Sunday, November 20, 2022

ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാർ

     ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരുടെ മൂർത്തികളെ പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഒരെണ്ണം രണ്ട് കണ്ണും പൊത്തിയിരിക്കുന്നു. മറ്റൊരെണ്ണം രണ്ടുകാതുകളും കൈയാൽ അടച്ചിരിക്കുന്നു. ഇനിയുള്ള ഒരെണ്ണം വായ പൊത്തി ഇരിക്കുന്നതാണ്. ചീത്ത കാണരുത് -കേൾക്കരുത് -പറയരുത്- എന്നാണ് ഇവയെ കുറിച്ചുള്ള വ്യാഖ്യാനം എന്നാണ് സാധാരണയായി നമ്മൾ കേട്ടിട്ടുള്ളത്.  പക്ഷേ അങ്ങനെ അല്ല എന്ന് പറയുന്നവരും ഉണ്ട്. ഈ പുതിയ കാഴ്ചപ്പാടാണ് കൂടുതൽ സ്വീകാര്യമായി എനിക്ക് തോന്നുന്നത്. ഒരു കാര്യം കണ്ടു കഴിയുമ്പോഴല്ലേ അത് ചീത്തയാണെന്ന് നമ്മൾ അറിയൂ. പിന്നീട് കണ്ണുപൊത്തിയിട്ട് എന്ത് കാര്യം? അതുപോലെ ഒരു കാര്യം കേട്ട ശേഷമല്ലേ അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാൻ കഴിയൂ. ചീത്തയാണെന്ന് തിരിച്ചറിഞ്ഞശേഷം പിന്നീട് എന്തിനാണ് കാത് പൊത്തുന്നത്? അതുകൊണ്ടാണ് വ്യത്യസ്തമായ ഒരു വ്യാഖ്യാനം എന്നെ ആകർഷിച്ചത്.

                    ആവശ്യമില്ലാത്തത് കാണാതിരിക്കുക -കേൾക്കാതിരിക്കുക- സംസാരിക്കാതിരിക്കുക. എന്താ ഇത് ശരിയല്ലേ? നമ്മൾ പോകുമ്പോൾ വഴിയിൽ എന്തെല്ലാം കാണുന്നു. സത്യത്തിൽ അവയെല്ലാം നമ്മൾ "കാണാൻ "ശ്രമിക്കാറുണ്ടോ? ഇല്ല. നമുക്ക് ആവശ്യമുള്ളത് മാത്രമേ നോക്കാറുള്ളൂ. അല്ലാത്തവയെ നമ്മൾ അവഗണിക്കും. ഒരു യാത്രക്കിടെ നമുക്ക് വിശക്കുന്നു എന്ന് വിചാരിക്കുക. അപ്പോൾ,ഭക്ഷണം കഴിക്കാനായി നമ്മൾ നോക്കുക ഹോട്ടലുകളാണ്. ആ ബോർഡ് മാത്രമേ നമ്മൾ ശ്രദ്ധിക്കൂ. തുണിക്കടകളുടെയും, ഗ്ലാസ് വിൽക്കുന്ന കടകളുടെയും, പലവ്യഞ്ജന കടകളുടെയും ബോർഡുകൾ അവിടെ ഉണ്ടെങ്കിലും നമ്മുടെ കണ്ണുകൾ അതിൽ പെടാറില്ല. കാരണം നമുക്ക് അത് ആവശ്യമില്ല. അത്രതന്നെ. നമുക്കെന്താണോ ആവശ്യം അതിലേക്ക് ആവും നമ്മുടെ ശ്രദ്ധയും നോട്ടവും. അല്ലാത്തതെല്ലാം അവിടെ ഉള്ളതിനും ഇല്ലാത്തതിനും തുല്യം. ഗാഢമായ ചിന്തയിലിരിക്കുമ്പോൾ നമ്മുടെ അടുത്ത് ഒരാൾ   വന്നാൽ പോലും നമ്മൾ അറിയണമെന്നില്ല. കണ്ണ് തുറന്നിരുന്നാലും കാണണമെന്നില്ല. കാരണം നമ്മുടെ മനസ്സിന്റെ ശ്രദ്ധ മറ്റെവിടെയോ ആണ്. അതുകൊണ്ട് മറ്റൊന്നും നമ്മൾ കാണുന്നില്ല. ഇതുപോലെ തന്നെയാണ് കേഴ് വിയും. ആവശ്യമുള്ളത് മാത്രം കേൾക്കുക. നമുക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ എന്തിന് കേൾക്കണം? അവയെ അതിന്റെ പ്രാധാന്യത്തിൽ നമുക്ക്  അവഗണിക്കാനാകണം. വേണ്ടാത്തതെല്ലാം കേൾക്കുകയും അത് മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സ് കലുഷിതമാക്കാം എന്നല്ലാതെ മറ്റൊരു ഫലവുമില്ല. വേണ്ടാത്ത ശബ്ദങ്ങൾ അപ്പാടെ അവഗണിക്കാൻ ആയാൽ മനസ്സിനുണ്ടാകുന്ന ശാന്തി അപാരമാണ്. ആവശ്യമില്ലാത്തവ കാണാതെയും കേൾക്കാതെയും ഇരിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട് സംസാരത്തിന്. മിത്രങ്ങളെയും ശത്രുക്കളെയും സൃഷ്ടിക്കുവാൻ കഴിയുന്ന അതിശക്തമായ ഒരു മാധ്യമമാണ് വാക്ക്. വാക്കിൽ പിഴച്ചാൽ എല്ലാം പിഴച്ചു. വാക്കുകൾക്ക്‌ സ്വാന്തനപ്പെടുത്തുന്നതോടൊപ്പം മുറിപ്പെടുത്താനും കഴിയും. നമ്മുടെ വാക്കുകളിലൂടെ നമ്മൾ ആരാണെന്ന് മറ്റുള്ളവർ മനസ്സിലാക്കും. എന്നിലൂടെ വരുന്ന വാക്കുകളാണ് ഞാൻ ആരാണ് എന്താണ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ സംസാരിക്കുന്നവരെയും, ആത്മപ്രശംസ നടത്തുന്നവരെയും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവരെയും ഒക്കെ നമ്മുടെ ഇടയിൽ ധാരാളമായി കാണാം. ഇത്തരക്കാരിൽ നിന്നും അകന്നുനിക്കാനാവും നമ്മൾ ശ്രദ്ധിക്കുക. ഇത്തരക്കാരോട് തോന്നുന്ന ഒരു അലോരസം,ഒരു വെറുപ്പ് ഒക്കെ ഉണ്ടല്ലോ,  അതു തന്നെയാവും വാക്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളോടും തോന്നുക.

                അതുകൊണ്ട് ആവശ്യമുള്ളത് മാത്രം പറയാനും, കേൾക്കാനും, കാണാനുമായി നാം സ്വയം നിയന്ത്രിക്കണം. മറ്റുള്ളവരുടെ കണ്ണും, കാതും,വായും പൊത്തിപ്പിടിച്ച് ഈ നിയന്ത്രണം സാധിക്കില്ലല്ലോ? നമ്മുടെ കാഴ്ചപ്പാടിലും, സ്വീകാര്യതയിലും, പ്രകടിപ്പിക്കലിലും മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ സംതൃപ്തിയും സന്തോഷവും നിറഞ്ഞ ജീവിതം നമുക്ക് ആസ്വദിക്കാം. ഇല്ലെങ്കിൽ സ്വന്തം ജീവിതം നരകതുല്യമാക്കുന്ന തോടൊപ്പം മറ്റുള്ളവരുടെ ജീവിതം കൂടി അങ്ങിനെ ആക്കാനുള്ള ഒരു ശ്രമമാവും ഉണ്ടാവുക. അത്തരത്തിലുള്ള ദുരിതപൂർണമായ ഒരു ജീവിതം നമുക്ക് വേണോ? ഒരിക്കലും വേണ്ട. അതിനാൽ ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ മൂർത്തികൾ ഒരു പ്രചോദനമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. ആ പാത പിന്തുടരാം.

🌹ലോകാ സമസ്താ സുഖിനോ ഭവന്തു:🌹

No comments: