Friday, September 23, 2022

കെഎസ്ആർടിസി കാരുടെ ആക്രമണം

 കൺസഷനെ ചൊല്ലി ഉണ്ടായ വാക്കു തർക്കത്തിൽ ഒരു പിതാവിനെയും മകളെയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കെതിരെ പൊതു ജനരോഷം ഒഴുകുകയാണ്. ആ ജീവനക്കാരെ  സംരക്ഷിക്കാനോ ന്യായീകരിക്കാനോ എന്തായാലും ഒരു തൊഴിലാളി സംഘടനകളും ഇതുവരെ പരസ്യമായി മുന്നോട്ടുവന്നതായി കണ്ടില്ല. കേരളത്തിൽ വളരെ മുമ്പു മുതൽ തന്നെ നടന്നുവരുന്നതാണ് ഇത്തരത്തിലുള്ള ഓരോ മാസത്തേക്കുമുള്ള കൺസഷൻ കാർഡ് വിതരണം. ഞാൻ പഠിക്കുന്ന കാലത്തും അതിനുമുമ്പും ഇതുതന്നെയായിരുന്നു സ്ഥിതി. എല്ലാ മാസവും കുട്ടികൾ ബസ് സ്റ്റേഷനിൽ പോയി ക്യൂ നിന്ന് കാർഡ് പുതുക്കണം. കാർഡിൽ ഓരോ ദിവസത്തേക്കും രണ്ട് കോളം വീതം ഉണ്ട്. കുട്ടികൾ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും മാർക്ക് ചെയ്യാൻ. കാലം ഇത്രയും പുരോഗമിച്ചിട്ടും ഇന്നും കുട്ടികളുടെ കയ്യിൽ കാണുന്നത് ഇതേ കാർഡ് തന്നെ. യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിൽ വേണം കണ്ടക്ടർ ഈ കാർഡ് വാങ്ങി ഡേറ്റ് നോക്കി ആ കോളത്തിൽ ടിക്ക് ചെയ്യാൻ. തിരക്കിൽ അത് അല്പം മാറിപ്പോയാൽ അടുത്ത ദിവസത്തേക്ക് ഉള്ള കോളത്തിൽ ആയിപ്പോകും. കുട്ടികൾ പ്രശ്നമുണ്ടാക്കുകയും ചെയ്യും.

                  ഇവിടെ ഐടി രംഗത്ത് ഉണ്ടായ വികസനം ഒന്നും കെഎസ്ആർടിസി കാണുന്നില്ല എന്ന് തോന്നുന്നു. ഇത്തരത്തിൽ മാസംതോറും ഉള്ള കാർഡ് വിതരണത്തിലെല്ലാം മാറ്റം കൊണ്ടുവരേണ്ട സമയം എന്നേ അതിക്രമിച്ചു. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള  കൺസഷൻ വിതരണം എങ്ങനെ എന്ന് നോക്കാം. ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ബസ് യാത്ര ചെയ്യുന്ന  കുട്ടികൾക്ക് നൽകുന്നത് സ്മാർട്ട് കാർഡുകൾ ആണ്. 10 മാസത്തേക്കുള്ളതാണ് ഈ കാർഡുകൾ. രണ്ടുമാസം അവധി ആണല്ലോ. ഇത് വാങ്ങാനായി കുട്ടികളും അവരുടെ രക്ഷിതാക്കളും എങ്ങും പോകണ്ട. സ്കൂളുകളിൽ എത്തുന്ന MTC ഉദ്യോഗസ്ഥർ( മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ചെന്നൈ) ബസ്പാസ് ആവശ്യമുള്ള കുട്ടികളുടെ വിശദവിവരങ്ങളും ഫോട്ടോയും സ്കൂൾ അധികൃതരിൽ നിന്നും ശേഖരിക്കുന്നു. 10 മാസത്തേക്കുള്ള പാസ്സ്, സ്മാർട്ട് കാർഡ് രൂപത്തിൽ ലാമിനേറ്റ്  ചെയ്തു സ്കൂളിൽ എത്തിക്കുകയും ചെയ്യും. കുട്ടികൾക്ക് അത് വിതരണം ചെയ്യുക എന്നത് മാത്രമാണ് സ്കൂൾ അധികൃതരുടെ ജോലി. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ബസ്പാസ് ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യം തന്നെയല്ലേ, അതും ഒരു അക്കാഡമിക്  വർഷത്തേക്കുള്ളത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമാണ് ഈ പാസ്. ഇതിന്റെ ലാമിനേഷനും മറ്റുമായി 15 രൂപയാണ് എം ടി സി ഈടാക്കുന്നത്. ഉദ്യോഗസ്ഥർക്ക് ആയാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ജോലി കഴിയും. സാധാരണ ബസ്സുകളിൽ വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്ക് എല്ലാദിവസവും ഈ കാർഡ് ഉപയോഗിക്കാം. പക്ഷേ കുട്ടികൾ യൂണിഫോമിൽ ആയിരിക്കണം എന്ന് മാത്രം. ജൂൺ 15 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ മാത്രമേ പാസ് നൽകുകയുള്ളൂ. അത് കഴിഞ്ഞാൽ പാസിന് അപേക്ഷിക്കാൻ കഴിയില്ല. പാസിലെ കാലാവധിജൂൺ 15മുതൽ  ഏപ്രിൽ 30വരെയാണ്. കോളേജ് വിദ്യാർഥികൾക്ക് 50 ശതമാനം കൺസഷൻ ആണ് ലഭിക്കുക. രജിസ്ട്രേഷൻ, പോയിന്റ് to പോയിന്റ് കാർഡ് ( വീട്ടിൽ നിന്നും കോളേജിലേക്ക് ) എന്നിവ ഓരോ അക്കാഡമിക് വർഷത്തെയും ആദ്യം മാസത്തിൽ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നൽകും. പിന്നീട മാസങ്ങളിൽ എംടിസിയുടെ സെയിൽസ് കൗണ്ടറിൽ പോയി റിന്യൂ ചെയ്യണം. കുട്ടികളുടെ സ്റ്റുഡൻസ് ഐഡി കാർഡിൽ റിന്യൂവൽ ഡേറ്റ് കൊടുത്തിട്ടുണ്ടാകും. ഒന്നു മുതൽ 13 വരെയുള്ള തീയതികളിൽ ആണ് റിന്യൂ ചെയ്യുക. കൂടാതെ വീട്ടിൽ നിന്നും ലൈബ്രറിയിൽ പോയി വരാൻ ഒരു മാസം 60 എക്സ്ചേഞ്ച് ടോക്കൺസ് ഉണ്ട്. ഒരു ടോക്കണിന്  മൂന്നു രൂപ 50 പൈസയാണ് വില.

   .  കർണാടകയിൽ 75 മുതൽ 80 ശതമാനം വരെ വിദ്യാർത്ഥി കൺസഷൻ ഉണ്ട്. ഓൺലൈനിലൂടെയും ഇതിന് അപേക്ഷിക്കാം. നിശ്ചിത തുകയടച്ചാൽ സ്മാർട്ട് കാർഡ് ലഭിക്കും. പോയ വർഷത്തെ  സ്മാർട്ട് കാർഡ് ഉണ്ടെങ്കിൽ ഇളവും ലഭിക്കുന്നതാണ്.

        ഈ രീതികൾ കേരളത്തിലും നടപ്പാക്കാവുന്നതേ ഉള്ളൂ. സ്കൂളുകളിലെ കുട്ടികളിൽ എത്രപേർക്ക് ബസ് പാസ് ആവശ്യമുണ്ടെന്ന് കണ്ടെത്തി ആ വിവരം കെഎസ്ആർടിസിയെ അറിയിക്കുക. അവരുടെ ഓഫീസിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ വിവരവും കൺസഷണൽ റേറ്റിലുള്ള ബസ് ഫീസും - 10 മാസത്തേക്കുള്ളത് - കൈമാറുക. തുടർന്ന് ഉദ്യോഗസ്ഥർ നൽകുന്ന സ്മാർട്ട് കാർഡ് വാങ്ങി കുട്ടികൾക്ക് നൽകുക. ബസ് യാത്രയിൽ യൂണിഫോമിൽ ഉള്ള  കുട്ടികൾ  ഈ കാർഡ് മാത്രം കാണിച്ചാൽ മതി. ഏപ്രിൽ -മെയ് അവധിയായതിനാൽ പാസ് നൽകേണ്ട ആവശ്യവുമില്ല. കുട്ടികൾക്കും കണ്ടക്ടർക്കും ഏറ്റവും സൗകര്യപ്രദമായ ഒരു രീതിയാണ് ഇത്. പ്രൈവറ്റ് ബസ്സിലും ഇതേ രീതി തന്നെ നടപ്പാക്കാവുന്നതേയുള്ളൂ. കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ കൺസഷന്  അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കണം. സെമസ്റ്റർ വെച്ചാണ് കൺസഷൻ കൊടുക്കുന്നത് എങ്കിൽ ആറുമാസത്തേക്ക് കൊടുത്താൽ മതിയല്ലോ. അടുത്ത സെമസ്റ്ററിൽ വീണ്ടും ഇത് റിന്യൂ ചെയ്യണം. കെഎസ്ആർടിസി ഓഫീസിൽ പോവുകയും, ക്യൂ നിൽ ക്കുകയും ഒന്നും വേണ്ടല്ലോ.

          വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് സ്കൂൾ കോളേജ് അധികൃതരുടെ സഹായത്തോടെ നിഷ്പ്രയാസം നടപ്പാക്കാവുന്ന ഇത്തരം സൗകര്യങ്ങൾ സർക്കാർ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്നതാണ് സംശയം. 50 -60 വർഷം പഴക്കമുള്ള ആ പഴയ രീതികൾ തന്നെ പിന്തുടരുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം. "നാടോടുമ്പോൾ നടുവേ ഓടണം "എന്ന് കേട്ടിട്ടില്ലേ. ഇവിടെ നടുവേയല്ല, ഓടുന്ന പോലുമില്ല എന്നതാണ് സത്യം. ചെറിയ മാറ്റങ്ങളിലൂടെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ കഴിയുമെങ്കിൽ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഈ രീതി കുട്ടികൾക്കും കെഎസ്ആർടിസിക്കും ഒരുപോലെ ആശ്വാസകരമാകും. 


No comments: