Thursday, July 25, 2024

ജനപ്രതിനിധികളെ ഇറക്കേണ്ട ആമയിഴഞ്ചാൻ തോട്

   ആമയിഴഞ്ചാൻ തോട്ടിലെ വാർത്തകൾ വീണ്ടും ജനരോഷത്തിലേക്ക്. ഇവിടേക്കു മാലിന്യം എറിഞ്ഞവരെ തടഞ്ഞ രണ്ട് ശുചീകരണ തൊഴിലാളികളെ അതിക്രൂരമായി ആക്രമിച്ചിരിക്കുന്നു. ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണശേഷം ഇവിടേക്ക് മാലിന്യം എറിയുന്നവരെ പിടിക്കാനായി കോർപ്പറേഷൻ നിയമിച്ചവരായിരുന്നു രാഹുലും രാജീവും. മാലിന്യം എറിഞ്ഞവരെ തടയാൻ ശ്രമിച്ചതിന് ആയിരുന്നു ഇവരെ മർദ്ദിച്ചത്. ആക്രമണം നടത്തിയവർക്കെതിരെ പോലീസ്സ് പോലും കേസെടുക്കാൻ വൈകിയതായി ആരോപണമുണ്ട്. തോട് വൃത്തിയാക്കലിൽ കളക്ടറുടെ അഭിനന്ദനങ്ങൾ ലഭിച്ച  ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു രാഹുലിന്റെ നേരെയുള്ള ഈ ആക്രമണം.

          2024 ജൂലൈ 13 ശനിയാഴ്ച രാവിലെ 11 മണി യോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴാഞ്ചൻ  തോട് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായത്. ജോയിയെ കണ്ടെത്താനായി പലവിധത്തിലും ശ്രമിച്ചു  എങ്കിലും തോട്ടിലെ മാലിന്യ കൂമ്പാരം കാരണം കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 15 തീയതി ജോയിയുടെ മൃതദേഹം മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തെ മാധ്യമങ്ങൾ അന്ന് ഈ സംഭവത്തിന് പ്രാധാന്യം നൽകിയെങ്കിലും പുതിയ വാർത്തകൾ വന്നപ്പോൾ ഇതും വിസ്മൃതിയിലേക്ക് പോയി. ഇനി വീണ്ടും ഇതേക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ വീണ്ടും ആരെങ്കിലും ഈ മലീമസമായ തോട്ടിൽ വീഴണം എന്ന് തോന്നുന്നു. എന്തിനു മാധ്യമങ്ങൾ, സർക്കാർ പോലും ഇന്നു നിശബ്ദമാണ്. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചു കൊടുക്കും (?) എന്ന് പറഞ്ഞതോടെ അവരുടെ ഉത്തരവാദിത്വം തീർന്നു എന്ന് തോന്നുന്നു. ആ അമ്മയ്ക്ക് പക്ഷേ ഒരു വീട് കിട്ടിയാലോ കുറെ രൂപ കിട്ടിയാലോ തന്റെ മകനെ മറക്കാൻ കഴിയില്ലല്ലോ. എന്നും ആ മാതൃഹൃദയത്തിൽ ഒരു വേദനയായി ജോയി ഉണ്ടാകും എന്നതിൽ സംശയമില്ല.

       ജോയിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? വർഷങ്ങളായി വൃത്തിയാക്കാൻ ശ്രമിക്കാത്ത ഈ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യത്തോട്ടിലേക്ക് യാതൊരുവിധ സുരക്ഷണോപാധികളും നൽകാതെ ഒരു മനുഷ്യനെ വൃത്തിയാക്കാനായി ഇറക്കിയത് ആരായാലും അവർ മാപ്പ് അർഹിക്കുന്നില്ല. നമ്മൾ നടന്നു പോകുമ്പോൾ ചെളിയിൽ ഒന്ന് ചവിട്ടിയാൽ,ദേഹത്ത് കാക്കയൊന്ന് കാഷ്ടിച്ചാൽ നമ്മുടെ മുഖം,വൃത്തികേട് എന്ന ഭാവത്തിൽ ചുളിക്കുന്നത് നമുക്കറിയാം. അപ്പോൾ മനുഷ്യ വിസർജ്യങ്ങളും, ഇറച്ചി മാലിന്യങ്ങളും അടക്കമുള്ള എല്ലാം വൃത്തികേടുകളും നിറഞ്ഞ തോട്ടിലേക്കാണ്ജോയി വീഴുന്നത്.  അന്ന് ആ മനുഷ്യൻ അനുഭവിച്ച ദുരിതം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളുടെ ബാക്കിയും മറ്റും - അടുക്കള വേസ്റ്റ് എന്ന് പറയാം- ശുചീകരണ പ്രവർത്തകർക്ക് നൽകാനായി നമ്മൾ സൂക്ഷിക്കുന്നതു പോലും അത് അടച്ചുവച്ചാണ്. അതിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പോലും നമുക്ക് സഹിക്കാൻ കഴിയില്ല, അല്ലേ. ( നമ്മുടെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന വരെ കാണുമ്പോൾ സത്യത്തിൽ വളരെ ദുഃഖം തോന്നും. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാവുമല്ലോ അവർ ഈ ജോലി ചെയ്യുന്നത്). അപ്പോൾ ആ തോടിന്റെ സ്ഥിതി എന്തായിരിക്കുംഎന്ന്ഒ ന്ന് ചിന്തിച്ചു നോക്കൂ. ആ തോടിന്റെ സമീപത്ത് കൂടി  പോകുമ്പോൾ ആ ദുർഗ്ഗന്ധത്തിന്റെ രൂക്ഷത നമുക്ക് മനസ്സിലാകും. 

    എന്തുകൊണ്ടാണ് ഭരണാധികാരികൾ ഇതൊന്നും കാണാത്തത്? ഇതൊന്നും അവരെ വ്യക്തിപരമായി ബാധിക്കാത്തതുകൊണ്ടാണോ? നഗരത്തിലെ വെള്ളക്കെട്ടിന് കാരണവും ഈ കെട്ടിക്കിടക്കുന്ന മാലിന്യം നിറഞ്ഞ ആമ ഇഴഞ്ചാൻ  തോട് തന്നെ. എന്നിട്ടും തിരുവനന്തപുരം കോർപ്പറേഷനോ സംസ്ഥാന സർക്കാരോ ഇതു നിയന്ത്രിക്കാനുള്ള  യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന സത്യം രോഷമുളവാക്കും. കഷ്ടമാണ് സർക്കാരേ.. നഗരം ശുചിയായ സൂക്ഷിക്കേണ്ടത് സർക്കാർ ആണ്, അത് കോർപ്പറേഷൻ വഴി ആയാലും  പഞ്ചായത്ത് വഴി ആയാലും. ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം നഗരിയിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള നഗരങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭംഗി. 

