കഴിഞ്ഞപ്രാവശ്യം വിദ്യാലയങ്ങളിലെ ലഹരി മരുന്ന വില്പനയെക്കുറിച്ച് എഴുതിയിരുന്നല്ലോ. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട പല വാർത്തകളും കൂടുതലായി ശ്രദ്ധയിൽപ്പെട്ടു. തിരുവനന്തപുരത്താണ് ഇത്തരം മയക്കുമരുന്ന് വിൽപ്പനകൾ തകൃതിയായി നടക്കുന്നതെന്നകാര്യം സത്യത്തിൽ ഞെട്ടിച്ചു. കഴിഞ്ഞപ്രാവശ്യം എഴുതുമ്പോഴും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെയാണെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ എന്താവും സ്ഥിതി? ഭയാനകമാണ്. ഒരു രാഷ്ട്രത്തിന്റെ മൂലധനം എന്നത് അവിടുത്തെ യുവതലമുറയാണ്. നമ്മുടെ നാട്ടിലെ ഈ യുവതലമുറയാണ് ലഹരിക്കടിമപ്പെട്ട് സ്വയം നശിക്കുന്നത്. എന്തുകൊണ്ടാണ് ഭരണാധികാരികൾ ഇതൊന്നും കാണാത്തത്? പ്രാധാന്യം കൊടുക്കാത്തത്? കർശനമായ നടപടികൾ സ്വീകരിക്കാത്തത്? ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞദിവസം ഒരു വാർത്ത കണ്ടു. ഒരാൾ തന്റെ ഭാര്യയുടെ അമ്മയെയും ഭാര്യാസഹോദരന്റെ രണ്ടു വയസ്സുകാരി മകളെയും പെട്രോൾ ഒഴിച്ച് തീ കത്തിച്ചു എന്ന്. ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതാണ് അയാളെ പ്രകോപിതനാക്കിയത് എന്നാണ് അയാൾ പറയുന്നത്. പ്രകോപിതനായാൽ ഉടനെ മറ്റുള്ളവരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയാണോ ചെയ്യുക? അല്ലല്ലോ. പക്ഷേ അയാളും ലഹരിക്ക് അടിമയായിരുന്നുവത്രേ. തീർച്ചയായും അത് അങ്ങനെ തന്നെ ആയിരിക്കണം. അല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ ആ വൃദ്ധയുടെയും രണ്ടു വയസ്സുകാരി കൊച്ചുമകളുടെയും ദേഹത്ത്പെട്രോൾ ഒഴിച്ച് കത്തിക്കില്ലല്ലോ. അത് കഴിഞ്ഞ് അയാൾ ചെയ്തതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അയാളുടെ മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവന്ന്അയാളുടെ ജ്യേഷ്ഠന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ഒളിവിൽ പോയി. അപ്പോൾ അയാൾക്ക് മകനെ കുറിച്ച് വേവലാതിയുണ്ട്. പക്ഷേ വെറും രണ്ടു വയസ്സു മാത്രമുള്ള പിഞ്ചു കുഞ്ഞിന്റെ മേൽ എണ്ണയൊഴിച്ച് തീ കൊളുത്താൻ മടിയില്ലാതാനും. ഇവരെയാണ് മനുഷ്യന്റെ ശരീരവും ചെകുത്താന്റെ മനസ്സും എന്ന് നമ്മൾ പറഞ്ഞു പോകുന്നത്. ഇങ്ങനെയൊക്കെ ചെയ്യാൻ സുബുദ്ധിയുള്ള ആർക്കെങ്കിലും കഴിയുമോ? ഒരിക്കലുമില്ല. ഇതുമാത്രമല്ല ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ നമ്മൾ ദിവസവും കാണുന്നു,കേൾക്കുന്നു. സാധാരണ ബുദ്ധിക്ക് ചെയ്യാൻ കഴിയാത്ത എന്തിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ലഹരിക്കടിമപ്പെട്ടവർ ചെയ്തു കൂട്ടുന്നത്.
മയക്കുമരുന്ന് വിൽക്കുന്നവർ ഇക്കാലത്ത് നമ്മുടെ നാട്ടിൽ അഴിഞ്ഞാടുകയാണ്. ആവശ്യമുള്ളവർക്ക് ഇത് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇത് രക്തത്തിൽ ചേർന്ന് കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അറിയില്ലത്രേ. ക്രൂരമായി ആക്രമിക്കാനും കൊല്ലാനും ഒന്നും ഒരു മടിയും തോന്നില്ല. രാഷ്ട്രീയ എതിരാളികളുടെ വീടും കടകളും വാഹനങ്ങളും എല്ലാം തകർക്കുന്ന വാർത്തകളുമായാണ് എല്ലാ ദിനപത്രങ്ങളും എത്തുന്നത്. എങ്ങിനെയല്ലാത്ത ഒരു ദിവസം പോലും ഇല്ല എന്നതാണ് വാസ്തവം.
മദ്യത്തിന് ഗന്ധവും മറ്റുമുള്ളതുകൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും.എന്നാൽ ആധുനിക ലഹരിവസ്തുക്കൾ വളരെ വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കാവുന്നതും വലിയ ലഹരി കിട്ടുന്നവയും ആണ്. അവയ്ക്ക് ഗന്ധം ഒന്നുമില്ലാത്തതിനാൽ അടുത്തുനിൽക്കുന്ന ആൾക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. അപ്രതീക്ഷിതമായിട്ടാവും അയാൾ ആക്രമണം നടത്തുക.
തങ്ങൾക്കെതിരെ പറയുന്നവരെ വകവരുത്താൻ രാഷ്ട്രീയപാർട്ടികൾക്ക് ഇത്തരം ലഹരി ഗുണ്ടാസംഘങ്ങൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇതില്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. പണ്ട് ജനങ്ങൾ രാഷ്ട്രീയപാർട്ടികൾക്കൊപ്പം നിന്നത് അവരിലെ സഹാനുഭൂതി കണ്ടിട്ടായിരുന്നു എങ്കിൽ ഇന്ന് ഭയം മൂലമാണ് അവർ പാർട്ടികളെ പിന്തുണയ്ക്കുന്നത്. ഇത് തീർച്ചയായുംഒരിക്കൽ തിരിച്ചടിക്കുക തന്നെ ചെയ്യും. ദിവസം തോറും വർദ്ധിച്ചുവരുന്ന ഈ ലഹരി ഉപഭോഗം സർക്കാരിനും ചില വ്യക്തികൾക്കും നേട്ടം ഉണ്ടാക്കുന്നു എങ്കിലും പൊതുസമൂഹത്തിന്റെ വിപത്താണിത്. ഇനിയെങ്കിലും ഈ ശാപത്തിൽ നിന്നും മുക്തി നേടണം. ജനങ്ങൾ കണ്ണു തുറക്കണം. അതിനെതിരെ ശക്തിയായി പ്രതികരിക്കണം. തിരുവനന്തപുരം നഗരത്തിൽ ഇത്തരം ലഹരിവസ്തുക്കളുടെ സുഗമമായ വില്പ നയിൽ നാട്ടുകാർ ഭീതിയിൽ ആണെന്നും പോലീസിൽ പരാതി നൽകി എന്നും കണ്ടു. ആ നാട്ടുകാരെ കുറിച്ച് എനിക്ക് പുച്ഛമാണ്തോന്നിയത്. നാട്ടുകാർ ലഹരി വില്പനക്കാരെ പേടിക്കുകയല്ല ചെയ്യേണ്ടത്. അവർ ഒന്നടങ്കം സംഘടിക്കണം. പോലീസിൽ പരാതി കൊടുത്തത് നല്ലതുതന്നെ. അവിടം കൊണ്ട് നിർത്തരുത്. ജനങ്ങൾ ഒന്നിച്ചു ചേർന്ന് അവരുടെതായ നിലയിൽ അന്വേഷണം നടത്തി ഈ ലഹരി വില്പനക്കാരെ കണ്ടെത്തണം. അവരിൽ നിന്നും പിടിച്ചെടുക്കുന്ന ലഹരി അവരുടെ മേലെതന്നെ പ്രയോഗിക്കണം. ഇതൊരു തുടർച്ചയായാൽ ഇത്തരം ലഹരി വില്പനയുമായി വരാൻ അവർ ഭയക്കും. ഭയക്കണം. അതിന് നാട്ടുകാർ ഒന്നുചേർന്നേ മതിയാവു. അങ്ങിനെ ഒന്ന് ചേർന്ന് ഉറച്ചുനിന്നാൽ മാത്രമേ ഭരണകൂടവും നമ്മളെ സഹായിക്കാൻ എത്തുകയുള്ളൂ. ഭയന്നും പരാതി പറഞ്ഞും ഇരുന്നാൽ എന്നും നമുക്ക് അതിനുമാത്രമേ സാധിക്കു. ഒപ്പം നമ്മുടെ കുഞ്ഞുങ്ങളും നശിക്കും. നമുക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി,നമുക്ക് ഒരുമിച്ച് നിൽക്കാം. ഈ വിപത്തിനെതിരെ ശക്തമായി പോരാടാം. നമ്മളെ,നമ്മളാക്കിയ ഈ നാടിനുവേണ്ടി ഇത്രയെങ്കിലും നമ്മൾ ചെയ്യേണ്ടേ? ഇല്ലെങ്കിൽ ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനം? അതിനാൽ നമുക്ക് ഉണരാം... ഒരുമിക്കാം... ആത്മവിശ്വാസത്തോടെ ലഹരി മാഫിയക്കെതിരെ പോരാടാം... മുന്നേറാം.
ഏറെ സ്നേഹത്തോടെ
മീരാ നമ്പൂതിരി 🙏
3 comments:
👌
Very good ji
Well said
Post a Comment