Thursday, October 6, 2022

തിരുത്തേണ്ട ചില തെറ്റുകൾ

     മരണം പോലെ,കഷ്ടതകളും, വിഷമതകളും, ദുഃഖങ്ങളും ചിലപ്പോളെ ങ്കിലും മനുഷ്യനെ തത്വചിന്തകരാക്കാറുണ്ട്. സ്വയം തെറ്റ് ചെയ്തവരാണെങ്കിലും, തെറ്റ് ചെയ്യാതെ തന്നെ മറ്റുള്ളവരുടെ ആരോപണങ്ങൾ വൃഥാ അനുഭവിക്കുന്നവർ ആണെങ്കിലും ഒടുവിൽ ആശ്വാസം തേടുക തത്വചിന്തയിൽ ആവും. പ്രത്യാരോപണം ഉയർത്തുന്നതിനേക്കാൾ തത്വചിന്തയുടെ  വഴി തിരഞ്ഞെടുക്കുന്നതിലൂടെ വലിയ   ആശ്വാസമാണ് അവർ      അനുഭവിക്കുന്നത്. തെറ്റ് ചെയ്തവർക്ക്‌    കുറ്റബോധം ഒരു പരിധിവരെ    മനസ്സമാധാനം നൽകും. ഒപ്പം വീണ്ടും ഇത്തരം ഒരു സന്ദർഭം ഉണ്ടാകുമ്പോൾ ഒന്നു മാറി ചിന്തിക്കാൻ പ്രേരണ നൽകുകയും ചെയ്യും. പക്ഷേ ആ കുറ്റബോധം ആത്മാർത്ഥതയോടെ ആണെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. അതുപോലെ, ചെയ്യാത്ത കുറ്റങ്ങൾക്ക് തനിക്കെതിരെ ആരോപണം ഉയരുമ്പോൾ അത് തന്റെ വിധിയാണെന്ന് കരുതി സമാശ്വസിക്കാൻ കഴിയുമെങ്കിൽഅതിൽപരം സമാധാനം നൽകുന്ന മറ്റൊന്നുമില്ല. "പറയുന്നവർ പറയട്ടെ അത് അവരുടെ  സ്വഭാവം" എന്നോ, "എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ" എന്നോ കരുതി ശാന്തരായിരിക്കുവാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്. പക്ഷേ അത് നല്ല മനോനിയന്ത്രണം ഉള്ളവർക്കേ സാധിക്കൂ എന്നതും ഒരു സത്യം.  എങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിച്ചു കൂടെ.

      സത്യത്തിൽ ഓരോ വ്യക്തിയും ഇന്ന് വികാരഭരിതമായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഒരുപക്ഷേ ചിലപ്പോൾ എങ്കിലും നമുക്ക് ചിരി വരും. ഈ നിസ്സാര കാര്യത്തിനാണോ മനസ്സിനെ ഇത്രമാത്രം വികാരവിക്ഷുബ്ധമാക്കുന്നത് എന്ന് തോന്നും. പക്ഷേ അവർക്ക് അവരുടെ പ്രശ്നം വലുതാണ്. കാരണം അവർ മറ്റുള്ളവരുടെ ദുഃഖവും വിഷമതകളും അറിയുന്നില്ല. അതുകൊണ്ടാണ് തന്റെ നിസ്സാര കാര്യങ്ങൾ പർവതീകരിക്കുന്നത്. ഇപ്പോൾ ചിന്തിക്കുന്ന ആ ശൈലിയിൽ ഒരു മാറ്റം വരുത്തിയാൽ അതികഠിനം  എന്ന് തോന്നുന്ന പല പ്രശ്നങ്ങളും നമുക്ക് എളുപ്പത്തിൽ ഒഴിവാക്കാം. 

               നമ്മുടെ സമാധാനത്തിന്റെ ശത്രു വെളിയിൽ അല്ല നമ്മുടെ ഉള്ളിൽ തന്നെയാണ്. ആ ശത്രുവിനെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ സമാധാനം സന്തോഷവും നമുക്കുണ്ടാകും- നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും. പക്ഷേ ആ ശത്രുവിനെ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. എന്നും എപ്പോഴും നമ്മൾ കരുതുന്ന ഒരു കാര്യമുണ്ട് "ഞാനാണ് ശരി ". അത് ശക്തമായിരിക്കുന്ന കാലത്തോളം മറ്റൊരാളെ അറിയാനോ, മനസ്സിലാക്കാനോ,അംഗീകരിക്കാനോ കഴിയില്ല. ഈ "അഹം "എന്ന ബോധം വളരെ അപകടകാരിയാണ്. എല്ലാവരിൽ നിന്നും തന്നെ മാറ്റി നിർത്താൻ ഈ ബോധത്തിന് കഴിയും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്നു പറയുന്നതുപോലെ "ഞാൻ "എന്ന ഭാവം ഉള്ളിടത്ത് ഞാൻ മാത്രമേ കാണൂ. മറ്റാരും ഉണ്ടാവില്ല. ആ "എന്നെ" ഒന്ന് മാറ്റിയാൽ എല്ലാവരും ഒപ്പമുള്ളതായി കാണാം. പിന്നെ എന്തിനാണ്" ഞാൻ "എന്ന ഭാവത്തെ നാം ഒപ്പം കൂട്ടുന്നത്? "നമ്മൾ" പോരെ ? "ഞാൻ "എന്ന ചിന്തയിലൂടെ നഷ്ടമാകുന്നത് സൗഹൃദങ്ങളും, കുടുംബബന്ധങ്ങളും, സമാധാനവും, സന്തോഷവും എല്ലാമാണ്.

      പലപ്പോഴും നമ്മൾ കരുതും സാമ്പത്തിക പരാധീനിത ഉണ്ടായിരുന്നില്ല എങ്കിൽ എല്ലാവരും എന്നെ പരിഗണിച്ചേനെ എന്ന്. പക്ഷേ സമ്പത്ത് ഉണ്ടായതുകൊണ്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള ബുദ്ധി വേണം. സമ്പത്തും ബുദ്ധിയും ഉണ്ടെങ്കിലും അയാൾക്ക് ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം? ഇനി ഒരാൾക്ക് സമ്പത്തും ബുദ്ധിയും ആരോഗ്യവും ഉണ്ടെങ്കിലും ഏറ്റവും പ്രധാനമായ കാര്യം കാണില്ല, സമാധാനമുള്ള ജീവിതം. അതിനു വേണ്ടത് മുൻപറഞ്ഞതൊന്നുമല്ല. സ്നേഹിക്കുവാനും പരിഗണിക്കുവാനും ഒരു മനസ്സ്, അതാണ്  വേണ്ടത്. സ്വച്ഛമായ  തെളിഞ്ഞ മനസ്സിന്റെ ഉടമയ്ക്ക് അധികസമ്പത്തും വലിയ ബുദ്ധിയും ആരോഗ്യവും ഒന്നുമില്ലെങ്കിലും അയാൾ സന്തുഷ്ടനായിരിക്കും. കാരണം അയാൾ മനസ്സിനെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. മറ്റൊന്നും തന്റെ മനസ്സിനെ കീഴ്പ്പെടുത്തുവാൻ അയാൾ അനുവദിക്കില്ല. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവരെ കണ്ടിട്ടില്ലേ, എന്തൊരു സംതൃപ്തിയാണ് അവർക്ക്!

          സമ്പത്തിനെക്കുറിച്ച് പറയുമ്പോൾ അടുത്തിടെ മരണപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ എന്ന നല്ല മനുഷ്യനെ കുറിച്ച് ഓർക്കുന്നു. വലിയ ധനികനായിരുന്നു എങ്കിലും മറ്റുള്ളവരുടെ ശ്രമത്തിൽ അദ്ദേഹത്തിന് ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നു. ഒടുവിൽ ഈ ധനത്തിനൊന്നും നമുക്ക് സുഖം പകരാൻ കഴിയില്ല എന്ന ദാർശനിക ചിന്തയിൽ അദ്ദേഹം എത്തുകയും ചെയ്തു. ജയിൽ വാസംകൊണ്ട് അദ്ദേഹം നേടിയെടുത്ത ഒരു ഗുണമായിരുന്നു അത്. സമ്പത്ത് ഉണ്ടായിട്ട് എന്ത് കാര്യം? നമുക്ക് വേണ്ടത് സമാധാനമുള്ള ജീവിതമല്ലേ.

   തനിക്ക് കഴിയാത്തതിൽ  കൂടുതലുള്ള ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ  നമുക്ക് ലഭിക്കുക അസംതൃപ്തമായ ജീവിതം ആയിരിക്കും. "ആഗ്രഹമാണ് ദുഃഖത്തിന്റെ മാതാവ് "എന്നാണല്ലോ   മഹത് വചനം. തുടക്കത്തിൽ തന്നെ ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് നമ്മൾ ആ ആഗ്രഹങ്ങളുടെ നിയന്ത്രണത്തിലാവും. അവ സാധിച്ചെ ടുക്കുവാൻ ഏതറ്റം വരെ പോകുവാനും ശ്രമിക്കും. ഒടുവിൽ അത് നേടിയാലും സംതൃപ്തി ഉണ്ടാവില്ല. കാരണം അപ്പോഴേക്കും നമ്മൾ അടുത്ത ആഗ്രഹത്തിന്റെ പിടിയിൽ പെട്ടിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന്റെ മാധുര്യം പോലും ആസ്വദിക്കാൻ അവർക്ക് പറ്റില്ല. തുണിക്കടയിൽ കയറുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? കടയിൽ വന്നു കഴിഞ്ഞാൽ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങളിലാവും അവരുടെ കണ്ണ്. മുമ്പിലെ മേശയിൽ വിതർത്തി ഇട്ടവ അവർ കാണില്ല. വസ്ത്രങ്ങൾ എടുത്ത് കാണിക്കാൻ നിൽക്കുന്നവരോട്" അതെടുക്കു" "ഇതെടുക്കു" എന്ന്  പറയും. എന്നാൽ എടുത്തു കഴിഞ്ഞാൽ അതിലൊട്ടു നോക്കുകയുമില്ല. ഇനി മുമ്പിലെ മേശയിൽ കിടക്കുന്നത് അത് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാലും അതിലേക്ക് നോക്കില്ല. അലമാരയിലെ അടുത്ത വസ്ത്രം നോക്കിക്കൊണ്ടിരിക്കും. ഇനി അതിലുള്ള വസ്ത്രം മുഴുവനും അവരുടെ മുമ്പിൽ ഇട്ടാലും വാങ്ങാതെ, അസംതുഷ്ടിയോടെ " എന്നാൽ നമുക്ക് അടുത്ത കടയിൽ പോകാം" എന്നാവുംഅവർ പറയുക. കിട്ടുന്നതിനോട് ഒരു സംതൃപ്തിയും ഇല്ല ഇവർക്ക്.  വീണ്ടും കിട്ടാനുള്ളതിലേക്ക് ആവും ഇവരുടെ നോട്ടം. ഇങ്ങനെയുള്ളവരെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും മറ്റാർക്കും കഴിയില്ല എന്നതാണ് സത്യം. അവർക്കു മാത്രമേ കഴിയൂ. സ്വന്തം മനസ്സിന്റെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ മാത്രമേ സന്തോഷവും സമാധാനവും ജീവിതത്തിലുണ്ടാകു. അതിനുപകരം സ്വന്തം പരാജയങ്ങൾക്ക് വൃഥാ അന്യരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. സ്വന്തം ജീവിതത്തിൽ സംതൃപ്തി കൊണ്ടുവരാൻ സ്വയം ശ്രമിക്കണം. അതിനു കഴിയാത്തവരാണ് മറ്റുള്ളവരുടെ നേർക്ക് വിരൽചൂണ്ടുന്നത്. പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഒരു വിരൽ മറ്റുള്ളവരുടെ നേർക്കു ചൂണ്ടുമ്പോൾ, മൂന്ന് വിരലുകൾ സ്വന്തം നേർക്കാണ് എന്ന കാര്യം മറക്കരുത് എന്ന്. ശരിയല്ലേ? അതുകൊണ്ട് സ്വന്തം ചിന്തയിൽ    മാറ്റങ്ങൾ വരുത്തി നമുക്ക് സമാധാനവും   സന്തോഷവും കൈവരിക്കാം. എന്റെ    സ്വർഗ്ഗം പണിയുന്നത് ഞാൻ തന്നെയാണ്   എന്ന ചിന്ത നമ്മുടെ ജീവിതത്തിലും   പ്രാവർത്തികമാക്കാം. നമ്മുടെ    കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാവുമ്പോൾ   നമ്മുടെ ജീവിതവും പൂത്തുലയും.   ഏറെ പ്രത്യാശയോടെ..............

No comments: