Sunday, January 4, 2026

A beautiful post

 *Enjoyed reading this - hence posting here………*

*Brings back pictures of those wonderful days in mind in nostalgia…….*



*“There was a time.………”*


We had to go to school on our own because there was no custom of being dropped off by cycle or bus. Our parents never worried about what good or bad might happen after sending us to school.…..

😊😊


They never feared anything either,


Pass or fail — that’s all we knew. We had nothing to do with percentages.…… 🤪🤪


😛 Admitting to going for tuition was embarrassing because we might be considered fools...


🤣🤣🤣

We believed that placing peepal leaves, or peacock feathers in our books would make us intelligent and smarter.…….


☺️☺️ In cloth bags… in satchels… and later in aluminum cases…


We were experts at organizing our books and notebooks neatly...


😁 Every year, before starting a new class, we would cover our books and notebooks with brown paper — and this was no less than an annual celebration or a festival...


🤗 At the end of the year, we sold our books and bought used ones for the next year — and never felt ashamed.….. 


Because back then, neither books nor syllabus changed every year...


🤪 Our parents never felt like our studies were a burden...


😞 Giving one friend a ride on the front bar of our cycle and another on the rear carrier and wandering through the streets — that was our daily routine.…..,


We must have wandered endlessly this way.…….


🥸😎 Standing outside classroom holding our toes, or having our ears twisted until they turned red — never hurt our self-respect... because honestly, we didn’t even know what self-respect meant.…..😄


🧐😝 Getting scolded  at home or school was just a normal part of life.


😜 Playing barefoot cricket or football anywhere, with wooden planks and any kind of ball, was a joy only we knew.…….


😁 We never even asked for pocket money, and our father never gave any.……… as our needs remained very small - shoplifting used to be bet among friends those days.

😄


😁 We were never able to tell our parents how much we loved them because we didn’t even know how to say “I love you”.……


😀 Riding double or triple seat on school benches, and getting treats from friends at the small candy stall outside school in half-pants — we still remember that kindness...


Where are those friends now ???


😇 No matter where we are in the world now, the truth is we grew up in the real world and truly faced reality……..


🙃 Keeping clothes wrinkle-free and maintaining formalities in relationships was never our thing……


Besides breakfast and dinner, the joy of carrying rotis wrapped in newspaper in our tiffin is something today’s kids wouldn’t understand.……


😀 We don’t blame our fate — whatever life we’re living, we live it with joy, and this mindset helps us keep going… The life we lived simply can’t be compared with today’s…


😌 We don’t know if we were good or bad… but we had our time……


🙏🏻☺😊


One thing is for sure — whoever reads this entirely will definitely be reminded of many beautiful moments from their own past. 

❤️🙏🏻🙏🏻🪷

Monday, October 27, 2025

നേപ്പാളിലൂടെ ഒരു ആത്മീയ യാത്ര

 നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നതും മനോഹരമാക്കുന്നതും യാത്രകളാണ്. സ്ഥലം കാണുക എന്നതിനോടൊപ്പം അദ്ധ്യാത്മികതയുടെ പരിവേഷം കൂടി ഉള്ളതാകുമ്പോൾ അതിൽനിന്നുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്തരം യാത്രകൾ ശരിക്കും ആസ്വദിക്കുക തന്നെ വേണം. മുക്തിനാഥ് - പശുപതി- ജനക്പൂർ യാത്രയ്ക്ക് ( ഒപ്പം മറ്റു ക്ഷേത്രങ്ങളും ) മുമ്പ് ഒന്ന് ശ്രമിച്ചു എങ്കിലും  മറ്റു പല കാരണങ്ങളാൽ വേണ്ടെന്നു വെക്കേണ്ടി വന്നു. അന്ന് നഷ്ടബോധം തോന്നാതിരുന്നത് ഈ സ്ഥലങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണെന്ന് ഇന്ന് മനസ്സിലാക്കുന്നു. അടുത്ത യാത്രയിൽ അയോധ്യ കൂടി ഉൾപ്പെടുത്തിയതായി യാത്രിക ഗ്രൂപ്പിന്റെ ചീഫ് ജയൻനമ്പൂതിരി അറിയിച്ചപ്പോൾ മനസ്സിൽ വീണ്ടും ആഗ്രഹം ശക്തമായി. സീതയുടെ ജന്മസ്ഥലം കാണാൻ പോകുന്നതിനു മുമ്പ് രാമന്റെ  ജന്മസ്ഥലം കൂടി കാണുന്നതാണ്  കൂടുതൽ ആകർഷകമായത്. ഇതുവരെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു അയോധ്യാക്ഷേത്ര സന്ദർശനം. 18 പേരുള്ള സംഘത്തിലെ 9 പേർ 2025 ഒക്ടോബർ അഞ്ചിന് രാവിലെ തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ യാത്ര ആരംഭിച്ചു. മറ്റുള്ള ഒൻപത് പേർ ഫ്ലൈറ്റിൽ നേരിട്ട് അയോധ്യയിലെത്തി ഞങ്ങളോടൊപ്പം ചേർന്നു. സരയൂ നദി സന്ദർശിച്ച ശേഷമാണ് അയോധ്യ രാമ ക്ഷേത്രത്തിൽ  എത്തിയത്. അതി കർശനമായ സെക്യൂരിറ്റി,തിരക്കില്ലാത്ത നല്ല വൃത്തിയുള്ള അന്തരീക്ഷം. ചെരിപ്പും ബാഗും മറ്റും സൂക്ഷിക്കുവാൻ ധാരാളം കൗണ്ടറുകൾ. വേഗം നീങ്ങുന്ന ഭക്തരുടെ ക്യൂവിൽ ഞങ്ങളും ഇടം പിടിച്ചു. ക്ഷേത്രം എന്ന് പറയുമ്പോൾ നമ്മുടെ ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ക്ഷേത്ര മായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. തിരുനടയുടെ മുമ്പിൽ,മനസ്സുനിറയെ നിന്നു തൊഴാൻ അവസരം കിട്ടുമോ എന്നായിരുന്നു ചിന്ത. പക്ഷേ അവിടേക്ക് കടന്നപ്പോൾ ആ ഭയമെല്ലാം  അസ്ഥാനത്തായി. വടക്കേ ഇന്ത്യൻ ശൈലിയിൽ പ്ലാറ്റ്ഫോം പോലെയുള്ള തുറന്ന സ്ഥലത്താണ് ബാലരൂപത്തിലുള്ള ശ്രീരാമദേവന്റെ പ്രതിഷ്ഠ. അകത്തേക്ക് കടക്കും മുമ്പ് തന്നെ ഭഗവാനെ നമുക്ക് കൺ നിറയെ കാണാം. ദർശനത്തിന് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഏറെ സമയം ദർശനം കണ്ടുകൊണ്ട് നടക്കാനും സാധിക്കും. മഹാപുണ്യം. എത്ര വർഷങ്ങളുടെ കാത്തിരിപ്പാണ് സഫലമായത്! ഇപ്പോഴും അവിടെ ക്ഷേത്ര നിർമ്മാണം നടക്കുന്നതേയുള്ളൂ. ഇനിയും വളരെ വളരെ നിർമ്മിതികൾ അവിടെ ഉയരാൻ ഉണ്ട്. അതിനുവേണ്ട സ്തൂപങ്ങളും കൊത്തുപണികൾ ചെയ്ത തൂണുകളും അവിടെ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ക്ഷേത്ര പരിസരത്തെല്ലാം നിർമ്മാണ ജോലി തകൃതിയായി നടക്കുന്നു. ഇതിന്റെ പരിസരവും ചേർന്നുള്ള സ്ഥലങ്ങളുമെല്ലാം വികസനത്തിന്റെ പാതയിൽ ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

 രാമക്ഷേത്രത്തിന് സമീപത്തു തന്നെയാണ് ഹനുമാൻ ഗർഹി ക്ഷേത്രം. പത്താം നൂറ്റാണ്ടിലെ കോട്ട പോലെയുള്ള ഒരു ക്ഷേത്രമാണിത്. അഞ്ജന തന്റെ കുഞ്ഞു ഹനുമാനെ കയ്യിൽ എടുത്തിരിക്കുന്നതാണ്    പ്രതിഷ്ഠ. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്ത ഒരുപക്ഷേ നിങ്ങൾക്കറിയാവുന്ന സംഭവമായിരിക്കാം എങ്കിലും അതൊന്നു കൂടി പറയാൻ ആഗ്രഹിക്കുന്നു. കോടതിവിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച കാലം. വളരെ ശക്തമായ സെക്യൂരിറ്റി ആണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബോംബ് ഭീഷണിയെ തുടർന്ന് 1998ല്‍ അവിനാഷ് മിശ്ര എന്ന പോലീസ് ഓഫീസറും സംഘവും ക്ഷേത്രത്തിനു സമീപം സംശയാസ്പദമായി രീതിയിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തണുത്ത കുടിവെള്ള മെഷീന്റെ അരികിൽ രണ്ടു വയറുകളുമായി ഒരു ചെറു കുരങ്ങൻ കളിക്കുന്നത് കണ്ടത്. സംശയം തോന്നിയ പോലീസ് ഓഫീസർ  വാഴപ്പഴം നൽകി കൊച്ചുകുരങ്ങന്റെ ശ്രദ്ധ മാറ്റി അവിടെ നിന്നും ഓടിച്ച ശേഷം നോക്കിയപ്പോൾ ബോംബ് അവിടെയാണെന്ന് മനസ്സിലായി. ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് പുറത്തെടുത്തു. പൊട്ടുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ആ കൊച്ചു കുരങ്ങൻ ആ വയർ കടിച്ചു മുറിച്ച് ബോംബ് നിഷ്ക്രിയമാക്കിയതായി തിരിച്ചറിഞ്ഞു. ഇത് ഹനുമാൻ ആയിരുന്നു എന്നാണ് ഏവരുടെയും വിശ്വാസം. 

 ഇവിടെ നിന്നുമാണ് നേപ്പാളിലെ പൊഖാറ യിലേക്കുള്ള യാത്ര ആരംഭിച്ചത്.  നേപ്പാൾ ടൂറിസത്തിന്റെ കേന്ദ്രമായാണ് 8 തടാകങ്ങൾ ഉള്ള പൊഖാറയെ  പരിഗണിക്കുന്നത്. ഇവിടെ നിന്നുള്ള അന്നപൂർണ്ണ പർവ്വതനിരകൾ, fishtail മൗണ്ടൈനുകൾ എന്നിവയുടെ ദൂരക്കാഴ്ചകൾ അതിമനോഹരമാണ്. പൊഖാറയിൽ   ആദ്യം കണ്ടത് devis വെള്ളച്ചാട്ടമാണ്. വലിയ ശബ്ദത്തിലും ശക്തിയിലും താഴേക്ക് പതിക്കുന്ന ജലം ഉടൻ ഇരുണ്ട ആഴമുള്ള വലിയ പാറയുടുക്കിലേക്ക് മറയുന്ന അപൂർവ്വ കാഴ്ച. ഇതെവിടെ പോകുന്നു എന്ന സംശയം തീർത്തു തരാം എന്ന് പറഞ്ഞ് ജയൻ നമ്പൂതിരി പിന്നീട് ഞങ്ങളെ കൊണ്ടുപോയത് അല്പം അകലെയുള്ള ഗുപ്തേശ്വർ മഹാദേവ ഗുഹയിലേക്കാണ്. നേപ്പാളിലെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ ഇതിന് ഏകദേശം 5000 വർഷം പഴക്കമുണ്ട്. ഏകദേശം 3000 മീറ്റർ നീളവും 200ലേറെ  പടികളുമുള്ള ഈ  ഗുഹയുടെ കവാടത്തിന് ഏകദേശം 3 മീറ്റർ വീതിയും രണ്ടുമീറ്റർ ഉയരവും ഉണ്ട്. ഉള്ളിലുള്ള സ്വയംഭൂ ശിവലിംഗം തനിയെ വളർന്നുവരുന്നതായി പറയപ്പെടുന്നു. മുട്ടുവേദന ഉള്ളതിനാൽ ഗുഹയിലേക്ക് ഇറങ്ങുവാൻ അല്പം ഭയം തോന്നി എങ്കിലും ഇറങ്ങുകയും കയറുകയും ചെയ്യുന്നവരെ കണ്ടപ്പോൾ ധൈര്യത്തോടെ പടികൾ ഇറങ്ങാൻ തുടങ്ങി. ചില സ്ഥലങ്ങളിൽ ഗുഹ വളരെ ഇടുങ്ങിയതായി തോന്നും. കുറെ ചെന്നപ്പോൾ വലിയ ശബ്ദവും തണുത്ത കാറ്റും അനുഭവിച്ചു. അപ്പോൾ ഇനി പുറത്തേക്കാണെന്ന് കരുതിയെങ്കിലും വീണ്ടും വഴി കൂടുതൽ നീണ്ടു. ഒടുവിൽ അഭിമുഖമായിരിക്കുന്ന ശിവപാർവതിമാരുടെ വിഗ്രഹങ്ങൾക്ക് മുമ്പിൽ വഴി അവസാനിച്ചു. ഞാൻ നിൽക്കുന്ന പാറയുടെ താഴെ നിശ്ചലമായ ഒരു കുളം. ഇവിടെ പാറക്കരുകിൽ കൈവരികൾ പിടിപ്പിച്ചതിനാൽ താഴേക്ക് വീഴും എന്ന ഭയം വേണ്ട. അതിനരുകിൽ വീണ്ടും താഴേക്ക് ഇറങ്ങാൻ കമ്പികൾ കൊണ്ടുള്ള സ്റ്റെപ്പുകൾ ഉണ്ടെങ്കിലും കാലെങ്ങാനും തെറ്റിയാൽ നേരെ കുളത്തിൽ വീണാലോ എന്ന് ഭയന്ന് ഞാൻ മാറിനിന്നു. പക്ഷേ ജയൻ നമ്പൂതിരിയുടെ നിർബന്ധത്താൽ ഞാൻ താഴേക്കിറങ്ങി. അപ്പോഴാണ് ആ ശബ്ദത്തിന്റെ കാരണം മനസ്സിലായത്. Devis falls ൽ നിന്നും മറഞ്ഞ വെള്ളച്ചാട്ടം ഇവിടെ വീഴുന്നത് രണ്ടു പാറകളുടെ ഇടയിലെ ചെറിയ വിടവിലൂടെ കാണാം. അതിൽ നിന്നുള്ള ജലമാണ് കുളമായി രൂപപ്പെട്ടത്. എന്നാൽ ഇത്രയും ജലം ഒഴുകി എത്തിയിട്ടും കുളത്തിലെ ജലനിരപ്പ് ഒട്ടും ഉയരുന്നില്ല. അവിടെ നിന്നും ജലം മറ്റെവിടേക്കോ ഊർന്നു പോകുന്നുണ്ടാവും. വളരെ വളരെ ആത്മസംതൃപ്തിയും ഭക്തി രസവും പകരുന്ന ഒരു യാത്രയായിരുന്നു ഗുപ്തേശ്വർ മഹാദേവ ഗുഹക്കുള്ളിലേത്.

   വീണ്ടും പലപല ക്ഷേത്രങ്ങൾ സന്ദർശിച്ചു എങ്കിലും പ്രധാനമായി പറയാനുള്ള മുക്തിനാഥിലെ സന്ദർശനമാണ്. വിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിൽ ഒന്നാണ് മുക്തിനാഥ്. ഈ ക്ഷേത്രദർശനത്തിലൂടെ മുക്തി കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3800 മീറ്റർ ( ചിലയിടത്ത് 3710 എന്നും കണ്ടു) ഉയരത്തിലാണ് മുക്തിനാഥ ക്ഷേത്രം. കേദാർനാഥനേക്കാൾ (3583 മീറ്റർ) ഉയരത്തിൽ. (ബേസ് ക്യാമ്പിൽ നിന്നും ഏകദേശം 18 കിലോമീറ്റർ ഉയരത്തിലാണ് കേദാർനാഥ്. നടന്നോ, ഡോളിയിലോ  ഏകദേശം 8 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹെലികോപ്റ്ററിലോ ഇവിടെയെത്താം) എന്നാൽ മുക്തിനാഥിൽ വളരെ അടുത്തുവരെ വാഹനത്തിൽ പോകാം. ഏകദേശം 300 പടികൾ നടന്നു കയറണം. നടക്കാൻ പറ്റാത്തവർക്ക് കുതിരപ്പുറത്തോ ഡോളിയിലോ എത്താവുന്നതേയുള്ളൂ. മുകളിൽ എത്തിയാൽ രണ്ട് കുളങ്ങളും- പാപങ്ങൾ ഇല്ലാതാക്കുന്ന പാപകുണ്ട്, പുണ്യം നൽകുന്ന പുണ്യകുണ്ട്-  മുക്തിധാര എന്ന് വിളിക്കുന്ന 108 ജലധാരകളും ഉണ്ട്. രണ്ടു കുളത്തിലും കുളിച്ച് ശേഷമാണ് ജലധാരകളുടെ കീഴിലൂടെ നടക്കേണ്ടത്. ഇവിടുത്തെ അന്നത്തെ:താപനില മൈനസ് ഡിഗ്രിയാണ്. ഒരു തുള്ളി തീർത്ഥം കയ്യിലെടുത്താൽ കൈവെള്ള മരവിച്ചു കുഴിഞ്ഞു പോകുന്ന തണുപ്പ്. എന്നിട്ടും പലരും തീർത്ഥത്തിൽ സ്നാനം ചെയ്തു. ഞങ്ങടെ ഗ്രൂപ്പിൽ നിന്നും രണ്ട് സ്ത്രീകളടക്കം മൂന്നുപേർ  തീർത്ഥ സ്നാനം ചെയ്തു പുണ്യം നേടി. ക്ഷേത്രം വളരെ ചെറുതാണ്. ഷൂസൂരി കഴിഞ്ഞാൽ സോക്സ് ഉണ്ടെങ്കിൽ പോലും കാല് നിലത്ത് കുത്താൻ വയ്യാത്തത്ര മരവിച്ചു പോകുന്ന  തണുപ്പ്. ഏറ്റവും പ്രത്യേകത തോന്നിയത് ക്ഷേത്രത്തിനുള്ളിൽ ഭഗവാനരികിൽ നിന്നും പ്രസാദം തരുന്നത് സ്ത്രീയായിരുന്നു എന്നതാണ്. ഉള്ളിൽ പുരുഷ പൂജാരി ഇല്ലായിരുന്നു. അതുപോലെ വഴിപാടായ നെയ്  വിളക്ക് കൊളുത്തുന്ന സ്ഥലത്തും സ്ത്രീയാണ് നിന്നിരുന്നത്. അവിടെയുള്ള വിഷ്ണു പ്രതിഷ്ഠക്കു പുറമേ ലക്ഷ്മി, സരസ്വതി, ഗരുഡൻ, ഹനുമാൻ തുടങ്ങിയ ദേവതകളും ഉണ്ട്. ആ മഹാചൈതന്യത്തിനു മുമ്പിൽ തൊഴുത് പടികൾ ഇറങ്ങുമ്പോൾ, എത്ര ജന്മത്തെ പുണ്യമായിരിക്കാം എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് തോന്നി. 

 ബാഗ്മതി നദീതീരത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം ഒരു പ്രധാന ശിവക്ഷേത്രമാണ്. 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണിത്. ഇതിൽ പതിനൊന്നും ഇന്ത്യയിൽ ആണെങ്കിൽ ഇന്ത്യയ്ക്ക് വെളിയിലുള്ള ഒരേയൊരു ജ്യോതിർ ലിംഗം പശുപതിനാഥിലാണ്. ക്ഷേത്രത്തിനു മുമ്പിൽ ഏറെ വലുപ്പമാർന്നതും ലോഹത്തിൽ നിർമ്മിച്ചതുമായ  നന്ദി വിഗ്രഹം ഉണ്ട്. മൃഗമായി പുനർജനിക്കാതിരിക്കാൻ പ്രധാന പ്രതിഷ്ഠയെ ദർശിക്കും മുമ്പ് നന്ദി വിഗ്രഹത്തെ കാണരുതെന്നാണ് വിശ്വാസം. പക്ഷേ ക്ഷേത്രത്തിലെത്തിയാൽ നമ്മൾ ആദ്യം കാണുക ഈ വലിയ നന്ദി വിഗ്രഹം തന്നെ. പശുപതിനാഥിൽ പ്രധാന പ്രതിഷ്ഠക്ക് അഞ്ചു മുഖങ്ങൾ ആണുള്ളത്. നാലുവശത്തും ഒരെണ്ണം മുകളിലും. അതുകൊണ്ടുതന്നെ നാല് നടകളും ഈ ക്ഷേത്രത്തിലുണ്ട്. കൂടാതെ ധാരാളം ഉപദേവ ക്ഷേത്രങ്ങളും ഇവിടെ കാണാം. ബാഗ്മതി നദീതീരത്തുള്ള  ആര്യ ഘട്ട ഒരു ശ്മശാന കേന്ദ്രമാണ്. ഇവിടെ ദഹിപ്പിച്ചാൽ ആത്മാവ് സ്വർഗം പ്രാപിക്കും എന്നാണ് വിശ്വാസം.

 ഹിമാലയൻ പർവ്വത നിരകളുടെ ആകാശ വിസ്മയമായിരുന്നു അടുത്തത്. ആ ഫ്ലൈറ്റ് യാത്ര ഒരിക്കലും മറക്കാനാവില്ല. ഫ്ലൈറ്റിൽ ജനാലയോട് ചേർന്നുള്ള സീറ്റിൽ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. അതിൽ ഏകദേശം ഇരുപതോളം പേർ ഉണ്ടായിരുന്നു. 8500 രൂപയാണ് ചാർജ്. ഒരു മണിക്കൂർ നീണ്ട യാത്ര വേളയിൽ എവറസ്റ്റ്(29031.69 അടി), LHOTSE(27940),cho-oyu( 26906),langtang(23734), ഗൗരിശങ്കർ (23405), തുടങ്ങി ഇരുപതോളം കൊടുമുടികൾ. അതെക്കുറിച്ചെല്ലാം വിശദമാക്കി  തരുന്ന വിമാനത്തിലെ സഹായികൾ. എവറസ്റ്റ്  എപ്പോഴും മഞ്ഞുമൂടി കിടക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ കണ്ടപ്പോൾ അങ്ങിനെ ആയിരുന്നില്ല എന്നത് എനിക്ക് ഒരത്ഭുതമായി.   മഞ്ഞും ഇടയ്ക്കിടെ പാറകളും എല്ലാം നന്നായി കാണാൻ കഴിഞ്ഞു. ഒക്ടോബർ കഴിഞ്ഞാൽ ഒരുപക്ഷേ കൂടുതൽ മഞ്ഞ പുതച്ചേക്കാം. എല്ലാം വ്യക്തമായി കാണാൻ പാകത്തിൽ ഫ്ലൈറ്റ് വളരെ വളരെ പതുക്കെയാണ് നീങ്ങിയത്. അത് മുന്നോട്ടു നീങ്ങാതെ നിൽക്കുന്നതായാണ് എനിക്ക് തോന്നിയത്. 

 മനാ കാമ്‌നാ ക്ഷേത്രവും അവിടേക്കുള്ള കേബിൾ കാർ യാത്രയും മറ്റൊരു പ്രത്യേകതയായി മനസ്സിൽ നിറയുന്നു. 1300 മീറ്റർ(4265 അടി) ഉയരത്തിലേക്കുള്ള കേബിൾ കാർ 1998 നവംബറിലാണ് ആരംഭിച്ചത്. ഇതിലൂടെ ഏകദേശം 10 മിനിറ്റ് യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്തും. പലയിടത്തും കേബിൾ കാറിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കുത്തനെയുള്ള കേബിൾ കാർ യാത്ര ഭയം ജനിപ്പിച്ചു എങ്കിലും പുതിയൊരനുഭവമായിരുന്നു. 

 ജനക്പൂരിലെ സീതാദേവി ക്ഷേത്രം, സീതാരാമന്മാർ വിവാഹ വേളയിൽ അഗ്നിക്കു പ്രദിക്ഷണം ചെയ്ത സ്ഥലം, വിവാഹം നടന്ന സ്ഥലം, ആദ്യരാത്രി കഴിഞ്ഞ സ്ഥലം തുടങ്ങി സീതയുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളിലും ദർശനം നടത്തി.

 ബുധ നീലകന്ത എന്ന സ്ഥലത്തെ  ബുധ നീലകന്ത ക്ഷേത്രം( ഇവിടെ വിഷ്ണു ജലത്തിലുള്ള അനന്തന്റെ പുറത്ത് ശയിക്കുന്നു), കാളികാ ഭഗവതി ക്ഷേത്രം, താൽ ബരഹി ക്ഷേത്രം  ( ഇത് തടാകത്തിന്റെ നടുക്ക് ദ്വീപിലാണ്. ബോട്ടിൽ യാത്ര ചെയ്ത അവിടെ എത്താം ) തുടങ്ങിയ ധാരാളം ക്ഷേത്രങ്ങളും ദർശിക്കുവാൻ കഴിഞ്ഞു.

 സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ തിരികെ കേരളത്തിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ അലൗകീകവും അഭൗമവുമായ ആ തേജസ് മാത്രം. 🙏

     

Saturday, July 5, 2025

സത്യം കുരിശിലേറരുത്

 കഴിഞ്ഞ ആഴ്ചയിലും ഇപ്പോഴും ഏറെ ചർച്ചയാവുകയാണ് ഡോക്ടർ ഹാരീസിന്റെ വെളിപ്പെടുത്തലുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള ഉപകരണങ്ങളുടെ ക്ഷാമത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി എച്ച് ഹാരിസ്, ഉണ്ടാകാൻ പോകുന്ന സർക്കാരിന്റെ ശിക്ഷയെ നേരിടാൻ തയ്യാറെടുക്കുകയാണ്. സത്യം കുരിശിൽ ഏറുകയാണോ? തന്റെ തുറന്നുപറച്ചിൽ അല്പം പോലും ഭയമില്ലെന്നും തനിക്കെതിരെയുള്ള  കുറ്റപ്പെടുത്തലുകളിലും നടപടികളിലും തളർന്നു പോകാതെ തന്റെ നിലപാടിൽ തുടരുമെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കുന്നു. കിട്ടാവുന്ന ഉയർന്ന പദവികളോടും  സാമ്പത്തിക ലാഭത്തോടും അതിരുകടന്ന താൽപര്യമില്ലാത്തതാണ് ഇത്തരം ഒരു ഉറച്ച തീരുമാനമെടുക്കാൻ അദ്ദേഹത്തെ ശക്തനാക്കിയതെന്ന് തോന്നുന്നു. ഒരു ഇടത് സഹയാത്രികൻ ആയതുകൊണ്ടാവാം അദ്ദേഹം ഇവിടത്തെ സർക്കാരിനെ അല്ല മറിച്ച് സിസ്റ്റത്തിന്റെ തകരാറിനെയാണ് കുറ്റപ്പെടുത്തുന്നത് ( ഈ സിസ്റ്റവും സർക്കാരിന്റെ നിയന്ത്രണത്തിൽ ആണല്ലോ). 

  മറ്റു മെഡിക്കൽ കോളെജുകളിലെയും  സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല. മരുന്നുകളും, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചില ഉപകരണങ്ങളും രോഗികളെ കൊണ്ട് തന്നെ പുറത്തുനിന്നും വാങ്ങിപ്പിക്കുന്ന ഈ രീതിയോട് ഇതുവരെ ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല. രോഗികൾക്ക് ആവശ്യമായ കട്ടിലും മറ്റു സൗകര്യങ്ങളും ആവശ്യത്തിനു ലഭിക്കാതെ അവർ പലപ്പോഴും താഴെ പായ വിരിച്ച് കിടക്കേണ്ട വിധിയാണ്. അതിനു കാരണം അവർ വെറും സാധാരണക്കാരാണ് എന്നത് തന്നെ. രാഷ്ട്രീയമായി പിടിപാട് ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല. 

 ഡോക്ടർ ഹാരിസ് ന്റെ തുറന്നുപറച്ചിലിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടനയും അത് ഏറ്റെടുത്തു. അവർ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുഭരണം നടക്കുമ്പോഴും ഇത് ചൂണ്ടിക്കാണിക്കുവാൻ ഡോക്ടർ ഹാരിസ് ശ്രമിച്ചു, എങ്കിൽ ഇവിടത്തെ പ്രതിപക്ഷ പാർട്ടിയിലേക്ക് ചായവുള്ള ഡോക്ടർമാർ ആരും എന്തേ ഇതുവരെ ഇത് തുറന്നു പറഞ്ഞില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  പലർക്കും നഷ്ടമായേക്കാവുന്ന സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ആയിരിക്കണം അവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. 

 ഈ തുറന്നുപറച്ചിൽ തന്റെ പ്രൊഫഷണൽ സൂയിസൈഡ് ആണെന്ന് പറയാനും ഡോക്ടർ ഹാരിസിന് മടിയില്ല. ഇനി ഗവൺമെന്റ് സർവീസിൽ താൻ ഉണ്ടാകുമെന്ന് വിശ്വാസവും അദ്ദേഹത്തിനില്ല എന്ന് തോന്നുന്നു. സാധാരണക്കാരെ സേവിക്കാൻ വീട്ടിലിരുന്നാലും കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാവണം. ഡോക്ടർ ഹാരിസിനെ വേട്ടയാടിയാൽ നടപടി എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  നല്ലത്.  പക്ഷേ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ കൂടി ആവശ്യമാണ്.  അവർക്കു വേണ്ടിയാണ് അദ്ദേഹം സർക്കാറിന്റെ വിമർശനം കേട്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വ്യക്തികളും ഡോക്ടർ ഹാരിസിനെ സംരക്ഷിക്കുവാൻ മുന്നോട്ടുവരണം. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാട്ടിത്തരാൻ ഡോക്ടർ ഹാരിസിന് കഴിഞ്ഞു. സാധാരണക്കാർക്കായി ശബ്ദമുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. ഇപ്പോൾ ഇദ്ദേഹത്തോടൊപ്പം നിന്നാൽ മാത്രമേ ഇതുപോലെയുള്ള കൂടുതൽ ഡോക്ടർമാർ ചികിത്സാരംഗത്തെ പോരായ്മകൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ മുന്നോട്ടു വരികയുള്ളൂ. ഡോക്ടർ ഹാരിസിനെ ശിക്ഷിച്ചാൽ പിന്നെ സത്യം തുറന്നു പറയാൻ കഴിയാതെ ഡോക്ടർമാർ പിന്നിലേക്ക് മാറും. അത് സാധാരണ ജനങ്ങളെ വിഷമത്തിലാക്കും   എന്നതിൽ തർക്കമില്ല. മന്ത്രിമാർക്കും സംഘടനാ പ്രവർത്തകർക്കും ഡോക്ടർ ഹാരിസിനെ പോലെയുള്ളവരെ ധൈര്യമായി എതിർക്കാം. കാരണം അവർക്ക് ആവശ്യമായ ചികിത്സയും സൗകര്യങ്ങളും അവരുടെ പദവികൾക്ക് അനുയോജ്യമായി ലഭിക്കും. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ശ്രദ്ധിക്കണം. നമുക്ക് ആവശ്യം ഡോക്ടർ ഹാരിസിനെ പോലെയുള്ള ഡോക്ടർമാരാണ്. അവരെ നമുക്ക് വിശ്വസിക്കാം. നമ്മുടെ രോഗാവസ്ഥയിൽ അവർ മാത്രമേ സഹായത്തിനായി കാണു. ഒരു രാഷ്ട്രീയപാർട്ടിയും സാധാരണക്കാരെ സഹായിക്കാനായി മുന്നോട്ടു വരില്ല. അവർക്ക് വലുത് അവരുടെ പാർട്ടിയാണ്. പാർട്ടിയുടെ തീരുമാനങ്ങളാണ്. അവരുടെ മുമ്പിൽ നമ്മൾ പാവങ്ങൾ ആരുമല്ല ഒന്നുമല്ല. കൈക്കൂലി വാങ്ങാതെ, സർക്കാർ പറയുന്ന സഹായങ്ങൾ വാങ്ങി നൽകാൻ സഹായിക്കുന്ന ഡോക്ടർ ഹാരിസിനെ പോലെയുള്ളവർ നമ്മുടെ ആതുര ശുശ്രൂഷരംഗത്തെ വെളിച്ചമാണ്. അത് അണയാതെ നോക്കേണ്ടതും, അണക്കാൻ ശ്രമിക്കുന്നവരെ എതിർക്കേണ്ടതും നമ്മൾ സാധാരണക്കാരാണ്. രാഷ്ട്രീയത്തിന്റെ പേരിലും പാർട്ടിയുടെ പേരിലും അവർ ശിക്ഷിക്കപ്പെട്ടാൽ സാധാരണ ജനങ്ങളാണ് ശിക്ഷിക്കപ്പെടുന്നത് എന്ന ഓർമ്മ നമുക്ക് വേണം. അതുകൊണ്ടുതന്നെ ഡോക്ടർ ഹാരിസിനെ ഒരു വേട്ടയാടലിനും വിട്ടുകൊടു ക്കില്ലെന്ന ഉറച്ച തീരുമാനം നമ്മൾ എടുക്കണം. സാധാരണക്കാരായ പൊതുജനങ്ങളുടെ ശക്തി തെളിയിക്കേണ്ട സമയമാണ്. അതിന് ഒരു പാർട്ടിയും തടസ്സമാകരുത്. ജനങ്ങളുടെ ഒത്തൊരുമയിൽ, സത്യത്തിനെതിരെ ശിക്ഷയുമായി എത്തുന്ന ഭരണാധികാരികൾക്ക് ഭയം തോന്നണം. 

       ഓരോ ദിവസം കഴിയുംതോറും പല മെഡിക്കൽ കോളേജുകളിലെയും മറ്റ് സർക്കാർ ആതുരാലയങ്ങളിലെയും അവസ്ഥ നമുക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ്.  ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങളും തുരുമ്പിച്ച കസേരകളും കട്ടിലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ആശുപത്രികൾ. രോഗികൾ പോലും നിലത്ത്  പായ വിരിച്ചു കിടക്കുമ്പോൾ കൂട്ടിരിപ്പുകാരുടെ സ്ഥിതി പറയണോ?

 സർക്കാർ ആശുപത്രികളിൽ വളരെ നല്ല സൗകര്യം ഉണ്ടെന്നു പറയുന്നവരെ - അവർ മന്ത്രിയോ മറ്റു ഉദ്യോഗസ്ഥരോ പാർട്ടി പ്രവർത്തകരോ ആകട്ടെ- രണ്ടുദിവസം സാധാരണ ജനങ്ങൾക്കിടക്കുന്ന വാർഡിൽ കിടത്തണം. അപ്പോഴേ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതം ഇവർക്കു മനസ്സിലാകു. ഈ ജനങ്ങളുടെ വോട്ട് നേടിയാണ് ഓരോ പാർട്ടിക്കാരും ഭരണത്തിൽ എത്തുന്നത് എന്ന കാര്യം അവർ  മറക്കരുത്. 

സ്നേഹപൂർവ്വം 

 മീര നമ്പൂതിരി. 🙏



Sunday, April 20, 2025

ഭരണ പരാജയം മറയ്ക്കാൻ 100 കോടി

 കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വന്ന മൂന്നു വാർത്തകൾ വളരെ പ്രധാനമായി എനിക്ക് തോന്നി. കേരളത്തിലെ കരുണയുള്ളവരിൽ ഏറെ നിരാശയും വേദനയും തോന്നിക്കുന്നതാണ് ഈ മൂന്നു വാർത്തകളും. വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ, അവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ഇക്കഴിഞ്ഞ ശനിയാഴ്ചവരെയുള്ള 18 ദിവസം വളരെ ദയനീയമായ രീതിയിലുള്ള രാപ്പകൽ സമരം നടത്തി തങ്ങളെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും സർക്കാർ കനിഞ്ഞില്ല. ഒടുവിൽ അർഹത നേടിയത് ലഭിക്കാതെ തങ്ങളുടെ റാങ്ക് ലിസ്റ്റും ഹാൾ ടിക്കറ്റും സമരവേദിയിൽ കത്തിച്ച് കണ്ണുനീരോടെ അവർ മടങ്ങി. അടുത്തത് കഴിഞ്ഞ രണ്ടു മാസത്തിലധികമായി സമരം നടത്തുന്ന ആശാവർക്കർമാരുടെ അവകാശങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത വാർത്തയായിരുന്നു. മൂന്നാമത്തെ വാർത്ത രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം കൊണ്ടാടാൻ സർക്കാർ നൂറു കോടി രൂപ ചിലവിടുന്നു എന്നതാണ്.

     ഇനി ഓരോ വാർത്തയിലേക്കും വരാം. യുവജനങ്ങളുടെ സ്വപ്നമാണ് ഒരു ജോലി. ബിരുദം നേടിക്കഴിഞ്ഞാൽ പിന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള പെടാപ്പാടാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും, സ്വന്തം കാലിൽ നിൽക്കാനും ഉള്ള ഒരേയൊരു മാർഗമായി ഒരു തൊഴിൽ നേടുക എന്നതാണ് മിക്കവരുടെയും ലക്ഷ്യം. ഓരോ ടെസ്റ്റിന് വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസുകളും  വിജയിക്കാനുള്ള കഠിനാധ്വാനവും ആണ് പിന്നീടെന്നും. ഒടുവിൽ ടെസ്റ്റിൽ വിജയിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിയുമ്പോൾ അവർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ഇനി എന്ന് ജോയിൻ ചെയ്യണം എന്ന ഓർഡറിനായി കാത്തിരിക്കുകയാണ് ഇവരുടെ വീട്ടുകാരും. അത്രമാത്രം കഷ്ടപ്പെട്ട് നേടിയ ഈ വിജയമാണ് ഇന്ന് പുല്ലുപോലെ വലിച്ചെറിയപ്പെട്ടത്. ഇവരുടെ മനസ്സിലെ വേദന കാണാൻ ഈ രാഷ്ട്രീയക്കാർക്ക് കഴിയില്ല. കാരണം അവർക്കും അവരുടെ ബന്ധുക്കൾക്കും ഒന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിൽ അവരുടെ ബന്ധുക്കൾക്ക് നിയമനവും ജോലിയും ലഭിക്കുന്നു. അതുകൊണ്ട് പാർട്ടിയോടൊപ്പം നിക്കാനാണ് അവർക്കും ഇഷ്ടം. പൊതുജനങ്ങൾ എന്നും വിഡ്ഢികൾ ആണല്ലോ. ഭരണകക്ഷിയിൽ പെട്ടവർക്ക് മാത്രം എല്ലാം നേടാൻ അവസരം ലഭിക്കുന്നു. അല്ലാത്ത കോരൻ മാർക്ക് എന്നും കുമ്പിളിൽ കണ്ണീർ മാത്രം. സമരം ചെയ്ത സിപിഒ വിദ്യാർഥികളോട് കരുണ കാണിച്ചില്ല എന്ന് മാത്രമല്ല അപമാനിക്കുക കൂടിയാണ് പാർട്ടി നേതൃത്വം ചെയ്തത്. " നിങ്ങൾ ആത്മഹത്യ ചെയ്താലും ഞങ്ങളുടെ പാർട്ടിക്ക് ഒന്നുമില്ല" എന്നായിരുന്നു ഉദ്യോഗാർത്ഥികളോട്  പാർട്ടി നേതൃത്വം പറഞ്ഞത്. നിറഞ്ഞ വേദനയോടെ കണ്ണീരൊഴുക്ക് ആ പെൺകുട്ടികൾ തിരിച്ചുപോയി.  " വിഷമിക്കരുത്, നിങ്ങളുടെ ദിനം അധിക ദൂരെയല്ല. തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരക്കും " എന്ന്‌ ഓരോ വ്യക്തിയും അവർക്കായി പ്രാർത്ഥിച്ചിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. 

 അടുത്ത വാർത്ത നമ്മുടെ സ്വന്തം ആശാ പ്രവർത്തകരുടേതായിരുന്നു. വെറും 232 രൂപ ദിവസ വേദന ജോലി ചെയ്യുന്ന ഈ സ്ത്രീകൾ എന്തുകൊണ്ടും കൂടുതൽ ആനുകൂല്യങ്ങൾക്ക് അർഹരാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് സർക്കാരിന്റെ കടമയുമാണ്. യാതൊരു ജോലിയും യോഗ്യതയും ഇല്ലാതെ വെറും രാഷ്ട്രീയ പാർട്ടിയുടെ പേര് എംഎൽഎമാരുടെയും എംപിമാരുടെയും പേഴ്സണൽ സെക്രട്ടറിയും മറ്റു സഹായികളും ആയി ചേർന്ന് ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് ഇവരെ കാണുമ്പോൾ പുച്ഛം. സത്യത്തിൽ, ആശാവർക്കർമാരെ കാണുമ്പോൾ ഇവർ ലജ്ജിച്ചു തല താഴ്ത്തുകയാണ് വേണ്ടത്. നാടിനും ഗുണകരമായ യാതൊന്നും ചെയ്യാതെ ശമ്പളവും കിമ്പളവും  കൈനീട്ടി വാങ്ങുന്നവർക്ക് നാട്ടിലെ ജനങ്ങളുടെ സേവനത്തിനായി പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ കാണുമ്പോൾ അല്പമെങ്കിലും ഉളുപ്പ് തോന്നണം. പക്ഷേ ചിലർ വല്ലാത്ത സ്ഥലത്തുള്ള ആലിന്റെ വളർച്ചയിലും അഭിമാനിക്കുന്നവരാണ്. അതുമാത്രമോ, ജനങ്ങളുടെ സേവകരായ ആശാപ്രവർത്തകരെ അപമാനിക്കാനും ഇവർക്ക് മടിയില്ല. വല്ലാത്ത ജന്മങ്ങൾ തന്നെ. ഈ രാഷ്ട്രീയക്കാർക്ക്, അവരുടെ കുടുംബം നടത്താൻ വെറും 232 രൂപ മതിയോ? ഇതല്ല, 2320 രൂപ കിട്ടിയായാലും അവർക്ക് തികയില്ല എന്നതാണ് സത്യം.

  അടുത്ത വാർത്ത സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. നാലാം വാർഷികം ആഘോഷിക്കാൻ 100 കോടി രൂപ. ഇവിടെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നാണ് കേട്ടത്. കടം വാങ്ങാതെ ഒന്നും നടക്കാത്ത സ്ഥിതി. സർക്കാർ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് ശമ്പളവും മറ്റും നൽകണമെങ്കിൽ കടം ചോദിച്ച തുക കിട്ടിയിട്ട് വേണം. അപ്പോളാണ്ഈ 100 കോടിരൂപ ആഘോഷങ്ങൾക്കായി ചില വിടുന്നത്. എന്തിന്റെ ആഘോഷമാണിത്? സ്വന്തം പരാജയം മറയ്ക്കാനുള്ള സർക്കാരിന്റെ   ശ്രമം മാത്രമാണിത്. സർക്കാർ പ്രവർത്തനങ്ങൾ ഇത്രമാത്രം വിജയകരമായിരുന്നുവെങ്കിൽ അത് പറയാതെ തന്നെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അവർക്ക് സ്വന്തം അനുഭവത്തിലൂടെ അത് മനസ്സിലാക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യും. ഇവിടെ ഇത്രയധികം തുക ചെലവിട്ട് ഈ പരസ്യങ്ങൾ നൽകിയാൽ ആരു വിശ്വസിക്കും? പാർട്ടിക്ക് അല്ലാതെ മറ്റാർക്കാണ് ഇതുകൊണ്ട് നേട്ടം ഉണ്ടാകുന്നത്? കഷ്ടം. ഈ 100 കോടി രൂപയും ജനങ്ങളുടെ നികുതിപ്പണം ആണെന്ന് കാര്യം സർക്കാർ മറന്നുപോകുന്നു. അത് ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കേണ്ട തുകയാണ്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ നേട്ടത്തിനായി ഉപയോഗിക്കാനുള്ളതല്ല. രാഷ്ട്രീയപ്പാർട്ടിയുടെ നേട്ടങ്ങൾ പരസ്യം ചെയ്യാൻ പാർട്ടി ഫണ്ടിൽ നിന്നും തുക കണ്ടെത്തണം. അല്ലാതെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് ആഘോഷിക്കുകയല്ല വേണ്ടത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസ് വകുപ്പിൽ വാഹനങ്ങൾ ഇല്ലെന്നസത്യം അറിയാത്തതല്ലല്ലോ? (ആ വിഭാഗത്തിലുള്ള ഒഴിവുകൾ നികത്താനും തയ്യാറല്ല.) ഇനി ഉള്ള വാഹനങ്ങൾ ഓടിക്കണമെങ്കിൽ പെട്രോൾ വാങ്ങാൻ പണമില്ല. ഇതുതന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെയും ഗതി. ( എല്ലാ വകുപ്പുകളുടെയും ഗതി ഇതുതന്നെയാണ് എന്നതാണ് പരമാർത്ഥം )  അർഹരായവർക്ക് ക്ഷേമ പെൻഷൻ കൊടുത്തിട്ട് എത്രകാലമായി? കടംകയറി നെട്ടോട്ടമോടുന്ന ഈ സർക്കാർ ആരെ പറ്റിക്കാനാണ് 100 കോടി ചെലവാക്കി ആഘോഷം നടത്തുന്നത്?  ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നു എന്ന കാര്യം മറക്കാതിരിക്കുക. 

 നമ്മുടെ മഹാഭാരതത്തിൽ മഹാരാജാവ് ജനമേ ജയനെ ഒരു പട്ടി ശപിക്കുന്ന  കഥയുണ്ട്. നമ്മുടെ വിചാരം ശാപം നൽകാൻ മുനിമാർക്കും ആ വിധത്തിലുള്ളവർക്കും ഭഗവാൻമാർക്കും മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അങ്ങിനെയല്ല എന്ന് സത്യം ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു. കഷ്ടപ്പെടുന്ന, സത്യസന്ധരായ ജീവനുള്ളവയ്ക്ക് - അത് മനുഷ്യരോ, മൃഗമോ, പക്ഷികളോ, വൃക്ഷങ്ങളോ ഏതുമാകട്ടെ- അവർക്ക് അർഹത ഉള്ളത് കിട്ടാതെ വരുമ്പോൾ അറിയാതെ മനസ്സുരുകി മറ്റൊരു മാർഗവും ഇല്ലാതെ ശപിച്ചുപോകും. ( വൃക്ഷം മുറിക്കും മുമ്പ് അതിനു മുമ്പിൽ പ്രാർത്ഥിക്കുകയും അതിൽ കൂടുകെട്ടിയ പക്ഷികളോട് മറ്റ് വൃക്ഷങ്ങളിലേക്ക് പോകാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്ന മന്ത്രങ്ങൾ ജപിച്ചിരുന്നു എന്നതിന് നമ്മുടെ പുരാണങ്ങൾ തെളിവാണ്) കണ്ണ് നിറഞ്ഞുള്ള ശാപം അതിന് കാരണക്കാരായവരെ പൊള്ളിക്കും എന്നതിൽ തർക്കമില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും,തങ്ങൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കാതെ ഒരു ജീവനും ഈ ഭൂമി വിട്ടു പോകുവാൻ കഴിയില്ല. ഒടുവിൽ താൻ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കുന്നതും ഒറ്റയ്ക്കായിരിക്കും. അന്ന് കണ്ണീരൊഴുക്കിയിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ല. ഒരു പിടി വിത്തെറിഞ്ഞാൽ ഒരു പറ കൊയ്തെടുക്കാം- അത് നന്മയുടെ വിത്തായാലും തിന്മയുടേതായാലും മാറ്റം ഉണ്ടാവില്ല. സെക്രട്ടറിയേറ്റ് മുമ്പിൽ ഇരുന്ന് സമരം നടത്തിയ സിപിഒ ഉദ്യോഗാർത്ഥികളുടെയും ആശാ പ്രവർത്തകരുടെയും ഓരോ തുള്ളി കണ്ണുനീരും ഓരോ സമുദ്രമായി ഭരണാധികാരികളുടെ ജീവിതത്തിൽ വന്നെത്തും എന്നതിൽ സംശയമില്ല. അന്യരെ ദ്രോഹിച്ചും വഞ്ചിച്ചും നേടുന്നതെല്ലാം ഒരു ശാപമായി അവരുടെ ജീവിതത്തിൽ ഉണ്ടാകും.   അന്ധവിശ്വാസമെന്ന് പറഞ്ഞ് നിങ്ങൾക്ക് എന്നെ പുച്ഛിക്കാം. പക്ഷേ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും കണക്കു സൂക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന സത്യം മറക്കരുത്.  

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി🙏

 

 


Friday, March 28, 2025

വെളുപ്പിലെ കറുപ്പുകൾ

 കഴിഞ്ഞദിവസം പത്രങ്ങളിലും ചാനലുകളിലും മുഴുവൻ കറുപ്പിനെ പറ്റി പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ഉദ്യോഗസ്ഥരും ആയിരുന്നു. ഇത് കണ്ടപ്പോൾ നമ്മൾ ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്ന് സംശയം തോന്നി. എന്തിനാണ് നിറത്തെ ചൊല്ലി ഇത്രയും കോലാഹലം? ഈ നാട്ടിൽ നടക്കുന്ന മറ്റു പ്രശ്നങ്ങളേക്കാൾ വലുതാണോ നിറവും അതിനോടനുബന്ധിച്ചുള്ള അഭിപ്രായങ്ങളും?

 പൊതുജനങ്ങൾക്ക്, തങ്ങളുടെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നിറത്തെക്കുറിച്ച് എന്തെങ്കിലും താല്പര്യം ഉള്ളതായി എനിക്ക് ഇതുവരെ കാണാൻ- കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടണം എന്നല്ലാതെ അവരുടെ നിറം കറുത്തതാണോ വെളുത്തതാണോ എന്നൊന്നും ജനങ്ങൾ നോക്കാറില്ല. തങ്ങളുടെ പരാതി കേൾക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ- അവരുടെ ജാതി-മത- രാഷ്ട്രീയ-നിറ- സൗന്ദര്യഭേദങ്ങൾ നോക്കാതെ ജനങ്ങൾ സ്നേഹിക്കും എന്നതാണ് വാസ്തവം. അങ്ങനെ ചെയ്യാത്തവരെ- അവർ ഏതുയർന്ന മതത്തിലും ജാതിയിലും ജനിച്ച് എത്ര വെളുത്തു തുടുത്തതായാലും -- പൊതുജനം അവഗണിക്കുകയും അപഹസിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. 

 കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ് കറുത്ത നിറം ഒരുവൻ വാർത്തയാക്കിയത്. സത്യത്തിൽ അവർക്കെതിരെ പറഞ്ഞ കമന്റിൽ അവരുടെ നിറത്തെക്കുറിച്ച് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച വേണുവിന് ശേഷം ആസ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ശാരദ മുരളീധരൻ ആണ്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള  ഇരുവരുടെയും പ്രവർത്തനങ്ങൾ   താരതമ്യം ചെയ്തപ്പോൾ വേണുവിന്റേത് വെളുത്തതും ശാരദാ മുരളീധരന്റേത് കറുത്തതും എന്നാണ് ഒരു വ്യക്തി( അത് ആരാണെന്ന് നമുക്കറിയില്ല. ശാരദാ മുരളീധരനോട് നേരിട്ട് പറഞ്ഞതാണത്രെ) അഭിപ്രായപ്പെട്ടത്. ഇതിൽ അവരുടെ നിറത്തെ കുറിച്ചോ അവരുടെ വ്യക്തിപരമായ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചോ യാതൊന്നും പറഞ്ഞിട്ടില്ല. അവരുടെയും അവരുടെ മുൻഗാമിയുടെയും  പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു ഒരു വിലയിരുത്തൽ മാത്രമായിരുന്നു. സ്വന്തം പോരായ്മകളെ( ഉണ്ടെങ്കിൽ) കുറിച്ചു ചൂണ്ടിക്കാട്ടിയ ആ "കറുപ്പിന്" സ്വന്തം നിറവുമായാണ് ബന്ധം എന്ന് അവർ വിലയിരുത്തി. എന്തൊരു ചിന്താഗതിയാണിത്? അവരുടെ നിറം ഇതായിരുന്നില്ല എങ്കിലും  പ്രവർത്തനങ്ങളെ വിലയിരുത്തിയ വ്യക്തി ഇതുതന്നെയല്ലേ പറയുക. അപ്പോഴവർ എങ്ങനെ വ്യാഖ്യാനിച്ചേനെ? ഇത്രയധികം അറിവും കഴിവും സ്ഥാനമാനവും ഉണ്ടായിട്ടും ശാരദാ മുരളീധരന്റെ മനസ്സിൽ തന്റെ കഴിവിന്റെ പോസിറ്റീവ് വൈബ്രേഷൻ അല്ല, തനിക്ക് സ്വയം അപകർഷതാബോധം തോന്നുന്ന തന്റെ നിറത്തെക്കുറിച്ചുള്ള ഇൻഫീരിയോറിറ്റി  കോംപ്ലക്സ് ആണ് നിറഞ്ഞു നിൽക്കുന്നത് എന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അല്ലെങ്കിൽ തന്റെ പ്രവർത്തനമേഖലയെ കുറിച്ചുള്ള വിലയിരുത്തലിനെ എന്തിനാണ് ഇത്തരത്തിൽ' നിറം' മാറ്റുന്നത്? ഒരു വ്യക്തിയുടെ  കഴിവും യോഗ്യതയും ആ വ്യക്തിയുടെ ജാതിയും മതവും സൗന്ദര്യവും നിറവുമായി ഒരു ബന്ധവുമില്ല. സ്വന്തം നിറത്തോട് സ്വയം ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നീടാര് എന്തുപറഞ്ഞാലും അതിനൊരു പ്രാധാന്യവും കൊടുക്കില്ല. ഇവിടെ ഒരു ആവശ്യവും ഇല്ലാതെയാണ്  തന്റെ കറുത്ത നിറത്തെക്കുറിച്ച് അപമാനിക്കുന്നു എന്ന് പറഞ്ഞവർ കോലാഹലം ഉണ്ടാക്കുന്നത്. ഇത് കേൾക്കേണ്ട താമസം കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു എന്ന് പറഞ്ഞതുപോലെ മാധ്യമങ്ങളും ചാനലുകാരും ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദവും ബുദ്ധിജീവിച്ചമഞ്ഞ് മുന്നിട്ടിറങ്ങി കഴിഞ്ഞു. എന്റെ അച്ഛൻ കറുത്തതാണ് അമ്മ കറുത്തതാണ് ഞാൻ കറുത്തതാണ് എന്ന് തുടങ്ങി വീട്ടിൽ ആരൊക്കെ ഈ ഇരുണ്ട നിറത്തിൽ ഉണ്ടോ അവരുടെ എല്ലാം ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. നമ്മുടെ ഭാരതത്തിലെ ആളുകൾ ഇരുണ്ട നിറക്കാരാണ്. മുമ്പ് ബ്രിട്ടീഷുകാർ നമ്മളെ വിളിച്ചിരുന്നത് തന്നെ അങ്ങനെയാണ്. ആഫ്രിക്കക്കാരെ കറുത്ത വർഗ്ഗക്കാർ എന്നാണല്ലോ വിളിച്ചിരുന്നത്. നമ്മുടെ നിറത്തെ കുറിച്ച് നമുക്ക് വലിയ അഭിമാനവും അപമാനവും തോന്നേണ്ട ആവശ്യമില്ല. അതങ്ങ് അംഗീകരിച്ചാൽ മാത്രം മതി. സ്വന്തം നിറത്തെ കുറിച്ച് ഓർത്ത് എന്തിനാണ് ഇത്രയും ആധി? എന്തിനാണ് ഇതിനിത്രയും പ്രാധാന്യം കൊടുക്കുന്നത്? നിറത്തെ കുറിച്ച് ബോധവതി അല്ലെന്ന് പറയുന്ന നിങ്ങൾക്ക് അതേക്കുറിച്ച് മറന്നു കൂടെ? പക്ഷേ ശാരദാ മുരളീധരന് അത് കഴിയുന്നില്ല എന്ന് അവർ പങ്കുവെച്ച അവരുടെ കുട്ടിക്കാല ഓർമ്മകളിൽ നിന്നും മനസ്സിലാകും.: സത്യത്തിൽ അവരെ നേരിട്ട് അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് അവരുടെ നിറത്തെക്കുറിച്ചോ ജാതിമത സൗന്ദര്യത്തെക്കുറിച്ചോ അറിയില്ലായിരുന്നു. ഞങ്ങൾക്ക് അത് അറിയേണ്ട ആവശ്യവുമില്ല. സ്വന്തം കർത്തവ്യത്തിലുള്ള മികവ് മാത്രം മതി. പക്ഷേ ഇങ്ങനെ വികാരപ്രകടനം നടത്തിയാൽ എന്ത് ചെയ്യാൻ? കറുപ്പ് അഴകാണ് സുന്ദരമായ നിറമാണ് എന്നെല്ലാം അവർ പറഞ്ഞു കണ്ടു. എന്തേ അത് അവരുടെ നിറമായതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്? എല്ലാവർക്കും അവരവരുടെ നിറംവും അവനവനോടെന്നപോലെ  ഇഷ്ടമാവണം. 

 ഔദ്യോഗിക മേഖലയിലെ വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന് പകരം " അരി എത്ര?പയർ അഞ്ഞാഴി" എന്ന ഉത്തരത്തിലൂടെ സ്വയം അപമാനിക്കപ്പെടുകയാണ്. ഈ നാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ധാരാളമാണ്. സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം ഇരിക്കുന്ന ആശാവർക്കർമാരെ കാണുന്നില്ലേ? അവർക്ക് നിറമല്ല അല്പം വരുമാന വർദ്ധനവാണ് ആവശ്യം. പിഎസ്‌സി പരീക്ഷകൾ പാസായി റാങ്ക് ലിസ്റ്റ് കടന്നുകൂടിയിട്ടും ഇനിയും തൊഴിൽ ലഭിക്കാത്തവർ, പെൻഷൻ കിട്ടാതെ നരകയാതന അനുഭവിക്കുന്നവർ, ചികിത്സിക്കാൻ കഴിയാത്ത നിർധന രോഗികൾ അങ്ങനെ ധാരാളം പേർ ഈ കൊച്ചു കേരളത്തിലുണ്ട്. ഭാരതീയരായ അവരെല്ലാം കറുത്ത നിറം ഉള്ളവരും ആയിരിക്കും. പക്ഷേ അവർക്കാർക്കും സ്വന്തം നിറത്തെ കുറിച്ച് ഒരു അപമാന ബോധവും ഇല്ല. കാരണം നിറത്തേക്കാൾ വലുതാണ് അവർക്ക് ജീവിതം. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യും മുമ്പ് അതൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും, ശാരദാ മുരളിധരൻ മാത്രമല്ല മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും. സുഖ ശീതളിമയിൽ ജീവിക്കുന്നവർ മാത്രമേ നിസ്സാരമായ  ശാരീരിക വ്യത്യാസങ്ങളെ കുറിച്ച്  ചിന്തിക്കുകയുള്ളൂ. അല്ലാത്തവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്.     

  ചർച്ചകൾ കേട്ടാൽ ഇനി "ബ്ലാക്ക്" എന്ന് പറയാൻ കഴിയില്ല എന്ന് തോന്നും. ഒരാളുടെ ഭരണകാലത്തെ, ചരിത്രത്തിലെ കറുത്ത അധ്യായം എന്നും  ചില ദിവസങ്ങളെ കറുത്ത ദിനങ്ങൾ എന്നും മറ്റും പറയാറില്ലേ. നമ്മുടെ ചരിത്രം പരിശോധിച്ചാൽ ഈ "ഇരുണ്ട അധ്യായങ്ങളും കറുത്ത ദിനങ്ങളും" എല്ലാം കാണാം. അതിനർത്ഥം ആ ഭരണാധികാരിയുടെ നിറം കറുത്തതാണെന്നല്ല. അയാളുടെ ഭരണം വളരെ മോശമായിരുന്നു എന്നാണ്.

 രാഷ്ട്രീയമായും ഔദ്യോഗികമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരിൽ പോലും ഈ ജാതി-മത- നിറ-സൗന്ദര്യ കോംപ്ലക്സ് വിട്ടുമാറാതെ അവരെ പിടികൂടിയിട്ടുണ്ട് എന്ന് ഈ ചർച്ചയിലൂടെ മനസ്സിലായി. കൂടാതെ ഈ സംഭവത്തിൽ സ്വന്തം പ്രവർത്തനരംഗത്തെ വീഴ്ച "നിറം" കൊണ്ട് മറക്കാനുള്ള ശ്രമം ജനം തിരിച്ചറിയുകയും ചെയ്തു.  ഇതേക്കുറിച്ച്

 "ഷെയിം. റിയലി ഷെയിം "എന്നേ പറയാനുള്ളൂ.

 ഏറെ സ്നേഹത്തോടെ 

മീരാ നമ്പൂതിരി🙏

Saturday, February 15, 2025

ലഹരി ഭീതിയിൽ മുങ്ങി കേരളം

 ലഹരിയിൽ മുങ്ങിത്താഴുന്ന കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ലഹരിക്ക് അടിമകളായി മാറിയ യുവജനങ്ങളുടെയും കൗമാരക്കാരുടെയും വർദ്ധന കേരളത്തിന്റെ അധപതനത്തെയാണ് കാണിക്കുന്നത്. ലഹരിക്ക് അടിമയായി കഴിഞ്ഞാൽ തങ്ങളെ എതിർക്കുന്നവർ ആരായാലും- അച്ഛനോ അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആകട്ടെ- അവരുടെ ജീവൻ എടുക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല.  കഴിഞ്ഞദിവസം കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗ് ദൃശ്യങ്ങൾ ഹൃദയമുള്ള മനുഷ്യർക്ക് കണ്ടു നിൽക്കാൻ കഴിയില്ല. മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന ഈ പ്രവർത്തികൾ കാണുമ്പോൾ ഇവർ മനുഷ്യരാണോ അതോ ചെകുത്താൻമാരാണോ എന്ന് ചോദിക്കാൻ തോന്നുന്നു. എങ്ങനെയാണ് ഇത്ര നീചമായി.... ക്രൂരമായി... പ്രവർത്തിക്കാൻ ഇവർക്ക് കഴിയുന്നത്. ( ഇവരെ വിദ്യാർഥികൾ എന്ന് വിളിക്കാൻ എനിക്ക് തോന്നുന്നില്ല. വിദ്യ അർധിക്കുന്നവനാണ് വിദ്യാർഥി. ഇവർ വിദ്യയല്ല ലഹരിയാണ് അർധിക്കുന്നത്) . ഇങ്ങനെയുള്ളവർക്ക് കർശനമായി ശിക്ഷ നൽകിയാൽ മാത്രമേ ഇതിനൊരു കുറവുണ്ടാവുകയുള്ളൂ. കേരളത്തിലെ സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നു എന്നത് ഭയക്കേണ്ട വസ്തുത തന്നെയാണ്.( തിരുവനന്തപുരത്തെ പ്രശസ്തമായ പെൺപള്ളിക്കുടത്തിൽ ലഹരി വില്പന നടക്കുന്നു എന്ന് ആ സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിരുന്നു. പക്ഷേ അതിനുശേഷം അതേക്കുറിച്ചുള്ള യാതൊരു റിപ്പോർട്ടും കണ്ടിട്ടില്ല. ) ഇങ്ങനെയുള്ള ലഹരി വില്പനക്കാരെ പൊതുജനം തിരിച്ചറിയണം ശിക്ഷിക്കണം. 

