Tuesday, June 4, 2024

വിദ്യാലയങ്ങളും ലഹരി മാഫിയയും

  വിദ്യാലയങ്ങൾ തുറന്നു. കുട്ടികൾ സ്കൂളിലേക്ക്. ഒപ്പം മാതാപിതാക്കളുടെ മനസ്സിൽ എരിയുന്ന ഒരു നെരിപ്പോടും. തന്റെ കുട്ടികൾ വഴിതെറ്റിപ്പോകുമോ എന്ന ഭയം. ഇക്കാലത്ത് കാണുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും, ലഭിക്കാനുള്ള സൗകര്യവും, സൗഹൃദങ്ങളും ഒക്കെ കൂടി കൗമാരക്കാരെ അടക്കം വഴിതെറ്റിക്കുകയാണ്.  രക്ഷകർത്താക്കൾ പണ്ട് ആൺകുട്ടികളെ മാത്രമായിരുന്നു  ശ്രദ്ധയോടെ വീക്ഷിച്ചിരുന്നത് എങ്കിൽ ഇന്ന് പെൺകുട്ടികളും ഒട്ടും പുറകിലല്ല. മിക്സഡ് സ്കൂളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്ന് കരുതി പെൺമക്കളെ പെൺപള്ളിക്കുടങ്ങളിൽ മാത്രം വിടാൻ അച്ഛനമ്മമാർ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ ഇന്ന് ലഹരി ഉപയോഗത്തിൽ അവിടവും മുന്നിലാണത്രെ. പെൺകുട്ടികൾ മാത്രമായതിനാൽ അധികമാരും ശ്രദ്ധിക്കില്ല എന്ന സൗകര്യം മുതലെടുത്താണ് ലഹരി വില്പനക്കാർ പെൺപള്ളിക്കുടങ്ങളെ ഇതിന്റെ കേന്ദ്രങ്ങളാക്കുന്നത്. സ്കൂളിന് പുറത്തുള്ള കൊച്ചുകൊച്ചു കടകൾ ഇത്തരം ലഹരി വില്പന കേന്ദ്രങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. കൊച്ചു കുഞ്ഞുങ്ങൾക്ക് ലഹരി കലർന്ന ചോക്ലേറ്റും ഐസ്ക്രീമും മിഠായികളും മറ്റും കൊടുത്ത് ഇതിന് അടിമകളാക്കും. പിന്നീട് ഇതില്ലാതെ ഈ കുഞ്ഞുങ്ങൾക്ക് കഴിയാനാവില്ല. കുഞ്ഞുങ്ങൾ വളരുന്നതോടെ അതിന്റെ ഉപയോഗവും വർദ്ധിക്കും. അപ്പോൾ കച്ചവടക്കാർ ലഹരിക്കായി  വിലപേശും. അങ്ങനെ കുട്ടികൾ വീട്ടിൽ ചോദിച്ചാലും പൈസ കിട്ടിയില്ലെങ്കിൽ മോഷണം തുടങ്ങും. ഒടുവിൽ ആക്രമാസക്തരായ ഈ കുട്ടികൾക്ക് വീട്ടുകാരെ കൊലപ്പെടുത്താൻ പോന്ന മനശക്തി പോലും ഈ ലഹരിയിലൂടെ  ഉണ്ടാകും. അന്യർ നൽകുന്ന ഒന്നും വാങ്ങി കഴിക്കരുത് എന്ന് കുട്ടികൾക്ക്പ്രത്യേകം പറഞ്ഞുകൊടുക്കണം. മുതിർന്നവരെപ്പോലും ലഹരി കലർന്ന ഭക്ഷണം നൽകി അവരുടെ സാധങ്ങളും, പണവും മറ്റും ട്രെയിൻ യാത്രയിൽ തട്ടിയെടുക്കുന്ന വാർത്തകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അപ്പോൾ ഈ കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ ഒരു വിഷമവും ഇല്ല. ചെറിയ ഒരു ചോക്ലേറ്റിൽ പ്പോലും അവർ വീണു പോകും. ജന്മദിനവുമായി ബന്ധപ്പെട്ട്സ്കൂളിലും ഇത്തരത്തിലുള്ള മധുര വിതരണം ഒഴിവാക്കണം. വേണമെങ്കിൽ മധുരത്തിനു പകരം പെൻസിലും മറ്റും നൽട്ടെ .  എന്തുതരം ആഹാരം ആയാലും അത്  മറ്റു വിദ്യാർത്ഥികൾക്ക് നൽകുന്നത് തടയാൻ   സ്കൂൾ അധികൃതർ കർശനമായ നിയന്ത്രണങ്ങൾ pta യുടെ സഹകരണത്തോടെ കൊണ്ടുവരണം.

     മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ എത്രയോ കേസുകൾ ഉണ്ടായി. പക്ഷേ ലഹരിക്കച്ചവടം ഒരു തളർച്ചയുമില്ലാതെ വളരുകയാണ്. പടർന്നു പന്തലിക്കുകയാണ്. തങ്ങൾ നൽകുന്ന വിഷത്തെപ്പറ്റി വില്പനക്കാർക്കും യാതൊരു  മനോവിഷമവുമില്ല. അവരും പൈസയ്ക്ക് വേണ്ടി ഏതറ്റവും വരെ പോകാൻ തയ്യാറാണ്. രാഷ്ട്രീയമായും അധികാരം ഉപയോഗിച്ചും ഭരണാധികാരികൾക്ക് ഇത് തടയാവുന്നതേയുള്ളൂ. പക്ഷേ ലഹരി മാഫിയകളിൽ നിന്നുള്ള സാമ്പത്തിക നേട്ടം സ്വീകരിച്ച ഭരണാധികാരികൾക്ക് ഇവർക്കെതിരെ ചെറുവിരലനക്കുവാൻ പോലും ഭയമാണ് . ഇന്ന് എല്ലാം ഈ ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.

     പല രാജ്യങ്ങളിലും ലഹരി വില്പനക്കാർക്ക് നൽകുന്നത് വളരെ കടുത്ത ശിക്ഷയാണ്. പുറംലോകം കാണാൻ പറ്റാത്ത രീതിയിൽ അവരെ ശിക്ഷിക്കുന്നു എന്നതുകൊണ്ട് അവിടങ്ങളിൽ ഇത്തരത്തിലുള്ള ലഹരി വില്പന വളരെ കുറവാണ്. അപ്പോൾ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലേ എന്ന് സംശയം തോന്നും. പേടിക്കേണ്ട. ജനങ്ങൾ സ്വയം തുനിഞ്ഞിറങ്ങിയാൽ മാത്രം മതി. അതിൽ മടി കാണിച്ചാൽ പിന്നെ രക്ഷയ്ക്ക് ഒരു മാർഗ്ഗവുമില്ല. ഓരോ സ്കൂളിലെയും പിടിഎ അംഗങ്ങളാണ് ആദ്യം ഇതിൽ ശ്രദ്ധിക്കേണ്ടത്. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനായി ഒരു പ്രത്യേക സംഘം തന്നെ അവർ രൂപീകരിക്കണം. തന്റെ മക്കൾക്ക് ലഹരി ലഭിച്ചതായി ഏതെങ്കിലും മാതാപിതാക്കൾക്ക് തോന്നിയാൽ ഉടൻതന്നെ സ്കൂളിലെ ഈ സംഘത്തെ അറിയിക്കണം. അധ്യാപകരും രക്ഷകർത്താക്കളും ജാഗരൂകരായി സ്കൂളുകളിൽ വരുന്നവരെയും, പോകുന്നവരെയും,കുട്ടികളുമായി ഇടപെടുന്നവരെയും,സ്കൂളിന് പുറത്തുള്ള ചെറുക്കച്ചവടക്കാരെയും എല്ലാം ശ്രദ്ധിക്കണം. ലഹരി വിൽക്കുന്നവരെ കണ്ടെത്തിയാൽ പിന്നെ പുറംലോകം അറിയാതെ അവരെ കൈകാര്യം ചെയ്യാൻ സാധിക്കണം. കാരണം പോലീസിൽ അറിയിച്ചാലും വലിയ ഫലം ഉണ്ടാകുമോ എന്നറിയില്ല. ഭരണാധികാരികളിൽ പലരും ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും ഈ ലഹരി മാഫിയയിൽ നിന്നും സൗജന്യ കൈപ്പറ്റുന്നവരായിരിക്കും. അങ്ങനെ വന്നാൽ അവർക്ക് ഇതിൽ നിന്നും ഊരി പോരാൻ വളരെ എളുപ്പമാണ്. ഇത്തരത്തിൽ പൊതുജനങ്ങൾ സംഘടിക്കുന്നു എന്നറിഞ്ഞാൽ മാത്രമേ ഇങ്ങിനെയുള്ള മാഫിയകൾക്ക് ഭയം ഉണ്ടാവുകയുള്ളൂ. അവരിൽ നിന്നും പിടിച്ചെടുക്കുന്നത് അവരിൽ തന്നെ പ്രയോഗിക്കണം. പക്ഷേ ആര് ചെയ്തു എന്നുള്ള സത്യം പുറത്തു വരരുത്. ഏത് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ആയാലും ഇതിനായി ഇറങ്ങിത്തിരിക്കണം. മറ്റൊരാളുടെ കുട്ടിയെ ഇവിടെ രക്ഷിച്ചാലെ എന്റെ കുട്ടിയെ രക്ഷിക്കാനും അവിടെ ആരെങ്കിലും കാണു എന്ന് തിരിച്ചറിയണം. രാഷ്ട്രീയ -ജാതി -മത -ചിന്തകൾ നോക്കാതെ ജനങ്ങൾ ഇതിനായി തയ്യാറെടുത്തിറങ്ങിയാൽ എംഎൽഎയും എംപിയും എല്ലാം ഒപ്പം നിൽക്കും. ജനങ്ങൾക്ക് ഒപ്പം നിന്നില്ലെങ്കിൽ അവർക്ക് വോട്ട് കിട്ടില്ലല്ലോ. മാഫിയകളിൽ നിന്നും കൈക്കൂലി കിട്ടണമെങ്കിൽ ജനപ്രതിനിധി ആകണ്ടേ. അതിന് ജനങ്ങളുടെ വോട്ട് വേണം. അപ്പോൾ പ്രധാനം ഈ വോട്ട് നൽകുന്ന ജനങ്ങളാണ്. അതുകൊണ്ടുതന്നെ ജനങ്ങളോടൊപ്പം നിൽക്കാൻ അവർ തയ്യാറാകും. കുറച്ചുകാലം കഴിയുമ്പോൾ അനീതിക്കെതിരെ, ലഹരിക്കെതിരെ, അക്രമങ്ങൾക്കെതിരെ ഒക്കെ പോരാടാൻ നമ്മൾക്കൊപ്പം ഈ ജനപ്രതി നിധികൾക്കും ശീലമാകും. അവർ നന്നാകുന്നതോടെ അവർ ഉൾപ്പെട്ട ഭരണാധികാരികളും നന്നാവും. അങ്ങനെ സംശുദ്ധമായ ഭരണം നമുക്ക് കിട്ടുകയും ചെയ്യും. അപ്പോൾ അതിനു തുടക്കം കുറിക്കേണ്ടത് നമ്മൾ പൊതുജനങ്ങളാണ്. മറ്റുള്ളവർ ചെയ്യട്ടെ സർക്കാർ ചെയ്യട്ടെ എന്നെല്ലാം പറഞ്ഞ് മാറി നിൽക്കുകയല്ല വേണ്ടത് . സ്വന്തം വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നുവോ, അതേ ആത്മാർത്ഥതയോടെ, ഇച്ഛയോടെ പൊതുപ്രശ്നങ്ങളിലും ഇടപെടാൻ നമുക്ക് ആവണം. അനീതിക്കും അക്രമങ്ങൾക്കുമെതിരെ ശക്തിയോടെ പോരാടണം. അതിൽ രാഷ്ട്രീയ വിശ്വാസവും ജാതിയും മതവും ഒന്നും ഒരു ഘടകമാകരുത്. 

         നമ്മൾമനുഷ്യരാണ്. മനുഷ്യരുടെ നന്മയാണ് നമ്മൾ ആഗ്രഹിക്കുന്നത്. ആരെയും ഇല്ലാതാക്കാൻ അല്ല എല്ലാവരും സാഹോദര്യത്തോടെ സ്നേഹത്തോടെ കഴിയണം എന്നതാവണം നമ്മുടെ ലക്ഷ്യം. ഇതെല്ലാം തീരുമാനിക്കേണ്ടത് സാധാരണക്കാരായ നമ്മളാണ്. അല്ലാതെ മതപണ്ഡിതന്മാരും രാഷ്ട്രീയക്കാരും ഒന്നുമല്ല. നമുക്കെല്ലാം മതമുണ്ട് വിശ്വാസമുണ്ട്. അതിൽ ഒരു തെറ്റുമില്ല. പക്ഷേ എതിർ രാഷ്ട്രീയ പാർട്ടിക്കാരും മതവിശ്വാസികളും തന്റെ ശത്രുക്കളാണെന്ന് തോന്നൽ തീർച്ചയായും  അപകടകരമാണ്. അതുകൊണ്ട് അതെല്ലാം മാറ്റിവെച്ച് നമ്മുടെ കുഞ്ഞുങ്ങൾക്കായി നമുക്ക് ഒന്നിച്ചു നിൽക്കാം. ജനങ്ങൾ സംഘടിക്കുന്നതിനേക്കാൾ വലിയ ശക്തി മറ്റൊന്നുമില്ല. അങ്ങനെ ഒരുമിച്ച് നിൽക്കാൻ നമുക്ക് കഴിഞ്ഞാൽ എന്ത് അനീതിയായാലും  അക്രമമായാലും തുടച്ചു നീക്കുവാൻ ഒരു പ്രയാസവുമില്ല. അപ്പോൾ നമ്മുടെ മക്കൾക്ക് രാപ്പകലന്യേ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കും. 

    ജനസമൂഹത്തെ പേടിക്കുന്നവരാണ് ഓരോ കുറ്റവാളിയും. വ്യക്തികൾക്കെതിരെ ആക്രമണം നടത്തുമെങ്കിലും പൊതുസമൂഹത്തിനെതിരെ തിരിയൻ അവർക്ക് ധൈര്യമുണ്ടാവില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനലുകൾ പൊതുവേ ഒഴിഞ്ഞു മാറും. ഇത്തരം പൊതുജനങ്ങളുടെ കൂട്ടായ്മ നാട്ടിലെ നിയമസമാധാന വ്യവസ്ഥയെ കൂടുതൽ ശക്തമാക്കും. " ലഹരിക്ക് അടിമപ്പെട്ടത് എന്റെ കുട്ടി അല്ലല്ലോ" എന്ന സമാധാനമാണ് നമ്മളെ കൂടുതൽ നാശത്തിലേക്ക് വഴിതെറ്റിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും നമ്മുടേതാണ്. കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ടതും അതിനുള്ള അവസരം ഉണ്ടായാൽ അത് കണ്ടെത്തി ഇല്ലാതാക്കേണ്ടതും ഓരോ പൗരന്റെയും കടമയാണ്. ആ അധികാരം ഭരണാധികാരിക്ക് മാത്രമായി വിട്ടുകൊടുത്ത് കൈകെട്ടിയിരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാനും  വഷളാക്കുവാനും കാരണം. രാഷ്ട്രീയ- ജാതി-മത- വിശ്വാസങ്ങൾ ഇതിനു വളം വച്ചു കൊടുക്കുന്നു എന്ന് പറയാതെ വയ്യ. ഓരോ മതപണ്ഡിതന്മാരും ജനങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവരവരുടെ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കണം. നമ്മുടെ ശത്രുക്കൾ മറ്റു മതസ്ഥരല്ല, ക്രിമിനലുകൾ ആണെന്ന് ബോധ്യപെടുത്തണം.നമ്മുടെ നാളെകളും, രാജ്യത്തിന്റെ ഭാവിയും  ഈ കുഞ്ഞുങ്ങളുടെ കയ്യിലാണ്. അവരെ മനുഷ്യരായി വളർത്താം. പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും അവർക്ക് മാതൃകയാവാം. 

 ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഇത്തരം കൂട്ടായ്മകൾ ഉയർന്നുവന്നാൽ പിന്നെ നമ്മുടെ നാട് എത്ര മനോഹരവും സമാധാനം നിറഞ്ഞതുമായിരിക്കും, അല്ലേ.

 ഏറെ സ്നേഹത്തോടെ, 

 മീര നമ്പൂതിരി 


4 comments:

Anonymous said...

👌

Anonymous said...

Really a very dangerous situation. If we don't take immediate action , things wiil go out of control. A combined effort by all agecies without delay is essential.

Anonymous said...

Really a very dangerous situation. If we don't take immediate action , things will go out of control for ever .

Sreekaladevi S said...

well said