Monday, October 27, 2025

നേപ്പാളിലൂടെ ഒരു ആത്മീയ യാത്ര

 നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നതും മനോഹരമാക്കുന്നതും യാത്രകളാണ്. സ്ഥലം കാണുക എന്നതിനോടൊപ്പം അദ്ധ്യാത്മികതയുടെ പരിവേഷം കൂടി ഉള്ളതാകുമ്പോൾ അതിൽനിന്നുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്തരം യാത്രകൾ ശരിക്കും ആസ്വദിക്കുക തന്നെ വേണം. മുക്തിനാഥ് - പശുപതി- ജനക്പൂർ യാത്രയ്ക്ക് ( ഒപ്പം മറ്റു ക്ഷേത്രങ്ങളും ) മുമ്പ് ഒന്ന് ശ്രമിച്ചു എങ്കിലും  മറ്റു പല കാരണങ്ങളാൽ വേണ്ടെന്നു വെക്കേണ്ടി വന്നു. അന്ന് നഷ്ടബോധം തോന്നാതിരുന്നത് ഈ സ്ഥലങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണെന്ന് ഇന്ന് മനസ്സിലാക്കുന്നു. അടുത്ത യാത്രയിൽ അയോധ്യ കൂടി ഉൾപ്പെടുത്തിയതായി യാത്രിക ഗ്രൂപ്പിന്റെ ചീഫ് ജയൻനമ്പൂതിരി അറിയിച്ചപ്പോൾ മനസ്സിൽ വീണ്ടും ആഗ്രഹം ശക്തമായി. സീതയുടെ ജന്മസ്ഥലം കാണാൻ പോകുന്നതിനു മുമ്പ് രാമന്റെ  ജന്മസ്ഥലം കൂടി കാണുന്നതാണ്  കൂടുതൽ ആകർഷകമായത്. ഇതുവരെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു അയോധ്യാക്ഷേത്ര സന്ദർശനം. 18 പേരുള്ള സംഘത്തിലെ 9 പേർ 2025 ഒക്ടോബർ അഞ്ചിന് രാവിലെ തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ യാത്ര ആരംഭിച്ചു. മറ്റുള്ള ഒൻപത് പേർ ഫ്ലൈറ്റിൽ നേരിട്ട് അയോധ്യയിലെത്തി ഞങ്ങളോടൊപ്പം ചേർന്നു. സരയൂ നദി സന്ദർശിച്ച ശേഷമാണ് അയോധ്യ രാമ ക്ഷേത്രത്തിൽ  എത്തിയത്. അതി കർശനമായ സെക്യൂരിറ്റി,തിരക്കില്ലാത്ത നല്ല വൃത്തിയുള്ള അന്തരീക്ഷം. ചെരിപ്പും ബാഗും മറ്റും സൂക്ഷിക്കുവാൻ ധാരാളം കൗണ്ടറുകൾ. വേഗം നീങ്ങുന്ന ഭക്തരുടെ ക്യൂവിൽ ഞങ്ങളും ഇടം പിടിച്ചു. ക്ഷേത്രം എന്ന് പറയുമ്പോൾ നമ്മുടെ ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ക്ഷേത്ര മായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. തിരുനടയുടെ മുമ്പിൽ,മനസ്സുനിറയെ നിന്നു തൊഴാൻ അവസരം കിട്ടുമോ എന്നായിരുന്നു ചിന്ത. പക്ഷേ അവിടേക്ക് കടന്നപ്പോൾ ആ ഭയമെല്ലാം  അസ്ഥാനത്തായി. വടക്കേ ഇന്ത്യൻ ശൈലിയിൽ പ്ലാറ്റ്ഫോം പോലെയുള്ള തുറന്ന സ്ഥലത്താണ് ബാലരൂപത്തിലുള്ള ശ്രീരാമദേവന്റെ പ്രതിഷ്ഠ. അകത്തേക്ക് കടക്കും മുമ്പ് തന്നെ ഭഗവാനെ നമുക്ക് കൺ നിറയെ കാണാം. ദർശനത്തിന് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഏറെ സമയം ദർശനം കണ്ടുകൊണ്ട് നടക്കാനും സാധിക്കും. മഹാപുണ്യം. എത്ര വർഷങ്ങളുടെ കാത്തിരിപ്പാണ് സഫലമായത്! ഇപ്പോഴും അവിടെ ക്ഷേത്ര നിർമ്മാണം നടക്കുന്നതേയുള്ളൂ. ഇനിയും വളരെ വളരെ നിർമ്മിതികൾ അവിടെ ഉയരാൻ ഉണ്ട്. അതിനുവേണ്ട സ്തൂപങ്ങളും കൊത്തുപണികൾ ചെയ്ത തൂണുകളും അവിടെ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ക്ഷേത്ര പരിസരത്തെല്ലാം നിർമ്മാണ ജോലി തകൃതിയായി നടക്കുന്നു. ഇതിന്റെ പരിസരവും ചേർന്നുള്ള സ്ഥലങ്ങളുമെല്ലാം വികസനത്തിന്റെ പാതയിൽ ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

 രാമക്ഷേത്രത്തിന് സമീപത്തു തന്നെയാണ് ഹനുമാൻ ഗർഹി ക്ഷേത്രം. പത്താം നൂറ്റാണ്ടിലെ കോട്ട പോലെയുള്ള ഒരു ക്ഷേത്രമാണിത്. അഞ്ജന തന്റെ കുഞ്ഞു ഹനുമാനെ കയ്യിൽ എടുത്തിരിക്കുന്നതാണ്    പ്രതിഷ്ഠ. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്ത ഒരുപക്ഷേ നിങ്ങൾക്കറിയാവുന്ന സംഭവമായിരിക്കാം എങ്കിലും അതൊന്നു കൂടി പറയാൻ ആഗ്രഹിക്കുന്നു. കോടതിവിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച കാലം. വളരെ ശക്തമായ സെക്യൂരിറ്റി ആണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബോംബ് ഭീഷണിയെ തുടർന്ന് 1998ല്‍ അവിനാഷ് മിശ്ര എന്ന പോലീസ് ഓഫീസറും സംഘവും ക്ഷേത്രത്തിനു സമീപം സംശയാസ്പദമായി രീതിയിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തണുത്ത കുടിവെള്ള മെഷീന്റെ അരികിൽ രണ്ടു വയറുകളുമായി ഒരു ചെറു കുരങ്ങൻ കളിക്കുന്നത് കണ്ടത്. സംശയം തോന്നിയ പോലീസ് ഓഫീസർ  വാഴപ്പഴം നൽകി കൊച്ചുകുരങ്ങന്റെ ശ്രദ്ധ മാറ്റി അവിടെ നിന്നും ഓടിച്ച ശേഷം നോക്കിയപ്പോൾ ബോംബ് അവിടെയാണെന്ന് മനസ്സിലായി. ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് പുറത്തെടുത്തു. പൊട്ടുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ആ കൊച്ചു കുരങ്ങൻ ആ വയർ കടിച്ചു മുറിച്ച് ബോംബ് നിഷ്ക്രിയമാക്കിയതായി തിരിച്ചറിഞ്ഞു. ഇത് ഹനുമാൻ ആയിരുന്നു എന്നാണ് ഏവരുടെയും വിശ്വാസം. 

 ഇവിടെ നിന്നുമാണ് നേപ്പാളിലെ പൊഖാറ യിലേക്കുള്ള യാത്ര ആരംഭിച്ചത്.  നേപ്പാൾ ടൂറിസത്തിന്റെ കേന്ദ്രമായാണ് 8 തടാകങ്ങൾ ഉള്ള പൊഖാറയെ  പരിഗണിക്കുന്നത്. ഇവിടെ നിന്നുള്ള അന്നപൂർണ്ണ പർവ്വതനിരകൾ, fishtail മൗണ്ടൈനുകൾ എന്നിവയുടെ ദൂരക്കാഴ്ചകൾ അതിമനോഹരമാണ്. പൊഖാറയിൽ   ആദ്യം കണ്ടത് devis വെള്ളച്ചാട്ടമാണ്. വലിയ ശബ്ദത്തിലും ശക്തിയിലും താഴേക്ക് പതിക്കുന്ന ജലം ഉടൻ ഇരുണ്ട ആഴമുള്ള വലിയ പാറയുടുക്കിലേക്ക് മറയുന്ന അപൂർവ്വ കാഴ്ച. ഇതെവിടെ പോകുന്നു എന്ന സംശയം തീർത്തു തരാം എന്ന് പറഞ്ഞ് ജയൻ നമ്പൂതിരി പിന്നീട് ഞങ്ങളെ കൊണ്ടുപോയത് അല്പം അകലെയുള്ള ഗുപ്തേശ്വർ മഹാദേവ ഗുഹയിലേക്കാണ്. നേപ്പാളിലെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ ഇതിന് ഏകദേശം 5000 വർഷം പഴക്കമുണ്ട്. ഏകദേശം 3000 മീറ്റർ നീളവും 200ലേറെ  പടികളുമുള്ള ഈ  ഗുഹയുടെ കവാടത്തിന് ഏകദേശം 3 മീറ്റർ വീതിയും രണ്ടുമീറ്റർ ഉയരവും ഉണ്ട്. ഉള്ളിലുള്ള സ്വയംഭൂ ശിവലിംഗം തനിയെ വളർന്നുവരുന്നതായി പറയപ്പെടുന്നു. മുട്ടുവേദന ഉള്ളതിനാൽ ഗുഹയിലേക്ക് ഇറങ്ങുവാൻ അല്പം ഭയം തോന്നി എങ്കിലും ഇറങ്ങുകയും കയറുകയും ചെയ്യുന്നവരെ കണ്ടപ്പോൾ ധൈര്യത്തോടെ പടികൾ ഇറങ്ങാൻ തുടങ്ങി. ചില സ്ഥലങ്ങളിൽ ഗുഹ വളരെ ഇടുങ്ങിയതായി തോന്നും. കുറെ ചെന്നപ്പോൾ വലിയ ശബ്ദവും തണുത്ത കാറ്റും അനുഭവിച്ചു. അപ്പോൾ ഇനി പുറത്തേക്കാണെന്ന് കരുതിയെങ്കിലും വീണ്ടും വഴി കൂടുതൽ നീണ്ടു. ഒടുവിൽ അഭിമുഖമായിരിക്കുന്ന ശിവപാർവതിമാരുടെ വിഗ്രഹങ്ങൾക്ക് മുമ്പിൽ വഴി അവസാനിച്ചു. ഞാൻ നിൽക്കുന്ന പാറയുടെ താഴെ നിശ്ചലമായ ഒരു കുളം. ഇവിടെ പാറക്കരുകിൽ കൈവരികൾ പിടിപ്പിച്ചതിനാൽ താഴേക്ക് വീഴും എന്ന ഭയം വേണ്ട. അതിനരുകിൽ വീണ്ടും താഴേക്ക് ഇറങ്ങാൻ കമ്പികൾ കൊണ്ടുള്ള സ്റ്റെപ്പുകൾ ഉണ്ടെങ്കിലും കാലെങ്ങാനും തെറ്റിയാൽ നേരെ കുളത്തിൽ വീണാലോ എന്ന് ഭയന്ന് ഞാൻ മാറിനിന്നു. പക്ഷേ ജയൻ നമ്പൂതിരിയുടെ നിർബന്ധത്താൽ ഞാൻ താഴേക്കിറങ്ങി. അപ്പോഴാണ് ആ ശബ്ദത്തിന്റെ കാരണം മനസ്സിലായത്. Devis falls ൽ നിന്നും മറഞ്ഞ വെള്ളച്ചാട്ടം ഇവിടെ വീഴുന്നത് രണ്ടു പാറകളുടെ ഇടയിലെ ചെറിയ വിടവിലൂടെ കാണാം. അതിൽ നിന്നുള്ള ജലമാണ് കുളമായി രൂപപ്പെട്ടത്. എന്നാൽ ഇത്രയും ജലം ഒഴുകി എത്തിയിട്ടും കുളത്തിലെ ജലനിരപ്പ് ഒട്ടും ഉയരുന്നില്ല. അവിടെ നിന്നും ജലം മറ്റെവിടേക്കോ ഊർന്നു പോകുന്നുണ്ടാവും. വളരെ വളരെ ആത്മസംതൃപ്തിയും ഭക്തി രസവും പകരുന്ന ഒരു യാത്രയായിരുന്നു ഗുപ്തേശ്വർ മഹാദേവ ഗുഹക്കുള്ളിലേത്.

   വീണ്ടും പലപല ക്ഷേത്രങ്ങൾ സന്ദർശിച്ചു എങ്കിലും പ്രധാനമായി പറയാനുള്ള മുക്തിനാഥിലെ സന്ദർശനമാണ്. വിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിൽ ഒന്നാണ് മുക്തിനാഥ്. ഈ ക്ഷേത്രദർശനത്തിലൂടെ മുക്തി കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3800 മീറ്റർ ( ചിലയിടത്ത് 3710 എന്നും കണ്ടു) ഉയരത്തിലാണ് മുക്തിനാഥ ക്ഷേത്രം. കേദാർനാഥനേക്കാൾ (3583 മീറ്റർ) ഉയരത്തിൽ. (ബേസ് ക്യാമ്പിൽ നിന്നും ഏകദേശം 18 കിലോമീറ്റർ ഉയരത്തിലാണ് കേദാർനാഥ്. നടന്നോ, ഡോളിയിലോ  ഏകദേശം 8 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹെലികോപ്റ്ററിലോ ഇവിടെയെത്താം) എന്നാൽ മുക്തിനാഥിൽ വളരെ അടുത്തുവരെ വാഹനത്തിൽ പോകാം. ഏകദേശം 300 പടികൾ നടന്നു കയറണം. നടക്കാൻ പറ്റാത്തവർക്ക് കുതിരപ്പുറത്തോ ഡോളിയിലോ എത്താവുന്നതേയുള്ളൂ. മുകളിൽ എത്തിയാൽ രണ്ട് കുളങ്ങളും- പാപങ്ങൾ ഇല്ലാതാക്കുന്ന പാപകുണ്ട്, പുണ്യം നൽകുന്ന പുണ്യകുണ്ട്-  മുക്തിധാര എന്ന് വിളിക്കുന്ന 108 ജലധാരകളും ഉണ്ട്. രണ്ടു കുളത്തിലും കുളിച്ച് ശേഷമാണ് ജലധാരകളുടെ കീഴിലൂടെ നടക്കേണ്ടത്. ഇവിടുത്തെ അന്നത്തെ:താപനില മൈനസ് ഡിഗ്രിയാണ്. ഒരു തുള്ളി തീർത്ഥം കയ്യിലെടുത്താൽ കൈവെള്ള മരവിച്ചു കുഴിഞ്ഞു പോകുന്ന തണുപ്പ്. എന്നിട്ടും പലരും തീർത്ഥത്തിൽ സ്നാനം ചെയ്തു. ഞങ്ങടെ ഗ്രൂപ്പിൽ നിന്നും രണ്ട് സ്ത്രീകളടക്കം മൂന്നുപേർ  തീർത്ഥ സ്നാനം ചെയ്തു പുണ്യം നേടി. ക്ഷേത്രം വളരെ ചെറുതാണ്. ഷൂസൂരി കഴിഞ്ഞാൽ സോക്സ് ഉണ്ടെങ്കിൽ പോലും കാല് നിലത്ത് കുത്താൻ വയ്യാത്തത്ര മരവിച്ചു പോകുന്ന  തണുപ്പ്. ഏറ്റവും പ്രത്യേകത തോന്നിയത് ക്ഷേത്രത്തിനുള്ളിൽ ഭഗവാനരികിൽ നിന്നും പ്രസാദം തരുന്നത് സ്ത്രീയായിരുന്നു എന്നതാണ്. ഉള്ളിൽ പുരുഷ പൂജാരി ഇല്ലായിരുന്നു. അതുപോലെ വഴിപാടായ നെയ്  വിളക്ക് കൊളുത്തുന്ന സ്ഥലത്തും സ്ത്രീയാണ് നിന്നിരുന്നത്. അവിടെയുള്ള വിഷ്ണു പ്രതിഷ്ഠക്കു പുറമേ ലക്ഷ്മി, സരസ്വതി, ഗരുഡൻ, ഹനുമാൻ തുടങ്ങിയ ദേവതകളും ഉണ്ട്. ആ മഹാചൈതന്യത്തിനു മുമ്പിൽ തൊഴുത് പടികൾ ഇറങ്ങുമ്പോൾ, എത്ര ജന്മത്തെ പുണ്യമായിരിക്കാം എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് തോന്നി. 

 ബാഗ്മതി നദീതീരത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം ഒരു പ്രധാന ശിവക്ഷേത്രമാണ്. 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണിത്. ഇതിൽ പതിനൊന്നും ഇന്ത്യയിൽ ആണെങ്കിൽ ഇന്ത്യയ്ക്ക് വെളിയിലുള്ള ഒരേയൊരു ജ്യോതിർ ലിംഗം പശുപതിനാഥിലാണ്. ക്ഷേത്രത്തിനു മുമ്പിൽ ഏറെ വലുപ്പമാർന്നതും ലോഹത്തിൽ നിർമ്മിച്ചതുമായ  നന്ദി വിഗ്രഹം ഉണ്ട്. മൃഗമായി പുനർജനിക്കാതിരിക്കാൻ പ്രധാന പ്രതിഷ്ഠയെ ദർശിക്കും മുമ്പ് നന്ദി വിഗ്രഹത്തെ കാണരുതെന്നാണ് വിശ്വാസം. പക്ഷേ ക്ഷേത്രത്തിലെത്തിയാൽ നമ്മൾ ആദ്യം കാണുക ഈ വലിയ നന്ദി വിഗ്രഹം തന്നെ. പശുപതിനാഥിൽ പ്രധാന പ്രതിഷ്ഠക്ക് അഞ്ചു മുഖങ്ങൾ ആണുള്ളത്. നാലുവശത്തും ഒരെണ്ണം മുകളിലും. അതുകൊണ്ടുതന്നെ നാല് നടകളും ഈ ക്ഷേത്രത്തിലുണ്ട്. കൂടാതെ ധാരാളം ഉപദേവ ക്ഷേത്രങ്ങളും ഇവിടെ കാണാം. ബാഗ്മതി നദീതീരത്തുള്ള  ആര്യ ഘട്ട ഒരു ശ്മശാന കേന്ദ്രമാണ്. ഇവിടെ ദഹിപ്പിച്ചാൽ ആത്മാവ് സ്വർഗം പ്രാപിക്കും എന്നാണ് വിശ്വാസം.

 ഹിമാലയൻ പർവ്വത നിരകളുടെ ആകാശ വിസ്മയമായിരുന്നു അടുത്തത്. ആ ഫ്ലൈറ്റ് യാത്ര ഒരിക്കലും മറക്കാനാവില്ല. ഫ്ലൈറ്റിൽ ജനാലയോട് ചേർന്നുള്ള സീറ്റിൽ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. അതിൽ ഏകദേശം ഇരുപതോളം പേർ ഉണ്ടായിരുന്നു. 8500 രൂപയാണ് ചാർജ്. ഒരു മണിക്കൂർ നീണ്ട യാത്ര വേളയിൽ എവറസ്റ്റ്(29031.69 അടി), LHOTSE(27940),cho-oyu( 26906),langtang(23734), ഗൗരിശങ്കർ (23405), തുടങ്ങി ഇരുപതോളം കൊടുമുടികൾ. അതെക്കുറിച്ചെല്ലാം വിശദമാക്കി  തരുന്ന വിമാനത്തിലെ സഹായികൾ. എവറസ്റ്റ്  എപ്പോഴും മഞ്ഞുമൂടി കിടക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ കണ്ടപ്പോൾ അങ്ങിനെ ആയിരുന്നില്ല എന്നത് എനിക്ക് ഒരത്ഭുതമായി.   മഞ്ഞും ഇടയ്ക്കിടെ പാറകളും എല്ലാം നന്നായി കാണാൻ കഴിഞ്ഞു. ഒക്ടോബർ കഴിഞ്ഞാൽ ഒരുപക്ഷേ കൂടുതൽ മഞ്ഞ പുതച്ചേക്കാം. എല്ലാം വ്യക്തമായി കാണാൻ പാകത്തിൽ ഫ്ലൈറ്റ് വളരെ വളരെ പതുക്കെയാണ് നീങ്ങിയത്. അത് മുന്നോട്ടു നീങ്ങാതെ നിൽക്കുന്നതായാണ് എനിക്ക് തോന്നിയത്. 

 മനാ കാമ്‌നാ ക്ഷേത്രവും അവിടേക്കുള്ള കേബിൾ കാർ യാത്രയും മറ്റൊരു പ്രത്യേകതയായി മനസ്സിൽ നിറയുന്നു. 1300 മീറ്റർ(4265 അടി) ഉയരത്തിലേക്കുള്ള കേബിൾ കാർ 1998 നവംബറിലാണ് ആരംഭിച്ചത്. ഇതിലൂടെ ഏകദേശം 10 മിനിറ്റ് യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്തും. പലയിടത്തും കേബിൾ കാറിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കുത്തനെയുള്ള കേബിൾ കാർ യാത്ര ഭയം ജനിപ്പിച്ചു എങ്കിലും പുതിയൊരനുഭവമായിരുന്നു. 

 ജനക്പൂരിലെ സീതാദേവി ക്ഷേത്രം, സീതാരാമന്മാർ വിവാഹ വേളയിൽ അഗ്നിക്കു പ്രദിക്ഷണം ചെയ്ത സ്ഥലം, വിവാഹം നടന്ന സ്ഥലം, ആദ്യരാത്രി കഴിഞ്ഞ സ്ഥലം തുടങ്ങി സീതയുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളിലും ദർശനം നടത്തി.

 ബുധ നീലകന്ത എന്ന സ്ഥലത്തെ  ബുധ നീലകന്ത ക്ഷേത്രം( ഇവിടെ വിഷ്ണു ജലത്തിലുള്ള അനന്തന്റെ പുറത്ത് ശയിക്കുന്നു), കാളികാ ഭഗവതി ക്ഷേത്രം, താൽ ബരഹി ക്ഷേത്രം  ( ഇത് തടാകത്തിന്റെ നടുക്ക് ദ്വീപിലാണ്. ബോട്ടിൽ യാത്ര ചെയ്ത അവിടെ എത്താം ) തുടങ്ങിയ ധാരാളം ക്ഷേത്രങ്ങളും ദർശിക്കുവാൻ കഴിഞ്ഞു.

 സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ തിരികെ കേരളത്തിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ അലൗകീകവും അഭൗമവുമായ ആ തേജസ് മാത്രം. 🙏

     

No comments: