ഇന്നത്തെ പല വാർത്തകളും കേൾക്കുമ്പോൾ മനുഷ്യർ തമ്മിലുള്ള സ്പർദ്ധയും വൈരാഗ്യവും വെറുപ്പും കൊണ്ടെത്തിക്കുന്നത് ഹീനമായ, നികൃഷ്ടമായ പ്രവർത്തികളിലാണെന്ന് നമുക്ക് തോന്നും. ഇതിൽ പലപ്പോഴും ജാതിയുടെയും മതത്തിന്റെയും നിറം കലർത്തുന്നു എങ്കിലും എല്ലാം അത്തരത്തിലുള്ളവയല്ലെന്ന് സംഭവങ്ങളെക്കുറിച്ച് അറിയുമ്പോൾ മനസ്സിലാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ആക്രമണം, കുട്ടികളെ പീഡിപ്പിക്കൽ,അയൽവാസികൾ തമ്മിലുള്ള വഴക്ക്, സ്ത്രീധനം മോഹം തുടങ്ങി തന്റെ വാഹനം ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നുള്ള കാരണങ്ങൾ വരെ കത്തിക്കുത്തിൽ അവസാനിക്കുന്നു. ഇതൊന്നും ജാതിമത കണക്കിൽ പെടില്ലല്ലോ. ഇതുകൂടാതെ രാഷ്ട്രീയമായ വൈരവും കൊലപാതകത്തിൽ എത്തുന്നത് സാധാരണയായി കഴിഞ്ഞു. ഇതിനു പുറമേയാണ് ജാതിയുടെയും മതത്തിന്റെയും പേരുള്ള ഗോഗ്വാ വിളികളും വെട്ടി നിരത്തലുകളും. ഇതിനിടെ മനുഷ്യർക്ക് സ്നേഹിക്കാൻ എവിടെ നേരം? ഇതെല്ലാം കാണുമ്പോൾമനുഷ്യത്വപരമായ പ്രവർത്തനങ്ങൾ ഒന്നും ഇല്ലേ എന്ന് സംശയം തോന്നും.
അപ്പോഴാണ് മനുഷ്യ മനസ്സാക്ഷിയെ ലജ്ജിപ്പിച്ച സംഭവത്തിൽ കരുണയുടെ കയ്യൊപ്പ് കണ്ടത്. കാറിൽ ചാരി നിന്നു എന്ന കാരണത്തിൽ ബലൂൺ വിൽക്കുന്ന ആറ് വയസ്സുള്ള ചെറു ബാലനെ തൊഴിച്ചുവീഴ്ത്തിയ സംഭവം കേട്ട് ലജ്ജയോടെ തലകുനിക്കുമ്പോൾ, ആ കുട്ടിയെ -ഗണേഷ് -ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്റെ കാറിൽ കയറ്റി നാട് ചുറ്റിക്കറങ്ങും എന്ന് ഒരു വ്യക്തി -ശരിയായ മനുഷ്യൻ- അറിയിച്ചത്. അദ്ദേഹം അവനുവേണ്ടി പുസ്തകങ്ങളും ഡ്രസ്സുകളും വാങ്ങി നൽകി. ആ വലിയ മനസ്സിനെ അറിയാതെ നമിച്ചുപോയി. നമുക്കെല്ലാം ഉണ്ടായിട്ട് കാര്യമില്ല കൊടുക്കാനും ഒരു മനസ്സ് വേണം.
മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള ആക്രോശങ്ങൾ നടക്കുമ്പോൾ,സ്വന്തം സമുദായം ഏറ്റവും കൂടുതൽ വെറുക്കുന്ന മതത്തെ അറിയാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ശരിക്കും ഹൃദയസ്പർശി ആയിരുന്നു. തൃശ്ശൂർ ശക്തൻ നഗറിലെ അക്കാദമി ഓഫ് ശരി അത്ത് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ( അസാസ് ) സിലബസ്സിലാണ് മുസ്ലിം മതത്തിലെ കുട്ടികൾ സംസ്കൃതം പഠിക്കുന്നതും പറയുന്നതും. ആ വീഡിയോ കണ്ടപ്പോൾ വളരെയധികം അത്ഭുതം തോന്നി. ഈ കുട്ടികളുടെ ഉച്ചാരണവും ഭാഷയും മാത്രമല്ല കാഴ്ചപ്പാടും അതിമനോഹരം എന്നെ പറയാൻ കഴിയൂ. മറ്റു മതങ്ങളെയും അവരുടെ രീതികളെയും പറ്റി പഠിക്കാൻ ആദ്യം വേണ്ടത് ആ ഭാഷ പഠിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു പഠനത്തിലൂടെ അവരുടെ ഗ്രന്ഥങ്ങളും രീതികളും സംസ്കാരവും പഠിക്കാൻ കഴിയുന്നു. ഇതിന് ആദ്യം മറ്റു മതങ്ങളെ ബഹുമാനിക്കാൻ കഴിയണം. തൃശ്ശൂരിലെ ഈ അസാസിൽ എട്ടുവർഷത്തെ മത പഠനത്തോടൊപ്പം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഭൗതിക പഠനങ്ങളും നടക്കുന്നു. എട്ടുവർഷം പൂർത്തിയാകുന്നതോടെ അവർക്ക് മറ്റു കുട്ടികളെ പോലെ ഇഷ്ടമുള്ള ഫീൽഡിൽ ജോലി സ്വീകരിക്കാൻ കഴിയും. അല്ല അവർക്ക് ഉസ്താദ് ആകുവാനാണ് ആഗ്രഹമെങ്കിൽ അങ്ങനെയും ആകാം. കഴിഞ്ഞ ഏഴ് വർഷമായി സംസ്കൃതം പഠിക്കുന്ന ഈ മുസ്ലിംകുട്ടികൾക്ക്, സംസ്കൃതം പഠിക്കുന്ന മറ്റേതൊരു സംസ്കൃത വിദ്യാലയത്തിലെ കുട്ടികളെപ്പോലെ തന്നെ സംസ്കൃതം പറയാനും എഴുതാനും വായിക്കാനും കഴിയുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. എട്ടു വർഷത്തെ സംസ്കൃത പഠനത്തിൽ ഉപനിഷത്തും ഗീതയും എല്ലാം ഇവർ പഠിക്കുന്നു.ഈ കുട്ടികളെ ഇതിന് പ്രാപ്തരാക്കിയത് ആ മദ്രസ നടത്തിപ്പുകാരുടെ വിശാലമനസ്കത ഒന്നുകൊണ്ടു മാത്രമാണ്. ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവർ പോലും സംസ്കൃത പഠനത്തിനും മതത്തെ അറിയുവാനും അധികം പ്രാധാന്യം നൽകാത്ത ഈ കാലത്ത്, തൃശ്ശൂർ മദ്രസ പഠനക്കാരുടെ ഈ മാറി ചിന്തിക്കൽ വലിയ പ്രത്യാശയാണ് നൽകുന്നത്. പരസ്പരം ബഹുമാനിക്കാൻ കഴിയുന്ന മതവിഭാഗങ്ങൾക്ക് പോരടിക്കാൻ കഴിയില്ല. ഇതര മതങ്ങളെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്ന ഈ കുട്ടികൾ പഠനരംഗത്തും യുവതലമുറയ്ക്കും മാതൃകയാവുന്നു. ഈ രീതി എല്ലാ മതക്കാരും സ്വീകരിച്ചിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോവുകയാണ്. സിലബസിൽ എല്ലാ മതക്കാരുടെയും പുണ്യ ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി കുട്ടികളിൽ ഇതര മതസ്ഥരോട് ബഹുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസ നയമാണ് ഭാരതത്തിന് വേണ്ടത്. അങ്ങിനെയെങ്കിൽ മാത്രമേ മതവൈര്യം കുറയുകയും സാഹോദര്യം നിലനിൽക്കുകയും ചെയ്യുകയുള്ളൂ. സത്യത്തിൽ മതമല്ല,വ്യക്തികളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാർത്ഥതാല്പര്യമാണ് ഈ കലഹങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിലെന്നു ഇന്ന് നമുക്കറിയാം. പുതിയൊരു സംരംഭത്തിലൂടെ നല്ലൊരു ജനതയെ വാർത്തെടുക്കുവാൻ ശ്രമിക്കുന്ന തൃശ്ശൂരിലെ എംഐസി അസാസിന് ഹൃദയം നിറഞ്ഞ ആശംസകൾ,അഭിനന്ദനങ്ങൾ.
അടുത്തിടയിൽ ഒരു ചിത്രം കണ്ടു. വെള്ളം കുടിക്കാൻ ഇല്ലാതെ ദാഹിച്ചു തളർന്ന് നടക്കാൻ പോലും ആകാത്ത ഒരു സിംഹക്കുട്ടിയെ തന്റെ തുമ്പിക്കയിൽ കോരിയെടുത്ത് നദീതീരത്തേക്ക് നടക്കുന്ന ഒരു ആനയുടെ ചിത്രം. ഒപ്പം അമ്മ സിംഹവും ഉണ്ട്. പലപ്പോഴും സംഭവങ്ങൾ വിവരിക്കുമ്പോൾ പറഞ്ഞുപോകുന്ന ഒരു വാക്കാണ് മൃഗീയം. പക്ഷേ ഈ ചിത്രം കണ്ടപ്പോൾ, ആ വാക്ക് എത്ര തെറ്റായാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് തോന്നി. ഭക്ഷിക്കാൻ മാത്രം മറ്റുള്ളവയെ കൊല്ലുന്നവരാണ് മൃഗങ്ങൾ. എന്നാൽ മനുഷ്യനോ? മറ്റുള്ളവർക്ക് വേണ്ടിയും പണത്തിനും സ്വന്തം വിരോധം തീർക്കാനും മറ്റുമായി പരസ്പരം കൊല്ലുന്നു. ഇതെങ്ങനെ മൃഗീയമാകും? ഇത്തരത്തിലുള്ള മനുഷ്യരെ അപേക്ഷിച്ച് മൃഗങ്ങൾ പാവങ്ങളാണ്. അതുകൊണ്ട് ഇനി മൃഗീയം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം. അപ്പോൾ ഇനി മറ്റൊരു വിഷയവുമായി അടുത്ത വ്യാഴാഴ്ച.
ലോകാ സമസ്താ സുഖിനോ ഭവന്തു.
1 comment:
Poor emotional intelligence
Post a Comment