Saturday, February 15, 2025

ലഹരി ഭീതിയിൽ മുങ്ങി കേരളം

 ലഹരിയിൽ മുങ്ങിത്താഴുന്ന കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ലഹരിക്ക് അടിമകളായി മാറിയ യുവജനങ്ങളുടെയും കൗമാരക്കാരുടെയും വർദ്ധന കേരളത്തിന്റെ അധപതനത്തെയാണ് കാണിക്കുന്നത്. ലഹരിക്ക് അടിമയായി കഴിഞ്ഞാൽ തങ്ങളെ എതിർക്കുന്നവർ ആരായാലും- അച്ഛനോ അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആകട്ടെ- അവരുടെ ജീവൻ എടുക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല.  കഴിഞ്ഞദിവസം കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗ് ദൃശ്യങ്ങൾ ഹൃദയമുള്ള മനുഷ്യർക്ക് കണ്ടു നിൽക്കാൻ കഴിയില്ല. മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന ഈ പ്രവർത്തികൾ കാണുമ്പോൾ ഇവർ മനുഷ്യരാണോ അതോ ചെകുത്താൻമാരാണോ എന്ന് ചോദിക്കാൻ തോന്നുന്നു. എങ്ങനെയാണ് ഇത്ര നീചമായി.... ക്രൂരമായി... പ്രവർത്തിക്കാൻ ഇവർക്ക് കഴിയുന്നത്. ( ഇവരെ വിദ്യാർഥികൾ എന്ന് വിളിക്കാൻ എനിക്ക് തോന്നുന്നില്ല. വിദ്യ അർധിക്കുന്നവനാണ് വിദ്യാർഥി. ഇവർ വിദ്യയല്ല ലഹരിയാണ് അർധിക്കുന്നത്) . ഇങ്ങനെയുള്ളവർക്ക് കർശനമായി ശിക്ഷ നൽകിയാൽ മാത്രമേ ഇതിനൊരു കുറവുണ്ടാവുകയുള്ളൂ. കേരളത്തിലെ സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നു എന്നത് ഭയക്കേണ്ട വസ്തുത തന്നെയാണ്.( തിരുവനന്തപുരത്തെ പ്രശസ്തമായ പെൺപള്ളിക്കുടത്തിൽ ലഹരി വില്പന നടക്കുന്നു എന്ന് ആ സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിരുന്നു. പക്ഷേ അതിനുശേഷം അതേക്കുറിച്ചുള്ള യാതൊരു റിപ്പോർട്ടും കണ്ടിട്ടില്ല. ) ഇങ്ങനെയുള്ള ലഹരി വില്പനക്കാരെ പൊതുജനം തിരിച്ചറിയണം ശിക്ഷിക്കണം. 

   കേസ് കൊടുത്താൽ കണ്ടെത്തേണ്ട പോലീസിന്റെ കൈകൾ പോലും രാഷ്ട്രീയ പാർട്ടികളുടെ മുഷ്ടിക്കുള്ളിലാണെന്ന സത്യം നമ്മൾ മറക്കരുത്. പിന്നെ ആകെ ആശ്രയം കോടതി മാത്രമാണ്. കേസും വിചാരണയും എല്ലാം കഴിഞ്ഞ് ശിക്ഷ വിധിക്കുമ്പോഴേക്കും സമയം വളരെയേറെ കടന്നു പോകും. തെറ്റ് ചെയ്തവരോടുള്ള കാഴ്ചപ്പാടും മാറും. അതിനാൽ "പാടത്തെ വേല വരമ്പത്ത് കൂലി" എന്ന ന്യായം നടപ്പിലായാൽ ഇതിനൊരല്പം ശമനമുണ്ടാകും. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ സംഘടിച്ച് ഇത്തരം ലഹരി വില്പനക്കാർക്ക് എതിരെയും സ്കൂൾ കോളേജുകളിൽ ലഹരിയുമായി എത്തുന്നവർക്കെതിരെയും ശക്തമായ നടപടികൾ എടുക്കണം. പക്ഷേ ഇവിടെ ഇപ്പോൾ അതല്ലല്ലോ നടക്കുന്നത്. രാഷ്ട്രീയപാർട്ടികളാണ് ഇവർക്ക് വേണ്ടി വാദിക്കുന്നതും സംരക്ഷിക്കുന്നതും. യുവതലമുറയുടെ നാശം അവർക്ക് ഒരു പ്രശ്നമേയല്ല. അന്യരുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്ന മട്ട്. പാർട്ടിക്കുവേണ്ടി കൊലപാതകം നടത്തുന്നവർ ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. ഇനി ജയിൽശിക്ഷ കിട്ടിയാലോ ഭക്ഷണവും കുശാൽ, ചിലപ്പോൾ ഫോണും മറ്റു സൗകര്യങ്ങളും  എല്ലാം ജയിലിൽ ലഭിക്കും. കാരണം അവർക്ക് വേണ്ടി പ്രവർത്തിക്കാൻ അവരുടെ പാർട്ടിയിൽ പെട്ട ഉന്നതന്മാർ പുറത്തുണ്ട്. ഇനി  ജയിൽ ശിക്ഷ കിട്ടിയാലും ,പരോളിൽ ആയിരിക്കും   അവരുടെ ശിക്ഷാ കാലാവധിയുടെ മുക്കാൽ കാലവും. 

 സത്യത്തിൽ ഈ പീഡനക്കാരെയും റാഗിംഗ് വീരൻ മാരെയും ശിക്ഷിക്കേണ്ടത് കോടതിയല്ല, അവരുടെ പീഡനങ്ങൾ സഹിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതി. (ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ശിക്ഷയാണ് നടപ്പാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.  ) പാവം കുട്ടികൾക്ക് ലഭിച്ച അതേ പീഡനങ്ങൾ അതിനിരട്ടിയായി ഈ പീഡന വീരന്മാരുടെ മേൽ കാണിക്കണം. അവർ അനുഭവിച്ച വേദന എന്തെന്ന് ഈ ക്രൂരന്മാർ അനുഭവിച്ചു തന്നെ തിരിച്ചറിയണം.  അപ്പോഴേ അവർക്കതൊരു പാഠമാകു. ചോദിക്കാനും പറയാനും ആളുണ്ടെങ്കിൽ ഈ ചെകുത്താൻ മാർക്ക്  ഭയം തോന്നുമല്ലോ. സത്യത്തിൽ ഇവന്മാർ ഭൂമിക്ക് ഒരു ഭാരം ആണ്. വീടിനോ, നാടിനോ,രാജ്യത്തിനോ, ഒരു ഗുണവും ഇല്ലാത്തവർ. ഗുണമില്ലെന്ന് മാത്രമല്ല ദോഷം മാത്രം നൽകുന്നവർ.  എന്തിനാണ് ഈ അസുരന്മാരുടെ പാപം നമ്മൾ ജനങ്ങൾ സഹിക്കുന്നത്?  ഇവരൊന്നും മനുഷ്യരല്ല. മൃഗമായി കാണാനും കഴിയില്ല. കാരണം ഇതിൽ കൂടുതൽ സ്വവർഗ്ഗസ്നേഹം മൃഗങ്ങൾക്കുണ്ട്.  

   കോട്ടയത്തെ റാഗിംഗ് ക്രൂരതയുടെ വാർത്തകൾ പുറത്തുവന്നശേഷം അതിനെ തുടർന്ന് ഒരു പരസ്യം കണ്ടിരുന്നു. റാഗിംഗ് ഇരകൾക്കൊപ്പം എന്ന് പറഞ്ഞായിരുന്നു ബജരംഗീദളിന്റെ  പരസ്യം. അവർക്കുവേണ്ടി എല്ലാ സഹായ സഹകരണങ്ങളും ചെയ്യുമത്രേ. ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. ഈ പരസ്യം  കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ക്രൂരത കാട്ടുന്നവരെ എതിർക്കാൻ ആരെങ്കിലും വേണം. അത്ഏത് പാർട്ടിയിൽ പെട്ടവരായാലും ഏത് സംഘടനയിൽ പെട്ടവരായാലും ജനങ്ങൾ അവരെ ഇരു കൈകളും നീട്ടി  സ്വാഗതം ചെയ്യും എന്നതിന് സംശയമില്ല. കാരണം കേരളത്തിൽ സർക്കാർ ലഹരിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് വാസ്തവം. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന തകൃതിയായി നടക്കുന്ന സത്യം അധികൃതർക്ക് അറിയാമെങ്കിലും അവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ( സർക്കാറിന് വരുമാനം ഏറ്റവും കൂടുതൽ ലഹരി യിലൂടെയാണല്ലോ മറ്റൊന്ന് ലോട്ടറി അഥവാ ചൂതുകളി. കഷ്ടം  ) അങ്ങനെയുള്ളപ്പോൾ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമ്മൾ സ്വയം മതിലുകൾ തീർക്കണം. ഇല്ലെങ്കിൽ നഷ്ടം ഉണ്ടാകുന്നത് നമുക്കാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് തകരുന്നത്. ലഹരി വില്പനക്കാരെ കണ്ടെത്തി പുറത്ത് അറിയാത്ത രീതിയിൽ ശിക്ഷിക്കാൻ ഈ ലഹരി വിരുദ്ധ സംഘടനകൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു🙏🙏

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി


 റാഗിങ്ങിന് ഇരയായവർ സഹായം ആവശ്യമുണ്ടെങ്കിൽ  വിളിക്കേണ്ട നമ്പർ

8592989621,  9846384513

No comments: