ഫേസ്ബുക്ക് ഫ്രണ്ട്സിനെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. പക്ഷേ അതിലേക്ക് എത്തുന്നതിനുമുമ്പ് ഫ്രണ്ട്സ് ആരാണെന്നും അവരുടെ ചിന്താഗതി എങ്ങനെയായിരിക്കണം എന്ന് കൂടി ഒന്ന് പറയട്ടെ.
നമ്മുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം നമ്മുടെ ചിന്ത രീതിയാണ്. ഇത് ഞാൻ പറഞ്ഞതല്ല, നമ്മുടെ ഉപനിഷത്തുകൾ പറഞ്ഞു തരുന്നതാണ്.
ചിന്തകളെ ശ്രദ്ധിക്കൂ,കാരണം അവയെയാണ് നമ്മുടെ വാക്കുകളായി തീരുന്നത്.
വാക്കുകളെ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ പ്രവർത്തികളായി മാറുന്നത്.
പ്രവർത്തികളെ ശ്രദ്ധിക്കൂ,കാരണം അവയാണ് നമ്മുടെ ശീലങ്ങൾ ആയിത്തീരുന്നത്.
ശീലങ്ങളിൽ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ സ്വഭാവമായി മാറുന്നത്.
സ്വഭാവത്തെ ശ്രദ്ധിക്കൂ, കാരണം അതാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്.
ചുരുക്കത്തിൽ ചിന്തകളാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. നമ്മൾ എന്തായി തീരുമോ അത് ആദ്യം രൂപപ്പെടുന്നത് ചിന്തയിലാണ്. പിന്നീടത് വാക്കുകളായും വാക്കുകൾ പ്രവർത്തിയായും പ്രവർത്തി ശീലമായും ശീലം സ്വഭാവമായും മാറുന്നു. ജാതി-മത പകയും, അക്രമവും, പീഡനവും, മോഷണവും, കൊലപാതകവും എല്ലാം ആദ്യം ഒരാളിൽ രൂപപ്പെടുക ചിന്തയുടെ രൂപത്തിലാണ്. ചിന്തിച്ചു ചിന്തിച്ച് അതു വാക്കുകൾ ആവുന്നു, പിന്നെ പ്രവർത്തിയിലെത്തി ഒടുവിൽ ശീലമായി, സ്വഭാവമായി മാറുന്നു. ഈ സ്വഭാവം തന്നെ അവസാനം അയാളുടെ വിധി കുറിക്കുകയും ചെയ്യും. തുടക്കത്തിൽ തന്നെ ഈ ചിന്തകളെ നിയന്ത്രിക്കാനും തിരുത്താനും സാധിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അധമ പ്രവർത്തികൾ ഒന്നും അയാളിൽ രൂപപ്പെടില്ലായിരുന്നു. ഈ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും എന്ന് ചോദിച്ചാൽ, സത്സംഗത്തിന് വലിയ അളവിൽ തന്നെ സഹായിക്കാൻ സാധിക്കും എന്ന് പറയാം. നല്ല ചിന്തകൾ ഉണ്ടാകാൻ നല്ലവരുമായുള്ള സഹവാസത്തിലൂടെ സാധിക്കും. നല്ല വ്യക്തികളുമായുള്ള സഹവാസവും നല്ല വാക്കുകളും തുടർച്ചയായി കേൾക്കുന്നത് നമ്മളിലെ നന്മകളെ മെല്ലെ തട്ടി ഉണർത്തും. എന്നാൽ പകയും പകപോക്കലുമായി നടക്കുന്നവരുമായി സഹവസിച്ചാൽ നമ്മുടെ മനസ്സിനെ അതെളുപ്പം സ്വാധീനിക്കും എന്ന് നമുക്കറിയാം. ( നിന്റെ സുഹൃത്ത് ആരാണെന്നു പറയൂ, നിന്നെക്കുറിച്ച് ഞാൻ പറയാം.. എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ സ്വാധീനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്) നന്മകൾ ആലോചിച്ചും ചിന്തിച്ചും വളരെ പതുക്കെ മാത്രമേ നമ്മുടെ ഉള്ളിലേക്ക് കടക്കു. പക്ഷേ ഒരിക്കൽ നന്മ നമ്മുടെ ഉള്ളിൽ ഇരുപ്പുറപ്പിച്ചാൽ പിന്നെ അതിൽ മാറ്റം വരുത്താൻ അല്പം പ്രയാസവുമാണ്. ഈ ചിന്തകളുടെ സ്വാധീനം എത്രയുണ്ട് എന്നറിയാൻ നമ്മളിലേക്ക് തന്നെ ഒന്ന് നോക്കിയാൽ മതി. നമ്മുടെ ഇഷ്ടവും വെറുപ്പും എല്ലാം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമുക്ക് തന്നെ മനസ്സിലാക്കാം. ഇതൊന്നും രൂപപ്പെട്ടത് ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ഒന്നുമല്ല. വളരെക്കാലം ചിന്തിച്ച് നമ്മൾ അങ്ങനെ ആയതാണ്. മറ്റു രാഷ്ട്രീയ പാർട്ടികളോടും അന്യമതക്കാരോടും ഉള്ള ദേഷ്യവും വെറുപ്പും എല്ലാം ഒരാളിൽ ഉണ്ടാകുന്നത് നീണ്ടകാലത്തെ ചിന്തകളുടെ ഫലമാണ്. ഒരിക്കൽ ഏതെങ്കിലും ഒന്നിനോട് ചേർന്ന് നിന്ന് ചിന്തിക്കാൻ തുടങ്ങിയാൽ, അതിന് അനുകൂലമായ വിധത്തിലുള്ളവയെ മാത്രം നമ്മൾ കണ്ടെത്തുകയും നമ്മുടെ വെറുപ്പ് കൂടുതൽ ശക്തമാകുകയും ചെയ്യും. ഇതോടെ സമാധാനവും നഷ്ടപ്പെടും.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. കഴിഞ്ഞദിവസം എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോളി അടിമത്ര അവളുടെ ജോൾസ് ടോക്ക് എന്ന യൂട്യൂബ് ചാനലിൽ, പല യൂട്യൂബ് കാണുന്ന ആൾക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളെപ്പറ്റി പറയുകയുണ്ടായി. സ്ത്രീകൾ നടത്തുന്ന പരിപാടി ആണെങ്കിൽ, " അമ്മച്ചി,തള്ള, വലിയമ്മച്ചി തുടങ്ങിയ സംബോധനകളും" ഇങ്ങനെ പറയുന്ന നിങ്ങൾക്ക് വട്ടാണ്" എന്നുമൊക്കെ പറയുന്നതിനെ കുറിച്ച് വിവരിച്ചു. സത്യമാണ്. സ്ത്രീകളെ കുറ്റപ്പെടുത്തുവാൻ മിക്കവർക്കും ഒരു പ്രത്യേക ഉത്സാഹമാണ്. അവർ എന്തെങ്കിലും പറഞ്ഞാൽ അത് കുറ്റം, എഴുതുന്നതെല്ലാം അബദ്ധങ്ങൾ, ഇതു പറയാൻ മാത്രം അവർക്ക് വിവരമില്ല എന്നൊക്കെയാണ് മിക്കവരുടെയും കമന്റ്. ഇങ്ങനെ സ്ത്രീകളെ അപമാനിക്കാൻ അവർക്ക് ബുദ്ധിമുട്ട് തോന്നാത്തത് അവരുടെ ചിന്തകളുടെ പ്രതിഫലനമാണ്. എന്നും അവരുടെ മനസ്സിൽ ഈ രീതിയിലുള്ള ചിന്തകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വാക്കുകളായും പ്രവർത്തിയായും ശീലമായും സ്വഭാവമായും മാറിയിരിക്കുന്നു. ഈ രീതി മാറണമെങ്കിൽ അവർ സ്വയം മനസ്സിലാക്കി, അവരുടെ ചിന്താരീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരണം. നമ്മൾ ഇടുന്ന പോസ്റ്റുകൾ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമായെങ്കിൽ നല്ലത്. ഇഷ്ടമായില്ല എങ്കിൽ വേണമെങ്കിൽ അതിന്റെ കാരണം പറയാം. ഇല്ലെങ്കിൽ മിണ്ടാതിരിക്കാം. അതിനുപകരം എഴുതിയവരെ പരസ്യമായി കളിയാക്കുകയും അപഹസിക്കുകയും ചെയ്യുന്നതൊന്നും മഹത്തായ കാര്യമായി ആരും കാണുകയില്ല. മറിച്ച് ഇങ്ങനെയുള്ള കമന്റ് ഇടുന്നവർക്കെതിരെ ആവും മിക്കവരും ചിന്തിക്കുക. സ്വയം ഒന്നും നേടാൻ ആവുന്നില്ലെങ്കിൽ നേടുന്നവരെ അപമാനിച്ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഇത്തരക്കാരോട് "ഹാ!കഷ്ടം" എന്നേ പറയാൻ കഴിയൂ.
യൂട്യൂബിൽ മാത്രമല്ല ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയാലും സംഗതിയിൽ വലിയ മാറ്റമൊന്നും ഒന്നും ഉണ്ടാകുന്നില്ല. ഒരു വ്യക്തിയെ ഫ്രണ്ട് ആയി ക്ലിക്ക് ചെയ്താൽ ഉടൻ ചാറ്റിങ് ആയി ചിലർ ഇറങ്ങും. " ഇപ്പോ എന്ത് ചെയ്യുവാ", " വീട്ടിൽ ആരൊക്കെയുണ്ട് ", " സംസാരിക്കാൻ പറ്റുമോ" എന്ന് വേണ്ട, അറിയേണ്ടാത്തതായി ഒന്നുമില്ല. നമുക്കറിയാവുന്നവരെയും നമുക്ക് അറിയാത്തവരും എന്നാൽ നല്ലവരാണെന്ന് തോന്നുന്നവരേയുമാണ് ഇതിൽ ഫ്രണ്ടായി കൂട്ടുക. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളോട് സംസാരിക്കാനും വിശേഷം പങ്കുവെക്കാനും എന്നെപ്പോലെ വിമുഖതയുള്ളവർ ധാരാളമുണ്ട്. ഇടുന്ന പോസ്റ്റുകളോ വാർത്തകളോ എഴുതുന്ന ലേഖനങ്ങളോ ഇഷ്ടപ്പെട്ട്, അഭിപ്രായം പറയുന്നത് മനസ്സിലാക്കാം. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. ചാറ്റ് ചെയ്യാൻ പോകുന്ന വ്യക്തിയുടെ പ്രായമോ, ജോലിയോ, കഴിവോ,താൽപര്യമോ ഒന്നും അറിയാതെ ചാറ്റിങ്ങിന്ഇറങ്ങുന്നവർ. കലാകൗമുദിയിൽ ഞാൻ എഴുതുന്ന ലേഖനങ്ങൾ വായിച്ച് ഒരാൾ അഭിപ്രായം പറയാറുണ്ടായിരുന്നു. വെറും സാധാരണക്കാരനായ ഒരു വായനക്കാരൻ. അഭിപ്രായം പറയുകയല്ലാതെ അതിനപ്പുറം ഒരു വാക്കുപോലും അദ്ദേഹം ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നമ്പർ അല്ലാതെ പേര് പോലും എനിക്കറിയില്ല. ഞാൻ മൂന്ന് കൊച്ചുമക്കളുടെ മുത്തശ്ശിയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നത് പോലും അടുത്തിടെയാണ്. അതറിഞ്ഞതോടെ കൂടുതൽ ബഹുമാനം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതാണ് സൗഹൃദം. അല്ലാതെ" ഊണ് കഴിച്ചോ ", " എന്തായിരുന്നു കൂട്ടാൻ " " ഇപ്പോ വീട്ടിൽ ആരുണ്ട്" എന്നൊക്കെ ചാറ്റ് ചെയ്യൽ അല്ല. ഫ്രണ്ട്ഷിപ്പ് എന്നത് രണ്ട് പേർ തമ്മിലുള്ള ഒരു അടുപ്പമാണ്, അല്ലാതെ അടിച്ചേൽപ്പിക്കലല്ല.
കഴിഞ്ഞതവണ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ സ്കൂളുകളിൽ നടക്കുന്ന ലഹരി വില്പനയെ കുറിച്ച് എഴുതിയിരുന്നു. കുഞ്ഞുങ്ങളുടെ ഭാവിയോർത്തുള്ള വേദനയിലാണ് ഞാനത് എഴുതിയത്. അത് വായിച്ച് ധാരാളം പേർ അഭിനന്ദിച്ചു. എന്നാൽ ഒരാൾ കമന്റ് ഇട്ടത് " നിങ്ങൾ എഴുതിയതുകൊണ്ട് എന്താ ഞങ്ങൾ ലഹരി വില്പന നിർത്തുമോ? ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. " എന്നായിരുന്നു. സത്യമാണ്. ഞാൻ ഇത് എഴുതിയത് കൊണ്ട് ആരെങ്കിലും ലഹരി കച്ചവടം നിർത്തി നല്ല വഴിക്ക് തിരിയും എന്നൊന്നും വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല. പക്ഷേ ഇതു പറയാൻ കാണിച്ച ആ അഹങ്കാരത്തിനോട്, പ്രതികരിക്കാതെ, നിശബ്ദമായിരിക്കുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറഞ്ഞു. നിശബ്ദമായി ഞാൻ അയാളുടെ പേര് ഡിലീറ്റ് ചെയ്തു. ഇത്തരം വ്യക്തികൾ സൗഹൃദത്തിന് തന്നെ അപമാനമാണ്... ഭാരമാണ്.
അതുകൊണ്ടുതന്നെ പലരും ഏറെ ശ്രദ്ധയോടെയാണ് ഫേസ്ബുക്ക് ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുന്നത്.
ദയവായി ഒരു പരിധിയിൽ കൂടുതൽ സ്വാതന്ത്ര്യം അന്യ വ്യക്തിയോട് കാട്ടരുത്. അവരുടെ അനുവാദത്തോടെ നിങ്ങളുടെ സൗഹൃദം മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ.
വീണ്ടും മറ്റൊരു വിഷയവുമായി കാണാം.
ഏറെ സ്നേഹത്തോടെ
മീരാ നമ്പൂതിരി
No comments:
Post a Comment