Thursday, July 25, 2024

ജനപ്രതിനിധികളെ ഇറക്കേണ്ട ആമയിഴഞ്ചാൻ തോട്

   ആമയിഴഞ്ചാൻ തോട്ടിലെ വാർത്തകൾ വീണ്ടും ജനരോഷത്തിലേക്ക്. ഇവിടേക്കു മാലിന്യം എറിഞ്ഞവരെ തടഞ്ഞ രണ്ട് ശുചീകരണ തൊഴിലാളികളെ അതിക്രൂരമായി ആക്രമിച്ചിരിക്കുന്നു. ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണശേഷം ഇവിടേക്ക് മാലിന്യം എറിയുന്നവരെ പിടിക്കാനായി കോർപ്പറേഷൻ നിയമിച്ചവരായിരുന്നു രാഹുലും രാജീവും. മാലിന്യം എറിഞ്ഞവരെ തടയാൻ ശ്രമിച്ചതിന് ആയിരുന്നു ഇവരെ മർദ്ദിച്ചത്. ആക്രമണം നടത്തിയവർക്കെതിരെ പോലീസ്സ് പോലും കേസെടുക്കാൻ വൈകിയതായി ആരോപണമുണ്ട്. തോട് വൃത്തിയാക്കലിൽ കളക്ടറുടെ അഭിനന്ദനങ്ങൾ ലഭിച്ച  ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു രാഹുലിന്റെ നേരെയുള്ള ഈ ആക്രമണം.

          2024 ജൂലൈ 13 ശനിയാഴ്ച രാവിലെ 11 മണി യോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴാഞ്ചൻ  തോട് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായത്. ജോയിയെ കണ്ടെത്താനായി പലവിധത്തിലും ശ്രമിച്ചു  എങ്കിലും തോട്ടിലെ മാലിന്യ കൂമ്പാരം കാരണം കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 15 തീയതി ജോയിയുടെ മൃതദേഹം മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തെ മാധ്യമങ്ങൾ അന്ന് ഈ സംഭവത്തിന് പ്രാധാന്യം നൽകിയെങ്കിലും പുതിയ വാർത്തകൾ വന്നപ്പോൾ ഇതും വിസ്മൃതിയിലേക്ക് പോയി. ഇനി വീണ്ടും ഇതേക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ വീണ്ടും ആരെങ്കിലും ഈ മലീമസമായ തോട്ടിൽ വീഴണം എന്ന് തോന്നുന്നു. എന്തിനു മാധ്യമങ്ങൾ, സർക്കാർ പോലും ഇന്നു നിശബ്ദമാണ്. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചു കൊടുക്കും (?) എന്ന് പറഞ്ഞതോടെ അവരുടെ ഉത്തരവാദിത്വം തീർന്നു എന്ന് തോന്നുന്നു. ആ അമ്മയ്ക്ക് പക്ഷേ ഒരു വീട് കിട്ടിയാലോ കുറെ രൂപ കിട്ടിയാലോ തന്റെ മകനെ മറക്കാൻ കഴിയില്ലല്ലോ. എന്നും ആ മാതൃഹൃദയത്തിൽ ഒരു വേദനയായി ജോയി ഉണ്ടാകും എന്നതിൽ സംശയമില്ല.

       ജോയിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? വർഷങ്ങളായി വൃത്തിയാക്കാൻ ശ്രമിക്കാത്ത ഈ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യത്തോട്ടിലേക്ക് യാതൊരുവിധ സുരക്ഷണോപാധികളും നൽകാതെ ഒരു മനുഷ്യനെ വൃത്തിയാക്കാനായി ഇറക്കിയത് ആരായാലും അവർ മാപ്പ് അർഹിക്കുന്നില്ല. നമ്മൾ നടന്നു പോകുമ്പോൾ ചെളിയിൽ ഒന്ന് ചവിട്ടിയാൽ,ദേഹത്ത് കാക്കയൊന്ന് കാഷ്ടിച്ചാൽ നമ്മുടെ മുഖം,വൃത്തികേട് എന്ന ഭാവത്തിൽ ചുളിക്കുന്നത് നമുക്കറിയാം. അപ്പോൾ മനുഷ്യ വിസർജ്യങ്ങളും, ഇറച്ചി മാലിന്യങ്ങളും അടക്കമുള്ള എല്ലാം വൃത്തികേടുകളും നിറഞ്ഞ തോട്ടിലേക്കാണ്ജോയി വീഴുന്നത്.  അന്ന് ആ മനുഷ്യൻ അനുഭവിച്ച ദുരിതം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളുടെ ബാക്കിയും മറ്റും - അടുക്കള വേസ്റ്റ് എന്ന് പറയാം- ശുചീകരണ പ്രവർത്തകർക്ക് നൽകാനായി നമ്മൾ സൂക്ഷിക്കുന്നതു പോലും അത് അടച്ചുവച്ചാണ്. അതിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പോലും നമുക്ക് സഹിക്കാൻ കഴിയില്ല, അല്ലേ. ( നമ്മുടെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന വരെ കാണുമ്പോൾ സത്യത്തിൽ വളരെ ദുഃഖം തോന്നും. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാവുമല്ലോ അവർ ഈ ജോലി ചെയ്യുന്നത്). അപ്പോൾ ആ തോടിന്റെ സ്ഥിതി എന്തായിരിക്കുംഎന്ന്ഒ ന്ന് ചിന്തിച്ചു നോക്കൂ. ആ തോടിന്റെ സമീപത്ത് കൂടി  പോകുമ്പോൾ ആ ദുർഗ്ഗന്ധത്തിന്റെ രൂക്ഷത നമുക്ക് മനസ്സിലാകും. 

    എന്തുകൊണ്ടാണ് ഭരണാധികാരികൾ ഇതൊന്നും കാണാത്തത്? ഇതൊന്നും അവരെ വ്യക്തിപരമായി ബാധിക്കാത്തതുകൊണ്ടാണോ? നഗരത്തിലെ വെള്ളക്കെട്ടിന് കാരണവും ഈ കെട്ടിക്കിടക്കുന്ന മാലിന്യം നിറഞ്ഞ ആമ ഇഴഞ്ചാൻ  തോട് തന്നെ. എന്നിട്ടും തിരുവനന്തപുരം കോർപ്പറേഷനോ സംസ്ഥാന സർക്കാരോ ഇതു നിയന്ത്രിക്കാനുള്ള  യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന സത്യം രോഷമുളവാക്കും. കഷ്ടമാണ് സർക്കാരേ.. നഗരം ശുചിയായ സൂക്ഷിക്കേണ്ടത് സർക്കാർ ആണ്, അത് കോർപ്പറേഷൻ വഴി ആയാലും  പഞ്ചായത്ത് വഴി ആയാലും. ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം നഗരിയിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള നഗരങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭംഗി. 

     മാലിന്യനിർമാർജനത്തിന് ശരിയായ സംവിധാനം ഉണ്ടെങ്കിൽ പിന്നെ ആരും തോട്ടിലും റോഡ് സൈഡിലും ഒന്നും മാലിന്യ കൊണ്ട് തള്ളുകയില്ല. അതില്ലാത്തതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. വീടുകളിലെ മാലിന്യം നീക്കം ചെയ്ത് സംഭരിച്ച് അതിൽ നിന്നും എനർജി ഉണ്ടാക്കി ബാക്കിയുള്ളവ വളം ആക്കി മാറ്റിയാൽ പിന്നെ മാലിന്യ പ്രശ്നം ഉണ്ടാകുന്നില്ല. ഇതേക്കുറിച്ച് പഠിക്കാൻ വിദേശത്തൊന്നും പോകേണ്ട ആവശ്യമില്ല, ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം എന്ന് ജനങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ ലഭ്യത കുറയ്ക്കാനുള്ള ശ്രമമാണ് ആദ്യം സർക്കാർ നടപ്പാക്കേണ്ടത്. എപ്പോഴും എവിടെയും കിട്ടുന്ന രീതിയിൽ ഉള്ള ഈ വസ്തു ഉപയോഗിക്കരുത് എന്ന് പറയുന്നതുകൊണ്ട് എന്ത് പ്രയോജനം. ഇന്ന് സാധനങ്ങളെല്ലാം തന്നെ ലഭിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും ആണ്. ഈ പ്ലാസ്റ്റിക് സാധനങ്ങൾ സാധാരണക്കാരൻ എന്ത് ചെയ്യും? ഒന്നുകിൽ കത്തിക്കും അല്ലെങ്കിൽ പ്ലാസ്റ്റിക് എടുക്കാൻ വരുന്നവർക്കു കൊടുക്കും. ഇനി അതുമല്ല എങ്കിൽ കാണുന്നിടത്ത് നിക്ഷേപിക്കും. അത് പാടില്ല എങ്കിൽ ആദ്യം അത് കളയാനുള്ള സ്ഥലം കാണിച്ചുകൊടുക്കണം. അവിടെ ഇട്ടില്ല എങ്കിൽ ശിക്ഷിക്കുന്നതിൽ അർത്ഥമുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക്കിന്റെ ഉറവിടം എന്നത് കടകൾ തന്നെയാണ്. അവിടെ നിന്നാണ് അവന് പ്ലാസ്റ്റിക് കവറിൽ ആക്കി സാധനങ്ങൾ ലഭിക്കുന്നത്. അല്ലാതെ ജനങ്ങൾ ആരും വീട്ടിൽ പ്ലാസ്റ്റിക് ഉണ്ടാക്കുകയല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത്  കടകളിലെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗത്തെയാണ്.  പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കളയുവാൻ ആയി ഓരോ ജംഗ്ഷനിലും പ്രത്യേകം പ്രത്യേകം ബിന്നുകൾ വച്ചാൽ ജനങ്ങൾക്കും കോർപ്പറേഷനും സൗകര്യപ്രദം ആയിരിക്കും. പൊതുജനങ്ങൾ അവിടെ കൊണ്ടു നിക്ഷേപിക്കുകയും കോർപ്പറേഷന് സൗകര്യപൂർവ്വം അത് എടുത്തു കൊണ്ടു പോകാൻ സാധിക്കുകയും ചെയ്യും. അതൊന്നും ചെയ്യാതെ ജനങ്ങളുടെ മേലേക്ക് കുതിര കയറുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. 

   ജോയിയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. സംഭവം നടക്കുമ്പോൾ അദ്ദേഹം പാലക്കാട്ട് ആയിരുന്നു ഈ സംഭവം പെട്ടെന്നായിരുന്നു അതുകൊണ്ട് വരാൻ സാധിച്ചില്ല( അപ്പോൾ ജോയി അദ്ദേഹത്തെ നേരത്തെ വിളിച്ചു പറഞ്ഞിരിക്കണമായിരുന്നു, അല്ലേ ). അദ്ദേഹം രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒന്ന് സംഭവദിവസവും മറ്റൊന്ന് മൃതദേഹം കിട്ടിക്കഴിഞ്ഞും. ( അദ്ദേഹം തന്നെയാണ് "ഞാൻ രണ്ടു പോസ്റ്റ് ഇട്ടിട്ടുണ്ട് "എന്ന് പറഞ്ഞത് ) അത്രമാത്രമേ അദ്ദേഹത്തിന് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു. അല്ല! ഇങ്ങനെ പോസ്റ്റിടാൻ ആണോ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനങ്ങൾ എംപി ആയി തിരഞ്ഞെടുത്തത്? നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ലെങ്കിൽ പിന്നെ ഒരു എംപി എന്തിന്? പോസ്റ്റ് ഇടുന്നതാണോ പ്രശ്നപരിഹാരം? പോസ്റ്റ് ഇടുന്നത് അത്ര മഹത്തായ കാര്യമാണെങ്കിൽ ഇലക്ഷന് വോട്ട് ചെയ്യാതെ അദ്ദേഹത്തിന് ഓരോ പോസ്റ്റ് ഇട്ടാൽ മതിയായിരുന്നല്ലോ. അപ്പോൾ പോസ്റ്റും വോട്ടും തമ്മിൽ വ്യത്യാസമുണ്ട്. ഇതുപോലെയാണ് പ്രവർത്തിയും പോസ്റ്റും തമ്മിലും . കഷ്ടമാണ് MP. നിങ്ങൾ ഇവിടെ എത്താത്തതോ ഒന്നും ചെയ്യാത്തതോ പോകട്ടെ പക്ഷേ ദയവായി ഇങ്ങനെ  വിഡ്ഢിത്തം പറയരുത്. ജോയ് മരിച്ചത് പ്രകൃതിദുരന്തത്തിൽ അല്ല, രോഗം വന്നുമല്ല. ഇവിടുത്തെ ഭരണാധികാരികളുടെ വീഴ്ചകൊണ്ട് മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട്ടിൽ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ്. ഇവിടുത്തെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ നിങ്ങൾ ശ്രമിച്ചില്ല. പകരം പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരുന്നു. പൊതു ജനസേവകരെന്ന് പറയുന്ന നിങ്ങൾക്ക് നാണമില്ലേ? ഈ ജനങ്ങളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ രാഷ്ട്രീയപ്രവർത്തകരായ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? 

      ഇതിനു വരുന്ന ചിലവിനെ കുറിച്ചാണ് എപ്പോഴും എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നത്. ഒരു എംപിക്ക്  തന്റെ പ്രദേശത്തെ വികസനത്തിനായി MPLADS പ്രതിവർഷം ലഭിക്കുന്ന ഫണ്ട് അഞ്ചു കോടി രൂപയാണ്. (Member of Parliament Local Area Development Scheme). കുടിവെള്ളം, വിദ്യാഭ്യാസം,  പൊതുആരോഗ്യം,  ശുചിത്വം എന്നിവയ്ക്കാണ് അത് നൽകുന്നത്. നമ്മുടെ എംപി ഡോക്ടർ ശശി തരൂർ നാലാമത്തെ പ്രാവശ്യമാണ് എംപിയായി ഇവിടെ തെരഞ്ഞെടുത്തത്. അതായത് ഒരു വർഷം അഞ്ചു കോടി വെച്ച് അഞ്ചുവർഷത്തേക്ക് 25 കോടി രൂപ. ഇങ്ങനെ നാല് പ്രാവശ്യം. ഒന്നോർത്തു നോക്കൂ. ഈ ഫണ്ട് മാത്രം മതിയായിരുന്നല്ലോ ഈ  ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ.  അതിന് പകരം എംപിമാർ ചെയ്യുന്നത് എന്താണെന്നോ. കുറെ കമ്പികൾ കൊണ്ട് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത ബസ്റ്റാൻഡ് ഉണ്ടാക്കും. എന്നിട്ട് സ്വന്തം പേരും ചിലവാക്കിയെ തുകയും എഴുതി വയ്ക്കും. എഴുതിവെച്ച തുക കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ഇനി ഇത് സ്വർണ്ണം പൂശിയതാണോ എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. 

സത്യത്തിൽ ആ തോട് വൃത്തിയാക്കേണ്ടത്  ജനസേവകർ എന്ന് അഭിമാനിക്കുന്ന  ഇവിടുത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാരെ കൊണ്ടാണ്. പണത്തിന്റെ തിളക്കത്തിൽ മാലിന്യം ഒഴുക്കുന്നവരുടെ നേരെ കണ്ണടയ്ക്കുന്ന നിങ്ങളാണ് ഇതിന് ഉത്തരവാദികൾ. ജോയിയുടെ ആത്മാവ് നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല. 

 ജോയിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് 

 മീര നമ്പൂതിരി 🙏🙏

Saturday, July 13, 2024

ഫേസ്ബുക്ക് ഫ്രണ്ട്സ്.

 ഫേസ്ബുക്ക് ഫ്രണ്ട്സിനെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. പക്ഷേ അതിലേക്ക് എത്തുന്നതിനുമുമ്പ് ഫ്രണ്ട്സ് ആരാണെന്നും അവരുടെ ചിന്താഗതി എങ്ങനെയായിരിക്കണം എന്ന് കൂടി ഒന്ന് പറയട്ടെ. 

    നമ്മുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം നമ്മുടെ ചിന്ത രീതിയാണ്. ഇത് ഞാൻ പറഞ്ഞതല്ല, നമ്മുടെ ഉപനിഷത്തുകൾ പറഞ്ഞു തരുന്നതാണ്. 

 ചിന്തകളെ ശ്രദ്ധിക്കൂ,കാരണം അവയെയാണ് നമ്മുടെ വാക്കുകളായി തീരുന്നത്.

 വാക്കുകളെ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ പ്രവർത്തികളായി മാറുന്നത്.

 പ്രവർത്തികളെ ശ്രദ്ധിക്കൂ,കാരണം അവയാണ് നമ്മുടെ ശീലങ്ങൾ ആയിത്തീരുന്നത്.

 ശീലങ്ങളിൽ ശ്രദ്ധിക്കൂ, കാരണം അവയാണ് നമ്മുടെ സ്വഭാവമായി മാറുന്നത്.

 സ്വഭാവത്തെ ശ്രദ്ധിക്കൂ, കാരണം അതാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്.

    ചുരുക്കത്തിൽ ചിന്തകളാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. നമ്മൾ എന്തായി തീരുമോ അത് ആദ്യം രൂപപ്പെടുന്നത് ചിന്തയിലാണ്. പിന്നീടത് വാക്കുകളായും വാക്കുകൾ പ്രവർത്തിയായും പ്രവർത്തി ശീലമായും ശീലം സ്വഭാവമായും മാറുന്നു. ജാതി-മത പകയും, അക്രമവും, പീഡനവും, മോഷണവും, കൊലപാതകവും എല്ലാം ആദ്യം ഒരാളിൽ  രൂപപ്പെടുക  ചിന്തയുടെ രൂപത്തിലാണ്.   ചിന്തിച്ചു ചിന്തിച്ച്  അതു വാക്കുകൾ ആവുന്നു, പിന്നെ പ്രവർത്തിയിലെത്തി ഒടുവിൽ ശീലമായി, സ്വഭാവമായി മാറുന്നു. ഈ സ്വഭാവം തന്നെ അവസാനം അയാളുടെ വിധി കുറിക്കുകയും ചെയ്യും. തുടക്കത്തിൽ തന്നെ ഈ ചിന്തകളെ നിയന്ത്രിക്കാനും തിരുത്താനും സാധിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അധമ പ്രവർത്തികൾ ഒന്നും അയാളിൽ രൂപപ്പെടില്ലായിരുന്നു. ഈ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും എന്ന് ചോദിച്ചാൽ, സത്സംഗത്തിന്   വലിയ അളവിൽ തന്നെ സഹായിക്കാൻ സാധിക്കും എന്ന് പറയാം. നല്ല ചിന്തകൾ ഉണ്ടാകാൻ നല്ലവരുമായുള്ള സഹവാസത്തിലൂടെ സാധിക്കും. നല്ല വ്യക്തികളുമായുള്ള സഹവാസവും നല്ല വാക്കുകളും തുടർച്ചയായി കേൾക്കുന്നത് നമ്മളിലെ നന്മകളെ മെല്ലെ തട്ടി ഉണർത്തും. എന്നാൽ പകയും പകപോക്കലുമായി നടക്കുന്നവരുമായി സഹവസിച്ചാൽ നമ്മുടെ മനസ്സിനെ അതെളുപ്പം സ്വാധീനിക്കും എന്ന് നമുക്കറിയാം. ( നിന്റെ സുഹൃത്ത് ആരാണെന്നു പറയൂ, നിന്നെക്കുറിച്ച് ഞാൻ  പറയാം.. എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ സ്വാധീനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്)       നന്മകൾ ആലോചിച്ചും ചിന്തിച്ചും വളരെ പതുക്കെ മാത്രമേ നമ്മുടെ ഉള്ളിലേക്ക് കടക്കു. പക്ഷേ ഒരിക്കൽ നന്മ നമ്മുടെ ഉള്ളിൽ ഇരുപ്പുറപ്പിച്ചാൽ പിന്നെ അതിൽ മാറ്റം വരുത്താൻ അല്പം പ്രയാസവുമാണ്.  ഈ ചിന്തകളുടെ സ്വാധീനം എത്രയുണ്ട് എന്നറിയാൻ നമ്മളിലേക്ക് തന്നെ ഒന്ന് നോക്കിയാൽ മതി. നമ്മുടെ ഇഷ്ടവും വെറുപ്പും എല്ലാം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമുക്ക് തന്നെ മനസ്സിലാക്കാം. ഇതൊന്നും രൂപപ്പെട്ടത്  ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ  ഒന്നുമല്ല. വളരെക്കാലം ചിന്തിച്ച് നമ്മൾ അങ്ങനെ ആയതാണ്. മറ്റു രാഷ്ട്രീയ പാർട്ടികളോടും അന്യമതക്കാരോടും ഉള്ള ദേഷ്യവും വെറുപ്പും എല്ലാം ഒരാളിൽ ഉണ്ടാകുന്നത് നീണ്ടകാലത്തെ  ചിന്തകളുടെ ഫലമാണ്. ഒരിക്കൽ ഏതെങ്കിലും ഒന്നിനോട് ചേർന്ന് നിന്ന് ചിന്തിക്കാൻ തുടങ്ങിയാൽ, അതിന് അനുകൂലമായ വിധത്തിലുള്ളവയെ മാത്രം നമ്മൾ കണ്ടെത്തുകയും നമ്മുടെ വെറുപ്പ് കൂടുതൽ ശക്തമാകുകയും ചെയ്യും. ഇതോടെ സമാധാനവും നഷ്ടപ്പെടും. 

 ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. കഴിഞ്ഞദിവസം എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോളി അടിമത്ര അവളുടെ ജോൾസ് ടോക്ക് എന്ന യൂട്യൂബ് ചാനലിൽ, പല യൂട്യൂബ് കാണുന്ന ആൾക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളെപ്പറ്റി പറയുകയുണ്ടായി. സ്ത്രീകൾ നടത്തുന്ന പരിപാടി ആണെങ്കിൽ, " അമ്മച്ചി,തള്ള, വലിയമ്മച്ചി തുടങ്ങിയ സംബോധനകളും" ഇങ്ങനെ പറയുന്ന നിങ്ങൾക്ക് വട്ടാണ്" എന്നുമൊക്കെ പറയുന്നതിനെ കുറിച്ച് വിവരിച്ചു. സത്യമാണ്. സ്ത്രീകളെ കുറ്റപ്പെടുത്തുവാൻ മിക്കവർക്കും ഒരു പ്രത്യേക ഉത്സാഹമാണ്. അവർ എന്തെങ്കിലും  പറഞ്ഞാൽ അത് കുറ്റം, എഴുതുന്നതെല്ലാം അബദ്ധങ്ങൾ, ഇതു പറയാൻ മാത്രം അവർക്ക് വിവരമില്ല എന്നൊക്കെയാണ് മിക്കവരുടെയും കമന്റ്. ഇങ്ങനെ സ്ത്രീകളെ അപമാനിക്കാൻ അവർക്ക് ബുദ്ധിമുട്ട് തോന്നാത്തത് അവരുടെ ചിന്തകളുടെ പ്രതിഫലനമാണ്. എന്നും അവരുടെ മനസ്സിൽ ഈ രീതിയിലുള്ള ചിന്തകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വാക്കുകളായും   പ്രവർത്തിയായും ശീലമായും സ്വഭാവമായും മാറിയിരിക്കുന്നു. ഈ രീതി മാറണമെങ്കിൽ അവർ സ്വയം മനസ്സിലാക്കി, അവരുടെ ചിന്താരീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരണം. നമ്മൾ ഇടുന്ന പോസ്റ്റുകൾ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമായെങ്കിൽ നല്ലത്. ഇഷ്ടമായില്ല എങ്കിൽ വേണമെങ്കിൽ അതിന്റെ കാരണം പറയാം. ഇല്ലെങ്കിൽ മിണ്ടാതിരിക്കാം. അതിനുപകരം എഴുതിയവരെ പരസ്യമായി കളിയാക്കുകയും അപഹസിക്കുകയും ചെയ്യുന്നതൊന്നും മഹത്തായ കാര്യമായി ആരും കാണുകയില്ല. മറിച്ച് ഇങ്ങനെയുള്ള കമന്റ് ഇടുന്നവർക്കെതിരെ ആവും മിക്കവരും ചിന്തിക്കുക. സ്വയം ഒന്നും നേടാൻ ആവുന്നില്ലെങ്കിൽ നേടുന്നവരെ അപമാനിച്ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഇത്തരക്കാരോട് "ഹാ!കഷ്ടം" എന്നേ പറയാൻ കഴിയൂ. 

  യൂട്യൂബിൽ മാത്രമല്ല ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയാലും സംഗതിയിൽ വലിയ മാറ്റമൊന്നും   ഒന്നും ഉണ്ടാകുന്നില്ല. ഒരു വ്യക്തിയെ ഫ്രണ്ട് ആയി ക്ലിക്ക് ചെയ്താൽ ഉടൻ ചാറ്റിങ് ആയി ചിലർ ഇറങ്ങും. " ഇപ്പോ എന്ത് ചെയ്യുവാ", " വീട്ടിൽ ആരൊക്കെയുണ്ട് ", " സംസാരിക്കാൻ പറ്റുമോ" എന്ന് വേണ്ട, അറിയേണ്ടാത്തതായി ഒന്നുമില്ല. നമുക്കറിയാവുന്നവരെയും നമുക്ക് അറിയാത്തവരും എന്നാൽ നല്ലവരാണെന്ന് തോന്നുന്നവരേയുമാണ് ഇതിൽ ഫ്രണ്ടായി കൂട്ടുക. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളോട് സംസാരിക്കാനും വിശേഷം പങ്കുവെക്കാനും എന്നെപ്പോലെ വിമുഖതയുള്ളവർ ധാരാളമുണ്ട്.  ഇടുന്ന പോസ്റ്റുകളോ വാർത്തകളോ എഴുതുന്ന ലേഖനങ്ങളോ ഇഷ്ടപ്പെട്ട്, അഭിപ്രായം പറയുന്നത് മനസ്സിലാക്കാം. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. ചാറ്റ് ചെയ്യാൻ പോകുന്ന വ്യക്തിയുടെ പ്രായമോ, ജോലിയോ, കഴിവോ,താൽപര്യമോ ഒന്നും അറിയാതെ ചാറ്റിങ്ങിന്ഇറങ്ങുന്നവർ. കലാകൗമുദിയിൽ ഞാൻ എഴുതുന്ന ലേഖനങ്ങൾ വായിച്ച് ഒരാൾ അഭിപ്രായം പറയാറുണ്ടായിരുന്നു. വെറും സാധാരണക്കാരനായ ഒരു വായനക്കാരൻ. അഭിപ്രായം പറയുകയല്ലാതെ അതിനപ്പുറം ഒരു വാക്കുപോലും അദ്ദേഹം ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല.  അദ്ദേഹത്തിന്റെ നമ്പർ അല്ലാതെ  പേര് പോലും എനിക്കറിയില്ല.  ഞാൻ മൂന്ന് കൊച്ചുമക്കളുടെ മുത്തശ്ശിയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നത് പോലും അടുത്തിടെയാണ്. അതറിഞ്ഞതോടെ കൂടുതൽ ബഹുമാനം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതാണ് സൗഹൃദം. അല്ലാതെ" ഊണ് കഴിച്ചോ ", " എന്തായിരുന്നു കൂട്ടാൻ " " ഇപ്പോ വീട്ടിൽ ആരുണ്ട്" എന്നൊക്കെ ചാറ്റ് ചെയ്യൽ അല്ല. ഫ്രണ്ട്ഷിപ്പ് എന്നത് രണ്ട് പേർ തമ്മിലുള്ള ഒരു അടുപ്പമാണ്, അല്ലാതെ അടിച്ചേൽപ്പിക്കലല്ല. 

 കഴിഞ്ഞതവണ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ സ്കൂളുകളിൽ നടക്കുന്ന ലഹരി വില്പനയെ കുറിച്ച് എഴുതിയിരുന്നു. കുഞ്ഞുങ്ങളുടെ ഭാവിയോർത്തുള്ള വേദനയിലാണ് ഞാനത് എഴുതിയത്. അത് വായിച്ച് ധാരാളം പേർ അഭിനന്ദിച്ചു. എന്നാൽ ഒരാൾ കമന്റ് ഇട്ടത് " നിങ്ങൾ എഴുതിയതുകൊണ്ട് എന്താ ഞങ്ങൾ ലഹരി വില്പന നിർത്തുമോ?   ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. " എന്നായിരുന്നു. സത്യമാണ്. ഞാൻ ഇത് എഴുതിയത് കൊണ്ട്  ആരെങ്കിലും ലഹരി കച്ചവടം നിർത്തി നല്ല വഴിക്ക് തിരിയും എന്നൊന്നും വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല. പക്ഷേ ഇതു പറയാൻ കാണിച്ച ആ അഹങ്കാരത്തിനോട്,  പ്രതികരിക്കാതെ, നിശബ്ദമായിരിക്കുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറഞ്ഞു. നിശബ്ദമായി ഞാൻ അയാളുടെ പേര് ഡിലീറ്റ് ചെയ്തു. ഇത്തരം വ്യക്തികൾ സൗഹൃദത്തിന് തന്നെ അപമാനമാണ്... ഭാരമാണ്. 

   അതുകൊണ്ടുതന്നെ പലരും ഏറെ ശ്രദ്ധയോടെയാണ് ഫേസ്ബുക്ക് ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുന്നത്. 

 ദയവായി ഒരു പരിധിയിൽ കൂടുതൽ സ്വാതന്ത്ര്യം അന്യ വ്യക്തിയോട് കാട്ടരുത്. അവരുടെ അനുവാദത്തോടെ നിങ്ങളുടെ സൗഹൃദം മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ.

 വീണ്ടും മറ്റൊരു വിഷയവുമായി കാണാം.

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി



Thursday, July 4, 2024

ഗുരുത്വമില്ലാത്തവർ

   സാധാരണ ആഴ്ചയിൽ ഒരിക്കലാണ് ഞാൻ ബ്ലോഗ് എഴുതാറ്. പക്ഷേ അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. 2024 ജൂലൈ രണ്ടിന് കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിലെ വിദ്യാർഥികളും പ്രവർത്തകരും ചേർന്ന് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ ഭാസ്കറിനെ ആക്രമിച്ച വാർത്ത കണ്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയ വാക്കാണ് "ഗുരുത്വമില്ലാത്തവർ".  തങ്ങളുടെ അധ്യാപകനെ അടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥിയെ മറ്റെന്താണ് വിളിക്കുക. നമ്മുടെ ഭാരതീയ സംസ്കാരം എത്രമാത്രം അധപതിച്ചു എന്ന് വീണ്ടും അടിവരയിടുകയാണ് ഈ സംഭവത്തിലൂടെ. 

 ഒരു വ്യക്തിക്ക് ആദ്യം വേണ്ടത് ഗുരുത്വമാണ്. അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. " മാതാപിതാ ഗുരു ദൈവം " ഇവരെ ആരാധിക്കാനാണ് നമ്മുടെ പൈതൃകം നമ്മളെ പഠിപ്പിക്കുന്നത്. ആരാധിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ? ഒരു പ്രായത്തിൽ ഈ വാക്കുകളുടെ മഹത്വമൊന്നും അവർക്ക് മനസ്സിലാവില്ല. മറ്റുപല "പ്രസ്ഥാന"ങ്ങളുമാണ് അവരുടെ തലയിലും മനസ്സിലും. അതിനുവേണ്ടി പോരാടുക, ആരുടെയും - അത് അച്ഛനായാലും അമ്മയായാലും ഗുരുവായാലും- തല തല്ലി പൊളിക്കാനോ കാരണത്തടിക്കാനോ അവർക്ക് മടിയില്ല. പക്ഷേ ഇവരിൽ ഒഴുകുന്ന ചോരയുടെ ചൂട് കുറയുന്ന ഒരു നാൾ വരും. എന്നും ആരും യുവാക്കൾ ആയിരിക്കില്ലല്ലോ. അന്ന് പശ്ചാത്തപിക്കും, പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ലെങ്കിലും. 

   ഗുരുത്വമില്ലായ്മ എന്താണെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ വീട്ടിലെ മുതിർന്നവർക്ക് ഇത് മനസ്സിലാക്കി കൊടുക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വഭാവരൂപീകരണം നടക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. എന്ത് കണ്ടാലും കേട്ടാലും ആ പ്രായത്തിൽ അവരുടെ കുഞ്ഞുമനസ്സ് അത് ഒപ്പിയെടുക്കും. പിന്നീട് അതനുസരിച്ച് ആയിരിക്കും അവരുടെ ജീവിതശൈലി തന്നെ രൂപീകരിക്കപ്പെടുന്നത്. അപ്പോൾ ഇത്തരം കുട്ടികളുടെ ഈ സ്വഭാവ വൈകൃതം കുട്ടിക്കാലത്ത് തന്നെ രൂപീകരിക്കപ്പെട്ടതാവും. അവരുടെ മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വല്ലാതെ ലജ്ജ തോന്നുന്നു. മറ്റുള്ളവരെ- പ്രത്യേകിച്ചും ഗുരുതുല്യരെ -ആക്രമിക്കാനാണോ ഇവർ പഠിപ്പിച്ചു കൊടുത്തത്. ഇതാണോ വിദ്യാഭ്യാസം കൊണ്ട് അവർ ഉദ്ദേശിച്ചത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. വീട്ടിൽ അടിച്ചില്ലെങ്കിൽ നാട്ടിൽ അടി കിട്ടും എന്നും ഒരു പഴമൊഴി ഉണ്ട്. 

  ഗുരുത്വത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ഒരു പഴയ കഥയാണ് ഓർക്കുന്നത്.  പലർക്കും അറിയാവുന്ന ഒരു കഥയായിരിക്കും  പുരാണത്തിലെ സുകുമാരൻ എന്ന വിദ്യാർത്ഥിയുടെ കഥ. മിടുമിടുക്കൻ ആയിരുന്ന സുകുമാരനെ ഗുരു എന്നും ശിക്ഷിക്കുമായിരുന്നു. മറ്റു വിദ്യാർത്ഥികൾക്ക് സുകുമാരന്റെ പകുതിപോലും കഴിവില്ലായിരുന്നു എങ്കിലും അവർക്ക്    ഗുരുശിക്ഷ ലഭിച്ചിരുന്നില്ല. ഇത് കണ്ട് സുകുമാരന് വല്ലാത്ത  ദുഃഖവും ദേഷ്യവും തോന്നി. ഗുരുവിനെ അപായപ്പെടുത്താനായി അദ്ദേഹത്തിന്റെ കിടക്ക മുറിയുടെ മുകളിൽ ഒരു വലിയകല്ലുമായി ഒളിച്ചിരുന്നു. അപ്പോഴാണ് ഗുരുപത്നി " അങ്ങ് എന്താണ് സുകുമാരനെ ഇത്രമാത്രം ശിക്ഷിക്കുന്നത് "എന്ന് ചോദിച്ചത്. അപ്പോൾ ഗുരു, തനിക്ക് ഏറ്റവും ഇഷ്ടം സുകുമാരനെ ആണെന്നും അവനിലെ അഹന്തയും അഹങ്കാരവും പൂർണ്ണമായി നശിപ്പിച്ച് നല്ലൊരു വ്യക്തിയാക്കി തീർക്കാനാണ് അവനെ കഠിനമായി ശിക്ഷിക്കുന്നതെന്നും, ഓരോ ശിക്ഷ അവന് നൽകുമ്പോഴും താൻ വല്ലാതെ വേദനിക്കാറുണ്ട് എന്നും ഗുരു പറഞ്ഞു. ഇത് കേട്ട സുകുമാരൻ പശ്ചാത്താപത്താൽ നീറി. അവിടെനിന്നും ആരും അറിയാതെ പുറത്തിറങ്ങിയ സുകുമാരൻ പിറ്റേദിവസം ഗുരുവിനെ കണ്ടു " ഗുരുഹത്യ ചെയ്യുവാൻ  മനസ്സിൽ വിചാരിച്ചവരുടെ ശിക്ഷ എന്താണെന്ന് ഗുരുവിനോട് ചോദിച്ചു. " ഉമിത്തീയിൽ നീറി മരിക്കണം " എന്നാണ് ഗുരു പറഞ്ഞത്. ഉടൻ തന്നെ ഉമി കൂട്ടി തീയിട്ട് സുകുമാരൻ അതിലിരുന്നു. ആരും അറിഞ്ഞില്ല എങ്കിലും സ്വന്തം മനസ്സാക്ഷിയെ ഒളിക്കാൻ സുകുമാരൻ തയ്യാറായില്ല. സ്വയം ശിക്ഷ സ്വീകരിക്കുകയായിരുന്നു. ഈ പാഠങ്ങൾ പഠിച്ച നമ്മുടെ മുമ്പിലാണ് അധ്യാപകരെ കൈയേറ്റം ചെയ്യുന്ന വിദ്യാർഥികൾ ഒരു കൂസലും ഇല്ലാതെ വിലസുന്നത്. 

       

  25 വർഷത്തെ അധ്യാപന പരിചയം ഉള്ള ഡോക്ടർ സുനിൽ ഭാസ്കറിനെതിരെ ഇവർ അക്രോശിക്കുന്നത്  ടീവിയിൽ കണ്ടു. അദ്ദേഹത്തെ രണ്ടു കാലിൽ കോളേജിൽ കയറ്റില്ല,പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടും,ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം,തങ്ങൾ പറയുന്നത് ചെയ്യാനുള്ള കഴിവുണ്ടെന്നും ഇവർ അലറി വിളിക്കുന്നത് കേട്ടു. അധ്യാപകർ എന്താണെന്ന് മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിപ്പുള്ള മുൻ തലമുറയോടൊന്നു ചോദിച്ചാൽ മതി. കുട്ടികൾ തെറ്റ് ചെയ്താൽ അന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. ഒരു രക്ഷകർത്താക്കളും അത് ചോദ്യം ചെയ്തിരുന്നുമില്ല. എന്തിന്, കുറ്റങ്ങൾക്ക് ശിക്ഷിക്കുന്ന അധ്യാപകരോട് മാതാപിതാക്കൾക്ക് ഒരു പ്രത്യേക ഭയഭക്തിയും ഉണ്ടായിരുന്നു. ഇനി കുട്ടികൾ അധ്യാപകൻ അടിച്ചതായി വീട്ടിൽ പരാതി പറഞ്ഞാൽ അവിടെ നിന്നും കൂടി അടി കിട്ടുമെന്ന് ഉറപ്പ്. ഇന്ന് അധ്യാപകർക്ക് കുട്ടികളെ ഭയമാണ്. അധ്യാപകർ മാത്രമല്ല അച്ഛനും അമ്മയും മക്കളെ ഭയന്നാണ് ജീവിക്കുന്നത്. 

     ഡോക്ടർ സുനിൽ ഭാസ്കർ നെതിരെയുള്ള ആക്രമണം ആദ്യത്തേതൊന്നുമല്ല എന്ന് നമുക്കറിയാം. 2016 മാർച്ച് 31ന് റിട്ടയർ ചെയ്ത വിക്ടോറിയ കോളേജ്പ്രിൻസിപ്പൽ ഡോക്ടർ  T. സരസുവിന് റിട്ടയർമെന്റ് ഗിഫ്റ്റ് ആയി ഒരു ശവപ്പെട്ടി( സിംബോളിക് ) സമ്മാനമായി നൽകിയത് ഇതേ വിദ്യാർത്ഥി പ്രസ്ഥാനത്തിലുള്ളവരായിരുന്നു. അന്ന് അതിനെ വിദ്യാർത്ഥികളുടെ കലാപാടവമായാണ്  M A ബേബി വിലയിരുത്തിയത്. 2016 ൽ തന്നെ വിദേശകാര്യ നയതന്ത്രജ്ഞനും അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ആയ ഡോക്ടർ ടി പി ശ്രീനിവാസനെ ആക്രമിച്ചതും, ചാൻസലറായ ആരിഫ് മുഹമ്മദ് ഖാനുമായി തെരുവിൽ ഏറ്റുമുട്ടിയതും, 2017ൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ എൽ ബീനയുടെ കസേര തീഇട്ടതും ( ഭാഗ്യം, അവരെ ശാരീരികമായി ആക്രമിച്ചില്ല) ഒന്നും മറക്കാനുള്ള സമയമായിട്ടില്ല. വിദ്യാർത്ഥികളെ ഈ നിലയിലേക്ക് കൊണ്ട് എത്തിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർ തന്നെയാണ്. 

     ഇനിയെങ്കിലും കുട്ടികളെ ഗുരുത്വം എന്താണെന്ന് ദയവായി  മനസ്സിലാക്കി കൊടുക്കണം. മാതാപിതാ ഗുരു ദൈവം ഇതിന്റെ പ്രാധാന്യം ജീവിതത്തിൽ എത്രമാത്രം ഉണ്ടെന്ന് കുഞ്ഞായിരിക്കുമ്പോൾ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. വീടുകളിലും വിദ്യാലയങ്ങളിലും ഇതിനു പ്രാധാന്യം നൽകിയാലേ വരുന്ന തലമുറയിലൂടെ എന്തെങ്കിലും നന്മയുണ്ടാകു. സന്മാർഗത്തിന് പ്രാധാന്യം നൽകുന്ന കഥകൾ കുഞ്ഞായിയിരിക്കുമ്പോൾ മുതൽ അവർക്ക് പറഞ്ഞു കൊടുക്കണം. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പഠിപ്പിക്കണം. ഗുരുത്വം ഉള്ളവരാക്കി അവരെ വളർത്തണം. വളർന്നുവരുന്ന അവർ ആക്രമണകാരികളും കള്ളന്മാരും  കള്ളക്കടത്തുകാരും  കൊലപാതകികളുമായല്ല , സദാചാരികളും സന്മാർഗികളും പരസ്പരം ബഹുമാനവും സ്നേഹവും ഉള്ള വ്യക്തികളായി വേണം ഇവിടെ ജീവിക്കാൻ.      നമുക്കും നാടിനും നാളെ തണലാകേണ്ടവരാണിവർ.  ഇവരെ കയ്യൊഴിയരുത്. 

 ഈ സംഭവങ്ങൾ മനസ്സിലുണ്ടാക്കുന്ന വിങ്ങൽ എത്രയാണെന്ന് മനുഷ്യസ്നേഹികളായ നമുക്ക് ഓരോരുത്തർക്കും മനസ്സിലാകും. കൊയിലാണ്ടി കോളേജിൽ നടന്നത്  ഇത്തരത്തിലുള്ള അവസാനത്തെ സംഭവം ആകട്ടെ എന്ന് ആഗ്രഹിക്കാം പ്രാർത്ഥിക്കാം. 

 വരും തലമുറയുടെ നന്മയ്ക്കായി  പ്രാർത്ഥിച്ചുകൊണ്ട്,


 മീരാ നമ്പൂതിരി


  

Tuesday, July 2, 2024

ഭാരതീയ ന്യായ സംഹിത- പുതിയ ക്രിമിനൽ നിയമം

  2024 ജൂലൈ ഒന്നു മുതൽ പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കിയിരിക്കുയാണല്ലോ. 164 കൊല്ലം പഴക്കമുള്ളതും 1860 മുതൽ നടപ്പാക്കി വന്നതുമായ ബ്രിട്ടീഷ് നിയമവ്യവസ്ഥയാണ് മാറ്റങ്ങൾ ചേർത്ത് പുതുക്കി "ഭാരതീയ ന്യായ സംഹിത "(BNS) എന്ന പേരിൽ നടപ്പാക്കുന്നത്. ( CrPC ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS; ഇന്ത്യൻ എവിഡൻസ് ആക്ട് ന്പകരം ഭാരതീയ സാക്ഷ്യ അധിനിയം -BSA)

           കുറ്റവാളികളെക്കാൾ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുതിയ നിയമ വ്യവസ്ഥ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഊന്നൽ നൽകുന്നതിനും ജനജീവിതം കൂടുതൽ സമാധാനപരമായിരിക്കുന്നതിനും ഇത് സഹായക്മാകും എന്നതിൽ സംശയമില്ല. ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ സമൂഹവും അന്വേഷണോദ്യോഗസ്ഥരടങ്ങുന്ന     പോലീസും കോടതിയും എല്ലാം കൂടുതൽ ജാഗരൂകരാകും. അത് സമൂഹത്തിലെ അനീതിയെയും ആക്രമണ സ്വഭാവത്തെയും വലിയൊരു പരിധിവരെ നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും എന്നതിൽ തർക്കമില്ല. ഇത്തരം കുറ്റങ്ങളുടെ ശിക്ഷ  കഠിനമാണെന്ന്  വന്നാൽ ഭയം കൂടുകയും കുറ്റം ചെയ്യാനുള്ള വാസനയിൽ കുറവും ഉണ്ടാവുകയും ചെയ്യും.

    പുതിയ ഭാരതീയ ന്യായ സംഹിതയിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിൽ ഉണ്ടാകുന്ന മരണത്തിന് ഏഴു കൊല്ലം വരെ തടവ് , കുറ്റം എവിടെ നടന്നാലും എഫ്ഐആർ രാജ്യത്ത് എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ഡിജിറ്റൽ തെളിവുകൾക്കുള്ള പ്രാധാന്യം( മുമ്പ് ഡിജിറ്റൽ തെളിവുകൾ തേടുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ചിരുന്നു എങ്കിൽ ഇനി അങ്ങനെയല്ല )എന്നിവ കാണാം. വിശ്വാസം,വർഗ്ഗം,ജാതി, ഭാഷാ, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും വധശിക്ഷയോ ജീവപര്യന്തംശിക്ഷയോ ലഭിക്കാവുന്നതാണ്. ഈ നിയമത്തിലൂടെ തന്റെ വിശ്വാസത്തിനെതിരായവരെ ആക്രമിക്കാനുള്ള ശ്രമം സമൂഹത്തിൽ നിന്നും തുടച്ചുനീക്കപ്പെടും. 

 മറ്റൊന്ന്  രാജ്യത്തിന്റെ ഐക്യത്തെ മുൻനിർത്തിയുള്ളതാണ് . ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്നതും പൊതു സേവകരെ വധിക്കുന്നതോ അതിനു ശ്രമിക്കുന്നതോ ആയ പ്രവർത്തികൾ, പൊതുസ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുക, കള്ളനോട്ട് നിർമ്മാണം, കള്ളക്കടത്ത് എന്നിവയെല്ലാം ഭീകര പ്രവർത്തനങ്ങളുടെ പരിധിയിൽ വരികയും അവർക്ക് വധശിക്ഷയോ പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷയോ ലഭിക്കുകയും ചെയ്യും. എഴുത്തിലൂടെയും, സംസാരത്തിലൂടെയും, ഇലക്ട്രോണിക് മാധ്യമത്തിലൂടെയും, മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിലുള്ള രാജ്യദ്രോഹ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നു എങ്കിലും ഇന്ത്യയിൽ ഇതൊരു പക്ഷേ ആദ്യമാകാം. 

    പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റങ്ങളിൽ ഇരകളാകുന്ന പ്രായപൂർത്തിയാകാത്ത  പെൺകുട്ടികളുടെ പ്രായം 16 വയസ്സിൽ നിന്നും 18 ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് ഇനിമുതൽ പീഡിപ്പിക്കപ്പെടുന്ന 18 വയസ്സു വരെയുള്ള  പെൺകുട്ടികളെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായാണ് പരിഗണിക്കുക. ഇവരിൽ ലൈംഗികബന്ധവും നിയമപരമായി നിരോധിച്ചിട്ടുണ്ട്. കുട്ടികളെ കൂടാതെ വിവാഹ വാഗ്ദാനം പോലെയുള്ളവയിലൂടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കർശന ശിക്ഷയ്ക്ക് മതിയായ കുറ്റമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനും സംരക്ഷണം നൽകുന്നതിനുമായി "സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ "എന്ന പുതിയ അധ്യായം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്നവർക്ക് സാമൂഹ്യ സേവനം നിർബന്ധിതമാക്കാനും തീരുമാനമുണ്ട്.

     സ്ത്രീ സംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നൽകിയിരിക്കുന്നത് അഭിനന്ദനാർഹമാണെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പഴുതുകൾ ഇല്ലാതെ കർശന നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകണം. പലപ്പോഴും തന്നെ മർദ്ദിച്ചു എന്നും സ്ത്രീധനം ചോദിക്കുന്നു എന്നും മറ്റുമുള്ള തെറ്റായ ആരോപണങ്ങൾ സ്ത്രീകൾ ഉയർത്തുന്നതായി നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ഒടുവിൽ ആ ആരോപണം ശരിയല്ല എന്ന് തെളിഞ്ഞാൽ ഭർത്താവിനെ അല്ലെങ്കിൽ ഭതൃകുടുംബങ്ങളെ വെറുതെ വിടുന്നു. പക്ഷേ ഈ മാനനഷ്ടത്തിനും അപമാനത്തിനും കാരണക്കാരിയായ സ്ത്രീക്കെതിരെ തൽസമയം കേസെടുക്കാനോ, ശിക്ഷിക്കാനോ നിയമം അനുശാസിക്കുന്നില്ല. അടുത്തു നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. ഭർത്താവ് സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞ് നവവധുവും മാതാപിതാക്കളും കേസ് കൊടുത്തു. അയാൾ വിദേശത്തേക്ക് (?)ഒളിവിൽ പോയി. പിന്നീട് കണ്ടത് ഈ പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി "തന്റെ ഭർത്താവ് നിരപരാധിയാണെന്നും സ്വന്തം വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് പരാതി നൽകിയതാണെന്നും "   മാധ്യമങ്ങളിലൂടെ വാർത്ത നൽകുന്നതാണ്. തങ്ങളുടെ മകളെ അവളുടെ ഭർത്താവ് ഭീഷണിപ്പെടുത്തി ഇങ്ങനെ പറയിപ്പിച്ചതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് നമുക്ക് അറിയില്ല. അന്വേഷണം പൂർത്തിയായാൽ മാത്രമേ നമുക്ക് അതിനു സാധിക്കൂ. പെൺകുട്ടി ഭർത്താവിനെതിരെ പറഞ്ഞത് കള്ളമാണെങ്കിൽ അയാൾക്കും വീട്ടുകാർക്കും ഉണ്ടായ അപമാനത്തിന് ആര് ഉത്തരം പറയും? അങ്ങനെ "സാരമില്ല" എന്ന് വയ്ക്കാവുന്ന ഒരു കുറ്റമാണോ അത്? പെൺകുട്ടിയുടെ ആദ്യ മൊഴി തെറ്റാണെങ്കിൽ, പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും എതിരെ ക്രിമിനൽ കുറ്റം തന്നെ ചുമത്തി കേസെടുക്കേണ്ടതാണ്. ഇനി അതല്ല,ആ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും നൽകിയ ആദ്യ പരാതിയാണ് സത്യമെങ്കിൽ, ആ ഭർത്താവിനെയും കുടുംബാംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അതി കർശനമായി ശിക്ഷിക്കണം. 

   പലപ്പോഴും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സത്യവിരുദ്ധമായിരിക്കും. ഇവിടെ അവൾ പരാതി നൽകിയപ്പോൾ തന്നെ -വിചാരണയും തെളിവെടുപ്പും ഇല്ലാതെ തന്നെ -ഭർത്താവിനെ കുറ്റക്കാരൻ എന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഒരു പരാതി ഉണ്ടായാൽ അത് ഒരു വാർത്തയായി കൊടുക്കുകയല്ലാതെ കുറ്റക്കാരൻ എന്ന മട്ടിൽ പ്രതിയെന്ന്, വാദികൾ പറയുന്നവരെ ചിത്രീകരിക്കുന്നത് മാധ്യമങ്ങൾക്ക് ചേർന്നതല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് മാധ്യമ ധർമ്മം. അതിനപ്പുറം യാതൊരു തെളിവുമില്ലാത്ത ഒരാളെ കുറ്റവാളി എന്ന നിലയിൽ വാദികൾ പറയുന്നതുകൊണ്ടു മാത്രം ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യകരമല്ല. 

  ഇതിനുദാഹരണമായി മറ്റൊരു വാർത്ത കൂടി പറയാം. കഴിഞ്ഞദിവസം ഒരു കൊച്ചു കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ച വാർത്ത കണ്ടു. തന്റെ  ഭാര്യയുടെ രണ്ടാം അച്ഛനാണ് ഇത് ചെയ്തതെന്ന് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഉടനെ വന്നു" കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചത് ഭാര്യയുടെ രണ്ടാനച്ഛൻ". പോലീസ് അന്വേഷിച്ചപ്പോൾ ആ കുഞ്ഞിന്റെ മുത്തശ്ശൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. മുത്തശ്ശിയുടെ കയ്യിൽ നിന്നും തട്ടിയപ്പോൾ ചായ വീണതാണ്. വ്യക്തിപരമായ വിദ്വേഷം ആവണം ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് കാരണം എന്ന് തോന്നുന്നു. ആ മനുഷ്യനുണ്ടായ അപമാനത്തിന് മാധ്യമങ്ങൾ എന്ത് പ്രതിവിധി ചെയ്യും? കഷ്ടമാണിത്. ഇത്തരം തെറ്റായ ആരോപണങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകേണ്ടതാണ് - അത് വ്യക്തികൾക്കെതിരെ ആയാലും മാധ്യമങ്ങൾക്കെതിരെ ആയാലും. നമുക്ക് സത്യസന്ധമായി വിവരങ്ങൾ നൽകുവാനാണ് മാധ്യമങ്ങൾ. പക്ഷേ അതിന്റെ പേരിൽ എന്തും ആരെയും പറയാം എന്നതിനോട് എനിക്ക് യോജിക്കാൻ വയ്യ- ഒരു മാധ്യമപ്രവർത്തക നിലയിൽ ഒട്ടും വയ്യ. 

     സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന പ്രത്യേക പരിഗണന അവർ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും തനിക്ക് വിരോധം ഉള്ളവരെ പ്രതിക്കൂട്ടിലാക്കാൻ ഈ നിയമം അവർ ദുരുപയോഗം ചെയ്യുന്നു. അങ്ങനെ ദുരുപയോഗം ചെയ്താൽ അവർക്കെതിരെ അതികഠിനമായ നടപടികൾ സ്വീകരിക്കുകയും വേണം. ഉമ്മൻചാണ്ടി,അബ്ദുള്ളക്കുട്ടി തുടങ്ങിയ വളരെയേറെ പേർ  ഇത്തരം ആരോപണങ്ങളിൽ കുടുങ്ങിയത് നമുക്കറിയാം. തീർത്തും തെറ്റായ ഇത്തരം പരാതിയിൽ അന്ന് അപമാനിതരായ അവർ പിന്നീട് കുറ്റവിമുക്തരായെങ്കിലും വ്യാജ പരാതി ഉന്നയിച്ചവർക്ക് ശിക്ഷയുമില്ല, അവർ മാപ്പ് പറഞ്ഞുമില്ല. അതിനാൽ സാമൂഹ്യ നന്മയ്ക്കായി, ജനക്ഷേമത്തിനായി ഇനിയെങ്കിലും ഈ പുതിയ വ്യവസ്ഥയിൽ ഇതും കൂടി ഉൾപ്പെടുത്തേണ്ടതാണ്. 

 അപ്പോൾ വീണ്ടും കാണാം

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.