Monday, August 5, 2024

ഗാഡ്ഗിൽ പറഞ്ഞത് ആർക്കുവേണ്ടി

   പശ്ചിമഘട്ടങ്ങളിലെ അതിലോല പ്രദേശങ്ങളിൽ നടത്തുന്ന പ്രകൃതി നശീകരണം വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കും എന്നും, ഇങ്ങനെ പോയാൽ അതിന് നാലഞ്ചുവർഷം മതി എന്നും  ഉള്ള പ്രൊഫ. മാധവ്ഗാഡ്ഗിലിന്റെ കണ്ടെത്തലുകൾക്ക് അടിവര ഇടുകയാണ് ഇപ്പോൾ നടന്ന വയനാട് ദുരന്തം. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടലിൽ മരണം 226( 2024ഓഗസ്റ്റ് 4ലെ   സർക്കാർ  കണക്ക്) എന്നൊക്കെ പറയുന്നുണ്ടെങ്കിലും മരണം അതിന്റെയൊക്കെ ഇരട്ടിലേറെ ഉണ്ടാകുമെന്നാണ് അനൗദ്യോഗികമായി പറയുന്നത്. അതുപോലെ 500 ലേറെ വീടുകൾ ഇല്ലാതായി എന്നതും ശരിയല്ലെന്നു കേൾക്കുന്നു. എന്തായാലും എല്ലാം നഷ്ടപ്പെട്ടത് അവിടുത്തെ പാവപ്പെട്ട ജനങ്ങൾക്കു മാത്രം.  ഇവർക്ക് എന്തു കൊടുത്താലും എത്ര കൊടുത്താലും ഒന്നും ആ വേദനയ്ക്ക്  പകരമാവില്ലല്ലോ. 

    പശ്ചിമഘട്ടത്തിലുള്ള അതിലോലമായ ഈ പ്രദേശത്ത് കരിങ്കൽ ക്വാറികളും, ഖനനങ്ങളും,നിർമ്മാണങ്ങളുമെല്ലാം തീർത്തും തടയണമെന്നാണ് തന്റെ റിപ്പോർട്ടിൽ വളരെ പ്രാധാന്യം നൽകി പ്രൊഫസർ ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. പക്ഷേ ആ ഭൂമി വിട്ടുകളയാൻ താല്പര്യമില്ലാത്ത രാഷ്ട്രീയക്കാരും ചില മത മേലധ്യക്ഷന്മാരും സംസ്ഥാന സർക്കാരുകളും ഈ റിപ്പോർട്ടിനെതിരെ തിരിയുകയായിരുന്നു. ഈ റിപ്പോർട്ട് കർഷക വിരുദ്ധമെന്ന മട്ടിൽ നിറം കലർത്തി,പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്വന്തം ആവശ്യങ്ങൾ നിലനിർത്താനും പല സമരമുറകളുമായി അവർ മുന്നേറി. അങ്ങിനെ അവർ നേടിയ ഒരു താൽക്കാലിക വിജയത്തിന്റെ ഫലമാണ് ഇന്ന് വയനാട്ടിലെ പാവം ജനങ്ങൾ അനുഭവിക്കുന്നത്. അന്ന് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്തവരും, കർഷകവിരുദ്ധ റിപ്പോർട്ടെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിച്ചവരും ഇന്ന് എവിടെ? അവരാരെയും ദുരന്തമുഖത്ത് കാണാനില്ല. പണം നേടാൻ ആയി അവർ നിർമ്മിച്ച വീടുകളും വ്യവസായങ്ങളും സ്ഥലവും ഒലിച്ചു പോവുകയോ തകർന്നു പോവുകയോ ചെയ്തിട്ടുണ്ടാവാം. എന്നാലും അവർക്കോ അവരുടെ കുടുംബത്തിനോ ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായിട്ടില്ല. ഒരു ചെറിയ വിഭാഗത്തിന്റെ സ്വാർത്ഥ താല്പര്യത്തിനായി ഈ പാവം ജനങ്ങളുടെ ജീവനും സ്വത്തുമാണ് ബലി കൊടുക്കേണ്ടി വന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുക തന്നെ വേണം.

    ആർക്കുവേണ്ടിയായിരുന്നു പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്? അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയോ? പേരും പ്രശസ്തിയും നേടാൻ വേണ്ടിയോ? ഒന്നുമല്ല. നമ്മുടെ ജനങ്ങളെ പ്രകൃതിദുരന്തത്തിൽ നിന്നും സംരക്ഷിക്കുവാൻ മാത്രമായിരുന്നു. കർഷക വിരുദ്ധമായിരുന്നു എന്ന് പറയുന്നവരോട് പറയട്ടെ, അവിടെ കൃഷി  ചെയ്യരുത് എന്ന് പറഞ്ഞത് കർഷക വിരുദ്ധമായി തോന്നിയേക്കാം. എന്നാൽ അവിടുത്തെ കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളെ ഇത്തരം ദുരന്തങ്ങളിൽ നിന്നും രക്ഷിക്കുവാൻ ആയിരുന്നു അത് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ പാവം ജനങ്ങൾക്ക് കഴിഞ്ഞില്ല.  പലരും,ജനങ്ങൾ അത് മനസ്സിലാക്കാതിരിക്കാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്തു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തശേഷം, അത് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ ശ്രമിച്ചതിന് തന്റെ സിംബോളിക് ചരമയാത്ര വരെ സംഘടിപ്പിച്ച മത നേതാക്കന്മാരെ കുറിച്ച് അന്തരിച്ച മുൻ എംഎൽഎ പിടി തോമസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പുറത്തു വരരുതെന്നും നടപ്പാക്കരുത് എന്നും ഒരു വിഭാഗം ജനങ്ങൾക്കും സർക്കാരിനും വലിയ നിർബന്ധമായിരുന്നു. 

   പശ്ചിമഘട്ടത്തിലെ ഈ അതിലോല പ്രദേശങ്ങൾ ചെളി നിറഞ്ഞവയും വെള്ളം അധികമായി ചെല്ലുമ്പോൾ അടരുകളായി ഇടിഞ്ഞുവീഴുന്നവയുമാണ്. ഒരുതരത്തിലുള്ള നിർമിതികൾക്കും ഒട്ടും യോജിച്ചതല്ല. അവിടെ കരിങ്കൽ ക്വാറികളും  ഖനനവും മറ്റും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. വാസയോഗ്യമായ പ്രദേശങ്ങളിൽ പോലും വലിയൊരു പൊട്ടിത്തെറി ഉണ്ടാക്കിയാൽ ആ ശബ്ദത്തിന്റെ പ്രകമ്പനം മൂലം വീടുകളുടെ ഗ്ലാസുകൾ പൊട്ടിപ്പോകുന്നതും വീടുകളിൽ വിള്ളൽ വീഴുന്നതും ഒക്കെ നമുക്കറിയാം. അപ്പോൾ ഇങ്ങിനെയുള്ള അതിലോല ഭൂപ്രകൃതിയുള്ള  പ്രദേശങ്ങളിൽ ക്വാറികളുടെയും ഖനനത്തിന്റെയും മറ്റും ശബ്ദവും മുഴക്കവും ഭൂമിയിലെ അടരുകളെ കൂടുതൽ അകറ്റുകയും, വിള്ളലുകൾ വീഴ്ത്തുകയും ചെയ്യും. ഇത് മണ്ണിടിച്ചിലിനും മഴയുടെ ആധിക്യത്തിൽ ഉരുൾപൊട്ടലിനും കാരണമാകുന്നു.

  ഉരുൾപൊട്ടലിലൂടെ ഒരു ഭൂഭാഗം ഇല്ലാതാകുന്നതിനേക്കാൾ എത്രയോ ഭീകരമാണ് അവിടെയുള്ള ജനങ്ങൾ ഇല്ലാതെ ആകുന്നത്. അതിനാലാണ് അങ്ങനെയുള്ള സ്ഥലങ്ങളിൽ കൃഷിയും താമസവും ഖനനവും ഒന്നും പാടില്ല എന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷേ ഇതൊക്കെ ആര് കേൾക്കാൻ?  ആർത്തിയുള്ള കുറെ മനുഷ്യർ അവിടെ സ്ഥലങ്ങൾ വാങ്ങും, ക്വാറികൾ തുടങ്ങും. ഭയക്കേണ്ട എന്ന് പറഞ്ഞു പറ്റിച്ച് പാവങ്ങളെ അവിടെ താമസിപ്പിക്കും. വേണമെങ്കിൽ താമസിക്കാനുള്ള സൗകര്യംപോലും ചെയ്തു കൊടുക്കും. ഒടുവിൽ എല്ലാം ഒരു ഉരുൾപൊട്ടലിൽ അവസാനിക്കുമ്പോൾ ജീവനും,ജീവിതവും നഷ്ടമാകുന്നത് പാവപ്പെട്ടവന് മാത്രം. 

  പശ്ചിമഘട്ടം എന്നത് പർവതങ്ങളുടെ ഒരു നിരയാണ്. കേരളം, തമിഴ്നാട്, കർണാടക, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടവും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഭാരത സർക്കാർ ഒരു വിദഗ്ധസമിതിയെ രൂപീകരിച്ചു. വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്നത്തെ മന്ത്രിയായിരുന്ന ജയറാം രമേശ് ആണ് 2010 ഫെബ്രുവരി 9 പ്രൊഫസർ മാധവ്  ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള 14 പേരടങ്ങുന്ന ഒരു വിദഗ്ധസമിതി നിയോഗിച്ചത്. 2011ഓഗസ്റ്റ് 31ന് പ്രൊഫസർ ഗാഡ്ഗിൽ 522 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.44 ജില്ലകളിലെ 142 താലൂക്കുകളിൽ ആയാണ് 134 പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 75 താലൂക്കുകളിൽ നിന്നും 25 എണ്ണം ആണ് കേരളത്തിൽ ഉള്ളത്. ഈ പ്രദേശങ്ങളിൽ മൂന്നായി തരം തിരിച്ചിട്ടുണ്ട്. അത്യത്തിക ലോല പ്രദേശങ്ങൾ,  അധികലോലപ്രദേശങ്ങൾ, ലോല പ്രദേശങ്ങൾ എന്നിങ്ങനെ. ഇതിൽ കൂടുതൽ നിയന്ത്രണവും ഒന്നും രണ്ടും ഭാഗങ്ങൾക്കാണ്. 1 ൽ ഖനനം, പാറപൊട്ടിക്കൽ,  മണ്ണുവാരൽ, വനനശീകരണം ഇവയൊന്നും അനുവദിക്കരുത്. 2ൽ നിലനിൽക്കുന്ന ഖനനം തുടർന്നാലും പുതിയവ അനുവദിക്കരുത്. ജൈവകൃഷിയുടെ പ്രാധാന്യം, പ്ലാസ്റ്റിക് നിരോധനം, ജനിതകമാറ്റം വരുത്തിയ  കൃഷി പാടില്ല, സാമ്പത്തിക മേഖല, ഹിൽ സ്റ്റേഷൻ എന്നിവ ഒഴിവാക്കുക, ഏക തോട്ടവിളകൾ പാടില്ല,  സ്വകാര്യവൽക്കരണം അനുവദിക്കരുത്   തുടങ്ങി ഇത്തരം ഭൂവിഭാഗത്തിന് അനുയോജ്യമായ പല നിർദ്ദേശങ്ങളും പ്രൊഫസർ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്തവരുടെ ആശങ്കകൾ പരിഗണിച്ച് കെ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഒരു സമിതിയെ   പ്രത്യേക റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചു. സുപ്രധാനമായ സ്ഥലങ്ങളിലെ വിസ്തൃതിയിൽ ചില മാറ്റങ്ങൾ പറഞ്ഞു എങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിക്കുന്നതായിരുന്നു കസ്തൂരി രംഗന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ചൂടേറിയ ചർച്ചകൾക്ക്തന്നെ വഴിവച്ചു. ഇത് പ്രസിദ്ധീകരിക്കാതെ വനം- പരിസ്ഥിതി മന്ത്രാലയം പൂഴ്ത്തിവെച്ചു എങ്കിലും വിവരാവകാശ നിയമത്തിലൂടെ ഒടുവിൽ ഇത് പുറത്തുവന്നു. രാഷ്ട്രീയപാർട്ടികൾ, പല സമുദായ മത മേലാധ്യക്ഷൻ മാർ തുടങ്ങിയവർ ഇതിനെതിരായി. ഇടുക്കി രൂപത ഇതിനെതിരെ കുർബാനയ്ക്കിടെ ഇടയലേഖനം വായിച്ചതും നമ്മൾ മറന്നിട്ടില്ല. 

   ഉരുൾപൊട്ടലിന്  ക്വാറികൾ ഒരു പ്രധാന കാരണമാകുന്നു എന്ന് ഗാഡ്ഗിൽ അടിവരയിട്ട് പറയുന്നുണ്ട്. വയനാട്ടിൽ അതിഭീകരമായ പാറകളും വലിയ കല്ലുകളും വൃക്ഷങ്ങളും ഒഴുകിയെത്തിയാണ് വീടുകളെ നശിപ്പിച്ചത്. ഒഴുകിയെത്തിയ ഇത്തരം പാറകളുടെ ആഘാതത്തിൽ പലരുടെയും ശരീരഭാഗങ്ങൾ പോലും വേർപെട്ടുപോയി എന്ന് പറയുമ്പോൾപോലും ആ ഒഴുക്കിന്റെ ശക്തി എത്രയായിരുന്നു എന്ന് നമുക്ക് സങ്കൽപ്പിക്കാൻ  കഴിയില്ല.  മനുഷ്യർ വരുത്തിവെച്ച ഈ ദുരന്തത്തിന് പ്രകൃതിയെയല്ല കുറ്റം പറയേണ്ടത്. അവിടെ ഖനനവും, കരിങ്കൽ ക്വാറികളും, നിർമ്മാണങ്ങളും, റിസോർട്ടുകളും, എസ്റ്റേറ്റുകളും  മറ്റും ഉണ്ടാക്കിയവരെയാണ്. അതിനു അനുവാദം നൽകിയ സർക്കാർ സംവിധാനത്തെ ആണ്. പ്രകൃതിയെ ചതിച്ച്ഈപാവങ്ങളെ ബലിയാടാക്കിയവർ ആരായാലും ആരും അവരോട് പൊറുക്കില്ല. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയവരേ, നിങ്ങളോട്  കാലം കണക്കു ചോദിക്കും. ഇതിൽ പെട്ട് മരിച്ചു ജീവിച്ചവരുടെ ശാപത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല.

               ഭാരതീയ സേനയോടൊപ്പം എല്ലാറ്റിനും കൂടെനിന്ന് സഹായിച്ച സന്നദ്ധ പ്രവർത്തകരുടെ ആ നല്ല മനസ്സിനെ നമുക്ക് നമിക്കാം. ഈ ദുരന്തത്തിൽപ്പെട്ട ഓരോരുത്തർക്കും അവർ സഹോദരങ്ങളായി, മക്കളായി,രക്ഷകർത്താവായി കൂടെ നിന്നു. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന്റെ ശവസംസ്കാരം എന്നപോലെയാണ് അവർ ഓരോന്നും നടത്തിയത്.

 ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട് 🙏🙏

 മീര നമ്പൂതിരി.

   


   


       

1 comment:

Anonymous said...

സത്യം പറയുന്നവർക്ക് ചെവികൊടുക്കാതിരിക്കാം പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ഈ ദുരന്തം അതിനുള്ള തെളിവാണ്