അടുത്തിടെ പത്രത്തിൽ ഒരു വാർത്ത കണ്ടിരുന്നു. സെപ്റ്റിക് ടാങ്ക്ശുചീകരണ തൊഴിലാളികളിൽ 92 ശതമാനവും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ എന്നതായിരുന്നു ആ വാർത്ത. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഈ പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ 92% വും പട്ടികജാതി -പട്ടികവർഗ്ഗ- മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണത്രെ. മാൻഹോൾ,കാനകൾ മലിന ജലാശയങ്ങൾ എന്നിവയുടെ ശുചീകരണം യന്ത്രങ്ങളുടെ സഹായത്തോടെ നടത്താനും അങ്ങനെ ഈ തൊഴിലാളികളുടെ അപകട മരണ സാധ്യതകൾ കുറയ്ക്കാനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നമസ്തേ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിലാണ് ഈ വിവരം പുറത്തുവന്നത്.
പക്ഷേ ഇത് പുറത്തു വന്നിട്ടും പൊതുജനങ്ങൾ നിന്നും യാതൊരു പ്രതികരണവും കണ്ടില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവരെങ്കിലും ഇതിനെതിരെ പ്രതികരിക്കും എന്ന് കരുതി. പൊതുവേ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ തുറന്നുപറയുക സമൂഹത്തിലെ ഉന്നതന്മാരുടെ നേതൃത്വത്തിൽ ആയിരിക്കുമല്ലോ. അവഗണിക്കപ്പെട്ട് കിടക്കുന്ന ആ വിഭാഗം മൂലം തങ്ങളുടെ തൊഴിലവസരത്തിന് കുറവ് വന്നാലോ എന്നു കരുതിയാവും അതേ വിഭാഗത്തിൽപ്പെട്ട ഉന്നതന്മാർ നിശബ്ദരായത്.
ആർക്കുവേണ്ടിയാണ് ഈ റിസർവേഷൻ? സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാരായവരെ മുൻനിരയിൽ എത്തിക്കാനല്ലേ? പക്ഷേ ഇന്ന് നടന്നുവരുന്ന ഈ തൊഴിൽ സംവരണം കൊണ്ട് പിന്നാക്ക വിഭാഗങ്ങളിലെ മുന്നക്കക്കാർക്ക് മാത്രമാണ് പ്രയോജനം കിട്ടുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കകാരെ എന്തുകൊണ്ടാണ് അവഗണിക്കുന്നത്? അവർക്ക് എന്തുകൊണ്ട് തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ. വിദ്യാഭ്യാസം. ശരിയായ വിദ്യാഭ്യാസം അവർക്ക് ലഭിച്ചിരുന്നു എങ്കിൽ തൊഴിലവസരങ്ങളും അവർക്ക് ലഭിച്ചേനെ. പിന്നാക്ക വിഭാഗത്തിൽ ഒരാൾക്ക് ജോലി കിട്ടിയാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കും. സർക്കാരിലെ ഒഴിവുകളും അതിനുവേണ്ട യോഗ്യതകളും എങ്ങനെ അപേക്ഷിക്കണം എന്ന കാര്യവുമെല്ലാം അവർക്ക് തിരിച്ചറിയാൻ കഴിയും. അങ്ങനെ തന്റെ കുടുംബത്തിലുള്ളവരെ ആ രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും.
എന്നാൽ വിദ്യാഭ്യാസമില്ലാത്ത പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഇത് അറിയാനോ ശ്രമിക്കാനോ സാധിക്കുന്നില്ല. അവർക്ക് പറഞ്ഞു കൊടുക്കാനും ആരുമില്ല. കുട്ടികൾക്ക് പഠിക്കാൻ താല്പര്യം ഇല്ല എന്നത് എല്ലായിടത്തും കണ്ടുവരുന്ന ഒരു വസ്തുത തന്നെ. പക്ഷേ വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ കുട്ടികളെ അത് പറഞ്ഞു മനസ്സിലാക്കി വിദ്യാലയത്തിലേക്ക് അയക്കും. എന്നാൽ അക്ഷരാഭ്യാസം ഇല്ലാത്ത മാതാപിതാക്കൾ ആണെങ്കിൽ കുട്ടികൾ പോവുകയുമില്ല, മാതാപിതാക്കൾ നിർബന്ധിക്കുകയും ഇല്ല. ഇവിടെ അവന്റെ വിദ്യാഭ്യാസം അവസാനിക്കുന്നു. വിദ്യാഭ്യാസം മാത്രമല്ല അവന്റെ ഭാവി ജീവിതത്തിലെ പുരോഗതിയും കൂടിയാണ് ഇല്ലാതാകുന്നത്. അവർക്ക് കൂടി വിദ്യാഭ്യാസം നൽകി തൊഴിലവസരം നേടാൻ സഹായിക്കാൻ മുൻപറഞ്ഞ എസ് സി എസ് ടി വിഭാഗത്തിലെ ഉന്നതന് തൽപര്യവുമില്ല. കാരണം എല്ലാവരും പഠിച്ചു വന്നാൽ തങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളിൽ വൻ കുറവുണ്ടാകുമെന്ന് അയാൾക്കറിയാം. അങ്ങനെ സ്വയം മുൻനിരയിലെത്തി തന്റെ സമുദായത്തിലെ പിന്നോക്കകാർക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ച് അവരുടെ പേരിൽ തനിക്കിഷ്ടമുള്ളവർക്ക് അവസരം നേടിക്കൊടുക്കും.
ഏവർക്കും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം നൽകിയാൽ മാത്രമേ ഇതിന് മാറ്റം വരികയുള്ളൂ. നല്ല വിദ്യാഭ്യാസം സൗജന്യമായി നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും പല സ്കൂളിലെയും വിദ്യാഭ്യാസ നിലവാരം തീർത്തും മോശമാണ് എന്നതാണ് വസ്തുത. അങ്ങനെയുള്ള സ്കൂളുകളിൽ പഠിച്ചു വരുന്ന കുട്ടിക്ക് മറ്റു വിദ്യാർത്ഥികളോടൊപ്പം ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനോ തൊഴിൽ നേടാനോ സാധിക്കില്ല.അതിനാൽ എല്ലാം സ്കൂളുകളിലും ഒരേ വിദ്യാഭ്യാസ മാനദണ്ഡം കൊണ്ടുവരേണ്ടതാണ്. കുട്ടികൾ പഠിത്തത്തിൽ മത്സരിച്ചു വളരട്ടെ, അറിവ് നേടട്ടെ, അങ്ങനെ അവർ മുന്നിലെത്തട്ടെ. യഥാർത്ഥത്തിൽ വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ ഇവയെല്ലാം ഏവർക്കും സൗജന്യമായി ലഭിക്കേണ്ടതാണ്. അതിനു സാധിക്കില്ല എങ്കിൽ അതിലൊരു നിയന്ത്രണരേഖ ആവശ്യമാണ്. ഇതെങ്ങനെ കണ്ടെത്തും എന്ന് ചോദിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കി സംവരണം നൽകണം എന്നാണ് ഞാൻ കരുതുന്നത്. ഇവിടെ സൗജന്യ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിച്ചതും എല്ലാവർക്കും സൗജന്യമായി നൽകണം എന്നല്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായി അത് പരിമിതിപെടുത്താം. അല്ലാത്തവർ ഫീസ് കൊടുത്തു തന്നെ പഠിക്കട്ടെ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ-ജാതിയുടെയും മതത്തിന്റെയും പേരിലല്ലാതെ- സംവരണത്തിന്റെ പരിധിയിൽ കൊണ്ടു വരണം. അങ്ങനെയാകുമ്പോൾ ആരും ആരോടും ജാതിയും മതവും ചോദിക്കുന്നുമില്ല,പറയുന്നുമില്ല. ആർക്കും അത് അറിയുകയും വേണ്ട. ജാതിയുടെ പേരിൽ നൽകുന്ന സംവരണം ആ ജാതിയിലെ ഉയർന്ന തട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടും എന്നതിന് ഉദാഹരണമാണ് ഇന്നും ഏറെ പിന്നിൽ നിൽക്കുന്ന എസ് സി, എസ് ടിയിൽപ്പെട്ട ഒരു വിഭാഗം ജനങ്ങൾ. എന്തുകൊണ്ടാണിവർ പ്രതികരിക്കാത്തതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവർക്കും സമൂഹത്തിൽ ഒരു ഉന്നത സ്ഥാനം നേടണ്ടേ? എന്നും ഇതേ അവസ്ഥയിൽ അവഗണിക്കപ്പെട്ടു കഴിഞ്ഞാൽ മതിയോ? ഇങ്ങനെയുള്ളവരെ ചൂണ്ടിക്കാട്ടി നേടുന്ന സംവരണാവസരങ്ങൾ അവരുടെ സമുദായത്തിലെ തന്നെ ഒരു വിഭാഗം കയ്യടക്കുന്നു എന്നത് എന്താണ് ഇവർ തിരിച്ചറിയാത്തത്?
ഒബിസിയിലും, ഇപ്പോൾ സവർണർക്കും ഉണ്ടെന്നു പറയുന്ന സംവരണം, സാമ്പത്തിക അടിസ്ഥാനത്തിലാണ് നൽകുന്നത്. അതായത് ഒബിസി ആയതുകൊണ്ടോ സവർണ്ണൻ ആയതുകൊണ്ടോ മാത്രം അവർക്ക് അത് ലഭിക്കില്ല. സാമ്പത്തികമായി അവർ താഴെക്കിടയിൽ ആണെങ്കിൽ മാത്രമേ ഈ സംവരണം ലഭിക്കുകയുള്ളൂ. അതേ രീതിയിൽ സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള നിയന്ത്രണം എസ് സി, എസ് ടി വിഭാഗങ്ങളിലും ഉണ്ടായാലെ അവരിൽ അവഗണിക്കപ്പെട്ടവർക്ക് പ്രയോജനം ഉണ്ടാകു. അങ്ങിനെയായാൽ മാത്രമേ അവരും സമൂഹത്തിന്റെ മുൻനിരയിൽ എത്തുകയുള്ളൂ. പക്ഷേ അതിനെതിരെ പോരാടുകയാണ് എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉന്നത ശ്രേണിയിൽ ഉള്ളവർ. ഇത് മനസ്സിലാക്കാൻ അവരിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നവർക്ക് കഴിയുന്നില്ല.എന്ന് മാത്രമല്ല ഈ പാവങ്ങൾ അവരുടെ ഇടയിലെ ഉന്നതന്മാരോട് ചേർന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നു. എങ്ങിനെ ചെയ്യുന്നതിലൂടെ സ്വന്തം അവസരങ്ങളാണ് നിഷേധിക്കപ്പെടുന്നത് എന്ന് ഇവർക്ക് എന്നാണ് മനസ്സിലാകുക. ഓരോ വിഭാഗത്തിനും എത്ര ശതമാനം സംവരണം ഉണ്ടെങ്കിലും അതിൽ ഒരു നിശ്ചിത ഭാഗം അവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നീക്കിവയ്ക്കണം. ഉദാഹരണമായി എസ് സി ക്ക് 25% സംവരണം ഉണ്ടെന്നിരിക്കട്ടെ. അതിൽ 20% വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നീക്കിവെക്കണം. ബാക്കി 5% അവരിലെ ഉന്നതന്മാർ കൊണ്ടുപോകട്ടെ. അങ്ങനെ അവഗണിക്കപ്പെട്ട് കിടന്ന വിഭാഗങ്ങൾ കൂടി മുൻനിരയിലേക്ക് വരാൻ സാധിക്കും.
ജാതി മത വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ ആഹ്വാനമായി എത്തുന്നവർക്ക് നൂറു നാവുണ്ട്. എന്നാൽ അതിനു വേണ്ടി എന്ത് ചെയ്യുന്നു? തൊഴിൽ സംവരണം മാത്രമാണോ ഇത് ഒഴിവാക്കാനുള്ള വഴി?അല്ല, ആദ്യം നൽകേണ്ടത് വിദ്യാഭ്യാസമാണ്. സമൂഹത്തിലെ മറ്റു കുട്ടികളോട് കോംപീറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവർക്കും ലഭിക്കണം. അത് സൗജന്യമായി തന്നെ നൽകുകയും വേണം. ജാതി മതങ്ങൾ നോക്കാതെ സാമ്പത്തിക സ്ഥിതി നോക്കി വേണം വിദ്യാഭ്യാസത്തിൽ സൗജന്യം ഏർപ്പെടുത്താൻ. സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും ഫീസ് ഈടാക്കുകയും വേണം. തുല്യപഠനവും മത്സര പരീക്ഷകൾ പാസാകുകയും ചെയ്തു ജോലി നേടിയാലെ അവരിൽ അഭിമാനം ഉണ്ടാകു. ജാതിയുടെയും മതത്തിന്റെയും പേരിൽ നേടുന്നതെന്തും അവരിൽ അരക്ഷിതാവസ്ഥയും അപകർഷതാബോധവും ഉണ്ടാകും എന്നത് തർക്കമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഒരു എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണെന്ന് സ്വയം വിശ്വസിക്കുകയും അതിനെതിരെ പരാതിപറയുകയും ചെയ്യും. രാഷ്ട്രീയ രംഗത്ത് ആയാലും മറ്റ് ഔദ്യോഗിക രംഗങ്ങളിലായാലും ഇതിൽ മാറ്റമൊന്നുമില്ല . എന്നാൽ യോഗ്യതയോടെ മറ്റുള്ളവരോട് മത്സരിച്ചു നേടിയത് ആണെങ്കിൽ ആ തോന്നൽ ഒരിക്കലും ഉണ്ടാവുകയില്ല. കാരണം ഇവിടെ ജാതി വ്യവസ്ഥയെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് തന്നെ. അതിനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത്. അവർക്ക് അതിന് കഴിയും. പരിശ്രമിക്കാതെ കിട്ടുന്നവയുടെ മൂല്യം ശൂന്യമാണ്.
രണ്ടും മൂന്നും മാർക്ക് കിട്ടിയവർക്ക് പോലും എൻജിനീയറിങ് മെഡിസിനും സീറ്റ് കിട്ടുന്നത് ഇത്തരം റിസർവേഷനു കൾ നിലനിൽക്കുന്നത് കൊണ്ടാണ്. അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയില്ല. അതറിയണമെങ്കിൽ, യോഗ്യത മാനദണ്ഡം ഏവർക്കും ഒരുപോലെ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക്- സാമ്പത്തിക സംവരണത്തിൽ -ജാതിമതഭേദമെന്യേ മാർക്കിൽ 5% ഇളവു വരെ അനുവദിക്കണം. അതിൽ കൂടുതൽ പാടില്ല. ഉന്നത വിദ്യാഭ്യാസം എന്നത് പഠിച്ചു വരുന്നവർക്കുള്ളതാണ്. കുട്ടികൾ പഠിക്കണം. വിദ്യാഭ്യാസത്തിൽ യാതൊരു വിധത്തിലുള്ള കോംപ്രമൈസും പാടില്ല എന്നതാണ് എന്റെ ഉറച്ച അഭിപ്രായം . ഇത് അവരുടെ ഭാവിയെ ബാധിക്കുന്നതാണ്. എവിടെപ്പോയാലും തങ്ങളുടെ മേഖലയിൽ ശക്തമായി തന്നെ നിൽക്കാൻ അവർക്ക് കഴിയണം. ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉണ്ടെങ്കിൽ -അവരുടെ സാമ്പത്തിക സ്ഥിതി നോക്കി- അവരെ സംവരണത്തിൽ നിന്നും ഒഴിവാക്കണം. കാരണം ആ വരുമാനം പോലുമില്ലാത്ത ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്കും അവസരം ലഭിക്കണം. ഒരാൾക്ക് നല്ല ജോലി ലഭിച്ചാൽ ആ വരുമാനം കൊണ്ട് തീർച്ചയായും അവരുടെ കുട്ടികളെ പഠിപ്പിക്കാൻ പറ്റും. കാരണം വിദ്യാഭ്യാസം സൗജന്യമാണല്ലോ. അങ്ങനെയായാൽ മാത്രമേ എല്ലാ വീടുകളിൽ നിന്നും ഒരു ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകു. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ( സാമ്പത്തിക സംവരണം നോക്കുമ്പോൾ പ്രതിവർഷം 10 ലക്ഷം രൂപ വരെ ഉള്ളവരെ ക്രീമിലയറിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യം ചില സമുദായക്കാർ ഉന്നയിച്ചിരുന്നതായി കണ്ടു . പ്രതിവർഷം ആറുലക്ഷം രൂപ - മാസം 50000 രൂപ - പോലും ഇല്ലാത്തവർക്ക് ജാതിയുടെയും മതത്തിന്റെയും പേരിൽ യാതൊരു സംവരണവും നൽകുന്നില്ല എന്നതും മറക്കരുത്. എന്നിട്ടും അവർ പഠിക്കുന്നില്ലേ. തൊഴിൽ നേടുന്നില്ലേ.) അതിനാൽ സ്വന്തം കാര്യം മാത്രം നോക്കി സ്വാർത്ഥരാകാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ കൂടി മുന്നിലേക്ക് കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. അവർക്കും ഇവിടെ മറ്റുള്ളവരെപ്പോലെ വിദ്യാഭ്യാസം ചെയ്യാനും തൊഴിൽ നേടാനും അവകാശമുണ്ട്. അതിനുള്ള അവസരം ഒരുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അത് വിദ്യാഭ്യാസത്തിലൂടെ അല്ലാതെ സാധ്യമാവുകയില്ല എന്നത് തർക്കമറ്റ സംഗതിയാണ്. സമൂഹത്തിൽ പടർന്നു പന്തലിക്കുന്ന ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനും ഇത് മാത്രമാണ് ഒരു വഴി.
No comments:
Post a Comment