ഇന്ന് കാണുന്ന ക്രൂരതകളും ദുരന്തങ്ങളും മനുഷ്യനായി പിറന്നവരുടെ മനസ്സ് മരവിപ്പിക്കും. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ നഷ്ടമായ ജീവനുകളും ജീവിതവും കണ്ട് കണ്ണുനീർ വറ്റും മുൻപേ, ബംഗ്ലാദേശിലെ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തുകയും ആ മൃതദേഹങ്ങളോടു പോലും സഹിക്കാനും ക്ഷമിക്കാനും കഴിയാത്ത രീതിയിൽ പരസ്യമായി അപമാനിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടു. അല്ല കണ്ടുകൊണ്ടിരിക്കുന്നു എന്ന് തന്നെ പറയണം. വയനാട്ടിലെ ദുരന്തം പ്രകൃതിദുരന്തമാണെന്ന് പറയുന്നുണ്ടെങ്കിലും ചില മനുഷ്യരുടെ സ്വാർത്ഥതയും ധനത്തോടുള്ള ആർത്തിയുമാണ് ഇതിന് കാരണം എന്ന് പറയേണ്ടിവരും. ആർക്കെന്തു പറ്റിയാലും എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന് ചിന്തയാണ് പശ്ചിമഘട്ടത്തിലെ വയനാട് ഉൾപ്പെടെയുള്ള അതിലോല പ്രദേശങ്ങളിൽ ക്വാറികളും ഖനനവും നിർമ്മിതികളും തുടങ്ങുവാനുള്ള കാരണം. ഇതിന്റെ നഷ്ടം പാവപ്പെട്ട കുറെ മനുഷ്യർക്കു മാത്രം. എല്ലാം നഷ്ടപ്പെട്ട്- സ്വന്തക്കാരും, ബന്ധുക്കളും, ജീവിതോപാധികളും, സമ്പത്തും എല്ലാം- ഇനി എന്തുവേണമെന്ന് അറിയാതെ മരവിച്ചിരിക്കുന്ന കുറെ മനുഷ്യരാണ് ബാക്കി. ഇപ്പോഴും അവിടെ തിരച്ചിൽ തുടരുന്നു. കിട്ടുന്നത് മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മാത്രം. ആരുടേത് എന്നറിയില്ല എങ്കിലും സർവ്വമത പ്രാർത്ഥനയോടെ അവയും ഒരു മൃതദേഹത്തിന് നൽകേണ്ട എല്ലാ ബഹുമാനവും നൽകി സംസ്കരിക്കുകയാണ്. ഇവിടെ സേനയ്ക്ക് കൂട്ടായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എല്ലാ മത- രാഷ്ട്രീയത്തിൽ പെട്ടവരും, ഗ്രൂപ്പ് തിരിഞ്ഞ് സഹായവുമായി ഇവിടത്തെ ജനതയ്ക്കൊപ്പം കൂടി. എല്ലാ ചാനലുകളും ഏറെ പ്രാധാന്യത്തോടെയാണ് വയനാട്ടിലെ ദുരന്തം റിപ്പോർട്ട് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. അവിടെ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ഒരു മറയുമില്ലാതെ നമ്മുടെ മുമ്പിൽ എത്തുന്നു. ജനങ്ങളും അകമഴിഞ്ഞ സഹായവുമായി വയനാട്ടിലെ ജനതയ്ക്കൊപ്പം നിൽക്കുന്നു.
എന്നാൽ മതത്തിന്റെ പേരിൽ ഒരു കൂട്ടം ആളുകളെ ആക്രമിച്ചു മൃഗീയമായി കൊലപ്പെടുത്തുന്നതാണ് ബംഗ്ലാദേശിലെ വേദനിപ്പിക്കുന്ന കാഴ്ച. മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന ഈ സംഭവത്തിന് പക്ഷേ മാധ്യമങ്ങൾ ഒരു പ്രാധാന്യവും നൽകുന്നില്ല എന്നത് വല്ലാതെ അമ്പരപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് ജനങ്ങൾ വിവരമറിയുന്നത്. ഇവിടുത്തെ കാഴ്ച കാണുമ്പോൾ അറിയാതെ ചോദിച്ചു പോകും, മനുഷ്യന്ഇത്രമാത്രം ക്രൂരനാവാൻ കഴിയുമോ? സഹജീവിയെ വെറും മതത്തിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്താൻ അവന്എങ്ങനെ സാധിക്കുന്നു? അപകടത്തിൽ പെടുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ പോലും നമുക്കുള്ളിൽ വിങ്ങൽ ഉണ്ടാക്കുമ്പോൾ അടിയും തൊഴിയുമേറ്റ ഒരു മനുഷ്യൻ കരയുന്ന ശബ്ദം കേൾക്കാൻ കഴിയാത്ത വണ്ണം അവർ ബധിരരായോ? ഈ നിലവിളി കേട്ട് എങ്ങനെയാണ് അവർക്ക് അട്ടഹസിച്ചു ചിരിക്കാൻ സാധിക്കുന്നത്? മതം അവരുടെ ഹൃദയത്തെ പോലും ഇല്ലാതാക്കിയോ? സ്വന്തം ശരീരത്തിൽ ഒരു മൊട്ടുസൂചി കൊണ്ടാൽ പോലും വേദനിക്കുന്നവന് മറ്റൊരാളെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്ന പോലെ എങ്ങനെ കൊല്ലാൻ പറ്റും? സ്ത്രീകളെ- പിഞ്ചു കുഞ്ഞുങ്ങൾ മുതലുള്ളവരെ - ശാരീരികമായി ആക്രമിച്ച്അതിഭീകരമായ രീതിയിൽ ബലാത്സംഗം ചെയ്തും മറ്റും കൊലപ്പെടുത്തുന്നു. എന്ത് തെറ്റാണവർ ചെയ്തത്? ഹിന്ദുമതത്തിൽ ജനിച്ചതാണോ അവരുടെ കുറ്റം? ഇതൊക്കെ ന്യായീകരിക്കാൻ മനുഷ്യജന്മം എടുത്തവർക്ക് സാധിക്കുമോ? പ്രകൃതിദുരന്തം നിമിഷം കൊണ്ട് കഴിഞ്ഞു എങ്കിൽ ഇവിടെ മരണത്തെ അതിന്റ ഭീഭത്സതയിൽ മുന്നിൽകണ്ട്, ഉറ്റവരെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തുന്നത് കണ്ട് മണിക്കൂറുകളോളം വേദന അനുഭവിച്ച് കൈകൂപ്പി ദയനീയമായി കരയുമ്പോഴാണ് ക്രൂരമരണം അവരിലേക്ക് എത്തിയത്.
മാധ്യമങ്ങളിലും ചാനലുകളിലും ഒന്നും ഇതൊരു വാർത്തയല്ല. ആര് ആർക്കെതിരെ ആക്രമണം നടത്തിയാലും അത് പുറത്തു കൊണ്ടുവരാനുള്ള കടമ മാധ്യമങ്ങൾക്കുണ്ട്. ഇവിടെ അവർ തലയിൽ മുണ്ടിട്ട് അറിഞ്ഞ ഭാഗം കാണിക്കാതെ ഇരിക്കുന്നു. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരെ, നിങ്ങൾ ഈ രീതിയിൽ പെരുമാറുന്നത്? നിങ്ങളിലെ മനുഷ്യത്വവും ഇല്ലാതെയായോ? വയനാട്ടിലെ ജനങ്ങളുടെ നീതിക്കുവേണ്ടി സംസാരിച്ച നിങ്ങൾ ബംഗ്ലാദേശിലെ ക്രൂര മരണങ്ങൾ കാണുന്നില്ലേ? ചാനലുകൾക്ക് സത്യം പുറത്തുകൊണ്ടുവരാൻ എന്തിനാണ് ഈ മടി?
വയനാട്ടിൽ പ്രകൃതിയുടെ താണ്ഡവമാണെങ്കിൽ ബംഗ്ലാദേശിൽ ഒരു കൂട്ടം മനുഷ്യരുടെ ക്രൂരതയാണ് നടക്കുന്നത്. ആദ്യത്തേതിനേക്കാൾ എത്രയോ ഭീകരമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന അനീതിക്കെതിരെ മനുഷ്യവകാശ ധ്വമ്സനം എന്നും മറ്റും പേരിട്ട് വാർത്തകളായി ആഘോഷിക്കുന്നവർക്ക് ബംഗ്ലാദേശിലെ ഭയാനകമായ കൊലപാതകങ്ങൾ പ്രാധാന്യമില്ലാത്ത വിഷയമായോ?
ഞാൻ വെറും സാധാരണക്കാരിയായ ഒരു പത്രപ്രവർത്തകയാണ്. എന്റെ കയ്യിൽ ഉള്ള ഈ പേന മാത്രമാണ് എനിക്ക് സഹായമായി ഉള്ളത്. എങ്കിലും ലോകത്ത് നടക്കുന്ന ഇത്തരത്തിലുള്ള പൈശാചിക കൊലപാതകങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ പറ്റുന്നില്ല. വയനാട്ടിലെ ജനങ്ങളെ സഹായിക്കുമ്പോൾ മതത്തിന്റെ പേരിൽ അത് ക്രൂരമായി ഒരു വിഭാഗത്തെ മനപ്പൂർവ്വം കൊലപ്പെടുത്തുന്നതും കൂടി നിങ്ങൾ അറിയണം. ജനങ്ങളെ അറിയിക്കണം. എല്ലാവരും മനുഷ്യരാണ് എന്ന സത്യം മറക്കരുത്. ജനിച്ചപ്പോൾ കിട്ടിയ ജാതിയുടെയും മതത്തിന്റെയും പേരിൽ മറ്റൊരാൾക്കെതിരെ വിരൽചുണ്ടാനും കൊല്ലാനും ഒന്നും ആർക്കും അധികാരമില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എല്ലാം ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കുവാൻ അധികാരം ഉണ്ട്. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും ഒന്നും പേരിൽ ആരും ആരെക്കാളും മേലെ അല്ല. ആത്യന്തികമായി നമ്മൾ മനുഷ്യർ മാത്രമാണെന്ന് തിരിച്ചറിയണം. ജാതിയും മതവും എല്ലാം നമ്മുടെ വിശ്വാസമാണ്. അതിൽ വിശ്വസിച്ചുകൊണ്ട് ഒരാൾക്ക് ജീവിക്കാം. പക്ഷേ അതിനായി മറ്റൊരു ജീവനെ ഇല്ലാതാക്കരുത്. കൊല്ലപ്പെടുന്നവരുടെ നിലവിളികൾ ചുട്ടുപഴുത്ത ആണി പോലെ കാതുകളിൽ മുഴങ്ങുകയാണ്. ഈ ക്രൂരതകൾ നടത്തിയവരെ വീഡിയോയിൽ കണ്ടപ്പോൾ തേങ്ങലോതുക്കി മനസ്സിൽ അവരോട് ചോദിച്ചത് ഇത്രമാത്രം " ഈ ചെയ്യുന്ന പാപത്തിന്റെ ഫലം അനുഭവിചുതീർക്കാൻ നിങ്ങൾക്ക് വളരെ കൂടുതൽ ജന്മങ്ങൾ വേണ്ടിവരും.
മീര നമ്പൂതിരി😭
No comments:
Post a Comment