Monday, August 10, 2026

സ്ത്രീകളുടെ, അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം

 ഹോ! ഇത് കേട്ടപ്പോൾ തന്നെ സ്ത്രീകളെല്ലാം കോൾമയിർ കൊണ്ടു.

 എന്താ! അല്ലേ?

 മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ ഈ വാർത്ത കേട്ട് സന്തോഷത്താൽ ഒരുപക്ഷേ ഹൃദയാഘാതം വന്നേനെ. അദ്ദേഹമാണല്ലോ "സ്ത്രീകൾക്ക് സമാധാനത്തോടെ അർദ്ധരാത്രിയിൽ പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞാലേ നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയാനാകു" എന്ന് നമ്മളെ പഠിപ്പിച്ചത്. അതെന്തായാലും പ്രാവർത്തികമാക്കാൻ നമ്മുടെ ഈ പുതിയ സർക്കാരിന് സാധിച്ചു.

 എത്രയോ പ്രാവശ്യം കോൺഗ്രസ് ഭരിച്ച നാടാണ് കേരളം. പക്ഷേ ഇതുവരെ ഇങ്ങനെ സാധിച്ചോ? ഇല്ല. ഇല്ലേയില്ല.

   ഹോ! ഓർത്തിട്ട് നാലക്ഷരം  കുറിക്കാതെ വയ്യ. പണ്ട് നമ്മുടെ ജഗതി,സിനിമയിൽ പറയും പോലെ

 " എന്തോന്നെടെ  ഇത്? "

   ഗാന്ധിജി പറഞ്ഞത് എന്നും എപ്പോഴും സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതെ കുറിച്ചായിരുന്നു. രാത്രിയിലെന്നല്ല ഇപ്പോൾ പകൽ പോലും സുരക്ഷിതത്വമില്ല. പിന്നെയാണോ രാത്രിയിലെ യാത്ര? ഒരു ഏഴുമണി കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്ക് ബസിൽ  പോലുമുള്ള യാത്ര ദുഷ്കരമാണ്. ചില ആളുകളുടെ അർത്ഥം വച്ചുള്ള നോട്ടം കണ്ടാൽ ഇതിൽ കൂടുതൽ അവൾ അപമാനിക്കപ്പെടാനില്ല എന്ന മട്ടിലാണ്. അപ്പോൾ പിന്നെ രാത്രിയിൽ റോഡിലൂടെ നടന്നു പോകുന്ന ഒരു സ്ത്രീയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അപ്പോഴാണ് ഒരേയൊരു ദിവസം രാത്രിയിലെ 3 മണിക്കൂർ സ്ത്രീകൾക്കായി നീക്കിവെച്ച് അവൾ സ്വതന്ത്രയായി എന്ന് പ്രഖ്യാപിക്കുന്നത്. പ്രസ്തുത ദിവസം ആ വഴിക്ക് പുരുഷന്മാർ എത്തിനോക്കാൻ പോലും പാടില്ല. പുരുഷ പോലീസും ഇല്ല. ഉണ്ടാവും, പക്ഷേ  അവർ ആ പരിധിക്ക് ഉള്ളിൽ വരാൻ പാടില്ലത്രെ. കൊള്ളാം. 

ഈ മൂന്നു മണിക്കൂർ മാത്രം സ്വാതന്ത്ര്യം ആഘോഷിച്ചാൽ മതിയോ? ആ ദിവസം ഈ പരിപാടി കഴിഞ്ഞാൽ, അവൾ സുരക്ഷിതയായി വീട് വരെ എത്തും എന്ന്  ഉറപ്പു പറയാമോ? ആരാണ് അവൾക്ക് സംക്ഷണം കൊടുക്കുക? കാരണം  അന്ന് രാത്രി   ഒരുമണി കഴിഞ്ഞാൽ അത് എല്ലാവർക്കും ഉപയോഗിക്കാവുന്ന നിരത്തായി.  അവൾ എങ്ങനെ തനിയെ സ്വന്തം വീട്ടിൽ ചെല്ലും? അപ്പോൾ അവളുടെ അച്ഛൻ- ഭർത്താവ്- സഹോദരൻ- മകൻ- സുഹൃത്ത് ആരെങ്കിലും വന്ന് കാത്തിരുന്ന് അവളെ കൊണ്ടുപോകണം. ഇതാണ് അർദ്ധരാത്രിയിലെ സ്ത്രീ സ്വാതന്ത്ര്യം.

 പോകട്ടെ. അടുത്തദിവസം മുതലുള്ള അവസ്ഥ എന്താണ് ? "വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ" എന്ന് പറഞ്ഞതുപോലെ ഈ കഴിഞ്ഞ മൂന്നു മണിക്കൂറിന് മുമ്പുള്ള സ്വാതന്ത്ര്യം മാത്രം അല്ലേ?

 ഇനി മറ്റൊന്ന് ചോദിച്ചോട്ടെ.അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.....🤣🤣 ഈ ഇന്ത്യയിൽ- കേരളത്തിൽ- തിരുവനന്തപുരത്ത്- ഓവർബ്രിഡ്ജിൽ നിന്നും പിഎംജി വരെ മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം മതിയോ? അങ്ങിനെ നടന്നാൽ സ്ത്രീ സ്വാതന്ത്ര്യം നേടിയോ? അങ്ങനെയെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിലെ സ്ത്രീകളെന്താ അസ്വാതന്ത്ര്യത്തിൽ കഴിഞ്ഞോട്ടെ എന്നാണോ? ഈ ഓവർ ബ്രിഡ്ജിൽ നിന്നും പിഎംജി വരെ ഒരേ ഒരു ദിവസം രാത്രി 10 മുതൽ ഒരു മണി വരെ നടക്കാൻ കഴിയുന്നതിനാണോ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നത്? അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഇവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നല്ലേ ഇതിനർത്ഥം! ഈ നടപ്പ് പ്രഖ്യാപനത്തിലൂടെ സർക്കാർ അത് അംഗീകരിക്കുകയല്ലേ ചെയ്യുന്നത്? 

 കഷ്ടം. പോര പോര, വെറും കഷ്ടം പോരാ.

 കഷ്ടാൽ കഷ്ടം. ഏത് തലയിലാണാവോ ഈ ബുദ്ധി ഒക്കെ ഉദിച്ചത്. ആ തല ഉപ്പിലിട്ട് വയ്ക്കേണ്ടിവരും. കേടാവരുതല്ലോ! പണ്ട് തുഗ്ലക്ഭരണ പരിഷ്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. യാതൊരുവിധ ആലോചനയോ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കുകയോ ചെയ്യാതെ എടുത്ത നടപടികൾ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പരാജയത്തിന്റെ ആണിക്കല്ലായി. ഏകദേശം അതുപോലെയാണ് സ്ത്രീകൾക്കു മാത്രമായ ഈ ഫ്രീഡം അറ്റ്   മിഡ്‌നൈറ്റ്. ഭരണാധികാരികളോട് ഒന്ന് പറയട്ടെ. സ്ത്രീ സ്വാതന്ത്ര്യം എന്നത് വർഷത്തിലൊരിക്കൽ വരുന്ന ഓഗസ്റ്റ് 15ന് മാത്രം നടത്തേണ്ട പരിപാടിയല്ല. സ്ത്രീകൾക്ക് പകലും രാത്രിയും ഇല്ലെങ്കിൽ പകലെങ്കിലും അവനവന്റെ ആവശ്യത്തിന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാൻ കഴിയണം. പോലീസിന്റെ കർശന നിരീക്ഷണത്തിൽ പുരുഷന്മാരെ മാറ്റി നിർത്തിയാൽ സുരക്ഷിതത്വം കിട്ടുമോ? സമൂഹത്തിലാണ് അവൾ സംരക്ഷിക്കപ്പെടേണ്ടത്. അവൾ മാത്രമല്ല ഓരോ വ്യക്തിയും ക്രൂരതകളിൽ നിന്നും പീഡനങ്ങൾ നിന്നും രക്ഷിക്കപ്പെടണം. അതിനാണ്  സർക്കാർ ശ്രമിക്കേണ്ടത്. അതുതന്നെയാണ് സമൂഹത്തിനു വേണ്ടതും. അല്ലാതെ ഇത്തരത്തിലുള്ള മൂന്നുമണിക്കൂർ സ്വാതന്ത്ര്യമല്ല. ഇങ്ങിനെയുള്ള പ്രഹസനങ്ങൾ തീർത്തും പരിഹാസ്യമാണ്- നാടിനും ഭരണാധികാരികൾക്കും.   സ്ത്രീകളുടെ കണ്ണിൽ പൊടിയിടാൻ ഇങ്ങനെ കഴിയും  എന്ന് ദയവായി കരുതരുത്. സ്ത്രീകൾക്കു മാത്രമല്ല സ്ത്രീകൾ ഉൾപ്പെട്ട സമൂഹത്തിനാണ് സംരക്ഷണം ഒരുക്കേണ്ടത്. അത് തലസ്ഥാനത്തെ ഒരു പ്രധാന റോഡിൽ മാത്രം ഒതുങ്ങാനുള്ളതല്ല. കേരളമോട്ടുക്കു ആർക്കും നിർഭയം സഞ്ചരിക്കാം എന്ന് വന്നാൽ അതാണ് സുരക്ഷ. അതാണ് വേണ്ടതും. 

അപ്പോൾ പറഞ്ഞ പോലെ... വീണ്ടും കാണാം. മറ്റൊരു വിഷയത്തിലൂടെ

 ഏറെ സ്നേഹത്തോടെ 

മീരാ നമ്പൂതിരി🙏


Wednesday, August 5, 2026

മാറ്റേണ്ടതും മാറാത്തതും ആയ പ്രതിഷേധങ്ങൾ

     കാലം മാറിയതോടെ തീർച്ചയായും മാറ്റേണ്ടതും എന്നാൽ മാറാത്തതുമായ ചില പ്രതിഷേധരീതികൾ എന്നും സമൂഹത്തിലുണ്ട്. പൊതുജനങ്ങൾ തങ്ങളുടെ അഭിപ്രായത്തിലൂടെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഒരു മാറ്റവും ഇന്നും ഉണ്ടായിട്ടില്ല. അത് സമരങ്ങളാണ്. ഹർത്താലെന്നോ  ബന്ദ്   എന്നോ വിളിക്കുന്ന സമരമുറകളും മാറ്റമില്ലാതെ നടപ്പിലാക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ കുറവാണെങ്കിലും കേരളത്തിൽ പടർന്നു പിടിച്ചതും പൊതുജനങ്ങളുടെ ശാപവുമാണ്.

       ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് കായികമായും ആയുധമെടുത്തുമവർക്കെതിരെ പോരാടുവാൻ രാജ്യസ്നേഹികൾ ആയ ഇന്ത്യക്കാർക്ക് പല കാരണങ്ങൾ കൊണ്ടും സാധിക്കുമായിരുന്നില്ല. ഭാരതീയരെ തന്നെ ഉപയോഗിച്ചാണ് അവർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ  വരെ അടിച്ചമർത്തിയതും. അതായത് ഇവിടെ ഉള്ളവർ യുദ്ധം ചെയ്തത് നമ്മുടെ രാജ്യത്തെ ജനങ്ങളോട് തന്നെ. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും ഭാരത മാതാവിന്റെ മക്കളായിരിക്കും എന്ന് സാരം. ഇതൊരു ബ്രിട്ടീഷ് തന്ത്രമായിരുന്നു. അവരുടെ ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് നമ്മളെ കൊലയ്ക്ക് കൊടുക്കുക. ഇവിടുത്തെ ജനങ്ങളുടെ കായിക ആയുധ പോരായ്മകൾ അവർ മുതലെടുക്കുകയായിരുന്നു. അങ്ങനെ ബ്രിട്ടീഷുകാർക്കെതിരെ മറ്റു ചിലവുകൾ ഇല്ലാത്തതും ഏവർക്കും സാധിക്കുന്നതുമായ  നിസ്സഹകരണ പ്രസ്ഥാനവും, സമരമുറകളും ആരംഭിച്ചു. തങ്ങളുടെ പ്രതിഷേധം അറിയിക്കുവാൻ സംഘടിച്ചു വരുന്ന ജനകൂട്ടത്തെ  പെട്ടെന്ന് നിയന്ത്രിക്കുവാൻ അവർക്ക് ബുദ്ധിമുട്ടായി. അതുകൊണ്ടുതന്നെ അവരുടെ നേരെ വെടിയുതിർക്കാനും കൊല്ലാനും ബ്രിട്ടീഷുകാർക്കും മടിയുണ്ടായില്ല. കാരണം കൊല്ലപ്പെടുന്നവരെല്ലാം ഇന്ത്യക്കാരാണല്ലോ. 

   തങ്ങളുടെ പ്രതിഷേധം ശരിയായ രീതിയിൽ ശരിയായ വ്യക്തിയെ അറിയിക്കാനുള്ള സംവിധാനങ്ങൾ അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. വെള്ളക്കാരെ ശിക്ഷിച്ചുകൊണ്ട് നീതി നടപ്പാക്കുവാൻ ബ്രിട്ടീഷ് കോടതിക്കും താല്പര്യമുണ്ടായില്ല. അങ്ങിനെ വന്നപ്പോൾ ജനങ്ങൾക്കുള്ള ഒരേ ഒരു മാർഗ്ഗം ആയിരുന്നു സമരം- അത് നിരാഹാരം ആയാലും ഹർത്താൽ ആയാലും ബന്ദ് ആയാലും.

    എന്നാൽ ഇന്ന് കാലം മാറി.സ്വാതന്ത്ര്യം കിട്ടിയിട്ട് 80മത്തെ വർഷമാണ് ആഘോഷിക്കാൻ പോകുന്നത്. ഈ നീണ്ട വർഷങ്ങളിൽ ജനങ്ങളുടെ ജീവിതരീതികളിലും കാഴ്ചപ്പാടുകളിലും ഔദ്യോഗിക മേഖലകളിലും എല്ലാം അവിശ്വസനീയമായ വലിയ മാറ്റങ്ങൾ വന്നു.

      ഇന്ന് ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ പരാതി കേൾക്കാനുള്ള വിവിധ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. ഓരോ സംസ്ഥാനത്തിനും ജനങ്ങളുടെ പരാതി കേൾക്കാനായി പോലീസ്, മന്ത്രി, മുഖ്യമന്ത്രി എന്നിവരുണ്ട്. കൂടാതെ  പരാതിക്കാരെ സഹായിക്കുവാനായി  കോടതിയും ജനങ്ങൾക്കൊപ്പമുണ്ട്. കോടതിയിൽ വാദിക്കാൻ വക്കീലിന് ഫീസ്കൊ ടുക്കാനില്ലെങ്കിലും പേടിക്കേണ്ട. അതിന് സർക്കാർ വക്കീൽ ഉണ്ട്. ഓരോ ഓർഗനൈസേഷനിലും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു അവർക്ക് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാം. തീരുമാനം അവർക്കെതിരാണെങ്കിൽ സർക്കാരിനെയോ കോടതിയെയോ പോലീസിനെയോ സമീപിക്കാം. ഇതിനൊന്നും യാതൊരുവിധ സാമ്പത്തിക ബാധ്യതയും അവർക്കുണ്ടാവില്ല. എല്ലാ ജനങ്ങൾക്കും നീതി ലഭിക്കാനുള്ള അധികാരമുണ്ട്. അതു നിഷേധിക്കപ്പെട്ടാൽ ചോദ്യം ചെയ്യാനുമാകും.

      പരാതി പരിഹാരത്തിന് ഇത്രയധികം അവസരങ്ങൾ നിലനിൽക്കുമ്പോഴാണ് 1947ന്സ മുൻപുള്ള മരമുറയുമായി രാഷ്ട്രീയക്കാർ പൊതുജനങ്ങളെ കടന്നാക്രമിക്കുന്നത്. എന്തിനാണിത്? പൊതുജനങ്ങൾ നൽകുന്ന നികുതിയിൽ നിന്നും വാങ്ങുന്ന പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ട് ഇവർക്ക് എന്തു ഗുണമാണ് കിട്ടുന്നത്?  സ്വന്തം താല്പര്യങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നാൽ വീട്ടിലെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ആരെങ്കിലും അടിച്ചു തകർക്കുമോ? അച്ഛനെയും അമ്മയെയും ചീത്ത പറയുകയും ആക്രമിക്കുകയും ചെയ്യുമോ? സാധാരണ ബുദ്ധിയുള്ള ആരും ചെയ്യില്ല. ഇനി ആരെങ്കിലും ചെയ്താൽ അവർ ലഹരിക്ക് അടിമകളോ തലയ്ക്ക് സുഖമില്ലാത്തവരോ ആയിരിക്കും. ഇനി വീട്ടിലുള്ളവരുടെ ഇടപാടുകളിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ- അത് സ്വത്തു തർക്കമോ എന്തായാലും- നിങ്ങൾ അവരുമായി സംസാരിച്ചു പ്രശ്നപരിഹാരം കാണണം. അല്ലെങ്കിൽ പോലീസിനെയോ കോടതിയോ സമീപിക്കാം. അല്ലാതെ വീട്ടുകാരെ ആക്രമിച്ച് സാധനങ്ങൾ നശിപ്പിക്കുന്നതിനോട് ആർക്കാണ് യോജിക്കാൻ കഴിയുക? അവർ നശിപ്പിക്കുന്ന ഈ സാധനങ്ങൾ അവരുടേത് തന്നെയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് പരിതാപകരം.

 ഈ വീടു പോലെ തന്നെയാണ്   ഓരോരുത്തർക്കും അവരുടെ സംസ്ഥാനവും രാജ്യവും. അത് സംരക്ഷിച്ചു കൊണ്ടുപോകാനും പരാതിയുണ്ടെങ്കിൽ വേണ്ട സ്ഥലത്ത് പരാതി നൽകി പരിഹാരം കാണാനും ഓരോ പൗരനും കഴിയണം. അല്ലാതെ 80 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അന്ന് നടന്ന സമര രീതികൾ ആവർത്തിക്കുകയല്ല വേണ്ടത്. ഇന്ന് ഇത്തരം സമരമുറകൾ ഔട്ട്‌ഡേറ്റഡ് ആണ്. അന്നത്തെ ജീവിതരീതിയിൽ നിന്നും എന്തു മാറ്റങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്!   അതെല്ലാം ആസ്വദിക്കുകയും പ്രതിഷേധം 80 കൊല്ലം മുൻപുള്ള രീതിയിൽ നടത്തുകയും ചെയ്യുന്നതിനെ പ്രാകൃതമെന്ന് തന്നെ വിളിക്കേണ്ടിവരും. പൊതുസ്വത്ത് നശിപ്പിച്ചും, കടകൾ അടപ്പിച്ചും, ഗതാഗത നിരോധിച്ചും, സർക്കാർ -സ്വകാര്യ ഓഫീസുകൾ പ്രവർത്തിച്ചാൽ തല്ലി തകർത്തും,വഴിയിലൂടെ പോകുന്ന വാഹനങ്ങൾ -രോഗികളെ ആശുപത്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അടക്കം- ആക്രമിച്ചുനശിപ്പിക്കുകയും ചെയ്യുന്ന ഈ സമരമുറയെ തീർത്തും പ്രാകൃതമെന്നല്ലാതെ എന്തു വിളിക്കണം?  സത്യത്തിൽ ഇങ്ങിനെയുള്ള പ്രതിഷേധങ്ങൾ ഓർഗനൈസ് ചെയ്യുന്നവരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കർശനമായ നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരം ആക്രമണ  പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇത് സഹായിക്കും.

      നിങ്ങളുടെ പരാതികൾ നൽകാൻ വേണ്ട സൗകര്യങ്ങളുണ്ട്. അവിടെ അത് സ്വീകരിച്ച് തീരുമാനമെടുക്കുന്നില്ല എങ്കിൽ അതിനുമുകളിലുള്ളവരുടെ സമീപത്തെക്ക്  തങ്ങളുടെ കംപ്ലൈന്റ്റുമായി ചെല്ലാം. ഇതൊന്നും കൂടാതെ കോടതിയും ഉണ്ട്.    ജനായത്തപരമായ  പ്രതിഷേധത്തിനു   എല്ലാ സൗകര്യങ്ങളും നിലനിൽക്കെ എന്തിനാണ് ഇത്തരം പൊതുജന വിരോധനടപടികൾ? ഇത്തരം പ്രതിഷേധത്തിൽ രാജ്യദ്രോഹികൾ സന്തോഷിക്കും. കാരണം സർക്കാർ വിരുദ്ധതയിൽ പങ്കെടുത്ത്  ആക്രമണം നടത്തുകയാണ് അവരുടെ ലക്ഷ്യം. അത് കേന്ദ്രസർക്കാരിനെതിരെ ആയാലും സംസ്ഥാന സർക്കാരിനെതിരെ ആയാലും. 

         കേരളത്തിലെ 2026 മന്ത്രിസഭയിൽ വിദ്യാഭ്യാസം,കൃഷി,വ്യവസായം തുടങ്ങി 20 ക്യാബിനറ്റ് മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും ഉണ്ട്. ഇവരിൽ പല മന്ത്രിമാർക്കും ഒന്നിലധികം  വകുപ്പുകളും ഉണ്ട്.  സംസ്ഥാനത്തെ ഓരോ വിഭാഗത്തെയും നിയന്ത്രിക്കാൻ ഒരു മന്ത്രി ഉണ്ട് എന്ന് സാരം. അതിനാൽ ഏതു വിഭാഗത്തിലായാലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ മേലധികാരിക്ക് പരാതി നൽകാം, ആ പോർട്  ഫോളിയോ നോക്കുന്ന മന്ത്രിക്ക് പരാതി നൽകാം, പോലീസിന്   കേസ് ഫയൽ ചെയ്യാം, എന്നിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ   കോടതിയെയും സമീപിക്കാം. പരാതി നൽകാനുള്ള മാർഗങ്ങൾ വളരെ സുതാര്യമാണ്. ഈ മാർഗ്ഗങ്ങൾ  തന്നെയാണ് കേന്ദ്രത്തിലും. 

     ഇതൊക്കെ കൂടാതെ മറ്റൊരു രീതി കൂടി സർക്കാറിന് ചെയ്യാവുന്നതാണ്. ഓരോ വി ഭാഗത്തിലെയും പരാതികൾ മാത്രം സ്വീകരിക്കാനായി മന്ത്രിയുടെ പ്രത്യേക നിയന്ത്രണത്തിലുള്ള ഒരു ഓഫീസ്. ആളുകൾ നേരിട്ട് വരാതെ തന്നെ അവർക്ക് അവിടെ പരാതി എത്തിക്കാനുള്ള സൗകര്യം ഒരുക്കണം. അതുപോലെ ജനങ്ങളുടെ പരാതി മൂന്നുമാസത്തിനകം തീർപ്പാക്കാൻ ഇതിലൂടെ കഴിയണം. 

   ജനായത്ത ഭരണം നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനായത്തപരമായ രീതിയിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണം. അല്ലാതെ സമരം എന്ന കാടത്തം നടപ്പാക്കി പൊതുമുതൽ നശിപ്പിക്കുകയല്ല വേണ്ടത്. ഏതെങ്കിലും പാർട്ടിക്ക് അല്ലെങ്കിൽ ഗ്രൂപ്പിന് പ്രതിഷേധ സമരം നടത്തണമെങ്കിൽ അതിൽ പങ്കെടുക്കുന്ന പ്രതിഷേധിക്കുന്നവരുടെ എണ്ണം 25ൽ അധികമാവാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം. ഇത്തരം വിനാശകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ തടയുവാൻ പ്രതിഷേധിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ സാധിക്കും. എല്ലാം നിയമപരമായി നടക്കണം. അത് ഭരണമായാലും പ്രതിഷേധമായാലും. സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇതാണ് എന്റെ അഭിപ്രായം.

 ഇതിനോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ വിനാശം വിതച്ചു കൊണ്ടാകരുത്.

 ഏറെ സ്നേഹത്തോടെ

 മീരാൻ നമ്പൂതിരി.





  




Wednesday, June 10, 2026

മലയാള മാധ്യമങ്ങൾ അതിരുവിടുന്നോ?

     വളരെ നാളുകളായി എഴുതാൻ ആഗ്രഹിക്കുന്ന ഒരു വിഷയമായിരുന്നു. പക്ഷേ പല കാരണങ്ങൾ ഇത് നീണ്ടു നീണ്ടു പോയി. മാധ്യമങ്ങൾ തുടരുന്ന പല സംഭവങ്ങളും രാഷ്ട്രീയ ചായ്‌വുകളും കാണുമ്പോൾ പലപ്പോഴും സ്വയം തോന്നിയിട്ടുണ്ട്" മലയാളം മാധ്യമങ്ങൾ അതൊരു വിടുകയാണല്ലോ" എന്ന്. മലയാളം മാധ്യമങ്ങൾ എന്ന് പ്രത്യേകം പറയുന്നത് മാധ്യമപ്രവർത്തക എന്ന നിലയിലുള്ള എന്റെ അനുഭവം കൊണ്ടാണ്. വളരെ വർഷക്കാലം ഡൽഹിയിലും ബാംഗ്ലൂരിലും പത്രപ്രവർത്തനം നടത്തിയിരുന്നു. ഡൽഹിയിൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ ആയിരുന്നു എങ്കിൽ ബാംഗ്ലൂരിൽ മലയാള ദേശീയ ദിനപത്രത്തിൽ ആയിരുന്നു. ഇംഗ്ലീഷ് പത്രങ്ങൾ, വീക്കിലികൾ എന്നിവയിലെല്ലാം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചാണ് വാർത്തകൾ കൂടുതലായും വരുന്നത്. അവർക്കും രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടെങ്കിലും മലയാളത്തിലെതു പോലെ അതിരു വിടാറില്ല.

    ഒരു ഇലക്ഷൻ അടുത്താൽ നമുക്കത് വളരെ തെളിഞ്ഞു കാണാം.  രാഷ്ട്രീയപാർട്ടികളുടെ അധീനതയിലുള്ള പത്രമാസികകളും ടിവി ചാനലുകളും നൽകുന്ന രാഷ്ട്രീയ വാർത്തകൾ   നമുക്ക് ഒഴിവാക്കാം . കാരണം അവ ആ പാർട്ടിക്കാരെ പുകഴ്ത്തുവാനും എതിർ പാർട്ടിക്കാരും കുറ്റപ്പെടുത്തുവാനും മാത്രമേ ശ്രമിക്കു. ഞാൻ പറയുന്നത് മറ്റ് ചാനൽ/ പത്രങ്ങളെ കുറിച്ചാണ്. മതനിരപേക്ഷതയും രാഷ്ട്രീയ ചായ്‌വുകൾക്ക് അതീതവും എന്ന് ഘോഷിക്കുന്ന ന്യൂസ് ചാനലുകൾ/ പത്രങ്ങൾ  കുറിച്ചാണ്. ഒരു വാർത്ത നമ്മൾ പത്രത്തിൽ വായിക്കുന്നത് പോലെ അല്ല ടിവിയിൽ കാണുമ്പോൾ നമുക്ക് അനുഭവപ്പെടുക. അവതാരകരുടെ ശബ്ദത്തിന്റെ   മോഡുലേഷനും, മുഖഭാവവും പല അർത്ഥങ്ങളും വെളിവാക്കും.

  അവതാരകരുടെ അനിയന്ത്രിതമായ വൈകാരികഭാവങ്ങളും വാക്കുകളും ശ്രദ്ധിച്ചാൽ  അവർ ഏതു പാർട്ടിയിൽ പെടുന്നു എന്ന് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് ഒരു വിഷമവുമില്ല. ചാനലുകളിൽ അതിഥികളായി എത്തുന്ന ചില പാർട്ടിയിൽ പെട്ടവരോട്, ആ പാർട്ടി ചെയ്തതും അവതാരകർക്ക് അംഗീകരിക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ അനിയന്ത്രിതമായ വികാരത്തോടെ അടിച്ചേൽപ്പിക്കാനുള്ള ശ്രമം കണ്ടാൽ ശിക്ഷാവിധി നടപ്പാക്കാൻ മാത്രം കഴിവുള്ളവരാണോ ഈ അവതാരകർ എന്ന് തോന്നും. ഇനി അവതാരകരുടെ താൽപര്യത്തിനു വിരുദ്ധമായാണ് അതിഥികൾ സംസാരിക്കുന്നത് എങ്കിൽ ഉടൻ ഇടപെട്ട് സംസാരം നിർത്തും. ഓരോ അതിഥികൾക്കും സ്വന്തം അഭിപ്രായം പറയാനുള്ള സമയം അനുവദിക്കാൻ ഇവർക്കെന്താണ്  ഇത്ര വിഷമം എന്ന് മനസ്സിലാകുന്നില്ല. അതല്ലേ ജനാധിപത്യ സംരക്ഷണം? 

  ഒരു ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ചാനലുകൾക്ക് ഉത്സവകാലമാണ്. ഇതിൽ മലയാളി അവതാരകരുടെ ഏറ്റവും മോശം പെർഫോമൻസ് കാണേണ്ടത് വോട്ടെണ്ണൽ ദിവസമാണ്. ചില പാർട്ടിക്കാർ ജയിക്കുമ്പോൾ ആഹ്ലാദിച്ചർമാദിക്കുന്ന ഇവർ മറ്റു പാർട്ടിക്കാർ ജയിക്കുമ്പോൾ പറയുന്നത് മരണവാർത്ത പറയുന്നത് പോലെയാണ്. എന്തൊരു ആഭാസമാണിത്. ഇത്രയും പ്രായവും വിവരവും ഉണ്ടായിട്ടും താഴെത്തട്ടിൽ ഉള്ള പാർട്ടി പ്രവർത്തകരെ പോലെ ചാടി മറിയുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത് അവജ്ഞയാണ്, വെറുപ്പാണ്. 

        ആദ്യകാലത്ത് ദൂരദർശൻ ന്യൂസ് വായിച്ചിരുന്ന ന്യൂസ് റീഡർമാരെ ഓർമ്മയുണ്ടോ? ഇംഗ്ലീഷ് ന്യൂസുകൾ വായിച്ചിരുന്ന റിനീ സൈമൺ ഖന്ന, രവീന്ദ്രൻ, ഗീതാഞ്ജലി അയ്യർ,തേജേശ്വര്‍ സിംഗ് തുടങ്ങിയവരും ഹിന്ദി ന്യൂസ് റീഡേഴ്സ് ആയിരുന്ന നീലം ശർമ്മ,മഞ്ചരി ജോഷി, സുനിത് തൻഡൻ, സരോജ് ദുവ, വിനോദ് ദുവ എന്നിവരെ കണ്ടിരുന്നവർക്ക് ഇന്നത്തെ ന്യൂസ് റീഡിങ്  രീതി അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. അന്ന് അവർ മന്ദസ്മിതത്തോടെ " നമസ്കാരം" എന്ന് പറഞ്ഞു തുടങ്ങുന്ന വാർത്തകൾ  കണ്ണിമയ്ക്കാതെ കേട്ടിരുന്നു പോവും. അക്ഷരസ്ഫുടത,വേഷം, വായിക്കുന്ന രീതി ഒക്കെ പ്രധാനമാണ്. ദൂരദർശനിൽ നടത്തിയിരുന്ന ചർച്ചകളിൽ നിന്നും അവതാരകന്റെ രാഷ്ട്രീയപാർട്ടി ഏതെന്ന് കണ്ടുപിടിക്കാൻ പറ്റുമായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ, വരുന്ന അതിഥികളെ ബഹുമാനിച്ചു മാത്രം ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി, മലയാളത്തിൽ പ്രത്യേകിച്ചും. 

     ചില ചാനലുകളിലെ ഇന്റർവ്യൂ കണ്ടാൽ വന്ന അതിഥിയെക്കാൾ കേമനാണ് ഇന്റർവ്യൂ നടത്തുന്ന ആൾ എന്ന് തോന്നും. അതിഥിയെ പുച്ഛിയ്ക്കാനും കോർണർ ചെയ്യാനും അവതാരകന് അത്യുത്സാഹമാണ്. ഇത്രയും പുച്ഛമാണ് എങ്കിൽ എന്തിനാണ് ആ വ്യക്തിയെ അതിഥിയായി വിളിച്ചത്? ഒരാളെ അതിഥിയായി വിളിക്കണമെങ്കിൽ തീർച്ചയായും ആ വ്യക്തിക്ക് എന്തെങ്കിലും പ്രത്യേക സ്ഥാനമോ കഴിവോ ഉണ്ടായിരിക്കും എന്നുറപ്പാണ്. അവരുടെ അഭിപ്രായങ്ങൾ അറിയാനും ആ വാക്കുകൾ കേൾക്കാനും പ്രേക്ഷകർക്ക് താല്പര്യവും ഉണ്ടാകും.  പക്ഷേ ഇന്റർവ്യൂവിന് നടത്തുന്ന വ്യക്തിയുടെ ഭാവം കണ്ടാൽ തോന്നും അയാളുടെ വാക്കുകൾ കേൾക്കാനാണ് ജനങ്ങൾ ടിവി തുറന്നിരിക്കുന്നത് എന്ന്. അങ്ങനെയല്ല എന്ന് ആ ഇന്റർവ്യൂവറെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ആവോ. 

     പറഞ്ഞുവന്നത് മലയാളം മാധ്യമങ്ങളുടെ  അതിരുവിടലിനെ കുറിച്ചിട്ടായിരുന്നു. പ്രകൃതിദുരന്തം, കൊലപാതകം,അപകടമരണം എന്നിവ നടന്നാൽ ചാനലുകളും പത്രങ്ങളും വിടാതെ കൂടും. തീർച്ചയായും അവർ ഇതെല്ലാം ജനങ്ങളെ അറിയിക്കേണ്ടതാണ്. പക്ഷേ അതിന് അതിന്റേതായ ഒരു രീതിയുണ്ട്. പലപ്പോഴും ഇതെല്ലാം റിപ്പോർട്ട് ചെയ്ത ശേഷം അവരുടെ വീട്ടിലെത്തി അവിടെ ഓരോരുത്തരും കരയുന്നതും കരയാത്തതും എല്ലാം ലൈവ് ആയി ഷൂട്ട് ചെയ്ത് നമ്മളെ കാണിക്കും. ഇത് ഒരു ചാനൽ അല്ല, ചാനലുകളുടെയും പത്രങ്ങളുടെയും ഒരു വലിയ പട.   എന്തിനാണീ ദ്രോഹം? ആ വീട്ടുകാർ ഒന്ന് സമാധാനമായി കരയുകയോ ആശ്വസിക്കുകയോ ചെയ്യട്ടെ. ഇനി ചാനൽ വന്നു എന്നു കേട്ടാൽ തന്റെ മുഖം കൂടി കാണിക്കാൻ തത്രപ്പെടുന്നവർ വേറെ. ഇനി മരിച്ചത് ചലച്ചിത്രരംഗത്തെ പ്രഗൽഭരാണെങ്കിൽ ഒന്നും പറയണ്ട. മരണപ്പെട്ട വ്യക്തിയെയും കുടുംബത്തെയും കൂടാതെ അവിടെ എത്തുന്ന മറ്റു സിനിമാ പ്രവർത്തകരെകൂടി തങ്ങളുടെ ക്യാമറയിൽ പകർത്താനാണ് ചാനലുകൾക്ക് ധൃതി. മറ്റു ചാനലുകൾക്കൊന്നും കിട്ടാത്ത വാർത്തകളും ചിത്രങ്ങളും തങ്ങൾക്ക് കിട്ടണം, അത്രേയുള്ളു. അത് മാത്രമോ,  മരിച്ച വ്യക്തിയുമായുള്ള ബന്ധം അതിൽ അവർക്കുള്ള സങ്കടം എത്ര എന്നെല്ലാം സ്ഥലകാല ബോധമില്ലാതെ പറ്റിയാൽ പറയിപ്പിക്കാൻ നോക്കും. ഇവരെക്കുറിച്ച് മഹാകഷ്ടം എന്നല്ലാതെ എന്തു പറയാൻ. ആരെങ്കിലും വെള്ളത്തിൽ വീണാൽ, ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ " ക്യാമറയും ഒപ്പം ചാടട്ടെ " എന്ന് പറയും. അത് രക്ഷിക്കാൻ അല്ല അയാൾ വെള്ളം കുടിച്ചു മരിക്കുന്നതു മുഴുവനും ഷൂട്ട് ചെയ്ത് നമ്മളെ കാണിക്കാൻ. അതാണ് ഇന്നത്തെ മാധ്യമധർമ്മം എന്ന് തോന്നുന്നു.  

ഇതിനുള്ള പ്രതിവിധി നമ്മൾ തന്നെ കണ്ടെത്തണം. മീഡിയയുടെ ശ്രദ്ധ നേടുന്ന ഒരു മരണമാണ് നടന്നതെങ്കിൽ, ഒരു മാധ്യമങ്ങളെയും ആ വീടിന്റെ ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കരുത്. ഗേറ്റിനു പുറത്തുനിന്ന് എന്ത് വേണമെങ്കിലും ഷൂട്ട് ചെയ്യട്ടെ. വരുന്ന വിഐപികൾക്ക് സമാധാനമായി വീടിനുള്ളിൽ പ്രവേശിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും സാധിക്കും. ഇത് ആ കുടുംബത്തിനും ഏറെ ആശ്വാസകരമാകും. ഇനി ആവശ്യമെങ്കിൽ വീടിനുള്ളിലെ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുവാൻ ഒരാളെ നിയോഗിക്കുകയും ആ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യാം. വേണമെങ്കിൽ അവർ അതുമാത്രം തങ്ങളുടെ മാധ്യമങ്ങളിൽ കാണിച്ചാൽ മതി. വീട്ടുകാരുടെ സ്വകാര്യത മാനിക്കാനുള്ള ധർമ്മം ഈ മാധ്യമങ്ങൾക്കുമുണ്ട് എന്ന കാര്യം മറക്കരുത്. 

      സത്യത്തിൽ മാധ്യമങ്ങൾക്ക് അനിയന്ത്രിതമായ അധികാരം ഒന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണാധികാരികളെ അറിയിക്കുക എന്ന ധർമ്മമാണ് മാധ്യമങ്ങൾക്കുള്ളത്. ജനങ്ങളുടെയും ഭരണാധികാരികളുടെയും മധ്യസ്ഥരാണ് ഇവർ. വിവരങ്ങൾ അറിയാനും അറിയിക്കാനും ഉള്ള ഒരു മാധ്യമം. ഒരു നല്ല ഭരണത്തിന് ഈ മാധ്യമങ്ങളുടെ സഹായം വളരെ ആവശ്യമാണ് താനും. പക്ഷേ അതിന്റെ പേരിൽ എന്തും ചെയ്യാം എന്നും എവിടെയും കയറിച്ചെല്ലാമെന്നും ഉള്ള വിശ്വാസം അത്ര ശരിയല്ല. അവതാരകന്റെയും ലേഖകന്റെയും ഒന്നും രാഷ്ട്രീയ ചായിവുകൾ അറിയാൻ പ്രേക്ഷകർക്കും വായനക്കാർക്കും താല്പര്യമില്ല. സത്യസന്ധമായ വാർത്തയാണ് ജനങ്ങൾക്ക് വേണ്ടത്. ഏതു പാർട്ടിയിൽ പെട്ട ഭരണാധികാരികളായാലും അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതാണെന്നും ജനങ്ങൾക്കെതിരായ പ്രവർത്തികൾ തുറന്ന് പറയാനും സ്വന്തം രാഷ്ട്രീയ വിശ്വാസത്തിന് അതീതമായി കഴിയണം. താൻ വിശ്വസിക്കുന്ന പാർട്ടിയായതിനാൽ അവർ ചെയ്യുന്ന തിന്മകൾ മൂടിവയ്ക്കാനോ, അതിനെ വെള്ളപൂശാനോ ഒരിക്കലും ശ്രമിക്കരുത്.  ഭരിക്കുന്നവരെ കാണേണ്ടത് സ്വന്തം രാഷ്ട്രീയം വെച്ചാവരുത്.  ഇന്നത്തെ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ ചായ്‌വോടെയാണ് വാർത്തകൾ കൊടുക്കുന്നത്. ഇഷ്ടമുള്ളവ കൊടുക്കും അല്ലാത്തവ മുക്കും. അതുകൊണ്ടാണ് വിവിധ സർക്കാരുകൾ ചെയ്യുന്ന പല നല്ല കാര്യങ്ങളും നമ്മൾ അറിയാതെ പോകുന്നത്.

  മന്ത്രിമാരെ കാണാൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി രണ്ടു ദിവസം മുമ്പുള്ള വാർത്തയിൽ കണ്ടു. മാധ്യമങ്ങൾ കുറ്റപ്പെടുത്തിയാണ് വാർത്ത കൊടുത്തതെങ്കിലും ഭരണാധികാരികളുടെ ആ തീരുമാനം  വളരെ നന്നായി എന്നാണ് എനിക്ക് തോന്നിയത്. വാർത്തയുണ്ടാക്കാൻ തോന്നുമ്പോൾ കയറിചെല്ലുന്ന ഇടമാകരുത്  മന്ത്രിമാരുടെയും ബ്യൂറോക്രാറ്റ്സുകളുടെയും ഓഫീസ്. ആവശ്യമെങ്കിൽ മുൻകൂട്ടി വിഷയം പറഞ്ഞ് പെർമിഷൻ വാങ്ങി ആ സമയത്ത് ചെല്ലണം. ഇനി അവർക്ക് പ്രത്യേകമായി വല്ലതും പറയാനുണ്ടെങ്കിൽ സമയവും സ്ഥലവും പറഞ്ഞ് മീഡിയകളെ അറിയിക്കുമല്ലോ. 

 ഇന്നത്തെ മലയാളം പത്രങ്ങളും വാർത്തകളും കണ്ടാൽ ഈ ലോകത്ത് കേരളം മാത്രമേ ഉള്ളൂ എന്ന് സംശയം തോന്നും. ഇന്ത്യയിലെ സംഭവങ്ങളൊന്നും മലയാളം വാർത്തകളിൽ നിന്നും അറിയാൻ കഴിയില്ല എന്നതാണ് സത്യം.  ഇന്ത്യ മഹാരാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് കേരളം. എന്നാൽ ഈ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ എന്തെങ്കിലും നെഗറ്റീവ് ആയി സംഭവിച്ചാൽ - അത് ഈ പത്രത്തിന്റെയും ചാനലിന്റെയും രാഷ്ട്രീയത്തിന് എതിരായ ഭരണം ആണെങ്കിൽ മാത്രം അത് കൊടുക്കും. ഇല്ലെങ്കിൽ തഥൈവ. 

       ഈ സർക്കാർ കൊണ്ടുവന്ന "തൂഫാൻ" വളരെ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. അതൊരു ചെറു വാർത്തയായി പറയുന്നു എങ്കിലും കൂടുതൽ പ്രാധാന്യം കൊടുക്കാനോ ജനങ്ങളുടെ അഭിപ്രായം ആരായാനും ഒരു പത്രങ്ങളും ചാനലുകളും തയ്യാറായിട്ടില്ല . ഒരിക്കൽ ലഹരിയുടെ പിടിയിലായിരുന്ന ഈ കേരളത്തെ രക്ഷിക്കാനുള്ള ശ്രമം തീർച്ചയായും അഭിനന്ദനാർഹമാണ്. പക്ഷേ ഇവിടെ ജനഹിതം തേടാൻ അവർ തയ്യാറല്ല. എന്നാൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ അതിന്റെ അയൽപക്കക്കാരെയും പണ്ട് അടുത്ത് താമസിച്ചിരുന്ന വരെയും പോയി കണ്ട് വിവരങ്ങൾ ശേഖരിച്ച്  ലൈവ് ആയി കാണിക്കും. എന്തൊരു ശുഷ്കാന്തി. നെഗറ്റീവ് ഇംപാക്ട് ഉള്ള വാർത്തകൾക്കാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. നല്ല വാർത്തകൾ കണ്ടെത്താനും പറയാനും താല്പര്യം ഇല്ല. ഇത് സമൂഹത്തിന്റേതുകൂടി അപചയമാണ്.

 നമ്മളിലേക്ക് എത്തുന്ന വാർത്തകളിൽ മാറ്റം വരണമെങ്കിൽ നമ്മുടെ കാഴ്ചപ്പാടും മാറേണ്ടിയിരിക്കുന്നു. നല്ലതു കാണാനും കേൾക്കാനുമായി നമ്മുടെകണ്ണുകളും ചെവികളും തുറന്നു വയ്ക്കാം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ അതിനായി നമ്മുടെ മനസ്സ് കലുഷിതമാക്കരുത്.

 ബ്ലോഗിലൂടെവീണ്ടും കാണാം.

 ഏറെ സ്നേഹത്തോടെ,

 മീര നമ്പൂതിരി. 

Wednesday, March 25, 2026

പ്രണയ വിവാഹവും രാഷ്ട്രീയ കളികളും

 



          കഴിഞ്ഞ ആഴ്ച നടന്ന ഒരു പ്രണയവിവാഹം ഒരു വല്ലാത്ത ഞെട്ടലാണ് ജനങ്ങളിൽ ഉണ്ടാക്കിയത്.  പ്രണയിനികൾ പോയി വിവാഹം കഴിച്ചതിലല്ല, അത് നടത്താൻ രാഷ്ട്രീയപാർട്ടികൾ മുൻകൈയെടുത്തതിണ് സന്ദേഹം. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സഹകരണമില്ലാതെ  എന്തിനായിരുന്നു ഇവർ ഈ വിവാഹം നടത്തി കൊടുത്തത്? അച്ഛനമ്മമാർ സഹകരിക്കാത്തതുകൊണ്ടോ? സ്വന്തം മക്കളുടെ വിവാഹം തീരുമാനിക്കാൻ അച്ഛനമ്മമാർക്ക് ഒരധികാരവും ഇല്ലേ? പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് 21 കഴിഞ്ഞാൽ പിന്നീട് അച്ഛനമ്മമാരോടും കുടുംബത്തോടും യാതൊരു പരിഗണനയും കാണിക്കാതെ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാമെന്നാണോ? ജീവിതത്തിൽ ശരിയായ മാർഗം പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ ആവശ്യം 18 വയസ്സായാൽ പിന്നീട് വേണ്ടെന്നോ? ഇതൊക്കെയാണോ ഈ രാഷ്ട്രീയക്കാർ ഉദ്ദേശിച്ചത്?  അങ്ങനെയെങ്കിൽ ജീവിത പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തിനാണ് അവർ ജന്മം നൽകിയവരെ ആശ്രയിക്കുന്നത്? പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കരുതാൻ രക്ഷിതാക്കൾക്കും കഴിയുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ച നടന്ന ഒരു വിവാഹമാണ് ഇങ്ങനെയെല്ലാം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. വെറും ആറ് മാസത്തെ പ്രണയം, ബന്ധുക്കൾ ഇല്ലാത്ത വിവാഹത്തിലേക്ക് എത്തിച്ചത് എനിക്കൊട്ടും അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു. അവർ ഹിന്ദുവും മുസ്ലിമും ആയതുകൊണ്ടല്ല. അന്യസംസ്ഥാനക്കാർ എന്നതുകൊണ്ടുമല്ല. ശരിയായ ഉപദേശം നൽകാതെ താളത്തിനൊത്ത് തുള്ളിയ ഇവിടത്തെ രാഷ്ട്രീയക്കാരോടും മാധ്യമപ്രവർത്തകരോടും ആയിരുന്നു എന്റെ വിയോജിപ്പ്. എന്തറിഞ്ഞിട്ടാണ് ഇവർ ഈ വിവാഹത്തെ ഹൈലൈറ്റ് ചെയ്തത്? 

    ഈ നവദമ്പതികളുടെ കുടുംബ പശ്ചാത്തലം ഒന്നു നോക്കാം. മധ്യപ്രദേശ് സ്വദേശിനി യാണ് വധു മോണാലിസ  ഭോസ്ലെ. അച്ഛൻ വിജയ് സിംഗ് ഭോസ്ലെ. രണ്ട് അനിയന്മാരും അനിയത്തിമാരും. മാല വിൽപ്പനയാണ് ഇവരുടെ കുടുംബ തൊഴിൽ. മധ്യപ്രദേശിലെ മഹേശ്വർ ഫോർട്ടിൽ മാല വിൽക്കുമ്പോഴാണ് മോണാലിസ ക്യാമറ കണ്ണികളിൽപ്പെട്ട് ആദ്യമായി വൈറലായത്. പിന്നീട് 2025ൽ പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ രുദ്രാക്ഷമാല വിൽക്കാൻ എത്തിയതോടെ അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞു. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ മൊണാലിസ സിനിമാരംഗത്തും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ "നാഗമ്മാ "എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അവൾ അച്ഛനുമായി കേരളത്തിലെ പൂവാറിൽ എത്തിയത്. 2025 മുതൽ സിനിമാരംഗത്തുള്ള ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഫർമാൻ ഖാനെ കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. ജാഫർ അലിയുടെയും നിഷ ഖാത്തുണിന്റെയും  മകനായ ഫർമാൻ ഖാൻ, മലയാളം -തമിഴ് -ഹിന്ദി സിനിമകളുടെ ഭാഗമായിരുന്നു എന്നാണ് അറിയുന്നത്. കണ്ടുമുട്ടിയ ശേഷം ആരംഭിച്ച പ്രണയം ആറുമാസമായപ്പോൾ തന്നെ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ അച്ഛൻ വിജയ് സിംഗ് ഭോസ്ലെക്ക് ഈ തീരുമാനം അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ അച്ഛൻ നിർബന്ധപൂർവ്വം ശ്രമിച്ചു. തനിക്ക് അറിയാത്തതും അന്യമതസ്ഥനുമായ ഒരാൾക്ക് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുവാൻ ഒരച്ഛനും ആഗ്രഹിക്കുകയില്ല. ഇന്നും വിവാഹത്തിന് കുടുംബങ്ങൾക്കാണ്  ഭാരതീയർ പ്രാധാന്യം നൽകുന്നത്. അതിനുശേഷം മാത്രമേ വ്യക്തികൾ വരികയുള്ളൂ. കുടുംബ സംസ്കാരങ്ങൾ തമ്മിൽ യോജിച്ച് പോകുന്നതാ വണമെന്നാണ് വിവാഹത്തിന് മുമ്പ് ഓരോ മാതാപിതാക്കളും ചിന്തിക്കുന്നത്. മറ്റൊരു അന്യമായ സംസ്കാരത്തിലേക്ക്, നാട്ടിലേക്ക്, ആളുകളുടെ ഇടയിലേക്ക് തന്റെ മകളെ പറഞ്ഞയക്കാൻ ഒരച്ഛന് എങ്ങനെയാണ് കഴിയുക? ഇപ്പോൾ നടക്കുന്ന പ്രണയവിഭാഗങ്ങളിൽ കൂടുതലും രണ്ടു കുടുംബങ്ങളുമായി സംസാരിച്ച് അംഗീകരിച്ച ശേഷമാവുമല്ലോ നടത്തുക. അതുകൊണ്ടുതന്നെ മകളെ നിർബന്ധിച്ച നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ആ അച്ഛനെ ആർക്കും കുറ്റം പറയാൻ കഴിയില്ല. മാർച്ച് പത്തിന് വീട്ടിലേക്ക് എന്ന് പറഞ്ഞു തിരിച്ച അവർ  എത്തിയത് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ആയിരുന്നു. മോണാലിസയും ഫർമാൻ ഖാനും മനപ്പൂർവ്വം ഇവിടെ എത്തിയതായിരുന്നു. തങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും പെൺകുട്ടിയുടെ അച്ഛൻ എതിർക്കുന്നു എന്നും അവർ അവിടെ പരാതി നൽകി. തുടർന്ന് അച്ഛനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം തന്റെ എതിർപ്പ് അറിയിച്ചു. അവൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആധാർ കാർഡ് പ്രകാരം മോണാലിസിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ട്(1/1/2008). അതിനാൽ ആരോടൊപ്പം ജീവിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും മോണാലിസയ്ക്ക് തീരുമാനിക്കാം എന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ അച്ഛൻ അവിടെ നിന്നും ഒഴിഞ്ഞുമാറി. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മന്ത്രിമാര അടക്കമുള്ളവർ ഇടപെട്ട് പൂവാറിലെ അരുമാന്നുർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചുകൊടുത്തു. മാധ്യമങ്ങളും പാർട്ടിയും ചേർന്ന് ഇതൊരു ആഘോഷമാക്കുകയും ചെയ്തു. 

     എന്നാൽ ഇതാണോ ചെയ്യേണ്ടിയിരുന്നത് എന്നതാണ് എന്റെ സംശയം. വെറും ആറുമാസത്തെ പ്രണയം കൊണ്ട് പരസ്പരം മനസ്സിലാക്കാൻ സാധിക്കുമോ?  പ്രണയിനികൾ എപ്പോഴും സ്വന്തം സ്വഭാവത്തിന്റെ നല്ല വശം മാത്രമേ കാണിക്കാറുള്ളൂ. വെറും ആറുമാസം കൊണ്ട് അതുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. വർഷങ്ങൾ പ്രണയിച്ചിട്ടും വിവാഹം പരാജയപ്പെട്ടു പോകുന്ന എത്രയോ ഉദാഹരണങ്ങളാണ് നമുക്കുചുറ്റുമുള്ളത്. ഇതറിയുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും മോണാലിസയുടെയും ഫർമാന്റെയും വീട്ടിൽ അറിയിച്ച് അവരുടെ പ്രതികരണം അറിഞ്ഞ ശേഷമായിരുന്നില്ലേ വിവാഹനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. വിവാഹം നടത്തിച്ചു കൊടുത്തവർക്ക് ഫർമാനെ കുറിച്ചും കുടുംബത്തെക്കുറിച്ചും എന്ത് വിവരങ്ങളാണ് അറിയാവുന്നത്? അയാൾ മുമ്പ് വിവാഹിതനായിട്ടുണ്ടോ? ഏതെങ്കിലും പെൺകുട്ടി ക്ക് വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടോ? തുടങ്ങി എന്തെങ്കിലും അറിയാമോ? ഇനി  മുമ്പ് വിവാഹം കഴിച്ചതാണ് എന്ന് തെളിഞ്ഞാൽ ഈ വിവാഹത്തിന് എന്ത് വിലയാണ് ഉള്ളത്? ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തു, അത്രതന്നെ. ഇനി വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഇരുവരും വിഭിന്ന മതവിശ്വാസികൾ ആയതിനാൽ സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം മാത്രമേ വിവാഹം കഴിക്കാൻ സാധിക്കു. അതിനെ വാലിഡിറ്റി ഉള്ളൂ. വെറുതെ ക്ഷേത്രത്തിൽ ചെന്ന് മാലയിട്ട് അവരുടെ സർട്ടിഫിക്കറ്റും വാങ്ങിയാൽ എത്രത്തോളം വാലിഡ് ആണ് ആ വിവാഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തണ മെങ്കിൽ  രണ്ടുപേരും ഹിന്ദു വിശ്വാസികൾ ആയിരിക്കണം. ഇവിടെ അതല്ല. ഇരുവരും അവരുടെതായ വിഭിന്ന മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. പിന്നെയെങ്ങനെയാണ് ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹം വാലിഡ് ആകുന്നത്?

   സത്യത്തിൽ അവർക്ക് വിവാഹിതരാകണമെങ്കിൽ സ്പെഷ്യൽ മേരേജ് ആക്ട് അനുസരിച്ച് ഒരു മാസത്തെ സമയം നൽകി വിവാഹം കഴിക്കാമായിരുന്നു. ഈ സമയത്തിനകം ഇരു കുടുംബത്തെയും അറിയിച്ച് ആലോചിച്ച് ഒരു തീരുമാനത്തിലെത്താ മായിരുന്നു. അതിനുപകരം" വെട്ടൊന്നു, മുറി രണ്ട് "എന്ന തരത്തിൽ വിവാഹം നടത്തി കൊടുത്തു. ഇനി ഇത് നടത്തി കൊടുത്തവരുടെ വീട്ടിലായിരുന്നു ഈ സംഭവം നടന്നതെങ്കിൽ അവർ എങ്ങനെയാവും പ്രതികരിക്കുക?" എന്റെ മകന്റെ / മകളുടെ വിവാഹം ഇതുപോലെ ആർക്കൊപ്പവും നടത്താം, ഒരു കുഴപ്പവുമില്ല " എന്നുപറഞ്ഞ് സാധാരണ പോലെ ഇരിക്കുമൊ? ഒരിക്കലുമില്ല. അതുപോലെ ഒരു തീരുമാനമെടുക്കാൻ മാത്രം മോണാലിസയ്ക്ക് കഴിവുണ്ടായിരുന്നോ? അതുമില്ല. എന്തെങ്കിലും കാരണത്താൽ ഒരിക്കൽ വീട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നാൽ അവൾ എങ്ങിനെ തന്റെ കുടുംബാംഗങ്ങളെ അഭിമുഖീകരിക്കും? അവൾക്ക് ഒരു ആവശ്യം വന്നാൽ ഇനി വീട്ടുകാർ സഹായിക്കുമൊ? ഇത് നടത്തി കൊടുത്തവർ സഹായിക്കുമോ? ഒന്നുമില്ല. അവർക്ക് ഇത് വെറും വാർത്ത മാത്രം. മാധ്യമങ്ങൾ ഈ വാർത്തയ്ക്ക് നൽകിയ പിന്തുണയും പ്രോത്സാഹനവും കണ്ടാൽ മറ്റുള്ള കുട്ടികൾക്കും ഇതൊരു പ്രചോദനമായി മാറിയേക്കാം. പാർട്ടിയും പത്രങ്ങളും  തങ്ങളോടൊപ്പം എന്നെന്നും നിൽക്കും എന്ന് അവർ തെറ്റിദ്ധരിക്കും. അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കും. പെൺകുട്ടികൾ പഠിച്ചു സ്വന്തം കാലിൽ നിൽക്കാനാണ് ആദ്യം പ്രാപ്തി നേടേണ്ടത്.   ഇവിടെ മോണാലിസിക്ക്  മിഡിൽ സ്കൂൾ വിദ്യാഭ്യാസം തന്നെ ഉണ്ടോ എന്ന് സംശയം. 

    ഭാവിയിൽ ഈ വിവാഹത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ വിവാഹം നടത്തിയവർ പരിഹാരവുമായി എത്തുമോ? അവർക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്തി കൊടുക്കാൻ പാർട്ടിക്ക് കഴിയുമോ?

    ഈ വിവാഹത്തെ എതിർത്ത മോണാലിസയുടെ കുടുംബം മധ്യപ്രദേശ് സർക്കാരിനോട് തങ്ങളുടെ പരാതിയെ അറിയിച്ചു എന്നറിയുന്നു. തന്റെ മകളെ അഭിനയിക്കാൻ ആണെന്നു പറഞ്ഞു കൊണ്ടുപോയതാ ണെന്നാണ് അച്ഛൻ വിജയ് സിംഗ് ഭോസ്ലെ കണ്ണീരോടെ പറയുന്നത്. മോണാലിസയുടെ പിതാവ് മാത്രമല്ല, ഫർമാന്റെ പിതാവ്  ജാഫർ അലിക്കും സഹോദരനും ഈ വിവാഹത്തെ അംഗീകരിക്കാൻ കഴിയുന്നില്ല. മറ്റൊരു സംസ്ഥാനത്തിലെ വിഭിന്ന മതത്തിൽ പെട്ട പെൺകുട്ടിയെ മരുമകളായി സ്വീകരിക്കാൻ അവർ തയ്യാറല്ല.  ചുരുക്കത്തിൽ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും അപക്വമായ നീക്കത്തിൽ രണ്ടു  കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.  ഒരു അമ്മ എന്ന നിലയിൽ ഈ വിവാഹത്തെയോ, ഇതിനു മാധ്യമങ്ങൾ   നൽകിയ പബ്ലിസിറ്റിയോ രാഷ്ട്രീയ പാർട്ടി നൽകിയ സപ്പോർട്ടോ ഒന്നും അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അതിന് കാരണം ജാതി മത ഭേദമല്ല എന്ന് അടിവരയിട്ടു പറയുന്നു. ഇരു കുടുംബത്തെയും അറിയിക്കാതെ, അവരുടെ സഹകരണം തേടാതെ നടത്തിയതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. 🙏

ഈ ആഴ്ചയിൽ കലാകൗമുദിയിൽ വന്നു 🙏

 സ്നേഹത്തോടെ 

മീര നമ്പൂതിരി 

Tuesday, March 17, 2026

സൗജന്യ പ്രഖ്യാപന മത്സരം നടത്തുന്ന രാഷ്ട്രീയക്കാർ .

 

  .         ഒരു തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനങ്ങൾക്ക് നൽകാൻ പോകുന്ന സൗജന്യത്തിന്റെ വർദ്ധനയും വിവരണവുമാണ്  രാഷ്ട്രീയപാർട്ടികൾ എല്ലാം നടത്തുന്നത്. ഇതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ല. ജനങ്ങൾക്ക് വാരിക്കോരി കൊടുക്കും എന്ന് 101 ആവർത്തിക്കുകയാണ് എല്ലാ പാർട്ടികളും. എങ്ങിനെയെങ്കിലും ഭരണം കിട്ടണം. പറഞ്ഞ സൗജന്യങ്ങൾ നൽകണോ എന്നും എത്ര, ആർക്കൊക്കെ നൽക്കണമെന്നും പിന്നീട് തീരുമാനിക്കും. 

         ഓരോ പാർട്ടിക്കാരും നൽകുന്ന സൗജന്യങ്ങളുടെ പട്ടിക കേട്ടാൽ  അത്ഭുതപ്പെട്ട് അവിശ്വസനീയതയോടെ നമ്മൾ നിന്നു പോകും. എന്തോ, അവരുടെയൊക്കെ വീട്ടിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ തരുന്നത് പോലെയാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ നമ്മൾ നൽകുന്ന നികുതിയിൽ നിന്നും നമുക്ക് തരുന്നതാണ് ഈ സൗജന്യങ്ങളെല്ലാം എന്ന് അക്ഷരം കൂട്ടി വായിക്കാൻ അറിയുന്ന, അരിയാഹാരം കഴിക്കുന്ന ( സോറി, ഗോതമ്പ് എന്നും കൂടി ചേർക്കട്ടെ ) നമുക്കറിയാം. നമ്മുടെ വലതുവശത്തെ വീട്ടിൽ നിന്നും വാങ്ങി ഇടതുവശത്തെ വീട്ടിൽ കൊടുക്കുന്ന വെറും ഒരു മധ്യസ്ഥൻ മാത്രമാണ് സർക്കാർ- അത് ഏത് രാഷ്ട്രീയ പാർട്ടിയുടേതായാലും. ഇടതുവശത്തെ വീട്ടിൽ കൊടുക്കുമ്പോൾ 'ഞാൻ തരുന്നു' എന്ന മട്ടിലാണെന്നു മാത്രം. ( അല്ലായിരുന്നെങ്കിൽ ഇതെല്ലാം എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും പാർട്ടിക്കുമായി എടുത്തേനെ. ഞാൻ നല്ലവനായതുകൊണ്ട് കുറച്ചു നിങ്ങൾക്കും തരുന്നു 🤭) ഇവരുടെ പരസ്യ പ്രഖ്യാപനങ്ങൾ സൂക്ഷ്മമായി നോക്കിയാൽ ഈ പ്രഖ്യാപനങ്ങളെല്ലാം ഭരണം കിട്ടുന്നതോടെ വലിച്ചുകീറി ദൂരെയെറിയും.പിന്നെ പ്രഖ്യാപിച്ചതൊന്നും അവർക്ക് ഓർമ്മയും കാണില്ല.

        ഇപ്പോൾ കേരളത്തിൽ നിയമസഭ ഇലക്ഷന്റെ കാലമായതോടെ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുകയാണ്. ഒരു പാർട്ടിക്കാർ" ക്ഷേമ പെൻഷൻ 2500 രൂപയാക്കും " എന്ന് പറഞ്ഞ് അഭിമാനത്തോടെ തലയുയർത്തുമ്പോൾ " അയ്യടാ, ഞങ്ങളത് 3000മാക്കും" എന്നാണ് എതിർ പാർട്ടികൾ ഘോഷിക്കുന്നത്. കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ, യുവാക്കൾക്ക് അഞ്ച് ലക്ഷം പലിശരഹിത വായ്പ തുടങ്ങി പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴയാണ്. നമ്മുടെ ട്രാൻസ്പോർട്ട് മന്ത്രിയുടെ കണ്ണ് തള്ളിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിപക്ഷം മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി നടത്തി " സ്ത്രീകൾക്ക് ബസ് യാത്രകൾ സൗജന്യം "

 ഇവിടെ ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ നട്ടംതിരിയുന്ന കെഎസ്ആർടിസി, ഇത് കേട്ട് ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

      ആദ്യം തന്നെ നമുക്ക് കെഎസ്ആർടിസി സൗജന്യ പ്രഖ്യാപനത്തിൽ നിന്നും തുടങ്ങാം. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഈ സൗജന്യം? എന്തിനാണ് എല്ലാ സ്ത്രീകൾക്കും സൗജന്യം നൽകുന്നത്? കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ എന്തെങ്കിലും പരിഗണന നൽകുന്നു എങ്കിൽ അത് അർഹതപ്പെട്ടവർക്കാ യിരിക്കണം. സ്ത്രീ- പുരുഷ ഭേദം നോക്കാതെ, ശാരീരികമായ അപാകതയുള്ളവർ, രോഗികൾ, വരുമാനം നിശ്ചിത തുകയിൽ താഴെയുള്ളവർ, ബിപിഎൽ കാറ്റഗറിയിൽ ഉള്ളവർ എന്നിങ്ങനെയു ള്ളവരെ കണ്ടെത്തി അവർക്കായി മാത്രം ഒരു നിശ്ചിത ശതമാനം സൗജന്യം നൽകേണ്ടതാണ്. അല്ലാതെ "സ്ത്രീ " എന്ന ഒരൊറ്റ കാരണം കൊണ്ട് സൗജന്യം നൽകരുത്. ബസ്സിലെ ഇത്തരം സ്ത്രീ സൗജന്യങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥകളായിരിക്കും. അവരാണല്ലോ ദിവസവും യാത്ര ചെയ്യുന്നവർ. ജോലിയും കൂലിയും ഉള്ള ഇവർക്ക് പാവപ്പെട്ടവർക്ക് നൽകേണ്ട സൗജന്യം എന്തിനാണ് നൽകുന്നത്? 

       ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാനങ്ങൾ ഡൽഹി, കർണാടക, തമിഴ്നാട്, തെലുങ്കാന, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവയാണ്. 2019 മുതൽ ഡൽഹിയിൽ സൗജന്യ യാത്ര സൗകര്യം സ്ത്രീകൾക്ക് നൽകി തുടങ്ങി. 2015-16ൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നഷ്ടം 25,299.87 കോടി ആയിരുന്നു എങ്കിൽ 2021-22 കാലത്ത് അത് 60,741.03 കോടിയായി ഉയർന്നു. ഇതിനു കാരണം സ്ത്രീ സൗജന്യ യാത്ര മാത്രമല്ല.പക്ഷേ അതും ഒരു കാരണമാണ് . കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് 2023 ജൂൺ 11 മുതലാണ്. ഇത് നടപ്പാക്കി ആദ്യ മൂന്നു മാസത്തെ നഷ്ടം 295 കോടി രൂപയായിരുന്നു. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കെഎസ്ആർടിസി, ബിഎംടിസി, എൻ ഡബ്ലിയു കെ ആർ ടി സി, കെ കെ ആർ ടി സി എന്നിവയുടെ മൊത്തത്തിലുള്ള കടം 6244 കോടിയാണ്. 

  ഓർഡിനറി ബസ്സിൽ മാത്രം സൗജന്യം നൽകുന്ന തെലുങ്കാനയിൽ ഇതാ ആരംഭിച്ചത് 2023 ഡിസംബറിലാണ്. തമിഴ്നാട്ടിൽ ഓർഡിനറി ബസ്സിൽ മാത്രമായി സ്ത്രീ സൗജന്യം തുടങ്ങിയത് മെയ് 2021 ലാണ്. 2024 25 പ്രതിമാസ കടം 566 കോടിയിലധികമാണ്. 2021 മുതൽ പഞ്ചാബിലും 2025 ഓഗസ്റ്റ് 15 മുതൽ ആന്ധ്രപ്രദേശിലും സ്ത്രീ സൗജന്യ യാത്ര ആരംഭിച്ചു. ഇതോടെ നഷ്ടത്തിലായിരുന്ന സ്റ്റേറ്റ് റോഡ് കോർപ്പറേഷനുകൾ കൂടുതൽ കടത്തിലേക്ക് കൂപ്പുകുത്തി എന്നു പറയാം.

   ഇന്ത്യയിലെ ഭൂരിഭാഗം എസ് ആർ ടി യു ( സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്സ് ) നഷ്ടത്തിലാണ്. ബാക്കിയുള്ളവയിൽ ലാഭമുണ്ടെന്ന് പറയാനും കഴിയില്ല. അങ്ങനെയുള്ള അവസരത്തിൽ ഇത്തരം സൗജന്യങ്ങൾ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എന്തിനാണ് നൽകുന്നത്? ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുവാൻ തക്ക വരുമാനമുള്ളവർക്ക് എന്തിനാണ് സൗജന്യം അനുവദിക്കുന്നത്?

       മറ്റൊന്ന് കോളേജ് വിദ്യാർഥിനികൾക്കെല്ലാം പ്രതിമാസം ആയിരം രൂപ നൽകുമത്രേ. എന്തിന്? ഇവിടെയും കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും വരുമാനം നോക്കേണ്ടതല്ലേ? സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഠന സാമഗ്രികൾ മിതമായ നിരക്കിൽ നൽകണം. ഇവിടെയും പുരുഷനും സ്ത്രീയും എന്ന വ്യത്യാസമോ, ജാതിമത വ്യത്യാസമോ കാട്ടാൻ പാടില്ല. സർക്കാരിന് മുമ്പിൽ ജനങ്ങൾ തുല്യരാണ്. അവരെ ലിംഗ വ്യത്യാസത്തിലും ജാതിമത വ്യത്യാസത്തിലും കാണരുത്. എല്ലാവർക്കും ജീവിക്കുവാൻ പഠിക്കുവാനും യാത്ര ചെയ്യുവാനും ജോലി നേടുവാനുമുള്ള അവസരം ഉണ്ട്- ഉണ്ടാകണം. ഇതെപ്പോഴാണ് ജാതിമതത്തിന്റെയും, ലിംഗ വ്യത്യാസത്തിന്റെയും, പാർട്ടിയുടെയും പേരിലാകുന്നത് അവിടെ അഴിമതി തുടങ്ങിക്കഴിഞ്ഞു. പിന്നീട് അവരെ ജനാധിപത്യ സർക്കാർ എന്ന് വിളിക്കാൻ കഴിയില്ല. പാർട്ടി പ്രീണനവും ബന്ധുജന പ്രീണനവും നടത്തുന്നവർ ആരായാലും അവർ ഒരു നല്ല ഭരണാധികാരി അല്ല. 

     " സൗജന്യമല്ലേ, ഇതിനെ എന്തിനാണ് എതിർക്കുന്നത്? പാർട്ടി കുറെ എടുക്കുന്നില്ലേ, അപ്പോൾ നമുക്കും കുറച്ചു കിട്ടിയാൽ എന്താ കുഴപ്പം? " എന്ന് ചോദിക്കുന്നവരുണ്ട്. ശരിയാണ്. ഇപ്പോൾ കുഴപ്പമുണ്ടെന്ന് നമുക്ക് തോന്നില്ല. പക്ഷേ ഭാവിയിൽ വലിയ കുഴപ്പത്തിന് കാരണമാകും. ഒരു നാട് അധപതിക്കാൻ സൗജന്യം എന്ന പ്രവർത്തി മാത്രം മതി. സൗജന്യമെന്നു പറഞ്ഞ് നമ്മുടെ മുമ്പിലേക്ക് താലത്തിൽ വച്ച് തരുന്നത് ആരുടെയും വീട്ടിൽ നിന്നും കൊണ്ടുവന്നു തരുന്നതല്ല. ഒരു പാർട്ടിയുടെയും രാഷ്ട്രീയ ഫണ്ടിൽ നിന്നുമല്ല. നമ്മൾ ചോര നീരാക്കി ജോലി ചെയ്തു കിട്ടുന്ന തുകയിൽ നിന്നും നികുതി കൊടുക്കുന്ന തുകയാണത്. അതിനെ അനാവശ്യമായി- ഓരോ പാർട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് വേണ്ടി- ദുരുപയോഗം ചെയ്യുമ്പോൾ  നമ്മൾ ചോദിക്കണം. എതിർക്കണം. കാരണം ഇത് നമ്മുടേതാണ്. നമ്മൾ നൽകിയതാണ്. നീണ്ട കാലം നിലനിൽക്കുന്ന  നമ്മുടെ ക്ഷേമത്തിനായി ചിലവാക്കേണ്ടതാണ്. അത് എങ്ങനെ എവിടെ ചെലവാക്കുന്നു എന്ന് ജനങ്ങൾ തിരിച്ചറിയണം.

     . രാജ്യസ്നേഹം ഉള്ള, ജനങ്ങളെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ സൗജന്യങ്ങളല്ല നൽകേണ്ടത്. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കും എന്നാണ് പ്രഖ്യാപിക്കേണ്ടത്. ജനജീവിതത്തിന് അത്യന്താപേക്ഷിതമായ കൃഷിവിളകളും പച്ചക്കറിയും മറ്റും ഉല്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തത നേടുമെന്ന് ഒരു പാർട്ടിക്കാരും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞിട്ടില്ല. കുടുംബ വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം ഓരോ വീട്ടുകാരും കണ്ടെത്തുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു രാഷ്ട്രീയ നേതൃത്വവും പ്രഖ്യാപിച്ചിട്ടില്ല. സൗജന്യമല്ല, അഭിമാനത്തോടെ ജീവിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കേണ്ടത്. അതാണ് രാഷ്ട്രീയപാർട്ടിക്കാർ വാഗ്ദാനം ചെയ്യേണ്ടതും. മറ്റു വികസിത നാടുകളിൽ ഉള്ളതുപോലെ വിദ്യാഭ്യാസ നിലവാരം ഉയർത്തും,  തൊഴിൽ അവസരവും   സർക്കാർ വരുമാനവും വർദ്ധിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകും, ജനങ്ങളുടെ സുരക്ഷ പരമപ്രധാനമായി കാണും, സാമൂഹ്യവിരുദ്ധരെയും, സാമൂഹ്യ ദ്രോഹികളെയും, ജാതി-മത സ്പർദ്ധ ഉണ്ടാക്കുന്നവരെയും കണ്ടെത്തി കർശനമായി ശിക്ഷിക്കും. ഭക്ഷണം ഇല്ലാത്തവർക്ക് കുറഞ്ഞ തുകയ്ക്ക് ഭക്ഷണം, വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാനുള്ള സഹായം, ഏവർക്കും സൗകര്യപ്രദമായ  ആരോഗ്യ മേഖല തുടങ്ങി ജനസേവനത്തിനായുള്ള   ധാരാളം പ്രഖ്യാപനങ്ങൾ നടത്തേണ്ടിടത്താണ് കുറെ സൗജന്യങ്ങളുമായി പാർട്ടി നേതാക്കൾ ഇറങ്ങുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്? ഇതൊക്കെ കണ്ടും കേട്ടും ഇനിയും വിഡ്ഢിയാകാനാണോ ജനങ്ങളുടെ തീരുമാനം?

