Wednesday, September 7, 2022

പേപ്പട്ടി ഭീതിയിൽ കേരളം

 ഇന്ന് കേരളത്തിൽ വീടിന് പുറത്തിറങ്ങാൻ പറ്റില്ല എന്ന് വന്നിരിക്കുന്നു. നടന്നുപോയാൽ തെരുവുപട്ടികളുടെ ആക്രമണം. വാഹനത്തിൽ പോകാമെന്ന് വെച്ചാൽ റോഡിന്റെ ശോച്യാവസ്ഥ മൂലമുള്ള അപകടങ്ങൾ. റീടർ ചെയ്തു മറ്റും റോഡിന്റെ പ്രശ്നം പരിഹരിക്കാമെങ്കിലും തെരുവ് നായ്ക്കളുടെ കാര്യത്തിൽ എന്ത് ചെയ്യും? നായ്ക്കൾ കുറേ ചാടിയും മറ്റും ഇരുചക്ര വാഹന യാത്രക്കാർക്ക്  ഉണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ല.

         ഇന്ന് തെരുവ് നായ്ക്കളുടെ വർദ്ധന ഭീകരമായ വിധത്തിലാണ്. ഇനി വന്ധംകരിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എത്രമാത്രം നടപ്പാക്കുന്നു,അതിലെ സത്യാവസ്ഥ എന്താണ് എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല. അവർ പറയുന്നത് വിശ്വസിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ..മനുഷ്യരോടാണെങ്കിൽ ചോദിച്ച് സംശയം തീർക്കാം. വളർത്തു നായ്ക്കൾ ആണെങ്കിൽ പുന: പരിശോധന  നടത്താം. പക്ഷേ തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഇതൊന്നും പറ്റില്ല. പേ വിഷത്തിനും, വർധിക്കുന്ന തെരുവ് നായ്ക്കൾക്കും പ്രതിവിധി ഇതുമാത്രമല്ല.

    ലോകത്തെ ആകെ പേവിഷബാധ മരണത്തിൽ 36% ഇന്ത്യയിലാണ്. പേ വിഷബാധ മൂലം ഇന്ത്യയിൽ ഏകദേശം 18,000 മുതൽ 20,000 വരെ ആളുകളാണ് ഒരു. വർഷം മരിക്കുന്നത്. പേവിഷം 100% തടയാൻ സാധിക്കും എന്നുള്ളപ്പോഴാണ് ഇതു ഇതുമൂലം ഉള്ള മരണം വർധിക്കുന്നത് എന്നത് രാജ്യത്തിന് തന്നെ അപമാനമാണ്. ശരിയായ നടപടികൾ സ്വീകരിച്ചാൽ പേവിഷം മൂലമുള്ള മരണം നിയന്ത്രിക്കാൻ കഴിയും എന്നുള്ളതിന് പല തെളിവുകൾ ഉണ്ട് . അതിലൊന്നാണ് ഗോവ. ഇവിടെ പേവിഷമരണം തീർത്തും തുടച്ചു മാറ്റിക്കഴിഞ്ഞു.കഴിഞ്ഞ നാലുവർഷമായി പേവിഷവുമായി ബന്ധപ്പെട്ട ഒറ്റ കേസ് പോലും ഗോവയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇതിനു കാരണം അവരുടെ ശ്രദ്ധാപൂർവ്വമായ പദ്ധതികളാണ്. 2013ൽ മിഷൻ റാബീസ് എന്ന പരിപാടി തുടങ്ങുകയും 2015ൽ ഇത്‌ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു. സംസ്ഥാനത്തുള്ള നായ്ക്കൾക്കെല്ലാം കുത്തിവെപ്പ് എടുത്തതോടെ  ഇതിനെ തടയാൻ ഗോവയ്ക്ക് കഴിഞ്ഞു.

   എന്നാൽ കേരളം ഇപ്പോഴും പേവിഷത്തിന്റെയും തെരുവ് നായ്ക്കളുടെയും ഭീതിയിലാണ്. ഈ വർഷം ഇതുവരെ പേവിഷം മൂലം 21 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസം തോറും പേപ്പട്ടികളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്യുന്നു.പേപ്പട്ടികളുടെ എണ്ണം നോക്കിയാൽ ഇതിൽ വളർത്തു നായ്ക്കൾ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തെരുവ് നായ്ക്കളുടെ കടിയിലൂടെയാണ് കേരളത്തിൽ പേ വിഷം  ബാധിക്കുന്നത്. അതിനാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് തെരുവ് നായ്ക്കളുടെ വർദ്ധന തടയുക എന്നതാണ്. അതിന് വന്ധ്യംകരിക്കുന്നതിനേക്കാൾ പ്രധാനം  ഇവിടുത്തെ മാലിന്യ നിർമ്മാർജ്നമാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ നിർമ്മാജനം ചെയ്താൽ തന്നെ തെരുവ് നായ്ക്കളുടെയും അവയുടെ ക്രൂരതയുടെ അളവും വളരെ കുറയും. ഇപ്പോൾ ഭക്ഷണ വേസ്റ്റും ഇറച്ചി വെട്ടുന്നതിന്റെയും മറ്റും വേസ്റ്റുകൾ ആരുമില്ലാത്ത ഇടത്തോ ആരും കാണാതെ റോഡ് അരികിലോ ഒക്കെ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ അവയുടെ ക്രൂര സ്വഭാവം വർദ്ധിപ്പിക്കുന്നു. അത്തരത്തിലുള്ള വേസ്റ്റുകളാണ്, വലിച്ചെറിയുന്ന മാലിന്യത്തിൽ ഭൂരിഭാഗവും.

           വീട്ടിലും കടകളിലും ഉണ്ടാകുന്ന ഈ വേസ്റ്റ് എന്ത് ചെയ്യും എന്നാണ് കടക്കാരും വീട്ടുകാരും മത്സ്യ മാംസങ്ങൾ വിൽക്കുന്നവരും ചോദിക്കുന്നത്. സത്യമല്ലേ? ഇതിനൊരു പരിഹാരം കാണേണ്ടത് സർക്കാർ അല്ലേ? ഫ്ലാറ്റുകളിലും നാലോ അഞ്ചോ സെന്റില്‍ വീടുകളിൽ താമസിക്കുന്നവരും വീടുകളിൽ ഉണ്ടാകുന്ന അവശിഷ്ടം എന്ത് ചെയ്യും? മാലിന്യം തുടക്കത്തിൽ തന്നെ സംസ്‌കരിക്കണം എന്ന് സർക്കാർ പറയുന്നു. പക്ഷേ അങ്ങനെ ചെയ്യാൻ സ്ഥലം എവിടെ? ബിന്നും പൈപ്പും മറ്റും തന്നു എങ്കിലും എല്ലാവർക്കും ഇത് ഉപയോഗിക്കാൻ പറ്റില്ല. പലരുടെയും വീട്ടിൽ ഇപ്പോൾ ഇതൊരു" അലങ്കാരം" പോലെ വെച്ചിരിക്കുകയാണ്.  വീട്ടിലെ വേസ്റ്റ് കളയുവാൻ മറ്റു വഴിയൊന്നും ഇല്ലാത്തതിനാൽ അവർ ആരും കാണാതെ റോഡ് സൈഡിലും മറ്റും നിക്ഷേപിക്കുന്നു. മത്സ്യമാംസങ്ങൾ വിൽക്കുന്നവർ  അതുമായി ബന്ധപ്പെട്ട മാലിന്യം  ചാക്കിൽ കെട്ടി ആരും കാണാതെ റോഡ് അരികിൽ കളയും. അത്തരക്കാരെ കണ്ടെത്തി കർശനമായി പിഴ ഈടാക്കുമെന്ന് സർക്കാർ. പക്ഷേ ഒന്ന് ചോദിക്കട്ടെ. എന്ത് സൗകര്യം ഒരുക്കി തന്നിട്ടാണ് സർക്കാർ പിഴ ഈടാക്കാൻ ശ്രമിക്കുന്നത്? നിങ്ങളുടെ മാലിന്യങ്ങൾ ഇന്ന സ്ഥലത്ത് എത്തിക്കണം,അല്ലെങ്കിൽ വീട്ടിൽ നിന്നും ശേഖരിക്കുന്നതിന് ഇത്ര രൂപ നൽകണമെന്ന് പറഞ്ഞശേഷം ജനങ്ങൾ അത് ചെയ്യാതെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചാൽ തീർച്ചയായും പിഴ ഈടാക്കണം.  എന്നാൽ ഇവിടെ ഒന്നും ചെയ്യാതെ പിഴ ഈടാക്കാൻ നടക്കുകയാണ്. അതൊട്ടും ശരിയായ കാര്യമല്ല. കേരളത്തിൽ ഉള്ളതിനേക്കാൾ വലിയ നഗരങ്ങൾ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്. അവിടെയെങ്ങും ഇത്രയും മാലിന്യ പ്രശ്നം ഉള്ളതായി അറിയില്ല. ഡൽഹിയിലും ബോംബെയിലും ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ അവരുടെ മാലിന്യങ്ങൾ  അതാത് കോർപ്പറേഷൻ  ശേഖരിക്കുന്നുണ്ട്. അവിടങ്ങളിലെ മാലിന്യത്തിന്റെ അളവ് തീർച്ചയായും കേരളത്തിലേതിനേക്കാൾ വളരെയധികം കൂടുതലാണെന്ന് നിസംശയം പറയാം. അവർക്ക് അത് പ്രശ്നമാകാതെ സംസ്കരിക്കാം എങ്കിൽ നമുക്കും അത് പിന്തുടരാവുന്നതേയുള്ളൂ. ഒന്നുകിൽ ഈ മാലിന്യത്തിൽ നിന്നും ഊർജ്ജം നിർമ്മിക്കാം. അല്ലെങ്കിൽ ഇതിനെ വളമാക്കി മാറ്റാം. രണ്ടായാലും ഇത് ഒരു വരുമാനമാക്കി മാറ്റാൻ സാധിക്കും. ഇതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് മാലിന്യം റോഡ് അരികിൽ തള്ളാൻ നാട്ടുകാർ നിർബന്ധരാകുന്നത്. ഇത്തരം പച്ചക്കറി മൃഗ വേസ്റ്റുകൾ നായ്ക്കളെ ആകർഷിക്കുകയും അവ പെറ്റു പെരുകി ആളുകൾക്ക് വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധത്തിൽ ക്രൗര്യം കാട്ടുകയും ചെയ്യും.  പച്ച ഇറച്ചി രക്തത്തോടെ ഭക്ഷിക്കുന്നത് മൃഗങ്ങളിലെ ക്രൗര്യം വർദ്ധിപ്പിക്കും. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നതിനാൽ അപകടം ഒഴിവാക്കാനായി ഇവയെ കൊല്ലുന്നതിൽ  യാതൊരു തെറ്റുമില്ല എന്നാണ്  ജനങ്ങളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാൽ മൃഗസ്നേഹികളായ ഒരു വിഭാഗം ഇതിനെ നഖശിഖാന്തം എതിർക്കുന്നു. ജനങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാത്ത മറ്റു ജീവികളെ - പശു, കാള, പോത്ത് തുടങ്ങി, കോഴി, താറാവ്, മുയൽ വരെ - കൊല്ലാനും അതിനെ ആഹരിക്കാനും മടിക്കാത്ത ഈ മൃഗസ്നേഹികൾ, മനുഷ്യരെ കടന്നാക്രമിക്കുന്ന,  പേവിഷത്തിലൂടെ  കൊല്ലുന്ന, തെരുവ് നായ്ക്കളെ കൊല്ലുന്നതിൽ എന്തിനാണ് ഇത്രയും രോഷം കൊള്ളുന്നത് എന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പോലുള്ളവർ ചോദിക്കുന്നത്. മറ്റ് സാധുമൃഗങ്ങൾക്കൊന്നും നൽകാത്ത പ്രാധാന്യമാണ് ക്രൂരരായ  തെരുവ് നായ്ക്കൾക്ക് ലഭിക്കുന്നത് . ഇവയെ ഒരു  പരിധിവരെ എങ്കിലും ഇല്ലായ്മ ചെയ്യാതെ ഈ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ആവില്ല. 

അതുകൊണ്ട് സർക്കാർ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് ഇവയെ കുറെയെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനും    ആധുനിക മാലിന്യ നിർമ്മാർജ്ജനത്തിനുമാണ്. ഒപ്പം നായ്ക്കൾക്ക് വാക്സിനേഷൻ എടുക്കുവാനും അവയെ വന്ധ്യം  കരിക്കാനും കർശന നടപടികൾ സ്വീകരിക്കണം. നടന്നുപോകുന്നവർക്കും ടൂവീലർ യാത്രക്കാർക്കും ആണ് നായ്ക്കൾ ഏറ്റവും കൂടുതൽ പ്രശ്നമാകുന്നത്. നമ്മുടെ രാഷ്ട്രീയ പ്രമുഖർക്ക് ഇത്തരം യാത്രകൾ ആവശ്യമില്ലല്ലോ. അവർക്ക്  കാറും സംരക്ഷിക്കാൻ പോലീസും ഉള്ളപ്പോൾ   എന്തിന് നായ്ക്കളെ പേടിക്കുന്നു?   പാവപ്പെട്ട പൊതുജനങ്ങളുടെ കഷ്ടപ്പാട്   ആരറിയാൻ? പേപിടിച്ചാലും മരിച്ചാലും   ആർക്കു നഷ്ടം? ഇതെല്ലാം അവർക്ക്   രണ്ട് ദിവസത്തെ വാർത്ത മാത്രം.    പൊതുജനങ്ങളെ ബാധിക്കുന്ന   പ്രശ്നമായതിനാൽ നമ്മൾ തന്നെ ഇതിന് മുന്നിട്ടിറങ്ങേണ്ടിവരും. സുരക്ഷ എന്നത് നമ്മുടെ അവകാശമാണ്. അതിനുവേണ്ടി നമുക്ക് ഏവർക്കും കൈകോർക്കാം. 

No comments: