആക്രമിക്കാനുള്ള ശ്രമം സമൂഹത്തിൽ നിന്നും തുടച്ചുനീക്കപ്പെടും. 

 മറ്റൊന്ന്  രാജ്യത്തിന്റെ ഐക്യത്തെ മുൻനിർത്തിയുള്ളതാണ് . ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്നതും പൊതു സേവകരെ വധിക്കുന്നതോ അതിനു ശ്രമിക്കുന്നതോ ആയ പ്രവർത്തികൾ, പൊതുസ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുക, കള്ളനോട്ട് നിർമ്മാണം, കള്ളക്കടത്ത് എന്നിവയെല്ലാം ഭീകര പ്രവർത്തനങ്ങളുടെ പരിധിയിൽ വരികയും അവർക്ക് വധശിക്ഷയോ പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷയോ ലഭിക്കുകയും ചെയ്യും. എഴുത്തിലൂടെയും, സംസാരത്തിലൂടെയും, ഇലക്ട്രോണിക് മാധ്യമത്തിലൂടെയും, മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിലുള്ള രാജ്യദ്രോഹ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നു എങ്കിലും ഇന്ത്യയിൽ ഇതൊരു പക്ഷേ ആദ്യമാകാം. 

    പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റങ്ങളിൽ ഇരകളാകുന്ന പ്രായപൂർത്തിയാകാത്ത  പെൺകുട്ടികളുടെ പ്രായം 16 വയസ്സിൽ നിന്നും 18 ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് ഇനിമുതൽ പീഡിപ്പിക്കപ്പെടുന്ന 18 വയസ്സു വരെയുള്ള  പെൺകുട്ടികളെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായാണ് പരിഗണിക്കുക. ഇവരിൽ ലൈംഗികബന്ധവും നിയമപരമായി നിരോധിച്ചിട്ടുണ്ട്. കുട്ടികളെ കൂടാതെ വിവാഹ വാഗ്ദാനം പോലെയുള്ളവയിലൂടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കർശന ശിക്ഷയ്ക്ക് മതിയായ കുറ്റമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനും സംരക്ഷണം നൽകുന്നതിനുമായി "സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ "എന്ന പുതിയ അധ്യായം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്നവർക്ക് സാമൂഹ്യ സേവനം നിർബന്ധിതമാക്കാനും തീരുമാനമുണ്ട്.

     സ്ത്രീ സംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നൽകിയിരിക്കുന്നത് അഭിനന്ദനാർഹമാണെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പഴുതുകൾ ഇല്ലാതെ കർശന നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകണം. പലപ്പോഴും തന്നെ മർദ്ദിച്ചു എന്നും സ്ത്രീധനം ചോദിക്കുന്നു എന്നും മറ്റുമുള്ള തെറ്റായ ആരോപണങ്ങൾ സ്ത്രീകൾ ഉയർത്തുന്നതായി നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ഒടുവിൽ ആ ആരോപണം ശരിയല്ല എന്ന് തെളിഞ്ഞാൽ ഭർത്താവിനെ അല്ലെങ്കിൽ ഭതൃകുടുംബങ്ങളെ വെറുതെ വിടുന്നു. പക്ഷേ ഈ മാനനഷ്ടത്തിനും അപമാനത്തിനും കാരണക്കാരിയായ സ്ത്രീക്കെതിരെ തൽസമയം കേസെടുക്കാനോ, ശിക്ഷിക്കാനോ നിയമം അനുശാസിക്കുന്നില്ല. അടുത്തു നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. ഭർത്താവ് സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞ് നവവധുവും മാതാപിതാക്കളും കേസ് കൊടുത്തു. അയാൾ വിദേശത്തേക്ക് (?)ഒളിവിൽ പോയി. പിന്നീട് കണ്ടത് ഈ പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി "തന്റെ ഭർത്താവ് നിരപരാധിയാണെന്നും സ്വന്തം വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് പരാതി നൽകിയതാണെന്നും "   മാധ്യമങ്ങളിലൂടെ വാർത്ത നൽകുന്നതാണ്. തങ്ങളുടെ മകളെ അവളുടെ ഭർത്താവ് ഭീഷണിപ്പെടുത്തി ഇങ്ങനെ പറയിപ്പിച്ചതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് നമുക്ക് അറിയില്ല. അന്വേഷണം പൂർത്തിയായാൽ മാത്രമേ നമുക്ക് അതിനു സാധിക്കൂ. പെൺകുട്ടി ഭർത്താവിനെതിരെ പറഞ്ഞത് കള്ളമാണെങ്കിൽ അയാൾക്കും വീട്ടുകാർക്കും ഉണ്ടായ അപമാനത്തിന് ആര് ഉത്തരം പറയും? അങ്ങനെ "സാരമില്ല" എന്ന് വയ്ക്കാവുന്ന ഒരു കുറ്റമാണോ അത്? പെൺകുട്ടിയുടെ ആദ്യ മൊഴി തെറ്റാണെങ്കിൽ, പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും എതിരെ ക്രിമിനൽ കുറ്റം തന്നെ ചുമത്തി കേസെടുക്കേണ്ടതാണ്. ഇനി അതല്ല,ആ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും നൽകിയ ആദ്യ പരാതിയാണ് സത്യമെങ്കിൽ, ആ ഭർത്താവിനെയും കുടുംബാംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അതി കർശനമായി ശിക്ഷിക്കണം. 

   പലപ്പോഴും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സത്യവിരുദ്ധമായിരിക്കും. ഇവിടെ അവൾ പരാതി നൽകിയപ്പോൾ തന്നെ -വിചാരണയും തെളിവെടുപ്പും ഇല്ലാതെ തന്നെ -ഭർത്താവിനെ കുറ്റക്കാരൻ എന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഒരു പരാതി ഉണ്ടായാൽ അത് ഒരു വാർത്തയായി കൊടുക്കുകയല്ലാതെ കുറ്റക്കാരൻ എന്ന മട്ടിൽ പ്രതിയെന്ന്, വാദികൾ പറയുന്നവരെ ചിത്രീകരിക്കുന്നത് മാധ്യമങ്ങൾക്ക് ചേർന്നതല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് മാധ്യമ ധർമ്മം. അതിനപ്പുറം യാതൊരു തെളിവുമില്ലാത്ത ഒരാളെ കുറ്റവാളി എന്ന നിലയിൽ വാദികൾ പറയുന്നതുകൊണ്ടു മാത്രം ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യകരമല്ല. 

  ഇതിനുദാഹരണമായി മറ്റൊരു വാർത്ത കൂടി പറയാം. കഴിഞ്ഞദിവസം ഒരു കൊച്ചു കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ച വാർത്ത കണ്ടു. തന്റെ  ഭാര്യയുടെ രണ്ടാം അച്ഛനാണ് ഇത് ചെയ്തതെന്ന് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഉടനെ വന്നു" കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചത് ഭാര്യയുടെ രണ്ടാനച്ഛൻ". പോലീസ് അന്വേഷിച്ചപ്പോൾ ആ കുഞ്ഞിന്റെ മുത്തശ്ശൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. മുത്തശ്ശിയുടെ കയ്യിൽ നിന്നും തട്ടിയപ്പോൾ ചായ വീണതാണ്. വ്യക്തിപരമായ വിദ്വേഷം ആവണം ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് കാരണം എന്ന് തോന്നുന്നു. ആ മനുഷ്യനുണ്ടായ അപമാനത്തിന് മാധ്യമങ്ങൾ എന്ത് പ്രതിവിധി ചെയ്യും? കഷ്ടമാണിത്. ഇത്തരം തെറ്റായ ആരോപണങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകേണ്ടതാണ് - അത് വ്യക്തികൾക്കെതിരെ ആയാലും മാധ്യമങ്ങൾക്കെതിരെ ആയാലും. നമുക്ക് സത്യസന്ധമായി വിവരങ്ങൾ നൽകുവാനാണ് മാധ്യമങ്ങൾ. പക്ഷേ അതിന്റെ പേരിൽ എന്തും ആരെയും പറയാം എന്നതിനോട് എനിക്ക് യോജിക്കാൻ വയ്യ- ഒരു മാധ്യമപ്രവർത്തക നിലയിൽ ഒട്ടും വയ്യ. 

     സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന പ്രത്യേക പരിഗണന അവർ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും തനിക്ക് വിരോധം ഉള്ളവരെ പ്രതിക്കൂട്ടിലാക്കാൻ ഈ നിയമം അവർ ദുരുപയോഗം ചെയ്യുന്നു. അങ്ങനെ ദുരുപയോഗം ചെയ്താൽ അവർക്കെതിരെ അതികഠിനമായ നടപടികൾ സ്വീകരിക്കുകയും വേണം. ഉമ്മൻചാണ്ടി,അബ്ദുള്ളക്കുട്ടി തുടങ്ങിയ വളരെയേറെ പേർ  ഇത്തരം ആരോപണങ്ങളിൽ കുടുങ്ങിയത് നമുക്കറിയാം. തീർത്തും തെറ്റായ ഇത്തരം പരാതിയിൽ അന്ന് അപമാനിതരായ അവർ പിന്നീട് കുറ്റവിമുക്തരായെങ്കിലും വ്യാജ പരാതി ഉന്നയിച്ചവർക്ക് ശിക്ഷയുമില്ല, അവർ മാപ്പ് പറഞ്ഞുമില്ല. അതിനാൽ സാമൂഹ്യ നന്മയ്ക്കായി, ജനക്ഷേമത്തിനായി ഇനിയെങ്കിലും ഈ പുതിയ വ്യവസ്ഥയിൽ ഇതും കൂടി ഉൾപ്പെടുത്തേണ്ടതാണ്. 

 അപ്പോൾ വീണ്ടും കാണാം

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.  


Monday, June 17, 2024

സ്നേഹം

 എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് സ്നേഹം. അത് തിരിച്ചറിയാത്ത താണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണവും. " അവന്/ അവൾക്ക് ഒട്ടും സ്നേഹമില്ല, കുട്ടികൾക്ക് അച്ഛനമ്മമാരോട് സ്നേഹമില്ല, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കുറഞ്ഞു, അയൽക്കാർ തമ്മിൽ ഇപ്പോൾ സ്നേഹത്തിലല്ല"  എന്നിങ്ങനെ സ്നേഹത്തിന്റെ കുറവിനെ പറ്റിയുള്ള പരാതികൾ നീണ്ടുപോകും. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഈ സ്നേഹത്തിന്റെ അനുപാതം അളക്കുന്നത് ദാമ്പത്യത്തിൽ ആയിരിക്കും.  

സ്നേഹത്തെക്കുറിച്ച് അടുത്തിടെ കണ്ട ഒരു വീഡിയോയാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. 

           നമ്മൾ പരാതി പറയുന്ന സ്നേഹക്കുറവ് എന്നത് എപ്പോഴും നമ്മളോടുള്ള സ്നേഹത്തിന്റെ അളവായിരിക്കും. കിട്ടുന്ന കാര്യത്തിൽ മാത്രമേ ഇത് പറയാറുള്ളൂ. അപ്പോൾ കരുതും നമ്മൾ സ്നേഹം കൊടുക്കുന്നതിൽ വലിയ ധാരാളികളാണെന്ന്. 😊അല്ലേയല്ല.  ഏറ്റവും പിശുക്ക് സ്നേഹം കൊടുക്കുന്ന കാര്യത്തിലാണ്🤭. എന്നാൽ കിട്ടാത്തതിന്റെ പേരിൽ പരാതി പറയുന്നതിൽ ഒരു പിശുക്കും ഇല്ല കേട്ടോ 😂 നമ്മുടെ ഉറച്ച വിശ്വാസം സ്നേഹം കൊടുക്കാനുള്ളതല്ല, കിട്ടാൻ മാത്രമുള്ള ഒന്നാണെന്നാണ്. 😄അത് ഭാര്യ ഭർത്താക്കന്മാർ ആയിക്കോട്ടെ, അച്ഛനും അമ്മയുമായിക്കോട്ടെ, മക്കളായിക്കോട്ടെ, സുഹൃത്തുക്കൾ ആയിക്കോട്ടെ. ഈ വിശ്വാസത്തിന് മാറ്റവുമില്ല. സ്നേഹം ഇങ്ങോട്ട് കുടഞ്ഞിട്ടോളൂ  എന്ന മട്ടിൽ പൊള്ളയായ ഒരു മനസ്സുമായി ഇരിക്കുകയാണ് നമ്മൾ. "ഞാൻ ഭാര്യയല്ലേ /ഭർത്താവല്ലേ/ അച്ഛനമ്മമാർ അല്ലേ /മക്കളല്ലേ /സുഹൃത്തല്ലേ/ എന്നെ അങ്ങോട്ട് സ്നേഹിച്ചാൽ എന്താണ് കുഴപ്പം "എന്നാണ് ഭാവം 😠

 കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയും പോലെ കൊടുത്താൽ ഇത് ഇരട്ടിയായി  തിരിച്ചു കിട്ടും എന്നതാണ് വാസ്തവം. ഇതിൽ പറ്റിക്കുന്നവരും ഉണ്ടാവും. ഭംഗിയായി നമ്മളെ തേച്ചിട്ട് പോകുന്നവരെ മറക്കുന്നില്ല കേട്ടോ.😞 അതിന് കാരണം പാത്രം അറിയാതെ ദാനം ചെയ്യുന്നതാണ്. അതുകൊണ്ട് സ്നേഹിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

 പക്ഷേ സ്നേഹം എന്ന പേരിൽ നമ്മൾ പലപ്പോഴും കാട്ടിക്കൂട്ടുന്നത് സ്വാർത്ഥതയാണ്. എന്നോട് മാത്രമേ സംസാരിക്കാവൂ, എന്റെ ഇഷ്ടത്തിന് നടക്കണം,ഞാൻ പറയുന്നത് കേൾക്കണം, എന്റെ ആഗ്രഹത്തിന് എതിരെ ഒന്നും ചെയ്യാൻ പാടില്ല - മക്കളായാലും അച്ഛനമ്മമാരായാലും ഭാര്യ ഭർത്താക്കന്മാരായാലും ഇത് ബാധകമാണ്. ഫോൺ വിളിച്ചാൽ ഉടനെടുക്കണം, ആവശ്യം ഉടൻ സാധിക്കണം,എല്ലാ വിവരങ്ങളും സത്യസന്ധമായി എന്നോട് പറയണം, എന്റെ തിരക്കും ബുദ്ധിമുട്ടും വിഷമവും അറിഞ്ഞിരിക്കണം. ( പക്ഷേ ഇതൊന്നും എനിക്ക് ബാധകമല്ല. ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് കരുതാനും പാടില്ല. എല്ലാ വിവരങ്ങളും സത്യസന്ധമായി പറയില്ല, കാരണം അവൻ/ അവൾ പിന്നീട് ഒരു പാരയായാലോ?😠 )ഇനി പറഞ്ഞത് കേട്ടില്ല എങ്കിൽ പിന്നെ പരാതിയായി. " എന്നോട് ഇപ്പോൾ പഴയപോലെ സ്നേഹമില്ല " 😉എങ്ങനെയുണ്ട് നമ്മൾ? 

   പറഞ്ഞു വന്നപ്പോൾ എനിക്ക് എന്റെ മുത്തശ്ശനെയാണ് ഓർമ്മവന്നത്. എന്റെ അമ്മയുടെ വീട് തൃശൂരാണ്. അമ്മയുടെ അച്ഛൻ( മുത്തശ്ശൻ വർഷങ്ങൾക്കു മുമ്പേ മരിച്ചു അതുകൊണ്ട് ധൈര്യമായി എഴുതാം ) പറയുമായിരുന്നുവത്രേ തെക്കോട്ട് ഉള്ളവരെല്ലാം കൈക്കോട്ട് പോലെയാണെന്ന്( കൈക്കോട്ട് നെ തൂമ്പ എന്നാണ് തെക്കോട്ട് പറയുക). എല്ലാം ഇങ്ങോട്ട് പോരട്ടെ എന്നാണത്രെ അവരുടെ മനോഭാവം. - (ഇതിനോട് ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു. കാരണം ഞാനും ഒരു തെക്കത്തിയാണ് 😂). അതുപോലെയാണ് സ്നേഹത്തിന്റെ കാര്യവും. നമുക്ക് ഇങ്ങോട്ട് കിട്ടണമെന്നും എത്ര കിട്ടിയാലും അധികമാവില്ല എന്നുമാണ് നമ്മുടെ തീരുമാനം. പക്ഷേ കൊടുക്കാൻ പറയുമ്പോൾ അമ്പലത്തിൽ നിന്നും ചന്ദനം പ്രസാദമായി തരുമ്പോലെ ഒരല്പം, ഒരു നുള്ള്,  അത്രെ ഉള്ളൂ. 🤭

  സത്യത്തിൽ ഇനിയെങ്കിലും നമ്മൾ സ്നേഹിക്കുവാൻ പഠിക്കണം. ഒരു നല്ല സന്താനമാകാൻ അച്ഛനമ്മമാരെ അതിനില്ലാതെ സ്നേഹിക്കണം, നല്ല സഹോദരങ്ങൾ ആവാനുംനല്ല സുഹൃത്ത് ആവാനും സ്നേഹിച്ചേ പറ്റൂ. ദാമ്പത്യത്തിൽ പിന്നെ പറയേണ്ടതില്ലല്ലോ. അവിടെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലേണ്ടി വരും 🤭. പക്ഷേ ആരും പറയാതെ, അറിയാതെ നമ്മൾ സ്നേഹിക്കുന്നത് മക്കളെയാവും അല്ലേ. അവരെന്തു പറഞ്ഞാലും, എതിർത്താലും പിന്നെയും നമ്മൾ സ്നേഹം കൊണ്ട് മൂടും. ( നമ്മൾ ജന്മം കൊടുത്തവരോട് ഈ തോന്നൽ ഉണ്ടെങ്കിലും ജന്മം തന്നവരോട് ഇങ്ങനെയല്ല എന്ന സത്യം നമുക്കെല്ലാം അറിയാം😞) മക്കളെ ഇത്രമാത്രം സ്നേഹിക്കുമ്പോഴും  അവരുടെ തെറ്റുകൾ കാണുമ്പോൾ ശിക്ഷിക്കാനും ശാസിക്കാനും നമ്മൾ പലപ്പോഴും മടിക്കാറില്ല. പക്ഷേ അതിനുശേഷം അവരെ നമ്മൾ ഓമനിക്കും, ശിക്ഷിച്ചത് ഓർത്ത് വിഷമിക്കും.  മക്കളോട്   മാത്രമല്ല, പല  ബന്ധങ്ങളിലും നമുക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും.  അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ഒക്കെ അങ്ങനെ പറയരുതായിരുന്നു അല്ലെങ്കിൽ ചെയ്യരുതായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടാവാം. പക്ഷേ പിന്നെ തോന്നിയിട്ട് കാര്യമില്ല.

 "ഒരു കോപം കൊണ്ട് അങ്ങോട്ട് ചാടിയാൽ 

ഇരുകോപം കൊണ്ടിങ്ങോട്ട് പോരാമോ" എന്ന് രാമായണത്തിൽ പറയുന്നത് വെറുതെയല്ല. 

  സ്നേഹത്തിന്റെ കാര്യത്തിൽ നമ്മൾ സ്വാർത്ഥരാണെന്ന് മുമ്പ് പറഞ്ഞത് സത്യമാണ്. നമ്മൾ പറയുന്നത നുസരിക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം എന്നാണ് നമ്മളുടെ വിശ്വാസം. ' എന്നോട് സ്നേഹമുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കും ഇല്ലെങ്കിൽ സ്നേഹമില്ല ' ഇത് സ്വാർത്ഥത അല്ലാതെ മറ്റെന്താണ്? യഥാർത്ഥത്തിൽ സ്നേഹം വിട്ടുകൊടുക്കലാണ്. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സന്തോഷപൂർവ്വം അവരെ അനുവദിക്കലാണ്. സന്തോഷപൂർവ്വം എന്നതിന് അടിവരയിടുന്നു. ചില കാര്യങ്ങൾ ദുർമുഖത്തോടെ, മറ്റു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് അനുവദിക്കുന്നത് സ്നേഹത്തിന്റെ ലക്ഷണമല്ല. ചെയ്യുന്നത് തെറ്റാണെങ്കിൽ ക്ഷമയോടെ പറഞ്ഞു കൊടുക്കണം. ഒരു കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ അതിന്റെ പരിണത ഫലത്തെപ്പറ്റി ചൂണ്ടിക്കാണിക്കണം. എല്ലാം ചിന്തിച്ച് തീരുമാനം അവരെടുക്കട്ടെ. അതിനെ സന്തോഷപൂർവ്വം അംഗീകരിക്കുക. ഇതാണ് സ്നേഹത്തിന്റെ ലക്ഷണം. സ്വന്തം ഇഷ്ടം നടക്കണം എന്ന് വാശിപിടിക്കുകയും പരാതി പറയുകയും ചെയ്യുന്നതിനുമുൻപ്  മറ്റേ ആളുടെ ഇഷ്ടം എന്താണെന്നറിഞ്ഞ്, അതിനോടൊപ്പം നിൽക്കാൻ സന്തോഷപൂർവ്വം തയ്യാറാകുന്ന ഒരു മനസ്സുണ്ടല്ലോ - അത് സ്നേഹം നിറഞ്ഞതായിരിക്കും. നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ,അയാളെ ആ ആളായി കണ്ടുതന്നെ സ്നേഹിക്കണം.  അവിടെ പിന്നെ മറ്റൊരു വ്യക്തിയുമായുള്ള ഉപമയും ഉത്പ്രേക്ഷയും ഒന്നും വേണ്ട. ഞാൻ എങ്ങനെയാണെന്നറിഞ്ഞ് എന്നെ സ്നേഹിക്കുമ്പോൾ അവരോട് എനിക്ക് സ്നേഹം തോന്നും. അതുപോലെ മറ്റൊരു വ്യക്തിയെ- അത് ഭാര്യയാവാം ഭർത്താവാകാം,മക്കളാകാം സുഹൃത്തുക്കളാകാം - അയാളിലെ എല്ലാ നന്മയോടും തിന്മയോടും കൂടി ഇഷ്ടം തോന്നുമ്പോഴേക്കും അതിനെ സ്നേഹം എന്ന് വിളിക്കാൻ കഴിയൂ. അല്ലെങ്കിൽ അത് കാര്യം കാണാനുള്ള ഒരു നാട്യമാണ്.  അങ്ങിനെ  നടിക്കുമ്പോൾ  നമ്മുടെ മനസ്സ് ആരും തിരിച്ചറിയില്ലെന്നാവും വിചാരം. പക്ഷേ ഈ നാട്യം തിരിച്ചറിയാൻ  വലിയ ബുദ്ധിയൊന്നും വേണ്ട. പ്രവർത്തിയിൽ നിന്നും പെട്ടെന്ന് സാധിക്കും. വിവരമുള്ളവർ മിണ്ടാതെ അറിയാത്തതുപോലെ നിന്ന് ഈ കള്ളത്തരം ആസ്വദിക്കും. അല്ലാത്തവർ "നിന്റെ കള്ളത്തരം കണ്ടെത്തി "എന്ന മട്ടിൽ പൊട്ടിത്തെറിക്കും. വിട്ടുപോകും.😡 ശരിയായ സ്നേഹത്തിൽ കാപട്യം ഇല്ല നാട്യവും ഇല്ല. അതുകൊണ്ടുതന്നെ സ്നേഹം നടിക്കുന്നവരും, അതിൽ മായം കലർത്തുന്നവരുമായ വ്യക്തികളെ നമ്മൾ തിരിച്ചറിയണം. യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ വലിയ വിഷമമില്ല. കാരണം അത് വളരെ വളരെ കുറച്ചേ ഉള്ളു. കൂടുതലും സ്നേഹം പൂശിയവരാണ് .... മായം...

 അപ്പോൾ നിർത്തട്ടെ

 ഏറെ സ്നേഹത്തോടെ🤗

മീരാ നമ്പൂതിരി




Tuesday, June 11, 2024

ലഹരി- ഒരു കുറിപ്പ് കൂടി

 കഴിഞ്ഞപ്രാവശ്യം വിദ്യാലയങ്ങളിലെ ലഹരി മരുന്ന വില്പനയെക്കുറിച്ച് എഴുതിയിരുന്നല്ലോ. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട  പല വാർത്തകളും കൂടുതലായി ശ്രദ്ധയിൽപ്പെട്ടു. തിരുവനന്തപുരത്താണ് ഇത്തരം മയക്കുമരുന്ന് വിൽപ്പനകൾ തകൃതിയായി നടക്കുന്നതെന്നകാര്യം സത്യത്തിൽ ഞെട്ടിച്ചു. കഴിഞ്ഞപ്രാവശ്യം എഴുതുമ്പോഴും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല.  ഇങ്ങനെയാണെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ എന്താവും സ്ഥിതി? ഭയാനകമാണ്. ഒരു രാഷ്ട്രത്തിന്റെ മൂലധനം എന്നത് അവിടുത്തെ യുവതലമുറയാണ്. നമ്മുടെ നാട്ടിലെ ഈ യുവതലമുറയാണ് ലഹരിക്കടിമപ്പെട്ട് സ്വയം നശിക്കുന്നത്. എന്തുകൊണ്ടാണ് ഭരണാധികാരികൾ ഇതൊന്നും കാണാത്തത്? പ്രാധാന്യം കൊടുക്കാത്തത്? കർശനമായ നടപടികൾ സ്വീകരിക്കാത്തത്? ചിന്തിക്കേണ്ടിയിരിക്കുന്നു.

     കഴിഞ്ഞദിവസം ഒരു വാർത്ത കണ്ടു. ഒരാൾ തന്റെ ഭാര്യയുടെ അമ്മയെയും ഭാര്യാസഹോദരന്റെ  രണ്ടു വയസ്സുകാരി മകളെയും പെട്രോൾ ഒഴിച്ച് തീ കത്തിച്ചു എന്ന്. ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതാണ് അയാളെ പ്രകോപിതനാക്കിയത് എന്നാണ് അയാൾ പറയുന്നത്. പ്രകോപിതനായാൽ ഉടനെ മറ്റുള്ളവരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയാണോ ചെയ്യുക? അല്ലല്ലോ. പക്ഷേ അയാളും ലഹരിക്ക് അടിമയായിരുന്നുവത്രേ. തീർച്ചയായും അത് അങ്ങനെ തന്നെ ആയിരിക്കണം. അല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ ആ വൃദ്ധയുടെയും രണ്ടു വയസ്സുകാരി കൊച്ചുമകളുടെയും ദേഹത്ത്പെട്രോൾ ഒഴിച്ച് കത്തിക്കില്ലല്ലോ. അത് കഴിഞ്ഞ് അയാൾ ചെയ്തതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അയാളുടെ മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവന്ന്അയാളുടെ ജ്യേഷ്ഠന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ഒളിവിൽ പോയി. അപ്പോൾ അയാൾക്ക് മകനെ കുറിച്ച് വേവലാതിയുണ്ട്. പക്ഷേ വെറും രണ്ടു വയസ്സു മാത്രമുള്ള പിഞ്ചു കുഞ്ഞിന്റെ മേൽ എണ്ണയൊഴിച്ച് തീ കൊളുത്താൻ മടിയില്ലാതാനും. ഇവരെയാണ്  മനുഷ്യന്റെ ശരീരവും ചെകുത്താന്റെ മനസ്സും എന്ന് നമ്മൾ പറഞ്ഞു പോകുന്നത്. ഇങ്ങനെയൊക്കെ ചെയ്യാൻ സുബുദ്ധിയുള്ള ആർക്കെങ്കിലും കഴിയുമോ? ഒരിക്കലുമില്ല. ഇതുമാത്രമല്ല ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ നമ്മൾ ദിവസവും കാണുന്നു,കേൾക്കുന്നു. സാധാരണ ബുദ്ധിക്ക് ചെയ്യാൻ കഴിയാത്ത എന്തിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ലഹരിക്കടിമപ്പെട്ടവർ ചെയ്തു കൂട്ടുന്നത്.

         മയക്കുമരുന്ന് വിൽക്കുന്നവർ ഇക്കാലത്ത് നമ്മുടെ നാട്ടിൽ അഴിഞ്ഞാടുകയാണ്. ആവശ്യമുള്ളവർക്ക് ഇത് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇത് രക്തത്തിൽ ചേർന്ന്  കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അറിയില്ലത്രേ. ക്രൂരമായി ആക്രമിക്കാനും കൊല്ലാനും ഒന്നും ഒരു മടിയും തോന്നില്ല. രാഷ്ട്രീയ എതിരാളികളുടെ വീടും കടകളും വാഹനങ്ങളും എല്ലാം തകർക്കുന്ന വാർത്തകളുമായാണ് എല്ലാ ദിനപത്രങ്ങളും എത്തുന്നത്. എങ്ങിനെയല്ലാത്ത ഒരു ദിവസം പോലും ഇല്ല എന്നതാണ് വാസ്തവം.

 മദ്യത്തിന് ഗന്ധവും മറ്റുമുള്ളതുകൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും.എന്നാൽ ആധുനിക ലഹരിവസ്തുക്കൾ വളരെ വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കാവുന്നതും വലിയ ലഹരി കിട്ടുന്നവയും ആണ്. അവയ്ക്ക് ഗന്ധം ഒന്നുമില്ലാത്തതിനാൽ അടുത്തുനിൽക്കുന്ന ആൾക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. അപ്രതീക്ഷിതമായിട്ടാവും അയാൾ ആക്രമണം നടത്തുക.  

   തങ്ങൾക്കെതിരെ പറയുന്നവരെ വകവരുത്താൻ രാഷ്ട്രീയപാർട്ടികൾക്ക് ഇത്തരം ലഹരി ഗുണ്ടാസംഘങ്ങൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇതില്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. പണ്ട് ജനങ്ങൾ രാഷ്ട്രീയപാർട്ടികൾക്കൊപ്പം നിന്നത് അവരിലെ സഹാനുഭൂതി കണ്ടിട്ടായിരുന്നു എങ്കിൽ ഇന്ന് ഭയം മൂലമാണ് അവർ പാർട്ടികളെ പിന്തുണയ്ക്കുന്നത്. ഇത് തീർച്ചയായുംഒരിക്കൽ തിരിച്ചടിക്കുക തന്നെ ചെയ്യും. ദിവസം തോറും വർദ്ധിച്ചുവരുന്ന ഈ ലഹരി ഉപഭോഗം സർക്കാരിനും ചില വ്യക്തികൾക്കും നേട്ടം ഉണ്ടാക്കുന്നു എങ്കിലും പൊതുസമൂഹത്തിന്റെ വിപത്താണിത്. ഇനിയെങ്കിലും ഈ ശാപത്തിൽ നിന്നും മുക്തി നേടണം. ജനങ്ങൾ കണ്ണു തുറക്കണം. അതിനെതിരെ ശക്തിയായി പ്രതികരിക്കണം. തിരുവനന്തപുരം നഗരത്തിൽ ഇത്തരം ലഹരിവസ്തുക്കളുടെ സുഗമമായ വില്പ നയിൽ നാട്ടുകാർ ഭീതിയിൽ ആണെന്നും പോലീസിൽ പരാതി നൽകി എന്നും കണ്ടു. ആ നാട്ടുകാരെ കുറിച്ച് എനിക്ക് പുച്ഛമാണ്തോന്നിയത്. നാട്ടുകാർ ലഹരി വില്പനക്കാരെ പേടിക്കുകയല്ല ചെയ്യേണ്ടത്. അവർ ഒന്നടങ്കം സംഘടിക്കണം. പോലീസിൽ പരാതി കൊടുത്തത് നല്ലതുതന്നെ. അവിടം കൊണ്ട് നിർത്തരുത്. ജനങ്ങൾ ഒന്നിച്ചു ചേർന്ന് അവരുടെതായ നിലയിൽ അന്വേഷണം നടത്തി ഈ ലഹരി വില്പനക്കാരെ കണ്ടെത്തണം. അവരിൽ നിന്നും പിടിച്ചെടുക്കുന്ന ലഹരി അവരുടെ മേലെതന്നെ പ്രയോഗിക്കണം. ഇതൊരു തുടർച്ചയായാൽ ഇത്തരം ലഹരി വില്പനയുമായി വരാൻ അവർ ഭയക്കും. ഭയക്കണം. അതിന് നാട്ടുകാർ ഒന്നുചേർന്നേ മതിയാവു. അങ്ങിനെ ഒന്ന് ചേർന്ന്  ഉറച്ചുനിന്നാൽ മാത്രമേ ഭരണകൂടവും നമ്മളെ സഹായിക്കാൻ എത്തുകയുള്ളൂ. ഭയന്നും പരാതി പറഞ്ഞും ഇരുന്നാൽ എന്നും നമുക്ക് അതിനുമാത്രമേ സാധിക്കു. ഒപ്പം നമ്മുടെ കുഞ്ഞുങ്ങളും നശിക്കും. നമുക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി,നമുക്ക് ഒരുമിച്ച് നിൽക്കാം. ഈ വിപത്തിനെതിരെ ശക്തമായി പോരാടാം. നമ്മളെ,നമ്മളാക്കിയ ഈ നാടിനുവേണ്ടി ഇത്രയെങ്കിലും നമ്മൾ ചെയ്യേണ്ടേ? ഇല്ലെങ്കിൽ ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനം? അതിനാൽ നമുക്ക് ഉണരാം... ഒരുമിക്കാം... ആത്മവിശ്വാസത്തോടെ ലഹരി മാഫിയക്കെതിരെ പോരാടാം... മുന്നേറാം.

 

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി 🙏



Tuesday, June 4, 2024

വിദ്യാലയങ്ങളും ലഹരി മാഫിയയും

  വിദ്യാലയങ്ങൾ തുറന്നു. കുട്ടികൾ സ്കൂളിലേക്ക്. ഒപ്പം മാതാപിതാക്കളുടെ മനസ്സിൽ എരിയുന്ന ഒരു നെരിപ്പോടും. തന്റെ കുട്ടികൾ വഴിതെറ്റിപ്പോകുമോ എന്ന ഭയം. ഇക്കാലത്ത് കാണുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും, ലഭിക്കാനുള്ള സൗകര്യവും, സൗഹൃദങ്ങളും ഒക്കെ കൂടി കൗമാരക്കാരെ അടക്കം വഴിതെറ്റിക്കുകയാണ്.  രക്ഷകർത്താക്കൾ പണ്ട് ആൺകുട്ടികളെ മാത്രമായിരുന്നു  ശ്രദ്ധയോടെ വീക്ഷിച്ചിരുന്നത് എങ്കിൽ ഇന്ന് പെൺകുട്ടികളും ഒട്ടും പുറകിലല്ല. മിക്സഡ് സ്കൂളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്ന് കരുതി പെൺമക്കളെ പെൺപള്ളിക്കുടങ്ങളിൽ മാത്രം വിടാൻ അച്ഛനമ്മമാർ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ ഇന്ന് ലഹരി ഉപയോഗത്തിൽ അവിടവും മുന്നിലാണത്രെ. പെൺകുട്ടികൾ മാത്രമായതിനാൽ അധികമാരും ശ്രദ്ധിക്കില്ല എന്ന സൗകര്യം മുതലെടുത്താണ് ലഹരി വില്പനക്കാർ പെൺപള്ളിക്കുടങ്ങളെ ഇതിന്റെ കേന്ദ്രങ്ങളാക്കുന്നത്. സ്കൂളിന് പുറത്തുള്ള കൊച്ചുകൊച്ചു കടകൾ ഇത്തരം ലഹരി വില്പന കേന്ദ്രങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. കൊച്ചു കുഞ്ഞുങ്ങൾക്ക് ലഹരി കലർന്ന ചോക്ലേറ്റും ഐസ്ക്രീമും മിഠായികളും മറ്റും കൊടുത്ത് ഇതിന് അടിമകളാക്കും. പിന്നീട് ഇതില്ലാതെ ഈ കുഞ്ഞുങ്ങൾക്ക് കഴിയാനാവില്ല. കുഞ്ഞുങ്ങൾ വളരുന്നതോടെ അതിന്റെ ഉപയോഗവും വർദ്ധിക്കും. അപ്പോൾ കച്ചവടക്കാർ ലഹരിക്കായി  വിലപേശും. അങ്ങനെ കുട്ടികൾ വീട്ടിൽ ചോദിച്ചാലും പൈസ കിട്ടിയില്ലെങ്കിൽ മോഷണം തുടങ്ങും. ഒടുവിൽ ആക്രമാസക്തരായ ഈ കുട്ടികൾക്ക് വീട്ടുകാരെ കൊലപ്പെടുത്താൻ പോന്ന മനശക്തി പോലും ഈ ലഹരിയിലൂടെ  ഉണ്ടാകും. അന്യർ നൽകുന്ന ഒന്നും വാങ്ങി കഴിക്കരുത് എന്ന് കുട്ടികൾക്ക്പ്രത്യേകം പറഞ്ഞുകൊടുക്കണം. മുതിർന്നവരെപ്പോലും ലഹരി കലർന്ന ഭക്ഷണം നൽകി അവരുടെ സാധങ്ങളും, പണവും മറ്റും ട്രെയിൻ യാത്രയിൽ തട്ടിയെടുക്കുന്ന വാർത്തകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അപ്പോൾ ഈ കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ ഒരു വിഷമവും ഇല്ല. ചെറിയ ഒരു ചോക്ലേറ്റിൽ പ്പോലും അവർ വീണു പോകും. ജന്മദിനവുമായി ബന്ധപ്പെട്ട്സ്കൂളിലും ഇത്തരത്തിലുള്ള മധുര വിതരണം ഒഴിവാക്കണം. വേണമെങ്കിൽ മധുരത്തിനു പകരം പെൻസിലും മറ്റും നൽട്ടെ .  എന്തുതരം ആഹാരം ആയാലും അത്  മറ്റു വിദ്യാർത്ഥികൾക്ക് നൽകുന്നത് തടയാൻ   സ്കൂൾ അധികൃതർ കർശനമായ നിയന്ത്രണങ്ങൾ pta യുടെ സഹകരണത്തോടെ കൊണ്ടുവരണം.

     മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ എത്രയോ കേസുകൾ ഉണ്ടായി. പക്ഷേ ലഹരിക്കച്ചവടം ഒരു തളർച്ചയുമില്ലാതെ വളരുകയാണ്. പടർന്നു പന്തലിക്കുകയാണ്. തങ്ങൾ നൽകുന്ന വിഷത്തെപ്പറ്റി വില്പനക്കാർക്കും യാതൊരു  മനോവിഷമവുമില്ല. അവരും പൈസയ്ക്ക് വേണ്ടി ഏതറ്റവും വരെ പോകാൻ തയ്യാറാണ്. രാഷ്ട്രീയമായും അധികാരം ഉപയോഗിച്ചും ഭരണാധികാരികൾക്ക് ഇത് തടയാവുന്നതേയുള്ളൂ. പക്ഷേ ലഹരി മാഫിയകളിൽ നിന്നുള്ള സാമ്പത്തിക നേട്ടം സ്വീകരിച്ച ഭരണാധികാരികൾക്ക് ഇവർക്കെതിരെ ചെറുവിരലനക്കുവാൻ പോലും ഭയമാണ് . ഇന്ന് എല്ലാം ഈ ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.

     പല രാജ്യങ്ങളിലും ലഹരി വില്പനക്കാർക്ക് നൽകുന്നത് വളരെ കടുത്ത ശിക്ഷയാണ്. പുറംലോകം കാണാൻ പറ്റാത്ത രീതിയിൽ അവരെ ശിക്ഷിക്കുന്നു എന്നതുകൊണ്ട് അവിടങ്ങളിൽ ഇത്തരത്തിലുള്ള ലഹരി വില്പന വളരെ കുറവാണ്. അപ്പോൾ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലേ എന്ന് സംശയം തോന്നും. പേടിക്കേണ്ട. ജനങ്ങൾ സ്വയം തുനിഞ്ഞിറങ്ങിയാൽ മാത്രം മതി. അതിൽ മടി കാണിച്ചാൽ പിന്നെ രക്ഷയ്ക്ക് ഒരു മാർഗ്ഗവുമില്ല. ഓരോ സ്കൂളിലെയും പിടിഎ അംഗങ്ങളാണ് ആദ്യം ഇതിൽ ശ്രദ്ധിക്കേണ്ടത്. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനായി ഒരു പ്രത്യേക സംഘം തന്നെ അവർ രൂപീകരിക്കണം. തന്റെ മക്കൾക്ക് ലഹരി ലഭിച്ചതായി ഏതെങ്കിലും മാതാപിതാക്കൾക്ക് തോന്നിയാൽ ഉടൻതന്നെ സ്കൂളിലെ ഈ സംഘത്തെ അറിയിക്കണം. അധ്യാപകരും രക്ഷകർത്താക്കളും ജാഗരൂകരായി സ്കൂളുകളിൽ വരുന്നവരെയും, പോകുന്നവരെയും,കുട്ടികളുമായി ഇടപെടുന്നവരെയും,സ്കൂളിന് പുറത്തുള്ള ചെറുക്കച്ചവടക്കാരെയും എല്ലാം ശ്രദ്ധിക്കണം. ലഹരി വിൽക്കുന്നവരെ കണ്ടെത്തിയാൽ പിന്നെ പുറംലോകം അറിയാതെ അവരെ കൈകാര്യം ചെയ്യാൻ സാധിക്കണം. കാരണം പോലീസിൽ അറിയിച്ചാലും വലിയ ഫലം ഉണ്ടാകുമോ എന്നറിയില്ല. ഭരണാധികാരികളിൽ പലരും ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും ഈ ലഹരി മാഫിയയിൽ നിന്നും സൗജന്യ കൈപ്പറ്റുന്നവരായിരിക്കും. അങ്ങനെ വന്നാൽ അവർക്ക് ഇതിൽ നിന്നും ഊരി പോരാൻ വളരെ എളുപ്പമാണ്. ഇത്തരത്തിൽ പൊതുജനങ്ങൾ സംഘടിക്കുന്നു എന്നറിഞ്ഞാൽ മാത്രമേ ഇങ്ങിനെയുള്ള മാഫിയകൾക്ക് ഭയം ഉണ്ടാവുകയുള്ളൂ. അവരിൽ നിന്നും പിടിച്ചെടുക്കുന്നത് അവരിൽ തന്നെ പ്രയോഗിക്കണം. പക്ഷേ ആര് ചെയ്തു എന്നുള്ള സത്യം പുറത്തു വരരുത്. ഏത് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ആയാലും ഇതിനായി ഇറങ്ങിത്തിരിക്കണം. മറ്റൊരാളുടെ കുട്ടിയെ ഇവിടെ രക്ഷിച്ചാലെ എന്റെ കുട്ടിയെ രക്ഷിക്കാനും അവിടെ ആരെങ്കിലും കാണു എന്ന് തിരിച്ചറിയണം. രാഷ്ട്രീയ -ജാതി -മത -ചിന്തകൾ നോക്കാതെ ജനങ്ങൾ ഇതിനായി തയ്യാറെടുത്തിറങ്ങിയാൽ എംഎൽഎയും എംപിയും എല്ലാം ഒപ്പം നിൽക്കും. ജനങ്ങൾക്ക് ഒപ്പം നിന്നില്ലെങ്കിൽ അവർക്ക് വോട്ട് കിട്ടില്ലല്ലോ. മാഫിയകളിൽ നിന്നും കൈക്കൂലി കിട്ടണമെങ്കിൽ ജനപ്രതിനിധി ആകണ്ടേ. അതിന് ജനങ്ങളുടെ വോട്ട് വേണം. അപ്പോൾ പ്രധാനം ഈ വോട്ട് നൽകുന്ന ജനങ്ങളാണ്. അതുകൊണ്ടുതന്നെ ജനങ്ങളോടൊപ്പം നിൽക്കാൻ അവർ തയ്യാറാകും. കുറച്ചുകാലം കഴിയുമ്പോൾ അനീതിക്കെതിരെ, ലഹരിക്കെതിരെ, അക്രമങ്ങൾക്കെതിരെ ഒക്കെ പോരാടാൻ നമ്മൾക്കൊപ്പം ഈ ജനപ്രതി നിധികൾക്കും ശീലമാകും. അവർ നന്നാകുന്നതോടെ അവർ ഉൾപ്പെട്ട ഭരണാധികാരികളും നന്നാവും. അങ്ങനെ സംശുദ്ധമായ ഭരണം നമുക്ക് കിട്ടുകയും ചെയ്യും. അപ്പോൾ അതിനു തുടക്കം കുറിക്കേണ്ടത് നമ്മൾ പൊതുജനങ്ങളാണ്. മറ്റുള്ളവർ ചെയ്യട്ടെ സർക്കാർ ചെയ്യട്ടെ എന്നെല്ലാം പറഞ്ഞ് മാറി നിൽക്കുകയല്ല വേണ്ടത് . സ്വന്തം വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നുവോ, അതേ ആത്മാർത്ഥതയോടെ, ഇച്ഛയോടെ പൊതുപ്രശ്നങ്ങളിലും ഇടപെടാൻ നമുക്ക് ആവണം. അനീതിക്കും അക്രമങ്ങൾക്കുമെതിരെ ശക്തിയോടെ പോരാടണം. അതിൽ രാഷ്ട്രീയ വിശ്വാസവും ജാതിയും മതവും ഒന്നും ഒരു ഘടകമാകരുത്. 

         നമ്മൾമനുഷ്യരാണ്. മനുഷ്യരുടെ നന്മയാണ് നമ്മൾ ആഗ്രഹിക്കുന്നത്. ആരെയും ഇല്ലാതാക്കാൻ അല്ല എല്ലാവരും സാഹോദര്യത്തോടെ സ്നേഹത്തോടെ കഴിയണം എന്നതാവണം നമ്മുടെ ലക്ഷ്യം. ഇതെല്ലാം തീരുമാനിക്കേണ്ടത് സാധാരണക്കാരായ നമ്മളാണ്. അല്ലാതെ മതപണ്ഡിതന്മാരും രാഷ്ട്രീയക്കാരും ഒന്നുമല്ല. നമുക്കെല്ലാം മതമുണ്ട് വിശ്വാസമുണ്ട്. അതിൽ ഒരു തെറ്റുമില്ല. പക്ഷേ എതിർ രാഷ്ട്രീയ പാർട്ടിക്കാരും മതവിശ്വാസികളും തന്റെ ശത്രുക്കളാണെന്ന് തോന്നൽ തീർച്ചയായും  അപകടകരമാണ്. അതുകൊണ്ട് അതെല്ലാം മാറ്റിവെച്ച് നമ്മുടെ കുഞ്ഞുങ്ങൾക്കായി നമുക്ക് ഒന്നിച്ചു നിൽക്കാം. ജനങ്ങൾ സംഘടിക്കുന്നതിനേക്കാൾ വലിയ ശക്തി മറ്റൊന്നുമില്ല. അങ്ങനെ ഒരുമിച്ച് നിൽക്കാൻ നമുക്ക് കഴിഞ്ഞാൽ എന്ത് അനീതിയായാലും  അക്രമമായാലും തുടച്ചു നീക്കുവാൻ ഒരു പ്രയാസവുമില്ല. അപ്പോൾ നമ്മുടെ മക്കൾക്ക് രാപ്പകലന്യേ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കും. 

    ജനസമൂഹത്തെ പേടിക്കുന്നവരാണ് ഓരോ കുറ്റവാളിയും. വ്യക്തികൾക്കെതിരെ ആക്രമണം നടത്തുമെങ്കിലും പൊതുസമൂഹത്തിനെതിരെ തിരിയൻ അവർക്ക് ധൈര്യമുണ്ടാവില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനലുകൾ പൊതുവേ ഒഴിഞ്ഞു മാറും. ഇത്തരം പൊതുജനങ്ങളുടെ കൂട്ടായ്മ നാട്ടിലെ നിയമസമാധാന വ്യവസ്ഥയെ കൂടുതൽ ശക്തമാക്കും. " ലഹരിക്ക് അടിമപ്പെട്ടത് എന്റെ കുട്ടി അല്ലല്ലോ" എന്ന സമാധാനമാണ് നമ്മളെ കൂടുതൽ നാശത്തിലേക്ക് വഴിതെറ്റിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും നമ്മുടേതാണ്. കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ടതും അതിനുള്ള അവസരം ഉണ്ടായാൽ അത് കണ്ടെത്തി ഇല്ലാതാക്കേണ്ടതും ഓരോ പൗരന്റെയും കടമയാണ്. ആ അധികാരം ഭരണാധികാരിക്ക് മാത്രമായി വിട്ടുകൊടുത്ത് കൈകെട്ടിയിരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാനും  വഷളാക്കുവാനും കാരണം. രാഷ്ട്രീയ- ജാതി-മത- വിശ്വാസങ്ങൾ ഇതിനു വളം വച്ചു കൊടുക്കുന്നു എന്ന് പറയാതെ വയ്യ. ഓരോ മതപണ്ഡിതന്മാരും ജനങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവരവരുടെ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കണം. നമ്മുടെ ശത്രുക്കൾ മറ്റു മതസ്ഥരല്ല, ക്രിമിനലുകൾ ആണെന്ന് ബോധ്യപെടുത്തണം.നമ്മുടെ നാളെകളും, രാജ്യത്തിന്റെ ഭാവിയും  ഈ കുഞ്ഞുങ്ങളുടെ കയ്യിലാണ്. അവരെ മനുഷ്യരായി വളർത്താം. പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും അവർക്ക് മാതൃകയാവാം. 

 ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഇത്തരം കൂട്ടായ്മകൾ ഉയർന്നുവന്നാൽ പിന്നെ നമ്മുടെ നാട് എത്ര മനോഹരവും സമാധാനം നിറഞ്ഞതുമായിരിക്കും, അല്ലേ.

 ഏറെ സ്നേഹത്തോടെ, 

 മീര നമ്പൂതിരി 


Thursday, March 7, 2024

സിദ്ധാർഥ്. നിറമിഴികളും തകർന്ന ഹൃദയവും ആയി കേരളം

   അതിക്രൂരമായ രീതിയിൽ സിദ്ധാർഥ് മരണപ്പെട്ട വാർത്ത കേരളത്തിലെ മനുഷ്യഹൃദയമുള്ള ഏവരെയും നടുക്കും. എന്തിനായിരുന്നു ഈ അതിഭീകരമായ കൊലപാതകം നടത്തിയതെന്ന് ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും അറിയാതെ ചോദിച്ചുപോകും. ഓരോ മാതാപിതാക്കളും ഈ ദാരുണ വാർത്ത കേട്ട് നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാനാകാതെ  സ്വന്തം നെഞ്ചിൽ കൈ വെച്ചു വിങ്ങിയിട്ടുണ്ടാവും. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തത്ര മാത്രം വേദന ഈ വാർത്ത കേട്ട  ഓരോ മനുഷ്യനിലും ഉണ്ടായി കാണണം.

 വിവാഹിതരാകുന്ന ഓരോ ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ്. ആ കുഞ്ഞ് എത്തുന്നതോടെ അത് ഒരു കുടുംബം ആകുന്നു. ആ കുടുംബത്തിലെ ഓരോ വ്യക്തികളെയും പരസ്പരം അടുപ്പിക്കാൻ ആ കുഞ്ഞിന് കഴിയും. ഭാവിയുടെ വാഗ്ദാനമായ ആ കുരുന്നിനെ ഏറെ സ്നേഹിച്ച് അതിന് നല്ല ഒരു ഭാവി ഉണ്ടാക്കാനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. അങ്ങനെ സ്നേഹിച്ച് ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന ഒരു മകൻ അതി പൈശാചികമായ രീതിയിൽ കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ മാതൃ -പിതൃ  ഹൃദയങ്ങളുടെ  പിടപ്പ്  ഒരു അമ്മ എന്ന നിലയിൽ എനിക്കും,  നിങ്ങൾക്കും മനസ്സിലാകും. സ്വന്തം മക്കൾ സ്കൂളിൽ നിന്നും വരാൻ താമസിച്ചാൽ- എന്തിന് ഉദ്യോഗസ്ഥരായ മക്കൾ പോലും വരാൻ അല്പം താമസിച്ചാൽ - നെഞ്ചുരുകുന്നവർക്ക് ഈ വേദനയുടെ ആഴം എത്രയെന്ന് പറയേണ്ടതില്ല.  വയസ്സുകാലത്ത്   തനിക്കൊരു താങ്ങാകേണ്ട മകനാണ്, മറ്റുള്ളവരുടെ അസൂയ മൂലം അവരുടെ ആക്രമണത്തിൽ ഇഞ്ചിഞ്ചായി മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനെ മൃഗീയം എന്നല്ല പൈശാചികം എന്ന് മാത്രമേ പറയാൻ കഴിയൂ. പിശാചുക്കൾക്ക് പോലും ഇത്രയും ക്രൂരത കാണുമോ എന്ന് സംശയമാണ്.

     എന്തിനായിരുന്നു സിദ്ധാർഥിനെ ഇങ്ങനെ ഇല്ലാതാക്കിയത്? എന്ത് തെറ്റാണ് അവൻ മറ്റുള്ളവരോട് ചെയ്തത്? ഒരുകൂട്ടം വിദ്യാർത്ഥികളുടെ അസൂയയും അഹങ്കാരവുമോ? ഇങ്ങിനെ ചെയ്തവർ ഒരിക്കലും "വിദ്യാർഥികൾ" അല്ല. അവരെ അങ്ങനെ കാണാനും പാടില്ല. 'വിദ്യ' അർത്ഥിക്കുന്നവൻ ആണ് വിദ്യാർത്ഥി. വിദ്യ എന്നാൽ ജ്ഞാനം- അറിവ്. അല്ലാതെ കൂടെ പഠിക്കുന്നവരെ തല്ലിക്കൊന്നും അധ്യാപകരെ ആക്രമിച്ചും അപമാനിച്ചും നടക്കുന്നവരെ വിദ്യാർത്ഥികളായി  കാണരുത്,  പറയരുത്. ഒരു നിമിഷം -ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിനിടെ ഒരു നിമിഷമെങ്കിലും അവർ സ്വന്തം അച്ഛനമ്മമാരെയും സഹോദരങ്ങളേയും ഓർത്തിരുന്നെങ്കിൽ. എന്നെപ്പോലെ, ഒരു അച്ഛന്റെയും അമ്മയുടെയും മകനെയാണ് ഞാൻ ഈ ആക്രമിക്കുന്നത്- ഇല്ലാതാക്കുന്നത് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ഇങ്ങനെ ഒരാളെ ഇല്ലാതാക്കിയാൽ എന്ത് നേട്ടമാണ് ഇവർക്ക് ഉണ്ടാവുക?

      തന്റെ കുട്ടികൾക്ക്  ഒരു നല്ല ജീവിതം ഉണ്ടാകണം എന്നാകും മാതാപിതാക്കളുടെ ആഗ്രഹം. ഒരു ആക്രമണകാരിയായി തന്റെ മകൻ ജയിലിൽ പോകണമെന്ന് ഒരു രക്ഷകർത്താവും ചിന്തിക്കില്ല. പിന്നെ ആരാണ് ഇവരെ ആക്രമണത്തിലേക്ക് തള്ളിവിടുന്നത്? അതാണ് ചിന്തിക്കേണ്ട വിഷയം. ലഹരിയും രാഷ്ട്രീയവുമാണ് യുവതലമുറയെ വഴിതെറ്റിക്കുന്നത്  എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടമായി മാറുകയാണ് ഇന്നത്തെ വിദ്യാലയങ്ങൾ. രാഷ്ട്രീയത്തിന്റെ പേരിൽ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമിക്കുമ്പോൾ പലപ്പോഴും അധ്യാപകരും അവർക്കൊപ്പം നിൽക്കുന്നു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ വിദ്യാർത്ഥി ഘടകത്തെ സംരക്ഷിക്കാനും അവരുടെ ആക്രമണ പ്രവർത്തനങ്ങൾക്ക് വളം വച്ചു കൊടുക്കാനും ഇത്തരം അധ്യാപകർ കൂട്ടുനിൽക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ആര് ചെയ്താലും തെറ്റ്, തെറ്റാണെന്നല്ല, തന്റെ പാർട്ടിയിൽ പെട്ടവരുടെ തെറ്റ് ശരിയാണെന്ന് വാദിക്കാൻ അവർക്കും മടിയില്ല. വിദ്യാലയത്തിലെ അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് നിൽക്കും എന്നാണ് ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നത്. രക്ഷകർത്താക്കളുടെ ആ വിശ്വാസം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. കുട്ടികളുടെ തെറ്റ് തിരുത്തി നേർവഴിക്കു നയിക്കേണ്ട     അധ്യാപകർ കുരുതിക്ക്  കൂട്ടുനിൽക്കരുത്.

   വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാലയം ആയാണ് ഇപ്പോൾ പറയുന്നത്. കലകളുടെ ആലയം, അതാണോ വിദ്യാഭ്യാസം? വിദ്യാലയത്തെ വിദ്യാലയമായി തന്നെ കാണണം. അത് കലാലയമല്ല. രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ടവരാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ അറിയുന്നതും അതിൽ താൽപര്യം തോന്നുന്നതും തെറ്റല്ല. പക്ഷേ അതിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ തമ്മിൽ ആക്രമണം തുടങ്ങുമ്പോൾ ഇത് തെറ്റാവുന്നു. ഓരോ വ്യക്തികൾക്കും ഓരോ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്, യുവ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും. അത് ഏവരും അംഗീകരിക്കണമെന്നും പിന്തുടരണമെന്നും നിർബന്ധം പിടിക്കുമ്പോഴാണ് കലാപമായി മാറുന്നത്. കോളേജിൽ രാഷ്ട്രീയ ഇലക്ഷൻ പാടില്ല എന്നതാണ് എന്റെ പക്ഷം. ഓരോ രംഗത്തും പ്രഗൽഭനായ വിദ്യാർഥികൾ -അത് രാഷ്ട്രീയം നോക്കാതെ- തിരഞ്ഞെടുക്കപ്പെടണം. അവർക്ക് കോളേജിന്റെയും വിദ്യാർഥികളുടെയും ഉന്നതിക്കായി പ്രവർത്തിക്കാൻ കഴിയണം. എന്നാൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി ശാരീരികമായും മാനസികമായും എതിർക്കാനും ആക്രമിക്കാനും ആണ് വിഭിന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ള മറ്റു കുട്ടികളുടെ ശ്രമം.   ഈ ശ്രമത്തെ അതിജീവിക്കാൻ കോളേജ് അധികൃതർക്ക്‌   സാധിച്ചാലെ ആ സ്ഥാപനം പൂർണ്ണമായ അർത്ഥത്തിൽ വിദ്യാലയമാകു. ഇത്തരം ആക്രമണങ്ങൾ മുളയിൽ തന്നെ നുള്ളാൻ അധ്യാപകർക്കും പ്രിൻസിപ്പലിനും സാധിക്കണം. അച്ചടക്കം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും കോളേജ് അധികൃതർ തയ്യാറാകരുത്. ഒരു നിവർത്തിയും ഇല്ലായെങ്കിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യകാരണസഹിതം  ആ കുട്ടികളെ കോളേജിൽ നിന്നും പുറത്താക്കണം. ഒപ്പം വിദ്യാലയത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽപ്പെട്ട് ആക്രമണങ്ങൾ നടത്തിയവർക്ക് ഉപരിപഠനം,ജോലി, പാസ്പോർട്ട്ഇവ കൂടി നിഷേധിക്കണം.

    കോളേജിൽ ഇന്ന് പഠനത്തിനല്ല, രാഷ്ട്രീയത്തിനാണ് പ്രാധാന്യം. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ കേരളത്തിൽ ഉള്ളതുപോലെ വിദ്യാലയ രാഷ്ട്രീയം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇവിടുത്തെ വിദ്യാലയങ്ങൾ ഇന്ന് രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. രാഷ്ട്രീയമില്ലാത്ത  കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റില്ല എന്ന് വരെയായിട്ടുണ്ട്.

     വിദ്യാലയങ്ങളിലെ ഈ രാഷ്ട്രീയ തിമിരം മൂലം എത്ര ജീവനുകളാണ് നമുക്ക് നഷ്ടമായത്?. ഇത്രയും സംഭവിച്ചിട്ടും ഇനിയും ഈ രാഷ്ട്രീയക്കാർ ഇതിൽ നിന്നും പിന്മാറാത്തത് എന്താണ് ? ഇങ്ങനെയായാൽ, വിദ്യാലയങ്ങളിൽ രാഷ്ട്രീയം ശക്തമാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം പൊതുജനങ്ങളെടുക്കണം. അപ്പോൾ മാത്രമേ അല്പമെങ്കിലും നിയന്ത്രണം ഉണ്ടാകു. 2017 ൽ ക്യാമ്പസ് രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു എങ്കിലും അതിനു പുല്ലുവിലയാണ് രാഷ്ട്രീയക്കാർ നൽകിയത്. അതിനു തെളിവാണല്ലോ എന്നും തുടരുന്ന ഈ രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും. ഇത്തരത്തിൽ രാഷ്ട്രീയ നിയന്ത്രണമുള്ള കോളേജുകളുടെ ലൈസൻസ് തന്നെ റദ്ദാക്കാൻ കോടതിക്ക് സാധിച്ചാൽ ഒരു പക്ഷേ രാഷ്ട്രീയ അതിപ്രസരത്തെ തടയാൻ സാധിച്ചേക്കും. സാധാരണ കുടുംബത്തിലെ കുട്ടികൾ മാത്രമാണ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്നത് എന്ന സത്യവും നമ്മൾ തിരിച്ചറിയണം.

  കുട്ടികൾ വിദ്യാലയത്തിൽ പോകുന്നത് പഠിക്കാനാണ്. അവർ പഠിച്ച് മിടുക്കരാകട്ടെ. നല്ല ജോലി നേടട്ടെ. നാടിന് അഭിമാനമായി മാറട്ടെ. ആരുടെയും ജീവൻ എടുക്കാനല്ല, ജീവിതം കൊടുക്കാൻ പഠിക്കട്ടെ.അപ്പോഴും സ്വന്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും അത് തുടർന്നു പോകാനും അവന് കഴിയട്ടെ. പക്ഷേ ആ വിശ്വാസത്തിന്റെ പേരിൽ മറ്റൊരു പാർട്ടിയിൽ പെട്ട വ്യക്തിയെ ഇല്ലാതാക്കാൻ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നവർക്കും അധികാരമില്ല, അവകാശമില്ല.

   പലപ്പോഴും ആക്രമണങ്ങൾ നടത്തിയവരെ ആ പാർട്ടികൾ സംരക്ഷിക്കുന്നു, ഏറ്റെടുക്കുന്നു. ഇവിടെ നഷ്ടമുണ്ടാകുന്നത് സാധാരണക്കാർക്ക് മാത്രം. സാധാരണക്കാരുടെ വോട്ട് നേടി അവർക്കെതിരെ തിരിയുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയെയും അംഗീകരിക്കാൻ നമുക്ക് സാധ്യമല്ല.

   വിദ്യാലയങ്ങളിൽ ആക്രമണത്തിൽപെട്ട് മരിക്കേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. അത് അവർ എസ്എഫ്ഐ യോ കെഎസ്‌യുവോ എബിവിപിയോ തുടങ്ങി ഏതു വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ടവരായാലും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇത്തരം ആക്രമണങ്ങൾക്കെതിരെ രംഗത്തുവരണം. പൊതുജനങ്ങൾ രാഷ്ട്രീയ ഭേദമെന്യേ ഇത്തരം പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ സംഘടിച്ചേ മതിയാകൂ. കാരണം ഇവിടെ മരണപ്പെടുന്നത് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ്. അവരെ ഇല്ലാതാക്കുന്നതും നമ്മുടെ കുട്ടികൾ തന്നെ. അതിനാൽ അവരെ നേർവഴിക്കു കൊണ്ടുവന്നേ മതിയാകൂ. അതിനായി പൊതുജനങ്ങൾ ഒരുമിക്കേണ്ടിയിരിക്കുന്നു.

  സിദ്ധാർഥ്, ഇത് നീ അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല, നിനക്കായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.😞 എങ്കിലും, എന്റെ കുഞ്ഞേ, ഞാൻ കണ്ടിട്ടില്ലാത്ത നിന്റെ ഓർമ്മയ്ക്ക് മുമ്പിൽ കണ്ണുനീരോടെ മാപ്പ് ചോദിക്കുന്നു... മാപ്പ്...മാപ്പ്.... 😞


ഏറെ വേദനയോടെ...

മീര നമ്പൂതിരി 

Wednesday, February 28, 2024

അമ്മയില്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും

   കഴിഞ്ഞ ദിവസം ടിവിയിലെ ഒരു പരിപാടിക്കിടയിൽ  ആണ് ഈ വാക്കുകൾ കേട്ടത്. " അമ്മ ഇല്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും ". ശരിക്കും ഞാൻ അപ്പോഴാണ് ഇതിനെ പറ്റി കാര്യമായി ചിന്തിച്ചത്.  എത്ര ശരിയാണ് ഈ വാക്കുകൾ. നമ്മുടെ ഉള്ളിലുള്ള തോന്നലുകളെ വാക്കുകളിലൂടെ അവർ വരച്ചു കാണിക്കുമ്പോൾ ഇത് ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ഒരു അനുഭവമാണല്ലോ എന്നും തോന്നി. പക്ഷേ പലപ്പോഴും നമ്മൾ തുറന്നു പറയാറില്ല എന്ന് മാത്രം.

 ഇതേ കുറിച്ചു പറയുമ്പോൾ തീവ്ര വനിതാ സംഘടനകൾ ഒരുപക്ഷേ   എനിക്കെതിരെ തിരിയാനുള്ള സാധ്യതയുണ്ട്. ഇതിലെ തീവ്രത കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ശക്തരായ ഫെമിനിസ്റ്റുകളെയാണ്. " അച്ഛൻ അടുക്കളയിൽ കയറിയാൽ എന്താണ് കുഴപ്പം? അമ്മയ്ക്ക് പൂമുഖത്തിരുന്നു കൂടെ? " എന്നെല്ലാം അവർ ചോദിച്ചേക്കാം. സത്യം പറഞ്ഞാൽ ഈ ഫെമിനിസത്തോട് എനിക്ക് എന്തോ വലിയ താല്പര്യം ഇല്ല. അതിനർത്ഥം സ്ത്രീകൾ അടിമകളാണെന്നോ പുരുഷന്മാർ ഉടമകൾ ആണെന്നോ ഞാൻ സമ്മതിക്കുന്നു എന്നല്ല. ഈ ലോകത്ത് പുരുഷനും സ്ത്രീയും തുല്യരാണ്. അവർ അവരുടെതായ രംഗത്ത് അവരുടെ മികവ് കാണിക്കുന്നുണ്ട്. ഒരാൾ ഒരിടത്ത് പ്രാഗല്ഭ്യം തെളിയിച്ചു എന്ന് കരുതി മറ്റേയാൾ മോശക്കാരിയാണ്എ ന്ന അർത്ഥമില്ല. ഒരു ഉത്തമ  കുടുംബത്തിന് ഇരുവരുടെയും പ്രാതിനിധ്യം ഒരുപോലെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു രംഗത്തും ആരും ആരെക്കാളും ഉയർന്നതുമല്ല താഴ്ന്നതുമല്ല.എവിടെയും സ്ത്രീയും പുരുഷനും, തുല്യപ്രാധാന്യമുള്ള രണ്ട് വ്യക്തികൾ മാത്രമാണ്.

   സ്ത്രീകൾ ഔദ്യോഗിക രംഗത്തേക്ക് കടന്നതോടെ ഗാർഹിക ജോലിയിൽ പുരുഷന്റെ സഹായം ആവശ്യമാണ്. പക്ഷേ അതിനർത്ഥം ഓരോ ജോലിയുടെയും പകുതി തന്റെ പങ്കാളി ചെയ്യണം എന്നല്ല. ഒരാൾക്ക് ഇഷ്ടമുള്ള ജോലി അവർ ചെയ്യട്ടെ. അല്ലാതെ ഓരോ ജോലിയും പകുക്കാൻ  നിന്നാൽ അതു വലിയ ബുദ്ധിമുട്ടാവും. കഷണം നുറുക്കാൻ  താല്പര്യമുള്ളവർ അത് ചെയ്യണം, പാകം ചെയ്യാൻ താല്പര്യമുള്ളവർ അത് ചെയ്യണം. ഒരാൾ ചായ ഉണ്ടാക്കുമ്പോൾ മറ്റേയാൾക്ക് പാത്രം കഴുകാം. എന്നാൽ  ചായ ഉണ്ടാക്കാൻ ഒരാൾ ചായക്ക് വെള്ളം വെക്കും മറ്റേയാൾ  പൊടിയിടും, ആദ്യത്തെയാൾ പാൽ ഒഴിക്കും രണ്ടാമത്തെയാൾ പഞ്ചസാര ഇടും എന്ന് വന്നാൽ അത്‌ വലിയ പ്രശ്നത്തിലേക്ക് നയിക്കും. വീട്ടിലെ എല്ലാ ജോലിയിലും പരസ്പരം സഹായിക്കണം. അതിൽ സന്തോഷം കണ്ടെത്തണം. നീ ഇത് ചെയ്യണംഎന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. പറഞ്ഞു ചെയ്യുന്നതിനേക്കാളും സന്തോഷം കണ്ടറിഞ്ഞു ചെയ്യുന്നതിൽ ആണ് എന്ന് നമുക്കെല്ലാം അറിയാം. അത് മനസ്സിലാക്കി പെരുമാറിയാൽ മാത്രം മതി. അത് പോകട്ടെ, ഞാൻ പറഞ്ഞു വന്നത് അമ്മയില്ലാത്ത അടുക്കളയെ കുറിച്ചാണ്.അമ്മ എന്ന വാക്ക് അടുക്കളയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെവീട് എന്നോർക്കുമ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങളുടെ രുചിയാവും ആദ്യം മനസ്സിൽ എത്തുക. അമ്മ ഇല്ലായെങ്കിൽ ആ വീട് പിന്നെ ജീവൻ നഷ്ടപ്പെട്ടത് പോലെയാകും. അമ്മയ്ക്ക് വയ്യാതായാൽ പിന്നെ വേഗം അമ്മയെ പഴയ പടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് വീട്ടിൽ എല്ലാവരും നടത്തുക. അതിൽ അച്ഛനും മക്കളും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഒരുമിച്ചു നിൽക്കും. കാരണം അമ്മയാണ് അവരുടെ ആശ്രയ കേന്ദ്രം. അമ്മ ഇല്ലെങ്കിൽ ആ വീട് വീടാവില്ല. അമ്മ എന്നുദ്ദേശിക്കുന്നത് ആ വീട്ടിലെ പ്രധാന സ്ഥാനം വഹിക്കുന്ന സ്ത്രീയെയാണ്. അത് ഗൃഹനാഥയായ അമ്മയോ മകളോ മരുമകളോ ഒക്കെ ആകാം.  അമ്മയ്ക്ക് പ്രായമായാൽ പിന്നെ മരുമകൾ ആ സ്ഥാനം ഏറ്റെടുക്കുന്നതാണല്ലോ നമ്മുടെ ഇടയിൽ കണ്ടുവരുന്നത്.

   വീട്ടിൽ എല്ലാവരും അമ്മയുമായി സംസാരിക്കാൻ കണ്ടെത്തുന്ന ഒരു പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീടിന്റെ കുടുംബത്തിന്റെ ഉറപ്പാണ് അടുക്കളയിൽ കാണുന്നത്. അമ്മയോട് രഹസ്യം പറയാൻ ഏറ്റവും നല്ല സ്ഥലം അടുക്കള തന്നെ. ജോലി ചെയ്തുകൊണ്ട് എല്ലാം കേൾക്കുന്ന അമ്മ അതിന് പരിഹാരവും കാണും. വിവാഹം വരെ ഞാൻ അമ്മയോട് സംസാരിച്ചിരുന്നതും, പരാതി പറഞ്ഞിരുന്നതും എല്ലാം അടുക്കളയിൽ വച്ചായിരുന്നു. അമ്മ ചൂടോടെ ഉണ്ടാക്കി തരുന്ന ദോശ,               ഊണുമുറിയിൽ പോകാതെ അടുക്കളയിലെ അരിപ്പെട്ടിയുടെ പുറത്തോ, പാതകത്തിന്റെ അരികിലോ ഇരുന്ന് കഴിക്കുന്നതിന്റെ സുഖം. ഹോ അത് പറയാൻ വയ്യ. ദോശയുടെ ചൂടിൽ വാപൊള്ളിയാലും  ഹു.... ഹു.... എന്ന് ഊതി   ഒരു വിധത്തിൽ വീഴുങ്ങും. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ പോയി എങ്കിലും വല്ലപ്പോഴും നാട്ടിൽ എത്തി വീട്ടിൽ വരുമ്പോൾ ഞാൻ പഴയ ഞാനാകും. ഒന്നും ചെയ്യാതെ അടുക്കളയിൽ ഇരുന്ന് അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞ് അമ്മ  തരുന്നതെല്ലാം കഴിച്ച് എഴുന്നേറ്റ്   പോകുന്ന ഒരു കുഴിമടിച്ചി. കുട്ടികൾ ആയപ്പോൾ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്തായി. എന്റെ കുട്ടികളും എന്നോട് സംസാരിക്കാൻ ആദ്യം കണ്ടെത്തുന്ന സ്ഥലം അടുക്കളയായിരുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ കുട്ടികളുടെ പരാതിയും പരിഭവവും കേട്ട് അവരുടെ സന്തോഷം പങ്കിട്ട് ജോലി ചെയ്യുമ്പോൾ കിട്ടുന്ന ആത്മ സന്തോഷം അനുഭവിച്ചു തന്നെ അറിയണം. അത് എന്റെ ഒരു വളർച്ചയായിരുന്നു. എന്റെ അമ്മയിലേക്കുള്ള വളർച്ച. ഇന്ന്ആ കുട്ടികൾ എല്ലാം വളർന്ന് അവരുടെ കുട്ടികളുമായി കഴിയുന്നു.

  പക്ഷേ ഇവിടെ വല്ലപ്പോഴും വരുന്ന എന്റെ മകളിൽ, എന്നിലെ പഴയ എന്നെയാണ് ഞാൻ കാണുന്നത്. ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞാൻ ഉണ്ടാക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് അവൾ പറഞ്ഞിരിക്കും. അവസാനം ഒന്നു കൂടി കാണും - അമ്മ വായിൽ തരണേ എന്ന്. അവൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടുന്നതും കുന്നായ്മ പറഞ്ഞു ചിരിക്കുന്നതും  അടുക്കളയിലാണ്. അപ്പോൾ ഞങ്ങളുടേതായ ഒരു സ്വകാര്യ ലോകമാണത് 😉    ഇന്ന്എന്റെ അമ്മയ്ക്ക് വയ്യ. നാളെ എനിക്കും വയ്യാതെയാകും. അപ്പോൾ അമ്മയില്ലാത്ത അടുക്കള എന്തെന്ന് എന്റെ മകൾക്ക് മനസ്സിലാകും. സത്യത്തിൽ അപ്പോഴേ മനസ്സിലാകു.😞 ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല. അമ്മയുള്ള ഓരോ വീട്ടിലെയും കഥയാണ്. അത്രമാത്രം അമ്മയും അടുക്കളയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഒരു വീട്ടിലെ അതിഥി മുറിയേക്കാൾ പ്രാധാന്യം അടുക്കളയ്ക്കാണ്.

  അച്ഛനില്ലാത്ത പൂമുഖത്തെക്കുറിച്ച് അച്ഛനുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. വീടിനകത്ത് എത്ര ബഹളം വച്ചാലും അച്ഛൻ  പൂമുഖത്തു ണ്ടെങ്കിൽ പുറത്തെത്തുന്ന എല്ലാവരും ശബ്ദം പതുക്കെയാക്കും. പൂമുഖത്ത് അച്ഛനുള്ളത്  ആ വീടിന് തന്നെ ഐശ്വര്യമാണ്. അച്ഛൻ പുറത്തു പോയാൽ പോലും അവിടെ ആ നിശബ്ദ സാന്നിധ്യം ഉണ്ടായിരിക്കും. അടുക്കളയിലെ അമ്മയും പൂമുഖത്തെ അച്ഛനുമാണ് ഒരു വീടിനെ കുടുംബം ആക്കുന്നത്. അച്ഛനും അമ്മയും മറയുന്നതോടെ ആസ്ഥാനം ഏറ്റെടുക്കാൻ മക്കളും മരുമക്കളും എത്തും. അപ്പോഴും ആ മക്കൾക്ക് തങ്ങളിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞു പോയ അച്ഛനും അമ്മയും ഉള്ളിൽ  ഒരു നൊമ്പരം ആയിരിക്കും.

   പക്ഷേ ഇന്നത്തെ പുതിയ തലമുറയ്ക്ക് അടുക്കളയിലെ അമ്മയെ അറിയാൻ കഴിയുന്നുണ്ടോ? ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്കും വെച്ചു വിളമ്പി കൊടുക്കാൻ ജോലിക്കാർ ഉള്ളവർക്കും  ഒരുപക്ഷേ ഇത് മനസ്സിലാകണമെന്നില്ല. ഉദ്യോഗസ്ഥരായ അമ്മമാർക്ക് അതിനുള്ള സമയമുണ്ടോ? ഭക്ഷണം പുറത്തുനിന്നും വാങ്ങുമ്പോൾ അവിടെ അമ്മ എന്തിന്? അടുക്കള എന്തിന്? ഫോണിൽ നോക്കി ഇരിക്കുന്നവർക്ക്‌ ഇന്ന് സംസാരിക്കാൻ അമ്മയും അടുക്കളയും ഒന്നും വേണ്ട.

         ഇനി അടുക്കളയിൽ കയറുന്നവർ ആണെങ്കിൽ തന്നെ തുല്യ പങ്കാളിത്തത്തിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് പരാതി കേൾക്കാൻ അല്ല പരാതി പറയാൻ മാത്രമേ ഈ അടുക്കള ഉപകരിക്കു.  ആഹാരം ഉണ്ടാക്കുന്നതിലോ സന്തോഷത്തോടെ വിളമ്പുന്നതിലോ ആർക്കും താല്പര്യമില്ല. അടുക്കളയിൽ താൻ ചെയ്യേണ്ട ജോലി എങ്ങനെയെങ്കിലും തീർക്കുക എന്നത് മാത്രമാണ്  അവരുടെ ലക്ഷ്യം. അതിനിടയിൽ കൊച്ചു വർത്തമാനം പറയാനോ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കാനോ അവർക്ക് പറ്റില്ല. ഭക്ഷണം പാകം ചെയ്യാനുള്ള ഒരിടം, അത്രതന്നെ.   അടുക്കള ജോലി മോശമാണെന്ന ഒരു കാഴ്ചപ്പാടാണ് മിക്കവർക്കും. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ശരിയായ രീതിയിൽ രുചിയോടെ ഉണ്ടാക്കി തന്നിരുന്ന അമ്മയുടെ ലോകമായിരുന്ന അടുക്കള,വീടിന്റെ ഒരു പ്രധാന ഭാഗമാണ് - അല്ല ആയിരുന്നു.ഒന്നും ചെയ്യിക്കാതെ മൂലയിൽ ഇരുത്തുന്ന അമ്മയും പൂമുഖത്ത് വെറുതെയിരിക്കുന്ന അച്ഛനും പുതുതലമുറയ്ക്ക് ഒരു ബാധ്യതയായോ? എന്നാൽ അവരാണ് നിങ്ങളെ നിങ്ങൾ ആക്കി തീർത്തത് എന്ന സത്യം പോലും മറക്കുകയാണോ? വയസ്സായ അച്ഛനും അമ്മയും മുറിക്കുള്ളിൽ ഇരുന്നാൽ മതി, സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ അവരുടെ  മുന്നിലേക്ക് വരേണ്ട എന്നുവരെ ആയിട്ടുണ്ടെന്ന് തോന്നുന്നു.പൂമുഖത്തെ അച്ഛനെയും അടുക്കളയിലെ അമ്മയെയും തിരിച്ചറിയുന്നില്ല എങ്കിൽആ തലമുറയ്ക്ക് നഷ്ടമാകുന്നത് ഒരു സംസ്കാരമാണ്.

      പണ്ട് അമ്മ  സ്നേഹപൂർവ്വം പാകം ചെയ്ത് വീണ്ടും വീണ്ടും കഴിക്കാൻ നിർബന്ധിച്ചിരുന്ന ആ നാളുകൾ ഇനി മടങ്ങി വരുമോ? അറിയില്ല. വരുംതലമുറ ചിന്തിക്കട്ടെ....

 ഏറെ സ്നേഹത്തോടെ😊

 മീര നമ്പൂതിരി.