Thursday, October 13, 2022

ജീവിതം -മരണം

                  മരണം, സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്. അത് അപകടത്തിൽപ്പെട്ടായാലും, രോഗം മൂലമായാലും, കൊലയ്ക്ക് ഇരയായാലും ഇതിൽ വലിയ ഏറ്റക്കുറച്ചിലൊന്നും ഉണ്ടാവില്ല.വർഷങ്ങളായി രോഗത്തോട് മല്ലിട്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണെങ്കിൽ പോലും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ഒരു ആഘാതം ആയിരിക്കും എന്നതിൽ സംശയമില്ല. അധികം വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നാ ശ്വസിക്കാം എന്ന് മാത്രം.  രോഗബാധിതനായ കോടിയേരി  അടുത്തിടെ മരണത്തിന് കീഴ്പ്പെട്ടപ്പോൾ സുഹൃത്തായ മുഖ്യമന്ത്രിക്ക് വാക്കുകൾ ഇടറിയതും വിതുമ്പിയതും നമ്മൾ കണ്ടു. മരണം അങ്ങനെയാണ്. വല്ലാത്ത മുറിവാണ് അത് സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുക. തന്റെ പ്രിയപ്പെട്ട ജീവിതപങ്കാളികൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എത്രയെന്ന് അനുഭവിക്കുന്നവർ പറയാതെ തന്നെ നമുക്കറിയാം. സാധാരണ മരണം നൽകുന്ന വേദന ഇത്രമാത്രം ആണെങ്കിൽ, ക്രൂരമായ കൊലപാതകം മൂലം ഉണ്ടാകുന്ന വേദന എത്രയായിരിക്കും എന്ന്‌ ഊഹിക്കാനേ കഴിയൂ. കെ കെ രമയും മറ്റും ഇന്ന് ആ വഴിയിലൂടെ നടന്നു നീങ്ങുന്നവരാണ്.  രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ, വസ്തു തർക്കം, കുടുംബ കലഹം തുടങ്ങിയ നിസ്സാര കാരണങ്ങളാൽ മറ്റൊരാളെ കൊലയ്ക്ക് കൊടുക്കുമ്പോൾ, അവർക്ക് സ്നേഹം നിറഞ്ഞ കുടുംബവും, സുഹൃത്തുക്കളും ഉണ്ടെന്നു കൂടി ഓർക്കണം. അവർ ആരുടെയോ സഹോദരനും ഭർത്താവും മകനും ഒക്കെയാണ്. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല.ഒരു കുടുംബത്തെ, ഒരു നാടിനെ, ഒരു സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്താനെ ഇതിനു കഴിയൂ. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത്    നിങ്ങൾ ഒറ്റയ്ക്കായിരിക്കും എന്നും മറക്കരുത്.

                നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ചില വ്യക്തികൾ പോലും ക്രൂരതയ്ക്കിരിയായി മരണപ്പെടുമ്പോൾ അവർക്കായി നമ്മൾ ദുഃഖിക്കും. അപകടത്തിൽപ്പെട്ട പിടഞ്ഞു വീഴുന്ന ജീവനുകളെ ഓർത്ത് വിഷമിക്കും. ഇതെല്ലാം നമ്മളിലെ  മനുഷ്യത്വമാണ്. ഈ അടുത്ത സമയത്തു നടന്ന രണ്ട് കൊലപാതകങ്ങൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിക്കാനുള്ള നരബലി ആയിരുന്നുവത്രേ. ഭാര്യയും ഭർത്താവും അവരുടെ ഉപദേഷ്ടാവും കൂടി രണ്ട് സ്ത്രീകളെ മൃഗീയമായി - ഇതിൽ കൂടുതലായ ഒരു വാക്ക് എനിക്കറിയില്ല - കൊലപ്പെടുത്തി, മൃതശരീരങ്ങൾ ചെറുകഷണങ്ങളാക്കി മറവുചെയ്തു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കറിവെച്ച് കഴിച്ചതായും ഇതിനിടെ വാർത്ത കണ്ടു.  അങ്ങനെയെങ്കിൽ ശരിക്കും ഇവർ നരഭോജികൾ തന്നെയാണ്. ഇത്തരത്തിലുള്ള അധമമായ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് സത്യത്തിൽ അവിശ്വസനീയമാണ്. മൃഗബലിയും മനുഷ്യബലിയും നടത്തി കാര്യം നേടാം എന്ന് പഠിപ്പിക്കുന്ന ഒരു മതം ഉണ്ടെങ്കിൽ അത് ഒരിക്കലും ശരിയായ മതമല്ല. മതം എന്നത് മനുഷ്യന് സമാധാനപൂർണമായ ഒരു ജീവിതം നയിക്കാനുള്ള ഒരു മാർഗ്ഗമാണ്, അല്ലാതെ മറ്റൊരാളെ കൊല്ലാനുള്ള  അധികാരമല്ല.  ഒരു മതത്തിൽപ്പെട്ട  ഈശ്വരനും മറ്റൊരാളെ ബലി നൽകാൻ പറയില്ല. ദൈവത്തിന്റെ മുമ്പിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും സമന്മാരാണ്. മനുഷ്യരാണ് എല്ലാറ്റിനെയും വിഭിന്നമായി കാണുന്നത്. മനുഷ്യൻ ആദ്യം അവനെ മറ്റു ജന്തുക്കളിൽ നിന്നും മാറ്റിനിർത്തുന്നു. പിന്നീട് മതത്തിന്റെയും ജാതിയുടെയും  ഉപജാതിയുടെയും  പാർട്ടിയുടെയും മറ്റും പേരിൽ വീണ്ടും പകുക്കുന്നു. ഒടുവിൽ തന്റെ വിശ്വാസത്തിന് എതിരായവരെ ഇല്ലാതാക്കുക എന്നൊരു ചിന്തയിലാണ് മനുഷ്യൻ എത്തുന്നത്. രാഷ്ട്രീയക്കാരാണ് ഇതിനു മുന്നിൽ.  മറ്റുള്ളവർ ഇതിനെ സംശയിക്കാതിരിക്കാൻ ഇതെല്ലാം ദൈവത്തിന്റെ പേരിലാക്കും. ദൈവം പറഞ്ഞിട്ട് ഇല്ലാതാക്കിയാൽ പിന്നെ കുഴപ്പമില്ലല്ലോ. പാവം ദൈവം. ഗതികെട്ട് എല്ലാം നിശബ്ദനായിരുന്നു കാണുന്നു എന്നാവും  നമ്മൾ ധരിക്കുക. പക്ഷേ അല്ല. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മുടെ പ്രവർത്തികൾ മാത്രമല്ല നമ്മൾ ചിന്തകൾ പോലും അദ്ദേഹം തിരിച്ചറിയുന്നു. ഇതെല്ലാം  അദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നുമുണ്ട്. ഒടുവിൽ മുതലും പലിശയും അടക്കം നമുക്കത് മടക്കി കിട്ടുകയും ചെയ്യും.

            ഈ  നരബലിയുടെ വാർത്ത പുറത്തു വന്നപ്പോൾ, ഈശ്വര വിശ്വാസമാണ് ഇതിന് കാരണം എന്ന മട്ടിൽ നിരീശ്വരവാദികളായ പലരും സംസാരിക്കുന്നത് കണ്ടു. സത്യത്തിൽ ഈശ്വര വിശ്വാസം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. ശരിയായ വിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം പ്രവർത്തികൾ ഒരിക്കലും ആരും ചെയ്യുകയില്ല. തെറ്റ് ചെയ്യാൻ ഭയമുണ്ടാകണമെങ്കിൽ ഈശ്വരനിൽ ഭയം വേണം. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമുക്ക് തന്നെ തിരിച്ചുകിട്ടും എന്ന് വിശ്വാസമാണ് നമ്മളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സമാധാനത്തോടും സന്തോഷത്തോടും സത്യസന്ധമായ രീതിയിൽ ജീവിക്കാൻ ഈശ്വരവിശ്വാസം സഹായിക്കും എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. മറ്റൊരാളെ വഞ്ചിക്കാനോ കഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ  ഒരു ഈശ്വരനും നമ്മളോടൊപ്പം നിൽക്കില്ല. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനായി ബലികൾ നടത്തു ന്നതോടെ നിങ്ങളുടെ ശരിയായ വിശ്വാസത്തിന് മാറ്റം വരുന്നു. വിശ്വാസം വികലമാകുന്നു.  ബലിയിലൂടെ തന്നെ തൃപ്തിപ്പെടുത്താൻ ഒരു ദൈവവും ആവശ്യപ്പെടില്ല. വിശ്വാസികൾ എന്നു നടിക്കുന്നവരുടെ അധമമായ ചിന്തയാണ് ഇത്തരം ബലികൾക്കു കാരണം. അത് ഒടുവിൽ അവരെ കൊണ്ട് എത്തിക്കുന്നത് എവിടെയാണെന്നും നമ്മൾ കണ്ടു. ഇനി എത്ര പശ്ചാത്തപിച്ചാലും ഇവർക്ക് സമാധാനം ഉണ്ടാകുമോ? കണ്ടിട്ട് പശ്ചാത്താപം എന്താണെന്ന് പോലും ഇവർക്ക് അറിയില്ല എന്നാണ് തോന്നുന്നത്.

      എന്തിനുവേണ്ടിയാണ് ഈ ക്രൂരതകൾ നടത്തുന്നത്? ജീവിതത്തിൽ സമ്പത്താണോ പ്രധാനം? കുറെ ധനം ഉണ്ടെങ്കിൽ ജീവിതം സ്വസ്ഥമാകുമോ? ഈ കൂട്ടിവയ്ക്കുന്ന സമ്പത്തിന്, ജീവിതത്തിലെ ഒരു നിമിഷമെങ്കിലും തിരിച്ചു തരാൻ കഴിയുമോ? ഇല്ല. ധനികനായ  ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഒരു പഞ്ച നക്ഷത്ര ആശുപത്രിയിൽ കിടക്കാൻ പറ്റിയേക്കും. അത്രതന്നെ. ബാക്കിയെല്ലാം വിധിയാണ്. നമ്മൾ എന്തെല്ലാം സ്വരുക്കൂട്ടി വെച്ചാലും അതിൽനിന്നും ഒരു കുഞ്ഞു തരി പോലും നമ്മുടെ അവസാന യാത്രയിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന് ഓരോ മരണവും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നിട്ടും ലൗകിക സുഖത്തോടുള്ള മനുഷ്യന്റെ ആർത്തിയിൽ ഒരു കുറവുമില്ല. അടുത്ത നിമിഷം നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എങ്കിലും അവൻ കണക്കുകൂട്ടുന്നത് വരാൻപോകുന്ന വർഷങ്ങളെ കുറിച്ചാണ്. എന്തൊരു  വിരോധാഭാസം അല്ലേ.

                  മനുഷ്യന്ചിന്തിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്തതാണ് മരണം എന്ന് തോന്നുന്നു. ഒരിക്കലെങ്കിലും ആത്മാർത്ഥമായി ചിന്തിച്ചിരുന്നുവെങ്കിൽ ലൗകിക ജീവിതത്തോടും ആഡംബരങ്ങളോടും ഇത്രമാത്രം ആസക്തി ഉണ്ടാകുമായിരുന്നില്ല. നമ്മൾ ഇവിടെ ഈ ഭൂമിയിൽ ശരിക്കും ഒരു വാടകക്കാരാണ്. ഒന്നും നമ്മുടേതല്ല. അല്പനാൾ താമസിക്കാനായി ഒരിടം. അത്രമാത്രം. മരണശേഷം നമ്മൾക്ക് ലഭിക്കുന്നത് നമ്മൾ ചെയ്ത കർമ്മങ്ങളുടെ ഫലമാണ്, അല്ലാതെ ഇവിടെ വാരിക്കുട്ടിയ ലൗകിക  സ്വത്തുക്കൾ അല്ല. ഇവിടുത്തെ മനുഷ്യത്വപരമായ നിക്ഷേപമാണ് പിന്നീട് മരണശേഷം പിൻവലിക്കാൻ ഉതകുക. അതിനാൽ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ കരുണയോടും ദയയോടും ആവട്ടെ. നമുക്കു മാത്രമല്ല, നമ്മോടൊപ്പം ഉള്ളവരുടെയും നന്മയ്ക്കായി പ്രവർത്തിക്കാം- പ്രാർത്ഥിക്കാം. അവരുടെ സന്തോഷമാകട്ടെ നമ്മുടെ സന്തോഷം.

 ലോക :സമസ്ത: സുഖിനോ ഭവന്തു :




No comments: