2024 ഓഗസ്റ്റ് 9 നു രാവിലെ ഒരു യുവ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തി എന്ന വാർത്ത ഭാരതത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ R K കർ ആശുപത്രിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിയായിരുന്നു ഈ 31 വയസ്സു മാത്രമുള്ള വനിതാ ഡോക്ടർ. തുടർച്ചയായ 36 മണിക്കൂർ നേരം നീണ്ട ഡ്യൂട്ടിക്ക് ശേഷം അല്പം വിശ്രമത്തിനായാണ് അവൾ സെമിനാർഹോളിൽ എത്തിയത്. എന്നാൽ അത് തന്റെ ദാരുണമായ മരണത്തിനിടയാക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല. താൻ പഠിക്കുന്ന ആ ഇൻസ്റ്റിറ്റ്യൂഷനിൽ അവൾക്ക് അത്രമാത്രം വിശ്വാസം ഉണ്ടായിരുന്നിരിക്കണം. പക്ഷേ ആ യുവ ഡോക്ടറെ അവിടെ കാത്തിരുന്നത് രക്തകൊതി തീരാത്ത ചെകുത്താന്മാരായിരുന്നു. ( ആ കശ്മലന്മാരെ ഒരിക്കലും മൃഗങ്ങളോടുപമിക്കുകയില്ല. ഒരു മൃഗവും തന്റെ വർഗ്ഗത്തിൽപ്പെട്ടവയെ ഇങ്ങനെ പൈശാചികമായി ആക്രമിക്കുകയില്ല.) എങ്ങനെയാണ് അവൾ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടതെന്ന് വിവരിക്കുവാൻ പോലും എനിക്കാവുന്നില്ല. അത് അത്രമാത്രം ദാരുണമാണ്. ഒരു സ്ത്രീക്ക്- ഒരമ്മയ്ക്ക്- സങ്കൽപ്പിക്കാൻ പോലും ഒരിക്കലും കഴിയാത്ത വിധത്തിലാണ് അവളെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്തിയത്.
എട്ടാം തീയതി രാത്രി 11 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സെമിനാർ ഹാളിൽ എത്തിയ ഈ പെൺകുട്ടി, തന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പറഞ്ഞു. എന്നാൽ രാവിലെ ഏഴു മണിയോടെ,തന്റെ മകൾ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്അവർക്കു ലഭിച്ചത്. ഈ വാർത്ത ഒരല്പം പോലും വിശ്വസിക്കാതെ അവർ വേഗം ഹോസ്പിറ്റലിൽ എത്തി. അവിടെയെത്തി മൂന്നു മണിക്കൂറിനു ശേഷമാണ് ആ അച്ഛനെ മകളുടെ മൃതദേഹം കാണിക്കാൻ അവർ തയ്യാറായത്. മൃതദേഹത്തിന്റെ അവസ്ഥ ഒരഛനും കാണാൻ കഴിയാത്ത തരത്തിലായിരുന്നു. അവളുടെ കണ്ണടയുടെ ചില്ലുകൾ കണ്ണുകളിൽ കുത്തിക്കയറിയ നിലയിലും കാലുകൾ 90 ഡിഗ്രി അകലത്തിലും ആയിരുന്നു. പ്രത്യേക പരിശീലനം ലഭിക്കാത്ത സാധാരണ മനുഷ്യർക്ക് സ്വയം കാലുകൾ ഇത്തരത്തിൽ അകറ്റുവാൻ സാധിക്കുകയില്ല. മരണത്തിൽ അസ്വാഭാവികത കണ്ട ഡോക്ടർമാർ സംഘടിക്കുകയും ഒടുവിൽ അവരുടെ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ആരംഭിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.
C K ബിർള ഹോസ്പിറ്റലിലെ ഡോക്ടർ രാജധാർ നടത്തിയ പരിശോധനയിൽ വെളിപ്പെട്ട കാര്യങ്ങൾ കൂടുതൽ ഞെട്ടിക്കുന്നതായിരുന്നു. തന്റെ ഔദ്യോഗിക കാലയളവിൽ ഇത്രയും ഭയാനകമായ പീഡന അനുഭവം ആരെങ്കിലും അനുഭവിച്ചതായി അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലുള്ള മുറിവുകൾ കൂടാതെ ആ ശരീരത്തിൽ മുറിവ് പറ്റാത്ത ഒരു ഇഞ്ച് സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ഡോക്ടർ പറയുന്നു. കൂടുതൽ ആൾക്കാർ ചേർന്നല്ലാതെ ഒരാൾക്ക് ഒറ്റയ്ക്ക് ഇങ്ങനെ പീഡിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഈ കണ്ടെത്തലിനെ കൂടുതൽ ശക്തമാക്കുകയാണ് ഡോക്ടർ സുവർണ്ണ ഗോസ്വാമി യുടെ ഓട്ടോപ്സി റിപ്പോർട്ട്. അത് പ്രകാരം അവളുടെ ഉള്ളിൽ നിന്നും 151 mg ശുക്ലം കണ്ടെത്തിയതായി ഡോക്ടർ സുബർണ്ണ ഗോസ്വാമി പറയുന്നു. ( ഇത് ശരിയല്ലെന്ന് കേസ് അന്വേഷിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ ആരെ സഹായിക്കാനാണെന്ന് സമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.) സാധാരണയായി, ഒരു പുരുഷനിൽ നിന്നും പുറത്തു വരുന്ന സെമന്റെ അളവ് 1.5 മുതൽ 5mlവരെയാണ്. അപ്പോൾ ഈ ഉയർന്ന അളവ്, ഈ പിശാചുക്കളുടെ എണ്ണം എത്രയായിരിക്കാം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ മുഖം, ഇടതുകാൽ, വയർ, വലതു കൈ, ചുണ്ട്, കഴുത്ത് എന്നിവിടങ്ങളിലെല്ലാം ആഴത്തിലുള്ള മുറിവുകളും, സ്വകാര്യഭാഗങ്ങളിൽ നിന്നും, വായിൽ നിന്നും,കണ്ണിൽ നിന്നും രക്തം വന്ന നിലയിലും ആയിരുന്നു. അവളുടെ പെൽവിക് ബോൺ ( ഇടുപ്പെല്ല് ) പൊട്ടിയതിൽ നിന്നും അവിടെയുണ്ടായ ആഘാതം എത്രയായിരിക്കും എന്ന് വേദനയോടെ നമുക്ക് ഊഹിക്കാം.
ഇത്രയും ക്രൂരത നടത്തിയ ഈ ചെകുത്താന്മാരെ കണ്ടെത്താൻ ആദ്യം സർക്കാർ വലിയ താല്പര്യം കാട്ടിയില്ലെങ്കിലും ഡോക്ടർമാരുടെ ശക്തമായ പ്രതിരോധത്തോടെ ഒടുവിൽ സിബിഐ ക്ക്കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അതിനിടെ അന്വേഷണത്തിന് തകിടം മറിക്കുവാൻ ഒരു വിഭാഗം ആളുകൾ( അവരെ ഇങ്ങനെ അല്ല പറയേണ്ടത് ) കലാപം ഉണ്ടാക്കിയത് ഇതിന്റെ തെളിവുകൾ നശിപ്പിക്കാൻ മാത്രമാണെന്നാണ് പൊതുജനങ്ങളുടെയും ഡോക്ടർമാരുടെയും വിലയിരുത്തൽ.
ഇപ്പോൾ സുപ്രീംകോടതി ഈ സംഭവത്തിന്മേൽ സ്വമേധയാ കേസെടുക്കുകയും 20/8/2024 ൽ ഹിയറിങ്ങിന് വെക്കുകയും ചെയ്തു. വെസ്റ്റ് ബംഗാൾ സർക്കാറിനെ അതി രൂക്ഷമായിതന്നെ സുപ്രീംകോടതി വിമർശിച്ചു. ബലാൽസംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ, FIR രജിസ്റ്റർ ചെയ്യാൻ പതിനാലു മണിക്കൂറോളം വൈകിയത് എന്തുകൊണ്ടാണെന്ന് വസ്തുത അങ്ങേയറ്റം വിഷമിപ്പിക്കുന്നു എന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷിക്കാനും സംഭവം മറിച്ചു വെക്കാനും ഉള്ള ശ്രമമാണോ ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സിബിഐ അഞ്ചാം ദിവസം സംഭവ സ്ഥലത്ത് പരിശോധനയ്ക്കായി എത്തുമ്പോഴേക്കും അവിടമെല്ലാം മറ്റു ജോലികൾക്കായി മാറ്റിമറിക്കപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയായി ഇതിനെ കാണാം. ആദ്യം മാതാപിതാക്കളെ അറിയിച്ചത് പെൺകുട്ടിക്ക് സുഖമില്ലെന്നാണ്, ആത്മഹത്യ ചെയ്തു എന്ന് പിന്നീട് മാറ്റി പറഞ്ഞു. പെൺകുട്ടി മരിച്ചു എന്ന് ഉറപ്പുണ്ടായിട്ടും അവൾ ബോധരഹിതയാണെന്നാണ് ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചത്. ഡോക്ടർമാരായിട്ടും അവർക്ക് മരിച്ച അവസ്ഥയും ബോധരഹിതമായ അവസ്ഥയും തമ്മിൽ തിരിച്ചറിയാൻ കഴിവില്ലെങ്കിൽ അത്ഡോക്ടർ പദവിക്ക് തന്നെ അപമാനമാണ്. കൊലപാതകം നടന്നത് അതിരാവിലെ ആയിരുന്നുവെങ്കിൽ വൈകിട്ട് ആറിനും ഏഴിനും ഇടയ്ക്ക് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് രാത്രി 11. 45നും. ഇതും സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതായി കോടതി വിലയിരുത്തി.
ഈ കേസിൽ വെസ്റ്റ് ബംഗാൾ സ്റ്റേറ്റ്നായി വാദിക്കാൻ കപിൽ സിബൽ അടക്കമുള്ള മികച്ച 21 അഭിഭാഷകരാണ് ഉള്ളത്. ഇതിൽ കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പെട്ട കപിൽ സിബൽ പാർട്ടിയുടെ സമ്മർദ്ദം മൂലം പിന്മാറി എന്നും കേൾക്കുന്നു. ഇതിൽ പല അഭിഭാഷകരും ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് ഫീസ് ആയി വാങ്ങുന്നത്. അപ്പോൾ പ്രതികളെ സംരക്ഷിക്കാൻ ഇത്രമാത്രം ഫീസ് കൊടുത്ത് അഭിഭാഷകരെ വയ്ക്കുന്നത് ആരായിരിക്കും? ഏതു വമ്പനാണ് ഈ കേസിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്നത്? ടാക്സ് ഇനത്തിൽ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയാണ് സംസ്ഥാന സർക്കാർ ജനങ്ങളോട്ഇത്തരം അതിനിഷ്ടൂരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കാനായി ചെലവാക്കുന്നത് എന്നതിൽ ലജ്ജ തോന്നുന്നു. സർക്കാർ പോലും ഇന്ന് ഇത്തരം പ്രതികൾക്കൊപ്പം ആണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എന്തായാലും ഭാരതത്തിലെ എല്ലാ ഡോക്ടർമാരും ഇതിനെതിരെ സംഘടിച്ചത് വളരെ നന്നായി. ഇനി ഒരിക്കലും ആർക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടാകരുത്. ഈ പെൺകുട്ടി ഒരു ഡോക്ടർ ആയതുകൊണ്ട് അവളുടെ തൊഴിൽ മേഖലയിൽ ഉള്ളവർ അവൾക്ക് വേണ്ടി ശബ്ദമുയർത്തി. എന്നാൽ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കിൽ അവൾക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ടാവും? ആദ്യം ആരെങ്കിലുമൊക്കെ കുറച്ച് പ്രതിഷേധവുമായി വരും. പിന്നീട് അവളെ കുറ്റപ്പെടുത്താനും അവളുടെ പോരായ്മകൾ കണ്ടെത്താനും ആളുകൾ മുന്നിട്ടിറങ്ങും. അങ്ങനെയാ കേസ് തേഞ്ഞുമാഞ്ഞു പോകും. ഇത് ഇവിടെ നടക്കുന്ന പല ബലാത്സംഗകേസുകളിലും കൊലപാതങ്ങളിലും നമ്മൾ കാണുന്നതാണ്. അതിനാൽ ഈ കേസ് എങ്കിലും ശക്തമായി മുന്നോട്ടു കൊണ്ടുപോയി കുറ്റക്കാരായവർക്ക് അതികഠിനമായി ശിക്ഷതന്നെ കൊടുക്കണം (എന്റെ അഭിപ്രായത്തിൽ ശാരീരികമായും മാനസികമായും അവരെ പൂർണമായും തളർത്തിയതിനു ശേഷം മാത്രം തൂക്കിക്കൊല്ലാൻ ശിക്ഷിക്കണം. ഒറ്റയടിക്ക് തൂക്കിക്കൊന്നാൽ ഈ പാവം പെൺകുട്ടി അനുഭവിച്ച ദുസഹമായ വേദന അവർക്ക് മനസ്സിലാവില്ലല്ലോ) . ഇനി ഒരു സ്ത്രീയെ കാണുമ്പോൾ കാമവെറിയോടെ ആരും ആക്രമിക്കരുത് . ഒരു സ്ത്രീയും ഇതിന്ഇരയാകരുത്.
ബലാത്സംഗം എന്ന് പറയുന്നത് വളരെ സാധാരണമായി കഴിഞ്ഞു എന്ന് സംശയം തോന്നുന്ന വിധത്തിലാണ് ഇപ്പോൾ ക്രൈം റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ൽ 32,033 ബലാൽസംഗ കേസുകളാണ് NCRB( നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ) പ്രകാരമുള്ളത്. അതായത് 16 മിനിറ്റിൽ ഒരു റേപ്പ് നടക്കുന്നു എന്ന രീതിയിൽ. 2018 ൽ ഇത് 15 മിനിറ്റിൽ ഒന്ന് എന്ന രീതിയിൽ ആയിരുന്നു. 2022 ൽ ഇത്തരത്തിലുള്ള 31,516 കേസുകളാണ് ഉണ്ടായത്. 2021 ലെ കണക്കനുസരിച്ച് പ്രതിദിനം ഏകദേശം 86 ബലാത്സംഗകേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതെല്ലാം രജിസ്റ്റർ ചെയ്തവയാണെങ്കിൽ, കുറ്റക്കാരെ ഭയന്നും,മാനഭയം മൂലവും രജിസ്റ്റർ ചെയ്യാതിരിക്കുന്ന എത്രയോ സംഭവങ്ങൾ ഉണ്ടാവും. ഉണ്ടാവും എന്നല്ല ഉണ്ട് എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം.
ഇത്തരത്തിൽ ഈ ഹീനമായ കുറ്റകൃത്യം വർദ്ധിക്കുന്നതിന് പ്രധാന കാരണം കുറ്റവാളികളുടെ ഭയമില്ലായ്മയാണ്. എന്തുണ്ടായാലും തങ്ങൾ രക്ഷപ്പെടും എന്ന് ധൈര്യം. ഇത് പണംമൂലമോ രാഷ്ട്രീയ സ്വാധീനം മൂലമോ ആകാം. അതിനാൽ ഇത്തരക്കാർക്ക് അധികഠിനമായ ശിക്ഷ നൽകാൻ കോടതികൾ തീരുമാനമെടുക്കണം. കോടതിയുടെ മൂടിക്കെട്ടിയ കണ്ണുകൾ അഴിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും കണ്ണ് തുറക്കണം. നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടികൾ കാണണം. കുറ്റക്കാർക്ക് കർശനശിക്ഷ നൽകാൻ കഴിയില്ല എങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസവും നഷ്ടപ്പെടും. ഇന്ന് സാധാരണക്കാരന്റെ ഏക ആശ്രയമാണ് കോടതി. ബാക്കിയുള്ളതെല്ലാം പണത്തിനും സ്വാധീനമുള്ളവർക്കും മാത്രമായി കഴിഞ്ഞു. ഇനി അവസാന ആശ്രയമായ കോടതി കൂടി കൈയ്യൊഴിഞ്ഞാൽ പിന്നെ മറ്റു മാർഗ്ഗമില്ലാത്ത സാധാരണ ജനങ്ങൾ നിയമം കയ്യിലെടുത്തേക്കും. അതിനാൽ ജനദ്രോഹികളായവരെ അവരുടെ രാഷ്ട്രീയ- സാമ്പത്തിക- സ്ഥാനമാനങ്ങൾ നോക്കാതെ കർശനമായി ശിക്ഷിച്ചാൽ മാത്രമേ നിയമം ശരിയായി രീതിയിൽ പാലിക്കപ്പെടു. കണ്ണിന് -കണ്ണ്, പല്ലിന് - പല്ല് എന്ന രീതിയിൽ നിയമം നടപ്പാക്കുന്നതോടെ ഈ ജനദ്രോഹ പ്രവർത്തികൾ കുറയും എന്നതിൽ സംശയമില്ല. നിയമം സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന നിലയിൽ ഉള്ളവർക്ക് മാത്രമല്ല സാധാരണ ജനങ്ങൾക്കും കൂടിയാണെന്ന് അവർക്ക് ബോധ്യപ്പെടാൻ ഇത് ഉപകരിക്കും. അത് നേടുന്നതുവരെ നമ്മൾ ശക്തമായി പോരാടിയെ പറ്റൂ.
ഈ യുവ ഡോക്ടറുടെയും ഇതേ രീതിയിൽ കൊല്ലപ്പെട്ട മറ്റു പെൺകുട്ടികളുടെയും ആത്മാവിന് മോക്ഷം കിട്ടുവാനായി പ്രാർത്ഥിച്ചുകൊണ്ട്,
മീരാ നമ്പൂതിരി 🙏
No comments:
Post a Comment