- രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ലജ്ജാകരമായ ഈ സംഭവം നടന്നത്. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട്ശുഭ എന്ന യുവതിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും അടുത്ത ദിവസം അർദ്ധരാത്രിയോടെ അവർ മരണമടഞ്ഞു. അതറിയിച്ച ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡൻസ് ഡോക്ടർ മേരി ഫ്രാൻസിസിനെയാണ് ശുഭയുടെ ഭർത്താവ് സെന്തിൽ ചവിട്ടിയത്. ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ശുഭയുടെ രോഗാവസ്ഥ വളരെ മോശമായിരുന്നു എന്നും ബ്രെയിൻ ട്യൂമറിനൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ വെളിപ്പെടുത്തി.
രോഗി മരിച്ചാൽ അത് ചികിത്സാപിഴവാണെന്ന് ആരോപിച്ച് ഡോക്ടർമാർക്ക് എതിരെയും ആശുപത്രിയ്ക്കെതിരെയും കയ്യേറ്റം നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ചികിത്സ പിഴവാണെന്ന് ആരോപിക്കാൻ ഇവർക്ക് എന്ത് തെളിവാണ് ഉള്ളത് എന്ന് പലപ്പോഴും തോന്നാറുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെയെല്ലാം ചികിത്സിച്ചു സുഖമാക്കുവാൻ ഒരു ഡോക്ടർക്ക് കഴിയും എന്നാണോ ഇവർ കരുതുന്നത്. രോഗിയെ ചികിത്സിച്ചു ഭേദമാക്കുവാൻ എല്ലാ ഡോക്ടർമാരും ശ്രമിക്കും. പക്ഷേ മരണത്തിൽ നിന്നും രക്ഷിക്കാൻ അവർക്ക് എന്നല്ല ആർക്കും കഴിയില്ല. അങ്ങിനെ അല്ലായിരുന്നു എങ്കിൽ ഡോക്ടർമാരുടെ ബന്ധുക്കളാരും തന്നെ രോഗം മൂലം മരിക്കില്ലല്ലോ. മരുന്നിനും ചികിത്സയ്ക്കുമെല്ലാം ഒരു പരിധിയുണ്ട്. നല്ല ഡോക്ടർമാർ ഒപ്പമുണ്ടെന്ന് കരുതിയോ നല്ല ചികിത്സ കിട്ടി എന്നു കരുതിയോ ആർക്കും ജീവൻ തിരിച്ചു കിട്ടണമെന്നില്ല. രാഷ്ട്രീയമായും ഔദ്യോഗികമായും സാമ്പത്തികമായും ഉന്നത നിലയിലുള്ളവർ വിദേശത്ത് പോയി ചികിത്സ സ്വീകരിച്ചിട്ട് പോലും മരണത്തിന്റെ പിടിയിലാകുന്നത് ചികിത്സാപിഴവല്ല എന്ന് നമുക്കെല്ലാം അറിയാം. എല്ലാം സുഖമാക്കി ആരോഗ്യത്തോടെ രോഗിയെ തിരിച്ചയക്കാൻ കഴിയുന്ന അതീന്ദ്രിയ ജ്ഞാനമൊന്നും ഡോക്ടർമാർക്ക് ഇല്ല. ഓരോ രോഗിയെയും രോഗാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ അവർ മാക്സിമം ശ്രമിക്കും. മിക്കപ്പോഴും ആ ശ്രമം വിജയിക്കുമെങ്കിലും ചിലപ്പോളെങ്കിലും മറ്റ് ശാരീരിക കാരണങ്ങളാൽ ആ ശ്രമം പരാജയപ്പെടും. അതിന് കാരണം ആ ഡോക്ടറല്ല. ആ രോഗിയുടെ ശാരീരികാവസ്ഥയാണ്. പ്രസവത്തോടനുബന്ധിച്ചുള്ള പല മരണങ്ങളിലും ഇതേ രീതിയിൽ ചികിത്സാ പിഴവ് എന്ന് ആരോപിച്ച് ഡോക്ടർമാർക്കെതിരെ ആക്രമണങ്ങൾ നടത്താറുണ്ട്.
രോഗം മൂലമോ അപകടങ്ങൾ മൂലമോ നമ്മൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ ഡോക്ടറെ കാണുക ദൈവത്തിന്റെ പ്രതിനിധിയാണ്.( തീർച്ചയായും നേഴ്സുമാരും ഈ വിഭാഗത്തിൽപ്പെടുന്നു ). പക്ഷേ അപ്പോഴും ഡോക്ടർ പറയുന്ന ഒരു കാര്യമുണ്ട്.ഞങ്ങൾ ആവുന്നതെല്ലാം ചെയ്യാം ബാക്കി ഈശ്വരന്റെ കയ്യിലാണ് പ്രാർത്ഥിക്കുക എന്ന് . അവർ നൽകുന്ന ചികിത്സകൊണ്ട് ആരോഗ്യം നേടിയ ആശുപത്രി വിട്ട് പുറത്തു വരുമ്പോൾ ഒരു നന്ദി പോലും പറയാതെ ചികിത്സിച്ചത് ഡോക്ടറുടെ ഡ്യൂട്ടിയാണെന്ന് പറയുന്ന ചിലരുണ്ട് . ഓരോ രോഗിയും ഡോക്ടർക്ക് ഓരോ ചലഞ്ച് ആണ്. തന്റെ മുമ്പിൽ എത്തുന്ന വേദന നിറഞ്ഞ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടറെ അപമാനിക്കാൻ അല്ല ആദരിക്കാനാണ് നാം പഠിക്കേണ്ടത്. തന്റെ രോഗി മരിക്കുമ്പോൾ രോഗിയുടെ ബന്ധുക്കളെ പോലെ തന്നെ ഡോക്ടർക്കും വേദനയുണ്ട്. തന്റെ ശ്രമം വിജയിച്ചില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ട്. പക്ഷേ തിരക്കുള്ള ജീവിതത്തിൽ ഇതൊന്നും പ്രകടിപ്പിക്കാൻ അവർക്ക് സമയമില്ല.
ഇത്തരത്തിൽ രോഗികളുടെ ബന്ധുക്കൾ പെരുമാറിയാൽ പിന്നെ എങ്ങനെയാണ് ചികിത്സിക്കാൻ ഡോക്ടർമാർക്ക് ധൈര്യം കിട്ടുക? തന്റെ മുന്നിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗി മരിക്കില്ലെന്ന് പറയാൻ ഏത് ഡോക്ടർക്കാണ് സാധിക്കുക? രോഗി മരിച്ചാൽ താൻ ആക്രമിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് എത്ര ഡോക്ടർമാർ ചികിത്സിക്കാൻ തയ്യാറാകും? (ആരും തന്നെ കാണില്ല.അതാണ് വാസ്തവം.) ഇങ്ങനെയുള്ള സന്ദർഭത്തിൽ ഏറ്റവും നല്ല ചികിത്സ നൽകുക എന്നത് മാത്രമാണ് ഡോക്ടറുടെ കടമ. അത് വിജയിക്കാം ഒരുപക്ഷേ പരാജയപ്പെടാം. ഒരു ചരടിന്റെ അപ്പുറവും ഇപ്പുറവും ആയി നിൽക്കുകയാണ് രോഗിയുടെ ജീവനും മരണവും. ജീവിതത്തിലേക്ക് കൂട്ടാൻ എത്ര ശ്രമിച്ചാലും ഡോക്ടർ ചിലപ്പോൾ പരാജയപ്പെട്ടു പോകും. അത് ഡോക്ടറുടെ ചികിത്സാപിഴവല്ല.
ഇതു വായിക്കുന്ന ചിലരെങ്കിലും എന്നെ എതിർത്തു പറഞ്ഞേക്കാം. അത്തരമൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവരും ഉണ്ടാകും. എന്നാൽ അങ്ങനെയല്ല. ഇനിയും എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും ഡോക്ടർമാരെ കുറ്റം പറയാനോ പഴിചാരാനോ ഞാൻ പോകില്ല. രോഗാവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലാതെ ചികിത്സ തേടി ഡോക്ടറെ സമീപിക്കുമ്പോൾ അവർ എന്നോടൊപ്പം ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്. അവർ കഴിയുന്ന വിധത്തിൽ രക്ഷിക്കാൻ ശ്രമിക്കും എന്ന വിശ്വാസവും. എനിക്കുണ്ട് . ഇനി ഒടുവിൽ അവരുടെ ശ്രമം പരാജയപ്പെട്ടാൽ ഈശ്വരേഛ ആണെന്ന് കരുതി മനസ്സിനെ ശാന്തമാക്കും. അവരുടെ ശ്രമത്തിന് നന്ദി പറയാനും മറക്കില്ല. സത്യം.
- രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാരെയും ആശുപത്രികളെയും ആക്രമിക്കുന്നത് കർശനമായി തടയേ ണ്ടിയിരിക്കുന്നു.( ഇതിനുപിന്നിൽ ഇവരോടുള്ള വൈരാഗ്യമോ അസൂയയോ ആണോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. )ഇനി ആർക്കെങ്കിലും ഇത്തരം പരാതിയുണ്ടെങ്കിൽ നമുക്കൊരു നിയമ സംവിധാനം ഉണ്ടല്ലോ. അതുവഴിയാണ് നേരിടേണ്ടത്. കോടതിയിൽ പരാതി നൽകണം. തെളിവ് സഹിതം അവരെ ശിക്ഷിക്കാനും ശ്രമിക്കണം.കിഡ്നിയും കണ്ണുമടക്കം ശാരീരിക അവയവങ്ങൾ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾ ആശുപത്രി കേന്ദ്രീകരിച്ച പ്രവർത്തിക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഇത്തരം സ്ഥാപനങ്ങളെയും അവിടെ പ്രവർത്തിക്കുന്നവരെയും- അത് ഡോക്ടറായാലും മറ്റു ഉദ്യോഗസ്ഥരായാലും -നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് കർശനമായി ശിക്ഷിക്കണം. പക്ഷേ ഏതെങ്കിലും ഒരു ഡോക്ടർ ഈ ഹീനമായ പ്രവർത്തി ചെയ്തു എന്നതിനാൽ എല്ലാ ഡോക്ടർമാരെയും കയ്യേറ്റം ചെയ്യരുത്. രോഗികളോട് കരുണയും അനുകമ്പയും ഉള്ളവരാണ് ഭൂരിപക്ഷം ഡോക്ടർമാരും എന്ന കാര്യവും മറക്കരുത്. സാധാരണക്കാരായ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ളതാണ് ഗവൺമെന്റ് ഹോസ്പിറ്റലുകൾ. ഈ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടാലും സർക്കാർ അത് അംഗീകരിക്കണമെന്നില്ല. ഉള്ള സൗകര്യങ്ങൾ വച്ച്, തന്നെ കൊണ്ട്ക ഴിയുന്ന രീതിയിൽ ചികിത്സിക്കുന്ന ഡോക്ടർമാരെ അംഗീകരിക്കാൻ നമുക്ക് കഴിയണം. കൈക്കൂലിക്കാരായ ഡോക്ടർമാർ ഇതിൽ ഉൾപ്പെടുന്നില്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. കൈക്കൂലി തന്നാലേ ചികിത്സയ്ക്കു എന്ന് പറയുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ധാരാളം വഴികൾ ഉണ്ട്. അങ്ങിനെയുള്ളവരെ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടാനും അനുവദിക്കരുത്. പക്ഷേ ചികിത്സിച്ചു എന്ന കാരണത്താൽ ചികിത്സാപിഴവ് ആരോപിച്ച് ശാരീരിക ആക്രമണം നടത്തുന്നവരോട് ഒരുതരത്തിലും യോജിക്കാൻ വയ്യ. വേദനിക്കുന്നവർക്ക് ആശ്വാസമായി മാറുന്ന ഡോക്ടർമാരോടും നേഴ്സുമാരോടും, ഇത്തരം ഹീന പ്രവർത്തികൾ ചെയ്യുന്നവരുടെ പേരിൽ, കൈകൂപ്പി മാപ്പ് പറയട്ടെ . മാപ്പ്.... മാപ്പ്....
No comments:
Post a Comment