Wednesday, October 19, 2022

സ്ത്രീ പുരുഷന്മാരും ശരീര പ്രദർശനവും

  രാഷ്ട്രീയ നിരൂപകനും ആക്ടിവിസ്റ്റും ഒക്കെ ആയ സിവിക് ചന്ദ്രനെതിരെയുള്ള സ്ത്രീ പീഡനക്കേസിൽ, പരാതിക്കാരി പ്രകോപനമായ രീതിയിൽ വസ്ത്രധാരണം ചെയ്തിരുന്നതായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണ കുമാർ കണ്ടെത്തുകയും സിവിക്ചന്ദ്രന്  മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന്  സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടിയ കാര്യം തീർത്തും നിയമവിരുദ്ധമാണെന്നും   ഈ ജാമ്യം  റദ്ദാക്കണം എന്ന  ആവശ്യവുമായി സർക്കാർ, ഹൈക്കോടതിയെ സമീപിച്ചു.      പീഡനത്തിനു കാരണം അവരുടെ    പ്രകോപനപരമായ വസ്ത്രധാരണമാണ്   എന്ന നിരീക്ഷണത്തെ ഹൈക്കോടതി   നിശിതമായി വിമർശിച്ചു എങ്കിലും    മുൻകൂർ ജാമ്യം തടഞ്ഞില്ല.  സ്ത്രീ    സംഘടനകളോടൊപ്പം മറ്റു സംഘടനകളും വ്യക്തികളും  കോഴിക്കോട് ജില്ലാ സെഷൻ ജഡ്ജിക്കെതിരെ ശക്തമായിതന്നെ രംഗത്ത് വന്നു.  അതിജീവിതയെ സംരക്ഷിക്കുവാൻ ആയിരുന്നു എല്ലാവരും ശ്രമിച്ചത്.

               രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുംആക്ടിവിസ്റ്റും എഴുപത്തിനാല് വയസ്സുമുള്ള സിവിക്   ചന്ദ്രൻ എന്ന വൃദ്ധൻ, ഇത്തരത്തിലുള്ള   ഒരു അധമ പ്രവർത്തി ചെയ്തിട്ടുണ്ട്   എങ്കിൽ തീർച്ചയായും   ശിക്ഷിക്കപ്പെടേണ്ടതാണ്. മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിലുള്ള കഠിനമായ ശിക്ഷ തന്നെ കൊടുക്കണം.  ഇനി ഇത്തരത്തിലുള്ള ഒരു പ്രവർത്തി  ചെയ്യാൻ ആർക്കും ധൈര്യമുണ്ടാവരുത്

 എന്നതിൽ ഞാനും ഉറച്ചുനിൽക്കുന്നു.

       പക്ഷേ ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. മ്ലേച്ഛമായ ശരീരപ്രദർശനം നടത്തി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കുറ്റക്കാരായി എത്തുക പുരുഷന്മാരുടെ മുഖമാണ്. മറയ്ക്കപ്പെടേണ്ട ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു എന്നുള്ള പരാതി ഒരു സ്ത്രീക്ക് എതിരെയും ഉയർന്നതായുള്ള വാർത്തകൾ ഇല്ല എന്ന് പറയാം. അതൊരുപക്ഷേ ആസ്വദിക്കുന്നത് കൊണ്ടാവാം ആരും  അത്തരം പരാതികൾ ഉന്നയിക്കാത്തത്. എന്തായാലും എന്നും പിടിക്കപ്പെടുന്നതും കുറ്റവാളികളായി പ്രഖ്യാപിച്ചു ശിക്ഷിക്കപ്പെടുന്നതും പുരുഷന്മാർ മാത്രമാണ് എന്ന് തോന്നുന്നു. സത്യത്തിൽ സ്ത്രീകളും ഇത്തരം ശരീരപ്രദർശനങ്ങൾ നടത്തുന്നില്ലേ? സ്ത്രീകളുടെ പ്രകോപനകരമായ വസ്ത്ര ധാരണത്തിൽ ഒരു പുനർചിന്തനം ആവശ്യമായ സമയമാണ് ഇത്. മറയ്‌ക്കേണ്ടുന്ന ശരീരഭാഗങ്ങൾ  പ്രദർശിപ്പിക്കുന്ന പുരുഷനെതിരെ  ശിക്ഷിക്കാവുന്ന തരത്തിലുള്ള കുറ്റം ചുമത്തുമ്പോൾ, ആ പ്രദർശനം  കുട്ടികൾക്കു മുമ്പിലാണെങ്കിൽ ക്രിമിനൽ കുറ്റമായി മാറുന്നു.  അതേസമയം, ശരീരഭാഗങ്ങൾ വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണം മൂലം സ്ത്രീകളെ ശിക്ഷിക്കുക ഇല്ല എന്നുമാത്രമല്ല അവർക്ക് സംരക്ഷണവും നൽകുന്നു.  വസ്ത്രത്തിന്റെ കഴുത്ത് വളരെ വെട്ടിയിറക്കി മറയ്‌ക്കേണ്ടവയെല്ലാം

 കാണുന്ന വിധത്തിലുള്ള സുതാര്യമായ വേഷത്തിൽ സ്ത്രീകൾ നടക്കുമ്പോൾ അത് ഫാഷനാണ്, അഭിമാനമാണ്. ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമാണ്. എന്നാൽ വലിയ സാമ്പത്തിക നിലവാരം ഇല്ലാത്തപാവപ്പെട്ട ഒരു കുട്ടി, മറ്റു നിവൃത്തിയില്ലാതെ

 ശരീരം അല്പം വെളിവാകുന്ന തരത്തിലുള്ള ഒരു വേഷം ധരിച്ചാൽ  അവളുടെ നേരെ  വിരൽ ചൂണ്ടാൻ എല്ലാവരും ഉണ്ടാവും. പുരുഷന്റെ മറയ്ക  പ്പെടേണ്ട ശരീരഭാഗം പ്രദർശിപ്പിച്ചാൽ ശിക്ഷയും, അത് സ്ത്രീകളുടേത് ആണെങ്കിൽ  അംഗീകാരവും നൽകുന്നത് എന്തൊരു നിയമമാണ്? മറയ്ക്കപ്പെടേണ്ട അവയവം പ്രദർശിപ്പിക്കുന്നത് - അത് സ്ത്രീയുടെതായാലും പുരുഷന്റേതായാലും- അവഹേളനമാണ്, അറപ്പുളവാക്കുന്നതാണ്. എന്തിനാണ് സ്ത്രീകൾ തന്റെ കാലും മാറിടവും മറ്റും ഇങ്ങനെ പ്രദേശത്തിന് വെക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇതും പ്രകോപനപരമാണ് എന്നതിൽ ഒരു സംശയവുമില്ല. സ്ത്രീകളുടെ ഈ വേഷവിധാനവും ശരീരപ്രദർശനവും കുട്ടികളുടെ മനസ്സിനെ പോലും വഴിതെറ്റിക്കും എന്നതിൽ തർക്കമില്ല. അപ്പോൾ ഇത്തരം പ്രദർശനം നടത്തുന്നവരെ എന്തുകൊണ്ട് ആൺ- പെൺ ഭേദമന്യേ ശിക്ഷിക്കുന്നില്ല.   ഇനി ഇതേക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട്  പറഞ്ഞാൽ " ഇത് ഞങ്ങളുടെ ശരീരമാണ്, എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, ആ തീരുമാനം എടുക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ട്, വസ്ത്രധാരണം ഞങ്ങളുടെ സ്വാതന്ത്ര്യമാണ് " എന്ന് തുടങ്ങിയ അഭിപ്രായ പ്രകടനങ്ങൾ കേൾക്കാം. കൂടാതെ അവരുടെ വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞവർ ആധുനികരല്ല, സംസ്കാര ശൂന്യരാണ്, സ്ത്രീകളെ കാണുമ്പോൾ ലൈംഗിക ചോദന തോന്നുന്നവരാണ് എന്നും കൂടിയുള്ള അധിക്ഷേപങ്ങൾ ഉയർത്തും. മാനസിക വൈകല്യമുണ്ടെന്ന് പറയപ്പെടുന്ന പുരുഷൻമാർ പൊതുജനം കാണാതെ രഹസ്യമായി ചില വ്യക്തികളുടെ മുമ്പിൽ ശരീരം പ്രദർശിപ്പിക്കുമ്പോൾ, ആധുനിക സ്ത്രീകൾ എന്നെ വിളിക്കപ്പെടുന്ന ഈ "സംസ്കാര സമ്പന്നകൾ " സമൂഹത്തിന്റെ മുന്നിലാണ് ഇത്തരം    മ്ലേച്ഛമായ ശരീരപ്രദർശനം നടത്തുന്നത്. ഇതിൽ ആരാണ്  കൂടുതൽ കുറ്റവാളികൾ?  പുരുഷന്മാർ നടത്തുന്നകാമപേക്കൂത്തുകളെ അംഗീകരിക്കുകയല്ല ഞാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീർച്ചയായും     അവർക്കെതിരെ കർശനമായ   നിയമ നടപടികൾ സ്വീകരിക്കണം.  പക്ഷേ അതോടൊപ്പം, മറയ്‌ക്കേണ്ട   ശാരീരിക ഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളെയും കൂടി ഉൾപ്പെടുത്താൻ മടിക്കരുത്. സിനിമ ലോകത്തെ ഇത്തരം വസ്ത്രധാരണങ്ങൾ കുട്ടികളെ വളരെ ഏറെ സ്വാധീനിക്കുന്നുണ്ട്. ചിലനടിമാരുടെ ഇത്തരം ചിത്രങ്ങൾ "ഹോട്ട് ലുക്ക് "എന്ന ഹെഡിങ്ങിൽ കാണാം. പാവം കുട്ടികൾ ഇതെന്തോ നല്ല കാര്യമാണെന്ന് കരുതി അതിനു പിന്നാലെ പായും. പണ്ട് സിനിമയിൽ നായികയും ശരീരപ്രദർശനം നടത്തുവാൻ മറ്റൊരു നടിയും ആയിരിക്കും ഉണ്ടാവുക. ഇന്ന് അതെല്ലാം മാറി. നായിക തന്നെയാണ് രണ്ടും ഏറ്റെടുക്കുന്നത്. മറ്റു ഭാഷാ ചിത്രങ്ങൾ കണ്ടാൽ മലയാളം ഭേദമാണെന്ന് തോന്നും. എങ്കിലും, ഇടയ്ക്ക് സിനിമ രംഗത്തുനിന്നും മാറി നിന്ന പഴയ നടിമാർ വീണ്ടും ചലച്ചിത്രരംഗത്തേക്ക് എത്തുന്നതിനായി " ഹോട്ട് ലുക്ക് "ൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് കാണുമ്പോൾ കഷ്ടം തോന്നും. അഭിനയം കൊണ്ട് മികവു കാട്ടുന്നതിന് പകരം ശരീരം കാട്ടി രക്ഷപ്പെടാൻ നോക്കുകയാണ് ഇവർ. ഇത്തരത്തിലുള്ളവർ കൂടി ശിക്ഷിക്കപ്പെടേണ്ടതാണ്. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യം ആണെങ്കിലും അത് ശരിയായി വിധത്തിൽ ആയിരിക്കണം എന്നും നിയമം കൊണ്ടുവരണം. അല്ലെങ്കിൽ ഇത്തരം പ്രദർശനങ്ങൾ കണ്ട് വികാരം കൊള്ളുന്നവരുടെ മുമ്പിൽ ഇരയാവുക പാവപ്പെട്ട പെൺകുട്ടികൾ ആവും.

  ഒരാളുടെ സംസ്കാരം തിരിച്ചറിയാൻ അയാളിൽ നിന്നും വരുന്ന വാക്കുകളും അയാളുടെ വസ്ത്രധാരണ രീതിയും ശ്രദ്ധിച്ചാൽ മതി. ഇതൊരു പഴമൊഴി ആണെങ്കിലും തികച്ചും ശരിയായ കാര്യവുമാണ്. നമ്മുടെ വസ്ത്രം നമ്മുടെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം അറിഞ്ഞുവേണം വസ്ത്രം തിരഞ്ഞെടുക്കുവാൻ. അനുകരണ ഭ്രമം കൊണ്ട് നമുക്ക് ചേരാത്തതും യോജിക്കാത്തതും ആയ വസ്ത്രങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. നമ്മുടെ വസ്ത്രധാരണ രീതി  കാണുന്നവരുടെ കണ്ണിൽ പുച്ഛവും കാമവും ആണ് ഉണ്ടാക്കുന്നതെങ്കിൽ തീർച്ചയായും ആ വസ്ത്രം നമുക്ക് അനുയോജ്യമല്ല. നമ്മുടെ വസ്ത്രധാരണ രീതിയിൽ നിന്നും ഒരാൾ നമ്മെ വിലയിരുത്തും.ഒടുവിൽ അവർ മോശമായി പെരുമാറിയതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ആദ്യം സ്വയം തിരിച്ചറിയണം- അത് ആണായാലും പെണ്ണായാലും. ഒരാൾ മോശമായി പെരുമാറാൻ തുടങ്ങുമ്പോഴേ അത് മനസ്സിലാകും. അങ്ങനെയുള്ള സന്ദർഭത്തിൽ അവിടെ നിന്നും മാറി നിൽക്കുകയും "അങ്ങനെയുള്ള ഒരു വ്യക്തിയല്ല ഞാൻ" എന്ന മെസ്സേജ് അവർക്ക് നൽകുകയും ചെയ്യാം. ഇതൊന്നുമില്ലാതെ,പ്രകോപനമായ രീതിയിൽ വസ്ത്രം ധരിക്കുകയും മറ്റുള്ളവരോട്   ഇഴുകിചേർന്ന്  പെരുമാറുകയും ചെയ്താൽ അവരുടെ  വഷളത്തരമാർന്ന പെരുമാറ്റത്തെ മാത്രം തെറ്റ് പറയാൻ പറ്റില്ല. " ഞാൻ   ഇഷ്ടമുള്ളത് ധരിക്കും എന്റെ ശരീരം   എന്റെ വസ്ത്രം നിങ്ങൾക്ക് എന്താണ് "    എണ്ണ മട്ടിൽ ആണെങ്കിൽ    ഇത്തരക്കാരോടുള്ള പെരുമാറ്റവും അതേ  വിധത്തിലാവും.  അതിനാൽ മറ്റുള്ളവരുടെ നേർക്ക് വിരൽ  ചൂണ്ടുന്നതിനു മുമ്പ് ഒരു  ആത്മപരിശോധന കൂടി നടത്താൻ നമ്മൾ തയ്യാറാകണം.  നമ്മുടെ സംരക്ഷണം നമ്മുടെ കയ്യിലാണ്. 

 

No comments: