യുവതലമുറയിലെ പെൺകുട്ടികൾക്ക് ഇതെന്തുപറ്റി? കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോ ആണ് ഈ ബ്ലോഗ്എഴുതാൻ കാരണം. ഒരു ചെറിയ ബസ് പോലെയുള്ള വാഹനത്തിൽ യാത്ര ചെയ്യുന്ന കുറെ പെൺകുട്ടികൾ " കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാരോ " എന്ന പാട്ടിലെ ആദ്യ വരി പാടുന്നു . പാടി കഴിയുമ്പോൾ കുട്ടികൾ കോറസ് ആയി" നിന്റെ തന്ത" എന്ന് പാടി തകർക്കുന്നു . ഇങ്ങനെ അവർ ആ പാട്ട് മുഴുവൻ പാടുന്നുണ്ട്. ഇത് കണ്ടപ്പോൾ സംസ്കാരാധപ്പതനത്തിന്റെ തെളിവാണ് ഇതെന്ന് തോന്നി. ഇതിന് ഇവരെയാണോ, ഇവരെ ഇങ്ങിനെ വളർത്തിയവരെയാണോ കുറ്റം പറയേണ്ടത്? കഷ്ടം. അച്ഛൻ എന്ന അമൂല്യ പദത്തെ എത്ര നികൃക്ഷ്ടമായാണ് അവർ ഇവിടെ ആഘോഷിക്കുന്നത്. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ മുഖം ഇത് പാടുമ്പോൾ അവരുടെ മനസ്സിൽ വന്നതേയില്ല എന്നു തോന്നുന്നു. ജന്മവും വിദ്യാഭ്യാസവും നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കിയ, തന്റെ പിതാവിനെ ബഹുമാനിക്കാത്ത ഇവർ ജോലി കിട്ടിയാൽ സഹപ്രവർത്തകർക്കും വിവാഹിതരായാൽ ഭത്തൃവീട്ടുകാർക്കും എന്ത് ബഹുമാനമാണ് നൽകുക?
ഇവരെ എന്തു പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. ഇത് കണ്ടപ്പോൾ, സത്യത്തിൽ സ്ത്രീകുലത്തിൽ ഇവർ ജനിച്ചല്ലോ എന്നോർത്ത് ലജ്ജ തോന്നി. പുരുഷനൊപ്പം എത്തുക - സമത്വം - എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണോ ഇത്? എങ്കിൽ കുട്ടികളെ നിങ്ങൾക്ക് തെറ്റി. മുമ്പും ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യം ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. മനശക്തിയും, സ്നേഹവും, കരുണയും, ക്ഷമയും എല്ലാം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവർ സമത്വത്തിനായി ഒരിക്കലും ശ്രമിക്കരുത്. അത് അധപതനമാണ്. പക്ഷേ ഇതുപോലെയുള്ള ആഭാസത്തരങ്ങൾ കാണിച്ചും, മദ്യപിച്ചും, പുകവലിച്ചും, " എന്റെ ശരീരം, എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും" എന്നുപറഞ്ഞ് ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും" ഫെമിനിസം" എന്ന ഓമനപ്പേരിൽ വിളിക്കുന്ന "സമത്വത്തി"ലേക്ക് പോകുന്ന നിങ്ങളെ ആർക്കാണ് തിരുത്താൻ ആവുക? പൂച്ചയ്ക്കാരു മണികെട്ടും എന്ന മട്ടിലാണ് സമൂഹം. ഈ കുട്ടികൾക്ക് കുടുംബത്തിന്റെ പ്രാധാന്യമോ, കടമകളോ, കർത്തവ്യമോ ഒന്നുമറിയില്ല. സമൂഹത്തിൽ പാലിക്കേണ്ട മര്യാദയും ഇവർക്കറിയില്ല. ഇന്നിവർ ഈ പാട്ട് ഇങ്ങനെ പാടുന്നു എങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനമ്മമാരും വിദ്യാഭ്യാസത്തിലെ വീഴ്ചയുമാണ്. പഠനത്തിൽ ഒരുപക്ഷേ ഇത് റാങ്ക് ഹോൾഡേഴ്സ് ആയിരിക്കും.എന്നാൽ സംസ്കാരം എന്തെന്ന് പഠിച്ചിട്ടില്ല. ഔദ്യോഗിക രംഗത്തും കുടുംബരംഗത്തും ഇവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല. കാരണം ബഹുമാനമോ സ്നേഹമോ പരിഗണനയോ അവരിലില്ല. അതുണ്ടായിരുന്നു എങ്കിൽ അവർക്ക് ഇങ്ങിനെ പാടാൻ സാധിക്കില്ല എന്നതാണ് വാസ്തവം.
കുടുംബ ജീവിതത്തിൽ മനശക്തിക്കും ക്ഷമക്കും സ്നേഹത്തിനും വലിയ റോളാണുള്ളത്. സ്വന്തം അച്ഛനെ തന്ത എന്ന് പറഞ്ഞപമാനിക്കുന്ന ഈകൂട്ടർക്ക് ഈ മഹത്വങ്ങൾ ഒന്നും ഉണ്ടാവില്ല. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പെൺകുട്ടികളോട് പാലിക്കേണ്ട ചില നിയമസംഹിതകൾ അടുത്തിടെ കണ്ടിരുന്നു. അവരെ ജോലിക്കായി പഠിപ്പിക്കുക,അവർ തെറ്റ് ചെയ്താലും മിണ്ടാതിരിക്കുക, കുടുംബത്തിലെ അംഗമായി തന്നെ പരിഗണിക്കുക എന്നിങ്ങനെ നീളുന്നു. ഇതു വായിച്ചപ്പോൾ പഴയകാലമാണ് ഓർമ്മ വന്നത്. അന്ന് കൊച്ചു പെൺകുട്ടികളെയാണ് വിവാഹം കഴിച്ചിരുന്നത്. അവരിൽ പഠിക്കാൻ താല്പര്യം ഉള്ളവരെ പഠിപ്പിക്കേണ്ട ചുമതല സന്തോഷത്തോടെ മിക്ക ഭതൃവീട്ടുകാരും ഏറ്റെടുത്തിരുന്നു. അവർ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇന്ന് കാലം മാറി. വിദ്യാഭ്യാസം പൂർത്തിയാക്കി- കുറഞ്ഞത് ഡിഗ്രി- വരുമാനമുള്ള ജോലി കിട്ടിയശേഷം മാത്രമേ പെൺകുട്ടികൾ വിവാഹിതരാകാൻ താല്പര്യം കാട്ടുന്നുള്ളൂ. അങ്ങനെയുള്ളവരെ ഇനി എന്ത് പഠിപ്പിക്കാൻ? എന്നാണ് പഠിക്കേണ്ടത് എന്നും എന്താണ് ചെയ്യേണ്ടത് എന്നും അവർക്ക് വളരെ വ്യക്തമായി തന്നെ അറിയാം. അവരുടെ ഇഷ്ടമനുസരിച്ച് മാത്രമേ അവർ പ്രവർത്തിക്കുകയുമുള്ളൂ. സാമ്പത്തികമായ അടിത്തറ ഉള്ളതിനാൽ മുതിർന്നവരുടെ ഉപദേശം ഒന്നും അവർക്ക് വേണ്ട, ആവശ്യവുമില്ല. വിവാഹം കഴിയുന്നതോടെ കുടുംബം എന്ന അവരുടെ കൺസെപ്റ്റിൽ വരുന്നത് ഭർത്താവും ഭാര്യയും അവരുടെ കുട്ടികളും മാത്രമാണ്. അവിടെ സ്വന്തം മാതാപിതാക്കളോ പങ്കാളിയുടെ മാതാപിതാക്കളോ ഇല്ല. എന്തിന് ഇന്നലെവരെ സ്വന്തം എന്ന് കരുതിയിരുന്ന സഹോദരങ്ങൾ പോലും ഈ ചട്ടക്കൂടിന് പുറത്താണ്.
ഇന്നത്തെ യുവതലമുറ വല്ലാതെ സ്വാർത്ഥരായി പോയി എന്ന് പറയാതെ വയ്യ. എന്ത് ചെയ്യുമ്പോഴും തനിക്ക് എന്ത് നേട്ടം എന്ന് മാത്രമേ നോക്കുകയുള്ളൂ. നേട്ടമില്ല എങ്കിൽ അത് ചെയ്യാൻ താല്പര്യവുമില്ല, അതിനി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ആയാലും. ഞാൻ,എന്റെ പങ്കാളി,എന്റെ കുട്ടികൾ ( ഞങ്ങളുടെ അല്ല) അതാണ് അവരുടെ ലോകം. എന്നാൽ അതുമാത്രമാണ് എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം . സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിൽ എത്താത്ത സഹോദരങ്ങൾ പോലും അവർക്ക് ബുദ്ധിമുട്ടാകുന്നു. അങ്ങനെയുള്ളവർ സഹോദരങ്ങൾ ആണെന്ന് പറയാൻ പോലും അവർക്ക് മടിയാണ്. വയസ്സ് ആകുന്നതോടെ അച്ഛനമ്മമാരും ഇവർക്ക് ഒരു ബാധ്യതയാകുന്നു. വയസ്സായ അച്ഛനെ അമ്മയെയും ഭീഷണിപ്പെടുത്തുകയും തല്ലുകയും ( ചിലപ്പോൾ കൊല്ലുകയും) ചെയ്യുന്ന ധാരാളം വീഡിയോകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതിനാൽ നിശബ്ദരായിരിക്കുന്നതാണ് മുതിർന്നവരുടെ ആരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അല്പം ഈശ്വര ചിന്ത കൂടി ഉണ്ടെങ്കിൽ അതൊരു വലിയ ആശ്രയമായിരിക്കും. ഓരോന്ന് സംഭവിക്കുമ്പോഴും "ഈശ്വരേച്ഛ" എന്നുപറഞ്ഞ് ആശ്വസിക്കാം.
വൃദ്ധരായ മാതാപിതാക്കൾ മക്കളുടെ ഒപ്പം കൊച്ചുമക്കളുമായി ജീവിക്കാമെന്ന് സ്വപ്നം കാണുന്നു. എന്നാൽ എല്ലാവരിൽ നിന്നും ഒരു നിശ്ചിത ദൂരത്തിൽ അകന്നുനിന്ന് സ്വന്തം കുടുംബം മാത്രം നോക്കുന്ന ഈ യുവതലമുറയ്ക്ക് അച്ഛനമ്മമാരുടെ ഈ "സ്വപ്നം" ഒരു ദുസ്വപ്നമാണ്. " നിങ്ങളുടെ അച്ഛനമ്മമാരെ നോക്കാൻ എനിക്ക് വയ്യ. അതിനു വേണമെങ്കിൽ ആളെ വെച്ച് നോക്കിക്കോണം "എന്ന് പറയാൻ ഇന്നത്തെ പെൺകുട്ടികൾക്ക് മടിയില്ല. ഭർത്താവിന്റെ മാതാപിതാക്കളെ മാത്രമല്ല സ്വന്തം മാതാപിതാക്കളെ നോക്കാനും ഇവർക്ക് യാതൊരു താൽപര്യവുമില്ല. ആൺകുട്ടികളുടെ മനസ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. പണ്ട് എന്റെ ഒരു അമ്മായി പറയുമായിരുന്നു" ഞാനും ഏട്ടനും തമ്മിൽ ബന്ധുക്കളെ ചൊല്ലി ഒരു വഴക്കുമില്ല. എന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഏട്ടനും ഏട്ടന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഞാനും തീരുമാനിക്കും"🤭 എങ്ങനെയുണ്ട് ഐഡിയ. അങ്ങനെയാവുമ്പോൾ ആർക്കും ഒരു സഹായവും ചെയ്യേണ്ട. സുഖം.
കൊച്ചുമക്കളെ മുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നും അകറ്റി നിർത്താനാണ് മക്കൾക്കിഷ്ടം. കാരണം കുഞ്ഞുങ്ങളെ അവർ സ്നേഹിച്ചു വഷളാക്കുമത്രെ. എത്രമാത്രം തെറ്റായ ഒരു ധാരണയാണ് ഇത്. സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അച്ഛനമ്മമാരെക്കാൾ മുത്തശ്ശനെയും മുത്തശ്ശിയേയും ഇഷ്ടപ്പെട്ടവരാണ് ഇവർ എന്നു മനസ്സിലാകും. മുത്തശ്ശൻ വാങ്ങിത്തന്ന മിഠായിയുടെ മാധുര്യവും, മുത്തശ്ശി ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും ഇന്നും അവരുടെ നാക്കിലുണ്ടാവും. എന്നിട്ടാണ് അവർ സ്വന്തം കുട്ടികളെ അതിന് അനുവദിക്കാത്തത്. " അവർ എന്റെ കുട്ടികളെ വഷളാക്കു"മത്രേ . സത്യത്തിൽ കഥ പറഞ്ഞു സ്നേഹിച്ചും നല്ലത് പറഞ്ഞു കൊടുത്തും ആ കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം നിറക്കുകയാണ് യാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. പക്ഷേ അത് മനസ്സിലാക്കാൻ ഈ നവ അച്ഛനമ്മമാർക്ക് കഴിയുന്നില്ല. പക്ഷേ ഇത് തിരിച്ചറിയുന്ന ഒരു കാലം വരും. ഈ കുഞ്ഞുങ്ങൾ വഴിതെറ്റുമ്പോളോ അല്ലെങ്കിൽ അവരിൽ നിന്നും അവഗണന നേരിടുമ്പോഴോ ആയിരിക്കുമെന്ന് മാത്രം. പക്ഷേ അപ്പോഴേക്കും പശ്ചാത്തപിക്കാൻ ഏറെ താമസിച്ചിട്ടുണ്ടാകും. നദിയിലൂടെ ഏറെ വെള്ളം ഒഴുകി കഴിഞ്ഞിരിക്കും. മാപ്പ് ചോദിക്കാൻ പോലും പറ്റാത്ത ലോകത്ത് അച്ഛനമ്മമാർ എത്തിയിരിക്കും.
അപ്പോൾ ഇനി അടുത്ത ബ്ലോഗിൽ കാണാം. എല്ലാവർക്കും നന്ദി
സ്നേഹത്തോടെ മീര.
No comments:
Post a Comment