കഴിഞ്ഞദിവസം ശ്രീ മുരളി തുമ്മാരുകുടിയുടെ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. നമ്മുടെ ഇടയിൽ നടന്നുവരുന്ന മക്കളുടെ വിവാഹത്തെക്കുറിച്ചും അതിന്റെ ചിലവിനെക്കുറിച്ചും ആണ് അദ്ദേഹം അതിൽ എഴുതിയത് . മക്കൾ വിവാഹം കഴിക്കേണ്ടത് മാതാപിതാക്കളുടെ ചിലവിൽ അല്ല എന്നദ്ദേഹം പറയുന്നത് അംഗീകരിച്ചേ പറ്റൂ. കാരണം ഇന്ന് മക്കളുടെ വിവാഹം എന്നത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന മട്ടിലാണ് കണക്കാക്കുന്നത്. അവർ ജീവിതകാലം മുഴുവൻ പണിയെടുത്ത് പിശുക്കി സ്വരുക്കൂട്ടി വയ്ക്കുന്നതെല്ലാം സ്വന്തം മക്കളുടെ വിവാഹത്തിനായി ചിലവിടുന്നു. കയ്യിലുള്ളത് തികഞ്ഞില്ലെങ്കിൽ വസ്തു വിറ്റും കടം വാങ്ങിയും വിവാഹം മക്കളുടെ താൽപ്പര്യം പോലെ കേമമായി തന്നെ നടത്തും. സ്വന്തം വിവാഹത്തിനായി അച്ഛനമ്മമാർ കഷ്ടപ്പെടുന്നതേ കുറിച്ച് മക്കൾക്ക് യാതൊരു ചിന്തയും ഇല്ല. അവർക്ക് ആ ബുദ്ധിമുട്ടുകളൊന്നും അറിയുകയും വേണ്ട. തങ്ങളുടെ വിവാഹം പറ്റുമെങ്കിൽ ആനയും അമ്പാരിയും അടക്കം ആഘോഷിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അംബാനി കുടുംബത്തിലെ വിവാഹം കണ്ട ശേഷം തങ്ങൾക്കും ഇനി അങ്ങനെ നടത്തണം എന്ന് അവർ പറയുമോ എന്നാണ് ഭയം.
കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു ദിവസം കൊണ്ട് തീരുന്ന ചടങ്ങ് അല്ല. നിശ്ചയം, സേവ് ദ ഡേറ്റ്, പ്രീ വെഡിങ് ഷൂട്ട്, മേഹന്തി, ഹൽദി, വിവാഹദിനം എന്നിങ്ങനെ നീണ്ടു പോകും. ഈ ഹൽദിയും മെഹന്ദിയും ഒന്നും കേരളത്തിൽ ഇല്ലായിരുന്നു. നമ്മുടെ ബംഗാളികൾ കേരളം കീഴടക്കിയപോലെ ഇതും മലയാളികളുടെ വിവാഹത്തെ കീഴടക്കി. ഇങ്ങനെ ഇന്നുവരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിൽ തങ്ങളുടെ വിവാഹം ആഘോഷിക്കണമെന്ന ഡിമാൻഡ് മാത്രമേ അവർക്കുള്ളു. അതിനു ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനമ്മമാർക്കുണ്ടോ, കടം വാങ്ങിയാൽ അവരുടെ ഭാവി എന്താകും, എന്നൊന്നും ഈ മക്കൾക്ക് അറിയേണ്ട. ഈ കുട്ടികളുടെ ഭാവം കണ്ടാൽ തോന്നും ലോകത്ത് ആദ്യമായി വിവാഹം നടക്കുന്നത് ഇവരുടെ ആണെന്ന്. വിവാഹവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾക്ക് തന്നെ ചിലവാകുന്നത് ലക്ഷങ്ങളാണ്. വലിയ വില കൊടുത്തു വാങ്ങിയ ആ വസ്ത്രങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും പിന്നെ അവർ ധരിക്കുകയുമില്ല. ഇതുപോലെ ചിലവേറിയതാണ് വിവാഹആൽബവും, വീഡിയോകളും. ഒരിക്കൽ ഇവ കണ്ടു കഴിഞ്ഞാൽ മതിയായി. പുതിയതായി കല്യാണം നടന്ന വീട്ടിലേക്ക് വിരുന്നുകാർ വരുന്നത് ഭയത്തോടെയാണ്.🥺 മൂന്നുമണിക്കൂറോളം നീളം വരുന്ന വിവാഹ വീഡിയോകളും ആൽബവും കാണേണ്ടിവരും. തങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് ഈ വീഡിയോയിലും ആൽബത്തിലും ഉള്ളത്. ഇതിൽ ആകെ അറിയാവുന്നത് പെണ്ണിന്റെ അല്ലെങ്കിൽ ചെറുക്കന്റെ അച്ഛനമ്മമാരെ മാത്രം. (അതുകൊണ്ടാണല്ലോ അവർ ഇവിടേക്ക് വന്നതും ). ഇപ്പോൾ സാധാരണയായി ഇ ങ്ങനെയുള്ള വീടുകളിൽ പോകുമ്പോൾ ആളുകൾ പറയുന്ന ഒരു വാക്കുണ്ട്. " ആൽബം കാണാനായി ഞാൻ പിന്നെ വരാം ഇപ്പോൾ അല്പം തിരക്കുണ്ട് " കള്ളമാണെങ്കിലും ഇത് പറയാതെ വേറെ നിവൃത്തിയില്ലല്ലോ.( ഇനി എന്റെ ജീവിതത്തിലെ ഒരു രഹസ്യം കൂടി പറയട്ടെ. ഞങ്ങളുടെ രണ്ടാമത്തെ മകളുടെ വിവാഹമായിരുന്നു ആദ്യം നടന്നത്. മൂത്ത മകന്റെത് പിന്നീടും. രണ്ട് വിവാഹങ്ങൾക്കും വീഡിയോ ഞങ്ങൾ കർശനമായി നിരോധിച്ചു. ചെറിയ രണ്ട് ആൽബങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. മകന്റെ വിവാഹം കഴിഞ്ഞതോടെ അവൻ രണ്ട് ആൽബങ്ങളും എനിക്ക് എത്താത്ത ഉയരത്തിൽ എടുത്തു വച്ചു. വീട്ടിൽ വരുന്നവരെ എന്റെ ആൽബം കാണിക്കലിൽ നിന്നും രക്ഷിക്കാൻ ആണത്രേ. സത്യത്തിൽ എന്നോട് ചോദിച്ചവർക്ക് മാത്രമേ ഞാൻ ആൽബം കൊടുത്തിട്ടുള്ളൂ . എന്നിട്ടും..... 😞)
ഇനി ഇങ്ങനെ കെട്ടിഘോഷിച്ച വിവാഹം നടത്തിയാൽ അവരുടെ ദാമ്പത്യം സന്തോഷപൂർണമായി തീരുമോ? ഇല്ലേയില്ല. അതിന് മനസ്സുകൊണ്ട് ഒന്നാവണം. മനസ്സുകൊണ്ട് ഒന്നാവാൻ ഈ ആഘോഷങ്ങളുടെ ഒന്നും ആവശ്യവുമില്ല. എങ്ങനെ കേമമായി വിവാഹം കഴിച്ചു വിട്ട മകൾ "എനിക്ക് അവനെ വേണ്ട" എന്ന് പറഞ്ഞു മൂന്നാം നാൾ വീട്ടിലേക്ക് തിരിച്ചുവരും. ഇനി പയ്യനോട് ചോദിച്ചാലും അവന്റെ മറുപടിയും അതുതന്നെ" എനിക്ക് അവളെ വേണ്ട".
അതുകൊണ്ട് മക്കളെ പഠിപ്പിച്ച്അവരുടെ സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾചെയ്യേണ്ടത്. അതായിരിക്കണം അവരുടെ ലക്ഷ്യവും. അല്ലാതെ അവർക്കായി കുറെ സമ്പാദ്യം ഉണ്ടാക്കി വെച്ചിട്ട് ഒരു കാര്യവുമില്ല. അവർ അവരുടെ ജീവിതം സ്വയം കരുപ്പിടിപ്പിക്കണം. കുട്ടികൾക്ക് താൽപ്പര്യം ജോലിയോ ബിസിനസോ എന്തായാലും അതിനവരെ പ്രാപ്തരാക്കണം. ഇനിയുള്ള ജീവിതം അവരുടേതാണ്. വിവാഹവും അവർ തന്നെയാണ് നടത്തേണ്ടതും. വധുവും വരനും സ്വന്തം വിവാഹം നടത്താനുള്ള ചിലവ് സ്വയം കണ്ടെത്തണം. സ്വന്തം വിവാഹം എങ്ങിനെ നടത്തണമെന്നും എവിടെ നടത്തണമെന്നും അവർ തന്നെ തീരുമാനിക്കട്ടെ. രണ്ടുപേരുടെയും സാമ്പത്തിക സ്ഥിതി നോക്കി അവർക്ക് തീരുമാനിക്കാമല്ലോ. സ്വന്തം പൈസ ചിലവാകും എന്നാകുമ്പോൾ വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ച് നടത്താമെന്നും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരു പാർട്ടി മാത്രം കൊടുത്താൽ മതിയെന്നും ഈ നവവധുവരന്മാർ തന്നെ തീരുമാനിക്കും. അങ്ങനെയായാൽ അവർക്ക് ഹൽദിയും വേണ്ട, മെഹന്ദിയും വേണ്ട. പ്രീ വെഡിങ് ഷൂട്ടും, ആഘോഷവും വേണ്ടേ വേണ്ട. ഇനി " ആഘോഷമൊന്നും ഇല്ലേ? നിന്റെ സുഹൃത്തിന്റെ വിവാഹം പോലെ കേമമാക്കണ്ടേ " എന്ന് നമ്മൾ ചോദിച്ചാൽ" എന്തിന്? വെറുതെ പൈസ കളയാൻ ഞങ്ങളില്ല. ഞങ്ങൾക്ക് ഇതു മതി " എന്നാവും ഉത്തരം. അച്ഛന്റെ പോക്കറ്റിൽ നിന്നും ചെലവാക്കുമ്പോൾ അറിഞ്ഞില്ല എങ്കിലും സ്വന്തമായി സമ്പാദിച്ച ഓരോ പൈസയും ചിലവഴിക്കും മുൻപ് അവർ പലവട്ടം ആലോചിക്കും. മറ്റുള്ളവരെ കാണിക്കാനായുള്ള വിവാഹമെന്ന ആർഭാടത്തിന് അല്ലാ വിവാഹ ശേഷമുള്ള ജീവിതത്തിനു വേണ്ടി ഈ തുക അവർക്ക് ചിലവാക്കാൻ സാധിക്കും. വിവാഹം കഴിഞ്ഞാൽ ഞങ്ങൾ ഒരു കുടുംബം ആണെന്നും, മാതാപിതാക്കൾ ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട എന്നുമാണല്ലോ അവരുടെ കാഴ്ചപ്പാട്. അങ്ങനെയെങ്കിൽ വിവാഹ ചിലവും അവർ തന്നെ കണ്ടെത്തട്ടെ.
അച്ഛന്റെയും അമ്മയുടെയും കടമയാണ് തങ്ങളുടെ വിവാഹം നടത്തുന്നത് എന്നാണ് മക്കളുടെ വാദം. എന്നാൽ ഇതേ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് സത്യം ഇവർ സൗകര്യപൂർവം മറക്കുന്നു. പകരം എന്തും സഹിക്കുന്ന സഹോദരന്റെയോ സഹോദരിയുടെ തോളിലേക്ക് "ആ ഭാരം" എടുത്തുവെച്ച് അവർ തലയൂരും. ഇനി അങ്ങനെ ആരും ഇല്ലെങ്കിൽ പിന്നെ ആ അച്ഛനമ്മമാർക്ക് ശരണം അനാഥാലയങ്ങളും വൃദ്ധാശ്രമങ്ങളും മാത്രം. മക്കളുടെ വിവാഹം അവരുടെ ആഗ്രഹപ്രകാരം പൊടിപൊടിക്കാൻ വാങ്ങിയ കടം വീട്ടാൻ കഴിയാതെ സ്വയം ജീവൻ വെടിഞ്ഞാലും അത്ഭുതപ്പെടാനില്ല.
അതിനാൽ മക്കളുടെ ഇഷ്ടത്തിനായി ഉള്ളത് വിറ്റും കടം വാങ്ങിയും ചിലവാക്കാതെ തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചു വെക്കുക. അവസാനകാലത്ത് നമ്മളെ ആരെങ്കിലും സഹായിക്കാൻ ഈ സമ്പാദ്യം ഒരു കാരണമായേക്കും. വയസ്സായവരെയും രോഗികളായവരെയും മക്കൾപോലും കൈയൊഴിയുന്ന ഈ കാലത്ത് സ്വന്തമായി അല്പം സമ്പാദ്യം ഉണ്ടായിരിക്കേണ്ടത് ഓരോ അച്ഛനമ്മമാരുടെയും ആവശ്യമാണ്. അതവരുടെ ധൈര്യമാണ്. ഇന്നത്തെ ഈ മക്കളും നാളെ വാർദ്ധക്യത്തിൽ എത്തുമ്പോൾ ഈ രീതി തന്നെ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഏറെ സ്നേഹത്തോടെ
മീര നമ്പൂതിരി. 😊
No comments:
Post a Comment