           ജനക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങളാണ് നമുക്ക് വേണ്ടത്, സൗജന്യങ്ങളല്ല. പുരോഗതിയിലൂടെ മാത്രമേ നാട് മുന്നേറുകയുള്ളൂ. അല്ല എങ്കിൽ ജനങ്ങളല്ല,പാർട്ടി നേതാക്കൾ മാത്രം മുന്നേറും . പൊതു സേവനങ്ങൾ നൽകുന്ന സർക്കാർ അതിന്റെ ഓരോ ഘട്ടത്തിലും അതാത് സ്ഥലത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തേണ്ടതാണ്. ഈ നിർമ്മാണത്തിൽ എന്റെയും കൂടി സേവനമുണ്ടെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകാൻ ഇത് സഹായിക്കും. അല്ലെങ്കിൽ "കാട്ടിലെ തടി..... തേവരുടെ ആന" എന്ന മട്ടിലാകും ജനങ്ങളുടെ കാഴ്ചപ്പാട്. 

      തമിഴ്നാട്ടിലെ പ്രശസ്ത നടൻ വിജയ് ഇതുപോലെ കുറെ പ്രഖ്യാപനങ്ങൾ നടത്തിയതായി കണ്ടു. പ്രതിമാസം 2500  രൂപ സ്ത്രീകൾക്ക് നൽകും, കല്യാണത്തിന് ഒരു പവനും സാരിയും തുടങ്ങിയ കുറെ സൗജന്യങ്ങൾ. വിജയൻ ജയിച്ചാൽ ഇതെല്ലാം എങ്ങനെയാണ് നടപ്പാക്കുക? എന്തായാലും സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കില്ല എന്ന കാര്യം ജനങ്ങൾ മറക്കരുത്. ഇനി ആരെങ്കിലും ഈ രീതിയിൽ കൊടുക്കുന്നു എങ്കിൽ തീർച്ചയായും അവർക്ക്  രാഷ്ട്രീയ നേട്ടം എന്ന ലക്ഷ്യം ഉണ്ടായിരിക്കില്ല.  

  ഇനിയെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം സൗജന്യങ്ങൾ വച്ച് നീട്ടുന്ന പാർട്ടികളെയും വ്യക്തികളെയും ജനങ്ങൾ തഴയണം. ജനക്ഷേമ പ്രവർത്തനങ്ങളുമായി വരുന്നവരെ ഇരുകൈയും കൂട്ടി സ്വീകരിക്കണം. പക്ഷേ ജന നന്മ ആഗ്രഹിക്കുന്നവർക്കെ അതിന് കഴിയു. സ്വന്തം ക്ഷേമവും  പാർട്ടിയുടെ ക്ഷേമവും നോക്കുന്നവർക്ക് എന്തും സൗജന്യമായി നൽകുമെന്ന് വാഗ്ദാനം നൽകാം. ഇനി ചിന്തിക്കൂ. സുരക്ഷിതമായി സുഭിക്ഷമായി അഭിമാനത്തോടെ ജീവിക്കണോ, സൗജന്യം പറ്റി നിസ്സഹായരായി ദിവസങ്ങൾ തള്ളിനീക്കണോ? നമുക്ക് വേണ്ടത് തിരിച്ചറിയണം, അതിനുവേണ്ടി ശ്രമിക്കണം. അതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കാലം. നമ്മുടെ ചിന്തകളിൽ മാറ്റം വന്നാലേ ഈ പാർട്ടിക്കുള്ളിലും പ്രവർത്തകർക്കും മാറ്റം ഉണ്ടാകു. 


 മീര നമ്പൂതിരി

Friday, February 13, 2026

ഞങ്ങളുടെ പൊൻ കിണർ

 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് ഇന്നലെ, ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച. ഞങ്ങളുടെ കിണർ ഇടിഞ്ഞതാണ് പോയ ദിവസം. 

       ഏകദേശം ഒന്നര വർഷം മുൻപാണ് ഞങ്ങളുടെ പ്ലംബിങ് പണി നടത്തുകയും മറ്റു സഹായങ്ങൾ ചെയ്തു തരുന്നതുമായ രാജേന്ദ്രൻ ഈ കിണർ ക്ലീൻ ചെയ്തത്. അപ്പോൾ, കിണറിന്റെ റിങ്ങുകൾക്ക് ബലക്ഷയം തോന്നുന്നുണ്ട് എന്നും പുതിയ റിങ്ങുകൾ  ഇറക്കിയാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പല തടസ്സങ്ങൾ മൂലം അതിനു സാധിക്കാതിരുന്നത് ഒരുപക്ഷേ ഞങ്ങളുടെ വിധിയാകും. ഒടുവിൽ വ്യാഴാഴ്ച, ഫെബ്രുവരി 12 2026 അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെ കിണർ പണിക്കാരെ വിളിച്ചുവരുത്തി പിറ്റേ ദിവസം തന്നെ പുതിയ റിങ്ങുകൾ ഇറക്കാം എന്ന് തീരുമാനമായി. വെള്ളം വറ്റിച്ച ശേഷം റിങ്ങുകളുടെ അവസ്ഥ കണ്ട് എണ്ണം തീരുമാനിച്ചശേഷം കൊണ്ടുവരാം, എന്തായാലും 18 -20 എണ്ണം വേണ്ടിവരും എന്നും അവർ സൂചിപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മുമ്പ് അവരെത്തി. ആദ്യം കിണറ്റിൽ ഇറങ്ങി കാട്ടുചെടികൾ എല്ലാം കളഞ്ഞു വൃത്തിയാക്കി പുറത്തുവന്നു. പിന്നീട് അവരുടെ മോട്ടോർ കൊണ്ട് വെള്ളമടിക്കാൻ തുടങ്ങി. ഒരു മിനിറ്റ് ആയിട്ടില്ല അപ്പോഴേക്കുംചെറിയ ശക്തിയിൽ വെള്ളം കിണറ്റിലേക്ക് വീഴാൻ തുടങ്ങി. സംശയം തോന്നിയ അവർ ഉടൻതന്നെ മോട്ടോർ ഓഫ് ചെയ്ത് അവരുടെ എല്ലാ സാധനസാമഗ്രികളും മോട്ടറും അവിടെ നിന്നും മാറ്റി, അവരും മാറിനിന്നു. അപ്പോഴേക്കും ഉള്ളിൽ കിണർ ഇടിയാൻ തുടങ്ങിയിരുന്നു. പിന്നീട് പുറത്തുവച്ചിരുന്ന, എന്നും ഉപയോഗിക്കുന്ന ഞങ്ങളുടെ മോട്ടോർ എടുത്തു മാറ്റണോ എന്ന് ആലോചിച്ചപ്പോഴേക്കും അതെല്ലാം കിണറ്റിലേക്ക് വീണു, കിണറിന്റെ പുറത്ത് കാണുന്ന ഭിത്തി സഹിതം.

  ഈ കിണർ എത്ര സത്യമുള്ളതായിരുന്നു എന്ന് മനസ്സിലായത് അപ്പോഴാണ്. കിണറിന്റെ അരികിൽ വെച്ചിരുന്ന ചെടികളെപോലും നശിപ്പിക്കാതെ മതിലിനും, വീടിനും ഒന്നും ഒരു അപകടവും സംഭവിക്കാതെയാണ് ആ കിണർ വീണത്. ഉള്ളിലെ റിങ്ങുകൾ അങ്ങനെതന്നെ താഴേക്കിരുന്നു എങ്കിൽ കൂടുതൽ സ്ഥലം( കിണറിന് ചുറ്റുമുള്ള കൂടുതൽ സ്ഥലം) ഇടിഞ്ഞേനെ. അത് ഉണ്ടാകാതെ കിണറിലെ വളയങ്ങൾ ചെരിഞ്ഞും, കുത്തനെ വീണും ആഘാതം കുറച്ചു. ആരെയും കഷ്ടപ്പെടുത്താതെ, വിഷമിപ്പിക്കാതെ അങ്ങനെ ഞങ്ങളുടെ ആ പൊൻകിണർ ഇല്ലാതെയായി. കടൽമണ്ണ പോലത്തെ പശ്മയില്ലാത്ത മണ്ണ് ആയിരുന്നു അടിയിൽ ഉണ്ടായിരുന്നതെന്നും അതാണ് കാരണമെന്നും വിദഗ്ധർ പറയുന്നു. ഞങ്ങൾ ഈ വീട് വാങ്ങിയതാണ്. അപ്പോൾ തന്നെ കിണറും ഉണ്ട്. അതുകൊണ്ടുതന്നെ മണ്ണിനെ പറ്റി കാര്യമായി ഒന്നും അറിയില്ല. ബെൽറ്റ് ചെയ്ത് നല്ല ഉറപ്പോടെ വെച്ച വീടാണ് എന്ന് മാത്രം അറിയാം. ഞങ്ങളുടെ തൊട്ട് അയൽപക്കത്തുള്ള കിണറും വെള്ളം അടിച്ചപ്പോൾ തകർന്നു വീണിട്ട് ഒരു വർഷമായില്ല. ഇത്രയും കാലം- ഏകദേശം 18 വർഷം - ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് എല്ലാവരും പറഞ്ഞത്.

         കിണർ തകർന്നത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എന്ന് സത്യമാണ്. ആർക്കും ഒരു ദോഷവും ഉണ്ടാകാതെ സ്വയം ഉള്ളിലേക്ക് ഒതുങ്ങുകയായിരുന്നു  പൊൻകിണർ. ആ സമയം എല്ലാം നോക്കി കണ്ടു ചെയ്യേണ്ടത് ചെയ്യാനുള്ള ആളുകളും സഹായത്തിനായി ഇവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് കിണർ പോയ വിഷമമല്ലാതെ മറ്റൊന്നും അറിയേണ്ടിയിരുന്നില്ല. എല്ലാം അവർ തന്നെ ഏറ്റെടുത്തു ചെയ്തു. വൈകുന്നേരം ആയിപ്പോയേക്കും ആ കിണർ മൂടി.

    പോകാനുള്ള സമയമായപ്പോൾ എത്ര നിശബ്ദമായാണ് ആ കിണർ വഴിയൊഴിഞ്ഞത്  . രാജേന്ദ്രൻ ഒരു പാക്കറ്റ് പാലു വാങ്ങി കിണറ്റിൽ ഒഴിച്ച് നമ്മുടെ നന്ദിയും സ്നേഹവും കടപ്പാടും അറിയിച്ചു. ഞാനും അല്പം ഗംഗാജലം വീഴ്ത്തി അതിനോട് യാത്ര പറയുമ്പോൾ വിവരിക്കാൻ ആവാത്ത വിങ്ങലായിരുന്നു ഉള്ളിൽ.

    ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഒരു കിണർ ഇടിഞ്ഞു പോയതിനാണോ ഇത്രയും പറയുന്നത് എന്ന്. അല്ല,അതൊരു വെറും കിണറായി കാണാൻ കഴിയില്ല. അതൊരു അനുഗ്രഹമായിരുന്നു. ഞങ്ങളുടെ,വീടിന്റെ, ഒക്കെ ഭാഗമായിരുന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഒരു നഷ്ടവും ഉണ്ടാക്കാതെ എത്ര ശ്രദ്ധയോടെയാണ് അത് ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഇല്ലാതെയായത്. ഈശ്വരാനുഗ്രഹത്തിന്റെ ആഴം വീണ്ടും കാണിച്ചു തരാൻ ഈ സംഭവത്തിന് കഴിഞ്ഞു.

 സത്യത്തിൽ ഞാൻ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്ത ആയിട്ടില്ല. നമ്മുടെ എല്ലാമെല്ലാമായ, അമൃതായ ഒന്ന് നഷ്ടപ്പെടുമ്പോഴുള്ള വേദന. ഇനി അതിനെ തിരിച്ചു കിട്ടില്ല എന്ന് തിരിച്ചറിവിൽ ഉള്ള വേദന. 😢😢നിങ്ങൾക്കിത് എത്രത്തോളം ഉൾക്കൊള്ളാൻ ആകുമെന്ന് എനിക്കറിയില്ല.

 എങ്കിലും....😔

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി🙏

Wednesday, January 14, 2026

ജയിൽ ശിക്ഷ രക്ഷയാകുമ്പോൾ

 ഇന്ന് ജയിൽ ജീവിതം അവിടുത്തെ അന്തേവാസികൾക്ക് അനുഗ്രഹമാവുകയാണ്. തൊഴിൽരഹിതരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അതികഠിനമായി ശ്രമിക്കുന്ന സ്ത്രീകളും ജയിൽ ജീവിതത്തിലെ സുഭിക്ഷതയിലേക്ക് ആകർഷിക്കപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല. അത്രമാത്രമാണ് ജയിലിലെ  തൊഴിൽ വേതന വർദ്ധന. ജയിൽ രക്ഷ ആകുമ്പോൾ ശിക്ഷിക്കപ്പെടുന്നത് പാവം നിർധനരായ നല്ലവരായ ജനങ്ങളാണ്. 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 369 രൂപയാണ് ദിവസക്കൂലി. അതും ദിവസവും കിട്ടില്ല,125 ദിവസം മാത്രമാണ് കൂലിവേല ഉറപ്പ് നൽകുന്നത്. പൊതുജനങ്ങൾക്കരികിൽ ഓരോ വീട്ടിലും ചെന്ന് വിവരം ശേഖരിക്കുന്ന ആശാവർക്കർമാർ ആകട്ടെ ദിവസക്കൂലി വെറും 400 രൂപ. പണ്ടുമുതൽ അല്പം സാമ്പത്തിക വരുമാനം കൂടുതലുള്ള കശുവണ്ടി തൊഴിലാളിക്ക് ഇന്ന് കിട്ടുന്നത് 538 രൂപ. സുരക്ഷാ ജീവനക്കാരൻ എന്ന പേരിൽ മറ്റുള്ളവരുടെ ആജ്ഞകൾ ശിരസാ വഹിക്കേണ്ടി വരുന്നവരുടെ ശമ്പളം ഒരു ദിവസം 596, പലപ്പോഴും ഇത്രയൊന്നും കിട്ടില്ല എന്നതാണ് വാസ്തവം. അപ്പോഴാണ് കൊലപാതകത്തിനും മോഷണത്തിനും സ്ത്രീ പീഡനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദഗ്ധ തൊഴിലാളിയായ കുറ്റവാളിക്ക് 620 രൂപ ദിവസം ശമ്പളം നൽകുന്നത്. അർദ്ധവിദഗ്ധ കുറ്റവാളി ആണെങ്കിൽ 560 രൂപ , വൈദഗ്ധ്യം ഒട്ടുമില്ലാത്തവന് 530 രൂപ. കഷ്ടം തന്നെ. കുറ്റം ചെയ്യുന്നതിൽ വൈദഗ്ധ്യം ഏറിയാൽ അവരേയും വിദഗ്ധരായി കണക്കാക്കുമായിരിക്കും. ഇനി അത് ഒട്ടുമില്ലെങ്കിൽ ഒരു വർഷത്തെയോ ആറുമാസത്തെയോ പരിശീലനം നൽകി അവരെയും വിദഗ്ധരാക്കും. ഭരണകർത്താക്കളുടെ രാഷ്ട്രീയപാർട്ടിയിൽ പെട്ടവരാണ് ജയിലിൽ കിടക്കുന്നവരിൽ കൂടുതലും എന്നതുകൊണ്ടാവാം ഈ വർദ്ധന എന്നതിൽ സംശയമുണ്ട്. ഭക്ഷണത്തിനും ചികിത്സയ്ക്കും പുറമെയാണ് ഈ ശമ്പളം എന്ന കാര്യം മറക്കരുത്. അപ്പോൾ എല്ലാം ഫ്രീ.

     മുമ്പ് സൂചിപ്പിച്ച തൊഴിലുറപ്പുകാരും ആശാവർക്കർമാരും മറ്റു തൊഴിലാളികളും ചോര നീരാക്കി പണിയെടുക്കുന്നത് സ്വന്തം കുടുംബം പോറ്റാൻ ആണ്. അവരുടെ വീട്ടിൽ അടുപ്പു കത്തണമെങ്കിൽ ഈ കൂലി കിട്ടിയേ പറ്റൂ. ഒരു രോഗം വന്നാൽ സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി, ഇനി കുറിച്ച മരുന്ന് അവിടെ ഇല്ലെങ്കിൽ സ്വരുകൂട്ടിവെച്ച രൂപ കൊടുത്തു മരുന്നു വാങ്ങണം. വീട്ടിലെത്തണം. അവനവനോ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ കുടുംബസ്നേഹം ഉള്ള ഇവർക്ക് ജോലിക്ക് പോകാനും പറ്റില്ല. അവരെ ശുശ്രൂഷിക്കണ്ടേ. അന്ന് അവർക്ക് ജോലിയും കൂലിയും ഇല്ലാത്ത ദിവസമായിരിക്കും.

       എന്നാൽ കൊടും കുറ്റവാളികളായ ജയിൽ അന്തേവാസികൾക്ക്    ലഭിക്കുന്ന ഭക്ഷണവും രോഗ ചികിൽസയും മുന്തിയ രീതിയിലുള്ളതാണ്. ആദ്യം ജയിലിലെ ഭക്ഷണമെന്നു ഒന്നു നോക്കാം. സമൂഹത്തിലെ വെള്ളറേഷൻ കാർഡ് ഉള്ളവർക്ക് പോലും ഇത്രയും നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയം.

                              1. ഞായർ


  പ്രാതൽ                 ഉച്ചഭക്ഷണം                    അത്താഴം

  ഇഡലി ദോശ     ചോറ്, അവിയൽ       ചോറ്, രസം

 സാമ്പാർ,ചായ.     തീയൽ,തൈര്            തോരൻ

                                   2. തിങ്കൾ

 ചപ്പാത്തി, ചായ     ചോറ്, മീൻ കറി       ചോറ് രസം 

 കടലക്കറി              വറവ്പുളിശ്ശേരി        കപ്പപ്പുഴുക്ക്

                                                                         അച്ചാർ 

                                   3   ചൊവ്വ

 ഉപ്പുമാവ്, ചായ      ചോറ് അവിയൽ   ചോറ് തോരൻ

 പഴം                        സാമ്പാർ തൈര്     ചെറുപയർകറി

                                    4. ബുധൻ

 ഇഡലി ദോശ       ചോറ് അവിയൽ    ചോറ് തോരൻ

 സാമ്പാർ ചായ      തീയൽ തൈര്      രസം

                                     5. വ്യാഴം 

 പഴം ചായ    ചോറ് അവിയൽ    ചോറ് തീയൽ

 ഉപ്പുമാവ്             സാമ്പാർ തൈര്       തോരൻ 

                                     6. വെള്ളി

 ഇഡലി ദോശ         ചോറ് അവിയൽ      ചോറ് രസം

 സാമ്പാർ ചായ     എരിശ്ശേരി പുളിശ്ശേരി    തോരൻ 

                                      7. ശനി

 ഉപ്പുമാവ് ചായ     ചോറ് തോരൻ     ചോറ് രസം

 പഴം                  ആട്ടിറച്ചി പുളിശ്ശേരി     അച്ചാർ

                                                                     കപ്പപ്പുഴുക്ക്

  എങ്ങനെയുണ്ട് ജയിലിലെ ഭക്ഷണം? അതിഗംഭീരം, അല്ലേ. ഇനി ജയിലിൽ കഴിയുന്നവർക്ക് അസുഖം വന്നാലോ? ഉടൻതന്നെ ഡോക്ടർ എത്തും പരിശോധിക്കും മരുന്നു കൊടുക്കും. ഇനി അസുഖം കൂടുതൽ ആണെങ്കിൽ സർക്കാർ വണ്ടിയിൽ ആശുപത്രിയിലേക്ക്. അവിടെ ചെന്നാൽ വീണ്ടും പരിഗണന.ഒറ്റ പൈസ ചെലവില്ലാതെ  VIP ട്രീറ്റ്മെന്റ്. എന്താ! അല്ലേ. ഇതൊക്കെ അനുഭവിക്കാനും ഒരു യോഗം വേണം എന്ന് തോന്നും.

     ഇത്രമാത്രം കൊടുക്കാൻ ഇവർ എന്ത് സേവനമാണ് നാടിന് നൽകിയത്? സത്യത്തിൽ ഇവരുടെ സെക്യൂരിറ്റിയും ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു സേവനങ്ങൾക്കും ഉള്ള തുക അങ്ങോട്ടു കൊടുക്കുകയല്ല  ഇവരിൽ നിന്നും പിടിച്ചെടുക്കേണ്ടതാണ്. ഈ രാജ്യദ്രോഹികളെയും കൊലപാതകികളേയും സ്ത്രീപീഡകരെയും ജനങ്ങളുടെ പൈസ ചിലവാക്കി സംരക്ഷിച്ച് ഒടുവിൽ പുറത്ത് വന്നാൽ ഇതേ ജനങ്ങൾക്ക് എതിരെ തിരിഞ്ഞു കൊണ്ട് അവരെ വിഡ്ഢികളാക്കുന്നു. സത്യത്തിൽ ശിക്ഷിക്കുന്നവരെ രക്ഷിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരുതരത്തിൽ സുഖകരമായ ശിക്ഷ. ഇതെല്ലാം കൂടാതെ അവർക്ക് ടിവി,വായന, പഠിത്തം എല്ലാം ഇവിടെ നടക്കും. എന്തിന് ആവശ്യക്കാർക്ക് ഇവിടെ ഫോൺ പോലും സ്വന്തമായി ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.  ഇതൊക്കെ കൂടാതെ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന പരോൾ. സർക്കാർ സഹായം ഉണ്ടെങ്കിൽ ഇതിനും യാതൊരു ബുദ്ധിമുട്ടുമില്ല, നിയന്ത്രണങ്ങളും നിയമങ്ങളും ദൂരെ.

   നല്ലവരായ പൊതുജനങ്ങൾക്ക് കിട്ടാത്ത സൗകര്യങ്ങളാണ് കേരളത്തിലെ ജയിലിൽ ലഭിക്കുന്നത്. നമ്മൾ ഇതുവരെ പറഞ്ഞത് കേരളത്തിലെ ജയിലിലെ സ്ഥിതിയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ കുറ്റവാളികൾക്ക് നൽകുന്ന വേതനം കൂടി ഒന്നു നോക്കാം.

 2024ലെ കണക്ക് അനുസരിച്ച്  വിദഗ്ധർ, അർദ്ധ വിദഗ്ധർ,  അവിദഗ്ധർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

 ഡൽഹിയിൽ വിദഗ്ധർക്ക് 308 രൂപ,അർദ്ധ വിദഗ്ധർക്ക് 248 രൂപ, അവിദഗ്ധർക്ക് 194 രൂപ എന്ന നിരക്കിലാണ്. കർണാടകയിൽ ഇത് 225, 200, 175 എന്ന നിരക്കിലും തമിഴ്നാട്ടിൽ 200, 180 160  എന്ന നിരക്കിലും ആണ്. പോണ്ടിച്ചേരിയിൽ ആകട്ടെ 180, 160, 150 എന്നും രാജസ്ഥാനിൽ 180 അവിദഗ്ധർക്ക് 156 എന്നും ജാർഖണ്ഡിൽ  144, 113, 91 എന്ന നിരക്കിലും  ഉത്തർപ്രദേശിൽ 40, 30, 25 എന്ന നിരക്കിലും ആണ്. ചുരുക്കത്തിൽ മറ്റു സംസ്ഥാനങ്ങളിലെ ജയിൽ അന്തേവാസികൾ കേരളത്തിലേക്ക് വരാൻ തീർച്ചയായും താല്പര്യം പ്രകടിപ്പിക്കും. അവർക്കതിനു പറ്റിയില്ലെങ്കിൽ കേരളത്തിൽ വന്നു കുറ്റം ചെയ്താൽ ഇവിടുത്തെ ജയിലിൽ കിടന്ന് സമ്പന്നരാകാമല്ലോ എന്ന് തീരുമാനിച്ചു പ്രവർത്തിക്കാനും സാധ്യതയുണ്ട്.

     എന്തായാലും കുറ്റങ്ങൾ ചെയ്യാതെ അഭിമാനത്തോടെ തൊഴിലെടുക്കുന്നവരേക്കാൾ സാമ്പത്തിക വരുമാനവും മറ്റു സേവനങ്ങളും ക്രൂരന്മാരായ കുറ്റവാളികൾക്ക് ലഭിക്കുന്നു എന്ന സത്യം മറച്ചുവെക്കാൻ കഴിയില്ല. ജയിലിൽ ഉള്ളവർക്ക് സാമ്പത്തിക ലാഭവും സൗജന്യങ്ങളും പുറത്തുള്ളവരെ ക്കാൾ ലഭിക്കുന്നു എന്നത് ഒട്ടും അഭിമാനകരമല്ല എന്ന് മാത്രമല്ല വളരെ അപമാനകരമാണ് താനും. സാധാരണക്കാർക്ക് പോലും ജയിലിലേക്ക് പോകാൻ ഇത്  പ്രചോദനമാകാനും സാധ്യതയുണ്ട്. ഒരു സത്യം കൂടി പറയട്ടെ. ഇത് കണ്ടപ്പോൾ എനിക്കും ജയിലിൽ പോകാൻ തോന്നി എന്നതാണ് വാസ്തവം. ഗ്രൂപ്പ് ടൂറിസം എന്നൊക്കെ പറയും പോലെ ഗ്രൂപ്പ് ജയിൽവാസം എന്ന ലക്ഷ്യത്തോടെ ഒരു സംഘടന ഉണ്ടാക്കിയാലോ എന്നൊരു പ്ലാൻ മനസ്സിൽ ഉണ്ട്. താല്പര്യമുള്ളവർ.....  

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി