കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വന്ന മൂന്നു വാർത്തകൾ വളരെ പ്രധാനമായി എനിക്ക് തോന്നി. കേരളത്തിലെ കരുണയുള്ളവരിൽ ഏറെ നിരാശയും വേദനയും തോന്നിക്കുന്നതാണ് ഈ മൂന്നു വാർത്തകളും. വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ, അവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ഇക്കഴിഞ്ഞ ശനിയാഴ്ചവരെയുള്ള 18 ദിവസം വളരെ ദയനീയമായ രീതിയിലുള്ള രാപ്പകൽ സമരം നടത്തി തങ്ങളെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും സർക്കാർ കനിഞ്ഞില്ല. ഒടുവിൽ അർഹത നേടിയത് ലഭിക്കാതെ തങ്ങളുടെ റാങ്ക് ലിസ്റ്റും ഹാൾ ടിക്കറ്റും സമരവേദിയിൽ കത്തിച്ച് കണ്ണുനീരോടെ അവർ മടങ്ങി. അടുത്തത് കഴിഞ്ഞ രണ്ടു മാസത്തിലധികമായി സമരം നടത്തുന്ന ആശാവർക്കർമാരുടെ അവകാശങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത വാർത്തയായിരുന്നു. മൂന്നാമത്തെ വാർത്ത രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം കൊണ്ടാടാൻ സർക്കാർ നൂറു കോടി രൂപ ചിലവിടുന്നു എന്നതാണ്.
ഇനി ഓരോ വാർത്തയിലേക്കും വരാം. യുവജനങ്ങളുടെ സ്വപ്നമാണ് ഒരു ജോലി. ബിരുദം നേടിക്കഴിഞ്ഞാൽ പിന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള പെടാപ്പാടാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും, സ്വന്തം കാലിൽ നിൽക്കാനും ഉള്ള ഒരേയൊരു മാർഗമായി ഒരു തൊഴിൽ നേടുക എന്നതാണ് മിക്കവരുടെയും ലക്ഷ്യം. ഓരോ ടെസ്റ്റിന് വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസുകളും വിജയിക്കാനുള്ള കഠിനാധ്വാനവും ആണ് പിന്നീടെന്നും. ഒടുവിൽ ടെസ്റ്റിൽ വിജയിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിയുമ്പോൾ അവർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ഇനി എന്ന് ജോയിൻ ചെയ്യണം എന്ന ഓർഡറിനായി കാത്തിരിക്കുകയാണ് ഇവരുടെ വീട്ടുകാരും. അത്രമാത്രം കഷ്ടപ്പെട്ട് നേടിയ ഈ വിജയമാണ് ഇന്ന് പുല്ലുപോലെ വലിച്ചെറിയപ്പെട്ടത്. ഇവരുടെ മനസ്സിലെ വേദന കാണാൻ ഈ രാഷ്ട്രീയക്കാർക്ക് കഴിയില്ല. കാരണം അവർക്കും അവരുടെ ബന്ധുക്കൾക്കും ഒന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിൽ അവരുടെ ബന്ധുക്കൾക്ക് നിയമനവും ജോലിയും ലഭിക്കുന്നു. അതുകൊണ്ട് പാർട്ടിയോടൊപ്പം നിക്കാനാണ് അവർക്കും ഇഷ്ടം. പൊതുജനങ്ങൾ എന്നും വിഡ്ഢികൾ ആണല്ലോ. ഭരണകക്ഷിയിൽ പെട്ടവർക്ക് മാത്രം എല്ലാം നേടാൻ അവസരം ലഭിക്കുന്നു. അല്ലാത്ത കോരൻ മാർക്ക് എന്നും കുമ്പിളിൽ കണ്ണീർ മാത്രം. സമരം ചെയ്ത സിപിഒ വിദ്യാർഥികളോട് കരുണ കാണിച്ചില്ല എന്ന് മാത്രമല്ല അപമാനിക്കുക കൂടിയാണ് പാർട്ടി നേതൃത്വം ചെയ്തത്. " നിങ്ങൾ ആത്മഹത്യ ചെയ്താലും ഞങ്ങളുടെ പാർട്ടിക്ക് ഒന്നുമില്ല" എന്നായിരുന്നു ഉദ്യോഗാർത്ഥികളോട് പാർട്ടി നേതൃത്വം പറഞ്ഞത്. നിറഞ്ഞ വേദനയോടെ കണ്ണീരൊഴുക്ക് ആ പെൺകുട്ടികൾ തിരിച്ചുപോയി. " വിഷമിക്കരുത്, നിങ്ങളുടെ ദിനം അധിക ദൂരെയല്ല. തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരക്കും " എന്ന് ഓരോ വ്യക്തിയും അവർക്കായി പ്രാർത്ഥിച്ചിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
