Thursday, July 4, 2024

ഗുരുത്വമില്ലാത്തവർ

   സാധാരണ ആഴ്ചയിൽ ഒരിക്കലാണ് ഞാൻ ബ്ലോഗ് എഴുതാറ്. പക്ഷേ അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. 2024 ജൂലൈ രണ്ടിന് കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിലെ വിദ്യാർഥികളും പ്രവർത്തകരും ചേർന്ന് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ ഭാസ്കറിനെ ആക്രമിച്ച വാർത്ത കണ്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയ വാക്കാണ് "ഗുരുത്വമില്ലാത്തവർ".  തങ്ങളുടെ അധ്യാപകനെ അടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥിയെ മറ്റെന്താണ് വിളിക്കുക. നമ്മുടെ ഭാരതീയ സംസ്കാരം എത്രമാത്രം അധപതിച്ചു എന്ന് വീണ്ടും അടിവരയിടുകയാണ് ഈ സംഭവത്തിലൂടെ. 

 ഒരു വ്യക്തിക്ക് ആദ്യം വേണ്ടത് ഗുരുത്വമാണ്. അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. " മാതാപിതാ ഗുരു ദൈവം " ഇവരെ ആരാധിക്കാനാണ് നമ്മുടെ പൈതൃകം നമ്മളെ പഠിപ്പിക്കുന്നത്. ആരാധിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ? ഒരു പ്രായത്തിൽ ഈ വാക്കുകളുടെ മഹത്വമൊന്നും അവർക്ക് മനസ്സിലാവില്ല. മറ്റുപല "പ്രസ്ഥാന"ങ്ങളുമാണ് അവരുടെ തലയിലും മനസ്സിലും. അതിനുവേണ്ടി പോരാടുക, ആരുടെയും - അത് അച്ഛനായാലും അമ്മയായാലും ഗുരുവായാലും- തല തല്ലി പൊളിക്കാനോ കാരണത്തടിക്കാനോ അവർക്ക് മടിയില്ല. പക്ഷേ ഇവരിൽ ഒഴുകുന്ന ചോരയുടെ ചൂട് കുറയുന്ന ഒരു നാൾ വരും. എന്നും ആരും യുവാക്കൾ ആയിരിക്കില്ലല്ലോ. അന്ന് പശ്ചാത്തപിക്കും, പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ലെങ്കിലും. 

   ഗുരുത്വമില്ലായ്മ എന്താണെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ വീട്ടിലെ മുതിർന്നവർക്ക് ഇത് മനസ്സിലാക്കി കൊടുക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വഭാവരൂപീകരണം നടക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. എന്ത് കണ്ടാലും കേട്ടാലും ആ പ്രായത്തിൽ അവരുടെ കുഞ്ഞുമനസ്സ് അത് ഒപ്പിയെടുക്കും. പിന്നീട് അതനുസരിച്ച് ആയിരിക്കും അവരുടെ ജീവിതശൈലി തന്നെ രൂപീകരിക്കപ്പെടുന്നത്. അപ്പോൾ ഇത്തരം കുട്ടികളുടെ ഈ സ്വഭാവ വൈകൃതം കുട്ടിക്കാലത്ത് തന്നെ രൂപീകരിക്കപ്പെട്ടതാവും. അവരുടെ മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വല്ലാതെ ലജ്ജ തോന്നുന്നു. മറ്റുള്ളവരെ- പ്രത്യേകിച്ചും ഗുരുതുല്യരെ -ആക്രമിക്കാനാണോ ഇവർ പഠിപ്പിച്ചു കൊടുത്തത്. ഇതാണോ വിദ്യാഭ്യാസം കൊണ്ട് അവർ ഉദ്ദേശിച്ചത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. വീട്ടിൽ അടിച്ചില്ലെങ്കിൽ നാട്ടിൽ അടി കിട്ടും എന്നും ഒരു പഴമൊഴി ഉണ്ട്. 

  ഗുരുത്വത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ഒരു പഴയ കഥയാണ് ഓർക്കുന്നത്.  പലർക്കും അറിയാവുന്ന ഒരു കഥയായിരിക്കും  പുരാണത്തിലെ സുകുമാരൻ എന്ന വിദ്യാർത്ഥിയുടെ കഥ. മിടുമിടുക്കൻ ആയിരുന്ന സുകുമാരനെ ഗുരു എന്നും ശിക്ഷിക്കുമായിരുന്നു. മറ്റു വിദ്യാർത്ഥികൾക്ക് സുകുമാരന്റെ പകുതിപോലും കഴിവില്ലായിരുന്നു എങ്കിലും അവർക്ക്    ഗുരുശിക്ഷ ലഭിച്ചിരുന്നില്ല. ഇത് കണ്ട് സുകുമാരന് വല്ലാത്ത  ദുഃഖവും ദേഷ്യവും തോന്നി. ഗുരുവിനെ അപായപ്പെടുത്താനായി അദ്ദേഹത്തിന്റെ കിടക്ക മുറിയുടെ മുകളിൽ ഒരു വലിയകല്ലുമായി ഒളിച്ചിരുന്നു. അപ്പോഴാണ് ഗുരുപത്നി " അങ്ങ് എന്താണ് സുകുമാരനെ ഇത്രമാത്രം ശിക്ഷിക്കുന്നത് "എന്ന് ചോദിച്ചത്. അപ്പോൾ ഗുരു, തനിക്ക് ഏറ്റവും ഇഷ്ടം സുകുമാരനെ ആണെന്നും അവനിലെ അഹന്തയും അഹങ്കാരവും പൂർണ്ണമായി നശിപ്പിച്ച് നല്ലൊരു വ്യക്തിയാക്കി തീർക്കാനാണ് അവനെ കഠിനമായി ശിക്ഷിക്കുന്നതെന്നും, ഓരോ ശിക്ഷ അവന് നൽകുമ്പോഴും താൻ വല്ലാതെ വേദനിക്കാറുണ്ട് എന്നും ഗുരു പറഞ്ഞു. ഇത് കേട്ട സുകുമാരൻ പശ്ചാത്താപത്താൽ നീറി. അവിടെനിന്നും ആരും അറിയാതെ പുറത്തിറങ്ങിയ സുകുമാരൻ പിറ്റേദിവസം ഗുരുവിനെ കണ്ടു " ഗുരുഹത്യ ചെയ്യുവാൻ  മനസ്സിൽ വിചാരിച്ചവരുടെ ശിക്ഷ എന്താണെന്ന് ഗുരുവിനോട് ചോദിച്ചു. " ഉമിത്തീയിൽ നീറി മരിക്കണം " എന്നാണ് ഗുരു പറഞ്ഞത്. ഉടൻ തന്നെ ഉമി കൂട്ടി തീയിട്ട് സുകുമാരൻ അതിലിരുന്നു. ആരും അറിഞ്ഞില്ല എങ്കിലും സ്വന്തം മനസ്സാക്ഷിയെ ഒളിക്കാൻ സുകുമാരൻ തയ്യാറായില്ല. സ്വയം ശിക്ഷ സ്വീകരിക്കുകയായിരുന്നു. ഈ പാഠങ്ങൾ പഠിച്ച നമ്മുടെ മുമ്പിലാണ് അധ്യാപകരെ കൈയേറ്റം ചെയ്യുന്ന വിദ്യാർഥികൾ ഒരു കൂസലും ഇല്ലാതെ വിലസുന്നത്. 

       

  25 വർഷത്തെ അധ്യാപന പരിചയം ഉള്ള ഡോക്ടർ സുനിൽ ഭാസ്കറിനെതിരെ ഇവർ അക്രോശിക്കുന്നത്  ടീവിയിൽ കണ്ടു. അദ്ദേഹത്തെ രണ്ടു കാലിൽ കോളേജിൽ കയറ്റില്ല,പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടും,ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം,തങ്ങൾ പറയുന്നത് ചെയ്യാനുള്ള കഴിവുണ്ടെന്നും ഇവർ അലറി വിളിക്കുന്നത് കേട്ടു. അധ്യാപകർ എന്താണെന്ന് മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിപ്പുള്ള മുൻ തലമുറയോടൊന്നു ചോദിച്ചാൽ മതി. കുട്ടികൾ തെറ്റ് ചെയ്താൽ അന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. ഒരു രക്ഷകർത്താക്കളും അത് ചോദ്യം ചെയ്തിരുന്നുമില്ല. എന്തിന്, കുറ്റങ്ങൾക്ക് ശിക്ഷിക്കുന്ന അധ്യാപകരോട് മാതാപിതാക്കൾക്ക് ഒരു പ്രത്യേക ഭയഭക്തിയും ഉണ്ടായിരുന്നു. ഇനി കുട്ടികൾ അധ്യാപകൻ അടിച്ചതായി വീട്ടിൽ പരാതി പറഞ്ഞാൽ അവിടെ നിന്നും കൂടി അടി കിട്ടുമെന്ന് ഉറപ്പ്. ഇന്ന് അധ്യാപകർക്ക് കുട്ടികളെ ഭയമാണ്. അധ്യാപകർ മാത്രമല്ല അച്ഛനും അമ്മയും മക്കളെ ഭയന്നാണ് ജീവിക്കുന്നത്. 

     ഡോക്ടർ സുനിൽ ഭാസ്കർ നെതിരെയുള്ള ആക്രമണം ആദ്യത്തേതൊന്നുമല്ല എന്ന് നമുക്കറിയാം. 2016 മാർച്ച് 31ന് റിട്ടയർ ചെയ്ത വിക്ടോറിയ കോളേജ്പ്രിൻസിപ്പൽ ഡോക്ടർ  T. സരസുവിന് റിട്ടയർമെന്റ് ഗിഫ്റ്റ് ആയി ഒരു ശവപ്പെട്ടി( സിംബോളിക് ) സമ്മാനമായി നൽകിയത് ഇതേ വിദ്യാർത്ഥി പ്രസ്ഥാനത്തിലുള്ളവരായിരുന്നു. അന്ന് അതിനെ വിദ്യാർത്ഥികളുടെ കലാപാടവമായാണ്  M A ബേബി വിലയിരുത്തിയത്. 2016 ൽ തന്നെ വിദേശകാര്യ നയതന്ത്രജ്ഞനും അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ആയ ഡോക്ടർ ടി പി ശ്രീനിവാസനെ ആക്രമിച്ചതും, ചാൻസലറായ ആരിഫ് മുഹമ്മദ് ഖാനുമായി തെരുവിൽ ഏറ്റുമുട്ടിയതും, 2017ൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ എൽ ബീനയുടെ കസേര തീഇട്ടതും ( ഭാഗ്യം, അവരെ ശാരീരികമായി ആക്രമിച്ചില്ല) ഒന്നും മറക്കാനുള്ള സമയമായിട്ടില്ല. വിദ്യാർത്ഥികളെ ഈ നിലയിലേക്ക് കൊണ്ട് എത്തിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർ തന്നെയാണ്. 

     ഇനിയെങ്കിലും കുട്ടികളെ ഗുരുത്വം എന്താണെന്ന് ദയവായി  മനസ്സിലാക്കി കൊടുക്കണം. മാതാപിതാ ഗുരു ദൈവം ഇതിന്റെ പ്രാധാന്യം ജീവിതത്തിൽ എത്രമാത്രം ഉണ്ടെന്ന് കുഞ്ഞായിരിക്കുമ്പോൾ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. വീടുകളിലും വിദ്യാലയങ്ങളിലും ഇതിനു പ്രാധാന്യം നൽകിയാലേ വരുന്ന തലമുറയിലൂടെ എന്തെങ്കിലും നന്മയുണ്ടാകു. സന്മാർഗത്തിന് പ്രാധാന്യം നൽകുന്ന കഥകൾ കുഞ്ഞായിയിരിക്കുമ്പോൾ മുതൽ അവർക്ക് പറഞ്ഞു കൊടുക്കണം. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പഠിപ്പിക്കണം. ഗുരുത്വം ഉള്ളവരാക്കി അവരെ വളർത്തണം. വളർന്നുവരുന്ന അവർ ആക്രമണകാരികളും കള്ളന്മാരും  കള്ളക്കടത്തുകാരും  കൊലപാതകികളുമായല്ല , സദാചാരികളും സന്മാർഗികളും പരസ്പരം ബഹുമാനവും സ്നേഹവും ഉള്ള വ്യക്തികളായി വേണം ഇവിടെ ജീവിക്കാൻ.      നമുക്കും നാടിനും നാളെ തണലാകേണ്ടവരാണിവർ.  ഇവരെ കയ്യൊഴിയരുത്. 

 ഈ സംഭവങ്ങൾ മനസ്സിലുണ്ടാക്കുന്ന വിങ്ങൽ എത്രയാണെന്ന് മനുഷ്യസ്നേഹികളായ നമുക്ക് ഓരോരുത്തർക്കും മനസ്സിലാകും. കൊയിലാണ്ടി കോളേജിൽ നടന്നത്  ഇത്തരത്തിലുള്ള അവസാനത്തെ സംഭവം ആകട്ടെ എന്ന് ആഗ്രഹിക്കാം പ്രാർത്ഥിക്കാം. 

 വരും തലമുറയുടെ നന്മയ്ക്കായി  പ്രാർത്ഥിച്ചുകൊണ്ട്,


 മീരാ നമ്പൂതിരി


  

No comments: