2024 ജൂലൈ ഒന്നു മുതൽ പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കിയിരിക്കുയാണല്ലോ. 164 കൊല്ലം പഴക്കമുള്ളതും 1860 മുതൽ നടപ്പാക്കി വന്നതുമായ ബ്രിട്ടീഷ് നിയമവ്യവസ്ഥയാണ് മാറ്റങ്ങൾ ചേർത്ത് പുതുക്കി "ഭാരതീയ ന്യായ സംഹിത "(BNS) എന്ന പേരിൽ നടപ്പാക്കുന്നത്. ( CrPC ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS; ഇന്ത്യൻ എവിഡൻസ് ആക്ട് ന്പകരം ഭാരതീയ സാക്ഷ്യ അധിനിയം -BSA)
കുറ്റവാളികളെക്കാൾ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുതിയ നിയമ വ്യവസ്ഥ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഊന്നൽ നൽകുന്നതിനും ജനജീവിതം കൂടുതൽ സമാധാനപരമായിരിക്കുന്നതിനും ഇത് സഹായക്മാകും എന്നതിൽ സംശയമില്ല. ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ സമൂഹവും അന്വേഷണോദ്യോഗസ്ഥരടങ്ങുന്ന പോലീസും കോടതിയും എല്ലാം കൂടുതൽ ജാഗരൂകരാകും. അത് സമൂഹത്തിലെ അനീതിയെയും ആക്രമണ സ്വഭാവത്തെയും വലിയൊരു പരിധിവരെ നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും എന്നതിൽ തർക്കമില്ല. ഇത്തരം കുറ്റങ്ങളുടെ ശിക്ഷ കഠിനമാണെന്ന് വന്നാൽ ഭയം കൂടുകയും കുറ്റം ചെയ്യാനുള്ള വാസനയിൽ കുറവും ഉണ്ടാവുകയും ചെയ്യും.
പുതിയ ഭാരതീയ ന്യായ സംഹിതയിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിൽ ഉണ്ടാകുന്ന മരണത്തിന് ഏഴു കൊല്ലം വരെ തടവ് , കുറ്റം എവിടെ നടന്നാലും എഫ്ഐആർ രാജ്യത്ത് എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ഡിജിറ്റൽ തെളിവുകൾക്കുള്ള പ്രാധാന്യം( മുമ്പ് ഡിജിറ്റൽ തെളിവുകൾ തേടുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ചിരുന്നു എങ്കിൽ ഇനി അങ്ങനെയല്ല )എന്നിവ കാണാം. വിശ്വാസം,വർഗ്ഗം,ജാതി, ഭാഷാ, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും വധശിക്ഷയോ ജീവപര്യന്തംശിക്ഷയോ ലഭിക്കാവുന്നതാണ്. ഈ നിയമത്തിലൂടെ തന്റെ വിശ്വാസത്തിനെതിരായവരെ ആക്രമിക്കാനുള്ള ശ്രമം സമൂഹത്തിൽ നിന്നും തുടച്ചുനീക്കപ്പെടും.
മറ്റൊന്ന് രാജ്യത്തിന്റെ ഐക്യത്തെ മുൻനിർത്തിയുള്ളതാണ് . ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്നതും പൊതു സേവകരെ വധിക്കുന്നതോ അതിനു ശ്രമിക്കുന്നതോ ആയ പ്രവർത്തികൾ, പൊതുസ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുക, കള്ളനോട്ട് നിർമ്മാണം, കള്ളക്കടത്ത് എന്നിവയെല്ലാം ഭീകര പ്രവർത്തനങ്ങളുടെ പരിധിയിൽ വരികയും അവർക്ക് വധശിക്ഷയോ പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷയോ ലഭിക്കുകയും ചെയ്യും. എഴുത്തിലൂടെയും, സംസാരത്തിലൂടെയും, ഇലക്ട്രോണിക് മാധ്യമത്തിലൂടെയും, മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിലുള്ള രാജ്യദ്രോഹ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നു എങ്കിലും ഇന്ത്യയിൽ ഇതൊരു പക്ഷേ ആദ്യമാകാം.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റങ്ങളിൽ ഇരകളാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രായം 16 വയസ്സിൽ നിന്നും 18 ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് ഇനിമുതൽ പീഡിപ്പിക്കപ്പെടുന്ന 18 വയസ്സു വരെയുള്ള പെൺകുട്ടികളെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായാണ് പരിഗണിക്കുക. ഇവരിൽ ലൈംഗികബന്ധവും നിയമപരമായി നിരോധിച്ചിട്ടുണ്ട്. കുട്ടികളെ കൂടാതെ വിവാഹ വാഗ്ദാനം പോലെയുള്ളവയിലൂടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കർശന ശിക്ഷയ്ക്ക് മതിയായ കുറ്റമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനും സംരക്ഷണം നൽകുന്നതിനുമായി "സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ "എന്ന പുതിയ അധ്യായം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്നവർക്ക് സാമൂഹ്യ സേവനം നിർബന്ധിതമാക്കാനും തീരുമാനമുണ്ട്.
സ്ത്രീ സംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നൽകിയിരിക്കുന്നത് അഭിനന്ദനാർഹമാണെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പഴുതുകൾ ഇല്ലാതെ കർശന നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകണം. പലപ്പോഴും തന്നെ മർദ്ദിച്ചു എന്നും സ്ത്രീധനം ചോദിക്കുന്നു എന്നും മറ്റുമുള്ള തെറ്റായ ആരോപണങ്ങൾ സ്ത്രീകൾ ഉയർത്തുന്നതായി നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ഒടുവിൽ ആ ആരോപണം ശരിയല്ല എന്ന് തെളിഞ്ഞാൽ ഭർത്താവിനെ അല്ലെങ്കിൽ ഭതൃകുടുംബങ്ങളെ വെറുതെ വിടുന്നു. പക്ഷേ ഈ മാനനഷ്ടത്തിനും അപമാനത്തിനും കാരണക്കാരിയായ സ്ത്രീക്കെതിരെ തൽസമയം കേസെടുക്കാനോ, ശിക്ഷിക്കാനോ നിയമം അനുശാസിക്കുന്നില്ല. അടുത്തു നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. ഭർത്താവ് സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞ് നവവധുവും മാതാപിതാക്കളും കേസ് കൊടുത്തു. അയാൾ വിദേശത്തേക്ക് (?)ഒളിവിൽ പോയി. പിന്നീട് കണ്ടത് ഈ പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി "തന്റെ ഭർത്താവ് നിരപരാധിയാണെന്നും സ്വന്തം വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് പരാതി നൽകിയതാണെന്നും " മാധ്യമങ്ങളിലൂടെ വാർത്ത നൽകുന്നതാണ്. തങ്ങളുടെ മകളെ അവളുടെ ഭർത്താവ് ഭീഷണിപ്പെടുത്തി ഇങ്ങനെ പറയിപ്പിച്ചതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് നമുക്ക് അറിയില്ല. അന്വേഷണം പൂർത്തിയായാൽ മാത്രമേ നമുക്ക് അതിനു സാധിക്കൂ. പെൺകുട്ടി ഭർത്താവിനെതിരെ പറഞ്ഞത് കള്ളമാണെങ്കിൽ അയാൾക്കും വീട്ടുകാർക്കും ഉണ്ടായ അപമാനത്തിന് ആര് ഉത്തരം പറയും? അങ്ങനെ "സാരമില്ല" എന്ന് വയ്ക്കാവുന്ന ഒരു കുറ്റമാണോ അത്? പെൺകുട്ടിയുടെ ആദ്യ മൊഴി തെറ്റാണെങ്കിൽ, പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും എതിരെ ക്രിമിനൽ കുറ്റം തന്നെ ചുമത്തി കേസെടുക്കേണ്ടതാണ്. ഇനി അതല്ല,ആ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും നൽകിയ ആദ്യ പരാതിയാണ് സത്യമെങ്കിൽ, ആ ഭർത്താവിനെയും കുടുംബാംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അതി കർശനമായി ശിക്ഷിക്കണം.
പലപ്പോഴും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സത്യവിരുദ്ധമായിരിക്കും. ഇവിടെ അവൾ പരാതി നൽകിയപ്പോൾ തന്നെ -വിചാരണയും തെളിവെടുപ്പും ഇല്ലാതെ തന്നെ -ഭർത്താവിനെ കുറ്റക്കാരൻ എന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഒരു പരാതി ഉണ്ടായാൽ അത് ഒരു വാർത്തയായി കൊടുക്കുകയല്ലാതെ കുറ്റക്കാരൻ എന്ന മട്ടിൽ പ്രതിയെന്ന്, വാദികൾ പറയുന്നവരെ ചിത്രീകരിക്കുന്നത് മാധ്യമങ്ങൾക്ക് ചേർന്നതല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് മാധ്യമ ധർമ്മം. അതിനപ്പുറം യാതൊരു തെളിവുമില്ലാത്ത ഒരാളെ കുറ്റവാളി എന്ന നിലയിൽ വാദികൾ പറയുന്നതുകൊണ്ടു മാത്രം ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യകരമല്ല.
ഇതിനുദാഹരണമായി മറ്റൊരു വാർത്ത കൂടി പറയാം. കഴിഞ്ഞദിവസം ഒരു കൊച്ചു കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ച വാർത്ത കണ്ടു. തന്റെ ഭാര്യയുടെ രണ്ടാം അച്ഛനാണ് ഇത് ചെയ്തതെന്ന് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഉടനെ വന്നു" കുഞ്ഞിന്റെ മേൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചത് ഭാര്യയുടെ രണ്ടാനച്ഛൻ". പോലീസ് അന്വേഷിച്ചപ്പോൾ ആ കുഞ്ഞിന്റെ മുത്തശ്ശൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. മുത്തശ്ശിയുടെ കയ്യിൽ നിന്നും തട്ടിയപ്പോൾ ചായ വീണതാണ്. വ്യക്തിപരമായ വിദ്വേഷം ആവണം ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് കാരണം എന്ന് തോന്നുന്നു. ആ മനുഷ്യനുണ്ടായ അപമാനത്തിന് മാധ്യമങ്ങൾ എന്ത് പ്രതിവിധി ചെയ്യും? കഷ്ടമാണിത്. ഇത്തരം തെറ്റായ ആരോപണങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകേണ്ടതാണ് - അത് വ്യക്തികൾക്കെതിരെ ആയാലും മാധ്യമങ്ങൾക്കെതിരെ ആയാലും. നമുക്ക് സത്യസന്ധമായി വിവരങ്ങൾ നൽകുവാനാണ് മാധ്യമങ്ങൾ. പക്ഷേ അതിന്റെ പേരിൽ എന്തും ആരെയും പറയാം എന്നതിനോട് എനിക്ക് യോജിക്കാൻ വയ്യ- ഒരു മാധ്യമപ്രവർത്തക നിലയിൽ ഒട്ടും വയ്യ.
സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന പ്രത്യേക പരിഗണന അവർ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും തനിക്ക് വിരോധം ഉള്ളവരെ പ്രതിക്കൂട്ടിലാക്കാൻ ഈ നിയമം അവർ ദുരുപയോഗം ചെയ്യുന്നു. അങ്ങനെ ദുരുപയോഗം ചെയ്താൽ അവർക്കെതിരെ അതികഠിനമായ നടപടികൾ സ്വീകരിക്കുകയും വേണം. ഉമ്മൻചാണ്ടി,അബ്ദുള്ളക്കുട്ടി തുടങ്ങിയ വളരെയേറെ പേർ ഇത്തരം ആരോപണങ്ങളിൽ കുടുങ്ങിയത് നമുക്കറിയാം. തീർത്തും തെറ്റായ ഇത്തരം പരാതിയിൽ അന്ന് അപമാനിതരായ അവർ പിന്നീട് കുറ്റവിമുക്തരായെങ്കിലും വ്യാജ പരാതി ഉന്നയിച്ചവർക്ക് ശിക്ഷയുമില്ല, അവർ മാപ്പ് പറഞ്ഞുമില്ല. അതിനാൽ സാമൂഹ്യ നന്മയ്ക്കായി, ജനക്ഷേമത്തിനായി ഇനിയെങ്കിലും ഈ പുതിയ വ്യവസ്ഥയിൽ ഇതും കൂടി ഉൾപ്പെടുത്തേണ്ടതാണ്.
അപ്പോൾ വീണ്ടും കാണാം
ഏറെ സ്നേഹത്തോടെ
മീര നമ്പൂതിരി.
No comments:
Post a Comment