അടുത്ത വാർത്ത നമ്മുടെ സ്വന്തം ആശാ പ്രവർത്തകരുടേതായിരുന്നു. വെറും 232 രൂപ ദിവസ വേദന ജോലി ചെയ്യുന്ന ഈ സ്ത്രീകൾ എന്തുകൊണ്ടും കൂടുതൽ ആനുകൂല്യങ്ങൾക്ക് അർഹരാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് സർക്കാരിന്റെ കടമയുമാണ്. യാതൊരു ജോലിയും യോഗ്യതയും ഇല്ലാതെ വെറും രാഷ്ട്രീയ പാർട്ടിയുടെ പേര് എംഎൽഎമാരുടെയും എംപിമാരുടെയും പേഴ്സണൽ സെക്രട്ടറിയും മറ്റു സഹായികളും ആയി ചേർന്ന് ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് ഇവരെ കാണുമ്പോൾ പുച്ഛം. സത്യത്തിൽ, ആശാവർക്കർമാരെ കാണുമ്പോൾ ഇവർ ലജ്ജിച്ചു തല താഴ്ത്തുകയാണ് വേണ്ടത്. നാടിനും ഗുണകരമായ യാതൊന്നും ചെയ്യാതെ ശമ്പളവും കിമ്പളവും കൈനീട്ടി വാങ്ങുന്നവർക്ക് നാട്ടിലെ ജനങ്ങളുടെ സേവനത്തിനായി പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ കാണുമ്പോൾ അല്പമെങ്കിലും ഉളുപ്പ് തോന്നണം. പക്ഷേ ചിലർ വല്ലാത്ത സ്ഥലത്തുള്ള ആലിന്റെ വളർച്ചയിലും അഭിമാനിക്കുന്നവരാണ്. അതുമാത്രമോ, ജനങ്ങളുടെ സേവകരായ ആശാപ്രവർത്തകരെ അപമാനിക്കാനും ഇവർക്ക് മടിയില്ല. വല്ലാത്ത ജന്മങ്ങൾ തന്നെ. ഈ രാഷ്ട്രീയക്കാർക്ക്, അവരുടെ കുടുംബം നടത്താൻ വെറും 232 രൂപ മതിയോ? ഇതല്ല, 2320 രൂപ കിട്ടിയായാലും അവർക്ക് തികയില്ല എന്നതാണ് സത്യം.
അടുത്ത വാർത്ത സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. നാലാം വാർഷികം ആഘോഷിക്കാൻ 100 കോടി രൂപ. ഇവിടെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നാണ് കേട്ടത്. കടം വാങ്ങാതെ ഒന്നും നടക്കാത്ത സ്ഥിതി. സർക്കാർ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് ശമ്പളവും മറ്റും നൽകണമെങ്കിൽ കടം ചോദിച്ച തുക കിട്ടിയിട്ട് വേണം. അപ്പോളാണ്ഈ 100 കോടിരൂപ ആഘോഷങ്ങൾക്കായി ചില വിടുന്നത്. എന്തിന്റെ ആഘോഷമാണിത്? സ്വന്തം പരാജയം മറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം മാത്രമാണിത്. സർക്കാർ പ്രവർത്തനങ്ങൾ ഇത്രമാത്രം വിജയകരമായിരുന്നുവെങ്കിൽ അത് പറയാതെ തന്നെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അവർക്ക് സ്വന്തം അനുഭവത്തിലൂടെ അത് മനസ്സിലാക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യും. ഇവിടെ ഇത്രയധികം തുക ചെലവിട്ട് ഈ പരസ്യങ്ങൾ നൽകിയാൽ ആരു വിശ്വസിക്കും? പാർട്ടിക്ക് അല്ലാതെ മറ്റാർക്കാണ് ഇതുകൊണ്ട് നേട്ടം ഉണ്ടാകുന്നത്? കഷ്ടം. ഈ 100 കോടി രൂപയും ജനങ്ങളുടെ നികുതിപ്പണം ആണെന്ന് കാര്യം സർക്കാർ മറന്നുപോകുന്നു. അത് ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കേണ്ട തുകയാണ്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ നേട്ടത്തിനായി ഉപയോഗിക്കാനുള്ളതല്ല. രാഷ്ട്രീയപ്പാർട്ടിയുടെ നേട്ടങ്ങൾ പരസ്യം ചെയ്യാൻ പാർട്ടി ഫണ്ടിൽ നിന്നും തുക കണ്ടെത്തണം. അല്ലാതെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് ആഘോഷിക്കുകയല്ല വേണ്ടത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസ് വകുപ്പിൽ വാഹനങ്ങൾ ഇല്ലെന്നസത്യം അറിയാത്തതല്ലല്ലോ? (ആ വിഭാഗത്തിലുള്ള ഒഴിവുകൾ നികത്താനും തയ്യാറല്ല.) ഇനി ഉള്ള വാഹനങ്ങൾ ഓടിക്കണമെങ്കിൽ പെട്രോൾ വാങ്ങാൻ പണമില്ല. ഇതുതന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെയും ഗതി. ( എല്ലാ വകുപ്പുകളുടെയും ഗതി ഇതുതന്നെയാണ് എന്നതാണ് പരമാർത്ഥം ) അർഹരായവർക്ക് ക്ഷേമ പെൻഷൻ കൊടുത്തിട്ട് എത്രകാലമായി? കടംകയറി നെട്ടോട്ടമോടുന്ന ഈ സർക്കാർ ആരെ പറ്റിക്കാനാണ് 100 കോടി ചെലവാക്കി ആഘോഷം നടത്തുന്നത്? ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നു എന്ന കാര്യം മറക്കാതിരിക്കുക.
നമ്മുടെ മഹാഭാരതത്തിൽ മഹാരാജാവ് ജനമേ ജയനെ ഒരു പട്ടി ശപിക്കുന്ന കഥയുണ്ട്. നമ്മുടെ വിചാരം ശാപം നൽകാൻ മുനിമാർക്കും ആ വിധത്തിലുള്ളവർക്കും ഭഗവാൻമാർക്കും മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അങ്ങിനെയല്ല എന്ന് സത്യം ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു. കഷ്ടപ്പെടുന്ന, സത്യസന്ധരായ ജീവനുള്ളവയ്ക്ക് - അത് മനുഷ്യരോ, മൃഗമോ, പക്ഷികളോ, വൃക്ഷങ്ങളോ ഏതുമാകട്ടെ- അവർക്ക് അർഹത ഉള്ളത് കിട്ടാതെ വരുമ്പോൾ അറിയാതെ മനസ്സുരുകി മറ്റൊരു മാർഗവും ഇല്ലാതെ ശപിച്ചുപോകും. ( വൃക്ഷം മുറിക്കും മുമ്പ് അതിനു മുമ്പിൽ പ്രാർത്ഥിക്കുകയും അതിൽ കൂടുകെട്ടിയ പക്ഷികളോട് മറ്റ് വൃക്ഷങ്ങളിലേക്ക് പോകാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്ന മന്ത്രങ്ങൾ ജപിച്ചിരുന്നു എന്നതിന് നമ്മുടെ പുരാണങ്ങൾ തെളിവാണ്) കണ്ണ് നിറഞ്ഞുള്ള ശാപം അതിന് കാരണക്കാരായവരെ പൊള്ളിക്കും എന്നതിൽ തർക്കമില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും,തങ്ങൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കാതെ ഒരു ജീവനും ഈ ഭൂമി വിട്ടു പോകുവാൻ കഴിയില്ല. ഒടുവിൽ താൻ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കുന്നതും ഒറ്റയ്ക്കായിരിക്കും. അന്ന് കണ്ണീരൊഴുക്കിയിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ല. ഒരു പിടി വിത്തെറിഞ്ഞാൽ ഒരു പറ കൊയ്തെടുക്കാം- അത് നന്മയുടെ വിത്തായാലും തിന്മയുടേതായാലും മാറ്റം ഉണ്ടാവില്ല. സെക്രട്ടറിയേറ്റ് മുമ്പിൽ ഇരുന്ന് സമരം നടത്തിയ സിപിഒ ഉദ്യോഗാർത്ഥികളുടെയും ആശാ പ്രവർത്തകരുടെയും ഓരോ തുള്ളി കണ്ണുനീരും ഓരോ സമുദ്രമായി ഭരണാധികാരികളുടെ ജീവിതത്തിൽ വന്നെത്തും എന്നതിൽ സംശയമില്ല. അന്യരെ ദ്രോഹിച്ചും വഞ്ചിച്ചും നേടുന്നതെല്ലാം ഒരു ശാപമായി അവരുടെ ജീവിതത്തിൽ ഉണ്ടാകും. അന്ധവിശ്വാസമെന്ന് പറഞ്ഞ് നിങ്ങൾക്ക് എന്നെ പുച്ഛിക്കാം. പക്ഷേ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും കണക്കു സൂക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന സത്യം മറക്കരുത്.
ഏറെ സ്നേഹത്തോടെ
മീരാ നമ്പൂതിരി🙏
No comments:
Post a Comment