Saturday, July 5, 2025

സത്യം കുരിശിലേറരുത്

 കഴിഞ്ഞ ആഴ്ചയിലും ഇപ്പോഴും ഏറെ ചർച്ചയാവുകയാണ് ഡോക്ടർ ഹാരീസിന്റെ വെളിപ്പെടുത്തലുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള ഉപകരണങ്ങളുടെ ക്ഷാമത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി എച്ച് ഹാരിസ്, ഉണ്ടാകാൻ പോകുന്ന സർക്കാരിന്റെ ശിക്ഷയെ നേരിടാൻ തയ്യാറെടുക്കുകയാണ്. സത്യം കുരിശിൽ ഏറുകയാണോ? തന്റെ തുറന്നുപറച്ചിൽ അല്പം പോലും ഭയമില്ലെന്നും തനിക്കെതിരെയുള്ള  കുറ്റപ്പെടുത്തലുകളിലും നടപടികളിലും തളർന്നു പോകാതെ തന്റെ നിലപാടിൽ തുടരുമെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കുന്നു. കിട്ടാവുന്ന ഉയർന്ന പദവികളോടും  സാമ്പത്തിക ലാഭത്തോടും അതിരുകടന്ന താൽപര്യമില്ലാത്തതാണ് ഇത്തരം ഒരു ഉറച്ച തീരുമാനമെടുക്കാൻ അദ്ദേഹത്തെ ശക്തനാക്കിയതെന്ന് തോന്നുന്നു. ഒരു ഇടത് സഹയാത്രികൻ ആയതുകൊണ്ടാവാം അദ്ദേഹം ഇവിടത്തെ സർക്കാരിനെ അല്ല മറിച്ച് സിസ്റ്റത്തിന്റെ തകരാറിനെയാണ് കുറ്റപ്പെടുത്തുന്നത് ( ഈ സിസ്റ്റവും സർക്കാരിന്റെ നിയന്ത്രണത്തിൽ ആണല്ലോ). 

  മറ്റു മെഡിക്കൽ കോളെജുകളിലെയും  സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല. മരുന്നുകളും, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചില ഉപകരണങ്ങളും രോഗികളെ കൊണ്ട് തന്നെ പുറത്തുനിന്നും വാങ്ങിപ്പിക്കുന്ന ഈ രീതിയോട് ഇതുവരെ ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല. രോഗികൾക്ക് ആവശ്യമായ കട്ടിലും മറ്റു സൗകര്യങ്ങളും ആവശ്യത്തിനു ലഭിക്കാതെ അവർ പലപ്പോഴും താഴെ പായ വിരിച്ച് കിടക്കേണ്ട വിധിയാണ്. അതിനു കാരണം അവർ വെറും സാധാരണക്കാരാണ് എന്നത് തന്നെ. രാഷ്ട്രീയമായി പിടിപാട് ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല. 

 ഡോക്ടർ ഹാരിസ് ന്റെ തുറന്നുപറച്ചിലിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടനയും അത് ഏറ്റെടുത്തു. അവർ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുഭരണം നടക്കുമ്പോഴും ഇത് ചൂണ്ടിക്കാണിക്കുവാൻ ഡോക്ടർ ഹാരിസ് ശ്രമിച്ചു, എങ്കിൽ ഇവിടത്തെ പ്രതിപക്ഷ പാർട്ടിയിലേക്ക് ചായവുള്ള ഡോക്ടർമാർ ആരും എന്തേ ഇതുവരെ ഇത് തുറന്നു പറഞ്ഞില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  പലർക്കും നഷ്ടമായേക്കാവുന്ന സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ആയിരിക്കണം അവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. 

 ഈ തുറന്നുപറച്ചിൽ തന്റെ പ്രൊഫഷണൽ സൂയിസൈഡ് ആണെന്ന് പറയാനും ഡോക്ടർ ഹാരിസിന് മടിയില്ല. ഇനി ഗവൺമെന്റ് സർവീസിൽ താൻ ഉണ്ടാകുമെന്ന് വിശ്വാസവും അദ്ദേഹത്തിനില്ല എന്ന് തോന്നുന്നു. സാധാരണക്കാരെ സേവിക്കാൻ വീട്ടിലിരുന്നാലും കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാവണം. ഡോക്ടർ ഹാരിസിനെ വേട്ടയാടിയാൽ നടപടി എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  നല്ലത്.  പക്ഷേ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ കൂടി ആവശ്യമാണ്.  അവർക്കു വേണ്ടിയാണ് അദ്ദേഹം സർക്കാറിന്റെ വിമർശനം കേട്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വ്യക്തികളും ഡോക്ടർ ഹാരിസിനെ സംരക്ഷിക്കുവാൻ മുന്നോട്ടുവരണം. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാട്ടിത്തരാൻ ഡോക്ടർ ഹാരിസിന് കഴിഞ്ഞു. സാധാരണക്കാർക്കായി ശബ്ദമുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. ഇപ്പോൾ ഇദ്ദേഹത്തോടൊപ്പം നിന്നാൽ മാത്രമേ ഇതുപോലെയുള്ള കൂടുതൽ ഡോക്ടർമാർ ചികിത്സാരംഗത്തെ പോരായ്മകൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ മുന്നോട്ടു വരികയുള്ളൂ. ഡോക്ടർ ഹാരിസിനെ ശിക്ഷിച്ചാൽ പിന്നെ സത്യം തുറന്നു പറയാൻ കഴിയാതെ ഡോക്ടർമാർ പിന്നിലേക്ക് മാറും. അത് സാധാരണ ജനങ്ങളെ വിഷമത്തിലാക്കും   എന്നതിൽ തർക്കമില്ല. മന്ത്രിമാർക്കും സംഘടനാ പ്രവർത്തകർക്കും ഡോക്ടർ ഹാരിസിനെ പോലെയുള്ളവരെ ധൈര്യമായി എതിർക്കാം. കാരണം അവർക്ക് ആവശ്യമായ ചികിത്സയും സൗകര്യങ്ങളും അവരുടെ പദവികൾക്ക് അനുയോജ്യമായി ലഭിക്കും. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ശ്രദ്ധിക്കണം. നമുക്ക് ആവശ്യം ഡോക്ടർ ഹാരിസിനെ പോലെയുള്ള ഡോക്ടർമാരാണ്. അവരെ നമുക്ക് വിശ്വസിക്കാം. നമ്മുടെ രോഗാവസ്ഥയിൽ അവർ മാത്രമേ സഹായത്തിനായി കാണു. ഒരു രാഷ്ട്രീയപാർട്ടിയും സാധാരണക്കാരെ സഹായിക്കാനായി മുന്നോട്ടു വരില്ല. അവർക്ക് വലുത് അവരുടെ പാർട്ടിയാണ്. പാർട്ടിയുടെ തീരുമാനങ്ങളാണ്. അവരുടെ മുമ്പിൽ നമ്മൾ പാവങ്ങൾ ആരുമല്ല ഒന്നുമല്ല. കൈക്കൂലി വാങ്ങാതെ, സർക്കാർ പറയുന്ന സഹായങ്ങൾ വാങ്ങി നൽകാൻ സഹായിക്കുന്ന ഡോക്ടർ ഹാരിസിനെ പോലെയുള്ളവർ നമ്മുടെ ആതുര ശുശ്രൂഷരംഗത്തെ വെളിച്ചമാണ്. അത് അണയാതെ നോക്കേണ്ടതും, അണക്കാൻ ശ്രമിക്കുന്നവരെ എതിർക്കേണ്ടതും നമ്മൾ സാധാരണക്കാരാണ്. രാഷ്ട്രീയത്തിന്റെ പേരിലും പാർട്ടിയുടെ പേരിലും അവർ ശിക്ഷിക്കപ്പെട്ടാൽ സാധാരണ ജനങ്ങളാണ് ശിക്ഷിക്കപ്പെടുന്നത് എന്ന ഓർമ്മ നമുക്ക് വേണം. അതുകൊണ്ടുതന്നെ ഡോക്ടർ ഹാരിസിനെ ഒരു വേട്ടയാടലിനും വിട്ടുകൊടു ക്കില്ലെന്ന ഉറച്ച തീരുമാനം നമ്മൾ എടുക്കണം. സാധാരണക്കാരായ പൊതുജനങ്ങളുടെ ശക്തി തെളിയിക്കേണ്ട സമയമാണ്. അതിന് ഒരു പാർട്ടിയും തടസ്സമാകരുത്. ജനങ്ങളുടെ ഒത്തൊരുമയിൽ, സത്യത്തിനെതിരെ ശിക്ഷയുമായി എത്തുന്ന ഭരണാധികാരികൾക്ക് ഭയം തോന്നണം. 

       ഓരോ ദിവസം കഴിയുംതോറും പല മെഡിക്കൽ കോളേജുകളിലെയും മറ്റ് സർക്കാർ ആതുരാലയങ്ങളിലെയും അവസ്ഥ നമുക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ്.  ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങളും തുരുമ്പിച്ച കസേരകളും കട്ടിലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ആശുപത്രികൾ. രോഗികൾ പോലും നിലത്ത്  പായ വിരിച്ചു കിടക്കുമ്പോൾ കൂട്ടിരിപ്പുകാരുടെ സ്ഥിതി പറയണോ?

 സർക്കാർ ആശുപത്രികളിൽ വളരെ നല്ല സൗകര്യം ഉണ്ടെന്നു പറയുന്നവരെ - അവർ മന്ത്രിയോ മറ്റു ഉദ്യോഗസ്ഥരോ പാർട്ടി പ്രവർത്തകരോ ആകട്ടെ- രണ്ടുദിവസം സാധാരണ ജനങ്ങൾക്കിടക്കുന്ന വാർഡിൽ കിടത്തണം. അപ്പോഴേ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതം ഇവർക്കു മനസ്സിലാകു. ഈ ജനങ്ങളുടെ വോട്ട് നേടിയാണ് ഓരോ പാർട്ടിക്കാരും ഭരണത്തിൽ എത്തുന്നത് എന്ന കാര്യം അവർ  മറക്കരുത്. 

സ്നേഹപൂർവ്വം 

 മീര നമ്പൂതിരി. 🙏



No comments: