Friday, March 28, 2025

വെളുപ്പിലെ കറുപ്പുകൾ

 കഴിഞ്ഞദിവസം പത്രങ്ങളിലും ചാനലുകളിലും മുഴുവൻ കറുപ്പിനെ പറ്റി പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ഉദ്യോഗസ്ഥരും ആയിരുന്നു. ഇത് കണ്ടപ്പോൾ നമ്മൾ ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്ന് സംശയം തോന്നി. എന്തിനാണ് നിറത്തെ ചൊല്ലി ഇത്രയും കോലാഹലം? ഈ നാട്ടിൽ നടക്കുന്ന മറ്റു പ്രശ്നങ്ങളേക്കാൾ വലുതാണോ നിറവും അതിനോടനുബന്ധിച്ചുള്ള അഭിപ്രായങ്ങളും?

 പൊതുജനങ്ങൾക്ക്, തങ്ങളുടെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നിറത്തെക്കുറിച്ച് എന്തെങ്കിലും താല്പര്യം ഉള്ളതായി എനിക്ക് ഇതുവരെ കാണാൻ- കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടണം എന്നല്ലാതെ അവരുടെ നിറം കറുത്തതാണോ വെളുത്തതാണോ എന്നൊന്നും ജനങ്ങൾ നോക്കാറില്ല. തങ്ങളുടെ പരാതി കേൾക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ- അവരുടെ ജാതി-മത- രാഷ്ട്രീയ-നിറ- സൗന്ദര്യഭേദങ്ങൾ നോക്കാതെ ജനങ്ങൾ സ്നേഹിക്കും എന്നതാണ് വാസ്തവം. അങ്ങനെ ചെയ്യാത്തവരെ- അവർ ഏതുയർന്ന മതത്തിലും ജാതിയിലും ജനിച്ച് എത്ര വെളുത്തു തുടുത്തതായാലും -- പൊതുജനം അവഗണിക്കുകയും അപഹസിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. 

 കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ് കറുത്ത നിറം ഒരുവൻ വാർത്തയാക്കിയത്. സത്യത്തിൽ അവർക്കെതിരെ പറഞ്ഞ കമന്റിൽ അവരുടെ നിറത്തെക്കുറിച്ച് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച വേണുവിന് ശേഷം ആസ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ശാരദ മുരളീധരൻ ആണ്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള  ഇരുവരുടെയും പ്രവർത്തനങ്ങൾ   താരതമ്യം ചെയ്തപ്പോൾ വേണുവിന്റേത് വെളുത്തതും ശാരദാ മുരളീധരന്റേത് കറുത്തതും എന്നാണ് ഒരു വ്യക്തി( അത് ആരാണെന്ന് നമുക്കറിയില്ല. ശാരദാ മുരളീധരനോട് നേരിട്ട് പറഞ്ഞതാണത്രെ) അഭിപ്രായപ്പെട്ടത്. ഇതിൽ അവരുടെ നിറത്തെ കുറിച്ചോ അവരുടെ വ്യക്തിപരമായ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചോ യാതൊന്നും പറഞ്ഞിട്ടില്ല. അവരുടെയും അവരുടെ മുൻഗാമിയുടെയും  പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു ഒരു വിലയിരുത്തൽ മാത്രമായിരുന്നു. സ്വന്തം പോരായ്മകളെ( ഉണ്ടെങ്കിൽ) കുറിച്ചു ചൂണ്ടിക്കാട്ടിയ ആ "കറുപ്പിന്" സ്വന്തം നിറവുമായാണ് ബന്ധം എന്ന് അവർ വിലയിരുത്തി. എന്തൊരു ചിന്താഗതിയാണിത്? അവരുടെ നിറം ഇതായിരുന്നില്ല എങ്കിലും  പ്രവർത്തനങ്ങളെ വിലയിരുത്തിയ വ്യക്തി ഇതുതന്നെയല്ലേ പറയുക. അപ്പോഴവർ എങ്ങനെ വ്യാഖ്യാനിച്ചേനെ? ഇത്രയധികം അറിവും കഴിവും സ്ഥാനമാനവും ഉണ്ടായിട്ടും ശാരദാ മുരളീധരന്റെ മനസ്സിൽ തന്റെ കഴിവിന്റെ പോസിറ്റീവ് വൈബ്രേഷൻ അല്ല, തനിക്ക് സ്വയം അപകർഷതാബോധം തോന്നുന്ന തന്റെ നിറത്തെക്കുറിച്ചുള്ള ഇൻഫീരിയോറിറ്റി  കോംപ്ലക്സ് ആണ് നിറഞ്ഞു നിൽക്കുന്നത് എന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അല്ലെങ്കിൽ തന്റെ പ്രവർത്തനമേഖലയെ കുറിച്ചുള്ള വിലയിരുത്തലിനെ എന്തിനാണ് ഇത്തരത്തിൽ' നിറം' മാറ്റുന്നത്? ഒരു വ്യക്തിയുടെ  കഴിവും യോഗ്യതയും ആ വ്യക്തിയുടെ ജാതിയും മതവും സൗന്ദര്യവും നിറവുമായി ഒരു ബന്ധവുമില്ല. സ്വന്തം നിറത്തോട് സ്വയം ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നീടാര് എന്തുപറഞ്ഞാലും അതിനൊരു പ്രാധാന്യവും കൊടുക്കില്ല. ഇവിടെ ഒരു ആവശ്യവും ഇല്ലാതെയാണ്  തന്റെ കറുത്ത നിറത്തെക്കുറിച്ച് അപമാനിക്കുന്നു എന്ന് പറഞ്ഞവർ കോലാഹലം ഉണ്ടാക്കുന്നത്. ഇത് കേൾക്കേണ്ട താമസം കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു എന്ന് പറഞ്ഞതുപോലെ മാധ്യമങ്ങളും ചാനലുകാരും ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദവും ബുദ്ധിജീവിച്ചമഞ്ഞ് മുന്നിട്ടിറങ്ങി കഴിഞ്ഞു. എന്റെ അച്ഛൻ കറുത്തതാണ് അമ്മ കറുത്തതാണ് ഞാൻ കറുത്തതാണ് എന്ന് തുടങ്ങി വീട്ടിൽ ആരൊക്കെ ഈ ഇരുണ്ട നിറത്തിൽ ഉണ്ടോ അവരുടെ എല്ലാം ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. നമ്മുടെ ഭാരതത്തിലെ ആളുകൾ ഇരുണ്ട നിറക്കാരാണ്. മുമ്പ് ബ്രിട്ടീഷുകാർ നമ്മളെ വിളിച്ചിരുന്നത് തന്നെ അങ്ങനെയാണ്. ആഫ്രിക്കക്കാരെ കറുത്ത വർഗ്ഗക്കാർ എന്നാണല്ലോ വിളിച്ചിരുന്നത്. നമ്മുടെ നിറത്തെ കുറിച്ച് നമുക്ക് വലിയ അഭിമാനവും അപമാനവും തോന്നേണ്ട ആവശ്യമില്ല. അതങ്ങ് അംഗീകരിച്ചാൽ മാത്രം മതി. സ്വന്തം നിറത്തെ കുറിച്ച് ഓർത്ത് എന്തിനാണ് ഇത്രയും ആധി? എന്തിനാണ് ഇതിനിത്രയും പ്രാധാന്യം കൊടുക്കുന്നത്? നിറത്തെ കുറിച്ച് ബോധവതി അല്ലെന്ന് പറയുന്ന നിങ്ങൾക്ക് അതേക്കുറിച്ച് മറന്നു കൂടെ? പക്ഷേ ശാരദാ മുരളീധരന് അത് കഴിയുന്നില്ല എന്ന് അവർ പങ്കുവെച്ച അവരുടെ കുട്ടിക്കാല ഓർമ്മകളിൽ നിന്നും മനസ്സിലാകും.: സത്യത്തിൽ അവരെ നേരിട്ട് അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് അവരുടെ നിറത്തെക്കുറിച്ചോ ജാതിമത സൗന്ദര്യത്തെക്കുറിച്ചോ അറിയില്ലായിരുന്നു. ഞങ്ങൾക്ക് അത് അറിയേണ്ട ആവശ്യവുമില്ല. സ്വന്തം കർത്തവ്യത്തിലുള്ള മികവ് മാത്രം മതി. പക്ഷേ ഇങ്ങനെ വികാരപ്രകടനം നടത്തിയാൽ എന്ത് ചെയ്യാൻ? കറുപ്പ് അഴകാണ് സുന്ദരമായ നിറമാണ് എന്നെല്ലാം അവർ പറഞ്ഞു കണ്ടു. എന്തേ അത് അവരുടെ നിറമായതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്? എല്ലാവർക്കും അവരവരുടെ നിറംവും അവനവനോടെന്നപോലെ  ഇഷ്ടമാവണം. 

 ഔദ്യോഗിക മേഖലയിലെ വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന് പകരം " അരി എത്ര?പയർ അഞ്ഞാഴി" എന്ന ഉത്തരത്തിലൂടെ സ്വയം അപമാനിക്കപ്പെടുകയാണ്. ഈ നാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ധാരാളമാണ്. സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം ഇരിക്കുന്ന ആശാവർക്കർമാരെ കാണുന്നില്ലേ? അവർക്ക് നിറമല്ല അല്പം വരുമാന വർദ്ധനവാണ് ആവശ്യം. പിഎസ്‌സി പരീക്ഷകൾ പാസായി റാങ്ക് ലിസ്റ്റ് കടന്നുകൂടിയിട്ടും ഇനിയും തൊഴിൽ ലഭിക്കാത്തവർ, പെൻഷൻ കിട്ടാതെ നരകയാതന അനുഭവിക്കുന്നവർ, ചികിത്സിക്കാൻ കഴിയാത്ത നിർധന രോഗികൾ അങ്ങനെ ധാരാളം പേർ ഈ കൊച്ചു കേരളത്തിലുണ്ട്. ഭാരതീയരായ അവരെല്ലാം കറുത്ത നിറം ഉള്ളവരും ആയിരിക്കും. പക്ഷേ അവർക്കാർക്കും സ്വന്തം നിറത്തെ കുറിച്ച് ഒരു അപമാന ബോധവും ഇല്ല. കാരണം നിറത്തേക്കാൾ വലുതാണ് അവർക്ക് ജീവിതം. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യും മുമ്പ് അതൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും, ശാരദാ മുരളിധരൻ മാത്രമല്ല മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും. സുഖ ശീതളിമയിൽ ജീവിക്കുന്നവർ മാത്രമേ നിസ്സാരമായ  ശാരീരിക വ്യത്യാസങ്ങളെ കുറിച്ച്  ചിന്തിക്കുകയുള്ളൂ. അല്ലാത്തവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്.     

  ചർച്ചകൾ കേട്ടാൽ ഇനി "ബ്ലാക്ക്" എന്ന് പറയാൻ കഴിയില്ല എന്ന് തോന്നും. ഒരാളുടെ ഭരണകാലത്തെ, ചരിത്രത്തിലെ കറുത്ത അധ്യായം എന്നും  ചില ദിവസങ്ങളെ കറുത്ത ദിനങ്ങൾ എന്നും മറ്റും പറയാറില്ലേ. നമ്മുടെ ചരിത്രം പരിശോധിച്ചാൽ ഈ "ഇരുണ്ട അധ്യായങ്ങളും കറുത്ത ദിനങ്ങളും" എല്ലാം കാണാം. അതിനർത്ഥം ആ ഭരണാധികാരിയുടെ നിറം കറുത്തതാണെന്നല്ല. അയാളുടെ ഭരണം വളരെ മോശമായിരുന്നു എന്നാണ്.

 രാഷ്ട്രീയമായും ഔദ്യോഗികമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരിൽ പോലും ഈ ജാതി-മത- നിറ-സൗന്ദര്യ കോംപ്ലക്സ് വിട്ടുമാറാതെ അവരെ പിടികൂടിയിട്ടുണ്ട് എന്ന് ഈ ചർച്ചയിലൂടെ മനസ്സിലായി. കൂടാതെ ഈ സംഭവത്തിൽ സ്വന്തം പ്രവർത്തനരംഗത്തെ വീഴ്ച "നിറം" കൊണ്ട് മറക്കാനുള്ള ശ്രമം ജനം തിരിച്ചറിയുകയും ചെയ്തു.  ഇതേക്കുറിച്ച്

 "ഷെയിം. റിയലി ഷെയിം "എന്നേ പറയാനുള്ളൂ.

 ഏറെ സ്നേഹത്തോടെ 

മീരാ നമ്പൂതിരി🙏