എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് സ്നേഹം. അത് തിരിച്ചറിയാത്ത താണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണവും. " അവന്/ അവൾക്ക് ഒട്ടും സ്നേഹമില്ല, കുട്ടികൾക്ക് അച്ഛനമ്മമാരോട് സ്നേഹമില്ല, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കുറഞ്ഞു, അയൽക്കാർ തമ്മിൽ ഇപ്പോൾ സ്നേഹത്തിലല്ല" എന്നിങ്ങനെ സ്നേഹത്തിന്റെ കുറവിനെ പറ്റിയുള്ള പരാതികൾ നീണ്ടുപോകും. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഈ സ്നേഹത്തിന്റെ അനുപാതം അളക്കുന്നത് ദാമ്പത്യത്തിൽ ആയിരിക്കും.
സ്നേഹത്തെക്കുറിച്ച് അടുത്തിടെ കണ്ട ഒരു വീഡിയോയാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.
നമ്മൾ പരാതി പറയുന്ന സ്നേഹക്കുറവ് എന്നത് എപ്പോഴും നമ്മളോടുള്ള സ്നേഹത്തിന്റെ അളവായിരിക്കും. കിട്ടുന്ന കാര്യത്തിൽ മാത്രമേ ഇത് പറയാറുള്ളൂ. അപ്പോൾ കരുതും നമ്മൾ സ്നേഹം കൊടുക്കുന്നതിൽ വലിയ ധാരാളികളാണെന്ന്. 😊അല്ലേയല്ല. ഏറ്റവും പിശുക്ക് സ്നേഹം കൊടുക്കുന്ന കാര്യത്തിലാണ്🤭. എന്നാൽ കിട്ടാത്തതിന്റെ പേരിൽ പരാതി പറയുന്നതിൽ ഒരു പിശുക്കും ഇല്ല കേട്ടോ 😂 നമ്മുടെ ഉറച്ച വിശ്വാസം സ്നേഹം കൊടുക്കാനുള്ളതല്ല, കിട്ടാൻ മാത്രമുള്ള ഒന്നാണെന്നാണ്. 😄അത് ഭാര്യ ഭർത്താക്കന്മാർ ആയിക്കോട്ടെ, അച്ഛനും അമ്മയുമായിക്കോട്ടെ, മക്കളായിക്കോട്ടെ, സുഹൃത്തുക്കൾ ആയിക്കോട്ടെ. ഈ വിശ്വാസത്തിന് മാറ്റവുമില്ല. സ്നേഹം ഇങ്ങോട്ട് കുടഞ്ഞിട്ടോളൂ എന്ന മട്ടിൽ പൊള്ളയായ ഒരു മനസ്സുമായി ഇരിക്കുകയാണ് നമ്മൾ. "ഞാൻ ഭാര്യയല്ലേ /ഭർത്താവല്ലേ/ അച്ഛനമ്മമാർ അല്ലേ /മക്കളല്ലേ /സുഹൃത്തല്ലേ/ എന്നെ അങ്ങോട്ട് സ്നേഹിച്ചാൽ എന്താണ് കുഴപ്പം "എന്നാണ് ഭാവം 😠
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയും പോലെ കൊടുത്താൽ ഇത് ഇരട്ടിയായി തിരിച്ചു കിട്ടും എന്നതാണ് വാസ്തവം. ഇതിൽ പറ്റിക്കുന്നവരും ഉണ്ടാവും. ഭംഗിയായി നമ്മളെ തേച്ചിട്ട് പോകുന്നവരെ മറക്കുന്നില്ല കേട്ടോ.😞 അതിന് കാരണം പാത്രം അറിയാതെ ദാനം ചെയ്യുന്നതാണ്. അതുകൊണ്ട് സ്നേഹിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
പക്ഷേ സ്നേഹം എന്ന പേരിൽ നമ്മൾ പലപ്പോഴും കാട്ടിക്കൂട്ടുന്നത് സ്വാർത്ഥതയാണ്. എന്നോട് മാത്രമേ സംസാരിക്കാവൂ, എന്റെ ഇഷ്ടത്തിന് നടക്കണം,ഞാൻ പറയുന്നത് കേൾക്കണം, എന്റെ ആഗ്രഹത്തിന് എതിരെ ഒന്നും ചെയ്യാൻ പാടില്ല - മക്കളായാലും അച്ഛനമ്മമാരായാലും ഭാര്യ ഭർത്താക്കന്മാരായാലും ഇത് ബാധകമാണ്. ഫോൺ വിളിച്ചാൽ ഉടനെടുക്കണം, ആവശ്യം ഉടൻ സാധിക്കണം,എല്ലാ വിവരങ്ങളും സത്യസന്ധമായി എന്നോട് പറയണം, എന്റെ തിരക്കും ബുദ്ധിമുട്ടും വിഷമവും അറിഞ്ഞിരിക്കണം. ( പക്ഷേ ഇതൊന്നും എനിക്ക് ബാധകമല്ല. ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് കരുതാനും പാടില്ല. എല്ലാ വിവരങ്ങളും സത്യസന്ധമായി പറയില്ല, കാരണം അവൻ/ അവൾ പിന്നീട് ഒരു പാരയായാലോ?😠 )ഇനി പറഞ്ഞത് കേട്ടില്ല എങ്കിൽ പിന്നെ പരാതിയായി. " എന്നോട് ഇപ്പോൾ പഴയപോലെ സ്നേഹമില്ല " 😉എങ്ങനെയുണ്ട് നമ്മൾ?
പറഞ്ഞു വന്നപ്പോൾ എനിക്ക് എന്റെ മുത്തശ്ശനെയാണ് ഓർമ്മവന്നത്. എന്റെ അമ്മയുടെ വീട് തൃശൂരാണ്. അമ്മയുടെ അച്ഛൻ( മുത്തശ്ശൻ വർഷങ്ങൾക്കു മുമ്പേ മരിച്ചു അതുകൊണ്ട് ധൈര്യമായി എഴുതാം ) പറയുമായിരുന്നുവത്രേ തെക്കോട്ട് ഉള്ളവരെല്ലാം കൈക്കോട്ട് പോലെയാണെന്ന്( കൈക്കോട്ട് നെ തൂമ്പ എന്നാണ് തെക്കോട്ട് പറയുക). എല്ലാം ഇങ്ങോട്ട് പോരട്ടെ എന്നാണത്രെ അവരുടെ മനോഭാവം. - (ഇതിനോട് ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു. കാരണം ഞാനും ഒരു തെക്കത്തിയാണ് 😂). അതുപോലെയാണ് സ്നേഹത്തിന്റെ കാര്യവും. നമുക്ക് ഇങ്ങോട്ട് കിട്ടണമെന്നും എത്ര കിട്ടിയാലും അധികമാവില്ല എന്നുമാണ് നമ്മുടെ തീരുമാനം. പക്ഷേ കൊടുക്കാൻ പറയുമ്പോൾ അമ്പലത്തിൽ നിന്നും ചന്ദനം പ്രസാദമായി തരുമ്പോലെ ഒരല്പം, ഒരു നുള്ള്, അത്രെ ഉള്ളൂ. 🤭
സത്യത്തിൽ ഇനിയെങ്കിലും നമ്മൾ സ്നേഹിക്കുവാൻ പഠിക്കണം. ഒരു നല്ല സന്താനമാകാൻ അച്ഛനമ്മമാരെ അതിനില്ലാതെ സ്നേഹിക്കണം, നല്ല സഹോദരങ്ങൾ ആവാനുംനല്ല സുഹൃത്ത് ആവാനും സ്നേഹിച്ചേ പറ്റൂ. ദാമ്പത്യത്തിൽ പിന്നെ പറയേണ്ടതില്ലല്ലോ. അവിടെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലേണ്ടി വരും 🤭. പക്ഷേ ആരും പറയാതെ, അറിയാതെ നമ്മൾ സ്നേഹിക്കുന്നത് മക്കളെയാവും അല്ലേ. അവരെന്തു പറഞ്ഞാലും, എതിർത്താലും പിന്നെയും നമ്മൾ സ്നേഹം കൊണ്ട് മൂടും. ( നമ്മൾ ജന്മം കൊടുത്തവരോട് ഈ തോന്നൽ ഉണ്ടെങ്കിലും ജന്മം തന്നവരോട് ഇങ്ങനെയല്ല എന്ന സത്യം നമുക്കെല്ലാം അറിയാം😞) മക്കളെ ഇത്രമാത്രം സ്നേഹിക്കുമ്പോഴും അവരുടെ തെറ്റുകൾ കാണുമ്പോൾ ശിക്ഷിക്കാനും ശാസിക്കാനും നമ്മൾ പലപ്പോഴും മടിക്കാറില്ല. പക്ഷേ അതിനുശേഷം അവരെ നമ്മൾ ഓമനിക്കും, ശിക്ഷിച്ചത് ഓർത്ത് വിഷമിക്കും. മക്കളോട് മാത്രമല്ല, പല ബന്ധങ്ങളിലും നമുക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും. അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ഒക്കെ അങ്ങനെ പറയരുതായിരുന്നു അല്ലെങ്കിൽ ചെയ്യരുതായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടാവാം. പക്ഷേ പിന്നെ തോന്നിയിട്ട് കാര്യമില്ല.
"ഒരു കോപം കൊണ്ട് അങ്ങോട്ട് ചാടിയാൽ
ഇരുകോപം കൊണ്ടിങ്ങോട്ട് പോരാമോ" എന്ന് രാമായണത്തിൽ പറയുന്നത് വെറുതെയല്ല.
സ്നേഹത്തിന്റെ കാര്യത്തിൽ നമ്മൾ സ്വാർത്ഥരാണെന്ന് മുമ്പ് പറഞ്ഞത് സത്യമാണ്. നമ്മൾ പറയുന്നത നുസരിക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം എന്നാണ് നമ്മളുടെ വിശ്വാസം. ' എന്നോട് സ്നേഹമുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കും ഇല്ലെങ്കിൽ സ്നേഹമില്ല ' ഇത് സ്വാർത്ഥത അല്ലാതെ മറ്റെന്താണ്? യഥാർത്ഥത്തിൽ സ്നേഹം വിട്ടുകൊടുക്കലാണ്. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സന്തോഷപൂർവ്വം അവരെ അനുവദിക്കലാണ്. സന്തോഷപൂർവ്വം എന്നതിന് അടിവരയിടുന്നു. ചില കാര്യങ്ങൾ ദുർമുഖത്തോടെ, മറ്റു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് അനുവദിക്കുന്നത് സ്നേഹത്തിന്റെ ലക്ഷണമല്ല. ചെയ്യുന്നത് തെറ്റാണെങ്കിൽ ക്ഷമയോടെ പറഞ്ഞു കൊടുക്കണം. ഒരു കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ അതിന്റെ പരിണത ഫലത്തെപ്പറ്റി ചൂണ്ടിക്കാണിക്കണം. എല്ലാം ചിന്തിച്ച് തീരുമാനം അവരെടുക്കട്ടെ. അതിനെ സന്തോഷപൂർവ്വം അംഗീകരിക്കുക. ഇതാണ് സ്നേഹത്തിന്റെ ലക്ഷണം. സ്വന്തം ഇഷ്ടം നടക്കണം എന്ന് വാശിപിടിക്കുകയും പരാതി പറയുകയും ചെയ്യുന്നതിനുമുൻപ് മറ്റേ ആളുടെ ഇഷ്ടം എന്താണെന്നറിഞ്ഞ്, അതിനോടൊപ്പം നിൽക്കാൻ സന്തോഷപൂർവ്വം തയ്യാറാകുന്ന ഒരു മനസ്സുണ്ടല്ലോ - അത് സ്നേഹം നിറഞ്ഞതായിരിക്കും. നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ,അയാളെ ആ ആളായി കണ്ടുതന്നെ സ്നേഹിക്കണം. അവിടെ പിന്നെ മറ്റൊരു വ്യക്തിയുമായുള്ള ഉപമയും ഉത്പ്രേക്ഷയും ഒന്നും വേണ്ട. ഞാൻ എങ്ങനെയാണെന്നറിഞ്ഞ് എന്നെ സ്നേഹിക്കുമ്പോൾ അവരോട് എനിക്ക് സ്നേഹം തോന്നും. അതുപോലെ മറ്റൊരു വ്യക്തിയെ- അത് ഭാര്യയാവാം ഭർത്താവാകാം,മക്കളാകാം സുഹൃത്തുക്കളാകാം - അയാളിലെ എല്ലാ നന്മയോടും തിന്മയോടും കൂടി ഇഷ്ടം തോന്നുമ്പോഴേക്കും അതിനെ സ്നേഹം എന്ന് വിളിക്കാൻ കഴിയൂ. അല്ലെങ്കിൽ അത് കാര്യം കാണാനുള്ള ഒരു നാട്യമാണ്. അങ്ങിനെ നടിക്കുമ്പോൾ നമ്മുടെ മനസ്സ് ആരും തിരിച്ചറിയില്ലെന്നാവും വിചാരം. പക്ഷേ ഈ നാട്യം തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പ്രവർത്തിയിൽ നിന്നും പെട്ടെന്ന് സാധിക്കും. വിവരമുള്ളവർ മിണ്ടാതെ അറിയാത്തതുപോലെ നിന്ന് ഈ കള്ളത്തരം ആസ്വദിക്കും. അല്ലാത്തവർ "നിന്റെ കള്ളത്തരം കണ്ടെത്തി "എന്ന മട്ടിൽ പൊട്ടിത്തെറിക്കും. വിട്ടുപോകും.😡 ശരിയായ സ്നേഹത്തിൽ കാപട്യം ഇല്ല നാട്യവും ഇല്ല. അതുകൊണ്ടുതന്നെ സ്നേഹം നടിക്കുന്നവരും, അതിൽ മായം കലർത്തുന്നവരുമായ വ്യക്തികളെ നമ്മൾ തിരിച്ചറിയണം. യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ വലിയ വിഷമമില്ല. കാരണം അത് വളരെ വളരെ കുറച്ചേ ഉള്ളു. കൂടുതലും സ്നേഹം പൂശിയവരാണ് .... മായം...
അപ്പോൾ നിർത്തട്ടെ
ഏറെ സ്നേഹത്തോടെ🤗
മീരാ നമ്പൂതിരി
3 comments:
😀😀😀
വളരെ നന്നായിട്ടുണ്ട്
100 % സത്യം
Post a Comment