   കേസ് കൊടുത്താൽ കണ്ടെത്തേണ്ട പോലീസിന്റെ കൈകൾ പോലും രാഷ്ട്രീയ പാർട്ടികളുടെ മുഷ്ടിക്കുള്ളിലാണെന്ന സത്യം നമ്മൾ മറക്കരുത്. പിന്നെ ആകെ ആശ്രയം കോടതി മാത്രമാണ്. കേസും വിചാരണയും എല്ലാം കഴിഞ്ഞ് ശിക്ഷ വിധിക്കുമ്പോഴേക്കും സമയം വളരെയേറെ കടന്നു പോകും. തെറ്റ് ചെയ്തവരോടുള്ള കാഴ്ചപ്പാടും മാറും. അതിനാൽ "പാടത്തെ വേല വരമ്പത്ത് കൂലി" എന്ന ന്യായം നടപ്പിലായാൽ ഇതിനൊരല്പം ശമനമുണ്ടാകും. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ സംഘടിച്ച് ഇത്തരം ലഹരി വില്പനക്കാർക്ക് എതിരെയും സ്കൂൾ കോളേജുകളിൽ ലഹരിയുമായി എത്തുന്നവർക്കെതിരെയും ശക്തമായ നടപടികൾ എടുക്കണം. പക്ഷേ ഇവിടെ ഇപ്പോൾ അതല്ലല്ലോ നടക്കുന്നത്. രാഷ്ട്രീയപാർട്ടികളാണ് ഇവർക്ക് വേണ്ടി വാദിക്കുന്നതും സംരക്ഷിക്കുന്നതും. യുവതലമുറയുടെ നാശം അവർക്ക് ഒരു പ്രശ്നമേയല്ല. അന്യരുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്ന മട്ട്. പാർട്ടിക്കുവേണ്ടി കൊലപാതകം നടത്തുന്നവർ ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. ഇനി ജയിൽശിക്ഷ കിട്ടിയാലോ ഭക്ഷണവും കുശാൽ, ചിലപ്പോൾ ഫോണും മറ്റു സൗകര്യങ്ങളും  എല്ലാം ജയിലിൽ ലഭിക്കും. കാരണം അവർക്ക് വേണ്ടി പ്രവർത്തിക്കാൻ അവരുടെ പാർട്ടിയിൽ പെട്ട ഉന്നതന്മാർ പുറത്തുണ്ട്. ഇനി  ജയിൽ ശിക്ഷ കിട്ടിയാലും ,പരോളിൽ ആയിരിക്കും   അവരുടെ ശിക്ഷാ കാലാവധിയുടെ മുക്കാൽ കാലവും. 

 സത്യത്തിൽ ഈ പീഡനക്കാരെയും റാഗിംഗ് വീരൻ മാരെയും ശിക്ഷിക്കേണ്ടത് കോടതിയല്ല, അവരുടെ പീഡനങ്ങൾ സഹിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതി. (ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ശിക്ഷയാണ് നടപ്പാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.  ) പാവം കുട്ടികൾക്ക് ലഭിച്ച അതേ പീഡനങ്ങൾ അതിനിരട്ടിയായി ഈ പീഡന വീരന്മാരുടെ മേൽ കാണിക്കണം. അവർ അനുഭവിച്ച വേദന എന്തെന്ന് ഈ ക്രൂരന്മാർ അനുഭവിച്ചു തന്നെ തിരിച്ചറിയണം.  അപ്പോഴേ അവർക്കതൊരു പാഠമാകു. ചോദിക്കാനും പറയാനും ആളുണ്ടെങ്കിൽ ഈ ചെകുത്താൻ മാർക്ക്  ഭയം തോന്നുമല്ലോ. സത്യത്തിൽ ഇവന്മാർ ഭൂമിക്ക് ഒരു ഭാരം ആണ്. വീടിനോ, നാടിനോ,രാജ്യത്തിനോ, ഒരു ഗുണവും ഇല്ലാത്തവർ. ഗുണമില്ലെന്ന് മാത്രമല്ല ദോഷം മാത്രം നൽകുന്നവർ.  എന്തിനാണ് ഈ അസുരന്മാരുടെ പാപം നമ്മൾ ജനങ്ങൾ സഹിക്കുന്നത്?  ഇവരൊന്നും മനുഷ്യരല്ല. മൃഗമായി കാണാനും കഴിയില്ല. കാരണം ഇതിൽ കൂടുതൽ സ്വവർഗ്ഗസ്നേഹം മൃഗങ്ങൾക്കുണ്ട്.  

   കോട്ടയത്തെ റാഗിംഗ് ക്രൂരതയുടെ വാർത്തകൾ പുറത്തുവന്നശേഷം അതിനെ തുടർന്ന് ഒരു പരസ്യം കണ്ടിരുന്നു. റാഗിംഗ് ഇരകൾക്കൊപ്പം എന്ന് പറഞ്ഞായിരുന്നു ബജരംഗീദളിന്റെ  പരസ്യം. അവർക്കുവേണ്ടി എല്ലാ സഹായ സഹകരണങ്ങളും ചെയ്യുമത്രേ. ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. ഈ പരസ്യം  കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ക്രൂരത കാട്ടുന്നവരെ എതിർക്കാൻ ആരെങ്കിലും വേണം. അത്ഏത് പാർട്ടിയിൽ പെട്ടവരായാലും ഏത് സംഘടനയിൽ പെട്ടവരായാലും ജനങ്ങൾ അവരെ ഇരു കൈകളും നീട്ടി  സ്വാഗതം ചെയ്യും എന്നതിന് സംശയമില്ല. കാരണം കേരളത്തിൽ സർക്കാർ ലഹരിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് വാസ്തവം. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന തകൃതിയായി നടക്കുന്ന സത്യം അധികൃതർക്ക് അറിയാമെങ്കിലും അവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ( സർക്കാറിന് വരുമാനം ഏറ്റവും കൂടുതൽ ലഹരി യിലൂടെയാണല്ലോ മറ്റൊന്ന് ലോട്ടറി അഥവാ ചൂതുകളി. കഷ്ടം  ) അങ്ങനെയുള്ളപ്പോൾ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമ്മൾ സ്വയം മതിലുകൾ തീർക്കണം. ഇല്ലെങ്കിൽ നഷ്ടം ഉണ്ടാകുന്നത് നമുക്കാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് തകരുന്നത്. ലഹരി വില്പനക്കാരെ കണ്ടെത്തി പുറത്ത് അറിയാത്ത രീതിയിൽ ശിക്ഷിക്കാൻ ഈ ലഹരി വിരുദ്ധ സംഘടനകൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു🙏🙏

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി


 റാഗിങ്ങിന് ഇരയായവർ സഹായം ആവശ്യമുണ്ടെങ്കിൽ  വിളിക്കേണ്ട നമ്പർ

8592989621,  9846384513

Thursday, December 19, 2024

തന്തയ്ക്കു പറയാൻ മടിയില്ലാത്തവർ

  യുവതലമുറയിലെ പെൺകുട്ടികൾക്ക് ഇതെന്തുപറ്റി? കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോ ആണ് ഈ ബ്ലോഗ്എഴുതാൻ കാരണം. ഒരു ചെറിയ ബസ് പോലെയുള്ള വാഹനത്തിൽ യാത്ര ചെയ്യുന്ന കുറെ പെൺകുട്ടികൾ " കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാരോ " എന്ന പാട്ടിലെ ആദ്യ വരി പാടുന്നു .   പാടി കഴിയുമ്പോൾ കുട്ടികൾ കോറസ് ആയി" നിന്റെ തന്ത" എന്ന് പാടി തകർക്കുന്നു . ഇങ്ങനെ അവർ ആ പാട്ട് മുഴുവൻ പാടുന്നുണ്ട്. ഇത് കണ്ടപ്പോൾ സംസ്കാരാധപ്പതനത്തിന്റെ തെളിവാണ് ഇതെന്ന് തോന്നി. ഇതിന് ഇവരെയാണോ,  ഇവരെ ഇങ്ങിനെ  വളർത്തിയവരെയാണോ കുറ്റം പറയേണ്ടത്? കഷ്ടം. അച്ഛൻ എന്ന അമൂല്യ പദത്തെ എത്ര നികൃക്ഷ്ടമായാണ് അവർ ഇവിടെ ആഘോഷിക്കുന്നത്. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ മുഖം ഇത് പാടുമ്പോൾ അവരുടെ മനസ്സിൽ വന്നതേയില്ല എന്നു തോന്നുന്നു. ജന്മവും വിദ്യാഭ്യാസവും നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കിയ, തന്റെ പിതാവിനെ ബഹുമാനിക്കാത്ത ഇവർ ജോലി കിട്ടിയാൽ സഹപ്രവർത്തകർക്കും വിവാഹിതരായാൽ ഭത്തൃവീട്ടുകാർക്കും എന്ത് ബഹുമാനമാണ് നൽകുക? 

    ഇവരെ എന്തു പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. ഇത് കണ്ടപ്പോൾ, സത്യത്തിൽ സ്ത്രീകുലത്തിൽ  ഇവർ ജനിച്ചല്ലോ  എന്നോർത്ത്  ലജ്ജ തോന്നി. പുരുഷനൊപ്പം എത്തുക - സമത്വം - എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണോ ഇത്? എങ്കിൽ കുട്ടികളെ നിങ്ങൾക്ക് തെറ്റി. മുമ്പും ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യം ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. മനശക്തിയും, സ്നേഹവും, കരുണയും, ക്ഷമയും എല്ലാം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവർ സമത്വത്തിനായി ഒരിക്കലും ശ്രമിക്കരുത്. അത് അധപതനമാണ്. പക്ഷേ ഇതുപോലെയുള്ള ആഭാസത്തരങ്ങൾ കാണിച്ചും, മദ്യപിച്ചും, പുകവലിച്ചും, " എന്റെ ശരീരം, എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും" എന്നുപറഞ്ഞ് ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും" ഫെമിനിസം" എന്ന ഓമനപ്പേരിൽ വിളിക്കുന്ന "സമത്വത്തി"ലേക്ക് പോകുന്ന നിങ്ങളെ ആർക്കാണ് തിരുത്താൻ ആവുക? പൂച്ചയ്ക്കാരു മണികെട്ടും എന്ന മട്ടിലാണ് സമൂഹം. ഈ കുട്ടികൾക്ക് കുടുംബത്തിന്റെ പ്രാധാന്യമോ, കടമകളോ, കർത്തവ്യമോ ഒന്നുമറിയില്ല. സമൂഹത്തിൽ പാലിക്കേണ്ട മര്യാദയും ഇവർക്കറിയില്ല. ഇന്നിവർ ഈ പാട്ട് ഇങ്ങനെ  പാടുന്നു എങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനമ്മമാരും വിദ്യാഭ്യാസത്തിലെ വീഴ്ചയുമാണ്. പഠനത്തിൽ ഒരുപക്ഷേ ഇത് റാങ്ക് ഹോൾഡേഴ്സ് ആയിരിക്കും.എന്നാൽ സംസ്കാരം എന്തെന്ന് പഠിച്ചിട്ടില്ല. ഔദ്യോഗിക രംഗത്തും കുടുംബരംഗത്തും ഇവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല. കാരണം ബഹുമാനമോ സ്നേഹമോ പരിഗണനയോ അവരിലില്ല. അതുണ്ടായിരുന്നു എങ്കിൽ അവർക്ക് ഇങ്ങിനെ പാടാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

    കുടുംബ ജീവിതത്തിൽ മനശക്തിക്കും ക്ഷമക്കും സ്നേഹത്തിനും വലിയ  റോളാണുള്ളത്. സ്വന്തം അച്ഛനെ തന്ത എന്ന് പറഞ്ഞപമാനിക്കുന്ന ഈകൂട്ടർക്ക് ഈ മഹത്വങ്ങൾ ഒന്നും ഉണ്ടാവില്ല. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പെൺകുട്ടികളോട് പാലിക്കേണ്ട ചില നിയമസംഹിതകൾ അടുത്തിടെ കണ്ടിരുന്നു. അവരെ ജോലിക്കായി പഠിപ്പിക്കുക,അവർ തെറ്റ് ചെയ്താലും മിണ്ടാതിരിക്കുക, കുടുംബത്തിലെ അംഗമായി തന്നെ പരിഗണിക്കുക എന്നിങ്ങനെ നീളുന്നു. ഇതു വായിച്ചപ്പോൾ പഴയകാലമാണ് ഓർമ്മ വന്നത്. അന്ന് കൊച്ചു പെൺകുട്ടികളെയാണ് വിവാഹം കഴിച്ചിരുന്നത്. അവരിൽ പഠിക്കാൻ താല്പര്യം ഉള്ളവരെ പഠിപ്പിക്കേണ്ട ചുമതല സന്തോഷത്തോടെ മിക്ക  ഭതൃവീട്ടുകാരും ഏറ്റെടുത്തിരുന്നു. അവർ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇന്ന് കാലം മാറി. വിദ്യാഭ്യാസം പൂർത്തിയാക്കി- കുറഞ്ഞത് ഡിഗ്രി- വരുമാനമുള്ള ജോലി കിട്ടിയശേഷം മാത്രമേ പെൺകുട്ടികൾ വിവാഹിതരാകാൻ താല്പര്യം കാട്ടുന്നുള്ളൂ. അങ്ങനെയുള്ളവരെ ഇനി എന്ത് പഠിപ്പിക്കാൻ? എന്നാണ് പഠിക്കേണ്ടത് എന്നും എന്താണ് ചെയ്യേണ്ടത് എന്നും അവർക്ക് വളരെ വ്യക്തമായി തന്നെ അറിയാം. അവരുടെ ഇഷ്ടമനുസരിച്ച് മാത്രമേ അവർ പ്രവർത്തിക്കുകയുമുള്ളൂ. സാമ്പത്തികമായ അടിത്തറ ഉള്ളതിനാൽ മുതിർന്നവരുടെ ഉപദേശം ഒന്നും അവർക്ക് വേണ്ട, ആവശ്യവുമില്ല. വിവാഹം കഴിയുന്നതോടെ കുടുംബം എന്ന അവരുടെ കൺസെപ്റ്റിൽ വരുന്നത് ഭർത്താവും ഭാര്യയും അവരുടെ കുട്ടികളും മാത്രമാണ്. അവിടെ സ്വന്തം മാതാപിതാക്കളോ പങ്കാളിയുടെ മാതാപിതാക്കളോ ഇല്ല. എന്തിന് ഇന്നലെവരെ സ്വന്തം എന്ന് കരുതിയിരുന്ന സഹോദരങ്ങൾ പോലും ഈ ചട്ടക്കൂടിന് പുറത്താണ്. 

    ഇന്നത്തെ യുവതലമുറ വല്ലാതെ സ്വാർത്ഥരായി പോയി എന്ന് പറയാതെ വയ്യ. എന്ത് ചെയ്യുമ്പോഴും തനിക്ക് എന്ത് നേട്ടം എന്ന് മാത്രമേ നോക്കുകയുള്ളൂ. നേട്ടമില്ല എങ്കിൽ അത് ചെയ്യാൻ താല്പര്യവുമില്ല, അതിനി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും  വേണ്ടി ആയാലും. ഞാൻ,എന്റെ പങ്കാളി,എന്റെ കുട്ടികൾ ( ഞങ്ങളുടെ അല്ല) അതാണ് അവരുടെ ലോകം. എന്നാൽ അതുമാത്രമാണ് എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം . സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിൽ എത്താത്ത സഹോദരങ്ങൾ പോലും അവർക്ക് ബുദ്ധിമുട്ടാകുന്നു. അങ്ങനെയുള്ളവർ സഹോദരങ്ങൾ ആണെന്ന് പറയാൻ പോലും അവർക്ക് മടിയാണ്. വയസ്സ് ആകുന്നതോടെ അച്ഛനമ്മമാരും ഇവർക്ക് ഒരു ബാധ്യതയാകുന്നു. വയസ്സായ അച്ഛനെ അമ്മയെയും ഭീഷണിപ്പെടുത്തുകയും തല്ലുകയും ( ചിലപ്പോൾ കൊല്ലുകയും) ചെയ്യുന്ന ധാരാളം വീഡിയോകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.  അതിനാൽ നിശബ്ദരായിരിക്കുന്നതാണ് മുതിർന്നവരുടെ ആരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അല്പം ഈശ്വര ചിന്ത കൂടി ഉണ്ടെങ്കിൽ അതൊരു വലിയ ആശ്രയമായിരിക്കും. ഓരോന്ന് സംഭവിക്കുമ്പോഴും "ഈശ്വരേച്ഛ" എന്നുപറഞ്ഞ് ആശ്വസിക്കാം.  

      വൃദ്ധരായ  മാതാപിതാക്കൾ മക്കളുടെ ഒപ്പം കൊച്ചുമക്കളുമായി ജീവിക്കാമെന്ന്  സ്വപ്നം കാണുന്നു. എന്നാൽ എല്ലാവരിൽ നിന്നും ഒരു നിശ്ചിത ദൂരത്തിൽ അകന്നുനിന്ന് സ്വന്തം കുടുംബം മാത്രം നോക്കുന്ന ഈ യുവതലമുറയ്ക്ക് അച്ഛനമ്മമാരുടെ ഈ "സ്വപ്നം" ഒരു ദുസ്വപ്നമാണ്. " നിങ്ങളുടെ അച്ഛനമ്മമാരെ നോക്കാൻ എനിക്ക് വയ്യ. അതിനു വേണമെങ്കിൽ ആളെ വെച്ച് നോക്കിക്കോണം "എന്ന് പറയാൻ ഇന്നത്തെ പെൺകുട്ടികൾക്ക് മടിയില്ല. ഭർത്താവിന്റെ മാതാപിതാക്കളെ മാത്രമല്ല സ്വന്തം മാതാപിതാക്കളെ നോക്കാനും ഇവർക്ക് യാതൊരു താൽപര്യവുമില്ല. ആൺകുട്ടികളുടെ മനസ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. പണ്ട് എന്റെ ഒരു അമ്മായി പറയുമായിരുന്നു" ഞാനും ഏട്ടനും തമ്മിൽ ബന്ധുക്കളെ ചൊല്ലി ഒരു വഴക്കുമില്ല. എന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഏട്ടനും ഏട്ടന്റെ ബന്ധുക്കളെ സഹായിക്കുന്ന കാര്യം ഞാനും തീരുമാനിക്കും"🤭 എങ്ങനെയുണ്ട് ഐഡിയ. അങ്ങനെയാവുമ്പോൾ ആർക്കും ഒരു സഹായവും ചെയ്യേണ്ട. സുഖം.

  കൊച്ചുമക്കളെ മുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നും   അകറ്റി നിർത്താനാണ് മക്കൾക്കിഷ്ടം. കാരണം കുഞ്ഞുങ്ങളെ അവർ സ്നേഹിച്ചു വഷളാക്കുമത്രെ. എത്രമാത്രം തെറ്റായ ഒരു ധാരണയാണ് ഇത്. സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അച്ഛനമ്മമാരെക്കാൾ മുത്തശ്ശനെയും മുത്തശ്ശിയേയും ഇഷ്ടപ്പെട്ടവരാണ് ഇവർ എന്നു മനസ്സിലാകും. മുത്തശ്ശൻ വാങ്ങിത്തന്ന മിഠായിയുടെ മാധുര്യവും, മുത്തശ്ശി ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും ഇന്നും അവരുടെ നാക്കിലുണ്ടാവും. എന്നിട്ടാണ് അവർ സ്വന്തം കുട്ടികളെ അതിന് അനുവദിക്കാത്തത്. " അവർ എന്റെ കുട്ടികളെ വഷളാക്കു"മത്രേ . സത്യത്തിൽ കഥ പറഞ്ഞു സ്നേഹിച്ചും നല്ലത് പറഞ്ഞു കൊടുത്തും ആ കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം നിറക്കുകയാണ്   യാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. പക്ഷേ അത് മനസ്സിലാക്കാൻ ഈ നവ അച്ഛനമ്മമാർക്ക് കഴിയുന്നില്ല. പക്ഷേ ഇത് തിരിച്ചറിയുന്ന ഒരു കാലം വരും. ഈ കുഞ്ഞുങ്ങൾ വഴിതെറ്റുമ്പോളോ അല്ലെങ്കിൽ അവരിൽ നിന്നും അവഗണന നേരിടുമ്പോഴോ ആയിരിക്കുമെന്ന് മാത്രം. പക്ഷേ അപ്പോഴേക്കും പശ്ചാത്തപിക്കാൻ ഏറെ താമസിച്ചിട്ടുണ്ടാകും. നദിയിലൂടെ ഏറെ വെള്ളം ഒഴുകി കഴിഞ്ഞിരിക്കും. മാപ്പ് ചോദിക്കാൻ പോലും പറ്റാത്ത ലോകത്ത് അച്ഛനമ്മമാർ എത്തിയിരിക്കും. 

അപ്പോൾ ഇനി അടുത്ത ബ്ലോഗിൽ കാണാം. എല്ലാവർക്കും നന്ദി

 സ്നേഹത്തോടെ മീര.