     മാലിന്യനിർമാർജനത്തിന് ശരിയായ സംവിധാനം ഉണ്ടെങ്കിൽ പിന്നെ ആരും തോട്ടിലും റോഡ് സൈഡിലും ഒന്നും മാലിന്യ കൊണ്ട് തള്ളുകയില്ല. അതില്ലാത്തതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. വീടുകളിലെ മാലിന്യം നീക്കം ചെയ്ത് സംഭരിച്ച് അതിൽ നിന്നും എനർജി ഉണ്ടാക്കി ബാക്കിയുള്ളവ വളം ആക്കി മാറ്റിയാൽ പിന്നെ മാലിന്യ പ്രശ്നം ഉണ്ടാകുന്നില്ല. ഇതേക്കുറിച്ച് പഠിക്കാൻ വിദേശത്തൊന്നും പോകേണ്ട ആവശ്യമില്ല, ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം എന്ന് ജനങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ ലഭ്യത കുറയ്ക്കാനുള്ള ശ്രമമാണ് ആദ്യം സർക്കാർ നടപ്പാക്കേണ്ടത്. എപ്പോഴും എവിടെയും കിട്ടുന്ന രീതിയിൽ ഉള്ള ഈ വസ്തു ഉപയോഗിക്കരുത് എന്ന് പറയുന്നതുകൊണ്ട് എന്ത് പ്രയോജനം. ഇന്ന് സാധനങ്ങളെല്ലാം തന്നെ ലഭിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും ആണ്. ഈ പ്ലാസ്റ്റിക് സാധനങ്ങൾ സാധാരണക്കാരൻ എന്ത് ചെയ്യും? ഒന്നുകിൽ കത്തിക്കും അല്ലെങ്കിൽ പ്ലാസ്റ്റിക് എടുക്കാൻ വരുന്നവർക്കു കൊടുക്കും. ഇനി അതുമല്ല എങ്കിൽ കാണുന്നിടത്ത് നിക്ഷേപിക്കും. അത് പാടില്ല എങ്കിൽ ആദ്യം അത് കളയാനുള്ള സ്ഥലം കാണിച്ചുകൊടുക്കണം. അവിടെ ഇട്ടില്ല എങ്കിൽ ശിക്ഷിക്കുന്നതിൽ അർത്ഥമുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക്കിന്റെ ഉറവിടം എന്നത് കടകൾ തന്നെയാണ്. അവിടെ നിന്നാണ് അവന് പ്ലാസ്റ്റിക് കവറിൽ ആക്കി സാധനങ്ങൾ ലഭിക്കുന്നത്. അല്ലാതെ ജനങ്ങൾ ആരും വീട്ടിൽ പ്ലാസ്റ്റിക് ഉണ്ടാക്കുകയല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത്  കടകളിലെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗത്തെയാണ്.  പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കളയുവാൻ ആയി ഓരോ ജംഗ്ഷനിലും പ്രത്യേകം പ്രത്യേകം ബിന്നുകൾ വച്ചാൽ ജനങ്ങൾക്കും കോർപ്പറേഷനും സൗകര്യപ്രദം ആയിരിക്കും. പൊതുജനങ്ങൾ അവിടെ കൊണ്ടു നിക്ഷേപിക്കുകയും കോർപ്പറേഷന് സൗകര്യപൂർവ്വം അത് എടുത്തു കൊണ്ടു പോകാൻ സാധിക്കുകയും ചെയ്യും. അതൊന്നും ചെയ്യാതെ ജനങ്ങളുടെ മേലേക്ക് കുതിര കയറുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. 

   ജോയിയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. സംഭവം നടക്കുമ്പോൾ അദ്ദേഹം പാലക്കാട്ട് ആയിരുന്നു ഈ സംഭവം പെട്ടെന്നായിരുന്നു അതുകൊണ്ട് വരാൻ സാധിച്ചില്ല( അപ്പോൾ ജോയി അദ്ദേഹത്തെ നേരത്തെ വിളിച്ചു പറഞ്ഞിരിക്കണമായിരുന്നു, അല്ലേ ). അദ്ദേഹം രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒന്ന് സംഭവദിവസവും മറ്റൊന്ന് മൃതദേഹം കിട്ടിക്കഴിഞ്ഞും. ( അദ്ദേഹം തന്നെയാണ് "ഞാൻ രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട് "എന്ന് പറഞ്ഞത് ) അത്രമാത്രമേ അദ്ദേഹത്തിന് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു. അല്ല! ഇങ്ങനെ പോസ്റ്റിടാൻ ആണോ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനങ്ങൾ എംപി ആയി തിരഞ്ഞെടുത്തത്? നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ലെങ്കിൽ പിന്നെ ഒരു എംപി എന്തിന്? പോസ്റ്റ് ഇടുന്നതാണോ പ്രശ്നപരിഹാരം? പോസ്റ്റ് ഇടുന്നത് അത്ര മഹത്തായ കാര്യമാണെങ്കിൽ ഇലക്ഷന് വോട്ട് ചെയ്യാതെ അദ്ദേഹത്തിന് ഓരോ പോസ്റ്റ് ഇട്ടാൽ മതിയായിരുന്നല്ലോ. അപ്പോൾ പോസ്റ്റും വോട്ടും തമ്മിൽ വ്യത്യാസമുണ്ട്. ഇതുപോലെയാണ് പ്രവർത്തിയും പോസ്റ്റും തമ്മിലും . കഷ്ടമാണ് MP. നിങ്ങൾ ഇവിടെ എത്താത്തതോ ഒന്നും ചെയ്യാത്തതോ പോകട്ടെ പക്ഷേ ദയവായി ഇങ്ങനെ  വിഡ്ഢിത്തം പറയരുത്. ജോയ് മരിച്ചത് പ്രകൃതിദുരന്തത്തിൽ അല്ല, രോഗം വന്നുമല്ല. ഇവിടുത്തെ ഭരണാധികാരികളുടെ വീഴ്ചകൊണ്ട് മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട്ടിൽ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ്. ഇവിടുത്തെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ നിങ്ങൾ ശ്രമിച്ചില്ല. പകരം പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരുന്നു. പൊതു ജനസേവകരെന്ന് പറയുന്ന നിങ്ങൾക്ക് നാണമില്ലേ? ഈ ജനങ്ങളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ രാഷ്ട്രീയപ്രവർത്തകരായ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? 

      ഇതിനു വരുന്ന ചിലവിനെ കുറിച്ചാണ് എപ്പോഴും എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നത്. ഒരു എംപിക്ക്  തന്റെ പ്രദേശത്തെ വികസനത്തിനായി MPLADS പ്രതിവർഷം ലഭിക്കുന്ന ഫണ്ട് അഞ്ചു കോടി രൂപയാണ്. (Member of Parliament Local Area Development Scheme). കുടിവെള്ളം, വിദ്യാഭ്യാസം,  പൊതുആരോഗ്യം,  ശുചിത്വം എന്നിവയ്ക്കാണ് അത് നൽകുന്നത്. നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നാലാമത്തെ പ്രാവശ്യമാണ് എംപിയായി ഇവിടെ തെരഞ്ഞെടുത്തത്. അതായത് ഒരു വർഷം അഞ്ചു കോടി വെച്ച് അഞ്ചുവർഷത്തേക്ക് 25 കോടി രൂപ. ഇങ്ങനെ നാല് പ്രാവശ്യം. ഒന്നോർത്തു നോക്കൂ. ഈ ഫണ്ട് മാത്രം മതിയായിരുന്നല്ലോ ഈ  ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ.  അതിന് പകരം എംപിമാർ ചെയ്യുന്നത് എന്താണെന്നോ. കുറെ കമ്പികൾ കൊണ്ട് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത ബസ്റ്റാൻഡ് ഉണ്ടാക്കും. എന്നിട്ട് സ്വന്തം പേരും ചിലവാക്കിയെ തുകയും എഴുതി വയ്ക്കും. എഴുതിവെച്ച തുക കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ഇനി ഇത് സ്വർണ്ണം പൂശിയതാണോ എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. 

സത്യത്തിൽ ആ തോട് വൃത്തിയാക്കേണ്ടത്  ജനസേവകർ എന്ന് അഭിമാനിക്കുന്ന  ഇവിടുത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാരെ കൊണ്ടാണ്. പണത്തിന്റെ തിളക്കത്തിൽ മാലിന്യം ഒഴുക്കുന്നവരുടെ നേരെ കണ്ണടയ്ക്കുന്ന നിങ്ങളാണ് ഇതിന് ഉത്തരവാദികൾ. ജോയിയുടെ ആത്മാവ് നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല. 

 ജോയിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് 

 മീര നമ്പൂതിരി 🙏🙏

No comments: