ഒരുവശത്ത് "അരുത് ലഹരി "എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചു കൈകോർക്കുമ്പോൾ മറുവശത്ത് 15.5 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈൻ നിർമ്മിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകിക്കൊണ്ട് ഇതേ സർക്കാരും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ തന്നെ ലഹരി നിർമ്മാണത്തിന് ലൈസൻസ് നൽകുക! ഇതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഒരിടത്ത് തടസ്സപ്പെടുത്തുകയും മറുപുറത്ത് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഈ രീതി സാധാരണ ജനങ്ങൾക്ക്- ബുദ്ധിജീവികൾക്കല്ല - മനസ്സിലാകുന്നില്ല. 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയതാണ് പുതിയ ഹോർട്ടി വൈൻ. പഴങ്ങളിൽ നിന്നും കാർഷികോല്പന്നങ്ങളിൽ നിന്നും( ചക്ക, വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, മാമ്പഴം, പപ്പയ, മാതളനാരങ്ങ, പേരയ്ക്ക , ചാമ്പക്ക, ജാതിക്കാത്തൊണ്ട് , കപ്പ, കരിമ്പ്, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവ ) ഉൽപ്പാദിപ്പിക്കുന്ന ഈ ഹോർട്ടി വൈൻ, ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ അത്രേ. ഇനി മറ്റു മദ്യങ്ങളിലെ ആൽക്കഹോളിന്റെ അളവ് ഒന്നു നോക്കാം.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൽ 42.86 ശതമാനം ആണെങ്കിൽ, വൈനിൽ 15.5% ആണ്. ഇതേ അളവ് ആൽക്കഹോൾ ആണ് ഈ പുതിയ ഹോർട്ടി വൈനിലും ഉള്ളത്. എന്നാൽ ബിയറില്‍ 6% ആൽക്കഹോൾ മാത്രമാണ് ഉള്ളത്. ഈ പുതിയ സംരംഭം കാർഷിക മേഖലയ്ക്ക് കൈത്താങ്ങ് ആകുമെന്നും, ഇതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനവും തൊഴിലും ലഭിക്കും എന്നുമാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് കണ്ടെത്തുന്നത്. പക്ഷേ ഇതിനിടെ മന്ത്രി മറന്നുപോയ ഒരു കാര്യമുണ്ട്. കേരളത്തിനാവശ്യമായ ഭക്ഷ്യോല്പപന്നങ്ങൾ എല്ലാം എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണെന്ന് സത്യം. അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും ധാന്യങ്ങളും വന്നില്ലെങ്കിൽ ഇവിടം പട്ടിണിയായതുതന്നെ. അങ്ങിനെയുള്ള നമ്മൾ അവിടെ നിന്നും കൊണ്ടുവരുന്ന പഴങ്ങളിൽ നിന്നും മറ്റ് കാർഷികോല്പന്നങ്ങളിൽ നിന്നും വേണം നമുക്ക് ഈ ഹോർട്ടിവൈൻ ഉണ്ടാക്കാൻ. അവ വാങ്ങിയ വിലയുടെ കൂടെ വൈൻ നിർമ്മാണ ചെലവും കൂടി കൂട്ടി,കൂടിയ വിലയ്ക്കു വിറ്റ് വീണ്ടും ലാഭമുണ്ടാക്കാം. എന്തായാലും കേരളത്തിലെ മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്തോറും പേടിക്കാനില്ല. എല്ലാം വിറ്റുപോകും. ജനങ്ങളുടെ ആരോഗ്യവും ആയുസ്സും നശിച്ചാലും വേണ്ടില്ല നമുക്ക് പത്തു കാശുണ്ടാക്കണം. കൊള്ളാം. നല്ല ബുദ്ധി. ഇതിനു പകരം കേരളത്തിലെ കാർഷികോല്പന്നങ്ങളുടെ വർദ്ധനയെക്കുറിച്ച് ഈ മന്ത്രിപുംഗവൻ മാർക്ക് ഒന്ന് ചിന്തിച്ചു കൂടെ. നമ്മുടെ ആവശ്യത്തിൽ അധികം വരുന്ന ഇവിടുത്തെ കാർഷികോല്പന്നങ്ങളുടെ സഹായത്താൽ ഇത്തരം വൈൻ നിർമ്മാണം തുടങ്ങിയാൽ കുഴപ്പമില്ല. പക്ഷേ നമ്മുടെ സ്ഥിതി അതല്ലല്ലോ. അന്യസംസ്ഥാനക്കാർ കൃഷിചെയ്ത് കേരളത്തിലേക്ക് കയറ്റി അയച്ചാലേ നമുക്ക് ഇവിടെ ഉണ്ണാനും ഉടുക്കാനും കഴിയൂ. ഭക്ഷ്യോൽപ്പന്ന രംഗത്ത് എന്തുകൊണ്ട് നമുക്കും സ്വയം പര്യാപ്തത കൈവരിച്ചു കൂടാ? വെള്ളവും വളവും ( കേരളത്തിലെ അടുക്കള മാലിന്യം മാത്രം മതി നല്ല വളമുണ്ടാക്കാൻ) ) ധാരാളമുള്ള, ദൈവത്തിന്റെ സ്വന്തംനാട് എന്ന അഭിമാനിക്കുന്ന, നല്ല ഭൂപ്രകൃതിയുള്ള കേരളം പോലെ മറ്റൊരു സംസ്ഥാനമില്ല. ആവശ്യത്തിന് നദികളോ മഴയോ ഇല്ലാത്ത തമിഴ്നാട്, അവർക്കും പിന്നെ നമുക്കും വേണ്ട കാർഷികോല്പന്നങ്ങളിലൂടെ ലാഭം ഉണ്ടാക്കുന്നത് ഇനിയെങ്കിലും നമ്മൾ കണ്ടുപഠിക്കണ്ടെ? അതിനുപകരം നമ്മൾ കണ്ടെത്തിയത് വൈൻ ഉണ്ടാക്കാൻ. എന്തൊരു ബുദ്ധി.പറയാതെ വയ്യ.
വൈൻ ഉണ്ടാക്കാൻ ലൈസൻസ് നൽകിയ സർക്കാർ പക്ഷേ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. കുട്ടികളെയും മുതിർന്നവരെയും ഒന്നിച്ചുകൂട്ടി "അരുതു ലഹരി"യിൽ സത്യപ്രതിജ്ഞ ചെയ്യിക്കും. എന്നിട്ട് പോയി പുതിയ ലഹരി നിർമ്മാണത്തിനും ബാർ തുറക്കാനും അനുമതി നൽകും. 2016 വരെ കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനിൽ 332 ഔട്ട്ലെറ്റ് കൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് 670 ലിക്കർ ബാറുകളും 306 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഉണ്ട്. പുതിയ മദ്യ നിയമമനുസരിച്ച് 68 പുതിയ ബിവറേജ് ഔട്ട് ലൈറ്റുകൾ കൂടി തുറക്കാൻ തീരുമാനമായി.തിരക്ക് ഒഴിവാക്കാൻ170 എണ്ണം ആയിരുന്നു BEVCO ആവശ്യപ്പെട്ടത് എങ്കിലും സർക്കാർ അതിന് പൂർണ്ണ പിന്തുണ നൽകിയില്ല.
ഇത്തരത്തിൽ മദ്യ വില്പന വർദ്ധിപ്പിക്കുവാൻ സർക്കാർ ശ്രമിക്കുമ്പോൾ എന്തിനാണ് ഈ "അരുത് ലഹരി " പ്രചരണം? ഇതാർക്ക് വേണ്ടി? ആരുടെ കണ്ണിൽ പൊടിയിടാൻ? യഥാർത്ഥത്തിൽഈ " അരുത് ലഹരി" എന്ന പ്രചരണം ആത്മാർത്ഥതയോടെ ആയിരുന്നു എങ്കിൽ മദ്യ വില്പനയും, മദ്യലഭ്യതയും കുറയ്ക്കുകയായിരുന്നില്ലേ വേണ്ടത്? ഒരു പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സർക്കാരിന് എളുപ്പം സാധിക്കുകയും ചെയ്യും. അതിനുപകരം മദ്യവില്പനശാലകളുടെ എണ്ണം വർദ്ധിപ്പിക്കുക,പുതിയ വൈൻ നിർമ്മിക്കാൻ ലൈസൻസ് കൊടുക്കുക എന്നിവയിലൂടെ ഒരു ലഹരിമുക്ത കേരളത്തിനാണ് ഈ സർക്കാർ ശ്രമം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ലഭ്യത കൂടുന്നതനുസരിച്ച് ഉപഭോഗവും വർദ്ധിക്കും എന്നത് ഒരു സത്യമാണ്. ഇതിൽ നിന്നും യുവതലമുറയെ രക്ഷിക്കണമെങ്കിൽ ലഭ്യത കർശനമായി കുറയ്ക്കണം. ഒപ്പം വ്യാജമദ്യം നിർമ്മിക്കുക,വിൽക്കുക എന്നീ പ്രവർത്തികൾക്ക് കടുത്ത ശിക്ഷയും നൽകണം. ഒരു സാധനം വളരെ എളുപ്പത്തിൽ കിട്ടുന്ന വിധത്തിൽ വിൽപ്പനയ്ക്കു വെക്കുകയും ഒപ്പം അത് ഉപയോഗിക്കരുത് എന്ന് പറയുകയും ചെയ്യുന്നതുകൊണ്ട് എന്താണ് പ്രയോജനം? പുതിയ വൈൻ നിർമ്മാണത്തിന് ലൈസൻസ് നൽകിയ മന്ത്രി എം ബി രാജേഷ് "അരുത് ലഹരി" എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതും കണ്ടു. ( ഇത് കാണുമ്പോൾ "അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങൾ പറയുന്നത് എന്തുവാ, ചെയ്യുന്നത് എന്തുവാ," എന്ന് സിനിമാ സ്റ്റൈലിൽ ചോദിക്കേണ്ടിവരും )
മാലിന്യ മുക്ത കേരളം, ലഹരി മുക്ത കേരളം എന്നെല്ലാം കുറെ നാളായി പറഞ്ഞു കേൾക്കുന്നു. ഇനി ഇങ്ങനെ പോയാൽ ഇതൊരു കാർഷിക മുക്ത കേരളം ആയി മാറുമോ എന്നാണ് ഭയം.
1 comment:
Good article 👍
Post a Comment